Quantcast
MediaOne Logo

ഡോ. പി.കെ പോക്കര്‍

Published: 20 Jan 2024 9:03 AM GMT

ഫലസ്തീനും പാറക്കടവും തമ്മിലെന്ത്

മീസാന്‍ കല്ലുകളും ഖബറിടങ്ങളും പാറക്കടവിന്റെ ആഖ്യാനങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ബിംബങ്ങളാണ്. മരിച്ചവര്‍ മരിക്കാത്തവരോടു നിരന്തരം സംസാരിക്കുന്നു. ഭൂതത്തെ ആര്‍ക്കുമേ നേരില്‍ കാണാന്‍ കഴിയില്ലല്ലോ. പി.കെ പാറക്കടവിന്റെ 'ഇടിമിന്നലുകളുടെ പ്രണയം' നോവല്‍ വായന.

പി.കെ പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം നോവല്‍ വായന
X

പാട്ടും കവിതയും കഥയും ചിത്രവും ശില്‍പവും എന്നും മനുഷ്യര്‍ക്ക് ആശ്വാസവും പ്രതിരോധവും ആകുന്നു. നമ്മള്‍ ഭൂതകാലത്തെയും ഭാവിയെയും കൂട്ടിയിണക്കുന്നത് വര്‍ത്തമാനകാല ആവിഷ്‌കാരങ്ങളിലൂടെയാണ്. നാളെയെന്താണെന്ന് നമുക്കറിയില്ല. ഇന്നലെകള്‍ നമുക്കറിയുന്നത് ഭാഗികമായി മാത്രവും. ഓരോ രചയിതാവും അവരുടെ ആവിഷ്‌കാരങ്ങളിലൂടെ ഇന്നലെകളില്‍ നിന്നും ഇന്നിലൂടെ നാളെകളിലേക്ക് വളരുകയാണ്. ഇന്ന് ഫലസ്തീന്‍ ഒരു ഭൂപ്രദേശത്തിന്റെ പേര് മാത്രമല്ല. ചരിത്രത്തില്‍ മറ്റൊരു ഭൂപ്രദേശത്തിനും ഇന്നില്ലാത്ത വിധം ചോരയില്‍ കുതിര്‍ന്ന ഒരു രാജ്യമാണ് ഫലസ്തീന്‍. ദീര്‍ഘകാലം

യൂറോപ്യന്‍ അധിനിവേശം നടന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വിഭിന്നമായ കൂട്ടക്കുരുതികളും വംശീയ ഉന്‍മൂലനവും ചുരുങ്ങിയത് 1948 മുതലെങ്കിലും നടക്കുന്ന രാജ്യമാണ് ഫലസ്തീന്‍. അള്‍ജീരിയയില്‍ ഫ്രാന്‍സിന്റെ അധിനിവേശം നിലനിന്ന കാലത്ത് അവിടെ സായുധമായ ചെറുത്തു നില്‍പ്പ് ഉയര്‍ന്നു വന്നിരുന്നു. 1945 മുതല്‍ എട്ട് വര്‍ഷത്തോളം ഫ്രാന്‍സ് അള്‍ജീരിയന്‍ ജനതയെ പൂര്‍ണമായും അടിച്ചമര്‍ത്തുകയായിരുന്നു. അക്കാലത്ത് ഴാങ് പോള്‍ സാര്‍ത്രെ സുഹൃത്തും ദാര്‍ശനികനുമായ മെര്‍ലോ പൊന്റിയുമായി ഒത്തുചേര്‍ന്ന് ആധുനിക കാലം (Modern Times) എന്ന ഒരു പ്രസിദ്ധീകരണം തുടങ്ങിയിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ധീരമായ ഇടപെടലിലൂടെ സ്വന്തം രാജ്യമായ ഫ്രാന്‍സ് ആള്‍ജീരിയക്കുമെല്‍ നടത്തുന്ന അധിനിവേശത്തെയും ചൂഷണത്തെയും വെളിച്ചത്തു കൊണ്ടുവരുന്ന ഒരു പ്രസിദ്ധീകരണമായി modern times മാറിയിരുന്നു.

പിന്നീട് അള്‍ജീരിയന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ നേരിട്ടു പങ്കെടുത്ത ഫ്രാന്‍സ് ഫാനാന്റെ ഭൂമിയിലെ നികൃഷ്ടര്‍ (Frantz Fanon, The Wretched of the Earth) എന്ന പുസ്തകത്തിന് ദീര്‍ഘമായ ആമുഖം എഴുതിക്കൊണ്ട് സാര്‍ത്രേ വംശീയ വിദ്വേഷത്തിത്തിന്റെ വികൃത മുഖം അനാവരണം ചെയ്യുകയും ചെയ്തു. അതിനു വളരെ മുന്‍പ് തന്നെ നാസിസത്തെ അനാവരണം ചെയ്യുന്ന ഒരു ചെറുപുസ്തകം സാര്‍ത്രെ എഴുതിയിരുന്നു. ആ ചെറുപുസ്തകമാണ് (Jews and Anti-Semetism) റോമില്‍ വെച്ചു സാര്‍ത്രിനെ കണ്ടു സൗഹൃദത്തിലാകാനും ഭൂമിയിലെ നികൃഷ്ടര്‍ക്ക് ആമുഖം എഴുതിക്കാനും ഫാനനെ പ്രേരിപ്പിച്ചത്. പറഞ്ഞു വരുന്നത് ചരിത്രത്തില്‍ ബുദ്ധിജീവികളും എഴുത്തുകാരും ചുരുങ്ങിയത് രണ്ടാം ലോകമഹാ യുദ്ധാനന്തരമെങ്കിലും തുടങ്ങിയ വംശവെറിക്കെതിരായ സവിശേഷമായ ചില ഇടപെടലുകളെക്കുറിച്ചാണ്. ധൈഷണിക ജീവിതം വെറുതെ ശരീരത്തോടൊപ്പം ചീഞ്ഞു പോകാനുള്ളതല്ലന്നും സമൂഹത്തിനു ഓര്‍ത്തെടുക്കാന്‍ ചിലതെങ്കിലും ബാക്കിയാക്കി കടന്നു പോകണമെന്നും കാണിച്ചു തന്നവര്‍ നമുക്ക് മുന്നില്‍ കടന്നു പോയിട്ടുണ്ട്. വംശീയ ഉന്‍മൂലനങ്ങളെയും അധിനിവേശങ്ങളെയും സംബോധന ചെയ്യാതെ എഴുത്തുകാര്‍ക്കു ജീവിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, നാളെ അവര്‍ എങ്ങിനെ എന്തിന്റെ പേരില്‍ ഓര്‍ക്കപ്പെടണം എന്നത് പ്രധാനമല്ലേ എന്നും ചിന്തിക്കണം. കുമാരനാശാന്‍ മരിച്ചിട്ടു നൂറു വര്‍ഷത്തിന് ശേഷവും നമ്മള്‍ ഓര്‍ക്കുന്നത് കാവ്യരചനയില്‍ കാലത്തോടു കലഹിക്കാന്‍ അദ്ദേഹം തയാറായത് കൊണ്ടാണല്ലോ. അതേ ആവേശത്തില്‍ ഓര്‍ക്കാന്‍ ഇവിടെ മലയാള സാഹിത്യത്തില്‍ മാറ്റരുണ്ട്?

പാറക്കടവ് മലയാളത്തിലെ വേറിട്ട കഥാകാരനാണ്. ചുരുങ്ങിയ വാക്കുകളില്‍ ദേശങ്ങളെയും ബഹുജനങ്ങളെയും ആവാഹിക്കാന്‍ കഴിയുന്ന അപൂര്‍വത പാറക്കടവിനുണ്ട്. അവരുടെ സങ്കടങ്ങളും വേവലാതികളും ഒന്നോ രണ്ടോ വാചകങ്ങളില്‍ ആവിഷ്‌കരിക്കും. എന്നാല്‍, ഒരു രചനക്കും പ്രച്ഛന്ന ദര്‍ശനങ്ങളുടെ ഭാരമൊട്ടുമില്ലതാനും.

പി.കെ പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയത്തിലൂടെ കടന്നു പോകുമ്പോള്‍ ഞാനോര്‍ത്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ലൈലയുടെ ജന്മദിനമെന്ന ഫലസ്തീന്‍ സിനിമയാണ്. ലൈലയുടെ ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പോലും പണമില്ലാതെ ഒരു മുന്‍ ജഡ്ജ് തൊഴിലന്വേഷിച്ചു നടക്കുകയാണ്. അദ്ദേഹം ഒരു ടാകസി കാര്‍ ഡ്രൈവ് ചെയ്താണ് ഒരു ഓഫീസില്‍ എത്തുന്നത്. യാസര്‍ അറഫാത്ത് നല്‍കിയ ഒരു കത്തും കയ്യിലുണ്ടായിരുന്നു. ഓഫീസിലെ പാറാവുകാരന്‍ മേലധികാരിയോട് ടാക്‌സി ഡ്രൈവര്‍ ആയ ഇയാള്‍ പറയുന്നതു വിശ്വസിക്കരുതെന്ന് സൂചന നല്‍കുന്ന സന്ദര്‍ഭമുണ്ട്. അപമാനിതനായ അയാള്‍ പുറത്തിറങ്ങിയപ്പോള്‍ ആകാശത്തില്‍ മിസൈലുകള്‍ ഘോര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും അന്തരീക്ഷമാകെ കലുഷവുമായി കാണുന്നു. ഭ്രാന്തമായി അലറിക്കൊണ്ട് അയാള്‍ അങ്ങാടിയില്‍ ഓടുന്നു. വാസ്തവത്തില്‍ 2008-ല്‍ നിര്‍മിച്ച ഈ സിനിമയിലെ രംഗങ്ങള്‍ തന്നെയാണ് ഇന്നും ഫലസ്തീനില്‍ കാണുന്നത്. ഇന്നും എന്നല്ല, 1948 മുതല്‍ എന്നും അവര്‍ അടിമജീവിതത്തില്‍ തന്നെയാണ്. എങ്കിലും അവര്‍ ചിത്രങ്ങള്‍ വരച്ചും കവിത എഴുതിയും പാട്ട് പാടിയും സിനിമ നിര്‍മിച്ചും നിരന്തരം അവരുടെ അസ്തിത്വം സ്വയം പ്രഖ്യാപിക്കുന്നു. അവരുടെ ശവഘോഷ യാത്ര പോലും കവിത പോലെയോ സംഗീതം പോലെയോ അനുഭവപ്പെടുന്നു. ഓരോ നിമിഷവും അവര്‍ക്ക് അധിനിവേശത്തിന്റെ പീഡനാണ്. അതിനാല്‍ ഓരോ നിമിഷവും അവര്‍ വേദനയെ കലയായി പരിവര്‍ത്തിപ്പിക്കുന്നു. പ്രതിരോധത്തിന്റെ പുതിയതും വേറിട്ടതുമായ പാഠങ്ങളാണ് ഫലസ്തീന്‍ കവിതകള്‍. തകരുന്ന വീടുകള്‍ക്കിടയില്‍, ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസം മുട്ടുന്ന ആശുപത്രിയില്‍, പൊട്ടിപ്പൊളിഞ്ഞ സ്‌കൂള്‍ അങ്കണങ്ങളില്‍ അവര്‍ വരക്കുകയും പാടുകയും നൃത്തം ചവിട്ടുകയും ചെയ്യുന്നു. ഗോത്രസമൂഹങ്ങളിലെ സംശുദ്ധമായ ആലാപനങ്ങളും നൃത്തങ്ങളും ഓര്‍മിപ്പിച്ചുകൊണ്ടു എല്ലാ സങ്കടങ്ങളും അവര്‍ മറക്കുന്നു. ഓരോ വാക്കും മര്‍ദകര്‍ക്കെതിരായ ഒരു ചെറിയ കല്ലായി തൊടുത്തു വിടുന്നു. ഫലസ്തീന്‍ അധിനിവേശത്തെയും ഇസ്‌ലാമോഫോബിയയും സൈദ്ധാന്തികമായി അവതരിപ്പിച്ച മൗലീക പ്രതിഭയായ എഡ്വേര്‍ഡ് സെയ്ദ് ഗാസയില്‍ നിന്നും ഒരു കല്ലെടുത്ത് പ്രതീകാത്മകമായി ഇസ്രായേലിന് നേരെ എറിഞ്ഞ ഫോട്ടോ ലോകം ഒരു കാലത്ത് ശ്രദ്ധിച്ചതാണല്ലോ. മനുഷ്യാവകാശ പ്രവര്‍ത്തകയായ റേച്ചല്‍ കോറിയുടെ ശരീരത്തിലേക്ക് ബുള്‍ ഡോസര്‍ കയറ്റിയതും ലോകം കണ്ടതാണ്. നിസ്സഹായരുടെ നിലവിളികള്‍ എങ്ങിനെ കവിതയും കഥയും ചിത്രങ്ങളുമായി പരിവര്‍ത്തിക്കപ്പെടുന്നു എന്ന അന്വേഷണമാണ് പാറക്കടവിനെ ഫലസ്തീനുമായി ചേര്‍ത്തുവെക്കാന്‍ പ്രേരിപ്പിക്കുന്നത്.


പാറക്കടവ് മലയാളത്തിലെ വേറിട്ട കഥാകാരനാണ്. ചുരുങ്ങിയ വാക്കുകളില്‍ ദേശങ്ങളെയും ബഹുജനങ്ങളെയും ആവാഹിക്കാന്‍ കഴിയുന്ന അപൂര്‍വത പാറക്കടവിനുണ്ട്. അവരുടെ സങ്കടങ്ങളും വേവലാതികളും ഒന്നോ രണ്ടോ വാചകങ്ങളില്‍ ആവിഷ്‌കരിക്കും. എന്നാല്‍, ഒരു രചനക്കും പ്രച്ഛന്ന ദര്‍ശനങ്ങളുടെ ഭാരമൊട്ടുമില്ലതാനും. കഥയുടെ ഖനി എന്ന ചെറുകഥയില്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ എഴുത്തിനെ സംബന്ധിക്കുന്ന വലിയ സത്യമാണ് കഥാകാരന്‍ പറയുന്നത്.

ശ്മശാനത്തില്‍ വന്നപ്പോഴാണറിയുന്നത്

ഭൂമിക്കടിയില്‍ നിന്നു മരിച്ചവര്‍ നിര്‍ത്താതെ

നിര്‍ഭയരായി കഥകള്‍ പറയുകയാണ്.

അവരെ ആരും കൊന്നുകളയുന്നുമില്ലല്ലോ.

ഇവിടെ കഥകള്‍ മരണത്തിനപ്പുറം നീളുന്നു. ഭൂമിയിലെ ഭീഷണികളോടുള്ള വെല്ലുവിളികളായി വേണം ഈ ചെറുകഥ വായിക്കാന്‍. കൂടിവന്നാല്‍ നിങ്ങള്‍ സത്യം പറയുന്നവരെ കൊല്ലും. എങ്കിലും എഴുതിയ വാക്കുകള്‍ മീസാന്‍ കല്ലുകള്‍ പോലെ അവസാനിക്കാത്ത ഒരു സാന്നിധ്യമായി ഉയര്‍ന്നു നില്‍ക്കും. ഭൂതങ്ങള്‍ (specters ) ഇപ്പോള്‍ ഭൂമിയില്‍ കറങ്ങി നടക്കുന്നതു ദാര്‍ശനികനായ ദറീദയാണ് കാണിച്ചു തന്നത്.

ആഗോളവത്കരണത്തിന്റെ മിനുങ്ങിയ അന്തരീക്ഷത്തില്‍ മനുഷ്യര്‍ അവരവരുടെ സ്വകാര്യതയിലേക്ക് മാറിയപ്പോള്‍ മണ്‍മറഞ്ഞുപോയവരുടെ ഭൂതങ്ങള്‍ ഓര്‍മപ്പെടുത്തലുമായി കറങ്ങാന്‍ തുടങ്ങി. മീസാന്‍ കല്ലുകളും ഖബറിടങ്ങളും പാറക്കടവിന്റെ ആഖ്യാനങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ബിംബങ്ങളാണ്. മരിച്ചവര്‍ മരിക്കാത്തവരോടു നിരന്തരം സംസാരിക്കുന്നു. ഭൂതത്തെ ആര്‍ക്കുമേ നേരില്‍ കാണാന്‍ കഴിയില്ലല്ലോ. ഷേക്‌സ്പിയറുടെ ഹെംലറ്റില്‍ ഹോറേഷ്യോ രാജാവിന്റെ ഭൂതത്തെ കാണുന്നതിലൂടെ ഡെന്‍മാര്‍ക്കില്‍ വരാന്‍ പോകുന്ന അപകടമാണല്ലോ തിരിച്ചറിയുന്നത്. രക്തസാക്ഷികള്‍ എന്നും ഒരു താക്കീതായും പ്രതീക്ഷയായും നമുക്ക് മുന്നില്‍ നില്‍ക്കുന്നു. മരണം എന്നും ആവിഷ്‌കാരങ്ങളില്‍ ഇടംപിടിക്കുന്നതിന് പല കാരണങ്ങളുണ്ട്. അശരീരിക്ക് വേണ്ടി കാത്തിരിക്കുന്ന മനുഷ്യര്‍ എന്നും ചരിത്രത്തിന്റെ ഭാഗമാണ്. അവിടെ വാക്കുകള്‍ തന്നെയാണ് ശരീരം. വാക്കുകള്‍ വായിക്കാനാണ് ഖുര്‍ആനില്‍ ദൈവം കല്‍പിച്ചതു. എഴുതാനും പിന്നീട് അത് വായിക്കാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.


വാക്കുകള്‍ക്കും വരകള്‍ക്കും മരണത്തിനപ്പുറം സഞ്ചരിക്കാന്‍ കഴിയും. പ്ലേറ്റോ എഴുത്തിനെ ഭയന്നിരുന്ന ഒരു ഈജിപ്ഷ്യന്‍ രാജാവിന്റെ കഥ പറയുന്നുണ്ട്. എഴുത്തിനെ രാജാവു ഭയക്കുന്നത്തിന് കാരണം, എഴുത്തു മനുഷ്യ ശരീരത്തെയും ഓര്‍മശക്തിയെയും ഉല്ലംഘിക്കുമെന്ന് കരുതിയതാണ്. ഇപ്പോള്‍ നവ ഫാഷിസ്റ്റ് വംശീയത ലോകം മുഴുവന്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എഴുത്തുഭയം വീണ്ടും തലപൊക്കിയിട്ടുണ്ട്. നവ നാസികള്‍ ബെര്‍ത്രോള്‍ഡ് ബ്രെഹ്ത്തിന്റെ ശവകുടീരം പൊളിച്ചത് വെറുതെയല്ല. അവരിപ്പോഴും ബ്രെഹ്തിനെ ഭയപ്പെടുന്നു. പാറക്കടവിനെപ്പോലെ കുറഞ്ഞ വാക്കുകള്‍ കൊണ്ടും ബ്രെഹ്ത് കഥയെഴുതിയിട്ടുണ്ട്. നാസി ജര്‍മനിയില്‍ നിന്നും ഓടി രക്ഷപ്പെടുകയും നാടകത്തില്‍ നൂതനമായ സങ്കേതങ്ങള്‍ അവതരിപ്പിച്ചു ലോകത്തിന് പുതിയ വഴികാട്ടിയ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് എഴുത്തുകാരനായിട്ടും നവനാസികള്‍ക്ക് അദ്ദേഹത്തെ ജൂതനായി മാത്രം അടയാളപ്പെടുത്താനാണ് താല്‍പര്യം. എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ നവഫാഷിസ്റ്റുകള്‍ക്ക് മുസ്‌ലിം മാത്രമായിരുന്നല്ലോ. വംശീയ ഫാഷിസത്തിന് കലയും സാഹിത്യവും അന്യമാണ്. അവര്‍ക്ക് വെറുപ്പിന്റെ ഭാഷമാത്രമാണ് അറിയാവുന്നത്. അറുപത്തെട്ട് വര്‍ഷം മുന്‍പ് മറവ് ചെയ്ത ബ്രഹ്ത്തിന്റെ ശവകുടീരത്തെ ഇപ്പൊഴും ഭയക്കുന്നത് പോലെ നന്മക്കും നീതിക്കും വേണ്ടി ജീവിച്ച് മരണമടഞ്ഞവരെ/അവരുടെ ഓര്‍മകളെ/അടയാളങ്ങളെ, രക്തസാക്ഷികളെ മുഴുവന്‍ അവര്‍ ഭയപ്പെടുന്നു. പാറക്കടവിന്റെ കഥകളിലെ പ്രേത സാന്നിധ്യത്തെയും ഖബറുകളെയും കാണുമ്പോള്‍ ഇതെല്ലാം നമ്മള്‍ ഓര്‍ക്കേണ്ടിവരുന്നു. ഫര്‍നാസിന്റെ ജീവനില്ലാത്ത ശരീരമാണ് കഥയിലൂടെ ഒഴുകി നടക്കുന്നതു. അലാമിയ എപ്പോഴും കണ്ണും നട്ടിരിക്കുന്നത് ഫര്‍നാസിലാണ്. ഫര്‍നാസ് ഭൂമിയിലില്ലെങ്കിലും ഭൂമിയിലേക്ക് കൊടുങ്കാറ്റുകള്‍ അയക്കുന്നത് അവനാണെന്ന് അവള്‍ വിശ്വസിക്കുന്നു. മരണം ഒരു നിസ്സഹായതയും മറ്റൊരു പ്രതീക്ഷയുമായി മാറുന്നു. മരിച്ചുപോയ രാജാവിനെക്കുറിച്ചും ആയാള്‍ക്ക് വെറും മൂന്നു കഷണം തുണി മാത്രമേ അവസാനം കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും എല്ലാ അധികാരികളെയും മര്‍ദകരെയും ചൂഷകരെയും ഓര്‍മിപ്പിക്കുന്നു. സലാഹുദ്ദീന്‍ അയ്യൂബിയുടെ കഥ അലാമിയ ഓര്‍ക്കുന്നു. ആ കഥയിലൂടെ ഭരണകൂടങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ലളിതമായ ഭാഷയില്‍ താക്കീതു നല്‍കുന്നു.

സൂര്യനസ്തമിക്കാത്ത വെള്ളക്കാരുടെ സാമ്രാജ്യങ്ങളില്‍ നിന്നും മോചനങ്ങള്‍ ഉണ്ടായത് ഐക്യരാഷ്ട്ര സഭയിലെ വീറ്റോ ചെയ്യാനുള്ള ശക്തികൊണ്ടല്ല. മറിച്ച്, കഥയിലെ ചരിത്രവും, ചരിത്രത്തിലെ കഥയും അറിയുന്ന മനുഷ്യരുടെ പ്രതിബദ്ധത കൊണ്ടാണ്. തീര്‍ച്ചയായും പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം ഫലസ്തീന്‍ പോലെ ചെറുതും, സുന്ദരവും സങ്കടക്കയങ്ങളില്‍ മുങ്ങിയതുമാണ്.

മരണം അനിവാര്യമാണ്. മരിച്ചുപോയ മുസ്‌ലിംകളെ അടക്കം ചെയ്യുന്ന ശ്മശാനങ്ങളില്‍ ഓരോ ശവകുടീരവും തിരിച്ചറിയുന്നത് രണ്ടറ്റത്ത് നാട്ടുന്ന മീസാന്‍ കല്ലുകള്‍ നോക്കിയാണ്. മീസാന്‍ കല്ല് ഒരു ഓര്‍മ പുസ്തകമാണ്. മക്കളും ബന്ധുക്കളും സുഹൃത്തുക്കളും അനുഭാവികളും ശവകുടീരങ്ങളില്‍ മീസാന്‍ കല്ലാണ് നോക്കുന്നത്. ദൃശ്യമാകുന്ന ചിഹ്നങ്ങളെ നോക്കി അദൃശ്യമായതിനെ ഓര്‍ത്തെടുക്കുകയാണ്. ഭൂതകാലത്തിലേക്ക് കുഴിക്കാനുള്ള പിക്കാസാണു സുല്‍ത്താന്‍ ഷഹന്‍സാദക്ക് നല്‍കുന്നത്. കോളനിവത്കരിക്കപ്പെട്ട ജനത എന്നും ഭൂതകാലം കുഴിച്ചെടുക്കണം. എങ്ഗൂങ്ങി വ തിഓങ് ജയില്‍ മോചിതനായ ശേഷം നേരെ പോയത് സര്‍വകലാശാലയിലേക്കാണ്. അദ്ദേഹം കുട്ടികളോട് സ്വന്തം ചരിത്രം, കറുത്ത വംശജരുടെ ചരിത്രം ഭൂതകാലത്തില്‍ നിന്നും കുഴിച്ചെടുക്കാനാണ് ആഹ്വാനം ചെയ്തത്. ഫലസ്തീന് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. അത് 2023 ഒക്ടോബറിലോ 1948 ലോ തുടങ്ങുന്നതല്ല. അവരുടെ ഭാഷയോളം പഴക്കമുണ്ട് അതിനു. അവരുടെ ഫലഭൂയിഷ്ടമായ മണ്ണിനെ അവരില്‍ നിന്നു പിടിച്ച് പറിച്ചവരോടു കണക്ക് പറയാതെ അവര്‍ക്ക് മരിക്കാനാവുമോ. അടിമ ജീവിതത്തെക്കാള്‍ നല്ലത് ധീരമായി മരിക്കുന്നതാണെന്ന് ചരിത്രം എന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീന്‍ കവി അഹ്‌ലം ബശ്രത് 'ഞാന്‍ എങ്ങിനെയാണ് പട്ടാളക്കാരെ കൊല്ലുന്നത്' എന്ന കവിതയില്‍ ഇങ്ങിനെ എഴുതുന്നു:

കൊലപാതകികളോട് കണക്ക് തീര്‍ക്കാന്‍ കവിത എന്റെ അവസരമായിരുന്നു. എന്നാല്‍, ഞാനവരെ പുറത്തു പ്രായമാകാന്‍ വിട്ടു. അവര്‍ ജീര്‍ണ്ണത അറിയട്ടെയെന്നും, അവരുടെ മുഖങ്ങള്‍ ചുളിയട്ടെയെന്നും, അവരുടെ പുഞ്ചിരി നേര്‍ത്തു ഇല്ലാതാകട്ടെയെന്നും, അവരുടെ ആയുധങ്ങള്‍ തുരുമ്പ് എടുക്കട്ടെയെന്നും എനിക്കുണ്ടായിരുന്നു.

പ്രണയവും സാഹിത്യവും എന്നും ഒപ്പം സഞ്ചരിക്കുന്ന രണ്ടു ദ്വന്ദങ്ങളാണ്. ഗാസയിലെ കുട്ടികള്‍ കൂട്ട ക്കുരുതിക്കിടയിലും വരക്കുന്നു, പാടുന്നു. എന്തിനധികം അവര്‍ ഉരുവിടുന്ന ഓരോ വാക്കിനും മരണത്തിന്റെ ഗന്ധവും പ്രണയത്തിന്റെ ഈര്‍പ്പവുമുണ്ട്. അനശ്വരതയിലേക്കുള്ള തീര്‍ഥാടനമാണ് പ്രണയമെന്ന് ഫര്‍ണാസ് അലാമിയയോടു പറയുന്നുണ്ട്. കഥയിലെന്നപോലെ പ്രണയത്തിലും കിനാവുണ്ട്. എഴുത്തുകാര്‍ക്ക് എഴുത്ത് ഒരു ബാധപോലെയാണ്. അതിനെ ഒഴിപ്പിക്കാന്‍ ഒരു മന്ത്രവാദിക്കും സാധിക്കുകയില്ല. അതേസമയം പ്രണയത്തിലെന്ന പോല ധീരവും വേറിട്ടതുമായ വഴിവെട്ടുകയും പറയാനുള്ളത് പറയുകയും അതിനു വേണ്ട ഭാഷ ആവിഷ്‌കരിക്കുകയും ചെയ്യുന്നവര്‍ മരണാനന്തരവും നമ്മോടു സംസാരിച്ച് കൊണ്ടേ ഇരിക്കും. 2023 ഒക്ടോബര്‍ ഒരു ജനത ലോകത്ത് ഇപ്പൊഴും അടിമത്തത്തില്‍ ജീവിക്കുകയാണെന്ന് ഉഗ്ര സ്‌ഫോടനത്തോടെ വിളിച്ച് പറഞ്ഞു. സമാധാനത്തിനും, ശാന്തിക്കും വേണ്ടി സ്വന്തം മണ്ണില്‍ ജീവിക്കുന്നതിന് വേണ്ടി എന്നെങ്കിലും ഒരുശബ്ദമുണ്ടാക്കിയില്ലെങ്കില്‍ ഒരു ജനതയെ ലോകം മറന്നു പോയേക്കും. ഇപ്പോള്‍ ഗാസ ശവപ്പറമ്പാണ്. എങ്കിലും അവരുടെ കഥ കഴിഞ്ഞിട്ടില്ലെന്ന് ലോകം അറിയുകയും അവര്‍ വീണ്ടും ഖബറിടങ്ങളില്‍ നിന്നും ഇസ്രയേലി പട്ടാളക്കാര്‍ കൊന്നു തള്ളിയവരുടെ കഥകളും പാട്ടുകളും കേട്ടു നൃത്തം ചവിട്ടുകയും ചെയ്യുന്നു. ഇപ്പോള്‍ ലോക ജനത അവര്‍ക്കൊപ്പമാണ്. ഐക്യരാഷ്ട്ര സഭയില്‍ വീറ്റോ ചെയ്യാനുള്ള അധികാരമില്ലെങ്കിലും ജനങ്ങള്‍ക്ക് ചരിത്രത്തെ മാറ്റാന്‍ ശേഷിയുണ്ടെന്ന് ചരിത്ര പാഠം. സൂര്യനസ്തമിക്കാത്ത വെള്ളക്കാരുടെ സാമ്രാജ്യങ്ങളില്‍ നിന്നും മോചനങ്ങള്‍ ഉണ്ടായത് ഐക്യരാഷ്ട്ര സഭയിലെ വീറ്റോ ചെയ്യാനുള്ള ശക്തികൊണ്ടല്ല. മറിച്ച്, കഥയിലെ ചരിത്രവും, ചരിത്രത്തിലെ കഥയും അറിയുന്ന മനുഷ്യരുടെ പ്രതിബദ്ധത കൊണ്ടാണ്. തീര്‍ച്ചയായും പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം ഫലസ്തീന്‍ പോലെ ചെറുതും, സുന്ദരവും സങ്കടക്കയങ്ങളില്‍ മുങ്ങിയതുമാണ്.


TAGS :