Quantcast
MediaOne Logo

ഭാഷയുടെ രാഷ്ട്രീയം

ബംഗാളിക്ക് ബംഗാളി ഭാഷയാണ് രാഷ്ട്രീയ ഭാഷ, തമിഴനും മലയാളിയും മറിച്ചല്ല കരുതുന്നത്. ഭാഷ എന്നാല്‍ സംസ്‌കാരം കൂടിയാണ്. അതുകൊണ്ട് തന്നെ ഹിന്ദി ഏക ഭാഷയാവുക എന്നത് പ്രായോഗികമല്ല. കേവലം കേന്ദ്ര സംസ്ഥാന കത്തിടപാടുകള്‍ ഹിന്ദിയില്‍ ആക്കുക എന്നത് മാത്രമല്ല പ്രശ്‌ന പരിഹാരം, രാഷ്ട്രീയ ഭാഷയുടെ ഏകീകരണം കൂടിയാണ്. ഹിന്ദി വല്‍ക്കരണത്തെ അനുകൂലിക്കുന്നവര്‍ കേരളത്തിലും തമിഴ് നാട്ടിലും അവരുടെ രാഷ്ട്രീയ ഭാഷയായി ഹിന്ദി പ്രയോഗിക്കുമോ എന്നതും പ്രധാനമാണ്.

ഭാഷയുടെ രാഷ്ട്രീയം
X

ഇന്ത്യാ മഹാരാജ്യത്തെ ആര്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന ഹിന്ദിയാണ് മുംബൈ ഹിന്ദി എന്നൊരു വാദമുണ്ട്. മാറാഠ വാദം ശക്തമായി നിലനില്‍ക്കുന്ന പ്രദേശമായിട്ട് കൂടിയും 'ബോംബെ ഹിന്ദി' എന്ന പ്രത്യക ഹിന്ദി മലയാളികളടക്കമുള്ള ഇതര ഭാഷക്കാരെ മുംബൈ അവരുടെ സ്വന്തം നഗരമാക്കി മാറ്റി. എന്നാല്‍, മലയാളികളടക്കം ഇതര ഭാഷക്കാര്‍ മറാഠി പഠിക്കാന്‍ അതികം ശ്രമിക്കാറില്ല. എന്നാല്‍, ഈ

അവസ്ഥക്ക് മാറ്റം വരുന്നുണ്ട്. മഹാരാഷ്ട്രയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ മറാഠി ഭാഷാപഠനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മറാഠി ഭാഷ പരിജ്ഞാനം ഉള്ള ഒരു തലമുറയെ സൃഷ്ട്ടിക്കുന്നുണ്ട്. കുട്ടികള്‍ ഭാഷ പഠിക്കട്ടെ എന്ന് മാത്രമേ അതിന് മറുപടിയുള്ളൂ.

പല സംസ്ഥാനങ്ങളും ഭരണ ഭാഷയായി അംഗീകരിച്ചിട്ടുള്ളത് അതാത് പ്രദേശത്തെ ഭാഷയാണ്. ആരുടെ ഭാഷയാണ് ഹിന്ദി എന്നതാണ് മര്‍മപ്രധാനമായ ചോദ്യം. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപികരിച്ച ഒരു രാജ്യത്താണ് ഒരു ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍, ഹിന്ദിയുടെ കാര്യം അങ്ങനെയല്ല. ഇന്നും ഉത്തര്‍പ്രദേശുകാരിയായ സഹപ്രവര്‍ത്തകയുടെ ഹിന്ദി എനിക്ക് പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭോജ്പുരി കലര്‍ന്ന ഹിന്ദി മനസിലാക്കാന്‍ പ്രയാസമാണ്. ഭാഷാപ്രേമികളായ ബംഗാളികളുടെ ഹിന്ദിയുടെ ഉച്ചാരണം യു.പിക്കാരുടെ ഹിന്ദിയില്‍ നിന്നും വ്യത്യസ്തമാണ്. ഹിന്ദി ഭാഷാതന്നെ വിവിധങ്ങളായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ഹിന്ദി ഏതാണ് എന്ന് കേന്ദ്രസര്‍ക്കാരിന് പോലും പറയാന്‍ കഴിയില്ല.


ഭാഷവൈവിധ്യം, സാംസ്‌കാരിക വൈവിധ്യം, ഭൂമിശാസ്ത്ര വൈവിധ്യം ഇങ്ങനെ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു രാജ്യത്തെ, മതം, ഭാഷ, രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നിവ കൊണ്ട് ഏകീകരിക്കുക വഴി ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്താണ് എന്ന് ഇനിയും വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പുതിയ വിദ്യാഭ്യാസ നയത്തില്‍ എടുത്തുപറയുന്നതും പ്രാദേശിക ഭാഷയില്‍ ഉള്ള വിദ്യഭ്യസമാണ്. 2018 ല്‍ പുറത്തിറിങ്ങിയ 2011-ലെ ഭാഷ കാനേഷുമാരി പ്രകാരം ഇന്ത്യയില്‍ ഏകദേശം 43.6 ശതമാനം ജനങ്ങളാണ് ഹിന്ദി മാതൃഭാഷയായി സംസാരിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്ത് ഏകദേശം 19,500 മാതൃഭാഷകള്‍ ഉണ്ട് എന്നും കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ്, ഒരു രാജ്യം ഒരു ഭാഷാ എന്ന ആശയത്തിലെ അപകടം തിരിച്ചറിയേണ്ടത്. മാതൃഭാഷ ബാഹുല്യം കൊണ്ട് സമ്പന്നമായ ഒരു ദേശം എന്നത് ഇന്ത്യക്ക് മാത്രമായി അവകാശപ്പെടാവുന്ന ഒന്നാണ്.

ഇന്നും ലിപിയില്ലാത്ത, എന്നാല്‍ സംസാരഭാഷ മാത്രമായി ആയിരക്കണക്കിന് ഭാഷകള്‍ ഉണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാങ്ങള്‍ ഇതിനുദാഹരണമാണ്. മിഷനറി പ്രവര്‍ത്തങ്ങളും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസവും ഒരു തലമുറയെ അവരുടെ പ്രാദേശിക സംസ്‌കാരത്തില്‍ നിന്നും അകറ്റി എന്നൊരു ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട് എന്നതും ഒരു പ്രശ്‌നമാണ്. പല സംസ്ഥാനങ്ങളും ഭരണ ഭാഷയായി അംഗീകരിച്ചിട്ടുള്ളത് അതാത് പ്രദേശത്തെ ഭാഷയാണ്. ആരുടെ ഭാഷയാണ് ഹിന്ദി എന്നതാണ് മര്‍മപ്രധാനമായ ചോദ്യം. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപികരിച്ച ഒരു രാജ്യത്താണ് ഒരു ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം എന്നതും ശ്രദ്ധേയമാണ്.


കടുത്ത ഭാഷാവാദികള്‍ ലോകത്തുണ്ട്. ഒരു കാലത്ത് ഫ്രാന്‍സില്‍ ഫ്രഞ്ച് ഭാഷാസ്‌നേഹം ശക്തമായിരുന്നു. ഏകഭാഷ എന്ന ആശയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് സാംസ്‌കാരിക ഏകീകരണമാണ്. എന്നാല്‍, ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമായ ഒന്നല്ല ഈ ഏകീകരണം. ഭാഷ എന്നാല്‍ മതസമൂഹം കൂടിയായി കാണുന്ന ഒരു സമൂഹം ഇവിടെയുണ്ട് എന്നതാണ് ഏകഭാഷ എന്ന ആശയത്തിലെ അപകടം.

ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ചു പരിചയപ്പെട്ട ഒരു യാത്രക്കാരന്‍, മലയാളിയാണ് എന്ന് പരിചയപ്പെടുത്തിയ ഈ ലേഖകനോട് കേരളത്തില്‍ എത്ര മലയാളികള്‍ ഉണ്ട് എന്ന് ചോദിച്ചു. മലയാളം പറയുന്നവരെല്ലാം മലയാളികള്‍ ആണ് എന്ന എന്റെ മറുപടിക്ക് അദ്ദേഹം പറഞ്ഞ മറുപടി, മലയാളി എന്നാല്‍ ഹിന്ദു എന്നാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മലയാളം എന്നാല്‍ ഹിന്ദുക്കളുടെ ഭാഷയാണ്. ഇന്നും ഒരു വിഭാഗം വിശ്വസിക്കുന്നത് മുസ്‌ലിംകള്‍ സംസാരിക്കുന്നത് ഉറുദു മാത്രമാണ് എന്നാണ്. ഒരിക്കല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കയായി പൂന കേന്ദ്രകരിച്ചുള്ള ഒരു സര്‍വകലാശാല നടത്തുന്ന രണ്ടു വര്‍ഷ ബിരുദാനന്ദര കോഴ്സിന്റെ ഭാഗമായി ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്ത് കഴിഞ്ഞ്, ഞാന്‍ സംഘ്പരിവാര്‍ അനുഭാവിയാണ് എന്ന് പരിചയപ്പെടുത്തികൊണ്ട് എന്നോട് സംസാരിച്ച ഒരു വിദ്യാര്‍ഥി ചോദിച്ചത് സാറിന് ഉറുദു അറിയാമായിരിക്കും അല്ലെ എന്നാണ്. ഉറുദു എന്റെ മാത്രഭാഷയല്ല എന്നും എനിക്ക് ഉറുദു പോയിട്ട് ഹിന്ദി പോലും നന്നായി അറിയില്ല എന്നും പറഞ്ഞത് ആ വിദ്യാര്‍ഥിക്ക് ഉള്‍ക്കൊള്ളനായില്ല. ഇതാണ് പുതിയ കാലത്തേ ഭാഷാ രാഷ്ട്രീയം.

ഭാഷാ ഏകീകാരണം എന്നത് സ്വേഛാധിപത്യത്തിന്റെ ആവശ്യമാണ്. വൈരുധ്യങ്ങള്‍ ഇല്ലാതാകുന്നതോടെ ഭരണകൂടത്തിന് പരിമിതമായ വാക്കുകള്‍ കൊണ്ട്, ഭാഷകൊണ്ട് മേധാവിത്തം സ്ഥാപിക്കാന്‍ കഴിയും.

ഭാഷക്ക് വലതുപക്ഷ രാഷ്ട്രീയം നല്‍കുന്ന അര്‍ഥങ്ങള്‍ പ്രാദേശികമായ വൈരുധ്യങ്ങളെ ഇല്ലാതാക്കുന്നതാണ്. പ്രാദേശിക ഭാഷകള്‍ എന്നാല്‍ നാട്ടറിവുകള്‍ കൂടിയാണ്. വിവിധങ്ങളായ നാട്ടറിവുകള്‍ ശേഖരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും ഭാഷകള്‍ വഴിയാണ്. കാലാവസ്ഥ വ്യതിയാനങ്ങളുടെ ഈ കാലത്തെ പ്രാദേശിക പരിസ്ഥിതി സംരക്ഷണം സാധ്യമാകുന്നത് ഭാഷാവൈവിധ്യം കൊണ്ട് കൂടിയാണ്.

ഒറ്റഭാഷ എന്ന ആശയത്തോടെ സാംസ്‌കാരിക വൈവിധ്യമാണ് ഇല്ലാതാക്കപ്പെടുന്നത്. വൈവിധ്യങ്ങളും ബഹുസ്വരതയും ഭരണകൂടം ഭീഷണിയായി കാണുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത്, ജനാധിപത്യം ഇല്ലാതാകുന്നതോടെയാണ്. ഭാഷാ ഏകീകാരണം എന്നത് സ്വേഛാധിപത്യത്തിന്റെ ആവശ്യമാണ്. വൈരുധ്യങ്ങള്‍ ഇല്ലാതാകുന്നതോടെ ഭരണകൂടത്തിന് പരിമിതമായ വാക്കുകള്‍ കൊണ്ട്, ഭാഷകൊണ്ട് മേധാവിത്തം സ്ഥാപിക്കാന്‍ കഴിയും. ഹിന്ദി എന്നാല്‍ മേധാവിത്തത്തിന്റെ ഭാഷയായി ഇന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.


ബംഗാളിക്ക് ബംഗാളി ഭാഷയാണ് രാഷ്ട്രീയ ഭാഷ, തമിഴനും മലയാളിയും മറിച്ചല്ല കരുതുന്നത്. ഭാഷ എന്നാല്‍ സംസ്‌കാരം കൂടിയാണ്. അതുകൊണ്ട് തന്നെ ഹിന്ദി ഏക ഭാഷയാവുക എന്നത് പ്രായോഗികമല്ല. കേവലം കേന്ദ്ര സംസ്ഥാന കത്തിടപാടുകള്‍ ഹിന്ദിയില്‍ ആക്കുക എന്നത് മാത്രമല്ല പ്രശ്‌ന പരിഹാരം, രാഷ്ട്രീയ ഭാഷയുടെ ഏകീകരണം കൂടിയാണ്. ഹിന്ദി വല്‍ക്കരണത്തെ അനുകൂലിക്കുന്നവര്‍ കേരളത്തിലും തമിഴ് നാട്ടിലും അവരുടെ രാഷ്ട്രീയ ഭാഷയായി ഹിന്ദി പ്രയോഗിക്കുമോ എന്നതും പ്രധാനമാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഏത് ഹിന്ദിയാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്?, യു.പി ഹിന്ദിയെ വെറുക്കുന്ന, ബീഹാറി ഹിന്ദിയാണ് ശരിയെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഉള്ള ഒരുകാലത്താണ് സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയവുമായി വരുന്നത്.

ഭാഷ ഏകീകരണത്തിന് പിന്നിലെ രാഷ്ട്രീയത്തെയാണ് പ്രതിരോധിക്കേണ്ടത്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഉപാധികൂടിയാണ് പ്രാദേശിക ഭാഷാ രാഷ്ട്രീയം.

TAGS :