Quantcast
MediaOne Logo

മീനു മാത്യു

Published: 22 Jun 2023 11:00 AM GMT

നരേന്ദ്രമോദി യു.എസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുമ്പോള്‍

യു.എസ് കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ രണ്ടു വട്ടം അഭിസംബോധന ചെയ്യുക എന്ന അപൂര്‍വ ബഹുമതിക്കാണ് മോദി അര്‍ഹനാകുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല തുടങ്ങിയ ചുരുക്കം ചില ലോക നേതാക്കള്‍ മാത്രമാണ് യു.എസ് കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ രണ്ടു വട്ടം ഇതിനുമുന്‍പ് അഭിസംബോധന ചെയ്തിട്ടുള്ളത്.

നരേന്ദ്രമോദിയുടെ യു.എസ് വിസിറ്റ്
X

2014 ല്‍ അധികാരമേറ്റ ശേഷം തന്റെ ഒന്‍പത് വര്‍ഷത്തെ ഭരണകാലയളവില്‍ നിരവധി തവണ അമേരിക്ക സന്ദര്‍ശിച്ച പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക 'യു.എസ് സ്റ്റേറ്റ് വിസിറ്റ്' ആണ് നടന്നുകൊണ്ടിരിക്കുന്നത്. യു.എസ് നയതന്ത്ര പ്രോട്ടോകോള്‍ പ്രകാരം അമേരിക്ക ഒരു വിദേശ രാജ്യത്തിന് നല്‍കുന്ന പരമോന്നത സന്ദര്‍ശന ക്ഷണമാണിത്. ഉഭയ കക്ഷി-സാമ്പത്തിക-സാങ്കേതിക കൂടിക്കാഴ്ചകള്‍, പ്രതിരോധ കരാറുകള്‍, യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലെ പങ്കാളിത്തം, വ്യാവസായിക പ്രമുഖരുമായുള്ള ചര്‍ച്ചകള്‍ എന്നിങ്ങനെ നിരവധി സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സന്ദര്‍ശനം സാധാരണത്തേതിലും ഏറെ അധിക ഔപചാരികതകള്‍ നിറഞ്ഞതാണ്.

ഇന്ത്യ-യു.എസ് ബന്ധത്തിന്റെ സമഗ്രമായ പരിവര്‍ത്തനത്തിന് അടിത്തറയിടാന്‍ കെല്‍പ്പുള്ളതെന്നാണ് നീരിഷകര്‍ ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്. ഇന്തോ-യുഎസ് പങ്കാളിത്തത്തിന്റെ ഉര്‍ജ്ജസ്വലതയുടെയും ചൈതന്യത്തിന്റെയും പ്രതിഫലനമായ ഈ സന്ദര്‍ശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വൈവിധ്യവും സമ്പന്നമാക്കാനുള്ള അവസരം കൂടിയാണെന്നാണ് നരേന്ദ്ര മോദി വിലയിരുത്തിയത്. ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് ശക്തമായി നിലകൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

2014 ലായിരുന്നു വര്‍ക്കിംഗ് വിസിറ്റ് പ്രകാരമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദര്‍ശനം. പിന്നീട് 2016 ലും സമാനമായി അമേരിക്കയില്‍ എത്തിയ അദ്ദേഹം 2017 ലാണ് ആദ്യമായി ഔദ്യോഗിക വര്‍ക്കിംഗ് വിസിറ്റില്‍ അമേരിക്കയില്‍ എത്തുന്നത്. 2019 ല്‍ ടെക്‌സസിലെ ഹുഡ്‌സണില്‍ വച്ചു നടത്തപ്പെട്ട ഒരു റാലിയിലും അദ്ദേഹം പങ്ക് ചേര്‍ന്നിരുന്നു. ലോകമെങ്ങും കോവിഡ് 19 മഹാമാരി പൊട്ടി പുറപ്പെട്ടതിന് ശേഷമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദര്‍ശനം 2019 ലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം എന്ന പ്രത്യേകത കൂടി അതിനുണ്ട്. ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതിനൊപ്പം അന്ന് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും 76-ാമത് ഐക്യരാഷ്ട്ര പൊതുസഭാ യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു മോദി. ഒരു ഇന്ത്യന്‍ നേതാവോ ഭരണാധികാരിയോ അവസാനമായി യു.എസ് സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കപ്പെടുന്നത് 2009 ലാണ്. 2009 നവംബര്‍ 23 മുതല്‍ 25 വരെ നീണ്ടു നിന്ന ആ സന്ദര്‍ശനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന്‍ സിംഗാണ്. ജോ ബൈഡന്റെ അധികാര കാലയളവില്‍ ഈ ബഹുമതിക്ക് അര്‍ഹനകുന്ന മൂന്നാമത്തെ വിദേശ നേതാവാണ് നരേന്ദ്ര മോദി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയാണ് 2022 ല്‍ സ്റ്റേറ്റ് വിസിറ്റിനായി ബൈഡന്‍ ആദ്യം സ്വാഗതം ചെയ്യുന്നത്. കോവിഡ് -19 ലോകത്തെ കീഴടക്കിയതിലൂടെ, അധികാരമേറ്റ ശേഷം രണ്ട് വര്‍ഷമാണ് ബൈഡന് തന്റെ ആദ്യ സ്റ്റേറ്റ് വിസിറ്റിന് ആതിഥേയത്വം വഹിക്കാന്‍ കാത്തിരിക്കേണ്ടി വന്നത്. പിന്നീട് 2022 ല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോളിനാണ് ബൈഡന്‍ രണ്ടാമതായി ആതിഥേയത്വം വഹിക്കുന്നത്. യു.എസും ദക്ഷിണ കൊറിയയും തമ്മിലുള്ള സഖ്യത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ സ്മരണ പുതുക്കല്‍ കൂടിയായിരുന്നു സുക് യോളിന്റെ സന്ദര്‍ശനം.


ഇന്ത്യയിലെയും അമേരിക്കയിലെയും ആഭ്യന്തര-പ്രാദേശിക രാഷ്ട്രീയ അന്തരീക്ഷം കലുക്ഷിതമായിരിക്കുന്ന പശ്ചാത്തലത്തിലും, ഇരു നേതാക്കളും വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ് എന്ന സാഹചര്യത്തിലും ഇത്തവണത്തെ സ്റ്റേറ്റ് വിസിറ്റ് ഏറെ നിര്‍ണായകമാണ്. മോദിയെ സംബന്ധിച്ചിടത്തോളം യു.എസിലെ അദ്ദേഹത്തിന്റെ മുന്‍കാല പൊതുപരിപാടികള്‍ എല്ലാം തന്നെ വിജയമായിരുന്നു. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ക്ക് യു.എസില്‍ കാര്യമായ സ്വാധീനമുണ്ടെന്നും അവരുടെ ഇടയില്‍ തന്റെ സ്ഥാനം ചെറുതല്ലെന്നും അത്തരം പരിപാടികളിലൂടെ മോദി യു.എസ് ഭരണകൂടത്തിനും മനസ്സിലാക്കികൊടുത്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ തന്റെ പ്രതിച്ഛായയും ഇന്ത്യയുടെ ആഗോളനിലയും ശക്തിപ്പെടുത്താന്‍ യു.എസ് സഹായം അദ്ദേഹം ലക്ഷ്യമിടുന്നുമുണ്ട്. അതിനാല്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദിയുടെ ഒരു നിര്‍ണായക ചുവടുവെപ്പായും ഇതിനെ കാണാം.

ജനറല്‍ ഇലക്ട്രിക് കമ്പനിയുടെ ജി.ഇ 414 ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയുടെ കൈമാറ്റമാണ് ഇരു രാജ്യങ്ങളും ഏറെ താല്‍പര്യത്തോടെ ഉറ്റു നോക്കുന്നത്. എഫ് 414 ജെറ്റ് എന്‍ജിന്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ സഹായത്തോടെ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രതിരോധ കരാറുകളില്‍ ഇരുവരും ഒപ്പുവെക്കും. വ്യോമയാന സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ ഈ എന്‍ജിനുകള്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ കരാര്‍ വഴിവെക്കും. ഇത്തരം എന്‍ജിനുകള്‍ സ്വന്തം നിലക്ക് നിര്‍മിക്കാനുള്ള ഡി.ആര്‍.ഡി.ഒ യുടെ ശ്രമങ്ങള്‍ക്കും ഇത് കരുത്ത് പകരും.


മറ്റൊന്ന് സെമി കണ്ടക്ടര്‍ (അര്‍ദ്ധചാലക) വ്യവസായത്തിലെ നിക്ഷേപങ്ങളാണ്. 5ജി, 6ജി ടെലികോം നെറ്റ് വര്‍ക്കുകളുടെ നവീകരണവും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അവയുടെ ഉപയോഗ സാധ്യതകളും ചര്‍ച്ചകളില്‍ ഉണ്ടാവും. ഒപ്പം ക്വാണ്ടം കമ്പ്യൂട്ടിംഗിലെ പുതുമകള്‍, 30 എംക്യു-9ബി സായുധ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ എന്നിവയും ചര്‍ച്ച ചെയ്യപ്പെടും. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രസ്തുത സമ്മേളനത്തെ രണ്ടു വട്ടം അഭിസംബോധന ചെയ്യുക എന്ന അപൂര്‍വ ബഹുമതിക്കും ഇതുവഴി മോദി അര്‍ഹനാകും. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല തുടങ്ങിയ ചുരുക്കം ചില ലോക നേതാക്കള്‍ മാത്രമാണ് യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടു വട്ടം ഇതിനുമുന്‍പ് അഭിസംബോധന ചെയ്തിട്ടുള്ളത്.

2016 ജൂണിലായിരുന്നു മോദി ആദ്യമായി യു.എസ് കൊണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെ സമ്പന്നമാക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചതിനൊപ്പം യു.എസുമായി ഇടപഴകാനുള്ള ഇന്ത്യയുടെ 'ചരിത്രപരമായ നിസംഗത' തന്നിലൂടെ അവസാനിച്ചുവെന്നും അന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിക്കുന്ന ആറാമത്തെ ഇന്ത്യന്‍ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി. ജവഹര്‍ലാല്‍ നെഹ്‌റു (1949), രാജീവ് ഗാന്ധി (1985), പി.വി നരസിംഹ റാവു (1994), അടല്‍ ബിഹാരി വാജ്‌പേയി (2000), മന്‍മോഹന്‍ സിംഗ് (2005) എന്നിവരാണ് മറ്റുള്ളവര്‍.

ഇന്ത്യയുടെ ഇത്തവണത്തെ യു.എസ് സ്റ്റേറ്റ് വിസിറ്റ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തെയും പങ്കാളിത്തത്തെയും ഊട്ടിയുറപ്പിക്കുന്നതാണെന്നും, അതിനാല്‍ തന്നെ അത് അവിശ്വസനീയമാം വിധം പ്രാധാന്യം അര്‍ഹിക്കുന്നു എന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി സന്ദര്‍ശനത്തിന് മുന്നോടിയായി അഭിപ്രായപ്പെട്ടത്. ഇരു രാജ്യങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ക്കൊപ്പം, സാങ്കേതിക-പ്രതിരോധ മേഖലകളുടെ ഉന്നമന മാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടുകയും, സ്വതന്ത്രവും തുറന്നതും സമൃദ്ധവും സുരക്ഷിതവുമായ ഇന്തോ-പസഫിക്കിനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും ചേര്‍ന്ന് അറിയിക്കും ചെയ്യും എന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.


ഇന്ത്യ-യു.എസ് ബന്ധത്തിലൂടെ ഉറ്റു നോക്കുന്ന ഗണ്യമായ പുരോഗതികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും സൂചിപ്പിച്ചിരുന്നു. സാങ്കേതിക സഹകരണം ഉറപ്പാക്കുക, വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുക, രാഷ്ട്രീയ വിന്യാസം ഉറപ്പാക്കുക, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് സന്ദര്‍ശനം ലക്ഷ്യമാക്കുന്നത് എന്നാണ് ജയശങ്കര്‍ അഭിപ്രായപ്പെട്ടത്. യു.എസ്-ഇന്ത്യ പങ്കാളിത്തത്തില്‍ ഒരു പുതിയ യുഗമാവും ഇവിടെ പിറക്കാന്‍ പോകുന്നത് എന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ പുരാതന ജനാധിപത്യ രാജ്യങ്ങള്‍ ഐക്യത്തോടെ നിലകൊള്ളുകയും, ആഗോള വെല്ലുവിളികളെ ഒരുമയോടെ നേരിട്ട് കൂടുതല്‍ സമ്പന്നവും സുരക്ഷിതവുമായ ഭാവിയെ സൃഷ്ടിക്കുകയും ചെയ്യും എന്ന് ഇരു രാജ്യങ്ങളും ഉറപ്പ് നല്‍കുന്നു.

ജൂണ് 21 ന് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രിയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ ഔദ്യഗിക യു.എസ് സന്ദര്‍ശനത്തിന്റെ തുടക്കം കുറിച്ചത്. വാഷിംഗ്ടണ്‍ ഡി.സിയിലെത്തുന്ന പ്രധാന മന്ത്രിക്ക് വൈറ്റ് ഹൗസില്‍ ആചാരപരമായ സ്വീകരണവും, ഔദ്യോഗിക അത്താഴവിരുന്നും നല്‍കുക പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേര്‍ന്നാണ്. ബൈഡനുമയുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജൂണ്‍ 22 ന് യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ലോകോത്തര ബിസിനസ്സ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മാസ്റ്റര്‍കാര്‍ഡ്, ആക്‌സെഞ്ചര്‍, കൊക്കകോള, അഡോബ് സിസ്റ്റംസ്, വിസ എന്നിവയുള്‍പ്പെടെ 20 മുന്‍നിര അമേരിക്കന്‍ കമ്പനികള്‍ പങ്കെടുക്കും. വാഷിംഗ്ടണിലെ ജോണ്‍ എഫ്. കെന്നഡി സെന്ററില്‍വെച്ച്, ക്ഷണിക്കപ്പെട്ട 1,500 ലധികം പ്രവാസികളുടെയും ബിസിനസ്സ് നേതാക്കളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തതിനും ശേഷമായിരിക്കും അദ്ദേഹം ഈജിപ്ത്തിലേക്ക് തിരിക്കുക. സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സന്ദര്‍ശനം.

TAGS :