Quantcast
MediaOne Logo

മുഹ്സിന മുസ്തഫ

Published: 31 March 2022 12:21 PM GMT

ഹിജാബും പുരോഗമന ആകുലതകളും

ഹിജാബ് വിലക്ക് : രാഷ്ട്രീയ വർത്തമാനങ്ങൾ - ചർച്ച - ഭാഗം - 3

ഹിജാബും പുരോഗമന ആകുലതകളും
X
Listen to this Article

കര്‍ണാടകയില്‍ തുടങ്ങി രാജ്യം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധതയുടെ അടിസ്ഥാനത്തിലുള്ള ഹിജാബ് നിരോധനത്തിന്റെ രാഷ്ട്രീയം പരിശോധിക്കുന്നു.

ഹിജാബ്: ചരിത്ര വര്‍ത്തമാനങ്ങളും ആഗോളതല ഇസ്‌ലാമോഫോബിക് ആശങ്കകളും

ഹിജാബ് നിരോധനം ഒരു പുതിയ പ്രശ്‌നമല്ല. കൊളോണിയല്‍ മോഡേണിസത്തിന്റെ കടന്നുവരവിനൊപ്പം ആഗോളതലത്തില്‍ ഹിജാബ് വിവാദവും ആരംഭിച്ചിട്ടുണ്ട്. കൊളോണിയല്‍ അധിനിവേശത്തിനെതിരെ മുസ്‌ലിം പ്രദേശങ്ങളിലുണ്ടായിട്ടുള്ള ചെറുത്തുനില്‍പ്പ് കൊളോണിയല്‍ ശക്തികളെ പ്രതിരോധത്തിലാക്കിയിരുന്നു. ഇസ്‌ലാം അപരിഷ്‌കൃതമാണെന്നും മുസ്‌ലിംകളെ നവീകരിക്കണമെന്നുമുള്ള പാശ്ചാത്യ-ഓറിയന്റലിസ്റ്റ് വാദങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു എന്ന് വേണം കണക്കാക്കാന്‍. തല മറച്ച/മുഖാവരണം ധരിച്ച മുസ്‌ലിം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്നുള്ള മിഥ്യാ ധാരണ വ്യാപിപ്പിച്ചതിലൂടെ മുസ്‌ലിം സ്ത്രീയുടെ വിമോചനം എന്ന ആശയത്തിന്റെ മറവില്‍ തങ്ങളുടെ കടന്നുകയറ്റത്തെ ന്യായീകരിക്കാനും അവര്‍ക്ക് കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലിംഗവിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പാശ്ചാത്യ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന ലിബറല്‍ ഫെമിനിസവും/മുഖ്യധാരാ ഫെമിനിസവും ഇതേ ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സ്ത്രീകളെയും അവരുടെ വസ്ത്രധാരണത്തെയും വിലയിരുത്തിയത്. പിന്നീട്, കുരിശു യുദ്ധങ്ങളോളം പഴക്കമുള്ള ആഗോള തലത്തിലെ ഇസ്‌ലാമോഫോബിയയുടെ ഭാഗമായും, ഹിജാബ് മുസ്‌ലിം സ്ത്രീകളുടെ പുരോഗമനത്തിന് തടസ്സമാണെന്നുള്ള ആശങ്കകളെ പൊളിച്ചെഴുതിക്കൊണ്ട് വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ഹിജാബി വനിതകളുടെ കടന്നുകയറ്റമുണ്ടായപ്പോള്‍ ഉയര്‍ന്നു വന്ന 'മതേതര'വെപ്രാളങ്ങളുടെ ഫലമായും പാശ്ചാത്യ മതേതര രാജ്യങ്ങളിലും അവരുടെ പിന്തുണയില്‍ ഭരണം നടത്തിയിരുന്ന തുര്‍ക്കി, ഇറാന്‍ തുടങ്ങിയ മത രാഷ്ട്രങ്ങളിലും വ്യാപകമായി ഇസ്‌ലാമിക മത ചിഹ്നങ്ങള്‍ വിലക്കുകയുണ്ടായി.

9/11 ന് ശേഷം രൂപം കൊണ്ട പുതിയ രാഷ്ട്രീയ പരിസരം ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ആഗോള മുസ് ലിംകളില്‍ നിക്ഷേപിക്കുകയും ഇസ്‌ലാമോഫോബിയ പടര്‍ത്തുകയും വാര്‍ ഓണ്‍ ടെററിന്റെ മറവില്‍ സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ അധിനിവേശം നടത്തുകയും ചെയ്തു. അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണം അഫ്ഗാന്‍ സ്ത്രീകളുടെ വിമോചനം എന്ന പേരിലായതും ആഗോള തലങ്ങളില്‍ ഇന്നും ഈ അധിനിവേശങ്ങള്‍ നീതികരിക്കപ്പെടുന്നതും ഒളിഞ്ഞും തെളിഞ്ഞുമുള്ള മുസ്‌ലിം വിരുദ്ധത യോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മുസ്‌ലിം വിരുദ്ധമായ 'പൊതു'ഇടങ്ങളില്‍ ഇസ്‌ലാമിക ചിഹ്നങ്ങള്‍ പോലും പ്രശ്‌നവല്‍ക്കരിക്കപ്പെട്ടതും ഫ്രാന്‍സ്, ബെല്‍ജിയം, ക്യൂബക്ക്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക മത ചിഹ്നങ്ങള്‍ വിലക്കിയതും ലോകത്തുടനീളം സ്വത്വത്തിന്റെ പേരില്‍ ഹിജാബ് ധാരികളായ മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതും അവഹേളിക്കപ്പെട്ടതും. അതില്‍ അന്താരാഷ്ട്ര തലത്തില്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് റഷ്യന്‍ വംശീയ വാദിയാല്‍ കൊല്ലപ്പെട്ട മര്‍വ അല്‍ ഷെര്‍ബിനിയുടെ കൊലപാതകം. മുസ്‌ലിമായതിനാല്‍, ഹിജാബ് ധരിച്ചിരുന്നതിനാല്‍ ഈജിപ്ഷ്യന്‍ വംശജയായ മര്‍വയെ 2009 ല്‍ ജര്‍മ്മനിയിലെ കോടതി മുറിയില്‍ വെച്ച് തികഞ്ഞ വംശീയ വാദിയായ അലക്സ് വിയന്‍സ് ക്രൂരമായി കുത്തി കൊലപ്പെടുത്തുകയാണുണ്ടായത്. കൊല്ലപ്പെടുമ്പോള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു മര്‍വ.


ഹിജാബ് നിരോധനം ഇന്ത്യന്‍ സാഹചര്യത്തില്‍

ഇന്ത്യയില്‍ നിലവിലെ ഹിജാബ് സംഘര്‍ഷങ്ങളുടെ തുടക്കം കര്‍ണാടകയില്‍ ഉടുപ്പി ജില്ലയിലെ ഗവണ്‍മെന്റ് കോളജിലാണ്. കോളജ് ക്യാംപസില്‍ ഹിജാബ് ധരിക്കുന്നതിനും ഉര്‍ദു സംസാരിക്കുന്നതിനും മുസ്‌ലിംകള്‍ പരസ്പരം അഭിവാദ്യം ചെയ്യാനുപയോഗിക്കുന്ന സലാം പറയുന്നതിനും കോളജ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനം അനുവദിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ ദിവസങ്ങളോളം ക്ലാസിന് പുറത്തിരുന്ന് പ്രതിഷേധിക്കുകയും വിഷയം ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. തൊട്ടടുത്ത ദിവസങ്ങളില്‍ ഉഡുപ്പിയിലെ കുന്താപുരം ഗവ.കോളജിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായി. പെട്ടെന്ന് ഒരു ദിവസം കോളജിലെ എബിവിപിക്കാരായ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ചു കോളജില്‍ വരികയും ഇനി മുതല്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചു വന്നാല്‍ തങ്ങളും കാവി ഷാള്‍ ധരിച്ചു വരുമെന്ന് പ്രിന്‍സിപ്പളിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് ഹിജാബ് ധരിച്ചു കോളജില്‍ എത്തിയ മുസ്‌ലിം വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ തന്നെ നേരിട്ടെത്തി ഗെയിറ്റടച്ചു പുറത്താക്കി. കേണപേക്ഷിച്ചിട്ടും അധികൃതര്‍ ഗേറ്റ് തുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതുവരെ ഹിജാബ് അനുവദിനീയമായിരുന്ന, സ്ഥിരമായി വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയിരുന്നിടത്താണ് സംഘപരിവാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ട് അധികൃതര്‍ മുസ്‌ലിം വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ വിവേചനം കാണിച്ചത്. തുടര്‍ന്ന് കര്‍ണാടകയിലെ ഭണ്ഡാര്‍ക്കര്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ്, ഉഡുപ്പി എം.ജി.എം കോളജ്, മാണ്‍ഢ്യ പി.ഇ.എസ് കോളജ് തുടങ്ങി ശിവമൊഗ്ഗ, ബിജാപുര, ഹാസന്‍, ചിക്മംഗളൂര്‍ തുടങ്ങിയ ജില്ലകളിലെ കോളജുകളിലും മധ്യപ്രദേശിലും സമാനമായി ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തുന്നതിനെ തടയുകയുണ്ടായി. അതിനേ തുടര്‍ന്ന് പ്രതിഷേധം ശക്തിപ്പെടുകയും തങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചു നല്‍കിയ മൗലിക അവകാശങ്ങള്‍ക്കായി വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, ഹൈക്കോടതി വിധി കുട്ടികള്‍ക്ക് അനുകൂലമായിരുന്നില്ല. മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ മറവില്‍ നിരവധി കോളജുകള്‍ ഹിജാബ് നിരോധിക്കുകയും പരീക്ഷ എഴുതുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ തടയുകയും ചെയ്തു. മുസ്‌ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും കാമ്പസിന് പുറത്ത് വെച്ച് നിര്‍ബന്ധിതമായി ഹിജാബ് അഴിപ്പിക്കുകയും അതേ തുടര്‍ന്ന് തുമാഗുരു ജില്ലയിലെ അധ്യാപിക ജോലി ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഹിജാബ് ഇസ്‌ലാമില്‍ നിര്‍ബന്ധമല്ല എന്ന വിധിയായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ചത്. വിധിക്കെതിരെ വിദ്യാര്‍ത്ഥഥികള്‍ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.

ഹിജാബ് നിരോധനം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാകുമ്പോള്‍

ഹിജാബിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളുടെ കാതല്‍ സ്ത്രീ-വസ്ത്ര സ്വാതന്ത്ര്യമോ മതേതര ആകുലതകളോ ദേശ സുരക്ഷയോ അല്ല, മറിച്ച് വ്യക്തമായ മുസ്‌ലിം വിരുദ്ധത മാത്രമാണ്. തങ്ങളുടെ വര്‍ഗീയ വംശീയ അജണ്ടകള്‍ക്ക് വിലങ്ങു തടിയായി നില്‍ക്കുന്ന മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത് വഴി ഇന്ത്യയെ പൂര്‍ണമായും ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാര്‍ കുടില തന്ത്രങ്ങളുടെ ഭാഗമാണ് രാജ്യമൊട്ടാകെ ഉയര്‍ത്തി കൊണ്ടുവന്ന ഹിജാബ് നിരോധനം. കര്‍ണാടകയിലെ സംഭവങ്ങളോടനുബന്ധിച്ച് ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ പറഞ്ഞത് 'ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിജാബ് ധരിക്കണമെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകൂ എന്നുമാണ്. പെണ്‍കുട്ടികള്‍ക്ക് ഗണപതി പൂജയും നെറ്റിയില്‍ വെണ്ണീര്‍ ചാര്‍ത്തലും ഇവിടെ അനുവദിനീയമാണ്. അതിനെ ആരും ചോദ്യം ചെയ്യില്ല, ചോദ്യം ചെയ്യുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ്.' ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ഹിജാബ് നിരോധനത്തിന് പിന്നിലെ അജണ്ട. വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും പശു ബെല്‍റ്റില്‍ ദലിത്-മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ച്, ശ്രീറാം സേന, എ.ബി.വി.പി തുടങ്ങിയ തീവ്ര ഹിന്ദുത്വ വലത് പക്ഷ സംഘടനകളാണ് ഇതിന് പിന്നില്‍. സമാനമായി ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ കേസരി ഷാള്‍ ധരിപ്പിച്ച് കോളജില്‍ എത്തിച്ചതിന് പിന്നിലും ഈ സംഘടനകളാണ്. ഇത് ഒരു ഹിജാബില്‍ മാത്രം ഒതുങ്ങുന്നതല്ല.



മുസ്‌ലിമായതിന്റെ പേരില്‍ മാത്രം ഒരു ജനത ആക്രമിക്കപ്പെടുകയും ക്രൂരമായി കൊല ചെയ്യപ്പെടുകയും പൗരത്വം നിഷേധിക്കപ്പെടുകയും കൂട്ട ബലാത്സംഗത്തിനിരയാവുകയും ബഹിഷ്‌ക്കരിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും അവകാശങ്ങള്‍ ലംഘിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന ഇന്ത്യന്‍ കോണ്‍ടെക്സ്റ്റില്‍ ഹിജാബ് നിരോധനം ഇത്തരത്തില്‍ പടി പടിയായി ഹിന്ദുത്വ ഭീകരര്‍ നടപ്പിലാക്കി വരുന്ന എത്‌നിക് ക്ലെന്‍സിംഗിന്റെ ഒരു ഭാഗം മാത്രമാണ്. വര്‍ഗീയവും അത്യന്തം വംശീയവുമായ രാഷ്ട്രീയത്തിന്റെ നില നില്‍പ്പിന് വേണ്ടി പതിവ് പോലെ വെറുപ്പും വിദ്വേഷവും പടര്‍ത്തി അത് വോട്ടാക്കി മാറ്റുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. വര്‍ഗീയ ലഹളകള്‍ മുന്നില്‍ കണ്ടു കൊണ്ട് രാജ്യമൊട്ടാകെ സ്‌ഫോടനങ്ങള്‍ നടത്തുകയും അതിന്റെ ഉത്തരവാദിത്വം മുസ്‌ലിംകളില്‍ നിക്ഷേപിക്കുകയും അതുവഴി നിരവധി മുസ്‌ലിം ചെറുപ്പക്കാരെ വ്യാജ കേസുകളില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു കൊണ്ട് അമേരിക്കയുടെ മുസ്‌ലിം ഭീകരവാദം എന്ന തിരക്കഥയില്‍ ഏറ്റവും കൂടുതല്‍ മുതലെടുപ്പ് നടത്തിയിട്ടുള്ളതും ഇന്ത്യയിലെ സംഘപരിവാര്‍ ഭീകരര്‍ തന്നെയാണ്.

ചരിത്രത്തില്‍ എല്ലാക്കാലത്തും ഫാസിസ്റ്റുകള്‍ പ്രയോഗിച്ചിരുന്ന ദേശ സുരക്ഷ വാദം ഭരണകൂടത്തിന് അനഭിമതരായവരെ നിശബ്ദമാക്കാനുള്ള ആയുധമാക്കിക്കൊണ്ട് ജനാധിപത്യ ഇന്ത്യയില്‍ ഭരണകൂട വിമര്‍ശനം ഉന്നയിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തെ പോലും തടയുകയാണ്. ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധത ഏറ്റവും മാരകമായ രൂപത്തിലെത്തിയിരിക്കുന്നുവെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ വംശഹത്യയുടെ വക്കിലാണെന്നുമുള്ള നോം ചോംസ്‌കിയുടെ വിമര്‍ശനം ഇവിടെ ചേര്‍ക്കുന്നു. ഏറെ വൈകാതെ, ഹിന്ദുത്വ അജണ്ടയായ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍. ഫാസിസ്റ്റുകള്‍ക്കെന്നും ഒരേ മുഖമാണ്. അധിനിവേശകരുടെ പതിവ് പല്ലവിയായ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യവും സ്ത്രീ വിമോചനവും തന്നെയാണ് ഇവിടെയും കാരണമായി ൃഉന്നയിക്കുന്നത്. മുത്തലാഖില്‍ സംഭവിച്ചത് പോലെ യൂണിഫോം സിവില്‍ കോഡും സ്ത്രീകള്‍ക്ക് നല്ലതാണെന്ന ഇന്ത്യന്‍ 'പൊതു'വിന്റെ രാഷ്ട്രീയ അപക്വത രാജ്യത്തെ ഏകശിലാത്മകമായ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാന്‍ സഹായിക്കുകയാണ്.

കേരളീയ പശ്ചാത്തലത്തിലെ ഹിജാബ് വിവാദങ്ങള്‍

രാജ്യത്ത് ഇതിനു മുമ്പും മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം ചര്‍ച്ചാ വിഷയം ആയിട്ടുണ്ട്. മുന്‍പ് പ്രധാനമന്ത്രിയുടെ അതിഥികളായി കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് ക്ഷണിക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരെ ഹിജാബ് ധരിച്ചതിനാല്‍ പുറത്താക്കുകയുണ്ടായി. രാജ്യത്ത് ഹിജാബും ഫുള്‍സ്ലീവും നിരോധിച്ച നിരവധി കോളജുകളുണ്ട്. മതേതര കേരളത്തിന്റെ സ്ഥിതിയും മറിച്ചല്ല. കേരളത്തിലും സമാനമായി ഹിജാബും ഫുള്‍സ്ലീവും നിരോധിച്ച, വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം തടയുന്ന നിരവധി കലാലയങ്ങളുണ്ട്. ഇവയൊക്കെ തന്നെയും ആര്‍.എസ്.എസ് ബന്ധമുള്ളതോ ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളോ ആണ്. 2010 ല്‍ ആലപ്പുഴ ഗുരുപുരം ബിലിവേഴ്‌സ് ചര്‍ച്ച് സ്‌കൂളില്‍ ഹിജാബ് ധരിച്ചതിന് നവാല എന്ന വിദ്യാര്‍ഥിനിയെ ടി.സി നല്‍കി പുറത്താക്കുകയുണ്ടായി. 2014 ല്‍ ജി.ഐ.ഒ കേരള പുറത്തിറക്കിയ ശി വേല ിമാല ീള ലെരൗഹമൃശാെ എന്ന ഡോക്യുമെന്ററി പരിശോധിച്ചാല്‍ കേരളത്തിലങ്ങോളമിങ്ങോളം ഹിജാബിന്റെ പേരില്‍ സ്‌കൂളുകളില്‍ നിന്നും വിവേചനം നേരിട്ട, പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനികളുടെ തിക്താനുഭവങ്ങള്‍ കാണാന്‍ കഴിയും. മെഡിക്കല്‍ കോളജിലെ പഠനകാലത്ത് ഓപ്പറേഷന്‍ തിയേറ്ററില്‍ ധരിക്കുന്ന വസ്ത്രത്തോടൊപ്പം അതിനകത്ത് മാത്രം ഉപയോഗിക്കുന്ന (സ്റ്റെറിലിറ്റിയുടെ ഭാഗമായി) രീതിയില്‍ പോലും ഹിജാബ് ധരിക്കാന്‍ അനുവദിക്കാതിരുന്നയിടത്ത് മറ്റു മതസ്ഥര്‍ അവരുടെ മത ചിഹ്നങ്ങള്‍ ധരിച്ചു വരികയും തിയേറ്ററിനകത്ത് തന്നെ സരസ്വതി ദേവിയുടെ ഫോട്ടോ സ്ഥാപിച്ചു കൊണ്ട് പ്രാര്‍ഥനയ്ക്കുള്ള അവസരം ഒരുക്കുകയും എല്ലാ വര്‍ഷവും സര്‍ജറി ഉപകരണങ്ങള്‍ പൂജ വെക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നുമുണ്ട്.



മതേതരമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇന്നും ഹിജാബ് ധരിക്കുന്നവര്‍ അടിച്ചമര്‍ത്തപ്പെട്ടവരും ഹിജാബിന് വേണ്ടി പ്രതിഷേധം ഉയര്‍ത്തുന്നവര്‍ താലിബാനികളും ഹിജാബ് ധരിക്കാത്തവര്‍ പുരോഗമനവാദികളുമാണ്. അടിമുടി ഹിന്ദുത്വ വല്‍ക്കരിക്കപ്പെട്ട ''ഇന്ത്യയില്‍''നിന്നും ഒട്ടും വ്യത്യസ്തമല്ല കേരളീയ 'പൊതു'എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍, ഈ വാദങ്ങള്‍ അടിക്കടി ഉന്നയിക്കുന്നതും ഇസ്‌ലാമിക വസ്ത്രമായ പര്‍ദയെ ചാക്കിനോടുപമിക്കുന്നതും മുസ്‌ലിംകളെ പ്രാകൃതരായി മുദ്രകുത്തുന്നതും പുരോഗമന ഇടതുപക്ഷമാണെന്നതാണ് ഇതിലെ വിരോധാഭാസം. ഈയടുത്ത് എസ്.പി.സി യൂണിഫോമിന്റെ കൂടെ ഹിജാബും ഫുള്‍ സ്ലീവും ധരിക്കാനുള്ള റിസ നഹാന്‍ എന്ന വിദ്യാര്‍ഥിനിയുടെ ആവശ്യം കേരളത്തിന്റെ മതേതരത്വം തകരുമെന്ന പേരില്‍ തള്ളിക്കളഞ്ഞ ഇടതുപക്ഷത്തിന്റെ കപടമുഖം അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഒരു തരത്തില്‍ അത് ഇടതുപക്ഷത്തിന്റെ മാത്രമല്ല, അധികാരം നില നിര്‍ത്തുന്നതിനായി സംഘപരിവാര്‍ വിത്തു പാകിയ ഇവിടുത്തെ ഹിന്ദുത്വ പൊതുബോധ നിലത്തില്‍ വേരുറപ്പിക്കാന്‍ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പറയുക എന്നതാണ് 'മുഖ്യധാര'' രാഷ്ട്രീയ പാര്‍ട്ടികളുടെയും എക്കാലത്തെയും നിലപാട്.

ഹിജാബും പുരോഗമന ആകുലതകളും

വംശീയ അജണ്ടയുടെ ഭാഗമായി മുസ്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തലിന്റെയും പുരുഷ മേധാവിത്വത്തിന്റെയും പ്രതീകമായി വലതുപക്ഷ ഭീകരത പ്രതിഷ്ഠിക്കുമ്പോള്‍ ആ പ്രൊപഗണ്ടയില്‍ നിന്നും പുറത്ത് വരാന്‍ ഇവിടുത്തെ സെക്യുലര്‍- ലിബറല്‍-സ്ത്രീപക്ഷ വാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരേ സമയം ഹിന്ദുത്വ ഭീകരവാദികളെയും സമുദായത്തിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത പുരോഗമനവാദികളെയും പ്രതിരോധിക്കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍.

ഹിജാബിന്റെ മേല്‍ മതേതരത്വം, സ്ത്രീ വിമോചനം, ദേശ സുരക്ഷ തുടങ്ങിയ വാദങ്ങളാല്‍ ഏര്‍പ്പെടുത്തുന്ന നിരോധനത്തിലൂടെ പൊതുവിടങ്ങളില്‍ നിന്നും ഇസ്‌ലാമിക ജീവിതരീതിയെ പൂര്‍ണമായും മായ്ച്ചു കളയുക എന്ന ഹിന്ദുത്വ പ്രൊപഗണ്ട തന്നെയാണ് പുരോഗമനമെന്ന പേരില്‍ മറ്റൊരു തരത്തില്‍ ഇവിടുത്തെ സെക്യുലര്‍ ലിബറലുകള്‍ കാലാകാലങ്ങളായി മുസ്‌ലിം സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ബുര്‍ഖ ധരിക്കാത്തതിന് താലിബാന്‍ സ്ത്രീകളെ ശിക്ഷിക്കുന്ന കാലത്ത് ഇന്ത്യന്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെടുന്നത് അസംബന്ധമാണെന്നുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് കോളമിസ്റ്റ് തവ്‌ലീന്‍ സിങ്ങിന്റെ വാദവും ഹിന്ദു വലതുപക്ഷത്തിനും മുസ്‌ലിം വലതു പക്ഷത്തിനും ഇടയിലെ ചട്ടുകമാവാന്‍ താന്‍ വിസമ്മതിക്കുന്നു എന്ന ശബ്‌നം ഹാഷ്മിയുടെ ട്വീറ്റുമൊക്കെ ഇത്തരം ലിബറല്‍ ആകുലതകളില്‍ നിന്നുള്ളതാണ്. മതത്തിന് പുറത്തു പോയ സ്ത്രീകള്‍ക്ക് ഇരിപ്പിടം നല്‍കുന്ന വേദികള്‍ ഇതേ സെക്യുലര്‍ ലിബറലുകള്‍ വിശ്വാസിയായ മുസ്‌ലിം സ്ത്രീകള്‍ക്ക് നിഷേധിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. മാത്രമല്ല വിശ്വാസിയായ മുസ്‌ലിം സ്ത്രീയെ സ്വയം പ്രാപ്തിയില്ലാത്ത അല്‍പ ബുദ്ധികളായാണ് അവര്‍ കണക്കാക്കുന്നതും. പര്‍ജയില്‍ നിന്നും മുസ്‌ലിം സ്ത്രീയെ പുറത്തുചാടിക്കാന്‍ തുനിഞ്ഞിറങ്ങിയ പുരോഗമനവാദികള്‍ മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്ക് നേരെയുള്ള സംഘപരിവാറിന്റെ സുള്ളിഡീല്‍, ബുള്ളി ഭായ് തുടങ്ങിയ വെര്‍ച്വല്‍ റേപ്പുകള്‍, മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയുള്ള മറ്റു ആക്രമണങ്ങള്‍ തുടങ്ങിയവയില്‍ കുറ്റകരമായ മൗനമാണ് പുലര്‍ത്തിയിട്ടുള്ളത് എന്നും ശ്രദ്ധേയമാണ്.

ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളില്‍ പഠിച്ചിരുന്ന ലേഖികയുടെ സുഹൃത്തിനെ ഹിജാബ് ധരിച്ചതു കൊണ്ട് കാണാന്‍ പിശാചിനെ പോലെയുണ്ട് എന്ന് തല മറച്ച ഒരു കന്യാസ്ത്രീ പറഞ്ഞതില്‍ ആര്‍ക്കും അസ്വാഭാവികത തോന്നാതിരുന്നത് മുസ്‌ലിം അപരവല്‍ക്കരണം ഇവിടെ അത്രമേല്‍ നോര്‍മലൈസ് ചെയ്യപ്പെട്ടതു കൊണ്ടാണ്.



കര്‍ണാടകയില്‍ ജയ് ശ്രീറാം എന്ന് ആക്രോശിച്ചു കൊണ്ട് തനിക്ക് നേരെ പാഞ്ഞടുക്കുന്ന ഹിന്ദുത്വ ഭീകരര്‍ക്ക് മുമ്പില്‍ അല്ലാഹു അക്ബര്‍ വിളിച്ചു കൊണ്ട് പ്രതിരോധം തീര്‍ത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മുസ്‌കാന്‍ എന്ന പെണ്‍കുട്ടി ഇവിടെ ഏറെ വിമര്‍ശിക്കപ്പെട്ടതും ചോദ്യം ചെയ്യപ്പെട്ടതും അല്ലാഹു അക്ബര്‍ എന്ന് വിളിച്ചത് കൊണ്ടാണ്. സംഘ് പരിവാറിനെ എന്തിന് പ്രകോപിച്ചു/പ്രകോപിപ്പിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ്. എന്ത്‌കൊണ്ട് മതേതര മുദ്രാവാക്യം വിളിച്ചില്ല എന്നതിന്റെ പേരിലാണ്. അതേ രീതിയില്‍ മുമ്പ് പൗരത്വ പ്രക്ഷോഭത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് മുദ്രാവാക്യം മുഴക്കിയ ലദീദയുടെയും റെന്നയുടെയും 'മതേതര' ബോധവും ഇതേരീതിയില്‍ ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ടിട്ടുണ്ട്.

അടിമുടി മുസ്‌ലിം വിരുദ്ധമായ ഈ കാലഘട്ടത്തില്‍ ഓരോ മുസ്‌ലിമും ആള്‍ക്കൂട്ടത്താല്‍ കൊല്ലപ്പെടേണ്ടവരാണെന്നുള്ള വെറുപ്പും വിദ്വേഷവും പടര്‍ത്തി ഭരണകൂടം വംശഹത്യകള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സാഹചര്യത്തില്‍ നില നില്‍പ്പിന് വേണ്ടി പ്രതിരോധം തീര്‍ക്കുന്ന ഒരു സമുദായത്തെ ഏത് തരത്തില്‍ പ്രതിഷേധിക്കണമെന്നും അവിടെ മുഴക്കേണ്ട മുദ്രാവാക്യങ്ങള്‍ എന്തായിരിക്കണമെന്നും പഠിപ്പിക്കുകയാണ് സോ കോള്‍ഡ് സെക്യുലര്‍ ലിബറലുകള്‍. വിയറ്റ്നാം യുദ്ധത്തില്‍ നിക്ക് ഉട്ട് പകര്‍ത്തിയ ഒരു ചിത്രമുണ്ട് (അദ്ധേഹത്തിന് പുലിസ്റ്റര്‍ നേടിക്കൊടുത്ത) നാപ്പാം ബോംബേറില്‍ പൊള്ളലേറ്റ് വിവസ്ത്രയായി ഓടുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. ജീവന് വേണ്ടി പായുന്നതിനിടയില്‍ ആ പെണ്‍കുട്ടിയോട് 'ഹേ പെണ്‍കുട്ടി, നീയിങ്ങനെ വിവസ്ത്രയായി ഓടരുത്. അത് സംസ്‌കാരത്തിനെതിരാണെന്ന്' പറഞ്ഞാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.

ധരിക്കുന്ന വസ്ത്രവും പേറുന്ന രാഷ്ട്രീയവും മുഴക്കുന്ന മുദ്രാവാക്യങ്ങളുമെല്ലാം 'പൊതു' ആയിരിക്കണമെന്നുളത് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ഒരു അധിക ബാധ്യതയാണ്. ഇതേ സമയം സമുദായത്തിന്റെ രക്ഷകര്‍തൃത്വം ചമയുന്നവരുടെ രാഷ്ട്രീയ സമവാക്യം ന്യൂനപക്ഷ വര്‍ഗീയത=ഭൂരിപക്ഷ വര്‍ഗീയത എന്നതാണ്. മൂല കാരണം മനസ്സിലാക്കാതെ നിബന്ധനകള്‍ വെച്ചുകൊണ്ടുള്ള ഐക്യദാര്‍ഢ്യമാണ് ഇവര്‍ പ്രകടിപ്പിക്കുന്നതും. അതുകൊണ്ടാണ് ഹലാല്‍ വിവാദത്തെ ഭക്ഷണ സ്വാതന്ത്ര്യം തടയുന്നതായും ഹിജാബ് നിരോധനത്തെ വസ്ത്ര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും മേലെയുള്ള കടന്നുകയറ്റമായുമൊക്കെ ഒതുക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നതും..



ജുഡീഷ്യറിയുടെ മതവും മതേതരത്വവും

ഒരു ചോയ്‌സ് എന്നതിലപ്പുറം ഇസ്‌ലാമില്‍ നിര്‍ബന്ധമായ ഒന്നാണ് ഹിജാബ്. വിശ്വാസികളായ മുസ്‌ലിം സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണമെന്നിരിക്കേ ഹിജാബ് ഇസ്‌ലാമിലെ എസന്‍ഷ്യല്‍ പ്രാക്ടീസല്ലായെന്ന കര്‍ണാടക ഹൈക്കോടതിയുടെ വിചിത്രമായ വിധിക്കെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കുട്ടികള്‍ക്ക് പരീക്ഷയാണെന്നും അവരെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല എന്നും വിഷയം വേഗത്തില്‍ പരിഗണിക്കണമെന്നും അഭിഭാഷകന്‍ ദേവ്ദത്ത് കാമത്ത് ആവശ്യപ്പെട്ടപ്പോള്‍ പരീക്ഷ ഇതില്‍ വിഷയമല്ലെന്നും ഹരജി അടിയന്തിരമായി പരിഗണിക്കില്ലെന്നും വിഷയത്തെ സെന്‍സിറ്റീവ് ആക്കരുതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് രമണയുടെ മറുപടി.

ഇന്ത്യന്‍ കോടതികള്‍ ജുഡീഷ്യല്‍ കര്‍സേവ നടത്തുന്നത് ഇതാദ്യമല്ല. ഭരണഘടന മാറ്റിവെച്ചു കൊണ്ട് വേദങ്ങളും ഉപനിഷത്തുകളും അടിസ്ഥാനമാക്കി വിധി പറയുന്ന ജനാധിപത്യ ഇന്ത്യയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ബാബരി പോലെയുള്ള വിചിത്രമായ വിധികള്‍ക്ക് നാം മുമ്പും സാക്ഷിയായിട്ടുണ്ട്. നീതിയും ന്യായവും വിധിക്കേണ്ട ജുഡീഷ്യറിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ മുസ്‌ലിം വിരുദ്ധ-ഹിന്ദുത്വ മനോഭാവം അത്യന്തം അപകടകരമാണ്. ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഭരണഘടന തങ്ങള്‍ക്കനുവദിച്ച മൗലിക അവകാശങ്ങള്‍ക്കായി കോടതിയെ സമീപിച്ച വിദ്യാര്‍ഥിനികളെയും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തെയും മഹത്തായ ഇന്ത്യന്‍ ഭരണഘടനയെയും വെല്ലുവിളിക്കുന്നതായിരുന്നു കോടതി വിധി.

കര്‍ണാടകയിലെ ഹിജാബ് നിരോധനം ആദ്യമായി സുപ്രീംകോടതിക്ക് മുമ്പില്‍ വന്നപ്പോള്‍ 'ഹോളി'യുടെ അവധിക്ക് ശേഷം വിധി പറയുന്നതിനായി ചീഫ് ജസ്റ്റിസ് കേസ് മാറ്റി വെച്ചിരുന്നു. മതേതരമായ ഹോളിക്ക് ശേഷം വന്ന വിധി, ഹിജാബും പരീക്ഷയും തമ്മില്‍ ബന്ധമില്ലെന്നും വിഷയം സെന്‍സിറ്റീവ് ആക്കരുതെന്നുമാണ്. കര്‍ണാടകയില്‍ ഹിജാബ് നിരോധിച്ച അതേ സമയമാണ് സിക്ക് മത വംശജര്‍ക്ക് എയര്‍പ്പോര്‍ട്ടിലും മറ്റിടങ്ങളിലും തങ്ങളുടെ മതാചാരമായ കൃപാണ്‍ എന്ന കത്തി ധരിക്കാന്‍ അനുവദിച്ചുള്ള കോടതി വിധി വരുന്നതും. എല്ലാവരുടെയും മതാചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. എങ്കിലും പൊതുവിടങ്ങളില്‍ കത്തി പോലെയുള്ള ആയുധങ്ങള്‍ കാണിക്കാത്ത എന്ത് സുരക്ഷ ഭീഷണിയാണ് ഒരു കഷ്ണം തുണി പ്രകടിപ്പിക്കുന്നത്? റിപ്പബ്ലിക് ദിന പരേഡുകള്‍ പോലും പുരാണ കഥാപാത്രങ്ങള്‍ കയ്യേറിയ പ്രത്യേക തരം ജനാധിപത്യ വ്യവസ്ഥയിലിരുന്നു കൊണ്ടാണ് ഇത് ചോദിക്കേണ്ടി വരുന്നതും.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ മൗനം പാലിക്കാന്‍ യഹോവ സാക്ഷികള്‍ക്ക് അനുമതി നല്‍കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ചരിത്രത്തിലുണ്ട് (ബിജോ ഇമ്മാനുവല്‍ കേസ് 1986) അതുപോലെ മറ്റു പല കേസുകളിലും ഇന്നും ബാധകമാകാത്ത മതേതരത്വം മുസ്‌ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണ് ഇന്ത്യയിലുള്ളത്. പൊതുവിടങ്ങളില്‍ പൊട്ടിനോ ബിന്ദിക്കോ ടര്‍ബനോ ളോഹയ്‌ക്കോ (നിലവില്‍) പൂണൂലിനോ ബാധകമാകാത്ത എന്തോ ഒന്ന് ഹിജാബിനുമേല്‍ അവര്‍ സ്ഥാപിച്ചിരിക്കുന്നു.

ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിക്കാനുള്ള അവകാശങ്ങളെ എല്ലാത്തരത്തിലും റദ്ദ് ചെയ്തു കൊണ്ട് കോടതികളും ഇവിടുത്തെ പുരോഗമന പൊതുവിടവും അവരോട് പറയുന്നത് നിങ്ങള്‍ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നാണ്.

റോഡുകളും പാലങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളുമൊക്കെ ഭൂരിപക്ഷ ആചാര പ്രകാരം ഉദ്ഘാടിക്കുന്ന, ശബരിമലയില്‍ മതാടിസ്ഥാനത്തില്‍ പൊലീസ് യൂണിഫോം മാറ്റി ധരിക്കാന്‍ അനുവാദമുള്ള കേരളത്തില്‍, ഒരു വിദ്യാര്‍ഥിനി തന്റെ യൂണിഫോമിനൊപ്പം ധരിക്കുന്ന ഹിജാബ് മതേതരത്വം തകര്‍ക്കുന്നതാണെന്ന ഇടത് ഭാഷ്യം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സെക്കുലറിസത്തില്‍ 'യൂണിഫോം' എന്ന ആശയം കൊണ്ടാണ് കോടതി ഹിജാബ് നിരോധനത്തെ ശരി വെക്കുന്നത്. എങ്ങനെയാണ് മതവിശ്വാസത്തെ മതത്തിന്റെ നിര്‍ബന്ധിത ആചാരങ്ങളെ മതേതര കോടതി നിര്‍വചിക്കുന്നത്/നിര്‍ണ്ണയിക്കുന്നത്?

ഹിജാബ് മുസ്‌ലിം സ്ത്രീയുടെ അവകാശവും ആത്മാഭിമാനവുമാണ്. ആര്‍ക്കും മുമ്പിലും തന്റെ മത വിശ്വാസം അടിയറവ് വെക്കില്ല എന്നത് മുസ്‌ലിമിനെ സംബന്ധിച്ച് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത്തരത്തില്‍ ഒരു വിശ്വാസിയുടെ മതപരമായ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നതാണ് ജനാധിപത്യം. എന്നാല്‍, ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് പരമോന്നത കോടതികളും ഹിന്ദുത്വ നീതി വിധിക്കുമ്പോള്‍ അതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങുക എന്നതാണ് നിലവിലെ സന്ദര്‍ഭങ്ങള്‍ വ്യക്തമാക്കുന്നത്. ഹിജാബ് നിരോധനം കേവലം വസ്ത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കാതെ രാഷ്ട്രീയ ബോധത്തെ കൃത്യപ്പെടുത്തിക്കൊാകണം സംഘ് പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍.

TAGS :