Quantcast
MediaOne Logo

പി.ബി.എം ഫര്‍മീസ്

Published: 13 April 2024 7:08 AM GMT

ഗ്യാന്‍വാപിയിലെ ഇഫ്ത്വാര്‍

പള്ളിക്കകത്ത് മുസ്വല്ലക്ക് മുകളില്‍ സുപ്ര വിരിച്ച് എല്ലാവരും നിരയായി ഇരുന്നു. പള്ളി കമ്മിറ്റി പ്രത്യേകിച്ച് വിഭവങ്ങളൊന്നും കരുതിയിട്ടില്ല. എന്നാല്‍, ഏതാണ്ട് എല്ലാവരും പലതരം വിഭവങ്ങളുമായാണ് വന്നത്. അവര്‍ മറ്റുള്ളവരുടെ മുന്നിലേക്ക് ഓരോന്നും നീക്കിവച്ചു. മറ്റുള്ളവരുടെ വയറും മനസ്സും നിറക്കാന്‍ പരസ്പരം മത്സരിച്ചു. ഗ്യാന്‍വാപി മസ്ജിദിലെ ഇഫ്ത്വാര്‍ അനുഭവം പങ്കുവെക്കുന്നു.

ഗ്യാന്‍വാപിയിലെ ഇഫ്ത്വാര്‍
X

കൊല്‍ക്കത്തയില്‍ നിന്ന് വാരാണസിയിലേക്കുള്ള ട്രെയിന്‍ ഇറങ്ങുന്നത് മുഗള്‍സാരായ് സ്റ്റേഷനിലാണ്. 1862 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച പ്രധാന സ്റ്റേഷനാണ് മുഗള്‍ സാരായ്. ഹിന്ദുത്വവത്കരണത്തിന്റെ ഭാഗമായി ആദിത്യനാഥ് സര്‍ക്കാര്‍ 2018 ല്‍ സ്റ്റേഷന് പിടി ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. 1968ല്‍ ഇതേ സ്റ്റേഷനിലാണ് ദീന്‍ ദയാല്‍ ഉപാധ്യായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഘ്പരിവാര്‍ സൈദ്ധാന്തികന്റെ പേര് നല്‍കിയ സ്റ്റേഷനില്‍ നിന്നാന്ന് ബാബരിയാനന്തര ഗ്യാന്‍വാപിയിലേക്ക് ഇഫ്ത്വാറിന് പോവുന്നത്. സ്റ്റേഷനില്‍ നിന്നിറങ്ങിയ ഉടന്‍ ഗ്യാന്‍വാപിയിലേക്കുള്ള ദൂരമറിയാന്‍ ഗൂഗിള്‍ മാപ് നോക്കി. ഗ്യാന്‍വാപി പള്ളിയില്ല; പകരം ഗ്യാന്‍വാപി അമ്പലമെന്ന് ഗൂഗിളില്‍ വിക്കിപീഡിയന്‍മാര്‍ ഇതിനകം തന്നെ പേര് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഗ്യാന്‍വാപി പള്ളിക്ക് സമീപത്തെ സൈന്‍ ബോര്‍ഡില്‍ ഹിന്ദുത്വ വാദികള്‍ ടെമ്പിള്‍ എന്ന് സ്റ്റിക്കര്‍ പതിച്ചത് വാര്‍ത്തയായിരുന്നു. ആ ബോര്‍ഡ് കാണാന്‍ പോയെങ്കിലും ബോര്‍ഡിലെ പേര് പഴയ രൂപത്തിലാക്കുന്നതിന് പകരം മുന്‍സിപ്പാലിറ്റി ബോര്‍ഡ് തന്നെ എടുത്ത് മാറ്റിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പഞ്ചഗംഗ ഘാട്ടിലേക്ക് പടികളുള്ള വലിയ മിനാരത്തോട് കൂടിയ ആലംഗീര്‍ മസ്ജിദ് ആര്‍ക്കിയോളജി സര്‍വേയുടെ നിയന്ത്രണത്തിലാണ്. മുഗള്‍ വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന പള്ളിയുടെ ഒരു മിനാരം മുമ്പ് ഒരു പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. എ.എസ്.ഐയുടെ നിയന്ത്രണത്തിലുള്ള പള്ളി സംരക്ഷിക്കാനോ ഭംഗി പിടിപ്പിക്കാനോ യാതൊരു നടപടിയുമില്ല എന്ന് മുഅദ്ദിന്‍ പറഞ്ഞു.

മുഗള്‍സാരായില്‍ നിന്ന് 15 കി.മീ ദൂരത്തുള്ള വാരാണസിയിലേക്ക് ഷെയര്‍ ഓട്ടോയിലാണ് യാത്ര. ഞങ്ങള്‍ ഏഴുപേരെ കൂടാതെ പെട്ടി ഓട്ടോയില്‍ ഡ്രൈവറുടെ സഹായി കൂടെയുണ്ട്. കാശി വികസന പദ്ധതിയുടെ ഭാഗമായി റോഡുകള്‍ നാലുവരിയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പണിതീരാത്ത റോഡിലൂടെ പൊടിപടലങ്ങള്‍ പറത്തിയാണ് റിക്ഷയുടെ സഞ്ചാരം. ഗംഗാനദിയുടെ കുറുകെയുള്ള പാലത്തിലെത്തിയാല്‍ വാരാണസിയുടെ ഫ്രെയിം കാണാം. വിവിധ ഘാട്ടുകളിലെ സ്റ്റെപ്പുകളും പിന്നിലെ കെട്ടിടങ്ങളും ചേര്‍ന്ന മനോഹര ഫ്രെയിം.

നഗര ഹൃദയമായ മൈദാഗിനില്‍ ഞങ്ങള്‍ ഓട്ടോ ഇറങ്ങി. ഇനിയങ്ങോട്ട് ഇടുങ്ങിയതും, തിരക്ക് പിടിച്ചതുമായ ഗല്ലികളാണ്. ഇഫ്ത്വാറിന് ഗ്യാന്‍വാപിയിലെത്തണം. അതിന് മുമ്പ് പുരാതനമായ ചില പള്ളികള്‍ സന്ദര്‍ശിക്കണമെന്നുണ്ട്. മുപ്പത് ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന വാരാണസി നഗരത്തില്‍ 270 ലധികം പള്ളികളുണ്ടെന്നാണ് കണക്ക്. അവയില്‍ ഗ്യാന്‍വാപിക്ക് പുറമേ സംഘ്പരിവാര്‍ അവകാശവാദമുന്നയിക്കുന്ന പള്ളിയാണ് പഞ്ചഗംഗ ഘാട്ടിന് മുകളിലുള്ള ആലംഗീര്‍ മസ്ജിദ്. 1673 ല്‍ ഔറംഗസീബിന്റെ നേതൃത്വത്തില്‍ ബിന്ദു മാധവ് ക്ഷേത്രം തകര്‍ത്താണ് ആലംഗീര്‍ മസ്ജിദ് സ്ഥാപിച്ചതെന്നാണ് വലതുപക്ഷ ചരിത്രാഖ്യാനം. നടന്ന് മാത്രം പോകാനാവുന്ന ഇടുങ്ങിയ വഴികളിലൂടെ മസ്ജിദ് അന്വേഷിച്ച് നടന്നു. വഴിനീളെ ചെറിയ ക്ഷേത്രങ്ങളും, വീടുകളും ധാരാളമുണ്ട്. തിരക്ക് പിടിച്ച നടപ്പാതകള്‍ക്കിടയില്‍ പ്രദേശവാസികളുടെ ഇരുചക്ര വാഹനങ്ങളും ഇടക്കിടെ പോവുന്നുണ്ട്. കയറുകളില്‍ ബന്ധിക്കാത്ത പശുക്കളും, തെരുവ് നായകളും പലയിടത്തായി അലയുന്നത് കാണാം. ഗൂഗിള്‍ മാപ്പിലെ വഴികാട്ടല്‍ ഇടക്ക് വിപരീത ദിശകാണിക്കും; അപ്പോഴൊക്കെയും നാട്ടുകാരോട് ചോദിക്കും. പലര്‍ക്കും ആലംഗീര്‍ മസ്ജിദ് എന്ന് പറഞ്ഞപ്പോള്‍ മനസ്സിലായില്ല. കുറച്ചധികം പേര്‍ കൈമലര്‍ത്തിയപ്പോള്‍ മൊബൈലില്‍ ഫോട്ടോ കാണിച്ച് കൊടുത്തു. ഫോട്ടോ കണ്ടപ്പോള്‍ അവര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാര്‍ക്കിടയില്‍ ഇത് ദരാറ മസ്ജിദാണ്. വാരണസിയിലെ സുഹൃത്ത് നഖീബ് ആലമിനെ ഐറ്റിനറി കണ്‍സള്‍ട്ടിങ്ങിന് വിളിച്ചപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു; മറന്നതാണ്.


ആലംഗീര്‍ മസ്ജിദിന് മുന്നില്‍ യാത്രാ സംഘം

പ്രദേശവാസികള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ പോയപ്പോള്‍ ഗംഗ തീരത്തെ മനോഹരമായ പള്ളിയിലെത്തി. ഗംഗയുടെ തീരത്ത് പ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന പള്ളി വാരാണസിയുടെ ഒരു കാലത്തെ മുഖമുദ്രകളിലൊന്ന് കൂടിയാണ്. മൂന്ന് കമാനങ്ങളുള്ള പ്രധാന കെട്ടിടം, മുന്‍ഭാഗത്ത് വിശാലമായ നടുമുറ്റം, മധ്യത്തില്‍ വുദുഖാന എന്നിവ ഉള്‍കൊള്ളുന്നതാണ് സമുച്ചയം. പഞ്ചഗംഗ ഘാട്ടിലേക്ക് പടികളുള്ള വലിയ മിനാരത്തോട് കൂടിയ ആലംഗീര്‍ മസ്ജിദ് ആര്‍ക്കിയോളജി സര്‍വേയുടെ നിയന്ത്രണത്തിലാണ്. മുഗള്‍ വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന പള്ളിയുടെ ഒരു മിനാരം മുമ്പ് ഒരു പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. എ.എസ്.ഐയുടെ നിയന്ത്രണത്തിലുള്ള പള്ളി സംരക്ഷിക്കാനോ ഭംഗി പിടിപ്പിക്കാനോ യാതൊരു നടപടിയുമില്ല എന്ന് മുഅദ്ദിന്‍ പറഞ്ഞു. സ്വാഭാവിക തകര്‍ച്ച സംഭവിക്കുമാറുള്ള അവഗണനയാണ് ആലംഗീര്‍ പള്ളിയോട് അധികൃതര്‍ കാണിക്കുന്നത്. സംഘ്പരിവാറിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള പള്ളി കൂടെ ആയതിനാല്‍ സ്വാഭാവികമല്ലാത്ത തകര്‍ച്ചയും തള്ളിക്കളയാനാവില്ല. അഞ്ച് നേരവും ജമാഅത്ത് നിസ്‌കാരം നടക്കുന്നുണ്ട്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയ അല്ലാത്തതിനാല്‍ പള്ളി നിറയാറില്ല. എങ്കിലും, സമീപത്തുള്ള കുറച്ച് യുവാക്കള്‍ ഇഫ്ത്വാറിന് എത്തിയിട്ടുണ്ട്. മിക്കവരുടെയും കൈവശം ഭക്ഷണപ്പൊതികളുണ്ട്. അവര്‍ വട്ടം കൂടിയിരുന്ന് ഇഫ്ത്വാറിന് സുപ്ര വിരിച്ച് തുടങ്ങി. ഇഫ്ത്വാറിന് പ്രദേശവാസികള്‍ ക്ഷണിച്ചുവെങ്കിലും ഗ്യാന്‍വാപിയിലെത്തണമെന്ന ആഗ്രഹത്താല്‍ ഞങ്ങള്‍ അവിടം വിട്ടു.

ഹിന്ദുത്വവാദികളുടെ അവകാശവാദത്തെ മാനിച്ച് കോടതി നിര്‍ദേശ പ്രകാരം എ.എസ്.ഐ ഖനനം ആരംഭിച്ച വുദുഖാന ഗ്രില്ല് വെച്ച് അടച്ചിട്ടുണ്ട്. പള്ളിയുടെ ഭാഗമായുള്ള നടുമുറ്റത്തെ താഴ്ഭാഗത്താണ് കോടതിയുടെ അനുവാദപ്രകാരമുള്ള പൂജ നടക്കുന്നത്. പൂജയുടെ ശബ്ദങ്ങള്‍ പള്ളിക്കകത്ത് കേള്‍ക്കാം. പള്ളിയോട് ഒട്ടിനില്‍ക്കുന്ന ക്ഷേത്ര കെട്ടിടത്തില്‍ നന്ദി വിഗ്രഹ പൂജ അടുത്തായി കാണാം. അതിന് നേര്‍ എതിര്‍വശത്തെ പള്ളിയുടെ നിലവറയിലാണ് പൂജ നടക്കുന്നത്.

ഇടുങ്ങിയ ഇടനാഴികളിലൂടെ കുറച്ചധികം നടന്നാല്‍ തിരക്കേറിയ ചൗക്കിലെത്തും. ദാല്‍മാണ്ടി മാര്‍ക്കറ്റിലോ, നായ്‌സാരക് മാര്‍ക്കറ്റിലോ ഉള്ള പള്ളികളില്‍ നിന്ന് ഇഫ്ത്വാറിന് കൂടാനാണ് നാട്ടുകാരനായ രാജുനദീം പറഞ്ഞത്. പ്രദേശവാസികളല്ലാത്തതിനാല്‍ ഗ്യാന്‍വാപിയിലെ ഇഫ്ത്വാറിന് ചിലപ്പോള്‍ പൊലീസ് പ്രവേശനം തടഞ്ഞേക്കാമെന്ന് അദ്ധേഹം പറഞ്ഞു. എന്നാല്‍, ഗ്യാന്‍വാപി സംരക്ഷണ കമ്മിറ്റി പ്രവര്‍ത്തകനായ സാക്കിര്‍ ഭായ് ഇഫ്താറിന് തടസ്സമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും പ്ലാന്‍ മാറ്റി. ഗ്യാന്‍വാപിയിലേക്ക് മൊബെല്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പ്രവേശനമില്ല. പുസ്തകമോ, ബാഗോ അനുവദിക്കില്ല. ഫോട്ടോക്ക് അനുവാദമില്ല. അതുകൊണ്ട് തന്നെ രേഖപ്പെടുത്താന്‍ ഒന്നുമില്ലാതെയാണ് പ്രവേശിക്കുന്നത്.

കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഉയരത്തിലുള്ള ചുറ്റുമതിലിനുള്ളിലാണ് ഗ്യാന്‍വാപി പള്ളിയുള്ളത്. ഒറ്റനോട്ടത്തില്‍ പുറത്ത് നിന്ന് കാണാനാവാത്ത രീതിയില്‍ ചുറ്റും മതിലുകളുയര്‍ന്നിട്ടുണ്ട്. ചുറ്റും ഒരാള്‍ക്ക് നില്‍ക്കാന്‍ പോലും സ്ഥലം വെക്കാതെയുള്ള 20 അടി വലുപ്പമുള്ള ഇരുമ്പ് അഴികളാല്‍ പള്ളി ഇടുങ്ങിയമര്‍ന്നിട്ടുണ്ട്. പള്ളിയുടെ മൂന്ന് ഭാഗങ്ങളിലേയും പ്രവേശനവും, കാഴ്ചയും തടസ്സപ്പെടുത്തുന്ന രീതിയില്‍ വലിയ ക്ഷേത്ര കവാടവുമുയര്‍ന്നിട്ടുണ്ട്. 2019 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച ക്ഷേത്ര വികസന പദ്ധതിയുടെ ഭാഗമായാണ് കൂറ്റന്‍ ഇടനാഴികളും കവാടങ്ങളും നിര്‍മിച്ചത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ക്ഷേത്ര പരിസരത്തെ അഞ്ഞൂറോളം വീടുകള്‍ ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വാങ്ങി അവരെ കുടിയൊഴിപ്പിച്ചാണ് ഇവ്വിധമുള്ള 'വികസന' പ്രവൃത്തി നടത്തിയത്. രണ്ടിലധികം സ്ഥലങ്ങളില്‍ ദേഹപരിശോധന നടത്തിയാണ് പ്രാര്‍ഥനക്ക് അകത്ത് കയറ്റി വിടുന്നത്.


ഗ്യാന്‍വാപി മസ്ജിദിന്റെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ആകാശ കാഴ്ച -2021 ല്‍. ഫോട്ടോ കടപ്പാട്: രാജേഷ് കുമാര്‍ സിംഗ്/എ.പി

ക്ഷേത്ര കവാടത്തിലെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് പള്ളിയുടെ സ്റ്റെപ്പുകള്‍ കയറിയാല്‍ ഉയരത്തിലുള്ള പള്ളിയുടെ നടുമുറ്റത്ത് എത്തും. മുഗള്‍ നിര്‍മാണ ശൈലിയിലെ മൂന്ന് കമാനങ്ങളുള്ള വലിയ കെട്ടിടം. മൂന്ന് കമാനങ്ങള്‍ക്കും മുകളില്‍ മൂന്ന് താഴികക്കുടങ്ങള്‍. പള്ളിക്കകത്ത് പത്തോളം വരികളില്‍ നിസ്‌കരിക്കാനുള്ള സ്ഥലസൗകര്യമുണ്ട്. നടുക്കളത്തിന്റെ ഒരു ഭാഗത്ത് സുരക്ഷാസേനയുടെ ക്യാമ്പാണ്. മറ്റൊരു ഭാഗത്ത് ഉയരത്തില്‍ വാച്ച്ടവറും സ്ഥാപിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഗങ്ങളില്‍ ആയുധധാരികളായ പൊലീസുകാര്‍ മുഴുസമയവും കാവലുമുണ്ട്. ഹിന്ദുത്വവാദികളുടെ അവകാശവാദത്തെ മാനിച്ച് കോടതി നിര്‍ദേശ പ്രകാരം എ.എസ്.ഐ ഖനനം ആരംഭിച്ച വുദുഖാന ഗ്രില്ല് വെച്ച് അടച്ചിട്ടുണ്ട്. പള്ളിയുടെ ഭാഗമായുള്ള നടുമുറ്റത്തെ താഴ്ഭാഗത്താണ് കോടതിയുടെ അനുവാദപ്രകാരമുള്ള പൂജ നടക്കുന്നത്. പൂജയുടെ ശബ്ദങ്ങള്‍ പള്ളിക്കകത്ത് കേള്‍ക്കാം. പള്ളിയോട് ഒട്ടിനില്‍ക്കുന്ന ക്ഷേത്ര കെട്ടിടത്തില്‍ നന്ദി വിഗ്രഹ പൂജ അടുത്തായി കാണാം. അതിന് നേര്‍ എതിര്‍വശത്തെ പള്ളിയുടെ നിലവറയിലാണ് പൂജ നടക്കുന്നത്. ഒരു കൗതുകത്തിന് പൂജ നടക്കുന്ന ഭാഗത്തേക്ക് നടന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ചിലര്‍ ഞങ്ങളെ കണ്ട ഉടന്‍ ഉച്ചത്തില്‍ മന്ത്രം മുഴക്കി തുടങ്ങി. ഉടനെ സുരക്ഷാ സേന ഞങ്ങളെ മാറ്റിനിര്‍ത്തി.


ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ തെക്കന്‍ നിലവറയില്‍ പൂജ നടത്തുന്നു. (ഫോട്ടോ: പി.ടി.ഐ)

ചെറിയ ബഹളവും, പ്രദേശവാസികളല്ലാത്ത ഞങ്ങളെയും കണ്ടപ്പോള്‍ മുഅദ്ദിന്‍ പുറത്തേക്ക് വന്നു. നാട്ടുകാരും കൂടി. അവര്‍ നാട്ടിലുണ്ടായ മാറ്റങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. ' ഞങ്ങളിലെ നാട്ടുകാരില്‍ ഭൂരിഭാഗം പേരും നല്ല സഹവര്‍ത്തിത്തമാണ്' - മതവിദ്വേഷമില്ലാതെ വിനിമയം നടത്തുന്നതിനെക്കുറിച്ച് അവര്‍ വാചാലരായി. ബനാറസിലെ പരമ്പരാഗത സാരി നിര്‍മാതാക്കളിലെ ഏതാണ്ട് നൂറ് ശതമാനവും മുസ്‌ലിംകളാണ്. വിപണിയില്‍ അത് കച്ചവടം ചെയ്യുന്നവര്‍ ഹിന്ദു വിഭാഗക്കാരും. സാമൂഹിക ഘടന തന്നെ താറുമാറാവുന്ന തരത്തില്‍ പ്രാദേശിക സമൂഹം ഒരു ഏറ്റുമുട്ടലിലേക്ക് പോവേണ്ട സാഹചര്യമില്ല എന്നത് വ്യക്തമാണ്. ഹിന്ദുത്വ വംശീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്തുന്നവരുടെ സാന്നിധ്യത്തെക്കുറിച്ചും അവര്‍ ജാഗ്രത്താണ്. ബാബരി സംഭവിക്കാതിരിക്കാനാണ് അവര്‍ നിയന്ത്രണങ്ങളിലും ഗ്യാന്‍വാപിയില്‍ ജമാഅത്തിനെത്തുന്നത്.

അന്ന് ഗ്യാന്‍വാപി സമൂഹ നോമ്പുതുറയായിരുന്നു; എന്നാല്‍, ആദിത്യനാഥ് അന്ന് വാരണസിയിലുണ്ട്. അതിനാല്‍ അവസാന നിമിഷം സമൂഹ നോമ്പ് തുറക്കുള്ള അനുമതി ഭരണകൂടം റദ്ദ് ചെയ്തു. തൊട്ടടുത്ത ദിവസം നടത്തുമെന്ന് അന്നത്തെ ഇഫ്ത്വാര്‍ തുടങ്ങും മുമ്പ് സംഘാടകര്‍ വിളിച്ച് പറയുന്നുണ്ട്. സാധാരണ നമസ്‌കാരത്തിന് എത്തുന്ന ഏതാനും പേര്‍ മാത്രമാണ് ഇഫ്ത്വാറിനെത്തിയത്. സമൂഹ നോമ്പുതുറ മാറ്റിയതറിയാതെ വന്ന കുറച്ചുപേര്‍ വേറെയുമുണ്ട്. പള്ളിക്കകത്ത് മുസ്വല്ലക്ക് മുകളില്‍ സുപ്ര വിരിച്ച് എല്ലാവരും നിരയായി ഇരുന്നു. പള്ളി കമ്മിറ്റി പ്രത്യേകിച്ച് വിഭവങ്ങളൊന്നും കരുതിയിട്ടില്ല. എന്നാല്‍, ഏതാണ്ട് എല്ലാവരും പലതരം വിഭവങ്ങളുമായാണ് വന്നത്. അവര്‍ മറ്റുള്ളവരുടെ മുന്നിലേക്ക് ഓരോന്നും നീക്കിവച്ചു. മറ്റുള്ളവരുടെ വയറും മനസ്സും നിറക്കാന്‍ പരസ്പരം മത്സരിച്ചു. മുതിര്‍ന്നവര്‍ വാത്സല്യത്തോടെ ഞങ്ങളെ നിര്‍ബന്ധിച്ചു. ചെറുപ്പക്കാര്‍ വിനയാന്വിതരായി സല്‍കരിച്ചു. പള്ളിയുടെ ടാങ്കില്‍ നിന്ന് കിണ്ടിയില്‍ നിറച്ച കുടിവെള്ളം കൊണ്ട് അവര്‍ പരസ്പരം ദാഹമകറ്റി. കട്ട് ഫ്രൂട്ടുകളും പലരായി കൊണ്ടുവന്ന വിവിധ പലഹാരങ്ങളും അല്‍പം മധുരവും ചേര്‍ന്നതാണ് നോമ്പുതുറ. ചിലര്‍ വിരിപ്പിലേക്ക് കാരക്ക വിതറി. സമൂസയും, പക്കവടയും, ജിലേബിയുമായി പലരും വന്നു. നാളത്തെ സമൂഹതുറയില്‍ നമുക്ക് ഉശാറാക്കാമെന്ന് വീണ്ടും സംഘാടകര്‍ വിളിച്ച് പറയുന്നുണ്ട്. നിമിഷനേരം കൊണ്ട് മുസ്വല്ലകള്‍ നമസ്‌കാരത്തിന് സജ്ജമായി. അവര്‍ ഖിബ്‌ലക്ക് നേരെ നിരയായി ഇമാമിനെ പിന്തുടര്‍ന്നു.

ബാബരിക്കകത്ത് വിഗ്രഹം വന്ന പോലെ ഗ്യാന്‍വാപിയില്‍ ഒരു ഭാഗത്ത് പൂജ ആരംഭിക്കുന്നു. അര്‍ധ സൈനിക വ്യൂഹം സുരക്ഷയുടെ പേരില്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. പള്ളിയും ക്ഷേത്രവും വേറെ വേറെ ഉണ്ടായിരുന്ന ഘടന പതുക്കെ മാറ്റി ക്ഷേത്ര കോമ്പൗണ്ടിനകത്തെ പള്ളിയായി ഇടനാഴിയും, ഗേറ്റും വരുന്നു. പള്ളിയില്‍ വെള്ള പൂശാന്‍ പോലും അനുവാദമില്ലാത്ത വിധം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.

നമസ്‌കാര ശേഷം പ്രദേശവാസികള്‍ ഒറ്റക്കും കൂട്ടായും ഞങ്ങളോട് സംവദിച്ചു. ഞങ്ങള്‍ ഇഫ്ത്വാര്‍ യാത്രയെക്കുറിച്ച് വിവരിച്ചു. അവര്‍ ഗ്യാന്‍വാപിയെക്കുറിച്ചും. പൂജ നടക്കുന്ന നിലവറ മുകളില്‍ നിന്ന് കാണും വിധം സംസാരങ്ങള്‍ നീണ്ടു. വുദുഖാനയിലെ കമ്പിവേലിയുടെ പരിസരത്ത് എത്തിയപ്പോള്‍ സുരക്ഷാ സേന ഇടപെട്ടു. നിസ്‌കാരം കഴിഞ്ഞ സ്ഥിതിക്ക് ഉടന്‍ പള്ളി വിടണമെന്ന് അവര്‍ ഉപദേശിച്ചു.

രണ്ടാം ബാബരിക്കുള്ള എല്ലാ സാഹചര്യങ്ങളും ആവര്‍ത്തിക്കപ്പെടുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഹിന്ദുത്വ വാദികളുടെ അവകാശവാദം കോടതി അതേപടി മാനിച്ച് എ.എസ്.ഐ ഖനനത്തിന് അനുമതി നല്‍കുന്നു. കേന്ദ്ര ഭരണകൂടത്തിന്റെ കീഴിലുള്ള എ.എസ്.ഐ അവര്‍ക്കനുകൂലമായ റിപ്പോര്‍ട്ടുണ്ടാക്കുന്നു. ബാബരിക്കകത്ത് വിഗ്രഹം വന്ന പോലെ ഗ്യാന്‍വാപിയില്‍ ഒരു ഭാഗത്ത് പൂജ ആരംഭിക്കുന്നു. അര്‍ധ സൈനിക വ്യൂഹം സുരക്ഷയുടെ പേരില്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. പള്ളിയും ക്ഷേത്രവും വേറെ വേറെ ഉണ്ടായിരുന്ന ഘടന പതുക്കെ മാറ്റി ക്ഷേത്ര കോമ്പൗണ്ടിനകത്തെ പള്ളിയായി ഇടനാഴിയും, ഗേറ്റും വരുന്നു. പള്ളിയില്‍ വെള്ള പൂശാന്‍ പോലും അനുവാദമില്ലാത്ത വിധം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംഘ്പരിവാര്‍ കയ്യേറ്റമാണോ, ഭരണകൂട ഹിംസയാണോ, ജുഡീഷ്യല്‍ കര്‍സേവയാണോ സംഭവിക്കുക എന്ന ആശങ്കയിലേക്ക് സാഹചര്യം എത്തിനില്‍ക്കുന്നു. 'അയോധ്യ തോ ബസ് ജാന്‍കി ഹേ, കാശി മഥുര ബാക്കി ഹേ!' ബാബരി കാലത്തെ സംഘ്പരിവാറിന്റെ മുദ്രാവാക്യം നമുക്ക് മറക്കാനാവില്ലല്ലോ.

ഗ്യാന്‍വാപി വിഷയത്തില്‍ തൊണ്ണൂറുകളില്‍ കോടതിയില്‍ അവകാശവാദം വന്നിരുന്നു. 1991 ല്‍ പാര്‍ലമെന്റ് പാസാക്കിയ The Places of Worship (Special Provisions) Act, 1991, ന്റെ അടിസ്ഥാനത്തില്‍ ആ നിയമ വ്യവഹാരങ്ങള്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍, 2019 ലെ ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ ഗ്യാന്‍വാപി വിഷയം വീണ്ടും കത്തിക്കാന്‍ സംഘ്പരിവാര്‍ തീരുമാനിക്കുകയായിരുന്നു. ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രം പൊളിച്ചാണ് പള്ളി ഉണ്ടാക്കിയതെന്നാണ് വലതുപക്ഷ ചരിത്രവാദം. എന്നാല്‍, അക്ബറിന് മുമ്പ് തന്നെ പള്ളി ഉണ്ടായിരുന്നെന്നാണ് ഗ്യാന്‍വാപി മസ്ജിദ് ഇമാം അബ്ദുല്‍ ബാത്വിന്‍ നുഅമാനി പറയുന്നത്. അക്ബറും, ഔറംഗസീബും പള്ളി നവീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കാണുന്ന ഘടന ഔറംഗസീബിന്റെ കാലത്തുണ്ടാക്കിയതാണ്. വിവിധ രാജവംശങ്ങളുടെ കാലത്ത് കാശി ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മുഗള്‍ കാലത്ത് ക്ഷേത്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ തന്നെ വാരണസിയില്‍ പള്ളികളുണ്ടായിട്ടുണ്ട്. ഡല്‍ഹി സുല്‍ത്താനേറ്റിലെ റസിയ സുല്‍ത്താന (1236-40) നിര്‍മിച്ച ബീവി റസിയ മസ്ജിദ് ഗ്യാന്‍വാപിയുടെ തൊട്ടു എതിര്‍വശത്ത് തന്നെ കാണാം. ഗ്യാന്‍വാപിക്ക് മുന്നില്‍ കച്ചവടം നടത്തുന്ന സാക്കിര്‍ ഭായ് ഞങ്ങളെയും കൂട്ടി റസിയ മസ്ജിദ് കാണാന്‍ പോയി. ഉയരത്തിലുള്ള റസിയ പള്ളിയുടെ കോമ്പൗണ്ടിലും പൊലീസ് സാന്നിധ്യമുണ്ട്. പക്ഷേ, അത് ആദിത്യനാഥിന്റെ സന്ദര്‍ശനം പ്രമാണിച്ചാണെന്നാണ് അദ്ധേഹം പറഞ്ഞത്. കൗതുകമുള്ള ഒരു കാഴ്ച അവിടെയുണ്ട്. പള്ളിക്ക് തൊട്ടടുത്ത് കോമ്പൗണ്ടില്‍ തന്നെ ഗുസ്തി പരിശീലിപ്പിക്കുന്ന ഗോദ കാണാം. കൂടെ ഓപ്പണ്‍ ജിമ്മും പ്രവര്‍ത്തിക്കുന്നുണ്ട്. റമദാന്‍ ആയതിനാല്‍ ഇപ്പോള്‍ പരിശീലനമില്ല. അല്ലാത്ത സമയങ്ങളില്‍ സ്ഥിരമായി നടക്കാറുണ്ട് എന്നാണ് അദ്ധേഹം പറഞ്ഞത്. നഗരത്തിലെ തിരക്കുപിടിച്ച സ്ഥലമായിട്ടും പള്ളിയോട് ചേര്‍ന്ന് തന്നെ മരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറിയൊരു വിശ്രമ സ്ഥലവുമുണ്ട്. മദന്‍പുര ചൗക്കിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതുപോലെ മറ്റൊരു കൗതുകം കണ്ടിരുന്നു. ചൗക്കിനകത്തെ ഖബര്‍ സ്ഥാനില്‍ മനോഹരമായായ ഒരു കെട്ടിടം. അവിടെ മുഹമ്മദിയ എന്ന പേരില്‍ ഒരു ക്ലബ്ബും ഓപ്പണ്‍ ജിമ്മും പ്രവൃത്തിക്കുന്നുണ്ട്. രാത്രി ആയതിനാല്‍ കോമ്പൗണ്ട് പൂട്ടിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ അവിടെ സജീവമാവാറുണ്ട് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. മാത്രമല്ല, ഖബര്‍സ്ഥാന്‍ വൃത്തിയില്‍ കാട് പിടിക്കാതെ സംരക്ഷിച്ചിട്ടുണ്ട്. ചെറിയൊരു പൂന്തോട്ടവും സംവിധാനിച്ചിട്ടുണ്ട്.


മുഹമ്മദിയ ക്ലബ്ബ്

നോമ്പ് വാരാണസിയിലും ആഘോഷമാണ്. മിക്ക പള്ളികളും നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്. മഗ്‌രിബിന് ശേഷം ഞങ്ങള്‍ മദന്‍പുര മാര്‍ക്കറ്റ് ഭാഗത്തേക്ക് നീങ്ങി. വഴിയില്‍ ഗംഗാ ആരതി കഴിഞ്ഞ് വരുന്നവര്‍ കൂടി ആയപ്പോള്‍ ഒരു പാരാവാരം ഒഴുകാന്‍ തുടങ്ങി. മദന്‍പുരയില്‍ നിറയെ ബനാറസ് സാരികളുടെ വില്‍പന കേന്ദ്രങ്ങളാണ്. തറാവീഹ് നമസ്‌കരാനന്തരം മദന്‍പുരയും, ദാല്‍മണ്ടിയും, മൈദാഗിനും നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. തൂവെള്ള കുര്‍ത്ത ധാരികളാലും വര്‍ണാഭമായ വസ്ത്രധാരികളാലും തെരുവ് നിറഞ്ഞു.


മദന്‍പുര മാര്‍ക്കറ്റ്

നമ്മുടെ നാട്ടിലെ സര്‍ബത്ത് കടകളിലെ പോലുള്ള തിരക്കാണ് തൊപ്പിക്കടകളില്‍. ചെറുപ്പക്കാരാണ് മത്സരിച്ച് തൊപ്പിയിലെ വൈവിധ്യം തിരയുന്നത്. ചെരിപ്പുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഒക്കെയായി ഷോപ്പുകളിലും തെരുവിലുമായി ജനം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. നഹാരിയും, നെല്ലിയും, പായയും, തന്തൂരിയും, മലാഇ ടിക്കയും, മട്ടന്‍ ബറയും, സീക്ക് കബാബും, കീമയും, മുഗളായിയും വിവിധ റൊട്ടികളും, ബിരിയാണികളുമായി ഫുഡ് സ്ട്രീറ്റും സജീവമായി. മധുരങ്ങളുടെ വലിയ ശേഖരവും തെരുവിലുണ്ട്. രാത്രി വൈകിയതോടെ സ്ത്രീകളും കുട്ടികളും കൂടി തെരുവിലെത്തി തുടങ്ങി. രാത്രി പന്ത്രണ്ടായിട്ടും അണയാത്ത തെരുവില്‍ നിന്ന് ഞങ്ങള്‍ പതുക്കെ മടങ്ങി. ഉത്തരേന്ത്യന്‍ നഗരങ്ങളിലെ നോമ്പ് രാവുകള്‍ ഇങ്ങനെയൊക്കെയാണ്. അവര്‍ക്കത് ആത്മീയാനുഭൂതിയാണ്; ഒപ്പം ആഘോഷ രാവുകളും.


TAGS :