Quantcast
MediaOne Logo

പ്രമോദ് രാമൻ

Published: 2 Jun 2026 12:07 PM IST

വീണയ്ക്കു വേണ്ടി ജയിലിൽ കിടക്കുന്ന സഖാക്കളോട്

ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത് വീണയെ ചോദ്യം ചെയ്യാനാണെന്നിരിക്കെ, എന്തിനാണ് സീനിയർ കൗൺസിലർ ഉൾപ്പെടെയുള്ള 25 സി.പി.എം പ്രവർത്തകർ ആ വീടിന് മുന്നിൽ തടിച്ചുകൂടിയതും ജയിലിലായതും എന്ന ചോദ്യം ഉയരുന്നു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിക്കാനും അവരുടെ വാഹനത്തിന്റെ ചില്ലുകൾ തകർക്കാനും ശ്രമിച്ച ഈ സഖാക്കൾ ജീവൻ പണയം വെച്ച് അവിടെ നിലയുറപ്പിച്ചത് വീണയെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നോ എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്.

വീണയ്ക്കു വേണ്ടി ജയിലിൽ കിടക്കുന്ന സഖാക്കളോട്
X

പ്രിയപ്പെട്ട സിപിഎം അണികളേ. കാര്യം പറഞ്ഞാല്‍ മനസ്സിലാകുന്നവരും അതിനനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നിങ്ങളെന്നാണ് ഇതുവരെ മനസ്സിലാക്കിയിട്ടുള്ളത്. അതിനാല്‍ ചില വസ്തുതള്‍ പറയാന്‍ എഡിറ്റേഴ്സ് ടേക്കിനെ അനുവദിക്കുക. അത് കേട്ടശേഷം ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. സ്വാഗതം.

സിപിഎം എന്നാല്‍ കേരളത്തിലെ ഏറ്റവും കരുത്തുറ്റ കേഡര്‍ പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റാലൊന്നും സി.പി.എമ്മിന്‍റെ കേഡര്‍ ശക്തിക്ക് ഒരു ഊനവും സംഭവിക്കില്ല. പാര്‍ട്ടിയെ അണികള്‍ തന്നെ തിരുത്തുന്ന സംഭവങ്ങള്‍ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും കണ്ടതുപോലെ സംഭവിച്ചേക്കാമെങ്കിലും അടിസ്ഥാനപരമായി കേഡര്‍ പാര്‍ട്ടിയെന്ന അതിന്‍റെ കെട്ടുറപ്പിന് വിള്ളല്‍ വീഴില്ല. പാര്‍ട്ടിക്കുവേണ്ടി അടി കൊള്ളാനോ ജയിലില്‍ കിടക്കാനോ ജീവന്‍ വെടിയാനോ പോലും ആത്മാര്‍ഥമായി തയ്യാറുള്ള അണികള്‍. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി മരിക്കുമെന്ന് പറയുമ്പോള്‍ പാര്‍ട്ടി ആരാണ്? എന്താണ് പാര്‍ട്ടി ? നേതാക്കളാണോ പാര്‍ട്ടി ? അല്ല. പാര്‍ട്ടി ഓഫീസാണോ പാര്‍ട്ടി? അല്ല. പതാകയാണോ പാര്‍ട്ടി ? അല്ല. പ്രത്യയശാസ്ത്രമാണോ പാര്‍ട്ടി? അതുമല്ല. സമരങ്ങളാണോ പാര്‍ട്ടികള്‍? അതുമാത്രവുമല്ല. പാര്‍ട്ടിയെന്നാല്‍‍ ഇതെല്ലാമാണ് താനും. ഇതെല്ലാം ചേര്‍ന്ന അവസ്ഥയാണ് പാര്‍ട്ടി.

ആ നിലയില്‍ അമൂര്‍ത്തമായ ഒരവസ്ഥയില്‍ പാര്‍ട്ടിയെ അണികളെങ്ങനെയാണ് നേരിട്ട് കാണുക? പ്രത്യയശാസ്ത്രത്തെ നേരിട്ട് കാണാന്‍ കഴിയില്ല എന്നതുകൊണ്ട് നേതാക്കളിലൂടെയാണ് അവരെല്ലാം പാര്‍ട്ടിയെ കാണുന്നത്. പിന്നെ പതാക, ചിഹ്നം, പാര്‍ട്ടി ഓഫീസ് ഇതെല്ലാം പാര്‍ട്ടിയുടെ ദൃശ്യസാക്ഷ്യമാണ്. ആ നിലയ്ക്ക് ഇവയില്‍ ഏതിനെങ്കിലും ഒന്നിനെതിരേ ഉണ്ടാകുന്ന ആക്രമണത്തെ ജീവന്‍ പണയം വച്ചും ചെറുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍‍ ബാധ്യസ്ഥരാണ്. ആരും പറയാതെതന്നെ ആ ദൗത്യം ഏറ്റെടുക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.

അതിന്‍റെ ഏറ്റവും മികച്ച ആവിഷ്കാരമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെയും മകള്‍ വീണ തൈക്കണ്ടിയിലിന്‍റെയും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്‍റെയും വീടുകളില്‍ ഇ.ഡി റെയ്ഡ് നടന്നപ്പോള്‍ കേരളം കണ്ടത്.

ഒരുകാര്യം ആദ്യമേ പറയട്ടെ. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെങ്കില്‍ കേരളത്തില്‍ ഇഡി വരുന്നത് കേസ് അന്വേഷണത്തിന് മാത്രമല്ല. രാഷ്ട്രീയം കളിക്കാന്‍ കൂടിയാണ്. ഇക്കാര്യത്തില്‍ എള്ളോളം സംശയം വേണ്ട. സിഎംആര്‍എല്‍, എക്സാലോജിക്, വീണ.ടി ഇതെല്ലാം അതിനുള്ള ഉപകരണങ്ങള്‍ മാത്രം. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡിനായി കയറുമ്പോള്‍ പുറത്ത് പ്രക്ഷോഭം ഉയരുന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുളളൂ. അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ ഇവിടെയാര്‍ക്കും വിശ്വാസമില്ല. അരക്കഴഞ്ച് വിശ്വാസ്യതയില്ലാത്ത കേന്ദ്ര ഏജന്‍സിയാണത്. രാഷ്ട്രീയ എതിരാളിയെ പൂട്ടാന്‍ ഇഡിയോളം നല്ല പൂട്ട് വേറെയില്ലെന്ന് നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും പൂര്‍ണബോധ്യമുണ്ട്.

പക്ഷേ ആരെ ചോദ്യംചെയ്യാനാണ് ഇഡി വന്നത്? ആ ചോദ്യത്തിനുള്ള ഏറ്റവും നേരായ ഉത്തരം നല്കിയത് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ തന്നെയാണ്. റെയ്ഡിന്‍റെ ഭാഗമായി ചോദ്യംചെയ്തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായി നല്‍കിയ മറുപടി ഇതായിരുന്നു. ‘ഞാനവിടെ ഉണ്ടായിരുന്നു. എന്നോട് ഒന്നും ചോദിക്കുന്നത് കണ്ടില്ല. വീണയുടെ ഒരക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്.’

അതായത് ഇ.ഡി വന്നത് വീണയെ ചോദ്യംചെയ്യാനാണ്. പിണറായി വിജയനെ ചോദ്യം ചെയ്യാനല്ല. സിഎംആര്എലുമായുള്ള 2 കോടി എഴുപത്തെട്ട് ലക്ഷം രൂപയുടെ ഇടപാടില്‍, എക്സാലോജിക് എന്ന ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ചോദ്യം ചെയ്യാനും അവരുടെ വീട് റെയ്ഡ് ചെയ്യാനുമാണ് ഇഡി വന്നത്. ആ വീട്ടില്‍ പിണറായി വിജയനെന്ന അവരുടെ പിതാവും ഉണ്ടായിരുന്നു. അദ്ദഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുവരെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. ഇഡിയുടെ വിശ്വാസരാഹിത്യം ഒരുവശത്ത്. ഈ വസ്തുതകള്‍ വേറൊരു വശത്ത്.

അപ്പോള്‍ തലസ്ഥാനത്തെ ഒരു സീനിയര്‍ വാര്ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ 25 സഖാക്കള്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്തിനാണ്? വീണയെ സംരക്ഷിക്കാനാണോ അവര്‍ ജീവന്‍ പോലും ബലി കൊടുക്കാന്‍ തയ്യാറായി ആ വീടിന്‍റെ മുറ്റത്ത് തടിച്ചുകൂടിയത്? റെയ്ഡ് കഴിഞ്ഞ് പുറത്തേക്ക് വന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ കല്ലും കട്ടയുമായി കാത്തുനിന്നത്? അവര്‍ പുറത്തേക്ക് വന്നപ്പോള്‍ കാറിന്‍റെ ചില്ലുകള്‍ ഇടിച്ചും കുത്തിയും തകര്‍ത്തത്?

അപ്പോള്‍ ഈ അവസരത്തില്‍ വീണയായോ പാര്‍ട്ടി ?

അല്ല. പിണറായി തന്നെയാണ് പാര്‍ട്ടി. വീട്ടിനകത്ത് പിണറായിയേയും ഭാര്യ കമലയേയും ചോദ്യമുനയില്‍ നിര്‍ത്തി ഇഡി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്ന പ്രതീതി സൃഷ്ടിച്ച നേതാക്കള്‍ തന്നെയാണ് പാര്‍ട്ടി. ആ പാര്‍ട്ടിയുടെ ആഹ്വാനവും നിര്‍ദേശവും ശിരസാ വഹിച്ചുമാത്രം ശീലിച്ച സഖാക്കള്‍ക്ക് മറ്റൊന്നും ചിന്തിക്കാനില്ല. അവരുടനേ പുറപ്പെടുന്നു. തെരുവില്‍ സംഘടിക്കുന്നു. ഇഡി വാഹനം തടയുന്നു. ആക്രമിക്കുന്നു. ജയിലിലാകുന്നു. ജാമ്യം നിഷേധിക്കപ്പെടുന്നു.

ഇനി നേരത്തേ പറഞ്ഞപോലെ, കേസ് വീണയ്ക്ക് എതിരായാലും കുടുക്കാനുദ്ദേശിക്കുന്നത് പിണറായി വിജയനെത്തന്നെയാണ് എന്ന് കരുതുക. അതിനുള്ള സാധ്യത തന്നെയാണ് ഏറെയും. അപ്പോഴും ഈ കേസിന്‍റെ മെറിറ്റ് നോക്കിയാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിന്ന് പൊരുതാന്‍ മാത്രം ധാര്‍മിക പിന്‍ബലം പിണറായിക്കുണ്ടോ? സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയ്ക്കും പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയ്ക്കും പിണറായി വിജയനെ കേന്ദ്ര ഏജന്‍സി വേട്ടയാടിയത് എസ്എന്‍സി ലാവലിന്‍ കേസിലാണല്ലോ. 1996 –ലെ നായനാര്‍ സര്‍ക്കാരില്‍‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ കൈക്കൊണ്ട നടപടിയാണ് ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരേ സിബിഐ അന്വേഷണത്തിനുവരെ കാരണമായത്. അത്തരമൊരു കേസില്‍ തീര്‍ച്ചയായും അദ്ദേഹത്തിനു പിന്നില്‍ അണിനിരക്കാനുള്ള ധാര്‍മിക ബാധ്യത പാര്‍ട്ടിക്കുണ്ട്. ഇവിടെ, അദ്ദേഹത്തിന്‍റെ മകളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിനെതിരേ കേന്ദ്ര ഏജന്‍സി നീങ്ങിയാലും അങ്ങനെയൊരു ധാര്‍മികബാധ്യത പാര്‍ട്ടിക്കുണ്ടോ? പിണറായി തന്നെ പാര്‍ട്ടി നേതൃത്വത്തോടും അണികളോടും പറയേണ്ട കാര്യമല്ലേ അത്? നോക്കൂ. ഇത് എന്‍റെ മകളുടെ ബിസിനസ് കേസാണ്. അത് അവര്‍ കൈകാര്യം ചെയ്യും. കേസ് തന്നിലേക്ക് നീണ്ടാലും പാര്‍ട്ടി അത് ഏറ്റെടുക്കേണ്ടതില്ല. ഇതില്‍ നിന്ന് എതിരാളികള്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചാലും അതിന്‍റെ ഉത്തരവാദിത്തം മകള്‍ക്കും തനിക്കുമാണ്. ഇത് പറയാനുള്ള ധാര്‍മികബോധം പിണറായി വിജയന്‍ എന്ന കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സഖാവ് കാണിക്കുകയല്ലേ വേണ്ടത്? പകരം വീടിനു പുറത്തുവന്ന് പ്രതിഷേധം നടത്തുന്ന അണികളെ നോക്കി വിപ്ലവപ്പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഖാക്കളെയെന്ന പോലെ അഭിവാദ്യം ചെയ്യുകയാണോ വേണ്ടത്? രാഹുല്‍ ഗാന്ധിക്ക് സന്തോഷമായില്ലേ എന്ന കുശുമ്പുതീര്‍ക്കല്‍ വര്‍ത്തമാനം പറയുകയാണോ അദ്ദേഹം ചെയ്യേണ്ടത്? മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലേ ഇഡി റെയ്ഡിന് വന്നത് സതീശന്‍ പറഞ്ഞിട്ടാകാമെന്ന പരിഹാസ്യമായ വാദം ഉയര്‍ത്തുന്ന പാര്‍ട്ടി നേതൃത്വത്തെ തിരുത്താന്‍ മാത്രം പക്വത കാണിക്കേണ്ടിയിരുന്ന ആളല്ലേ പിണറായി വിജയന്‍? മറിച്ച് തന്നെയും കുടുംബത്തേയും സംരക്ഷിക്കാന്‍ അണികളെ തെരുവിലിറക്കി അക്രമത്തിന് വഴിയൊരുക്കുകയാണോ വേണ്ടത്? മകള്‍ ചെയ്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടത് 25 സഖാക്കളാണോ?

ഇനി നോക്കൂ. ഇഡി കേരള സിപിഎമ്മിനെ ശരിക്കും വേട്ടയാടാന്‍ പണിയെടുത്ത കേസ് ഈ കേസാണോ? അല്ല. അത് കിഫ്ബി കേസാണ്. മസാല ബോണ്ട് കേസാണ്. റിസര്‍വ് ബാങ്കിന്‍റെ വ്യക്തമായ അനുമതിയോടെ പ്രവര്ത്തിച്ചിട്ടും ചട്ടവിരുദ്ധമായിട്ടാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് മസാല ബോണ്ടുകള്‍ ഇറക്കി കടം വാങ്ങിയതെന്ന് ആരോപിച്ച് ഇഡി ഫയല്‍ ചെയ്ത കേസ്. അതില്‍ മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് എതിരേയായിരുന്നു മുഖ്യമായും ഇഡിയുടെ നീക്കം. ഏഴുതവണ സമന്‍സ് അയച്ചിട്ടും ചോദ്യംചെയ്യലിനു ഹാജരാകാതെ തോമസ് ഐസക് ആ വ്യാജ കേസിനെതിരേ ചെറുത്തുനിന്നു. എവിടെപ്പോയി പാര്‍ട്ടി ? എവിടെപ്പോയി പാര്‍ട്ടി അണികള്‍?

അതിനാല്‍ അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഒരു കാര്യം പറയാം. വീണയ്ക്ക് എതിരായ ഇഡി കേസില്‍ തെരുവിലിറങ്ങി സഖാക്കള്‍ ജീവിതം പാഴാക്കരുത്. അത് പിണറായിയിലേക്ക് എത്തിയാലും ഇറങ്ങരുത്. കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍റെ ലഹരി കേസ് വന്നപ്പോള്‍ പിണറായി സഖാവ് എടുത്ത നിലപാടാണ് അതില്‍ നിങ്ങള്‍ മാതൃകയാക്കേണ്ടത്. കോടിയേരിയുടെ മകന്‍റെ കേസില്‍ അ്വേഷണ ഏജന്‍സിയുടെ കയ്യില്‍ എന്തൊക്കെയുണ്ടെന്ന് നമുക്ക് അറിയില്ലല്ലോ, അതുകൊണ്ട് അത് അദ്ദേഹത്തിന്‍റെ കുടുംബം നോക്കിക്കോളും എന്നതായിരുന്നല്ലോ ആ നിലപാട്. ഇവിടെയും അതാകണം നിങ്ങളുടെ നിലപാട്. പകരം കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെ തൊടാന്‍ വന്നാല്‍ കാണട്ടെ നിങ്ങളുടെ ഉശിര്.

ഇഡിക്ക് രാഷ്ട്രീയലക്ഷ്യം എല്ലാ കേസിലും കാണും. പക്ഷേ വ്യക്തിപരമായ കേസുകളില്‍ അവര്‍ രാഷ്ട്രീയം കലര്‍ത്തുന്നുണ്ടെങ്കില്‍ പാര്‍ട്ടി ആ കെണിയില്‍ വീഴാതിരിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയ – ഭരണ നടപടികളുടെ പേരില്‍ കേസ് വരുമ്പോഴാണ് പാര്‍ട്ടി രംഗത്തിറങ്ങേണ്ടത്. അതാണ് രാഷ്ട്രീയം.


TAGS :