മലപ്പുറത്തെ റെയിൽവേ അഥവാ അവഗണനയുടെ ചൂളംവിളികൾ
1861 ൽ കേരളത്തിലാദ്യമായി ഉണ്ടായ ബേപ്പൂർ - തിരൂർ റെയിൽവെ ലൈൻ മലപ്പുറം ജില്ലയെകൂടി ഉൾക്കൊള്ളുന്നതാണ്. ഈ ലൈൻ ആണ് പിന്നീട് ബ്രിട്ടിഷ് കാലത്ത് തന്നെ തിരൂർ- കുറ്റിപ്പുറം പാതയായും കുറ്റിപ്പുറം- പട്ടാമ്പി പാതയായും ശേഷം കോഴിക്കോട് ചെന്നൈ ലൈനായും വികസിച്ചത്. 1927 ലാണ് മലപ്പുറം ജില്ലയിലെ മറ്റൊരു റെയിൽ പാതയായ ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള ലൈൻ പ്രവർത്തനമാരംഭിച്ചത്. അതിന് ശേഷം ബ്രിട്ടീഷ് സർക്കാരോ ഇന്ത്യൻ സർക്കാരോ ഒരു കിലോമീറ്റർ പോലും പുതിയ റെയിൽവേ ലൈൻ മലപ്പുറത്തോ മലബാറിലോ നിർമ്മിച്ചിട്ടില്ല. അങ്ങാടിപ്പുറം - ഫറോക്ക് പാതയുടെയും നിലമ്പൂർ - നഞ്ചൻകോട് പാതയുടെയും ചർച്ചകൾ അവഗണനയുടെ ചൂളംവിളികളായി മാറുകയായിരുന്നു

കേരളത്തിൽ ബ്രിട്ടീഷ് സർക്കാർ ആദ്യമായി റെയിൽവേ നിർമ്മിച്ചത് ബേപ്പൂർ മുതൽ തിരൂർ വരെയായിരുന്നു. 1861 മാർച്ച് 12 നാണ് തിരൂർ – ബേപ്പൂർ പാതയിലൂടെ ആദ്യ ട്രെയിൻ ചൂളം വിളിച്ചോടിയത്. ഈ പാളം തെക്കോട്ടു നീണ്ടു. അങ്ങനെ 1861 മേയ് ഒന്നിന് തിരൂർ – കുറ്റിപ്പുറം പാതയും, 1862 സെപ്റ്റംബർ 23ന് കുറ്റിപ്പുറം – പട്ടാമ്പി പാതയും തുറന്നു. പിന്നീട് കോഴിക്കോട് വാണിജ്യകേന്ദ്രമായി വളർന്നപ്പോൾ 1888 ൽ ബേപ്പൂരിൽനിന്നു ലൈൻ മാറ്റി കോഴിക്കോട്ടേക്കു നീട്ടി. ഇതാണ് കോഴിക്കോട്ടുനിന്ന് ചെന്നൈ വരെ നീണ്ട ലൈൻ ആയി മാറിയത് . ബേപ്പൂർ – ചെന്നൈ പാത നിർമാണം കഴിഞ്ഞ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത് റെയിൽവേ പാളങ്ങളുണ്ടായത്.
1861 ൽ കേരളത്തിലാദ്യമായി ഇങ്ങനെ ഉണ്ടായ റെയിൽവെ ലൈൻ മലപ്പുറം ജില്ലയെകൂടി ഉൾക്കൊള്ളുന്നതാണ്. 1921 ലാണ് മലപ്പുറം ജില്ലയിലെ മറ്റൊരു റെയിൽ പാതയായ 66 കിലോമീറ്റർ ദൈർഘ്യം വരുന്ന ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള ലൈൻ നിർമ്മാണമാരംഭിച്ചത്. ഏകദേശം അഞ്ചുവർഷംകൊണ്ട് പണിപൂർത്തിയാക്കി 1927ൽ ഗതാഗതം തുടങ്ങി. അതിന് ശേഷം ബ്രിട്ടീഷ് സർക്കാരോ ഇന്ത്യൻ സർക്കാരോ ഒരു കിലോമീറ്റർ പോലും പുതിയ റെയിൽവേ ലൈൻ മലപ്പുറത്തോ മലബാറിലോ നിർമ്മിച്ചിട്ടില്ല. എന്നാൽ തിരുവിതാംകൂർ ഭാഗത്ത് എറണാകുളം - ആലപ്പുഴ ലൈനും തൃശൂർ - ഗുരുവായൂർ ലൈനും ഒക്കെ പുതുതായി വന്നതാണ്.
കൊങ്കൺ റെയിൽവേ പ്രവർത്തനം തുടങ്ങിയത് കാരണം കുറെ ട്രെയിനുകൾ തിരൂർ സ്റ്റേഷൻ സ്പർശിച്ച് ദിവസവും പോകുന്നുണ്ടെങ്കിലും അതിലൊന്നിനുപോലും മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല.ഓരോ വർഷവും 25 കോടിയോളം രൂപ വരുമാനം നൽകുന്ന എ ക്ലാസ് പദവിയുള്ള തിരൂർ റെയിൽവേ സ്റ്റേഷൻ ഉണ്ടായിട്ടും ജില്ലയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ കോഴിക്കോട്ടോ ഷോർണൂറോ പാലക്കാടോ പോകേണ്ട അവസ്ഥയാണുള്ളത്. മറ്റിടങ്ങളിലേക്ക് പോകുന്ന ദീർഘദൂര ട്രെയിനുകളുടെയും കഥ ഇതുതന്നെ.
മലപ്പുറം ജില്ലയെ കൂടി ഉൾക്കൊള്ളുന്ന രണ്ട് പുതിയ പാതകൾ റെയിൽവേ പലതവണ ചർച്ചചെയ്തിരുന്നു.അങ്ങാടിപ്പുറം - ഫറോക്ക് തീവണ്ടി പാതയാണ് ഇതിലൊന്ന്. 75 വർഷം പഴക്കമുണ്ട് ഈ പാതയുടെ ചർച്ചക്ക്. അങ്ങാടിപ്പുറത്തുനിന്ന് തുടങ്ങി മലപ്പുറം - കൊണ്ടോട്ടി - കരിപ്പൂർവഴി ഫറോക്കിൽ എത്തുന്ന 55 കിലോമീറ്ററുള്ള പദ്ധതിയാണിത്. 12 വർഷം മുമ്പ് റെയിൽവേ ഇതിനായി സർവ്വേ നടത്തിയിരുന്നു. പ്രായോഗികവും ലാഭകരവും ആണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 1990 - 91 റെയിൽവേ ബജറ്റ് ചർച്ചയിൽ അങ്ങാടിപ്പുറം ഫറോഖ് പാത കടന്നുവന്നു . 2004 ൽ കേരള സർക്കാർ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു. 2008 - 09 ൽ റെയിൽവേ ബജറ്റിൽ പാതയുടെ സർവ്വേക്ക് തുക വിലയിരുത്തി. ഫറോക്കിൽ നിന്നും വെസ്റ്റ് ഹില്ലിൽ നിന്നുമായി രണ്ട് സർവേ നടത്തി. ഈ സർവെയിലാണ് അങ്ങാടിപ്പുറം ഫറോക്ക് പാത ലാഭകരം എന്ന് കണ്ടെത്തി റെയിൽവേ പ്ലാനിങ് കമ്മീഷന്റെ അനുമതിക്ക് അയച്ചത്. 2009 ൽ റെയിൽവേയുടെ വിഷൻ 2020 പദ്ധതിയിൽ അങ്ങാടിപ്പുറം- ഫറോക്ക് പാതയും ഇങ്ങനെ ഇടം നേടി. പക്ഷേ , പിന്നീടൊന്നും സംഭവിച്ചില്ല.
രണ്ടാമത്തേത് നിലമ്പൂർ നഞ്ചൻകോട് പാതയാണ്. കർണാടകയിലെ നഞ്ചൻകോട് നിന്നും തുടങ്ങി അമ്പൂർ വഴി കേരളത്തിലെ സുൽത്താൻബത്തേരിയിലും പിന്നീട് മീനങ്ങാടി - കൽപ്പറ്റ - മേപ്പാടി ചൂരൽമല - പോത്തുകല്ല് - അകമ്പാടം - നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധം വിഭാവന ചെയ്ത പദ്ധതിയാണിത്. ഈ പാത യാഥാർഥ്യമായാൽ ബംഗളൂരുവിൽ നിന്ന് അഞ്ച് മണിക്കൂർ കൊണ്ട് ഷൊർണൂരിൽ എത്താൻ സാധിക്കും. ഇപ്പോൾ എടുക്കുന്ന സമയത്തിന്റെ നേർപകുതി .
ബ്രിട്ടീഷുകാർ ഷൊർണൂർ നിലമ്പൂർ പാത പൂർത്തീകരിച്ച 1927 ൽ തന്നെ അതിന്റെ രണ്ടാംഘട്ടമായി ഉണ്ടായിരുന്ന പദ്ധതിയാണ് നിലമ്പൂരിൽ നിന്ന് വയനാട് വഴി മൈസൂരിലേക്കോ നഞ്ചൻകോടിലേക്കോ ഉള്ള പാത. പക്ഷേ , രണ്ടാം ലോകയുദ്ധകാലത്ത് ഇരുമ്പ്ക്ഷാമം വന്നപ്പോൾ ഉള്ള പാതയിലെ തന്നെ ഇരുമ്പുകൾ പൊളിച്ചുകൊണ്ടു പോവുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്.1990 ലാണ് വീണ്ടും ഈ പാതയുടെ ചർച്ച ഉയർന്നുവന്നെങ്കിലും അന്നത് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് 2002 ൽ വീണ്ടും നിലമ്പൂർ നഞ്ചൻകോട് പാത ചർച്ചയായി. 2013 ൽ സർവ്വേ നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പദ്ധതിയുടെ സാധ്യത പഠനത്തിനായി ഇ. ശ്രീധരനെയാണ് നിയമിച്ചത്. 2016 - 17 കേന്ദ്ര ബജറ്റിൽ നിലമ്പൂർ നഞ്ചൻകോട് പാത അനുവദിച്ചുകൊണ്ടുള്ള ഉത്തരവും വന്നു. പാതക്കായി 600 കോടി രൂപയാണ് റെയിൽവേ ബജറ്റിൽ കണക്കാക്കിയത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പാത നടപ്പാക്കണമെന്നും ഇതിനുവേണ്ടി പകുതി തുക കേന്ദ്രസർക്കാർ നൽകാമെന്നും ധാരണയായി . അതോടെ ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ രേഖപ്പെടുത്തുന്ന റെയിൽവേയുടെ പിങ്ക് ബുക്കിൽ ഈ പദ്ധതിയും ഉൾപ്പെട്ടു. 2016 ൽ യുഡിഎഫ് സർക്കാർ സർവേക്കായി ആറ് കോടി രൂപ അനുവദിച്ചു. റെയിൽവേ സർവ്വേയുടെ പ്രാരംഭഘട്ടം തുടങ്ങി. പിന്നീട് ഇടതുപക്ഷം അധികാരത്തിൽ വന്നു. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റുചില ചർച്ചകൾ ഉയർന്നുവന്നു. തലശ്ശേരി - മൈസൂർ പാത എന്ന മറ്റൊരു കൺസെപ്റ്റ് ചർച്ചയായി. രണ്ടു പാതകൾക്കും ശ്രമം തുടങ്ങി. അതോടെ ഇതുമായി ബന്ധപ്പെട്ട ചില നിലപാട് പ്രശ്നങ്ങളുയർന്നു. പ്രയോഗത്തിൽ രണ്ടു പാതയും തീരുമാനമാവാതെ നിൽക്കുകയാണിപ്പോൾ.
