Quantcast
MediaOne Logo

യാസീന്‍ അശ്‌റഫ്

Published: 22 July 2025 4:33 PM IST

ഇസ്രായേലിന്‍റെ മാധ്യമ സ്വാധീനം കുറയുകയാണ്: വിമാന ദുരന്തവും യമൻ കേസും; വാർത്തയെ പരുവപ്പെടുത്തുന്നതിങ്ങനെ

ഇതാ, ഡോണൾഡ് ട്രംപ് വക ഒരു ലോകോത്തര, ചരിത്രപ്രധാന, വാർത്ത. അമേരിക്കയുടെ പ്രസിഡന്‍റ് കോളക്കമ്പനിയെ സ്വാധീനിച്ച് ഒരു കച്ചവട തീരുമാനമെടുപ്പിക്കുന്നു. അതും അമേരിക്കയിൽ മാത്രം ബാധകമായത്. വാർത്തയല്ലാത്ത വാർത്ത. വെറും അവാർത്ത. വിവരമുള്ളവർ പറയാറുണ്ട്. മാധ്യമങ്ങൾ വഴി അവാർത്ത വരുമ്പോൾ നിങ്ങൾ അന്വേഷിക്കേണ്ടത്, എന്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം എന്നാണ്.

ഇസ്രായേലിന്‍റെ മാധ്യമ സ്വാധീനം കുറയുകയാണ്: വിമാന ദുരന്തവും യമൻ കേസും; വാർത്തയെ പരുവപ്പെടുത്തുന്നതിങ്ങനെ
X

വിമാന ദുരന്തവും യമൻ കേസും: വാർത്തയെ പരുവപ്പെടുത്തുന്നതിങ്ങനെ

വാർത്ത എങ്ങനെ അവതരിപ്പിക്കാം? വാർത്ത എന്ന ഉൽപ്പന്നത്തോളം പ്രധാനമാണ് അത് പൊതിഞ്ഞു കൊടുക്കുന്ന റാപ്പർ. അഹ്മദാബാദ് വിമാനാപകട വാർത്തയെപ്പറ്റി പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നു. യന്ത്രത്തകരാറാണ് കാരണമെന്ന് വന്നാൽ ബോയിങ് അടക്കമുള്ള വിമാനക്കമ്പനികളാണ് പ്രതിക്കൂട്ടിലാവുക. കോടികളുടെ ബിസിനസ്സാണ് വിമാനനിർമാണം. കമ്പനികൾക്ക് തെറ്റ് പറ്റിയാൽ അക്കാര്യം പുറത്തുവരിക പ്രയാസം.

പൈലറ്റുമാരുടെ പിഴവാണ് ദുരന്ത കാരണം എന്ന് തീർച്ചപ്പെടും മുമ്പേ അത്തരം ഫ്രെയ്മിങ് ആണ് ഉണ്ടായത്. അമേരിക്കയിൽ ബിസിനസ് താല്പര്യക്കാരുടെ പത്രമായ വോൾ സ്ട്രീറ്റ് ജേണലിൽ അത് വലിയ വാർത്തയായി വന്നത് ഉദാഹരണം. സീനിയർ പൈലറ്റിന് വിഷാദരോഗമുണ്ടായിരുന്നു, മാനസികാരോഗ്യ പ്രശ്നമുണ്ടായിരുന്നു എന്നൊക്കെയുള്ള സൂചന പരന്നു. ബ്രിട്ടനിലെ,, ഡെയിലി മിറർ എന്ന ടാബ്ലോയിഡ് പത്രത്തിന്‍റെ വാർത്താ ഫ്രെയിമിങ് അതിനപ്പുറത്തേക്ക് കടന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റിൽ പൈലറ്റുമാർക്കു പുറമെ മറ്റൊരാൾ ഉണ്ടായിരുന്നോ എന്ന സംശയം അവർ ഉയർത്തി. അന്വേഷണ റിപ്പോർട്ട് സംശയങ്ങൾ നീക്കാത്തിടത്തോളം കാലം ഊഹങ്ങൾ പരക്കും.

ഇങ്ങനെയൊക്കെയാണ് വിമാനാപകടത്തിലെ ഫ്രെയിമിങ് പോകുന്നതെങ്കിൽ നിമിഷപ്രിയ വാർത്തകളിൽ കുറ്റം ആരുടേത് എന്നതല്ല, ക്രെഡിറ്റ് ആർക്ക് എന്നതിലാണ് ഫ്രെയിമിങ്. കാന്തപുരവും ചാണ്ടി ഉമ്മൻ എംഎൽഎയുമൊക്കെ ഇടപെട്ട വാർത്തകൾ. ഒരു മറു ആഖ്യാനം ജനം ടിവിയുടെ പേരിൽ പ്രത്യക്ഷപ്പെട്ടു. ഒരു മതനേതാവും ഇടപെട്ടിട്ടില്ല, യൂനിയൻ സർക്കാരാണ് വേണ്ടതെല്ലാം ചെയ്യുന്നതെന്ന്. മാധ്യമശ്രദ്ധയിൽ നിറയുന്ന സംഭവങ്ങളിൽ കാട്ടുന്ന താൽപ്പര്യം, ഇങ്ങനെയൊന്നും ആളുകളറിയാതെ ദുരിതങ്ങളിൽപ്പെട്ട് കഴിയുന്നവർക്ക് നേരെയും ഉണ്ടാകുമോ?

ഇസ്രായേലിന്‍റെ മാധ്യമ സ്വാധീനം കുറയുകയാണ്

ഇതാ, ഡോണൾഡ് ട്രംപ് വക ഒരു ലോകോത്തര, ചരിത്രപ്രധാന, വാർത്ത. അമേരിക്കയുടെ പ്രസിഡന്‍റ് കോളക്കമ്പനിയെ സ്വാധീനിച്ച് ഒരു കച്ചവട തീരുമാനമെടുപ്പിക്കുന്നു. അതും അമേരിക്കയിൽ മാത്രം ബാധകമായത്. വാർത്തയല്ലാത്ത വാർത്ത. വെറും അവാർത്ത. വിവരമുള്ളവർ പറയാറുണ്ട്. മാധ്യമങ്ങൾ വഴി അവാർത്ത വരുമ്പോൾ നിങ്ങൾ അന്വേഷിക്കേണ്ടത്, എന്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം എന്നാണ്.

ഈ ശ്രദ്ധതെറ്റിക്കൽ കലയിൽ വിദഗ്ധരാണ് ഒട്ടെല്ലാ ഭരണാധികാരികളും. പ്രത്യേകിച്ച് ബിന്യമിൻ നെതന്യാഹു. ട്രംപിനെപ്പോലെ കൊക്കക്കോള പോലുള്ള അവാർത്തകളല്ല അദ്ദേഹം കൊടുക്കുക—യുദ്ധം എന്ന സാക്ഷാൽ വാർത്ത തന്നെയാണ്.

അഴിമതിക്കേസിന്‍റെ വിചാരണയുണ്ടോ? എവിടെയെങ്കിലും ബോംബിടുക. സഖ്യകക്ഷി വിട്ടുപോകാനും സർക്കാർ വീഴാനും സാധ്യത തോന്നുന്നുണ്ടോ? എവിടെയെങ്കിലും ബോംബിടുക. എത്രയെത്ര ഇടങ്ങളിലാണ്,, അയാൾ കസേരനിലനിർത്താനായി കുരുതികൾ നടത്തുന്നത്! യുദ്ധം വഴിയാണ് നെതന്യാഹു ഇതുവരെ വളർന്നത്.

വരാനിരിക്കുന്ന തിരിച്ചടികളുടെ ലക്ഷണങ്ങൾ വേണ്ടത്രയുണ്ട്. ഒപ്പം നിന്നിരുന്ന പാശ്ചാത്യ മാധ്യമങ്ങൾ പതുക്കെ അകൽച്ച പാലിക്കാൻ തുടങ്ങിയതടക്കം. ഇസ്രായേൽ അനുകൂല ചായ്‌വ് കാണിക്കുന്ന പത്രമാണ് ന്യൂ യോർക്ക് ടൈംസ്. ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര സംഘടനകൾ പറയുമ്പോഴും ടൈംസ് ആ വാക്ക് ഉപയോഗിക്കില്ലെന്ന വാശിയിലായിരുന്നു. ആ ശീലമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ജൂലൈ 15ന് ഇതാദ്യമായി അവർ ജനസൈഡ് എന്ന വാക്ക് തലക്കെട്ടിൽത്തന്നെ ചേർത്തു.

ലോകം കാര്യങ്ങളറിഞ്ഞു തുടങ്ങുന്നു. ആരും തടയാനില്ലാതെ യുദ്ധക്കുറ്റങ്ങൾ തുടരുമ്പോഴും, വാർത്തയെ നിയന്ത്രിച്ച് എല്ലാം കൈയടക്കിയിരുന്ന രീതി മാറുന്നു. പൊടിക്കൈകൾ കൊണ്ട് ലോകശ്രദ്ധ മാറ്റാൻ ഇനി കഴിയില്ല. ഒപ്പമുണ്ടായിരുന്ന മാധ്യമങ്ങളും ചുവടുമാറിത്തുടങ്ങുന്നു.

ഫ്രാൻസസ്‌ക ആൽബനീസും അക്രമി രാഷ്ട്രങ്ങളും

ഫ്രാൻസസ്‌ക ആൽബനീസ്: സർക്കാരുകൾ പോലും ഇസ്രയേലിനെതിരെ നിസ്സഹായരായി നിൽക്കുമ്പോൾ നീതിക്കുവേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന വനിത.ആഗോള സൈനിക, സാമ്പത്തിക, അധികാര, മാധ്യമ കൂട്ടായ്മയെ നേരിടുന്നതിൽ ലോകത്തിന് നേതൃത്വവും ഊർജവും നൽകുന്നുണ്ട് ആൽബനീസ്. മാധ്യമങ്ങളിലെ വ്യാജരെപ്പറ്റിയും നല്ലവരെപ്പറ്റിയും അവർ തുറന്നു പറയാറുണ്ട്. വംശഹത്യക്കാർ പരാജയപ്പെടുകയും വിചാരണക്ക് വിധേയരാവുകയും ചെയ്യുമ്പോൾ പ്രതിക്കൂട്ടിൽ ഒരു കൂട്ടം മാധ്യമങ്ങളും ഉണ്ടാകും.

TAGS :