Quantcast
MediaOne Logo

നജാ ഹുസൈന്‍

Published: 2 Oct 2022 12:32 PM GMT

ജീവനറ്റ തലമുറകളെ സൃഷ്ടിക്കുന്ന ലഹരി മാഫിയകള്‍

വീടുകളില്‍ നിന്നും മോഷണത്തിന് പിടിക്കപ്പെട്ട് കള്ളനെന്ന് വിളിപ്പേരു കേള്‍ക്കുന്നതിനേക്കാള്‍ സ്വന്തമായ സമ്പാദ്യമെന്ന ലക്ഷ്യത്തിലേക്കെത്തുന്ന കുട്ടികള്‍, അതിവേഗം പണം സമ്പാദിക്കാനുള്ള വഴി തിരയുന്നു. ഇന്റെര്‍നെറ്റിന്റെയോ മറ്റ് മാധ്യമങ്ങളിലൂടെയോ അവര്‍ മയക്കുമരുന്ന് മാഫിയകളുടെ വലയിലാകുന്നു. കുട്ടി ഏജന്റുമാര്‍ പെട്ടന്ന് പിടിക്കപ്പെടില്ലന്ന ധാരണയാണ് മാഫിയകള്‍ കുട്ടികളിലേക്കെത്താന്‍ കാരണം. അതുവഴി മറ്റു കുട്ടികളിലേക്ക് ലഹരി വ്യാപിപ്പിക്കുകയും ചെയ്യാം.

ജീവനറ്റ തലമുറകളെ സൃഷ്ടിക്കുന്ന ലഹരി മാഫിയകള്‍
X
Listen to this Article

ഈയടുത്തായി ഒരു സ്‌കൂള്‍ അധ്യാപിക പറഞ്ഞ കാര്യം ഓര്‍മ വരുന്നു. സ്‌കൂളിലെത്താത്ത ഒരു കുട്ടിയെപ്പറ്റി അന്വേഷിക്കാന്‍ അവന്റെ വീട്ടില്‍ വിളിച്ചപ്പോഴാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്. സ്‌കൂളിലേക്കെന്നും പറഞ്ഞ് അതിരാവിലെ തന്നെ കുട്ടി വീട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്‌കൂളിലെത്തിയിട്ടുമില്ല. ഇടക്കിടക്ക് ക്ലാസില്‍ വരാതെ ലീവെടുക്കുന്ന കുട്ടിയാണവനെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ചു. ഒരു ദിവസം പോലും മുടങ്ങാതെ അവന്‍ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പുറപ്പെടുന്നുണ്ട്. തിരിച്ച് സ്‌കൂള്‍ യൂണിഫോമില്‍ തന്നെയാണ് എത്തുന്നതും. പിന്നെ സംശയിക്കേണ്ട കാര്യവും ഇല്ലല്ലോ. പിന്നീടുള്ള അന്വേഷണങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, ആ കുട്ടിയെ യൂണിഫോമിലല്ലാതെ പലയിടങ്ങളില്‍ കണ്ടവരുണ്ടെന്നാണ്. പൊലീസ് ചോദ്യം ചെയ്തതോടെ മയക്കുമരുന്നു മാഫിയയുമായി കുട്ടിക്കുള്ള ബന്ധം ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. നമ്മുടെ കുട്ടികള്‍ ലഹരിക്കടിമയാകുകയോ, അതിന്റെ ഏജന്റുകളായി മാറുകയോ ചെയ്യുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്.

കോവിഡിനു ശേഷം പൊതുവെ ഉടലെടുത്ത അലസതയും അസ്ഥിരതയും അസുരക്ഷിതത്വവും യുവത്വത്തിനുണ്ടാക്കിയ ആഘാതങ്ങള്‍ ചെറുതല്ല. ഡിപ്രഷന് മരുന്നു കഴിക്കുന്നവര്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരക്കാരിലും ലഹരി ഉപഭോഗം വര്‍ധിച്ചതായി കാണാം.

ലഹരി പദാര്‍ഥങ്ങളുടെ ദോഷവശങ്ങളെ പറ്റി ബോധവത്കരിക്കുകയെന്ന ലക്ഷ്യവുമായി ഓരോ വര്‍ഷവും ജൂണ്‍-26ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുമ്പോഴും ഓരോ വര്‍ഷവും ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളും കൗമാരക്കാരുമുള്‍പ്പെടെയുള്ള യുവതലമുറയുടെ അമിതമായ ലഹരി ഉപയോഗത്തെ ഏറെ പരിഭ്രാന്തിയോടെയാണ് ലോകം നോക്കിക്കാണുന്നത്. 2010 നും 2020 നും ഇടയില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം 20 ശതമാനത്തോളം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021- 22 വര്‍ഷങ്ങളിലായി 7, 553 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ കഞ്ചാവ് കൃഷിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവയുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ കഠിന പ്രയത്‌നം നടത്തേണ്ടതായി വരും.

കാരണങ്ങള്‍:

മാറിയ കുടുംബ, സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളാണ് യുവതയുടെ അമിത ലഹരി ഉപയോഗത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. കുടുംബാന്തരീക്ഷള്‍ മാറി, ക്ലബുകളിലും പാര്‍ട്ടികളിലും ഒരുമിച്ചിരുന്ന് മദ്യപിക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്ന കുട്ടി സ്വാഭാവികമായും മയക്കുമരുന്നിന്റെ ഉപയോഗത്തിലും ദോഷം കാണുന്നില്ല. മറ്റൊന്ന് വിഷ്വല്‍ മീഡിയയുടെ സ്വാധീനമാണ്. ജീവിതം ആഘോഷമാക്കാനുള്ളതാണെന്ന് പഠിപ്പിക്കുന്ന പരസ്യ വാചകങ്ങളും വെബ്‌സീരീസുകളും കുട്ടികളെ ഭ്രമാത്മകമായ മറ്റൊരു ലോകത്തില്‍ എത്തിക്കുന്നു. തന്റെ ആഗ്രഹ സഫലീകരണങ്ങള്‍ക്കുള്ള പണം സമ്പാദിക്കാനുള്ള മാര്‍ഗമന്വേഷിക്കാന്‍ ഇത് അവരെ പ്രേരിപ്പിക്കുന്നു. വീടുകളില്‍ നിന്നും മോഷണത്തിന് പിടിക്കപ്പെട്ട് കള്ളനെന്ന് വിളിപ്പേരു കേള്‍ക്കുന്നതിനേക്കാള്‍ സ്വന്തമായ സമ്പാദ്യമെന്ന ലക്ഷ്യത്തിലേക്കെത്തുന്ന കുട്ടികള്‍, അതിവേഗം പണം സമ്പാദിക്കാനുള്ള വഴി തിരയുന്നു. ഇന്റെര്‍നെറ്റിന്റെയോ മറ്റ് മാധ്യമങ്ങളിലൂടെയോ അവര്‍ മയക്കുമരുന്ന് മാഫിയകളുടെ വലയിലാകുന്നു. കുട്ടി ഏജന്റുമാര്‍ പെട്ടന്ന് പിടിക്കപ്പെടില്ലന്ന ധാരണയാണ് മാഫിയകള്‍ കുട്ടികളിലേക്കെത്താന്‍ കാരണം. അതുവഴി മറ്റു കുട്ടികളിലേക്ക് ലഹരി വ്യാപിപ്പിക്കുകയും ചെയ്യാം.


സുരക്ഷിതത്വമില്ലായ്മയാണ് കുട്ടികള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകളില്‍ പെട്ട് മാനസികമായി തകര്‍ന്നു കഴിയുന്ന കുട്ടികള്‍ ഇടക്കാല ആശ്വാസമായി മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരികളെ ആശ്രയിക്കുന്നു. പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും പഠനഭാരം കുറയ്ക്കാന്‍ ഇത്തരം കുറുക്കുവഴികളില്‍ അഭയം തേടുന്നുണ്ട്. കോവിഡിനു ശേഷം പൊതുവെ ഉടലെടുത്ത അലസതയും അസ്ഥിരതയും അസുരക്ഷിതത്വവും യുവത്വത്തിനുണ്ടാക്കിയ ആഘാതങ്ങള്‍ ചെറുതല്ല. ഡിപ്രഷന് മരുന്നു കഴിക്കുന്നവര്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരക്കാരിലും ലഹരി ഉപഭോഗം വര്‍ധിച്ചതായി കാണാം.

ഐടി മേഖലയിലെ ലഹരി ഉപഭോഗം:

ചെറുപ്പക്കാരെ ഏറെ ആകര്‍ഷിക്കുന്നതും എളുപ്പത്തില്‍ സമ്പാദിക്കാന്‍ കഴിയുന്നതുമായ മേഖലയെന്ന നിലയില്‍ ഐ.ടി കമ്പനികളിലെ ജോലികള്‍ക്ക് ഡിമാന്‍ഡ് ഏറെയാണ്. എന്നാല്‍, താങ്ങാനാവുന്നതിലും അപ്പുറത്തുള്ള സമ്മര്‍ദങ്ങളെ അതിജീവിക്കാനുളള കരുത്ത് ഇന്നത്തെ യുവ തലമുറക്കില്ലതാനും. ഫലമോ, ലഹരിയുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെടാനവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. രാത്രിയെ പകലാക്കുന്ന ജോലികളിലേര്‍പ്പെടുമ്പോഴുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഈ ലഹരികള്‍ താല്‍ക്കാലികമായെങ്കിലും അവരെ സഹായിക്കുന്നു. മാഫിയകള്‍ക്ക് തങ്ങളുടെ സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള ഏറ്റവും വലിയ മാര്‍ക്കറ്റായി മാറിയിരിക്കുന്നു, നമ്മുടെ ഐ.ടി. പാര്‍ക്കുകള്‍! വില കൂടിയതും ദോഷവശങ്ങള്‍ കൂടുതലുള്ളതുമായ അതി തീവ്ര സിന്തറ്റിക് ഡ്രഗ്ഗുകളാണ് യുവതയെ കീഴ്‌പ്പെടുത്തിയിരിക്കുന്നത്.

ചെറുത്തു നില്‍പ്പുകള്‍:

മയക്കുമരുന്നിന്റെ ഉപയോഗം ആഗോള തലത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യ, ഭരണ നിര്‍വ്വഹണ, സുരക്ഷ മേഖലകളില്‍ അതുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും യുവജനതയെ ബോധ്യപ്പെടുത്താനായാല്‍ ചെറുത്തു നില്‍പ്പിന്റെ ആദ്യ പടി പിന്നിട്ടെന്ന് പറയുവാന്‍ സാധിക്കും. ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നു വിരുദ്ധ വിഭാഗമായ യു.എന്‍.ഒ.ഡി.സി. നാര്‍ക്കോട്ടിക് വ്യവസായത്തെ പിന്തുണക്കുന്നതില്‍ നിന്നും അധികാര വര്‍ഗത്തെ വിലക്കിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കാമ്പസുകളിലെ ലഹരി ഉപയോഗം തടയാന്‍ 'നേര്‍ക്കൂട്ടം', 'ശ്രദ്ധ' തുടങ്ങിയ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഈയടുത്തായി സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്തത്തില്‍ പല ജില്ലകളിലായി നടന്ന ബോധവല്‍ക്കരണ ക്ലാസ്സുകളും, 'ലഹരിക്കെതിരെ കൈ കോര്‍ക്കാം 'തുടങ്ങിയ സന്ദേശ യാത്രകളും, സിഗ്നേച്ചര്‍ ക്യാമ്പയിനുകളുമൊക്കെ ലഹരിയെ തുടച്ചുനീക്കുകയെന്നുള്ള ലക്ഷ്യം വച്ചായിരുന്നു.


ലഹരിയുടെ അമിതോപയോഗം തടയാന്‍ കേരള സര്‍ക്കാര്‍ കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി'ക്ക് രൂപം നല്‍കിയിട്ടുണ്ട്. 14 ജില്ലകളിലും ചികില്‍സാ സംവിധാനങ്ങളും ഡീ അഡിക്ഷന്‍ സെന്ററുകളും പ്രവര്‍ത്തന സജ്ജമാക്കാല്‍ വിമുക്തി മിഷന് സാധിക്കുന്നുണ്ട്. അതോടൊപ്പം വിവിധ വോളന്റിയര്‍മാര്‍ (N. S. S , എസ്.പി.സി കുടുംബശ്രീ ) മുഖേനയും വിവിധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിവരുന്നു.


ശാരീരികവും മാനസികവും ധാര്‍മികവുമായ വീണ്ടെടുപ്പുകളിലൂടെ മാത്രമേ നമ്മുടെ കുട്ടികളെ ഈ കരാള ഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കുവാന്‍ സാധിക്കൂ. അതിന് കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. കാരണം, ലഹരിക്കടിമയായ ജീവനറ്റ ഒരു തലമുറയെയല്ല, പകരം ഊര്‍ജ്ജസ്വലതയും കര്‍മശേഷിയുമുള്ള ജീവസ്സുറ്റ തലമുറയെയാണ് രാജ്യത്തിന്റെ പുരോഗതിക്കായി നമുക്ക് വാര്‍ത്തെടുക്കേണ്ടത്.

TAGS :