Quantcast
MediaOne Logo

പി.എം സാദിഖലി

Published: 2 July 2023 1:53 PM GMT

പ്രതിപക്ഷം അധികപ്പറ്റോ?

അമിതാധികാര പ്രയോഗത്തിന്റെ പ്രതിബിംബങ്ങളായാണ് നരേന്ദ്ര മോദിയും പിണറായി വിജയനും രംഗപ്രവേശം ചെയ്തതെന്നും, ഇപ്പോഴത്തെ പദവികളിലേക്ക് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ടതെന്നും ലേഖകന്‍.

പ്രതിപക്ഷ നേതാക്കള്‍ക്കുനേരെ ഇ.ഡി അന്വേഷണം
X

' ജനാധിപത്യം വരാനിരിക്കുന്നതാണ്. അതൊരു വാഗ്ദാനമാണ്. ഈ വാഗ്ദാനത്തിന്റെ പേരിലാണ് നിലവില്‍ ജനാധിപത്യം എന്ന് നിര്‍ദേശിക്കുന്ന ഒന്നിനെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നത് ' - ഴാങ്ങ് ദെറീദ, വിഖ്യാത ഫ്രഞ്ച് ചിന്തകന്‍.

ജനാധിപത്യത്തിന്റെ സവിശേഷത എന്നത് ഒരിക്കലും പൂര്‍ത്തീകരണമില്ലാത്ത, സദാ വികസ്വരമായ ഒരു സുന്ദര സങ്കല്‍പമാണ് അതെന്നതാണ്. ഒരു ആശയം എന്ന തലത്തില്‍ ജനാധിപത്യം സ്വയമേ തന്നെ വരാനിരിക്കുന്നതിനെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ട് വെക്കുന്നു. ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി ശേഷിയും കെല്‍പുമുള്ള കൈകാര്യകര്‍ത്താക്കളെയാണ് ജനങ്ങള്‍ ഭരണകൂടത്തില്‍ എല്ലായ്‌പ്പോഴും അവരോധിക്കേണ്ടത്.

പ്രതിപക്ഷ ധര്‍മം നിറവേറ്റുന്നതിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കളെ ഒന്നിനു പിറകെ ഒന്നായി ഭരണകൂടം വേട്ടയാടുന്നതാണ് പുതുതായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിനാണ് ഇത് വഴി വെക്കുക. നമ്മുടേതടക്കം പല രാജ്യങ്ങളിലും ഈ പ്രവണത പടരുന്നതായി കാണാം.

വാഗ്ദാനങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രാഷ്ട്രീയ കക്ഷികള്‍ ഓരോ തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കുന്ന പ്രകടനപത്രികകളെയല്ല. യഥാവിധി പുരോഗതി പ്രാപിക്കേണ്ട സങ്കല്‍പ ജനാധിപത്യം ജനങ്ങളെ അനുഭവപ്പെടുത്തേണ്ടുന്ന നൂതന ലോകത്തെ സംബന്ധിക്കുന്നതാണത്. ജനാധിപത്യത്തെ അതിലേക്ക് നയിക്കേണ്ടവരും ജനാഭിലാഷങ്ങള്‍ മാനിച്ച് വാഗ്ദാനങ്ങള്‍ നിവേറ്റാനുള്ള കര്‍ത്തവ്യം നിര്‍വഹിക്കേണ്ടവുരുമാണ് ഭരണകൂടം. ആ വാഗ്ദാനങ്ങള്‍ നടപ്പാക്കി കിട്ടുന്നതിന് വേണ്ടി ജനപക്ഷത്ത് നിന്ന് വാദിക്കേണ്ടവര്‍ പ്രതിപക്ഷവും.


യഥാര്‍ഥത്തില്‍ ജനാധിപത്യത്തെ വിക്വസ്വരമായി നിലനിര്‍ത്തുന്നതിലും സക്രിയമാക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നത് പ്രതിപക്ഷമാണ്. ജനാധിപത്യത്തെ സ്ഥിരപ്പെടുത്തുന്നവര്‍ എന്ന നിലക്ക് പ്രതിപക്ഷത്തിന് പക്ഷെ, അര്‍ഹമായ പരിരക്ഷ നിലവിലെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ രൂഢമൂലമാണോ എന്ന ചോദ്യം ഉയര്‍ന്ന് വരേണ്ട സന്ദര്‍ഭമാണിത്. പ്രതിപക്ഷ ധര്‍മം നിറവേറ്റുന്നതിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കളെ ഒന്നിനു പിറകെ ഒന്നായി ഭരണകൂടം വേട്ടയാടുന്നതാണ് പുതുതായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിനാണ് ഇത് വഴി വെക്കുക. നമ്മുടേതടക്കം പല രാജ്യങ്ങളിലും ഈ പ്രവണത പടരുന്നതായി കാണാം.


ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷത്തിന് പ്രത്യേക അവകാശങ്ങള്‍ വകവെച്ച് നല്‍കുന്നത് നിയമ നിര്‍മാണ സഭകള്‍ക്കകത്തു മാത്രമാണ്. പുറത്ത് ഈ സംരക്ഷണമില്ല. എക്‌സിക്യൂട്ടിവിന് പ്രത്യേക അവകാശാധികാരങ്ങള്‍ ലഭിക്കുമ്പോള്‍ അതിനര്‍ഹതയുള്ള പ്രതിപക്ഷത്തിന് പുറത്ത് യാതൊരു പ്രൊട്ടക്ഷനുമില്ലെന്നത് തികഞ്ഞ വൈരുധ്യമാണ്. അന്വേഷണ ഏജന്‍സികളെ അഴിച്ച് വിട്ട് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം തോന്നുംപടി മര്‍ദനമുറകള്‍ ആവിഷ്‌കരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ആവശ്യമായ നിയമ സംരക്ഷണം ലഭിക്കേണ്ടതല്ലേ? അര്‍ഹമായ പരിരക്ഷ അപര്യാപ്തമെങ്കില്‍ ആവശ്യമായ നിയമ നിര്‍മാണം നടക്കേണ്ടതല്ലേ? രാജ്യത്തെ എല്ലാ ജനാധിപത്യ കക്ഷികളും സഗൗരവം ആലോചിക്കേണ്ട വിഷയമാണിത്. പ്രതിപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവത്തതാണെന്ന് ഓര്‍ക്കണം.


നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അധികാരത്തിന്റെ ദണ്ഡ് വീശുന്നത് എക്‌സിക്യൂട്ടീവിന് ലഭിക്കുന്ന പരിരക്ഷയിലാണ്. ഏകഛത്രാധിപതികളെ പോലെ പെരുമാറുന്ന ഭരണ നേതൃത്വങ്ങള്‍ ജനാധിപത്യത്തിന്റെ നേര്‍ വിപരീത ദിശയില്‍ നില്‍ക്കുന്ന രാജവാഴ്ചക്കാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്. പ്രതിപക്ഷം ജനാധിപത്യ ഭരണക്രമത്തിന്റെ താങ്ങായി നില്‍ക്കുന്നവരാണെങ്കിലും അവരെ അടിച്ചമര്‍ത്താനുള്ള മര്‍ദനോപകരണങ്ങള്‍ ഭരണ നടത്തിപ്പിന്റെ ആനുകൂല്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് ലഭിക്കുന്നുവെന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ വലിയ പോരായ്മ തന്നെയാണ്.

ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യത്തെ കുറിച്ചുള്ള അറിവില്ലായ്മ ഫലത്തില്‍ ജനങ്ങള്‍ അവരുടെ തന്നെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാകുന്നു. ഭരണകൂടം രാജാവും ഭരണീയര്‍ പ്രജകളുമായിത്തീരുന്നു. അവിടെ ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാക്കി കൊടുക്കുകയും അവര്‍ക്ക് വേണ്ടി വാദിക്കുകയും ചേയ്യേണ്ട പ്രതിപക്ഷത്തിന്റെ കടമകള്‍ ഒരിക്കലും വിസ്മൃതിയിലാകാന്‍ പാടില്ലാത്തതാണ്.

അമിതാധികാര പ്രയോഗത്തിന്റെ പ്രതിബിംബങ്ങളായാണ് നരേന്ദ്ര മോദിയും പിണറായി വിജയനും രംഗപ്രവേശം ചെയ്യുന്നതും ഇപ്പോഴത്തെ പദവികളിലേക്ക് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നതും. ഒന്നാം ഭരണത്തില്‍ തന്നെ ഇവരുടെ ഏകാധിപത്യ പ്രവണതകള്‍ പ്രകടമായിരിക്കെ തല്‍സ്ഥാനനങ്ങളിലേക്ക് അവര്‍ വീണ്ടും അവരോധിക്കപ്പെടുന്നു. വിരല്‍ ചൂണ്ടേണ്ടത് മഹിത ജനാധിപത്യത്തിന്റേ നേര്‍ക്കു തന്നെയാണ്. ജനായത്തം എന്ന ആശയവും ഭരണവും ഭരണീയരും തമ്മിലും എത്രമേല്‍ അകല്‍ച്ചയിലും അന്തരത്തിലുമാണ് കഴിയുന്നത് എന്നാണിത് കാണിക്കുന്നത്.


ജനാധിപത്യത്തിന്റെ കാതല്‍ സമ്മതിദായകന്റെ വിവേചനാധികാരമാണെന്നത് വാസ്തവം. ഓരോരുത്തരും സ്വന്തം വിവേചന ബുദ്ധി കാര്യശേഷിയോടെ വിനിയോഗിക്കുമ്പോഴാണ് പ്രബുദ്ധ ജനാധിപത്യ സമൂഹം രൂപപ്പെടുന്നതും. എന്നാല്‍, ഒരാള്‍ ഏകാധിപതിയാണെന്ന് അറിവുണ്ടായിട്ടും അയാളെ തന്നെ ബോധപൂര്‍വ്വം വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന വോട്ടറും ഏകാധിപത്യ പ്രവണതകളില്‍ പങ്കാളിയാവുകയാണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ പലപ്പോഴും തിരിച്ചറിയുന്നില്ല. സ്വാഭാവികമായും ഇത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഭരണം ഏകാധിപത്യ ഭരണക്രമത്തിലേക്ക് സാവധാനം അട്ടിമറിക്കപ്പെടുന്നതിന് ഇടയാക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യത്തെ കുറിച്ചുള്ള അറിവില്ലായ്മ ഫലത്തില്‍ ജനങ്ങള്‍ അവരുടെ തന്നെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാകുന്നു. ഭരണകൂടം രാജാവും ഭരണീയര്‍ പ്രജകളുമായിത്തീരുന്നു. അവിടെ ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാക്കി കൊടുക്കുകയും അവര്‍ക്ക് വേണ്ടി വാദിക്കുകയും ചേയ്യേണ്ട പ്രതിപക്ഷത്തിന്റെ കടമകള്‍ ഒരിക്കലും വിസ്മൃതിയിലാകാന്‍ പാടില്ലാത്തതാണ്. ജനാധിപത്യമെന്ന ഏറ്റവും സ്വീകാര്യവും സമ്പുഷ്ടവുമായ ആശയത്തെ ഭരിക്കുന്നവനും ഭരണീയര്‍ക്കുമിടയില്‍ ഊതിക്കാച്ചിയെടുത്ത് പൊന്നാക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ പങ്ക് നിസ്സാരമല്ലെന്ന് സാരം.

(മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് പി.എം സാദിഖലി.)

TAGS :