Quantcast
MediaOne Logo

യാസീന്‍ അശ്‌റഫ്

Published: 20 Jun 2026 4:43 PM IST

രണ്ട് ജനാധിപത്യ രാജ്യങ്ങൾ; രണ്ടുതരം മാധ്യമ വേട്ട

ചോദ്യം ഭയന്ന് മാധ്യമങ്ങളെ ഒഴിവാക്കുകയാണ് മോദി ചെയ്യുന്നത്. ട്രംപ് ആകട്ടെ ചോദ്യങ്ങൾ കേട്ടാൽ പൊട്ടിത്തെറിക്കും

രണ്ട് ജനാധിപത്യ രാജ്യങ്ങൾ; രണ്ടുതരം മാധ്യമ വേട്ട
X

രണ്ട് ജനാധിപത്യ രാജ്യങ്ങൾ; രണ്ടുതരം മാധ്യമ വേട്ട

ജനാധിപത്യസംവിധാനത്തിൽ സർക്കാരുകളും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം എന്താവണം? “മാധ്യമങ്ങൾ അധികാരികളോട് ചോദ്യമുയർത്തും; അധികാരികൾ തിരിച്ചു മാധ്യമങ്ങളോട് തുറന്നു സംസാരിക്കും”: ഇത് സങ്കല്പം. പ്രയോഗത്തിൽ അങ്ങനെയല്ല. രണ്ടു നേതാക്കൾ ഈയിടെ അത് തെളിയിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും, പിന്നെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്തിന്‍റെ പ്രസിഡണ്ടും.

നരേന്ദ്ര മോദി 12 വർഷം പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നത് ഒരു റെക്കോഡ്. ആ കാലത്തിനിടക്ക് ഒറ്റവാർത്താസമ്മേളനവും നടത്താത്തത് മറ്റൊരു റെക്കോഡ്. ഇക്കാര്യത്തിൽ, പക്ഷേ, ട്രംപ് മോദിയുടെ നേർ വിപരീതമാണ്.

അവർ തമ്മിൽ ചില സാമ്യങ്ങളുണ്ട്. ചില വിഭാഗങ്ങളോടും രാജ്യങ്ങളോടുമുള്ള പുച്ഛം രണ്ടുപേർക്കും ഉണ്ട്. ഇരുവർക്കും “കുടിയേറ്റക്കാർ” എന്നത് ശകാരപദമാണ്. സോമാലിയ എന്ന രാജ്യത്തിന്‍റെ പേരും ശകാരപദം തന്നെ.

മാധ്യമങ്ങളെയും ട്രംപ് നന്നായി ചീത്ത പറയും. മോദി അവരെ മാറി നടക്കുകയേ ചെയ്യൂ. മറിച്ച്, ട്രംപ് അവരെ എപ്പോഴും കാണും, എന്നിട്ട് ചീത്ത പറയും.

ചോദ്യം ഭയന്ന് മാധ്യമങ്ങളെ ഒഴിവാക്കുകയാണ് മോദി ചെയ്യുന്നത്. ട്രംപ് ആകട്ടെ ചോദ്യങ്ങൾ കേട്ടാൽ പൊട്ടിത്തെറിക്കും. ആറുമാസം മുമ്പ് സൗദി രാജകുമാരനൊപ്പം ട്രംപ് മാധ്യമങ്ങളെ കണ്ടപ്പോൾ എബിസി ന്യൂസിലെ റിപ്പോർട്ടർ മേരി ബ്രൂസ് ട്രംപിനോട് എപ്‌സ്റ്റീൻ ബന്ധത്തെപ്പറ്റി ചോദിച്ചു.

ഇതിനു മുൻപ്, കഴിഞ്ഞ നവംബറിൽ, വിമാനത്തിൽ കയറാൻ പോകുന്ന ട്രംപിനോട് ബ്ലൂംബെർഗിലെ റിപ്പോർട്ടർ എപ്‌സ്റ്റീൻ ഫയൽസിനെപ്പറ്റി ചോദിച്ചു.

രണ്ടുതവണയും ആ വനിതാ റിപ്പോർട്ടർമാരോട് കയർക്കുകയാണ് ട്രംപ് ചെയ്തത്. വനിതാ റിപ്പോർട്ടർമാരോട് മാത്രമാണിങ്ങനെ എന്നും കരുതേണ്ട. വാർത്താ സമ്മേളനത്തിൽ ചോദ്യവുമായി എഴുന്നേറ്റ സിഎൻഎൻ ലേഖകനെ ചോദിക്കാൻ പോലും അനുവദിക്കാതെ ട്രംപ് അടിച്ചിരുത്തിയിട്ടുണ്ട്.

ഇത് പതിവ് രീതിയാണ്. ചിലരെ നോട്ടമിട്ടിരിക്കും. അവരെ ചോദിക്കാൻ അനുവദിക്കില്ല. കോവിഡ് കാലത്തെ വീഴ്ചകളെപ്പറ്റിയോ അഴിമതിയെപ്പറ്റിയോ ചോദിച്ചാൽ ഉടനെ പറയും, നിങ്ങൾ വ്യാജന്മാരാണ് എന്ന്. കോവിഡ് ബാധിച്ച് 200ഓളം പേർ മരിച്ചു കഴിഞ്ഞ സമയത്ത്, “ജനങ്ങൾ ആശങ്കയിലാണ്, താങ്കൾ അവരോട് എന്തുപറയും?” എന്ന ചോദ്യത്തിന്, നിങ്ങൾ വ്യാജവാർത്തക്കാരനാണ് എന്ന് മറുപടി.

മാധ്യമങ്ങളെ കൂസാത്ത ട്രംപ് ആയാലും മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മോദി ആയാലും ജേണലിസ്റ്റുകളെ—വിധേയ ജേണലിസ്റ്റുകളെ അല്ല, നിവർന്നു നിന്ന് ചോദ്യം ചോദിക്കുന്നവരെ—എതിരാളികളായും ശത്രുക്കളായുമാണ് കാണുന്നത്. ജേണലിസ്റ്റുകളെ കൊന്നാലും പ്രശ്നമില്ലെന്ന അവസ്ഥ പോലുമുണ്ട്.

ഇന്ത്യയിൽ ഗൗരി ലങ്കേഷിനെ വർഗീയ വാദികൾ കൊന്നുകളഞ്ഞ സംഭവം നടന്നിട്ട് ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടില്ല. മാത്രമോ, അതിലെ പ്രതികൾ ഇതിനിടക്ക് രാഷ്ട്രീയപാർട്ടികളിൽ ചേക്കേറി; തെരഞ്ഞെടുപ്പിൽ നിന്ന് ജയിച്ച് അധികാരത്തിൽ ഭാഗഭാക്കായി. അമേരിക്കയിൽ സ്ഥിതി ഭിന്നമല്ല. അമേരിക്കൻ പൗരത്വമുള്ള ജേണലിസ്റ്റ് ആയിരുന്നല്ലോ അൽ ജസീറയിലെ ശിരീൻ അബൂ ആഖ്‌ല. ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ റിപ്പോർട്ടിങ്ങിനിടെ ഇസ്രായേൽ സേന അവരെ വെടിവെച്ചു കൊന്നു. അമേരിക്കൻ സർക്കാർ അനങ്ങിയില്ല.

സത്യം പറയുന്ന ജേണലിസ്റ്റുകളെ രാഷ്ട്രനേതാക്കൾക്ക് വേണ്ട. സത്യമല്ല, യഥാർഥ ജേണലിസമല്ല, ഇത്തരം നേതാക്കൾക്ക് വേണ്ടത്. തങ്ങൾ പറയും, അത് ജനങ്ങൾ വിശ്വസിക്കണം. വാക്ക് മാറിയാലും പറഞ്ഞത് മാറ്റിപ്പറഞ്ഞാലും അത് വകവച്ചു കൊടുക്കണം. കഴിഞ്ഞദിവസം ഒരു ഇൻറർവ്യൂവിൽ നിന്ന് ട്രംപ് ഇറങ്ങിപ്പോയി. ട്രംപ് വാക്ക് മാറ്റിപ്പറയുന്നത് ചൂണ്ടിക്കാട്ടിയതിനായിരുന്നു അത്. ഒടുവിൽ ഉത്തരം മുട്ടിയപ്പോൾ ട്രംപ് മാധ്യമങ്ങളെ ചീത്ത വിളിച്ച് അഭിമുഖം നിർത്തി എഴുന്നേറ്റു.

മാധ്യമങ്ങളോടുള്ള ശത്രുത ട്രംപ് മറച്ചുവെക്കാറില്ല. എന്തിനേറെ വൈറ്റ് ഹൗസിന്‍റെ വെബ്സൈറ്റിൽ മാധ്യമങ്ങളെ കുറ്റം പറയാൻ മാത്രമായി ഒരു പ്രത്യേക പേജ് തന്നെയുണ്ട്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പരമാവധി അപമാനിക്കലാണ് ട്രംപിന്‍റെ രീതി. അമേരിക്കയിൽ അതിലപ്പുറം ശിക്ഷിക്കാൻ എളുപ്പമല്ല. പക്ഷേ ഇന്ത്യയിൽ അങ്ങനെയല്ല. ഇവിടെ അപമാനിക്കലല്ല, മാധ്യമ വേട്ടയും മാധ്യമപ്രവർത്തകരെ കുടുക്കലുമാണ് ശൈലി.

മോദി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ ഓസ്‌ലോയിൽ തന്നെ, അടുത്ത ദിവസം ചെന്ന് ദ സ്ക്രോൾ വാർത്താ പോർട്ടലിലെ സുപ്രിയ ശർമ ചില കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു.

അമേരിക്കയും ഇന്ത്യയും. രണ്ട് ജനാധിപത്യ രാജ്യങ്ങൾ. പക്ഷേ ട്രംപും മോദിയും മാധ്യമങ്ങളോട് പുലർത്തുന്ന സമീപനം സഹിഷ്ണുതയല്ല; ശത്രുതയാണ്. ഇന്ത്യയിൽ മോദിയുടെ 12 വർഷത്തെ ഭരണം മാധ്യമസ്വാതന്ത്ര്യത്തിന് ഏൽപ്പിച്ച പരിക്ക് വിശദമായ പരിശോധന തന്നെ അർഹിക്കുന്നുണ്ട്.

ന്യൂസ് ക്ലിക്കിന് വിജയം; മാധ്യമസ്വാതന്ത്ര്യത്തിനും.

ഇന്ത്യയിൽ മാധ്യമങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ വേട്ടയുടെ ഇരകളാണ് ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കും അതിന്‍റെ സ്ഥാപകൻ പ്രബീർ പുരകായസ്തയും. അവർക്കെതിരായ ഇ.ഡി കേസ് ദൽഹി കോടതി തള്ളിയിരിക്കുന്നു. ഇ.ഡിയുടെ ഉദ്ദേശ്യശുദ്ധിയെ രൂക്ഷമായ രീതിയിൽ കോടതി വിമർശിക്കുകയും ചെയ്തു. ഇ.ഡി നടപടികൾ എല്ലാം നിയമവിരുദ്ധമായിരുന്നു എന്നാണ് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നത്.

കേസിന്‍റെ യഥാർഥ കാരണം വ്യക്തമാണ്: മോദി സർക്കാറിനെ വിമർശിക്കാൻ ന്യൂസ് ക്ലിക്ക് മടി കാണിച്ചില്ല എന്നത് മാത്രം.

ജേണലിസ്റ്റുകൾ ഇങ്ങനെ ഇരയാക്കപ്പെടുന്നു. അവർക്ക് ജീവിതം മാത്രമല്ല, ചിലപ്പോൾ ജീവനും നഷ്ടമാകുന്നു. ചിലർ രക്തസാക്ഷികളാകുന്നു. പക്ഷേ ചിലരുണ്ട്. ഏത് സമയവും കൊല്ലപ്പെടും എന്ന അവസ്ഥയിലും, കാമറയുമായി ലോകത്തിന് നേർവാർത്ത നൽകാനിറങ്ങുന്ന ഗസ്സ ജേണലിസ്റ്റുകൾ. ഇക്കൊല്ലത്തെ വാൻ-ഇഫ്ര പ്രസ്സ് ഫ്രീഡം അവാർഡ് അവർക്കാണ്.

ഇന്ത്യയിലായാലും മറ്റിടങ്ങളിലായാലും ജേണലിസ്റ്റുകൾ വേട്ടയാടപ്പെടുന്നതിന് ഒരു അർഥമേ ഉള്ളൂ: അവരെ ഭരണകൂടങ്ങൾ ഭയക്കുന്നു എന്ന്. അതുകൊണ്ടുതന്നെ ആദരിക്കപ്പെടേണ്ടവരാണ് അവർ.

ഫുട്ബോൾ: ആരവം തുടങ്ങി

ഫിഫ ഫുട്ബോളാണ് മാധ്യമങ്ങളിൽ നിറയെ. ചുരുങ്ങിയത്, ഇവിടെ അങ്ങനെയാണ്. പക്ഷേ മത്സരം തുടങ്ങിയ ദിവസം ആതിഥേയ രാജ്യങ്ങളായ അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലും പത്രങ്ങൾ ആഘോഷത്തിലായിരുന്നെന്ന് കരുതിയെങ്കിൽ തെറ്റി. അവിടങ്ങളിലുള്ളതിനേക്കാൾ മാധ്യമആരവം ഇവിടെയാണ്—ഇന്ത്യയിൽ, കേരളത്തിൽ. ഫുട്ബോൾ ജ്വരം ലാറ്റിനമേരിക്കയിലും യൂറോപ്പിലുമൊക്കെ കാണാമെങ്കിലും, പത്രങ്ങളിൽ അത് ഏറ്റവുമധികം പ്രതിഫലിച്ച് കാണുന്നത് കേരളത്തിലാണെന്ന് തോന്നുന്നു.

TAGS :