Quantcast
MediaOne Logo

തശ്രീഫ് കിടങ്ങയം

Published: 15 Aug 2023 9:07 AM GMT

ഗ്യാന്‍വാപിയും സംഘ്പരിവാര്‍ അജണ്ടയും

ഡസനിലധികം കേസുകളുള്ള ഗ്യാന്‍വാപി പ്രശ്‌നം പ്രാദേശിക പ്രശ്‌നമായി തന്നെ അവസാനിക്കുന്നതിന് പകരം, അതിനെ ദേശീയ പ്രശ്‌നമാക്കി വര്‍ഗീയ വംശീയ ചിന്തകള്‍ക്ക് വഴിയൊരുക്കുക എന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ്.

ഗ്യാന്‍വാപിയും സംഘ്പരിവാര്‍ അജണ്ടയും
X

വിദ്വേഷ പ്രചാരണങ്ങള്‍ കൊണ്ടും വര്‍ഗീയ കലാപങ്ങള്‍ കൊണ്ടും കലുഷിതാന്തരീക്ഷം മുറ്റി നില്‍ക്കുന്നതാണ് സമകാലിക ഇന്ത്യ. ന്യൂനപക്ഷ വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ക്ക് മേല്‍ അവകാശ വാദം ഉന്നയിക്കുകയും അവരെ ഉന്മൂലനം ചെയ്യുകയും വഴി ഹിന്ദു രാഷ്ട്ര നിര്‍മാണത്തിലേക്കുള്ള ധ്രുതഗതിയിലാണ് ഭരണകൂടത്തിന്റെ സഞ്ചാരം. 2014-ല്‍ ബി.ജെ.പി സര്‍ക്കാരിന് അധികാരം കിട്ടിയതോടെ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളും ധ്രുവീകരണ വൃത്തികളും സ്ഥിര സംഭവങ്ങളായി മാറി. ഹിന്ദു രാഷ്ട്രവാദവും മുസ്‌ലിം ഉന്മൂലനവും പ്രത്യയശാസ്ത്രമാക്കിയ സംഘ്പരിവാറിന്റെ അടുത്ത ലക്ഷ്യം ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദാണ്.

1992-ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് നിഷ്‌കാസനം ചെയ്ത ശേഷം, സംഘ്പരിവാര്‍ തീവ്രവാദികള്‍ ഉയര്‍ത്തിയത് 'അയോധ്യ സിര്‍ഫ് ജാന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (അയോധ്യ വെറും സൂചനയാണ്, കാശിയും മഥുരയും അവശേഷിക്കുന്നുണ്ട്) എന്നായിരുന്നു. ആ കൊട്ടിഘോഷത്തിന്റെ തുടര്‍ക്കഥയാണ് ഗ്യാന്‍വാപി മസ്ജിദില്‍ സംഘ്പരിവാറും വി.എച്ച്.പിയും ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍.


1669-ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് നിര്‍മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്. ഒരു നൂറ്റാണ്ടിന് ശേഷം, 1780-ലാണ് ഇന്ദോര്‍ രാജ്ഞി അഹല്യ ഹോല്‍കര്‍ കാശി വിശ്വനാഥ ക്ഷേത്രം പണിയുന്നത്. പിന്നെയും ഒരുപാട് കാലങ്ങള്‍ക്കുശേഷമാണ് പ്രദേശത്തെ നിരവധി ക്ഷേത്രങ്ങള്‍ വന്നത്. എന്നാല്‍, സംഘ്പരിവാറിന്റെ വ്യാജപ്രചരണങ്ങള്‍ പ്രകാരം രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു എന്നും അത് തകര്‍ത്താണ് ഔറംഗസീബ് പള്ളി നിര്‍മിച്ചത് എന്നൊക്കെയാണ്. പക്ഷേ, നമുക്ക് മുന്നിലുള്ള തെളിവുകള്‍ എല്ലാം ഇതിന് നേര്‍വിപരീതമാണ്. മര്‍സിയ കേസോളാരി എന്നെ ഇറ്റാലിയന്‍ വനിത, 'Role of Benaras in constructing political Hindu identity' എന്ന ഗവേഷണ പ്രബന്ധത്തില്‍ ഔറംഗസീബിന്റെ ഭരണത്തിന് മുമ്പ് കാശിയില്‍ ഒരു ക്ഷേത്രവും ഉണ്ടായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വാരാണസിയില്‍ സ്ഥിരതാമസമാക്കിയ ഡല്‍ഹി സ്വദേശികളായ അഖില ലോക് സനാഥന്‍ സംഘ് പ്രവര്‍ത്തകരായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിങ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകള്‍ പള്ളിക്കുള്ളില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങള്‍ മുമ്പാകെ പൂജ നടത്തണമെന്ന ആവശ്യവുമായി സിവില്‍ കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുന്നത്. ഇപ്പോഴത്തെ വിവാദമായ അഭിഭാഷക സര്‍വേ നടന്നത് ഈ ഹരജിയിലാണ്.

യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലോ തെളിവുകളുടെ പിന്‍ബലത്തിലോ അല്ല സംഘ്പരിവാറിന്റെ അവകാശവാദങ്ങള്‍. മറിച്ച്, ഹിന്ദു മുസ്‌ലിം സൗഹാര്‍ദത്തിന് വിള്ളല്‍ വീഴ്ത്തി വര്‍ഗീയ വംശീയ ചിന്തകള്‍ക്കും കലാപങ്ങള്‍ക്കും വഴിയൊരുക്കുകയും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് അവരുടെ താത്പര്യം. ആത്മീയ അന്വേഷകരുടെ സംഗമഭൂമിയും അവരുടെ ആവാസ കേന്ദ്രവുമായ കാശി ഇപ്പോള്‍ തര്‍ക്കസ്ഥലമാണ് എന്നത് ഖേദകരം തന്നെ. ഗ്യാന്‍വാപി മസ്ജിദില്‍ അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. പക്ഷേ, ഇന്നും അവിടെ അഞ്ചു നേരവും നമസ്‌കാരം നിര്‍വഹിക്കപ്പെടുന്നുണ്ട്.


2019-ല്‍ അഭിഭാഷകനായ വിജയ് ശങ്കര്‍ ഹസ്തരോഗിയാണ് വാരാണസി സിവില്‍ കോടതിയില്‍ ക്ഷേത്രഭൂമി കൈവശപ്പെടുത്തി പള്ളി നിര്‍മിച്ചതെന്ന് കേസ് കൊടുക്കുന്നത്. കൂടെ തന്നെ പുരാവസ്തു വിഭാഗത്തിന്റെ സര്‍വേ നടത്താനും ആവശ്യപ്പെട്ടു. പക്ഷേ, പള്ളി കമ്മിറ്റിയുടെ ഇടപെടല്‍ പ്രകാരം അലഹബാദ് ഹൈകോടതി അതിനു സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് വാരാണസിയില്‍ സ്ഥിരതാമസമാക്കിയ ഡല്‍ഹി സ്വദേശികളായ അഖില ലോക് സനാഥന്‍ സംഘ് പ്രവര്‍ത്തകരായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിങ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകള്‍ പള്ളിക്കുള്ളില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങള്‍ മുമ്പാകെ പൂജ നടത്തണമെന്ന ആവശ്യവുമായി സിവില്‍ കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുന്നത്. ഇപ്പോഴത്തെ വിവാദമായ അഭിഭാഷക സര്‍വേ നടന്നത് ഈ ഹരജിയിലാണ്.

പള്ളിയില്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലത്ത് ശിവലിംഗം കണ്ടെത്തി എന്നതാണ് ഇവരുടെ പ്രധാന ആരോപണം. എന്നാല്‍, അര്‍ഥരഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് തെളിവുകളോ അടിസ്ഥാനമോ ഒന്നും തന്നെയില്ല. പള്ളി നടത്തിപ്പുകാരായ അന്‍ജുമന്‍ ഇന്‍തിസാമിയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസീന്‍ പറഞ്ഞത് പ്രകാരം പള്ളിയുടെ പടിഞ്ഞാറന്‍ മതിലില്‍ കാണുന്നതും കാണാത്തതുമായ വിഗ്രഹങ്ങളുണ്ടെന്നും മതിലിന്റെ ചില ഭാഗങ്ങള്‍ ക്ഷേത്രത്തിന്റെ രൂപഘടനയുള്ളതാണെന്നുമാണ് ഹരജിക്കാരുടെ വാദങ്ങളിലൊന്ന്. വാരാണസി സിവില്‍ കോടതിയില്‍ അഞ്ചു സ്ത്രീകള്‍ നല്‍കിയ ഹരജിയിലും ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍, അത് ക്ഷേത്രമോ അതിന്റെ അവശിഷ്ടങ്ങളോ അല്ലെന്നും അതിനു താഴെയുള്ളത് നൂറു വര്‍ഷത്തിലധികം പഴക്കമുള്ള രണ്ടു ഖബറുകളാണെന്നും ഈ ഖബറില്‍ അടക്കം ചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും എസ്.എം യാസീന്‍ പറയുന്നു.

ബാബരി മസ്ജിദ് തകര്‍ത്തതുപോലെ ഗ്യാന്‍വാപി മസ്ജിദും തകര്‍ത്ത് ക്ഷേത്ര നിര്‍മാണം നടത്തി ഹിന്ദു പ്രീണനവും മുസ്‌ലിം വേട്ടയും വഴി വോട്ടു രാഷ്ട്രീയം കളിക്കുന്ന സംഘ്പരിവാറിന്റെ ദുഷ്ടലാക്കാണ് യാഥാര്‍ഥ്യമായി കൊണ്ടിരിക്കുന്നത്. നിലവില്‍ ഒരു ഡസനിലധികം കേസുകളുള്ള ഗ്യാന്‍വാപി പ്രശ്‌നം പ്രാദേശിക പ്രശ്‌നമായി തന്നെ അവസാനിക്കുന്നതിന് പകരം അതിനെ ദേശീയ പ്രശ്‌നമാക്കി വര്‍ഗീയ വംശീയ ചിന്തകള്‍ക്ക് വഴിയൊരുക്കുക എന്നത് സംഘ്പരിവാറിന്റെ അജണ്ടയായിരുന്നു എന്നത് വ്യക്തമാണ്.

TAGS :