Quantcast
MediaOne Logo

ബിജു ഗോവിന്ദ്

Published: 14 July 2023 4:44 AM GMT

പുതൂര്‍പള്ളി ജമാഅത്തും മുഖത്ത് മൂത്രമൊഴിക്കുന്ന ബ്രാഹ്മണനും

ജാതി പാലിക്കാന്‍ തയ്യാറായ പുതൂര്‍പള്ളി ജമാഅത്തുകാരെ അനുകൂലിക്കാന്‍ ഒരു വ്യക്തി പോലും മുസ്‌ലിംകള്‍ക്കിടയില്‍ നിന്നും ഉണ്ടായില്ല. അതേ രാജ്യത്താണ്, ജാത്യാഹങ്കാരം മൂത്ത് മനുഷ്യന്റെ മുഖത്ത് മൂത്രമൊഴിച്ചവനെ പരസ്യമായി പിന്തുണയ്ക്കാന്‍ ബ്രാഹ്മണര്‍ തെരുവിലിറങ്ങുന്നത്.

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു, പുതൂര്‍പള്ളി ജമാഅത്ത് നോട്ടീസ്,
X

മനുഷ്യപക്ഷത്ത് നില്‍ക്കുന്ന വൈദേശിക പ്രത്യയശാസ്ത്രങ്ങളൊക്ക ഇന്ത്യയിലേക്ക് വരുമ്പോള്‍ വഴിപിഴക്കപ്പെടാന്‍ കാരണം അതിനെയെല്ലാം ഹിന്ദു ജാതിവ്യവസ്ഥ വിഴുങ്ങുന്നതുകൊണ്ടാണ്. ക്രിസ്ത്യാനിറ്റിയേയും കമ്യൂണിസത്തേയും സോഷ്യലിസത്തേയുമൊക്കെ അത്തരത്തില്‍ ജാതിവ്യവസ്ഥ വിഴുങ്ങിയപ്പോഴും, വലിയ രീതിയിലൊന്നും ഇടകലരാത വേറിട്ടുനിന്നൊരു ആശയധാരയാണ് ഇസ്‌ലാം.

ജാതിവ്യവസ്ഥ മാനുഷിക പക്ഷമുള്ള എല്ലാ പ്രത്യയശാസ്ത്രധാരകളേയും വഴിപിഴപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അടിമുടി ജാതിയേയും ജാതിവ്യവസ്ഥയേയും സമൂലമായി സ്വാംശീകരിച്ച് ആന്തരികമാറ്റം വരുത്തിയെടുത്തതാണ് ഇന്ത്യന്‍ ക്രിസ്ത്യാനിറ്റി. തൊട്ടുകൂടായ്മയും അയിത്തവും സമത്വമില്ലായ്മയും ഹിന്ദു സാമൂഹ്യ ക്രമത്തിനുള്ളിലേതുപോലെ ഇന്ത്യന്‍ ക്രിസ്തുമതത്തിലും നിലനില്‍ക്കുന്നുണ്ട്. സവര്‍ണ്ണരും പിന്നോക്കരും ദലിതരുമായി ശ്രേണീകൃതമായ ജാതി വ്യവസ്ഥയെ വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ച് നിലനിര്‍ത്തുന്നുണ്ട് ക്രൈസ്തവസഭകള്‍.

കൊളോണിയല്‍ കാലഘട്ടത്തിലും അതിന് മുമ്പുംഹിന്ദു ജാതിക്രമങ്ങളെ താലോലിച്ച് നടപ്പാക്കാന്‍ വെമ്പല്‍ കൊണ്ടവരില്‍ മുസ്‌ലിം ഭരണാധികാരികളെ അധികമൊന്നും കാണാന്‍ കഴിയില്ല. ഒരു വൈദേശിക മതമെന്ന രീതിയില്‍ ഇന്ത്യയിലെ ജാതി വ്യവഹാരങ്ങളോട് ലയിച്ചു ചേരാതിരുന്നതാണ് ഇസ്‌ലാമിന്റെ സവിശേഷതയായി പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

ജാതിയും ജാതി വ്യവസ്ഥയും പകല്‍പോലെ വ്യക്തമായ സാമൂഹ്യ യാഥാര്‍ഥ്യമാണെന്നിരിക്കെ അതിനെ മറച്ചുപിടിച്ച്, ഇല്ലായെന്ന് പ്രചരിപ്പിക്കാനായിരുന്നു മറ്റൊരു വൈദേശിക പ്രത്യയശാസ്ത്രമായ കമ്യൂണിസത്തിന്റെ ഇന്ത്യന്‍ പതിപ്പിനെ നിയന്ത്രിച്ച വരേണ്യ നേതൃത്വത്തിനിഷ്ടം.ജാതി വില്ലനാകുന്ന ഇടങ്ങളില്‍ പോലും ജാതിയ്ക്കു മുകളില്‍ വര്‍ഗത്തെ പ്രതിഷ്ഠിച്ച് വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ കമ്യൂണിസ്റ്റുകള്‍ അന്നും ഇന്നും ഒരുപോലെ തുടരുന്നുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലും അതിന് മുമ്പുംഹിന്ദു ജാതിക്രമങ്ങളെ താലോലിച്ച് നടപ്പാക്കാന്‍ വെമ്പല്‍ കൊണ്ടവരില്‍ മുസ്‌ലിം ഭരണാധികാരികളെ അധികമൊന്നും കാണാന്‍ കഴിയില്ല. ഒരു വൈദേശിക മതമെന്ന രീതിയില്‍ ഇന്ത്യയിലെ ജാതി വ്യവഹാരങ്ങളോട് ലയിച്ചു ചേരാതിരുന്നതാണ് ഇസ്‌ലാമിന്റെ സവിശേഷതയായി പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. സാംസ്‌കാരികമായി ജാതിയോടും അതിന്റെ വ്യവസ്ഥകളോടും ലയിക്കാതിരുന്നത് ഇസ്‌ലാമിന്റെ ആശയ തലത്തിന്റെ ദൃഢതകൊണ്ടാണെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല.


ഒരു മതമെന്ന രീതിയില്‍ ഇസ്‌ലാം ജാതി വ്യവസ്ഥയില്‍ നിന്നും വേറിട്ടുനില്‍ക്കുമ്പോഴും ഇന്ത്യയിലെ ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും. അസമിലും ബിഹാറിലും ഉത്തര്‍പ്രദേശിലുമൊക്കെ ദലിത് മുസ്‌ലിംകള്‍ എന്നൊരു വിഭാഗം ഉണ്ടായിക്കാണുന്നത് ജാതി ജീര്‍ണ്ണത മുസ്‌ലിംകള്‍ക്കിടയിലും കടന്നുകൂടിയതിന് തെളിവാണ്. പക്ഷെ, ഇതൊരു ദേശീയ മുസ്‌ലിം പൊതുപ്രശ്‌നമായി വിലയിരുത്താനും കഴിയില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവായി ജാതിവ്യവസ്ഥ നിലനില്‍ക്കേണ്ടതാണ്. അങ്ങനെയൊന്ന് കാണാന്‍ കഴിയുന്നുമില്ല. പക്ഷെ, ജാതിയെ താലോലിക്കുന്നവരില്‍ മുസ്‌ലിംകളും ഉണ്ടെന്നത് വസ്തുതയാണ്.

ചങ്ങനാശ്ശേരി പുതൂര്‍പള്ളി ജമാഅത്തില്‍ ഒസ്സാന്‍ വിഭാഗക്കാരായ മുസ്‌ലിംകളെ മാറ്റിനിര്‍ത്തപ്പെട്ടത് ജാതിബോധത്തിന്റെ പ്രതിഫലനം തന്നെയാണ്. മുഖ്യധാര ഇസ്‌ലാമിക സംഘടനകളൊന്നും ഈ ജാത്യാചാരത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്തത്ശ്രദ്ധേയവും അഭിനന്ദനാര്‍ഹവുമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്ക് ബി.ജെ.പിക്കാരനായ ബ്രാഹ്മണന്‍ മൂത്രമൊഴിച്ച സംഭവത്തെ ഇതുമായി ചേര്‍ത്തുകാണേണ്ടതാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും ആദിവാസികള്‍ മധ്യപ്രദേശില്‍ വോട്ടുബാങ്ക് ആയതിനാലുമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കാല്‍കഴുകല്‍ നാടകവും പ്രതിയുടെ അനധികൃത നിര്‍മാണം പൊളിക്കലും പോലുള്ള പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ നടത്തിയത്.ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും പുതുമയുള്ള കാര്യമൊന്നുമല്ല.


വിഷയം അവിടംകൊണ്ടു തീരുന്നില്ല. കുറച്ചെങ്കിലും പരിഷ്‌കൃത ബോധമുള്ളവരാരെങ്കിലും പൊതുയിടത്തില്‍ ഈ പ്രവൃത്തി ചെയ്തവനെ ന്യായീകരിക്കുമോ! സ്വബോധമുള്ളവരാരും മനുഷ്യന്റെ മുഖത്ത് മൂത്രമൊഴിച്ചവന് പിന്തുണയുമായി രംഗത്ത് വരില്ല. പക്ഷെ, സ്വബോധത്തിനും മുകളിലാണ് ജാതി ബോധമെന്ന് മധ്യപ്രദേശിലെ ബ്രാഹ്മണര്‍ പരസ്യമായി സമ്മതിക്കുകയാണ്. ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചവനുവേണ്ടി ധനശേഖരണം നടത്തുകയാണ് മധ്യപ്രദേശിലെ ജാതി ബ്രാഹ്മണര്‍. പക്ഷെ, ഇന്ത്യന്‍ പൊതുബോധത്തിന് അതൊന്നുമൊരു പ്രശ്‌നമേയല്ല. നമ്മുടെ രാജ്യത്തിന് ഒരു അഭിമാനക്ഷതവും ഏല്‍പ്പിക്കുന്നുമില്ല. അതാണ് സവര്‍ണ്ണാധികാരത്തിന്റെ ജാതിപ്രിവിലേജ്.


ജാതി പാലിക്കാന്‍ തയ്യാറായ പുതൂര്‍പള്ളി ജമാഅത്തുകാരെ അനുകൂലിക്കാന്‍ ഒരു വ്യക്തി പോലും മുസ്‌ലിംകള്‍ക്കിടയില്‍ നിന്നും വരാത്ത രാജ്യത്താണ്, ജാത്യാഹങ്കാരം മൂത്ത് മനുഷ്യന്റെ മുഖത്ത് മൂത്രമൊഴിച്ചവനെ പരസ്യമായി പിന്തുണയ്ക്കാന്‍ ബ്രാഹ്മണര്‍ തെരുവിലിറങ്ങുന്നത്.


ഇനി പറയൂ, ഈ രാജ്യത്ത് ആരെയാണ് പരിഷ്‌ക്കരിക്കേണ്ടത്? ആരെയാണ് പുരോഗമനം പഠിപ്പിക്കേണ്ടത്?


TAGS :