Quantcast
MediaOne Logo

ഒ.പി രവീന്ദ്രന്‍

Published: 30 May 2022 11:55 AM GMT

എയ്ഡഡ് നിയമനം : ബാലനാണ് ശരി; കോടിയേരിക്ക് വിമോചനസമര ഭയം

2016 ല്‍ അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെയും മുഖ്യമന്ത്രിയായ പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ച ഒരു കാര്യം എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ 50 ശതമാനം ഒഴിവുകളിലേക്ക് സംവരണം നടപ്പാക്കും എന്നാണ്. എന്നാല്‍, പാര്‍ട്ടിയുടെ പ്രകടന പത്രികയിലടക്കം പറഞ്ഞ ഈ കാര്യത്തില്‍ നിന്നും പാര്‍ട്ടി പിന്മാറുകയാണ് ചെയ്തത്.

എയ്ഡഡ് നിയമനം : ബാലനാണ് ശരി; കോടിയേരിക്ക് വിമോചനസമര ഭയം
X
Listen to this Article

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍, അധ്യാപകര്‍ ആയിക്കോട്ടെ അനധ്യാപകരും ആയിക്കോട്ടെ, പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആവണം എന്നത് ഇന്ന് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. യഥാര്‍ഥത്തില്‍ 1959 ല്‍ കേരള എജുക്കേഷന്‍ നിയമം നടപ്പാക്കിയതോടുകൂടി കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി ആക്കിയിട്ടുണ്ട്. എന്നാല്‍, അതിനെതിരെ വലിയ ഒരു സമരം ഉണ്ടാവുകയും ആ സമരത്തെ തുടര്‍ന്ന് അന്നത്തെ ഇടതുപക്ഷ ഗവണ്‍മെന്റ് പിരിച്ചുവിട്ടു. ശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ നിലവില്‍ വന്ന ഗവണ്‍മെന്റ്, അതായത് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ വന്ന ഗവണ്‍മെന്റ് ആണ് യഥാര്‍ഥത്തില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴിയായിരിക്കണം എന്ന വിദ്യാഭ്യാസ നിയമത്തിലെ സെക്ഷന്‍ 11 റദ്ദ് ചെയ്തത്. പി.പി ഉമ്മര്‍ കോയ ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി. പി.പി ഉമ്മര്‍ കോയ നിയമസഭയില്‍ ഒരു ബില്ല് കൊണ്ടുവന്നു. വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയായിരിക്കണം എന്നും അങ്ങനെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയുള്ള നിയമനത്തില്‍ 164 പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണം എന്നൊക്കെയുള്ള വ്യവസ്ഥ താല്‍ക്കാലികമായി ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണം എന്നുള്ള ഒരു ബില്ലാണ് അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചത്. ആ ബില്ല് നിയമമാവുകയും ആ വ്യവസ്ഥ താത്കാലികമായി റദ്ദ് ചെയ്യുകയും ചെയ്തു.


എന്നാല്‍, ഒരു വര്‍ഷം തീരുന്നതിനു മുന്‍പു തന്നെ സെഷന്‍ 11 താല്‍ക്കാലികമായി റദ്ദ് ചെയ്ത് സംവിധാനം സ്ഥിരപ്പെടുത്തി, സെക്ഷന്‍ 11 സ്ഥിരമായി റദ്ദ് ചെയ്യുകയും പകരം നിയമനങ്ങള്‍ മാനേജ്‌മെന്റ്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉള്ള ഒരു വകുപ്പ് കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്തത്. അതാണ് യഥാര്‍ഥത്തില്‍ ഉണ്ടായിട്ടുള്ളത്. സെക്ഷന്‍ 11 എന്നുപറയുന്നത് അന്ന് വലിയ കോളിളക്കമുണ്ടാക്കിയ ഒരു വിഷയമായിരുന്നു. അന്നത്തെ മാനേജ്‌മെന്റ്കള്‍ അതിനെതിരെ വലിയ ശബ്ദമുണ്ടാക്കുകയും അവര്‍ വലിയ പ്രക്ഷോഭം നടത്തുകയും ഒടുവില്‍ സുപ്രീംകോടതിയുടെ തീരുമാന പ്രകാരമാണ് പിന്നീട് ആ സ്വീകരിക്കപ്പെടുന്നത്. സര്‍ക്കാര്‍ ശമ്പളം/പെന്‍ഷന്‍ നല്‍കുന്ന സ്ഥാപനം ആയതുകൊണ്ട് അവിടെയുള്ള നിയമനങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനാണ് എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍, അന്ന് ന്യൂനപക്ഷ അവകാശം ഉന്നയിച്ചുകൊണ്ടാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അതിനെ എതിര്‍ത്തിരുന്നത്. നിയമനം പബ്ലിക് സര്‍വീസ് കമ്മീഷനു വിടുക എന്നുള്ള സെക്ഷന്‍ ന്യൂനപക്ഷ വിരുദ്ധം അല്ല എന്ന് സുപ്രീംകോടതിയുടെ ആറംഗ ബെഞ്ച് അത് വളരെ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് അത് ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ നിയമം പാസാക്കിയത്. എന്നാല്‍, അത് പിന്നീട് റദ്ദാക്കുകയായിരുന്നു. അങ്ങനെയുള്ള ഒരു നിയമം റദ്ദ് ചെയ്ത് ഏതാണ്ട് 55 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

ഇന്ന് നിയമനങ്ങള്‍ മുഴുവന്‍ മാനേജ്മെന്റുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ 50-60 വര്‍ഷത്തിനിടയ്ക്ക് എന്ത് സംഭവിച്ചു എന്ന് വെച്ചാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൂരിപക്ഷം വരുന്ന, ഏതാണ്ട് 70 ശതമാനത്തോളം എയ്ഡഡ് മേഖലയായി മാറി. എയ്ഡഡ് മേഖലയിലാണ് ഭൂരിപക്ഷം അധ്യാപകരും അനധ്യാപകരുമുള്ളത്. അവിടെ സാമൂഹ്യനീതിയുടെ പ്രശ്‌നം വരുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം നിയമനം മാനേജ്‌മെന്റ് നടത്തുന്നകൊണ്ട് അവര്‍ക്ക് സംവരണം ഇല്ല. മാനേജ്‌മെന്റ് തങ്ങളുടെ സമുദായങ്ങള്‍ക്ക് വേണ്ടിയാണ് ആ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. അതു കൊണ്ടു തന്നെ ഓരോ മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും അതാത് മാനേജ്‌മെന്റ് സമുദായ അംഗങ്ങള്‍ മാത്രമാണ് ഇന്ന് നിലവിലുള്ളത്. അങ്ങനെയുള്ള സമുദായ അംഗങ്ങളുടെ വലിയ ഒരു മേഖലയായി എയ്ഡഡ് വിദ്യാഭ്യാസ മേഖല മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യ നീതി കൊണ്ടുവരണമെങ്കില്‍ നിയമനം പി.എസ്.സി വഴി ആക്കുക എന്ന് മാത്രമാണ് പരിഹാരം. ജനാധിപത്യ സ്ഥാപനമായി എയ്ഡഡ് മേഖലയെ പരിവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.


ഇടതുപക്ഷത്തിന്റെ ആശങ്കകള്‍

കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ അങ്ങനെ ഒരു പ്ലാന്‍ ഇല്ല എന്നാണ്. എ.കെ ബാലന്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. കോടിയേരി പറയുന്നത് തന്റെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം പറയുന്നത് തന്നെ ശരിയല്ല എന്നാണ്. ഗവണ്‍മെന്റ് വക്താവായി കൊണ്ടാണ് അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. പ്രധാനപ്പെട്ട മറ്റൊരു കാര്യം 2016 ല്‍ അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെയും മുഖ്യമന്ത്രിയായ പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ച ഒരു കാര്യം എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ 50 ശതമാനം ഒഴിവുകളിലേക്ക് സംവരണം നടപ്പാക്കും എന്നാണ്. മാത്രമല്ല, ആ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയില്‍ അവര്‍ മുന്നോട്ട് വെച്ച മറ്റൊരു കാര്യം, പൊതുമേഖല അടക്കമുള്ള പി,എസ്.സിക്ക് വിടാത്ത മറ്റ് ഏജന്‍സികള്‍ നിയമനം നടത്തുന്ന മേഖലകളെല്ലാം തന്നെ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കീഴില്‍ കൊണ്ടുവരുമെന്നും പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയായിരിക്കും അത്തരം സ്ഥാപനങ്ങളിലെ നിയമനം എന്നുമാണ്. പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ ഒരു കാര്യത്തില്‍ നിന്നും പാര്‍ട്ടി പിന്മാറുകയാണ് ചെയ്തത്.

എ.കെ ബാലന്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അത് വളരെ പോസിറ്റീവായ ഒരു കാര്യമാണ്. കാരണം, ബാലന്‍ അടങ്ങുന്ന സമുദായം, അദ്ദേഹം പാര്‍ട്ടിയില്‍ ദലിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആള്‍ എന്ന നിലയില്‍ അദ്ദേഹം ഒരു സമൂഹത്തിന്റെ പ്രതിനിധ്യത്തെ കുറിച്ച് ആലോചിച്ചു കൊണ്ടായിരിക്കാം ഒരുപക്ഷേ ഈ നിലപാട് വെച്ചിട്ട് ഉണ്ടാവുക. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നതിന് പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് എന്‍.എസ്.എസും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും ഇതിനെതിരെ രംഗത്തുവന്നു എന്നുള്ളതാണ്. വെള്ളാപ്പള്ളി എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുന്നതിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ എന്‍.എസ്.എസും ക്രിസ്ത്യന്‍ മാനേജ്മെന്റുകളും അതിനെതിരെ രംഗത്തിറങ്ങി. അതുകൊണ്ടായിരിക്കാം ഇടതുപക്ഷത്തെ സെക്രട്ടറി ആയിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കേണ്ടി വന്നത്. എന്‍.എസ.്എസും അതുപോലെതന്നെ ക്രിസ്ത്യന്‍ മാനേജ്ന്റുകളും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയാണ് മുന്നോട്ടുവെക്കുന്നത് എന്നാണു അവര്‍ ധരിച്ചിരിക്കുന്നത്. അല്ലെങ്കില്‍ അവര്‍ ഇപ്പോഴും കരുതുന്നത് ഒരു വിമോചന സമരം ഇനിയും സാധ്യമാകുമെന്നുമാണ്. അങ്ങനെ വിമോചന സമരം നടത്തിയാല്‍ എന്‍.എസ്.എസും ക്രിസ്ത്യന്‍ മാനേജ്‌മെന്റ്കളും ഈ രീതിയില്‍ മുന്നോട്ടു വന്നു കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ഭരണം നഷ്ടപ്പെടുമെന്ന് ഒരു ഭയം സംഘടനയ്ക്ക് ഉണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്.


പത്രപരസ്യം നടത്താറുണ്ടെങ്കിലും എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ സുതാര്യത ഒന്നും നടപ്പാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി ആകുമ്പോള്‍ വിജ്ഞാപനം ഇറക്കിയാണ് നിയമനം നടത്തുന്നത്. അവര്‍ ഒരു ടെസ്റ്റ് നടത്തുന്നു അത് കഴിഞ്ഞിട്ട് ഇന്റര്‍വ്യൂ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞശേഷമാണ് ലിസ്റ്റ് വരുന്നത്. ആ ലിസ്റ്റില്‍ നിന്ന് ഊഴമനുസരിച്ചാണ് നിയമനം നടത്തുന്നത്. എന്നാല്‍, എയ്ഡഡ് മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊന്നും നടക്കുന്നില്ല. അവിടെയുള്ള ഒരു അഞ്ചംഗ സമിതിയാണ് ഈ നിയമനം നടത്തുന്നത്. അഞ്ചംഗ സമിതി എന്നുപറയുന്നത് മാനേജ്‌മെന്റ് നിശ്ചയിക്കുന്ന സര്‍ക്കാരിന്റെ ഒരു പ്രതിനിധി അടക്കമുള്ള അഞ്ച് പേരാണ് ഈ സെലക്ഷന്‍ കമ്മിറ്റി. അവര്‍ മാനേജ്‌മെന്റ്കളുടെ താല്‍പര്യം സംരക്ഷിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മാനേജ്‌മെന്റിന് ഇഷ്ടമുള്ള ആരെയും സെലക്ട് ചെയ്യാവുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.

അതുകൊണ്ടാണ് ഇന്ന് പല കോളജുകളിലും പല സ്‌കൂളുകളിലും 100 ശതമാനം അധ്യാപകരും അനധ്യാപകരും അതാത് സമുദായങ്ങളിലെ അംഗങ്ങള്‍ മാത്രമുള്ളതാകുന്നത്. അതല്ല. സുതാര്യമായിട്ടാണ് നിയമനം നടത്തുന്നത് എങ്കില്‍ ഒരു പക്ഷെ ഇതര സമുദായങ്ങള്‍ കൂടി സ്ഥാപനങ്ങളില്‍ ഉണ്ടാവുമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഏതാണ്ട് 90 - 95 ശതമാനത്തോളം അതാത് മാനേജ്‌മെന്റ് സമുദായാംഗങ്ങള്‍ മാത്രമാണ് ഇത്തരം സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപകര്‍ ആയി എത്തുന്നത് എന്നതാണ് യാഥാര്‍ഥ്യം.

സ്വകാര്യ മേഖലയില്‍ സംവരണം

സ്വകാര്യമേഖലയിലെ സംവരണത്തെക്കാള്‍ ഗവണ്‍മെന്റ് നേരിട്ട് പെന്‍ഷനും സാലറിയും അതുപോലുള്ള മറ്റ് ആനുകൂല്യങ്ങളും കൊടുത്തു കൊണ്ട് നില നിര്‍ത്തുന്നു സ്ഥാപനമാണ് എയ്ഡഡ് മേഖല. അവിടെ നിയമനം നടത്താന്‍ കേരളത്തിലെ ഇടതാണെങ്കിലും വലുതാണെങ്കിലും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഇതുവരെ ശഷിയുണ്ടായിട്ടില്ല. ഗവണ്‍മെന്റ് ഫണ്ട് നല്‍കുന്ന സ്ഥാപനങ്ങളില്‍ പോലും സാമൂഹിക നീതി നടപ്പാക്കുന്ന രീതിയിലുള്ള നിയമസംവിധാനം നടപ്പാകുന്നില്ല എന്നിരിക്കെ ഈ പറയുന്ന സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണം എന്നു പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. മാത്രമല്ല അവരെ നടപ്പാക്കാന്‍ കഴിയില്ല എന്നുള്ളത് ഇവര്‍ക്ക് കൃത്യമായി അറിയാം. കാരണം, ഈ മേഖലയില്‍ തന്നെ എയ്ഡഡ് മേഖലയില്‍ സംവിധാനം നടപ്പാക്കാന്‍ സാമൂഹ്യനീതി നടപ്പാക്കാന്‍ ശേഷിയില്ലാത്ത ഒരു സമുദായത്തിന് അല്ലെങ്കില്‍ ഒരു ഒരു രാഷ്ട്രീയ സംവിധാനത്തിന് എങ്ങനെയാണ് സ്വകാര്യമേഖല സംവിധാനം നടപ്പാക്കാന്‍ സാധിക്കുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

TAGS :