Quantcast
MediaOne Logo

ദുസ്സഹമായി മാറുന്ന മാധ്യമ പ്രവര്‍ത്തനം

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍സ് തയ്യാറാക്കിയ ലോക മാധ്യമ സ്വാതന്ത്ര സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴെ തട്ടിലാണ്. 2014 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷം കഴിയും തോറും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് കൂപ്പ് കുത്തി കൊണ്ടിരിക്കുന്നു.

ദുസ്സഹമായി മാറുന്ന മാധ്യമ പ്രവര്‍ത്തനം
X

മണിപ്പൂര്‍ കലാപത്തെ കുറിച്ച് വസ്തുതാന്വഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് മാധ്യമ എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ മണിപ്പൂര്‍ പോലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സീമ മുസ്തഫ, വസ്തുതാന്വഷണ സമിതി അംഗങ്ങളായ സീമ ഗുഹ, ഭരത് ഭൂഷണ്‍, സഞ്ജയ് കപൂര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും നടക്കുന്ന കേസെടുത്ത് വായടപ്പിക്കാനുള്ള ശ്രമങ്ങളും മറ്റു അക്രമ സംഭവങ്ങളും ഈയടുത്ത കാലത്തായി വര്‍ധിച്ചു വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്യാതി കാര്യങ്ങള്‍ക്കെല്ലാം ഇരയാവുന്നവര്‍ സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ അനുകൂല വ്യക്തികളുടെയോ അല്ലെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ അഴിമതികളോ വീഴ്ച്ചകളോ ചൂണ്ടി കാണിക്കുന്നവരാണ് എന്നത് കൂട്ടിവായിക്കണം.

ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം തീരെ സുരക്ഷിതമല്ലാത്ത ഒരു തൊഴിലായി മാറിയിരിക്കുന്നു. ഒരുവശത്ത് മാധ്യമ പ്രവര്‍ത്തകരെ ഭരണാധികാരികളുടെ കുഴലൂത്തുകാരെന്ന് അടക്കി വിമര്‍ശിക്കുമ്പോഴും ചെറുതെങ്കിലും ഒരു പറ്റം മാധ്യമപ്രവര്‍ത്തകര്‍ വലിയ ത്യാഗം ചെയ്ത് ഒഴുക്കിനെതിരില്‍ നീന്തുന്നത് കാണാതിരുന്നു കൂടാ. അത്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇവിടെ അതിക്രമങ്ങളുണ്ടാകുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുമ്പോഴും ഭരണകൂടം തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരുമ്പ് കൂടുകള്‍ പണിയുയാണ്.


കുറച്ചു ദിവസം മുമ്പാണ് ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ മുസഫര്‍ നഗര്‍ പൊലീസ് കേസെടുത്തത്. മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ ഏഴു വയസുകാരനായ വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനാണ് സുബൈറിനെതിരെ അന്ന് കേസെടുത്തിരുന്നത്. എന്നാല്‍, തനിക്ക് പൊലീസ് നോട്ടീസോ മറ്റു വിവരമോ കിട്ടിയിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ നിന്നാണ് കേസെടുത്തത് അറിഞ്ഞതെന്നുമാണ് അന്ന് സുബൈര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്. വീഡിയോ പങ്കുവെച്ച മറ്റുള്ളവരെ ഒഴിവാക്കി എഫ്.ഐ.ആറില്‍ എന്റെ പേര് മാത്രം ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും, മുമ്പും എന്നെ മാത്രം ലക്ഷ്യം വെച്ച് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുബൈര്‍ വ്യക്തമാക്കിയിരുന്നു. ഹത്രാസില്‍ ദലിത് ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വഴിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പന്‍ മാസങ്ങളോളമാണ് ചെയ്ത തെറ്റെന്തെന്നറിയാതെ ജയിലിനുള്ളില്‍ കിടന്നത്. കേരളത്തിലെ രണ്ട് മാധ്യമങ്ങള്‍ ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായ സംഭവം ഒറ്റപ്പെട്ടതല്ല.

1992 മുതല്‍ 2015 വരെ നാല്‍പതിലധകം പത്രപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടു. അതില്‍ ഇരുപത്തിയേഴ് പേരുടെയും കൊലപാതകം അവരുടെ എഴുത്തും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഭരണം കയ്യാളുന്നവര്‍ ചെയ്തു കൂട്ടുന്ന ചെയ്തികള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിക്കുമ്പോള്‍ അവരെ അക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുകയാണ്. റിപ്പോര്‍ട്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേര്‍സ് തയ്യാറാക്കിയ ലോക മാധ്യമ സ്വാതന്ത്ര സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴെ തട്ടിലാണ്. 2014 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷം കഴിയും തോറും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് കൂപ്പ് കുത്തി കൊണ്ടിരിക്കുന്നു. 2014 ല്‍ 140-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് 2015 ല്‍ 136 ലേക്കും 2016 ല്‍ 133-ാം സ്ഥാനത്തേക്കും 2017 ല്‍ 136-ാം സ്ഥാനത്തേക്കും 2018 ല്‍ 138-ാം സ്ഥാനത്തേക്കും 2019 ല്‍ 140-ാം സ്ഥാനത്തേക്കും 2020-21 വര്‍ഷങ്ങളില്‍ 142 -ാം സ്ഥാനത്തേക്കും 2022 ല്‍ 150-ാം സ്ഥാനത്തേക്കും 2023 ല്‍ 161-ാം സ്ഥാനത്തും എത്തിപ്പെട്ടു. മാധ്യമങ്ങളുടെ സ്വാത്യന്ത്ര്യം ഉറപ്പുവരുത്താതെ ഒരു സമൂഹത്തിന്റെയും ജനാധിപത്യ മൂല്യം പൂര്‍ണ്ണമാവില്ല. ഇന്ത്യ അക്കാര്യത്തില്‍ അപകടകരമായ നാളെകളെയാണ് കാത്തിരിക്കുന്നത്.


TAGS :