Quantcast
MediaOne Logo

യാസീന്‍ അശ്‌റഫ്

Published: 25 Jun 2026 12:51 PM IST

മോദിയുടെ റെക്കോഡിനുണ്ട്, ഒരു മറുവശം | അമേരിക്കൻ മണ്ണിൽ ഇറാൻ പതാക വിരിച്ചപ്പോൾ

മോദി അധികാരത്തിലേറുന്നതിന്‍റെ രണ്ടുവർഷം മുൻപ്, 2011 നവംബറിൽ, ടൈം മാഗസിൻ യൂറോപ്പ് എഡിഷൻ ആഗോള രംഗത്ത് വരാനിരിക്കുന്ന അതിശക്തരെപ്പറ്റി ചെയ്ത കവർ സ്റ്റോറി ഇന്ത്യയെ ചിത്രീകരിച്ചത്, ചൈനക്കൊപ്പം ആഗോള സാമ്പത്തിക ശക്തിയാകാൻ പോകുന്ന രാജ്യമെന്ന നിലക്കായിരുന്നു. എന്നാൽ ആ സ്ഥാനം പിന്നീട് നഷ്ടമായി. മൂന്നു ട്രില്യൺ സമ്പദ് വ്യവസ്ഥ എന്ന സ്വപ്നവും ഇപ്പോൾ കേൾക്കുന്നില്ല

മോദിയുടെ റെക്കോഡിനുണ്ട്, ഒരു മറുവശം |  അമേരിക്കൻ മണ്ണിൽ ഇറാൻ പതാക വിരിച്ചപ്പോൾ
X

മോദിയുടെ റെക്കോഡിനുണ്ട്, ഒരു മറുവശം

പുതിയ ഒരു റെക്കോഡ് ആണ് വാർത്ത. അല്ല മെസ്സിയുടെ ഫുട്ബോൾ റെക്കോഡല്ല. അതൊക്കെ ചെറുത്. ഇത്, നരേന്ദ്രമോദിയുടെ ഭരണ റെക്കോഡ്. പ്രധാനമന്ത്രി പദവിയിൽ 4399 ദിവസം തികച്ചതാണ് റെക്കോഡ്. നെഹ്രുവിനെയും പിന്നിലാക്കി എന്ന്.

ഭരണപക്ഷം തന്നെ അതൊരു രാഷ്ട്രീയ നേട്ടമായേ കണ്ടുള്ളൂ. ഇതുതന്നെ “ടി ആൻഡ് സി” (Terms and Conditions Apply) രൂപത്തിലാണ്: നിബന്ധനകൾക്ക് വിധേയം. ന്യൂസ് ലോണ്ട്റിയിൽ മനീഷ പാണ്ഡെ അതാണ് പറയുന്നത്. നെഹ്റു 1947 മുതൽ 1964 വരെ പ്രധാനമന്ത്രിയായിരുന്നു—6000ത്തിലധികം ദിവസങ്ങൾ. പക്ഷേ 1952ലെ ആദ്യ തെരഞ്ഞെടുപ്പ് മുതലുള്ള കണക്കേ ബിജെപി എടുക്കുന്നുള്ളൂ. ഇന്ദിരാഗാന്ധിയും മോദിയെക്കാൾ കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്; തുടർച്ചയായിട്ടല്ല എന്ന് മാത്രം.

അതായത്, മോദി നെഹ്‌റുവിന് മുന്നിലെത്തണമെങ്കിൽ ആദ്യ തെരഞ്ഞെടുപ്പുവരെയുള്ള നെഹ്‌റു ഭരണം കണക്കിൽനിന്ന് ഒഴിവാക്കണം. ഇന്ദിരയും മോദിക്ക് മുന്നിലാണ്; പക്ഷേ തുടർച്ചയായല്ല. അതുകൊണ്ട് മോദി ഒന്നാം സ്ഥാനത്ത് എത്തുന്നത് നിബന്ധനകളോടെയാണ്.

ഭരണത്തിൽ ഇരിക്കുന്ന ദിവസങ്ങളുടെ എണ്ണം ആഘോഷിക്കുന്ന ഈ മാധ്യമങ്ങൾ അത്രയും ദിവസം പ്രധാനമന്ത്രി എങ്ങനെ ഭരിച്ചു എന്ന് പരിശോധിച്ചു. ജൻധൻ യോജന, ഹൈവേ വികസനം തുടങ്ങി പലതും.

ബിജെപിക്ക് ഇതും ആഘോഷം. അതേസമയം പ്രതിപക്ഷം മോദിയുടെ കുറെ വാഗ്ദാനങ്ങൾ പാഴ്വാക്കായത് ചൂണ്ടിക്കാട്ടി.

ദൂരദർശനിൽ മോദിയുടെ നേട്ടങ്ങളായി എടുത്തു പറഞ്ഞ മൂന്ന് കാര്യങ്ങൾ: ആഭ്യന്തര രംഗവും ജനക്ഷേമവും,, വിദേശങ്ങളിലെ പ്രതിച്ഛായ,, സാമ്പത്തിക രംഗം.. ഇത് മൂന്നും മോദിക്കെതിരായ വിമർശനങ്ങളുടെയും പ്രധാന വിഷയങ്ങളാണ്.

വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ ഖ്യാതി വളർന്നു എന്ന അവകാശവാദം ശരിയാണോ? മോദിഭരണത്തിലെ നാഴികക്കല്ല് രാജ്യത്തിന്‍റെ യഥാർത്ഥ സ്ഥിതി പരിശോധിക്കുവാനുള്ള സന്ദർഭമാക്കാമായിരുന്നു.

പലപ്പോഴായി വന്ന വാർത്തകൾ വെച്ച് മൂന്ന് പ്രധാന മേഖലകളെ പരിശോധിച്ചു നോക്കാം. ആഭ്യന്തര രംഗവും ജലക്ഷേമവും; വിദേശങ്ങളിലെ പ്രതിച്ഛായ; സാമ്പത്തിക രംഗം എന്നിവ. ആഭ്യന്തര രംഗത്ത് ഇന്ത്യക്കാരുടെ അനുഭവം മാധ്യമപ്രചാരണങ്ങളിൽ നിന്ന് ഭിന്നമാണ്.

സർക്കാർ ഏജൻസികളുടെ കാര്യം തന്നെയെടുക്കുക. മാധ്യമങ്ങളെ സർക്കാറിന്‍റെ സ്വന്തക്കാർ വാങ്ങും, അല്ലെങ്കിൽ ഏജൻസികളെ വിട്ടും കേസെടുത്തും വേട്ടയാടും. സർക്കാർ ഏജൻസികളെ പാർട്ടിക്ക് പണമുണ്ടാക്കാനും ഉപയോഗിക്കുന്നതായി ന്യൂസ് ലോണ്ട്റിയും ന്യൂസ് മിനിറ്റും രണ്ടുവർഷം മുൻപ് നടത്തിയ സംയുക്ത അന്വേഷണത്തിൽ സൂചന കിട്ടി.

കമ്പനികൾക്ക് ഏജൻസികൾ നോട്ടീസ് കൊടുക്കുന്നു; ചിലപ്പോൾ മേധാവികളെ അറസ്റ്റ് ചെയ്യുന്നു; അവരെ പിന്നെ വിട്ടയക്കുന്നു; വൈകാതെ കമ്പനികൾ ബിജെപിക്ക് സംഭാവന നൽകുന്നു. പല കമ്പനികളുടെ കാര്യത്തിലും ഇങ്ങനെ നടന്നതായി അന്വേഷണത്തിൽ കണ്ടു.

ഇത്തരം അന്വേഷണങ്ങൾ ഇപ്പോൾ കൂടുതലായി ചെയ്യുന്നത് പാരമ്പര്യ മാധ്യമങ്ങളല്ല, നവമാധ്യമങ്ങളാണ്. ഇതെല്ലാം തിരുത്തിക്കാനുള്ള ശേഷി ജുഡീഷ്യറിയിലും കുറഞ്ഞുവരുന്നു. പിന്നെ, മാധ്യമങ്ങളുടെ കാര്യം.

ഏഷ്യൻ ന്യൂസ് ഇൻറർനാഷണൽ (എഎൻഐ) എന്ന വാർത്തഏജൻസി മുമ്പേ മോദി കീർത്തനം ശീലമാക്കിയിരുന്നു. മോദിയുടെ വിദേശയാത്ര സംബന്ധിച്ച എഎൻഐ കവറേജിൽനിന്ന്.

ഒരു ഭാഗത്ത് സർക്കാർപക്ഷ മാധ്യമ ഭീമന്മാരും ഏജൻസികളും; മറുപക്ഷത്ത് ശബ്ദം കേൾപ്പിക്കാൻ വല്ലപ്പോഴും ഇറങ്ങുന്ന ജനപക്ഷ കൂട്ടായ്മകൾ. കോക്‌റോച്ച് പാർട്ടിയുടെ നേതാവ് അഭിജിത്ത് ദിപ്കെ, ഗോദി മീഡിയയോട് സംസാരിക്കില്ലെന്ന് ശപഥം ചെയ്തയാളാണ്.

ഇന്ത്യൻ സമൂഹത്തിൽ ജനങ്ങളുടെ ശബ്ദം അമർത്തപ്പെടുന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് ന്യൂസ് ക്ലിക്കിനെതിരായ കേസ്. ജനതാൽപര്യം അടിച്ചൊതുക്കപ്പെടുമ്പോഴും ഉയരുന്ന മറ്റൊരു സ്വരമുണ്ട്: വിദ്വേഷത്തിന്‍റെ സ്വരം. കഴിഞ്ഞ 12 വർഷങ്ങളിൽ അത് പടർന്നു പടർന്നു ഉച്ചത്തിലായി; അധികാരം നിലനിർത്തുന്നതിൽ നിർണായകമായി.

മോദിക്ക് കീഴിൽ ഭരണസംവിധാനങ്ങൾ വിദ്വേഷത്തെയും ധ്രുവീകരണത്തെയും വെച്ചുപൊറുപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; പ്രധാനമന്ത്രി മുതൽ വിദ്വേഷപ്രചാരണത്തിന് പിന്തുണ നൽകുന്നുമുണ്ട്.

നാട്ടിലെ ഹിംസ മാത്രമല്ല പ്രശ്നം. യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവ അടക്കം വിദേശങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ഇതെല്ലാം ബാധിച്ചു.

നാസി ജർമ്മനി അനുഭവിച്ച അതേ വിദ്വേഷ ഘട്ടമാണിതെന്ന് വംശഹത്യാ പണ്ഡിതർ പറയുന്നു.

മനുഷ്യാവകാശ ധ്വംസനം, അതിനുപുറമേ മറുവശത്ത് കുറ്റവാളികളെ ശിക്ഷിക്കാതിരിക്കൽ. ഇത് രണ്ടും വർദ്ധിക്കുകയാണ്.

മോദിയുടെ റെക്കോഡ് ഭരണത്തിന്‍റെ മോശം വശങ്ങൾ നിസ്സാരമേയല്ല. ധ്രുവീകരണവും ഭരണ തകർച്ചയും രാജ്യത്തെ തളർത്താൻ പോന്നത്ര വലുതാണ്.

കരുത്ത് ചോർന്ന സമ്പദ് വ്യവസ്ഥ വാർത്തക്ക് പുറത്ത്

മോദിക്ക് കീഴിൽ ഇന്ത്യ ആഭ്യന്തരമായി എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞു വന്നത്. പൗരന്മാർ ഭരണകൂടത്തെ തീരുമാനിക്കേണ്ടിടത്ത് ഭരണകൂടം പൗരന്മാരെ തീരുമാനിക്കുന്ന സ്ഥിതി വന്നു. സാമ്പത്തിക രംഗത്തു നാം എത്രത്തോളം മുന്നേറി?

നോട്ട് നിരോധനം തൊട്ട് തുടങ്ങി, താഴോട്ടുള്ള പതനം. ഇപ്പോൾ ഇതാ യുദ്ധവും മറ്റുംകൂടി വന്നപ്പോൾ ആ സ്വപ്നങ്ങൾക്ക് എന്ത് സംഭവിച്ചു/

മോദി അധികാരത്തിലേറുന്നതിന്‍റെ രണ്ടുവർഷം മുൻപ്, 2011 നവംബറിൽ, ടൈം മാഗസിൻ യൂറോപ്പ് എഡിഷൻ ആഗോള രംഗത്ത് വരാനിരിക്കുന്ന അതിശക്തരെപ്പറ്റി ചെയ്ത കവർ സ്റ്റോറി ഇന്ത്യയെ ചിത്രീകരിച്ചത്, ചൈനക്കൊപ്പം ആഗോള സാമ്പത്തിക ശക്തിയാകാൻ പോകുന്ന രാജ്യമെന്ന നിലക്കായിരുന്നു. എന്നാൽ ആ സ്ഥാനം പിന്നീട് നഷ്ടമായി. മൂന്നു ട്രില്യൺ സമ്പദ് വ്യവസ്ഥ എന്ന സ്വപ്നവും ഇപ്പോൾ കേൾക്കുന്നില്ല.

പണം ചെലവിടുന്നതിലെ “മിടുക്ക്” മനസ്സിലാക്കാൻ പുതിയ ഐഐടി പഠനത്തിലെ ഒരു വിവരം മതി. കെടുകാര്യസ്ഥതക്ക് പുറമേ അഴിമതി അഴിമതിയും ഉണ്ട്, അതിന്‍റെ പല വകഭേദങ്ങളിൽ.

സമ്പദ് രംഗത്ത്, വിധേയമാധ്യമങ്ങൾ പറയാൻ മടിക്കുന്ന ചിലതാണിത്. മോദിക്കുമുമ്പ്, ചൈനയോട് കിടപിടിക്കുന്നതായി ആഗോളമാധ്യമങ്ങൾ പറഞ്ഞിരുന്ന നമ്മൾ ഇന്ന് പിറകോട്ടു പോയിരിക്കുന്നു.

എല്ലാറ്റിനുമുപരിയായി, പ്രൊഫസർ അപൂർവാനന്ദ് ഉയർത്തുന്ന വലിയൊരു വിഷയമുണ്ട്: മോദി ഭരണം ഇന്ത്യയുടെ ആത്മാവിനേൽപ്പിച്ച ആഘാതം.

ഗുണദോഷങ്ങൾ അളക്കാവുന്നവയും അളക്കാൻ ആകാത്തവയുമുണ്ട്. എത്ര വർഷം ഭരിച്ചു എന്നതിനേക്കാൾ പ്രധാനമാണ് എങ്ങനെ ഭരിച്ചു എന്നത്.

അമേരിക്കൻ മണ്ണിൽ ഇറാൻ പതാക വിരിച്ചപ്പോൾ

ഇറാനുമായുള്ള യുദ്ധം അമേരിക്ക തന്നെ അവസാനിപ്പിച്ചു. എന്നാൽ ഇതേ സമയത്ത് നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ അമേരിക്കയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളി നന്നായി നടക്കുന്നുണ്ട്.ഇറാനെതിരെ അനാവശ്യമായി ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു ട്രംപ്. ഒരു യുദ്ധത്തിന് തന്നെ കോപ്പുകൂട്ടുകയായിരുന്നു. ഇപ്പോൾ കളിക്കളത്തിൽ ഇറാൻ ടീമിനെ സ്റ്റേഡിയം വരവേറ്റരീതി, അമേരിക്കയോടുള്ള രോഷപ്രകടനം കൂടിയായിരുന്നു.

ഫുട്ബോളിന്‍റെ സൗന്ദര്യത്തിനൊപ്പം അമേരിക്കയുടെ അൽപത്തവും കാണുകയാണ് ലോകം.

TAGS :