Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 12 April 2024 2:21 PM GMT

പേരുമാറ്റമെങ്കിലും ക്ലച്ചു പിടിക്കുമോ ?

| Political satire

സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം
X

ജി, നമ്മള്‍ വിചാരിച്ച പോലെയല്ലല്ലോ കാര്യങ്ങള്‍

എന്താണ് ജി പ്രശ്‌നം?

നമ്മുടെ പ്രചാരണം അങ്ങോട്ട് ക്ലച്ചുപിടിക്കുന്നില്ല ..

ശരിയാണ് എനിക്കും തോന്നി, എപ്പഴാണോ എനിക്ക് സ്ഥാനാര്‍ഥിയാകാന്‍ തോന്നിയത്..


ആളുകള്‍ ശ്രദ്ധിക്കുന്ന കാര്യം ചെയ്താല്‍ മതി.

എന്ന് വച്ചാല്‍?

പെട്രോളിന്റെ വില പോലെ എന്തേലും..

അത് നടക്കൂല, വല്യ ജി സമ്മതിക്കൂല്ല.

എന്നാല്‍ അരിയുടെ വില?

അത് ഡെല്‍ഹിജി വിചാരിച്ചാലും നടക്കൂല്ല!

അപ്പ പിന്നെ എന്ത് ചെയ്യണം?

നമുക്ക് യോഗിജിയുടെ ട്രാക്ക് പിടിച്ചാലോ?

എന്ത്, ബുള്‍ഡോസറോ?

ചെന്നാലും മതി, ബൈക്ക് കൊണ്ട് ചെന്നിട്ട് എടപ്പാളില്‍ നമ്മളെ ഓടിച്ചിട്ട ആള്‍ക്കാരാണ്..

പിന്നെ എന്താണ്?

നമുക്ക് പേര് മാറ്റിയാലോ?

അതൊക്കെ പഴയ ഫാഷനല്ലേ?

ചുമ്മാ സ്ഥലത്തിന്റെ പേര് മാറ്റാനല്ല ..

പിന്നെ?

നമുക്ക് ഒരു ചേഞ്ചിന്, ജയിച്ചാല്‍ സ്ഥാനാര്‍ഥിയുടെ പേര് മാറ്റും എന്ന് പറയാം..

അതെങ്ങനെ പറ്റും, സ്ഥാനാര്‍ഥി പട്ടികയില്‍ ഇപ്പോഴുള്ള പേര് വന്നു പോയല്ലോ!

അത് സാരമില്ല, ജയിച്ചു കഴിഞ്ഞാല്‍ പേര് മാറ്റും എന്ന് പറഞ്ഞാല്‍ മതിയല്ലോ..

അപ്പൂപ്പനായിട്ടു ഇട്ട പേരാണ് ജി, അതൊക്കെ മാറ്റുക എന്ന് പറഞ്ഞാല്‍ ദോഷമല്ലേ?

മരിച്ചു പോയ അപ്പൂപ്പന്‍ ഇതൊന്നും അറിയാന്‍ പോണില്ല ജി..

അല്ല എന്ത് പേരിടും? സ്ഥലമാകുമ്പോള്‍ ഏതേലും പുണ്യസ്ഥലം പോലെ എന്തേലും മതി. ഇതിപ്പോ..

ഒരു കാര്യം ചെയ്യാം, നമുക്ക് നമ്മുടെ അണികളുടെ അഭിപ്രായം ചോദിക്കാം!

അത് വേണോ? ഒരെണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളൂല്ല..

ജി പേടിക്കണ്ട, ഞാന്‍ ഇപ്പ തന്നെ നമ്മുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു മെസ്സേജ് ഇടാം

എന്തേലും ചെയ്യ്, കെട്ടി വച്ച കാശെലും കിട്ടിയാല്‍ മതിയാര്‍ന്ന്..

വാട്‌സാപ്പ് ഗ്രൂപ്പില്‍ : ഗജപ്രമാണം മിത്രങ്ങളെ. ഈ തെരഞ്ഞെടുപ്പില്‍ നമ്മുടെ സ്ഥാനാര്‍ഥിയായ ജി ഒരു പ്രത്യേക വിവരം നിങ്ങളെ അറിയിക്കുന്നു. ജി തന്റെ പേര് മാറ്റി, ആര്‍ഷഭാരത സംസ്‌കാരത്തിന് ചേര്‍ന്ന ഒരു പേര് സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്ന വിവരം നിങ്ങളെ സഹര്‍ഷം അറിയിക്കുന്നു. അതിനാല്‍, ജീക്ക് ചേര്‍ന്ന ഒരു പേര് നിര്‍ദേശിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിച്ചു കൊള്ളുന്നു. തെരഞ്ഞെടുക്കുന്ന പേര് ആരാണോ നിര്‍ദേശിക്കുന്നത്, അയാളെ ജി വിജയിച്ചു ഡല്‍ഹിക്ക് പോകുമ്പോള്‍ തന്റെ കൂടെ കൊണ്ട് പോയി പാര്‍ലമെന്റ് മന്ദിരം കാണിച്ചു തരുന്നതാകും.

ഒരു മിത്രം: വളരെ നല്ല തീരുമാനം, പക്ഷെ ഒരു സംശയമുണ്ട്..

ചോദിക്കൂ ..

മിത്രം: ജയിച്ചില്ലെങ്കിലോ..?

അതെന്തൊരു ചോദ്യമാണ്! ജയിച്ചില്ലെങ്കില്‍, ജി പാര്‍ലമെന്റ് മന്ദിരം കാണാന്‍ പോകുമ്പോള്‍ കൂടെ കൊണ്ട് പോയി കാണിച്ചു തരും..


TAGS :