Quantcast
MediaOne Logo

ഡോ. അമീറ അയിഷാബീഗം

Published: 17 Oct 2023 10:00 AM GMT

ഗസ്സ: ഇളം ചോരയുടെ തെരുവുകള്‍ മറ്റാരെക്കാള്‍ കൂടുതല്‍ നമുക്ക് മനസ്സിലാവേണ്ടതുണ്ട്!

അവസാന ഫലസ്തീനിയും മരിച്ചു വീഴുന്നതു വരെ കാത്തു നില്‍ക്കാത്തതിനാണോ നമ്മള്‍ അവരെ പഴി ചാരുന്നത്? എങ്കില്‍ നമ്മള്‍ ആദ്യം പഴിക്കേണ്ടത് നമ്മളെ കൂടിയാണ്. ചൂഷിതരായ ഒരു ജനത സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ വെടിയുണ്ടകള്‍ക്ക് നേരെ നെഞ്ചുറപ്പോടെ നിന്ന് വിജയം നേടിയതിന്റെ ത്രസിപ്പിക്കുന്ന ഉദാഹരണമായി ലോക ജനതയ്ക്കു മുന്നില്‍ നിന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍.

ഗസ്സ: ഇളം ചോരയുടെ തെരുവുകള്‍ മറ്റാരെക്കാള്‍ കൂടുതല്‍ നമുക്ക് മനസ്സിലാവേണ്ടതുണ്ട്!
X

ജ്ഞാനപീഠ പുരസ്‌കാര ജേതാവ് സച്ചിദാനന്ദ് റൗട്രയ് തന്റെ 'ബോട്ട്മാന്‍' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:

'ഇതൊരു ചിതയല്ല,

ചങ്ങാതിമാരേ,

രാജ്യം ഇരുള്‍ നിരാശയിലമരുമ്പോള്‍,

ഇത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം.

നമ്മുടെ സ്വാതന്ത്ര്യാഗ്‌നി.

പന്ത്രണ്ടാം വയസ്സില്‍, മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന ബാജി റൗത് എന്ന ഒഡീഷക്കാരനായ ബാലനെ കുറിച്ചാണീ കവിത. അവനൊരു തോണിക്കാരന്‍. നദിയില്‍ വീണായിരുന്നു മരണം. അത് അബദ്ധത്തില്‍ ആയിരുന്നില്ല. 1938 ല്‍ ഒരു ഒക്ടോബര്‍ രാത്രിയില്‍ അക്കരെ കടക്കാന്‍ എത്തിയ ബ്രിട്ടീഷുകാരുടെ അഭ്യര്‍ഥന നിരസിച്ചതിനാണ് അവന്‍ വെടിയേറ്റ് മരിച്ചത്. അക്കരെയുള്ള നാട്ടുകാരെ ഒറ്റുകൊടുക്കാന്‍ രാത്രിയില്‍ നദി കാവലിന് നിയോഗിക്കപ്പെട്ട ആ ബാനര്‍ സേനാംഗത്തിന് മനസ്സ് വന്നില്ല. അതിലും ഭേദം മരണമെന്ന് അവന്‍ ഉറച്ചു.

അത് കഴിഞ്ഞ് 85 വര്‍ഷങ്ങള്‍. ഇപ്പോഴും, അവനെയോര്‍ക്കുമ്പോള്‍ ഏത് ഇന്ത്യക്കാരന്റെയും ഉള്ളം പൊള്ളും. തീര്‍ന്നില്ല. സ്വതന്ത്ര്യത്തിന്റെ തീയില്‍ സധൈര്യം നടന്ന് ചെന്ന് മരണം വരിച്ച മറ്റേറെ കുഞ്ഞുങ്ങളും കൗമാരക്കാരുമുണ്ട്, നമ്മുടെ ചരിത്രത്തില്‍.

1871. ഗോവധം അനുവദിച്ചതില്‍ പ്രതിഷേധിച്ച 66 സിക്കുകാരെ ബ്രിട്ടീഷുകാര്‍ വധിക്കാന്‍ തീരുമാനിച്ചു. പീരങ്കിക്കു മുന്നില്‍ അവരെ കൂട്ടമായി കെട്ടിയിട്ട് കഷണങ്ങളായി തെറിപ്പിച്ചു വിടാനായിരുന്നു പ്ലാന്‍. അതിലൊരു പന്ത്രണ്ടുകാരനോട് ഒരു വെള്ളക്കാരന്‍ ഓഫീസറുടെ ഭാര്യക്ക് ദയ തോന്നി അവനെ വെറുതെ വിടണം എന്ന് അവര്‍ ഭര്‍ത്താവിനോട് അഭ്യര്‍ഥിച്ചു. ഗൂഢമായി ചിരിച്ചുകൊണ്ട് അയാള്‍ സമ്മതം മൂളി. പകരം അയാള്‍ ഒരു കാര്യം ആവശ്യപ്പെട്ടു, ആ കുഞ്ഞു ബാലനോട്. കൂട്ടുപ്രതിയായി മുദ്ര കുത്തപ്പെട്ടിട്ടുള്ള ഗുരുവിനെ പരസ്യമായി നിന്ദിക്കണം. ക്ഷുഭിതനായ ആ കുട്ടി ആ ഇംഗ്ലീഷുകാരന്റെ താടിക്കു പിടിച്ചു. ആ പിടി വിടുവിക്കാന്‍ പട്ടാളക്കാര്‍ക്ക് അവന്റെ കൈ അറുത്തെടുക്കേണ്ടി വന്നുവെന്നത് ചരിത്രം. പിന്നീട് ബ്രിട്ടീഷുകാര്‍ അവന്റെ തല വെട്ടിക്കളഞ്ഞു. ബിഷന്‍ സിംഗ് എന്ന ആ ബാലന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ്.

ഗസ്സയില്‍ ഒരുക്കപ്പെടുന്ന കൂട്ട കുഴിമാടങ്ങള്‍ ഏറെയും കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ്. പല പ്രായക്കാരായ കുഞ്ഞുങ്ങള്‍. ഇസ്രയേല്‍ എന്നോ ഫലസ്തീന്‍ എന്നോ കേട്ടാല്‍ പോലും മനസ്സിലാകാത്ത കുഞ്ഞുങ്ങള്‍ മുതല്‍ കളിത്തോക്കുമായി ശത്രുവിനെ എതിരിടുമെന്നു വീമ്പു പറഞ്ഞവരും കിട്ടിയ ആയുധമെടുത്ത് ശത്രുവിനെ പ്രതിരോധിച്ചവരും എല്ലാം അതില്‍ ഉണ്ടാകും.

ഖുദിറാം ബോസിനെ ഓര്‍മയുണ്ടോ? ഡഗ്ലസ് കിങ്സ്ഫോര്‍ഡ് എന്ന ബ്രിട്ടീഷ് ജഡ്ജിനെ വധിക്കാന്‍ വാഹനം മാറി എറിഞ്ഞ ബോംബേറ്റ് രണ്ടു ബ്രിട്ടീഷ് സ്ത്രീകള്‍ കൊല്ലപ്പെട്ട കേസില്‍ തൂക്കിലേറ്റപ്പെട്ട കൗമാരക്കാരന്‍. ചിരിച്ചുകൊണ്ട് തൂക്കുമരം വരിച്ചവനെ കുറിച്ചു ബ്രിട്ടീഷ് പത്രങ്ങള്‍ പോലും എഴുതി.


ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇത്തരം അനേകം കത്തുന്ന അനുഭവങ്ങളുണ്ട്. എന്നാല്‍, അതിനേക്കാളൊക്കെ തീയുണ്ട്, നേരത്തെ സൂചിപ്പിച്ച സംഭവങ്ങള്‍ക്ക്. കാരണം, അത് ജീവിതം അറിയുന്നതിന് മുന്‍പേ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരുടെ ചരിത്രമാണ്. ആ ധീരരെ പോലെ, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ മറ്റനേകം ഇളം ശരീരങ്ങള്‍ കൂടെ ബലി നല്‍കിയാണ് നമ്മള്‍ ഇന്ന് ഊറ്റം കൊള്ളുന്ന സ്വാതന്ത്ര്യം നേടിയെടുത്തത്.

ഏതൊരു പീഡിത ജനതയെയും മാനസികമായി ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പവും മൂര്‍ച്ചയേറിയതുമായ ആയുധം വെള്ള പുതപ്പിച്ചു കിടത്തപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ്. ചരിത്രത്തിലെ ഇരുണ്ട ഇടനാഴികളിലെല്ലാം ചോരപ്പാടുകളുള്ള അത്തരം വെളുത്ത ഭാണ്ഡങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. രഹസ്യമായി ശത്രു ആര്‍ത്തു ചിരിച്ചതത്രയും ആ പൊതിക്കെട്ടുകളുടെ എണ്ണം കൂടിയപ്പോഴാണ്. ഉയര്‍ന്നു വന്നേക്കാവുന്ന ഇളം കൈകളെ കൂടെ വെട്ടിയൊതുക്കുമ്പോള്‍ ഉള്ള കൊലച്ചിരി. എന്നാല്‍, നേരത്തെ ഉദ്ധരിച്ച കവിതയിലേതെന്ന പോലെ, കത്തുന്ന ആ ചിതകള്‍ സ്വാതന്ത്ര്യാഗ്‌നിയായി മാറും. അതാണ് ചരിത്രം.

ഇന്ത്യന്‍ ചരിത്രത്തിലൂടെ തിരിഞ്ഞുനോക്കാന്‍ ഇപ്പോള്‍ കാരണമായത് ഗസ്സയില്‍ നിന്നുള്ള ഹൃദയഭേദക വാര്‍ത്തകളാണ്. ഗസ്സയില്‍ ഒരുക്കപ്പെടുന്ന കൂട്ട കുഴിമാടങ്ങള്‍ ഏറെയും കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ്. പല പ്രായക്കാരായ കുഞ്ഞുങ്ങള്‍. ഇസ്രയേല്‍ എന്നോ ഫലസ്തീന്‍ എന്നോ കേട്ടാല്‍ പോലും മനസ്സിലാകാത്ത കുഞ്ഞുങ്ങള്‍ മുതല്‍ കളിത്തോക്കുമായി ശത്രുവിനെ എതിരിടുമെന്നു വീമ്പു പറഞ്ഞവരും കിട്ടിയ ആയുധമെടുത്ത് ശത്രുവിനെ പ്രതിരോധിച്ചവരും എല്ലാം അതില്‍ ഉണ്ടാകും.

നേരത്തെ പറഞ്ഞ ഇന്ത്യന്‍ കുഞ്ഞുങ്ങളെ പോലെ അവരും ചരിത്രത്തില്‍ ഇടം നേടും. ശത്രുവെന്ന് മുദ്ര കുത്തപ്പെട്ട വംശത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ടവര്‍ അറുത്തു കളഞ്ഞ ആ ഇളം ശിരസ്സുകളെ എത്ര ആഴത്തില്‍ ഒളിപ്പിച്ചാലും ആ തലയോട്ടികള്‍ പുറത്തു വരും. അതിക്രമികളുടെ മനുഷ്യത്വമില്ലായ്മ അക്കമിട്ടു നിരത്താന്‍. ലോക രാഷ്ട്രീയമെന്ന നെറികെട്ട അശ്ലീലത്തെ, അതിന്റെ വാഴ്ത്തപ്പെട്ട നിഷ്‌ക്രിയത്വത്തെ തുറന്നു കാണിക്കുവാന്‍, ലോകം ചെയ്ത നിഷ്ഠൂരതകളെ എണ്ണിയെണ്ണി പറയാന്‍. എന്ന് പുലരും എന്ന് പ്രവചിക്കാന്‍ ആകാത്ത ഒരു സ്വാതന്ത്ര്യ ദിനത്തെ സ്വപ്നം കാണുന്ന ഒരു ജനതയുടെ നെഞ്ചിലെ കനലാണവര്‍. ആ കനലിനെ അണയ്ക്കാന്‍ ഇനി ആര്‍ക്കാണ് കഴിയുക?

ജന്മഭൂമിയിലേക്ക് അതിക്രമിച്ചു വന്ന അധിനിവേശ ശക്തികള്‍ തങ്ങളെ രണ്ടാം കിട പൗരരാക്കുകയും വിഭവങ്ങള്‍ കട്ടുമുടിക്കുകയും ചെയ്ത് കൊടിയ ചൂഷണത്തിന്റെ ഇരകളാക്കി മാറ്റിയതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിനു കാരണമായതെങ്കില്‍, അഭയാര്‍ഥികളായി അലയേണ്ടിയിരുന്നവര്‍ തങ്ങള്‍ കയറിക്കൂടിയ രാജ്യത്തെ ജനങ്ങള്‍ക്ക് കൂട്ടക്കല്ലറ പണിതുകൊണ്ട് അതിനുമേല്‍ പുതുരാജ്യം കെട്ടിപ്പടുക്കാന്‍ നടത്തിയ അങ്ങേയറ്റം ഹീനമായ പ്രവൃത്തികളുടെ, ഏറ്റവും കുടിലമായ വംശഹത്യാ പദ്ധതിയുടെ ചരിത്രമാണ് ഫലസ്തീന് പറയാനുള്ളത്. എല്ലാ തരത്തിലും കൊടുംയാതന അനുഭവിച്ച, കൊടിയ അനീതി നേരിടേണ്ടി വന്ന രാജ്യം.

ഹമാസ് നടത്തിയ ആക്രമണത്തിന്റെ (സംഘി-ക്രിസംഘി ഭാഷ്യത്തില്‍ അഹങ്കാരത്തിന്റെ) അനിവാര്യമായ തിരിച്ചടി, വിളിച്ചു വരുത്തിയ ദുര്‍വിധി എന്നെല്ലാം ന്യായീകരണം ചമക്കുന്നവര്‍, അതിനും ഒരു വര്‍ഷം മുന്‍പേ യു.എന്‍ മനുഷ്യാവകാശ കമീഷന്‍ തലവന്‍ മിഷേല്‍ ബാഷെല്റ്റ് ഇസ്രായേല്‍ കൊന്നു തള്ളുന്ന ഫലസ്തീനിയന്‍ കുഞ്ഞുങ്ങളെ കുറിച്ച് പ്രകടിപ്പിച്ച ആശങ്കയും ആധിയും കൂടെ ഒന്നോര്‍ക്കണം.

തുടക്കത്തില്‍ എടുത്തു പറഞ്ഞ മൂന്നു കുട്ടികളുടെ കഥകള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് പതിറ്റാണ്ടുകള്‍ക്കിപ്പുറവും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടോ? നമ്മുടെ ചോര തിളയ്ക്കുന്നുണ്ടോ? എങ്കില്‍ ദൃശ്യവും അദൃശ്യവുമായ ചങ്ങലക്കെട്ടുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് പോയ അനേകായിരം ഫലസ്തീന്‍ ബാല്യങ്ങള്‍ നമ്മളുടെ ഉറക്കം കെടുത്തണം. ബാല്യം എന്ന വാക്കില്‍ നാം ചേര്‍ത്ത് വെച്ച നിഷ്‌കളങ്കത അറിയാതെ പോയവര്‍ ആണവര്‍. ആ കുഞ്ഞുങ്ങളുടെ ചോര കണ്ടു മനസ് തളര്‍ന്ന ഒരു ജനസമൂഹത്തിന്റെ അവസാന പിടച്ചില്‍ നമുക്ക് മനസിലാകണം. നഷ്ടങ്ങള്‍ മാത്രം അനുഭവിക്കുന്ന ഒരു ജനതയെ പഠിപ്പിക്കാന്‍ കപട നൈതികതയുടെ പാഠപുസ്തകങ്ങളുമായി ഇനിയും ചെല്ലുന്നതില്‍ അര്‍ഥമില്ല

2023 ജൂലൈയില്‍ ജനീവയില്‍ ഡിഫെന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍, ആംനസ്റ്റി ഇന്റര്‍നാഷണലുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഫലസ്തീനില്‍ അനധികൃതമായി നടക്കുന്ന ഇസ്രായേല്‍ കയ്യേറ്റത്തിന്റെ ഫലമായി കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്ന ഫലസ്തീനിയന്‍ കുട്ടികളെ കുറിച്ച് റിപ്പോര്‍ട് ചെയ്യുകയുണ്ടായി. ന്യായമായ വിചാരണയ്ക്ക് വരെ ഇടം കൊടുക്കാതെ ഇസ്രായേല്‍ സൈനിക കോടതി ഓരോ വര്‍ഷവും എഴുനൂറോളം കുട്ടികളെ തടവിലിടുന്നു. സൈന്യം രാത്രി റെയ്ഡുകള്‍ നടത്തി ബെഡില്‍ നിന്ന് എടുത്തുകൊണ്ട് പോകുന്ന കുട്ടികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് ലോകം അറിയുന്നില്ല. കുട്ടികളെ പൊതുവെ സൈനിക കോടതികളില്‍ കൊണ്ട് വരരുതെന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് നേരെ പല്ലിളിച്ചു കാണിച്ചു കൊണ്ട് ഇസ്രായേല്‍ ഫലസ്തീന്‍ കുഞ്ഞുങ്ങളെ പ്രോസിക്യൂട്ട് ചെയ്യുന്നു.


ഹമാസിന്റെ ആക്രമണത്തെ ഇസ്രായേല്‍ നാളിതു വരെ കാട്ടിക്കൂട്ടിയ കൊടും ക്രൂരതകള്‍ക്കൊപ്പം തുലാസിലിട്ട് തൂക്കം നോക്കി സമീകരണ സൂത്രവാക്യങ്ങള്‍ ചമച്ചുകൊണ്ട് നിഷ്പക്ഷതയുടെ പുതു ഗാഥകള്‍ രചിക്കുന്നവര്‍, ജീവിക്കാനും വിദ്യാഭ്യാസം നേടാനും ആരോഗ്യത്തോടെ ഇരിക്കുവാനും ഉള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, നിരന്തരം യുദ്ധഭീതിയില്‍, തലയ്ക്കു മീതെ ഏതു നിമിഷവും പതിച്ചേക്കാവുന്ന ബോംബിനെ ഭയന്ന്, മരണം ശ്വസിച്ചു ജീവിക്കുന്ന ആ കുഞ്ഞുങ്ങളെ എങ്കിലും കാണണം. അതിനെല്ലാം ഇപ്പോള്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ (സംഘി-ക്രിസംഘി ഭാഷ്യത്തില്‍ അഹങ്കാരത്തിന്റെ) അനിവാര്യമായ തിരിച്ചടി, വിളിച്ചു വരുത്തിയ ദുര്‍വിധി എന്നെല്ലാം ന്യായീകരണം ചമക്കുന്നവര്‍, അതിനും ഒരു വര്‍ഷം മുന്‍പേ യു.എന്‍ മനുഷ്യാവകാശ കമീഷന്‍ തലവന്‍ മിഷേല്‍ ബാഷെല്റ്റ് ഇസ്രായേല്‍ കൊന്നു തള്ളുന്ന ഫലസ്തീനിയന്‍ കുഞ്ഞുങ്ങളെ കുറിച്ച് പ്രകടിപ്പിച്ച ആശങ്കയും ആധിയും കൂടെ ഒന്നോര്‍ക്കണം. ലോകമനഃസാക്ഷിയുടെ മുന്നില്‍ നീതിക്കു വേണ്ടി നിരന്നു കിടന്ന ഈ കുഞ്ഞു മൃതദേഹങ്ങളെ കണ്ണു തുറന്ന് കാണാനാവാത്തവര്‍, രിക്കലും വിളമ്പിവെക്കാന്‍ ഇടയില്ലാത്ത ഒരു നീതിക്കു വേണ്ടി ഒരു ജനത ഓച്ഛാനിച്ചു നില്‍ക്കണം എന്ന് ഇനിയും പ്രതീക്ഷിക്കുന്നവരാണ്.

സമയമെടുത്ത്, കാലങ്ങള്‍ കൊണ്ട്, ഇസ്രായേല്‍ വംശഹത്യാ പദ്ധതിയുടെ ഭാഗമായി അവസാന ഫലസ്തീനിയും മരിച്ചു വീഴുന്നതു വരെ കാത്തു നില്‍ക്കാത്തതിനാണോ നമ്മള്‍ അവരെ പഴി ചാരുന്നത്? എങ്കില്‍ നമ്മള്‍ ആദ്യം പഴിക്കേണ്ടത് നമ്മളെ കൂടിയാണ്. ചൂഷിതരായ ഒരു ജനത സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ വെടിയുണ്ടകള്‍ക്ക് നേരെ നെഞ്ചുറപ്പോടെ നിന്ന് വിജയം നേടിയതിന്റെ ത്രസിപ്പിക്കുന്ന ഉദാഹരണമായി ലോക ജനതയ്ക്കു മുന്നില്‍ നിന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. അഹിംസയുടെയും നിസ്സഹകരണത്തിന്റെയും പാഠങ്ങള്‍ ഉരുവിട്ട് കൊണ്ട് മാത്രമല്ല ആയുധമെടുക്കേണ്ടിടത്ത് ആയുധം എടുത്തും ആക്രമണവും പ്രത്യാക്രമണവും നടത്തിയും കൂടിയാണ് നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ മധുരം രുചിച്ചത്. നമ്മുടെ രാജ്യത്തിന്റെ സഹനത്തിന്റെയും പോരാട്ടത്തിന്റെയും അന്തിമ വിജയത്തിന്റെയും മാതൃകയാണ് ഈ ഫലസ്തീന്‍ മനുഷ്യര്‍ക്കും പിന്തുടരാനുള്ളത്. നമ്മുടെ ദേശത്തെ വെളിച്ചത്തിലേക്ക് നയിച്ച ധീര നേതാക്കള്‍ നല്‍കിയ പിന്തുണ കൂടെയാണ് അവരുടെ ഊര്‍ജ്ജമാവുന്നത്. നമ്മുടെ ജനത നില്‍ക്കേണ്ടത് ജനിച്ച മണ്ണില്‍ ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള അവകാശത്തിനു വേണ്ടി പൊരുതുന്നവരോടൊപ്പമാണ്.


അധിനിവേശത്തിന്റെയും കീഴടക്കലിന്റെയും കൊളോണിയല്‍ ചരിത്രം രാജ്യസ്‌നേഹമുള്ള ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ ഇപ്പോഴും ഒരു നെരിപ്പോട് തീര്‍ക്കുന്നുവെങ്കില്‍ അവര്‍ ഫലസ്തീന് ഒപ്പം തന്നെ നില കൊള്ളണം. അല്ലെങ്കില്‍ നിഷ്പക്ഷതയുടെ കള്ളറകളില്‍ നാം പൂട്ടിവെക്കുന്നത് നമ്മുടെ തന്നെ വീരോജ്വല ചരിത്രത്തെ ആകും. റാഡ്ക്ലിഫ് പ്രഭു അഞ്ചാഴ്ച കൊണ്ട് ഒരു രാജ്യത്തിന്റെ ഭാഗധേയം ഒറ്റ ഭൂപടം കൊണ്ട് നിര്‍ണയിച്ചപ്പോള്‍ ചിതറി തെറിച്ച രക്തത്തുള്ളികള്‍ നമ്മുടെ ഓര്‍മകളില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ടെങ്കില്‍ നമ്മള്‍ ഫലസ്തീന് ഒപ്പം തന്നെ നില്‍ക്കണം. അല്ലെങ്കില്‍ നാം റദ്ദ് ചെയ്യുന്നത് നമ്മള്‍ തന്നെ ചോര കൊടുത്ത് നേടിയെടുത്ത സ്വപ്നങ്ങളെയായിരിക്കും

കൊളോണിയല്‍ കാലത്തിനു മുന്‍പ് ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന ഒരു രാജ്യത്തെ നശിപ്പിച്ചവരെന്നു നമ്മള്‍ ചവിട്ടി പുറത്താക്കിയ വെള്ളക്കാരെ നാം വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍, നഷ്ടമായ കോഹിനൂര്‍ രത്‌നം തിരിച്ചു പിടിക്കാന്‍ വരെ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, തങ്ങളുടെ ആകാശവും ഭൂമിയും വെള്ളവും വായുവും വരെ അപഹരിച്ചവരെ ഫലസ്തീന്‍ ജനത നിശ്ചയദാര്‍ഢ്യം കൊണ്ട് ജയിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുവാനും നമുക്ക് കഴിയണം. കാരണം, നമ്മളുടെയും അവരുടെയും പാതകളില്‍ കനല്‍ വിതറിയവര്‍ക്ക്, നമ്മുടെയും അവരുടെയും മണ്ണില്‍ ഭിന്നിപ്പിന്റെ വിത്തെറിഞ്ഞവര്‍ക്ക്, നമ്മുടെയും അവരുടെയും കുഞ്ഞുങ്ങളുടെ കഴുത്തില്‍ കയര്‍ മുറുക്കിയവര്‍ക്ക് ഒരേ മുഖമാണ്. അത്യാര്‍ത്തിയുടെയും വെട്ടിപ്പിടിക്കലിന്റെയും ചവിട്ടി താഴ്ത്തലിന്റെയും കറ പുരണ്ട അധിനിവേശകരുടെ മുഖം.

നെല്‍സണ്‍ മണ്ടേല പറഞ്ഞത് പോലെ 'ഫലസ്തീന് സ്വാതന്ത്ര്യമില്ലെങ്കില്‍ നമുക്കും സ്വാതന്ത്ര്യമില്ലെന്നു നന്നായി അറിയാം.' അതെ, അത് നമ്മളോട് കൂടിയാണ്. നമ്മളും അതറിയണം.

TAGS :