Quantcast
MediaOne Logo

ചവിട്ടി മെതിക്കപ്പെടുന്ന ആദിവാസി ജീവനുകള്‍

വന്യമൃഗങ്ങളുടെ സുരക്ഷക്ക് ഒരുക്കുന്ന പല നിയമങ്ങളും ആദിവാസികളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. വന്യമൃഗങ്ങള്‍ക്ക് വേണ്ടി വനത്തിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്, കാലങ്ങളായി കാടുകളുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്ന ആദിവാസികളുടെ ജീവിതോപാധിയെ തകര്‍ക്കുന്നതിന് തുല്യമാണ്.

ചവിട്ടി മെതിക്കപ്പെടുന്ന ആദിവാസി ജീവനുകള്‍
X

മനുഷ്യനും വന്യ ജീവികളും തമ്മിലുള്ള പോരാട്ടത്തിനും അതിജീവനത്തിനും മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. മനുഷ്യന്റെ കൂടെയെന്നോളം ഒത്തിണങ്ങി നില്‍ക്കുന്നവയും, മനുഷ്യനെ ശത്രുവായി കാണുന്നവയും നമ്മുടെ ചുറ്റിലുമുണ്ട്. സുസ്ഥിരമായ പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ പരിപാലിക്കുന്നതിന് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന് വളരെയേറെ പ്രാധാന്യമുണ്ടെങ്കിലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ബന്ധങ്ങള്‍ക്ക് മേല്‍ വിലങ്ങു സൃഷ്ടിക്കുകയാണ്. അതിന് വലിയ വിലയോടുക്കേണ്ടി വരുന്നത് കാടുകളില്‍ താമസിക്കുന്ന ആദിവാസികളാണ്. വന്യമൃഗങ്ങള്‍ തങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിന്നും പുറന്തള്ളപ്പെടുകയും, മനുഷ്യന്‍ തന്റെ അടങ്ങാത്ത വികസന മോഹത്തിന് വേണ്ടി കാടുകള്‍ കയ്യേറുന്നതുമാണ് യഥാര്‍ഥ പ്രശ്‌നമെന്നത് പകല്‍ പോലെ വ്യക്തമാണെങ്കിലും നിരവധി തവണ വന സംരക്ഷണ നിയമങ്ങളും, വന്യ മൃഗ സംരക്ഷണ നിയമങ്ങളും ഏര്‍പ്പെടുത്തിയ നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് എന്തുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ലയെന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. വന്യ മൃഗങ്ങളുടെ അക്രമത്തില്‍ അസ്തിത്വം തന്നെ നഷ്ടമാകുന്ന ആദിവാസികളുടെ പരിതസ്ഥിതിയും ചര്‍ച്ച ചെയ്യപ്പെടുന്നില്ലയെന്നത് വളരെ ഖേദകരമാണ്.

കാടിന്റെ മക്കളെന്ന് ആദിവാസികളെ നമ്മള്‍ വിശേഷിപ്പിക്കുമെങ്കിലും അവരെ കാടുകളില്‍ നിന്നും ആട്ടിയോടിക്കുന്നതിന് സമാനമായ രീതിയാണ് ഇക്കാലമത്രയും ഭരണകൂടം ചെയ്തത്. രാമചന്ദ്ര ഗുഹയുടെ അഭിപ്രായത്തില്‍ രണ്ട് രീതിയിലാണ് സ്റ്റേറ്റ് ആദിവാസികളുടെ ഭൂമി കവര്‍ന്നെടുക്കുന്നത്. വികസനത്തിന്റെ പേരിലും, മറ്റൊന്ന് വനസംരക്ഷണം/വന്യമൃഗ സംരക്ഷണത്തിന്റെ പേരിലും. ഗവണ്‍മെന്റ് നയങ്ങളുടെ ഫലമായി ജന്മഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍ 40 ശതമാനവും ആദിവാസികളാണെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ ഫെര്‍ണാണ്ടസിന്റെ കണക്ക്. ഇന്ത്യയിലെ ജനസംഖ്യയില്‍ എട്ട് ശതമാനവും ആദിവാസികള്‍ ആയതുകൊണ്ട് വികസനത്തിന്റെയും വനസംരക്ഷണത്തിന്റെയും പേരില്‍ കുടിയിറക്കപ്പെടാനുള്ള സാധ്യത ആദിവാസികള്‍ക്ക് ആദിവാസികള്‍ അല്ലാത്തവരെക്കാള്‍ ഇരട്ടി കൂടുതലാണ് എന്നര്‍ഥം.

ആദിവാസികളുടെ ഭൂമി കയ്യേറുന്ന, നിലനില്‍പിനെ ബാധിക്കുന്ന പദ്ധതി അരിക്കൊമ്പന്‍ വിവാദത്തിന്റെ മറവില്‍ പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണുണ്ടായത്. ആദിവാസി പുനരധിവാസത്തിന്റെ ഭാഗമായി മുമ്പ് 2002 ല്‍ 529 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കിയിരുന്നു.

കണ്ണൂരിലെ ആറളം ഫാമിലും, വയനാട്ടിലെ പൂതാടി പഞ്ചായത്തിലും ജീവിക്കുന്ന പട്ടികജാതി /പട്ടികവര്‍ഗക്കാര്‍ ഇത്തരത്തില്‍ ബഫര്‍സോണിന്റെ പേരില്‍ കുടിയിറക്കപ്പെടാനിരിക്കുകയാണെന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. കേരള വനം വകുപ്പ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത് പ്രകാരം 637 മനുഷ്യ ജീവനുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആനകളുടെ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിനു മുകളിലുമാണ്. മരിച്ചവരില്‍ പകുതിയിലേറെ പേരും ആദിവാസികളാണ്. 38പേര്‍ അട്ടപ്പാടിയുള്‍പ്പെടെയുള്ള പാലക്കാട് താമസിക്കുന്നവരും, 17 പേര്‍ ആറളത്തു നിന്നുമാണെന്നത് ആദിവാസികള്‍ അനുഭവിക്കുന്ന ഭയവിഹ്വലമായ അവസ്ഥാന്തരങ്ങളുടെ നേര്‍ക്കാഴ്ചയാണ് വരച്ചുകാണിക്കുന്നത്.


വന്യമൃഗങ്ങളുടെ സുരക്ഷക്ക് ഒരുക്കുന്ന പല നിയമങ്ങളും ആദിവാസികളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. വന്യമൃഗങ്ങള്‍ക്ക് വേണ്ടി വനത്തിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്, കാലങ്ങളായി കാടുകളുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്ന ആദിവാസികളുടെ ജീവിതോപാധിയെ തകര്‍ക്കുന്നതിന് തുല്യമാണ്. അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ സത്യവാങ്മൂലത്തിന്റെ ഭാഗമായി 'ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്' എന്ന പദ്ധതിയുടെ രൂപരേഖ വനംവകുപ്പ് സമര്‍പ്പിക്കുകയുണ്ടായി. ആദിവാസികളുടെ ഭൂമി കയ്യേറുന്ന, നിലനില്‍പിനെ ബാധിക്കുന്ന പദ്ധതി അരിക്കൊമ്പന്‍ വിവാദത്തിന്റെ മറവില്‍ പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണുണ്ടായത്. ആദിവാസി പുനരധിവാസത്തിന്റെ ഭാഗമായി മുമ്പ് 2002 ല്‍ 529 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കിയിരുന്നു. 301 ആദിവാസി സെറ്റില്‍മെന്റ്, വിളക്ക് ആദിവാസി സെറ്റില്‍മെന്റ്, പന്തടിക്കുളം ആദിവാസി സെറ്റില്‍മെന്റ്, സൂര്യനെല്ലി ആദിവാസി സെറ്റില്‍മെന്റ്, 80 ഏക്കര്‍ ആദിവാസി സെറ്റില്‍മെന്റ് തുടങ്ങിയ മേഖലകളിലെ 276 ഹെക്ടര്‍ ഭൂമിയുണ്ട്.

ആനയിറങ്കല്‍ ഡാം റിസര്‍വേയറിനോട് തൊട്ടുചേര്‍ന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കൈവശം വച്ചുവരുന്ന റവന്യൂഭൂമിയും തൊട്ടടുത്ത പ്രദേശങ്ങളിലെ ചോലവന പ്രദേശങ്ങളിലെ വനവത്കരണഭൂമിയും ഉള്‍പ്പെടുത്തി 1253 ഹെക്ടര്‍ മേഖലയെ 'ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്' ആക്കി മാറ്റുകയാണ് വനംവകുപ്പിന്റെ പദ്ധതി. ഇതിലൂടെ ചിന്നക്കനാല്‍ ഭാഗത്തുള്ള റിസോര്‍ട്ടുകള്‍ സംരക്ഷിക്കപ്പെടുമെന്നും ആദിവാസികള്‍ പറയുന്നു. എന്നാല്‍ പദ്ധതിക്ക് ശാസ്ത്രീയമായ പാരിസ്ഥിതിക പഠനത്തിന്റെ പിന്‍ബലമില്ലെന്നും, കച്ചവടതാല്‍പര്യം മാത്രമാണുള്ളതെന്നും ആദിവാസികള്‍ ആരോപിക്കുന്നു. ചിന്നക്കനാല്‍ മേഖലയില്‍ 'എലഫെന്റ് കോറിഡോര്‍്' ഉണ്ടെന്നത് വനം - വന്യജീവിവകുപ്പുകളുമായി ബന്ധപ്പെട്ട ഒരു ഏജന്‍സിയുടെയും പഠനമില്ല. പിന്നെയെങ്ങനെയാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്?. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പഠനത്തില്‍ ദേശീയതലത്തില്‍ 101 ആനത്താരകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ആനയിറങ്കല്‍ ഡാമുമായി ബന്ധപ്പെട്ട ഒരു 'കോറിഡോറും' പരാമര്‍ശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. കാടുമായി തീരെ പരിചയമില്ലാത്തവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നത് പലപ്പോഴും ആദിവാസികളാണ്.

ഒന്നാം യു.പി.എ സര്‍ക്കാര്‍ 2005ല്‍ വനാവകാശ നിയമം കൊണ്ടുവരുകയുണ്ടായി. വനമേഖലകളില്‍ പരമ്പരാഗതമായി താമസിക്കുന്ന ആദിവാസികള്‍ക്കും ഗോത്രജനതയ്ക്കും വനഭൂമിയില്‍ അവകാശം നല്‍കുന്നതോടൊപ്പം വനവിഭഗങ്ങള്‍ അനുഭവിക്കാനും കൃഷി നടത്താനും അനുവാദം നല്‍കുന്നതായിരുന്നു ഈ നിയമം.

പുറമേ നിന്നുള്ളവരുടെ കയ്യേറ്റമാണ് വന്യജീവികള്‍ നാട്ടിന്‍ പുറങ്ങളിലേക്ക് നീങ്ങുന്നതിന് പ്രധാനമായും കാരണമായത്. ലോകത്തെ 35 പ്രധാന ജൈവസമ്പന്ന മേഖലകളിലൊന്നാണ് പശ്ചിമഘട്ടം. ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങള്‍ പശ്ചിമഘട്ടത്തില്‍നിന്ന് ഉത്ഭവിക്കുന്ന നദികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കേരളത്തിന്റെ തനതായ കാലാവസ്ഥയ്ക്ക് കാരണം പശ്ചിമഘട്ടത്തിന്റെ സാമീപ്യമാണ്. അഗസ്ത്യമലയിലെ കാണിക്കാര്‍ തുടങ്ങി പൈതല്‍മലയിലെ കൊറഗര്‍വരെയുള്ള 35 ഗോത്രവര്‍ഗക്കാര്‍ പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാരായിരുന്നു. ഇവര്‍ കാടിനെ ചൂഷണം ചെയ്യാതെ കാട്ടരുവികളെ മലിനപ്പെടുത്താതെ വരുംതലമുറയ്ക്കായി കാത്തുവെക്കുകയും ചെയ്തു. കുടിയേറ്റത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളുടെയും ഫലമായി ഇവരെ കാട്ടില്‍നിന്നു കുടിയിറക്കപ്പെടുകയാണുണ്ടായത്..


കേരളം അനുഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് വലിയൊരലാവോളം കാരണമാണുന്നത് പ്രകൃതിയുടെ മേലുള്ള കടന്നു കയറ്റം തന്നെയാണ്. 2008-ലെ വനാവകാശനിയമം ഇപ്പോഴും നടപ്പില്‍ വരുത്താന്‍ ഭരണ സംവിധാനത്തിന് സാധിക്കുന്നില്ല. ഗാഡ്ഗിലിനെയും കസ്തൂരി രംഗനെയുമെല്ലാം ചില സ്വാര്‍ഥരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുകയും കാട് കയ്യേറാന്‍ കൂട്ടുനില്‍ക്കുകയാണ് പലരും. ഒന്നാം യു.പി.എ സര്‍ക്കാര്‍ 2005ല്‍ വനാവകാശ നിയമം കൊണ്ടുവരുകയുണ്ടായി. വനമേഖലകളില്‍ പരമ്പരാഗതമായി താമസിക്കുന്ന ആദിവാസികള്‍ക്കും ഗോത്രജനതയ്ക്കും വനഭൂമിയില്‍ അവകാശം നല്‍കുന്നതോടൊപ്പം വനവിഭഗങ്ങള്‍ അനുഭവിക്കാനും കൃഷി നടത്താനും അനുവാദം നല്‍കുന്നതായിരുന്നു ഈ നിയമം. എന്നാല്‍, ബ്യൂറോക്രസിയും വന്യജീവി സംരക്ഷണ സംഘടനകളും മറ്റും തുടക്കംമുതല്‍ തന്നെ ഇതിന് എതിരായിരുന്നു.

വന നശീകരണത്തിനും വന്യജീവികളുടെ ജീവനാശത്തിനും ഇത് കാരണമാകുമെന്നായിരുന്നു അവരുടെ വാദം. വന്യജീവികളുടെ സംരക്ഷണം പ്രധാനമാകുന്നതോട് കൂടെത്തന്നെ ആദിവാസികളുടെ ജീവനും പുനരധിവാസവും പ്രധാനമാണ്. അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണമെന്നാണ് നിയമമെങ്കിലും അഞ്ച് ലക്ഷം രൂപ പോലും അവര്‍ക്ക് കിട്ടാറില്ല. നിരവധി ജീവനുകള്‍ ദിനംപ്രതിയെന്നോളം നഷ്ടമാവുമ്പോഴും ഇത്തരം സംവിധാനങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കുന്ന തുകകള്‍ എവിടെ പോകുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ നീക്കവും കോര്‍പ്പറേറ്റ് വത്കരണവും തകൃതിയായി നടക്കുമ്പോള്‍ പൊലിയുന്നത് ആദിവാസി ജീവനുകളാണ്. അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശം ഉണ്ടെന്ന ബോധമായിരിക്കണം നമ്മുടെ ഭരണ സംവിധാനങ്ങളെ നയിക്കേണ്ടത്.


TAGS :