Quantcast
MediaOne Logo

സുജിത്ത് കൊടക്കാട്

Published: 30 July 2022 8:24 AM GMT

ദ്രൗപതി മുര്‍മുവിന്റെ പ്രത്യയശാസ്ത്ര പ്രതിനിധാനം

ദലിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയായാല്‍ മാത്രം അവസാനിക്കുന്നതാണോ ഈ വിഭാഗങ്ങള്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനങ്ങളും അവഗണനയും. അങ്ങനെ അവസാനിക്കുന്നതാണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ദലിത് പീഡനങ്ങള്‍ക്ക് അറുതി വരേണ്ടതായിരുന്നില്ലേ?

ദ്രൗപതി മുര്‍മുവിന്റെ പ്രത്യയശാസ്ത്ര പ്രതിനിധാനം
X
Listen to this Article

ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് ആയി ദ്രൗപതി മുര്‍മു സ്ഥാനമേറ്റതോടെ പലരും ആഘോഷം തുടങ്ങിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി പാര്‍ശ്വവത്കരിക്കപ്പെട്ട ദലിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു വനിത ഇന്ത്യയുടെ പ്രഥമ വനിതയാകുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷിക്കാതിരിക്കാന്‍ കഴിയുമോ? ഈ 'സാഹസത്തിന്' മുതിര്‍ന്ന ബി.ജെ.പിയെ സല്യൂട്ടടിക്കാനും നിഷ്‌കളങ്ക മനുഷ്യര്‍ ഒട്ടും മടികാണിച്ചില്ല. കുറച്ചു ദിവസങ്ങളിലായി നവമാധ്യമങ്ങളില്‍ ദ്രൗപതി മുര്‍മുവിനൊപ്പം ബി.ജെ.പിയും തിളങ്ങി നില്‍ക്കുകയാണ്. നിഷ്‌കളങ്ക പ്രൊഫൈലുകള്‍ സംഘപരിവാര്‍ ബി.ജെ.പി തീരുമാനത്തെ വാഴ്ത്തിപ്പാടി. ബി.ജെ.പിക്ക് വേണ്ടി മുട്ടിലിഴയുന്ന മാധ്യമപ്പടകള്‍ ഖണ്ഡകാവ്യങ്ങള്‍ എഴുതി. ആര്‍പ്പു വിളികളുടെ ഉച്ഛസ്ഥായിയില്‍ ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. ഈയൊരറ്റ തീരുമാനത്തിലൂടെ എത്ര പെട്ടെന്നാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാന്‍ പോകുന്ന ഇന്ത്യയിലെ നിഷ്‌കളങ്ക മനുഷ്യരെ സംഘപരിവാര്‍ വശീകരിച്ചെടുത്തത്. വേടന്‍ വിരിച്ച വലയിലേക്ക് കിളികള്‍ കൂട്ടത്തോടെ വന്നു വീഴുമ്പോലെ ബി.ജെ.പി സംഘപരിവാര്‍ അജണ്ടയിലേക്ക് അറിയാതെയെങ്കിലും പലരും തെന്നി വീണു.

ദ്രൗപതി മുര്‍മു എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു വനിതയെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിച്ച് ജയിപ്പിച്ചു എന്നതിനപ്പുറത്തേക്ക് ബി.ജെ.പി സംഘപരിവാര്‍ പ്രത്യയശാസ്ത്രം ദലിത്-ആദിവാസി -ന്യൂനപക്ഷ വിഭാഗങ്ങളോട് കാലങ്ങളായി സ്വീകരിച്ചു കൊണ്ടിരിക്കുന്നതും ഇപ്പോള്‍ സ്വീകരിക്കുന്നതുമായ സമീപനങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നതല്ലേ നാം പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടത്.


ദലിത് ആദിവാസി വിഭാഗത്തില്‍പ്പെട്ടൊരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയായാല്‍ മാത്രം അവസാനിക്കുന്നതാണോ ഈ വിഭാഗങ്ങള്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകളും മാറ്റി നിര്‍ത്തലുകളും. അങ്ങനെ അവസാനിക്കുന്നതാണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ദലിത് പീഡനങ്ങള്‍ക്കറുതി വരേണ്ടതല്ലേ? ഇക്കഴിഞ്ഞ അഞ്ചുവര്‍ഷമത്രയും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രപതി ദലിതനായ രാം നാഥ് കോവിന്ദായിരുന്നില്ലേ? ഇന്ത്യയിലെ ദലിത് ജനവിഭാഗം ഏറ്റവും കൂടുതല്‍ പീഡനമനുഭവിച്ച അഞ്ച് വര്‍ഷങ്ങളില്‍ ഒന്നല്ലേ കടന്ന് പോയത്. രാം നാഥിന് കൊണ്ട് വരാന്‍ കഴിയാത്തത് ദ്രൗപതിക്ക് കൊണ്ട് വരാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ മൂഢ സ്വര്‍ഗത്തിലാണ്. ഇവിടെ പ്രശ്‌നം ഈ രണ്ട് വ്യക്തികളല്ല. ഇവര്‍ കൈകാര്യം ചെയ്യുന്ന, ഇവരെ കൈകാര്യം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിനാണ് എന്ന കാര്യം പ്രത്യേകം മനസ്സിലാക്കുക. ആ പ്രത്യയ ശാസ്ത്രം ആര്‍.എസ്.എസിന്റേതാണ്.

ഇന്നേക്ക് 97 വര്‍ഷങ്ങള്‍ക്കപ്പുറം 1925 ല്‍ നാഗ്പൂരില്‍ വച്ച് ആര്‍.എസ്.എസ് രൂപീകരിച്ചത് ബ്രാഹ്മണിക്കല്‍ താത്പര്യത്തോടൊപ്പം ദലിത് വിരുദ്ധത കൂടി മുന്‍നിര്‍ത്തിയായിരുന്നു. പിന്നെന്തിനാണ് തുടര്‍ച്ചയായി രണ്ട് ദലിതരെ ആര്‍.എസ്.എസ് നേതൃത്വം കൊടുത്ത ബി.ജെ.പി ഇന്ത്യയുടെ പ്രഥമ മനുഷ്യരാക്കിയത് എന്ന് ചോദിച്ചാല്‍, തങ്ങള്‍ ദശകങ്ങളായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന ദലിത് ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ ചര്‍ച്ചയാകാതിരിക്കാന്‍ വേണ്ടിതന്നെയാണത്. എന്തൊക്കെ പറഞ്ഞാലും യു.പി അടക്കമുള്ള ഹിന്ദി ഹൃദയ ഭൂമിയില്‍ വോട്ട് സമാഹരിച്ചു വിജയത്തിലേക്കെത്തിക്കാന്‍ ദലിതരുടെ കൂടി വോട്ട് കിട്ടിയേ തീരൂ. ദലിതരെ രാഷ്ട്രപതി ആക്കിയെന്ന വീമ്പു പറച്ചില്‍ വിശ്വസിച്ച , കഴുകന്‍ കണ്ണുകളെ തിരിച്ചറിയാനാകാത്ത സാധു മനുഷ്യര്‍ ഈ കുടില തന്ത്രങ്ങളില്‍ വീണ് പോവുകയും ഇവരുടെ വിലയേറിയ ജനാധിപത്യാവകാശം സംഘപരിവാറിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്യും.

ആര്‍എസ്എസ്-ദലിത് വിരുദ്ധതയും സവര്‍ണ്ണ ബ്രഹ്മണിക്കല്‍ ബോധവും

ബിഎസ് മൂഞ്ചെ, പരഞ്ചെപ്പ തോല്‍ക്കര്‍, വി.ഡി സവര്‍ക്കറുടെ ജ്യേഷ്ഠനായ ബാബാറാവു സവര്‍ക്കര്‍, കേശവ് ബല്‍റാം ഹെഡ്‌ഗേവാര്‍ എന്നീ നാല് മഹാരാഷ്ട്ര ബ്രാഹ്മണര്‍ ചേര്‍ന്നാണ് 1925 ലെ വിജയ ദശമി നാളില്‍ നാഗ്പൂരില്‍ വെച്ച് ആര്‍.എസ്.എസ് രൂപീകരിച്ചത്. ഇതില്‍ ബി.എസ് മൂഞ്ചെ ഇറ്റലിയില്‍ മുസോളിനിയെ ചെന്നു കാണുകയും അവിടത്തെ ഫാസിസ്റ്റ് സൈന്യമായ കരിങ്കുപ്പായക്കാരെ അനുകരിച്ചു കൊണ്ടൊരു അര്‍ധസൈനിക വിഭാഗത്തെ ഇന്ത്യയില്‍ വാര്‍ത്തെടുക്കുകയും ചെയ്തു. കാക്കി ട്രൗസറും വെളുത്ത ഉടുപ്പും കറുത്ത തൊപ്പിയും ധരിച്ച് കുറുവടിയുമെടുത്ത് റൂട്ട് മാര്‍ച്ച് നടത്തുന്ന ഇക്കൂട്ടര്‍ ഹെഡ്‌ഗേവാറിന്റെ സൈന്യമാണെന്നാണ് മൂഞ്ചെ അവകാശപ്പെട്ടത്. കൂടുതല്‍ പേരെ ആര്‍.എസ്.എസ് ലേക്കും ബി.ജെ.പിയിലെക്കും ആകര്‍ഷിക്കുന്നതിനായി മൂഞ്ചെ ഒരിക്കല്‍ പറഞ്ഞത് 'ഇത്ര അച്ചടക്കവും അനുഭവവും പങ്കുവയ്ക്കാന്‍ കൂടുതല്‍ ബ്രാഹ്മണ കുട്ടികള്‍ മുന്നോട്ടു വരട്ടെ എന്നാണ്'. ആര്‍.എസ്.എസ്‌ന്റെ സവര്‍ണ്ണ ബ്രഹ്മണിക്കല്‍ ബോധം ഈ വാക്കുകളിലൂടെ വ്യക്തമാണ്.


ആര്‍.എസ്.എസിന്റെ ആസ്ഥാനമായി നാഗ്പൂര്‍ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നത് ദലിത് വിരുദ്ധതയും അതോടൊപ്പം തന്നെ അക്കാലത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ദലിത് മുന്നേറ്റവും തടയാനായിരുന്നു. അംബേദ്കരടക്കമുള്ളവരുടെ നേതൃത്വത്തില്‍ നാഗ്പൂരടക്കമുള്ള മഹാരാഷ്ട്രയില്‍ ദലിത് മുന്നേറ്റം ശക്തമായപ്പോഴുണ്ടായ വേവലാതിയില്‍ നിന്ന് രൂപം കൊണ്ടത് തന്നെയാണ് ആര്‍.എസ്.എസ്.

ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ വാക്കുകള്‍ ഇതിനെ സാധൂകരിക്കുന്നതാണ്. അതിങ്ങനെയാണ്, ' വിവിധ ജാതികള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ബ്രാഹ്മണ അബ്രാഹ്മണ സംഘര്‍ഷങ്ങള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നു'. അബ്രാഹ്മണര്‍ പരസ്യമായി ബ്രാഹ്മണരെ ചോദ്യം ചെയ്യുന്നത് മനുസ്മൃതിയെയും ചാതുര്‍വര്‍ണ്യത്തേയും താലോലിക്കുന്ന ഹെഡ്‌ഗേവാറിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ബ്രാഹ്മണരല്ലാത്ത മറ്റ് ജാതി വിഭാഗങ്ങളെ പോലും അംഗീകരിക്കാത്ത, അവരോട് അസഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കുന്ന ഹെഡ്‌ഗേവാറും ആര്‍.എസ്.എസ്സും ദലിതരോട് സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ നിലപാട് ഇങ്ങനെയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


എന്തുകൊണ്ട് നാഗ്പൂര്‍?

ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ദലിത് പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായി നാഗ്പൂര്‍ മാറുന്നു എന്ന വേവലാതിയില്‍ നിന്നാണ് ഇവയെ എതിര്‍ക്കുവാനും ചെറുക്കുവാനും സവര്‍ണ്ണ ബ്രഹ്മണിക്കല്‍ താത്പര്യം മുന്‍നിര്‍ത്തി കേശവ് ബല്‍റാം ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ് രൂപീകരിക്കുന്നതും, അതിന്റെ ആസ്ഥാനമായി നാഗ്പൂരിനെ തിരഞ്ഞെടുക്കുന്നതും. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ട ദലിത് ആദിവാസി പ്രസ്ഥാനങ്ങള്‍ ഹിന്ദു കൊളോണിയലിസത്തിന് തലവേദന സൃഷ്ടിച്ചു. ഇതില്‍ പ്രധാനമായിരുന്നു നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹര്‍ പ്രസ്ഥാനം. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകള്‍ മഹര്‍ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തി.

1924 അവസാനത്തോടുകൂടി ബ്രാഹ്മണ അബ്രാഹ്മണ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്തമായി. പൂര്‍ണ്ണമായും ബ്രഹ്മണിക്കല്‍ താത്പര്യത്തോടുകൂടി അക്കാലത്ത് ബ്രാഹ്മണര്‍ ആഘോഷിച്ചിരുന്ന ഗണപതി ഉത്സവത്തിന്റെ അതേ ദിവസം ദലിതര്‍ ഉള്‍പ്പെടെയുള്ള അബ്രാഹ്മണര്‍ ഒരു അബ്രാഹ്മണ മേള സംഘടിപ്പിച്ചു. ജ്യോതിബ ഫൂലെയുടെ സത്യശോധക് സമാജ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. ഹിന്ദു മഹാസഭ ഉള്‍പ്പെടെയുള്ള ഹിന്ദിത്വ സംഘടനകളുടെ അധസ്ഥിത മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെ സത്യശോധക് സമാജ് ആഞ്ഞടിച്ചു. അക്ഷരാര്‍ഥത്തില്‍ അന്ന് നടന്ന അബ്രാഹ്മണ മേളയില്‍ ഗണപതിയാഘോഷങ്ങള്‍ മുങ്ങി പോയെന്ന് പറയാം. അന്നുണ്ടായ സവര്‍ണ്ണ താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പരാജയമായാണിത് എന്ന രീതിയിലാണ് ഹെഡ്‌ഗേവാര്‍ ഈ സംഭവത്തെ വിലയിരുത്തിയത്.

വി.ഡി സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ വാദികള്‍ അംബേദ്കര്‍ നേതൃത്വം കൊടുക്കുന്ന മഹര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ അസഹിഷ്ണുതയോടെയാണ് നോക്കി കണ്ടത്. 'ദലിതരായ മഹറുകള്‍ അവരുടെ പാരമ്പര്യ തൊഴിലായ ഗ്രാമീണ അടിമപ്പണികള്‍ തുടരുകയാണ് വേണ്ടത്. എന്നാല്‍, ഈ പാരമ്പര്യത്തിനെതിരെയാണ് അവര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുന്നത്'. ആര്‍.എസ്.എസ്സും ബി.ജെ.പിയും വീര സവര്‍ക്കറെന്ന് അഭിസംബോധന ചെയ്ത് ആരാധിക്കുന്ന, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇക്കൂട്ടര്‍ തന്നെ ദൈവതുല്യനായി പ്രതിഷ്ഠിച്ച വി.ഡി സവര്‍ക്കറുടെ വാക്കുകളാണിത്. ചാതുര്‍വര്‍ണ്യ സംവിധാനത്തെ പിന്തുണക്കുന്ന സവര്‍ക്കരുടെ ദലിത് വിരുദ്ധത ഇവിടെ സ്പഷ്ടമാണ്.


ആര്‍.എസ്.എസ്സിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ നിലപാടും ഇതിന് സമാനമായിരുന്നു. നാം അഥവാ, നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു, വിചാരധാര തുടങ്ങി രണ്ട് കൃതികളിലൂടെ സവര്‍ക്കര്‍ തന്റെയും അതോടൊപ്പം ആര്‍.എസ്.എസ്സിന്റെയും നിലപാടുകളെ സാധൂകരിക്കുന്നുണ്ട്. 'ഭാരതത്തിന്റെ ദേശീയ ജീവിത മൂല്യങ്ങള്‍ രൂപം കൊണ്ടത് നിസ്സംശയമായും ഹിന്ദുക്കളുടെ ജീവിത മൂല്യത്തില്‍ നിന്നാണ്' എന്നാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ വിവരിക്കുന്നത്. ഇവയില്‍ പറഞ്ഞ ദേശീയ ജീവിത മൂല്യങ്ങള്‍ എന്താണ് എന്നതിനെ സംബന്ധിച്ച് അതിനും 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു എന്ന കൃതിയിലൂടെ നേരത്തെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'ഹിന്ദു മതം ആവിഷ്‌കരിച്ച നാല് വര്‍ണങ്ങള്‍ ഒരു നല്ല ദേശീയ രാഷ്ട്രത്തിന് അനിവാര്യമായും ഉണ്ടാക്കിയിരിക്കേണ്ട മൂല്യളാണ്' എന്നായിരുന്നു അത്. 'ശാസ്ത്രീയമായ സാമൂഹിക ഘടനയുടെ ഉത്പന്നമാണ് ജാതി വ്യത്യാസങ്ങള്‍. സാമൂഹിക ശരീരത്തിന്റെ ഭിന്നാവയവങ്ങളെ ആണ് അവ പ്രതിനിധീകരിക്കുന്നത് എന്ന് മനസ്സിലാക്കുകയാണെങ്കില്‍ ജാതിയെ ഒരു കാലങ്കമായി കാണേണ്ടതില്ല' എന്നാണ് ഗോള്‍വാള്‍ക്കര്‍ മറ്റൊരിടത്തു പറഞ്ഞു വച്ചത്. ഈ ചാതുര്‍ വര്‍ണ്യ സങ്കല്‍പ്പത്തില്‍ ദലിതരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം

ചാതുര്‍വര്‍ണ്യ സംവിധാനത്തെ താലോലിച്ചിരുന്ന ആര്‍.എസ്.എസ് എല്ലാക്കാലത്തും ന്യൂനപക്ഷ ദലിത് ആദിവാസി വൈരുധ്യത പ്രകടമായി തന്നെ സ്വീകരിച്ചിരുന്നു. ആര്‍.എസ്.എസ്സിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ ജാതി സംവിധാനത്തിനെതിരെ അവര്‍ പരസ്യമായെഴുതിയ ലേഖനങ്ങള്‍ മറ്റൊരു തെളിവാണ്. അതിലൊന്നിങ്ങനെയാണ്. 'സംവരണത്തിന്റെ രാഷ്ട്രീയം സാമൂഹിക ഘടനയില്‍ വിതക്കുന്ന നാശം ഭാവനാതീതമാണ്. അല്‍പ്പ ബുദ്ധികളേയും മസ്തിഷ്‌ക ചോര്‍ച്ചയേയും പ്രോത്സാഹിപ്പിക്കുന്ന സംവരണം ജാതി സംഘര്‍ഷം രൂക്ഷമാക്കുകയാണ് ചെയ്യുന്നത്'

ദലിതരുള്‍പ്പെടെയുള്ള അധസ്ഥിത വിഭാഗത്തെ ബുദ്ധിയില്ലാത്തവരായി ചാപ്പ കുത്തുകയായിരുന്നു എല്ലാ കാലത്തും ആര്‍.എസ്.എസ്. ഇതേ ഓര്‍ഗനൈസറില്‍ പ്രസാദ് ഭാരതിയുടെ മുന്‍ ചെയര്‍മാനായിരുന്ന എം.വി കമ്മത്തെഴുതിയ ലേഖനത്തില്‍ ദലിത് വിരുദ്ധത വ്യക്തമായി മറനീക്കി പുറത്ത് വന്നത് ഇങ്ങനെയാണ്. 'അക്രമവും സംഘര്‍ഷവും വളരുകയാണ്. സമീപഭാവിയില്‍ ഉണ്ടാകാനിടയുള്ള ശൂദ്ര വിപ്ലവത്തെ പ്രതിരോധിക്കാന്‍, ധാര്‍മികവും ആത്മീയവുമായ ശക്തികളെ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അടിയന്തിര ആവശ്യമാണ്.' ആര്‍.എസ്.എസ്സിന്റെ ദലിത് വിരുദ്ധതയ്ക്ക് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്?

1925 ല്‍ രൂപീകരിച്ച നാള്‍ മുതല്‍ ആര്‍.എസ്.എസ് സ്വീകരിച്ചത് ഇതേ ദലിത് വിരുദ്ധ നിലപാടുകളാണ്. ഇന്ത്യയിലെ ദലിതര്‍ ഒരു സ്വതന്ത്ര രാഷ്ട്രീയ സാംസ്‌കാരിക ശക്തിയായി വളര്‍ന്നു വരുന്നത് തടയാന്‍ ഇതേ ശക്തികള്‍ക്ക് ഏറെ സ്വാധീനമുള്ള നാഗ്പൂരെന്ന കോട്ട പിടിച്ചെടുക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്ന ബോധത്തില്‍ നിന്നു തന്നെയാണ് നാഗ്പൂര്‍ ആര്‍.എസ്.എസ്സിന്റെ രൂപീകരണ സ്ഥലമായി മാറിയത്. ആര്‍.എസ്.എസ് മുഖ്യ ശത്രു പട്ടികയില്‍ പെടുത്തിയ മുസ്‌ലിംകള്‍ക്ക് ഹൈന്ദവാധികാരത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ കാര്യമായ ശേഷിയില്ലാത്ത ഇടമായിരുന്നു നാഗ്പൂര്‍. എന്നിട്ടും നാഗ്പൂര്‍ തെരഞ്ഞെടുക്കാന്‍ ആര്‍.എസ.്എസ്സിനെ പ്രേരിപ്പിച്ചത് ഇനി വരാന്‍ സാധ്യതയുള്ള 'ശൂദ്ര വിപ്ലവത്തെ' പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

രാംനാഥ് കോവിന്ദിന്റെ അഞ്ച് വര്‍ഷങ്ങള്‍

ഇപ്പോള്‍ ദ്രൗപതി മുര്‍മുവിനെ വിജയിപ്പിച്ചെടുത്തത് പോലെ, സമാനമായ സാഹചര്യങ്ങളെ മുന്‍ നിര്‍ത്തി ദലിത് ഉന്നമനം പ്രസംഗിച്ച് ബി.ജെ.പി സംഘപരിവാര്‍ ശക്തികള്‍ രാഷ്ട്രപതി പഥത്തിലേക്ക് കൈപിടിച്ച് കയറ്റിയ ദലിതനായ മനുഷ്യനാണ് രാംനാഥ് കോവിന്ദ്. അന്ന് രാംനാഥ് കോവിന്ദിന് കയ്യടിച്ച നിഷ്‌കളങ്ക മനുഷ്യരെ മഷിയിട്ട് നോക്കിയാല്‍ പോലും ഇന്ന് കാണാനില്ല. കാരണം, ദലിതനായ ഇതേ കോവിന്ദ് ഇന്ത്യന്‍ രാഷ്ട്രപതി ആയിരിക്കുമ്പോള്‍ തന്നെയാണ് നമ്മുടെ രാജ്യത്തെ ദലിതുകള്‍ കൊടിയ പീഡനങ്ങള്‍ അനുഭവിച്ചത്.

നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദലിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക അസമത്വത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ ഡോക്ടര്‍ വി ശിവദാസന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ നല്‍കിയ മറുപടി ദലിത് ആദിവാസി ന്യൂനപക്ഷ പാര്‍ശ്വവത്കരണത്തിലെ മാറ്റമില്ലായ്മയെ സുവ്യക്തമായി അടയാളപ്പെടുത്തി വെക്കുന്നതാണ്.


ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലകളായ ഐ.ഐ.എം, ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള 21 സ്ഥാപനങ്ങളില്‍ 2021-22 വര്‍ഷത്തില്‍ ഒരൊറ്റ ആദിവാസി ഗവേഷക വിദ്യാര്‍ഥിക്ക് പോലും പ്രവേശനം ലഭിച്ചിട്ടില്ല. അര്‍ഹമായ പല അപേക്ഷകളുണ്ടായിട്ടും ഒന്ന് പോലും പരിഗണിക്കാതെ, സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം പോലും നടപ്പാക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ തയ്യാറായില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ദലിത് ആദിവാസി വനിത രാജ്യത്തിന്റെ രാഷ്ട്രപതി ആകുമ്പോള്‍ തന്നെയാണ് ഒരു ആദിവാസി വിദ്യാര്‍ഥിക്ക് പോലും ഇന്ത്യയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശന വിലക്ക് വന്നിട്ടുള്ളത്. സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ് ഈ കണക്കിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ചുരുക്കം.


രാജസ്ഥാന്‍, ബീഹാര്‍, യു.പി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമെല്ലാം ദലിത് പീഡനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ഇതിനെ ലഘൂകരിച്ചില്ല എന്ന് മാത്രമല്ല, പീഡനം വര്‍ധിക്കുകയാണ് ചെയ്തത്.

മാറാത്ത ദലിത് മുന്നേറ്റത്തിന്റെ പ്രതീകമായ ഭീമ കൊറഗാവ് സ്മാരക ഭൂമിയില്‍ യുദ്ധ വിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തിന് വന്ന ആയിരക്കണക്കിന് ദലിതരെ സംഘ്പരിവാര്‍ ശക്തികള്‍ കല്ലെറിഞ്ഞോടിച്ചതും 28 വയസ്സുമാത്രം പ്രായമുള്ള ഒരു ദലിത് ചെറുപ്പക്കാരന്‍ കല്ലേറില്‍ കൊല്ലപ്പെട്ടതും 2018 ലാണ്. അപ്പോഴും ഇന്ത്യന്‍ രാഷ്ട്രപതി ദലിതനായ രാംനാഥ് കോവിന്ദ് ആയിരുന്നു. 1818 ജനുവരി ഒന്നിനാണ് മഹാരാഷ്ട്രയിലെ ദലിത് വിഭാഗമായ മഹറുകള്‍ സവര്‍ണ്ണ ബ്രാഹ്മണ നേതൃത്വമായ പേഷ്വാ ഭരണത്തിന് മേല്‍ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് പോരാടി വിജയം നേടിയത്. അന്ന് രക്തസാക്ഷികളായ മഹര്‍ പടയാളികളുടെ സ്മാരകമാണ് ഈ വിജയ സ്തംഭം. ഇവിടെ വച്ചുണ്ടായ ആഘോഷത്തിനിടെയാണ് ദലിതര്‍ക്കു നേരെ സംഘപരിവാര്‍ അക്രമണം അഴിച്ചു വിട്ടത്. ഭീമ കൊറഗാവിലെ ഈ സംഭവത്തിന്റെ ബാക്കിപത്രമെന്നോണമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി അടക്കമുള്ളവരെ കേന്ദ്ര ഭരണകൂടം നിരന്തരം വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്തത്. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ മതിയായ ചികിത്സ പോലും ലഭിക്കാതെ ജനാധിപത്യ ഇന്ത്യയിലെ കല്‍ തുറങ്കിലിനകത്ത് സ്റ്റാന്‍ സ്വാമി ഇല്ലായായത് നാം കണ്ടതാണ്.


ഹരിയാനയിലെ ഒരു ദലിത് കുടുംബത്തെ ആര്‍.എസ്.എസ് ഒത്താശയോടെ സവര്‍ണ്ണ രജപുത്ര സംഘം കൂട്ടത്തോടെ കൊന്നൊടുക്കാന്‍ മണ്ണെണ്ണയൊഴിച്ചു തീയിട്ടതും രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ വെന്തു മരിച്ചതും രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായിരുന്നപ്പോഴാണ്. പതിനൊന്ന് മാസം പ്രായമുള്ള ദിവ്യയെന്ന കൈകുഞ്ഞും രണ്ടര വയസ്സുകാരനായ വൈഭവും വെന്തുമരിച്ചപ്പോള്‍ ബി.ജെ.പി നേതാവായ കേന്ദ്രമന്ത്രി ഈ പിഞ്ചു കുട്ടികളെ പട്ടികളോടാണ് ഉപമിച്ചത്.

ജാതി വോട്ട് പിടിക്കുക എന്ന ഉദ്ദേശത്തോടെ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റായി ദലിത് സമുദായത്തില്‍പ്പെട്ട എ. മഹാരാജനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് മേല്‍ജാതിക്കാരനായ 20 ബി.ജെ.പി നേതാക്കന്മാരാണ് രാജി വച്ചത്. ദലിതനായ പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഇവര്‍ രാജി വെച്ചത്. ഇതിന്റെ വേറൊരു പതിപ്പാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശില്‍ നിന്നും കാണാന്‍ കഴിഞ്ഞത്. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ തനിക്ക് കടുത്ത ജാതി വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് പറഞ്ഞ് യു.പി ജലവിഭവ സഹമന്ത്രിയും ബി.ജെ.പിയുടെ ദലിത് മുഖവുമായ ദിനേശ് ഖാട്ടിക്ക് യോഗി മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ദ്രൗപതി മുര്‍മുവിനെ മുന്‍നിര്‍ത്തി ദലിത് പ്രണയം നടിക്കുന്ന ബി.ജെ.പി സംഘപരിവാര്‍ ശക്തികളുടെ പൊയ്മുഖം വലിച്ചു കീറുന്നതായിരുന്നു ഖാട്ടിക്കിന്റെ വെളിപ്പെടുത്തല്‍.

'ദലിത് ആയതുകൊണ്ടാണ് മന്ത്രിസഭയില്‍ നിന്ന് ഞാന്‍ മാറ്റിനിര്‍ത്തപെട്ടത്, ഒരു മന്ത്രിയെന്ന നിലയില്‍ എനിക്ക് യാതൊരു അധികാരവും ലഭിച്ചിട്ടില്ല, ദലിത് സമൂഹത്തില്‍ നിന്ന് വന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ മന്ത്രിസ്ഥാനം വെറുതെയായി, ഇതുവരെ ഒരു മന്ത്രിസഭ യോഗത്തിലും എന്നെ പങ്കെടുപ്പിച്ചിട്ടില്ല, എന്റെ വകുപ്പിനെ കുറിച്ച് ആരും ഒന്നും ചോദിച്ചിട്ടുമില്ല, ദലിത് സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണിത് '. ഇന്ത്യയിലെ പ്രധാന വോട്ട് ബാങ്ക് എന്ന നിലയില്‍ മാത്രമാണ് ബി.ജെ.പി ദലിത് വിഭാഗത്തെ നോക്കി കാണുന്നത് എന്ന വസ്തുതയാണ് ഖാട്ടിക്കിന്റെ വാക്കുകളിലൂടെ മുഴങ്ങി കേള്‍ക്കുന്നത്. തെഞ്ഞെടുപ്പ് സമയത്ത് ഒരു ദലിതനെ സ്ഥാനാര്‍ഥിയാക്കി ദലിത് വോട്ടുകള്‍ ഏകീകരിപ്പിച്ചെടുക്കുന്ന ബി.ജെ.പി തന്ത്രത്തിതിന്റെ മറ്റൊരു പതിപ്പായിരുന്നു ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വവും.


എന്തുകൊണ്ട് ദലിതര്‍

മേല്‍പ്പറഞ്ഞ അതിക്രമങ്ങളും സംഭവങ്ങളും ബി.ജെ.പി രാജ്യം ഭരിക്കുന്നത് കൊണ്ട് മാത്രം ഏറ്റെടുക്കേണ്ട ധാര്‍മിക ഉത്തരവാദിത്തങ്ങളല്ല. മറിച്ച്, ഈ വിഷയങ്ങളിലെല്ലാം വേട്ടക്കാര്‍ പ്രത്യക്ഷത്തില്‍ തന്നെ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളോ സംഘപരിവാര്‍ പ്രവര്‍ത്തകരോ ആണ്. ഇത് പോലെ പശുക്കടത്താരോപിച്ചും ഗോ മാംസം ഭക്ഷിച്ചെന്നും പറഞ്ഞ് ദലിത് ന്യൂനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ നാടകമായിട്ട് മാത്രമേ രാം നാഥ് കോവിന്ദിന്റെയും ദ്രൗപതി മുര്‍മുവിന്റെയും രാഷ്ട്രപതി സ്ഥാനാരോഹണത്തെ കാണാന്‍ കഴിയൂ. ആര്‍.എസ്.എസ് എന്നും ദലിത് വിരുദ്ധരായിരുന്നു. അതുകൊണ്ടാണ് കാള്‍സാഗറിനെ പോലെ ഒരു ശാസ്ത്രകാരനാകണം എന്നാഗ്രഹിച്ച രോഹിത് വെമൂലയ്ക്ക് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നത്.

നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഓരോ അജണ്ടയും കൃത്യമായ സാഹചര്യം മുതലാക്കി പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കി കൊണ്ടിരിക്കുകയാണ് രാജ്യത്തിന്റെ ഭരണകൂടം. ബി.ജെ.പി സര്‍ക്കാരിന്റെ ക്ലാസിക്ക് പദ്ധതിയെന്ന് പ്രഖ്യാപിച്ച് അഗ്‌നിപഥ് പദ്ധതി നടലാക്കുമ്പോള്‍ അതിലൂടെ എല്ലാ സംവരണതത്വങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ഈ ദലിത് വിരുദ്ധ രാഷ്ട്രീയം ചര്‍ച്ച പോലും ചെയ്യാതെയാണ് പലരും ദ്രൗപതി മുര്‍മുവിനും ബി.ജെ.പിക്കും ജയ് വിളിക്കുന്നത്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഇത്തരം പച്ചയായ ദലിത് വിരുദ്ധത ചര്‍ച്ചചെയ്യപ്പെടാതിരിക്കാന്‍ ആണ് സംഘപരിവാറിന്റെ കപട ദലിത് സ്‌നേഹം. ഒരു പക്ഷെ ദലിത് പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ കഴിയാത്തതിന്റെ ഒരു കാരണം അവര്‍ക്ക് ലഭിക്കുന്ന അര്‍ഹമായ സംവരണമാണ്. ഈ സംവരണതത്വങ്ങളെയാണ് ആര്‍.എസ്.എസ് നേതൃത്വം കൊടുക്കുന്ന ഭരണകൂടം നഗ്‌നമായി ലംഘിക്കുന്നത്.

ദലിത് ഐഡന്റിറ്റി മുന്‍നിര്‍ത്തി രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിച്ചപ്പോള്‍ അദ്ദേഹം മുന്‍കാലങ്ങളില്‍ സ്വീകരിച്ച പിന്നോക്ക ന്യൂനപക്ഷ നിലപാടുകളെ ആരും ചര്‍ച്ചയാക്കിയില്ല. 2010 ല്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന സംവരണത്തിനെതിരെ രാംനാഥ് കോവിന്ദ് സംസാരിച്ചത് വന്‍ വിവാദമായിരുന്നു. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി പ്രത്യേകം മനസ്സിലാക്കുക, ബി.ജെ.പിയുടെ മുസ്‌ലിം മുഖമായ മുഖ്താര്‍ അബ്ബാസ് നഖ്വി കേന്ദ്ര ന്യൂനപക്ഷ മന്ത്രി ആയിരുന്നപ്പോഴാണ് മുസ്‌ലിം ഭൂരിപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത്. പൗരത്വ നിയമവും കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും, ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുവാനുള്ള ശ്രമവുമെല്ലാം ഇതിന് ഉദാഹരങ്ങള്‍ ആണ്.

ഇത്തരം സാഹചര്യങ്ങളില്‍ ജനിച്ച ജാതി, കുലം, മതം എന്നതിനപ്പുറത്തേക്ക് അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളും അവര്‍ സ്വീകരിക്കുന്ന നിലപാടുകളാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. പുരുഷാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന ചില സ്ത്രീകളെ പോലെ ദലിതര്‍ക്കിടയില്‍ നിന്ന് സവര്‍ണ്ണ മനോഭാവമുള്ളവരെയോ സവര്‍ണ്ണ ഹിന്ദുത്വത്തിനുമുന്നില്‍ മുട്ടുമടക്കുന്നവരെയോ കൊണ്ടുവന്ന് മറ്റൊരു ഭാഗത്തു കൂടെ ദലിത്-ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ തങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ദലിത്-ന്യൂനപക്ഷ ആഭിമുഖ്യമുള്ള നിഷ്‌കളങ്ക മനുഷ്യരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ കൈക്കലാക്കുക എന്ന ഉദ്ദേശ്യവും ബി.ജെ.പിക്കുണ്ട്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആധികാരിക വിജയം ഉറപ്പാക്കണമെങ്കില്‍ എന്‍.ഡി.എക്ക് പുറമേയുള്ള കക്ഷികളുടെ പിന്തുണ കൂടി ബി.ജെ.പിക്ക് ആവശ്യമാണ്. ഒഡീഷക്കാരിയും നേരത്തെ ബിജു ജനതാദള്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്ന ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ നവീന്‍ പട്‌നായ്ക്കും, മുര്‍മു ഉള്‍പ്പെടുന്ന സാന്താള്‍ ഗോത്രം സജീവമായ ആന്ധ്രയില്‍ നിന്ന് ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചേക്കുമെന്ന കണക്കു കൂട്ടലുകള്‍ ബി.ജെ.പിക്ക് നേരത്തെ ഉണ്ടായിരുന്നു. ദലിത്-ഗോത്ര പിന്നോക്ക വിഭാഗങ്ങള്‍, പ്രത്യേകിച്ച് മുണ്ട-സാന്താള്‍ വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ളയിടമാണ് ജാര്‍ഖണ്ഡ്. ഇവിടെ നിന്ന് ഹേമന്ത് സോറനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.എം.എമ്മിനും മുര്‍മുവിനെ പിന്തുണക്കാതിരിക്കുക എന്നത് ഉത്തരേന്ത്യന്‍ ജാതി രാഷ്ട്രീയം വച്ചു നോക്കിയാല്‍ ആത്മഹത്യാപരമായിരിക്കും. നിധീഷ് കുമാറിന്റെ അവസ്ഥയും സമാനമാണ്. ഇത്തരത്തില്‍ ബി.ജെ.പി- എന്‍.ഡി.എ ഇതര കക്ഷികളുടെ വോട്ടാണ് ബി.ജെ.പി പ്രധാനമായും ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നടന്ന ക്രോസ് വോട്ടിംഗ് ഇന്ത്യന്‍ ജനാധിപത്യത്തിന് വീണ്ടും തുരങ്കം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ ആകെയുള്ള 140 എംഎല്‍എ മാരും ഒറ്റക്കെട്ടായി പ്രതിപക്ഷ ഐക്യനിരയായി ഉയര്‍ന്നു നിന്നിട്ടും 140 ല്‍ ഒരാള്‍ ദ്രൗപതി മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തത് കേരള രാഷ്ട്രീയചരിത്രത്തിന് തീരാകളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.


സംഘപരിവാര്‍ രാഷ്ട്രീയം അപകടകരമാം വിധത്തില്‍ രാജ്യത്തിന്റെ സര്‍വ്വ മേഖലകളിലും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. തന്ത്രപരമായ രീതിയില്‍ അവര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുകയാണ്. ഒന്നും രണ്ടും അഞ്ചും വര്‍ഷം മുന്നില്‍ കണ്ടു കൊണ്ടുള്ളതല്ല സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍. പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള ഇന്ത്യ എങ്ങനെയായിരിക്കണമെന്ന അജണ്ട അവര്‍ നേരത്തെ സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാകും. 1925 ല്‍ ആര്‍.എസ.്എസ് രൂപീകരിക്കുമ്പോള്‍ 100 വര്‍ഷം കൊണ്ട് ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നാണവര്‍ പ്രഖ്യാപിച്ചത്. ആ നൂറ് വര്‍ഷത്തിലേക്ക് എത്താന്‍ ഇനി വെറും മൂന്ന് വര്‍ഷം മാത്രമാണ് ബാക്കി. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ മൂന്ന് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയിലെ ബി.ജെ.പി സംഘപരിവാര്‍ ഇതര സംഘടനകള്‍ അതീവ ജാഗ്രതയോടെ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടിയിരിക്കുന്നു.

TAGS :