Quantcast
MediaOne Logo

ഡോ. ജമീല്‍ അഹ്മദ്

Published: 15 Oct 2022 11:25 AM GMT

ഭാഷ: അധികാരപ്രയോഗത്തിന്റെ ആയുധമാകുമ്പോള്‍

ഹിന്ദി, സംസ്‌കൃതം ഭാഷകളെ ഇന്ത്യയുടെ ഏകഭാഷകളായി മാറ്റുക എന്ന ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യം വിദ്യാഭ്യാസത്തിലായിരുന്നതുകൊണ്ടുതന്നെ ബി.ജെ.പി സര്‍ക്കാറുകള്‍ ഏറ്റവുമധികം കൈവെച്ചത് ആ മേഖലയില്‍തന്നെയായിരുന്നു. വിവിധ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആര്‍.എസ്.എസ് പുറത്തിറക്കിയ പ്രമേയങ്ങളില്‍ ഈ ഭാഷാനയം അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതു കാണാം. 1958 മാര്‍ച്ചില്‍ പ്രഖ്യാപിച്ച ദേശീയഭാഷാ നയത്തെക്കുറിച്ചുള്ള പ്രമേയത്തില്‍ സംസ്‌കൃതം ലോകഭാഷകളുടെ അടിസ്ഥാനമാണെന്നും അത് പഠിപ്പിക്കുന്നത് വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെടുന്നു. ദേശീയതയെ കുറിക്കുന്ന ഓരോ പ്രമേയത്തിലും ഭാഷാപരമായ നിലപാടിലെ ഈ സൂക്ഷ്മത പ്രസ്തുത പ്രമേയങ്ങളില്‍ ആവര്‍ത്തിക്കുന്നത് കാണാം.

ഭാഷ: അധികാരപ്രയോഗത്തിന്റെ ആയുധമാകുമ്പോള്‍
X

ഹിന്ദിഭാഷ അറിയുന്നവര്‍ക്കുമാത്രം ജോലിയും ജോലിസുരക്ഷയും ഉറപ്പുവരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമായിക്കഴിഞ്ഞു. ഇന്ത്യയെ കൈപ്പിടിയിലൊതുക്കാനുള്ള തീവ്രവലതുപക്ഷ അധികാരത്തിന്റെ അടുത്ത ചുവടുവെപ്പാണ് ഇത്. ഹിന്ദിഭൂമി എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ നടക്കാന്‍പോകുന്ന തിരഞ്ഞെടുപ്പുകളില്‍ കണ്ണുവെച്ചാണ് ധിറുതിപിടിച്ച് ഇത്തരം വിഷയങ്ങളിലേക്ക് ദേശീയചര്‍ച്ചകളെ തിരിച്ചുവിടുന്നത് എന്നത് വ്യക്തമാണ്. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ദേശാഭിമാനമുദ്രയാണ് ഇത്തരം വിവാദ ഉല്‍പ്പനങ്ങളുടെ ആകര്‍ഷണീയത. ഇന്ത്യയെ സ്‌നേഹിക്കുന്ന ആരും ആ ബ്രാന്റില്‍ വീണുപോകുമെന്നു മാത്രമല്ല അതിനെതിരെ സംസാരിക്കുന്ന ഏതൊരാളെയും രാജ്യത്തിന്റെ ശത്രുവാക്കി മാറ്റാന്‍ എളുപ്പം കഴിയുകയും ചെയ്യും. കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിന്, ദേശീയ 'ഹിന്ദി ദിവസ്' നോടനുബന്ധിച്ച്, ഇന്ത്യക്ക് പൊതുവായ ഒരു ഭാഷ വേണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയെ അടയാളപ്പെടുത്താന്‍ ഹിന്ദിയാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം കുറിച്ചു.

ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി നിഷേധിക്കുന്ന ശുപാര്‍ശ പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാസമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഹിന്ദിപ്രചാരണത്തിനും സംസ്ഥാപനത്തിനുമായി 112 ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഈ സമിതിയുടെ അധ്യക്ഷനും അമിത് ഷാ തന്നെയാണ്. കേന്ദ്ര തൊഴില്‍ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ഹിന്ദിയില്‍ മാത്രമാക്കുക, കേന്ദ്രസര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിര്‍ബന്ധമായി അറിഞ്ഞിരിക്കുക, കേന്ദ്രസര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കുക, കേന്ദ്രസര്‍ക്കാര്‍ പരിപാടികളുടെ ക്ഷണക്കത്തും പ്രസംഗവും ഹിന്ദിയിലായിവുക, കേന്ദ്ര ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ ഹിന്ദിയിലേക്ക് മാറ്റുക, ഹിന്ദി ഉപയോഗിക്കാന്‍ വൈമനസ്യമുള്ള കേന്ദ്രജീവനക്കാരോട് വിശദീകരണം ചോദിക്കുക, തൃപ്തികരമായ മറുപടി നല്‍കാത്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുക, ഹിന്ദി കൂടുതലായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവ് നല്‍കുക, കേന്ദ്ര സര്‍വകലാശാലകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും മാധ്യമം ഹിന്ദിയാക്കുക, പത്രമാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിന്റെ അമ്പത് ശതമാനം ഹിന്ദിയിലാക്കുക, എല്ലാ ഹൈക്കോടതികളിലും വിധികള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുക തുടങ്ങിയവയാണ് അതിലെ മറ്റു നിര്‍ദേശങ്ങള്‍. ഈ ശുപാര്‍ശകളിലെ രാഷ്ട്രീയം വ്യക്തമാണ്. ഇന്ത്യയുടെ ഹിന്ദുത്വവല്‍ക്കരണത്തിന്റെ മുന്നുപാധിയായി മുമ്പേ നിര്‍ദേശിക്കപ്പെട്ടതാണ് ഹിന്ദിസംസ്ഥാപനം എന്നതിനാല്‍ ആ രാഷ്ട്രീയവ്യക്തത ആശങ്കാജനകവുമാണ്.

ഇന്ത്യയില്‍ മതത്തിലും രാഷ്ട്രീയത്തിലും നൂറ്റാണ്ടുകളായി അധികാരം കൈയാളുന്ന സവര്‍ണബ്രാഹ്മണ്യത്തിന്റെ സമകാലികരൂപമാണ് സംഘ്പരിവാര്‍. ഈ അധികാരസ്ഥാപനത്തിന് മാര്‍ഗവും ഉപകരണവും ആയുധവുമായി നേരത്തെ പറഞ്ഞ രണ്ടു രീതിയിലും അവര്‍ ഭാഷയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെന്നും എങ്ങും അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ദ്രാവിഡ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനും മറാത്തിയല്ലാത്തതിനെയൊക്കെ മഹാരാഷ്ട്രയില്‍നിന്ന് പുറത്താക്കാനും സംസ്‌കൃതത്തെ വേദഭാഷയായി പ്രതിഷ്ഠിക്കാനുമുള്ള രാഷ്ട്രീയ ശ്രമങ്ങളാണ് അതില്‍ ഒന്നാമത്തേതിന് തെളിവുകള്‍.

ഭാഷ അധികാരപ്രയോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധവും ഉപകരണവും മാര്‍ഗവുമാണ്. വംശീയമായ അക്രമങ്ങളെ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ഭാഷയോളം പ്രാപ്തിയുള്ള മറ്റൊന്നുമില്ല. രണ്ടു രീതിയിലാണ് ഈ ഭാഷാധികാരം പ്രവര്‍ത്തിക്കുന്നത്. ഭാഷയെ നേരിട്ട് ആയുധമാക്കി സാംസ്‌കാരികാധികാരം സ്ഥാപിക്കുകയാണ് അതിലൊന്ന്. അധികാരം ജനസമൂഹങ്ങള്‍ക്കുമേല്‍ പ്രവര്‍ത്തനനിരതമാകുന്ന ഏതു സന്ദര്‍ഭത്തിലും അതിന്റെ അടിയൊഴുക്കായി വര്‍ത്തിക്കുന്ന ഭാഷയാണ് രണ്ടാമത്തേത്. ആദ്യത്തേത് ബാഹ്യവും രണ്ടാമത്തേത് ഏറക്കുറെ സൂക്ഷ്മവുമാണ്. ആദ്യത്തേതിനെക്കാള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് രണ്ടാമത്തേത് എന്നുമാത്രം. പ്രത്യക്ഷമായ അധികാരത്തെക്കാള്‍ ബലവത്തായതും അപകടകരവും പരോക്ഷമായ അധികാരമാണല്ലോ.


ഇന്ത്യയില്‍ മതത്തിലും രാഷ്ട്രീയത്തിലും നൂറ്റാണ്ടുകളായി അധികാരം കൈയാളുന്ന സവര്‍ണബ്രാഹ്മണ്യത്തിന്റെ സമകാലികരൂപമാണ് സംഘ്പരിവാര്‍. ഈ അധികാരസ്ഥാപനത്തിന് മാര്‍ഗവും ഉപകരണവും ആയുധവുമായി നേരത്തെ പറഞ്ഞ രണ്ടു രീതിയിലും അവര്‍ ഭാഷയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെന്നും എങ്ങും അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ദ്രാവിഡ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനും മറാത്തിയല്ലാത്തതിനെയൊക്കെ മഹാരാഷ്ട്രയില്‍നിന്ന് പുറത്താക്കാനും സംസ്‌കൃതത്തെ വേദഭാഷയായി പ്രതിഷ്ഠിക്കാനുമുള്ള രാഷ്ട്രീയ ശ്രമങ്ങളാണ് അതില്‍ ഒന്നാമത്തേതിന് തെളിവുകള്‍. അതോടൊപ്പം വ്യവഹാരഭാഷയുടെ അധീശപ്രത്യയശാസ്ത്രത്തെ സൂക്ഷ്മതലത്തില്‍ പ്രയോഗിച്ചുകൊണ്ട് ഇന്ത്യന്‍ സമൂഹത്തിനുമേല്‍ അധികാരം സഥാപിക്കാനും ബ്രാഹ്മണിസത്തിനു കഴിഞ്ഞിരിക്കുന്നു. പലപ്പോഴും നിഷ്‌കളങ്ക മനസ്സുകള്‍ ആ ഭാഷാധികാരത്തെ അറിയാതെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.


അയ്യായിരം വര്‍ഷത്തെ ചരിത്രം സംസ്‌കൃതത്തിനുണ്ട് എന്നത് ശരിയാണെങ്കിലും യുഗങ്ങള്‍ക്കപ്പുറത്തെ ദേവലോക ഭാഷയാണ് അതെന്ന് ചില മഹാപണ്ഡിതര്‍ പോലും വിശ്വസിക്കുന്നു. ദേവഭാഷ, വേദഭാഷ, ഗീര്‍വാണി, അമരവാണി എന്നൊക്കെയാണ് സംസ്‌കൃതത്തിന്റെ പര്യായപദങ്ങള്‍. എല്ലാം ആ ദിവ്യപദവിയെ സൂചിപ്പിക്കുന്നവ. ഏതൊരു ഭാഷാനാമത്തെയും പോലെ സംസ്‌കൃതം എന്ന സംജ്ഞയും ഒരു ഭാഷയുടെ പേര് മാത്രമല്ല, ഒരു ദാര്‍ശനിക ലോകത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. ആ ഭാഷയിലെ തത്വശാസ്ത്രം, സാഹിത്യം, വൈജ്ഞാനികസമ്പത്ത്, മതജാതിബന്ധങ്ങള്‍ എന്നിവയുടെ പ്രതിനിധാനവും സംസ്‌കൃതം വഹിക്കുന്നുണ്ട്. ഇന്ത്യയില്‍ സംസ്‌കൃത പുനരുദ്ധാരണ ശ്രമങ്ങള്‍ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്. 1784 ല്‍ ആയിരുന്നു ഇത്. ബ്രിട്ടീഷ് ജഡ്ജിയായ സര്‍ വില്യം ജോണ്‍സ് കല്‍ക്കത്തയിലെ ബംഗാള്‍ ഏഷ്യാറ്റിക് സൊസൈറ്റി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഗ്രീക്ക്, ലാറ്റിന്‍, ജര്‍മന്‍, ഭാഷകള്‍ക്ക് തുല്യമാണ് സംസ്‌കൃതം എന്ന് ലോകത്തോട് ആദ്യമായി വിളിച്ചുപറയുന്നത്. ''നൂറ്റാണ്ടുകളായുള്ള വൈദേശിക ഭരണങ്ങളുടെ അതിഭാരം നിമിത്തം നിശ്ചലാവസ്ഥയിലായിപ്പോയ വേദഭാഷ വീണ്ടും ചലനാത്മകമാകാന്‍ തുടങ്ങിയത് ആ വര്‍ഷം മുതലാണ്'' എന്നാണ് ക്ലാസ്സിക്കല്‍ഭാഷ എന്ന പുസ്തകത്തില്‍ വര്‍ക്കല ഗോപാലകൃഷ്ണന്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കുമുമ്പുള്ള വൈദേശികഭരണം കൊണ്ട് സൂചിതമാകുന്നത് മുസ്ലിംകള്‍തന്നെ. വേദഭാഷ എന്നത് സംസ്‌കൃതവും. സംസ്‌കൃതനവോത്ഥാനം എന്ന ആശയം ആരെയാണ് എതിര്‍പക്ഷത്തുനിര്‍ത്തുന്നത് എന്നതിലേക്കുള്ള സൂചന ആ വിശേഷണത്തിലുണ്ട്.

2010 ജനുവരിയില്‍ ഉത്തരാഘണ്ഡ് സര്‍ക്കാര്‍ ആ സംസ്ഥാനത്തിലെ ഒന്നാം ഔദ്യോഗികഭാഷയായി ഹിന്ദിയെയും രണ്ടാം ഔദ്യോഗിക ഭാഷയായി സംസ്‌കൃതത്തെയും പ്രഖ്യാപിച്ചു. മുന്‍ ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന അന്നത്തെ ഉത്തരാഘണ്ഡ് മുഖ്യമന്ത്രി രമേഷ് പോഖ്‌റിയാല്‍, ഭരണഘടനയുടെ 345 ഖണ്ഡികയിലെ നിര്‍ദേശത്തെ ആദ്യമായി നടപ്പില്‍വരുത്തുന്ന സംസ്ഥാനമാണ് തങ്ങളുടേത് എന്നാണ് ഈ പ്രഖ്യാപനത്തോടനുബന്ധിച്ച് അവകാശപ്പെട്ടത്.

സംസ്‌കൃതത്തെ ഭാഷകളുടെ മാതാവായി പ്രതിഷ്ഠിക്കാനുള്ള ഹിന്ദുത്വവാദികളുടെ ഉദ്യമം 'ആഗോള ഹൈന്ദവം' എന്ന സങ്കല്‍പനത്തിനു സമാന്തരമായാണ് വര്‍ത്തിക്കുന്നത്. 'സകലമാന ഭാഷകളും സംസ്‌കൃതം എന്ന ദൈവഭാഷയുടെ സുഗന്ധസമൃദ്ധിയില്‍നിന്ന് നറുമണം സ്വീകരിച്ചവയാണെ'ന്നാണ് 'വിചാരധാര'യില്‍ ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തിക്കുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ നട്ടെല്ലായ ഈ ഭാഷ ഇവിടെ ഭരിച്ച വിദേശികളുടെ കൈക്കടത്തലുകളാലാണ് പ്രചാരംകെട്ടുപോയതെന്നും അദ്ദേഹം ആരോപിക്കുന്നു. (പേജ് 101) സംസ്‌കൃതത്തില്‍നിന്ന് നേരിട്ട് ഊര്‍ജംസ്വീകരിച്ച് വളര്‍ന്ന ആധുനിക ഭൂരിപക്ഷഭാഷയാകയാലാണ് ഹിന്ദിയെ ഹിന്ദുരാജ്യത്തിന്റെ ഒന്നാംഭാഷയായി പരിഗണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു (പേജ് 102). യാഗം മുതല്‍ യോഗവരെയുള്ള ഹൈന്ദവവല്‍കൃത ആശയങ്ങളുടെ ആഗോളപ്രചാരണത്തിനു പിന്നിലുള്ള ഹിന്ദുത്വ അജണ്ട പക്ഷേ, ലോകം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ മറവിലുള്ള കോടിക്കണക്കിന് ഡോളറുകളുടെ മുതല്‍മുടക്കിനെക്കുറിച്ച് പലരും ആശങ്കിക്കുന്നു. സാമ്പത്തിക താല്‍പര്യങ്ങളെക്കാളും ഭയക്കേണ്ടത് ഇക്കാര്യത്തിലുള്ള സംഘ്പരിവാര്‍ രാഷ്ട്രീയ താല്‍പര്യങ്ങളെയാണ്. ഹിന്ദി, സംസ്‌കൃതം ഭാഷകളെ ഇന്ത്യയുടെ ഏകഭാഷകളായി മാറ്റുക എന്ന ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യം വിദ്യാഭ്യാസത്തിലായിരുന്നതുകൊണ്ടുതന്നെ ബി.ജെ.പി സര്‍ക്കാറുകള്‍ ഏറ്റവുമധികം കൈവെച്ചത് ആ മേഖലയില്‍തന്നെയായിരുന്നു. വിവിധ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആര്‍.എസ്.എസ് പുറത്തിറക്കിയ പ്രമേയങ്ങളില്‍ ഈ ഭാഷാനയം അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതു കാണാം. 1958 മാര്‍ച്ചില്‍ പ്രഖ്യാപിച്ച ദേശീയഭാഷാ നയത്തെക്കുറിച്ചുള്ള പ്രമേയത്തില്‍ സംസ്‌കൃതം ലോകഭാഷകളുടെ അടിസ്ഥാനമാണെന്നും അത് പഠിപ്പിക്കുന്നത് വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെടുന്നു. ദേശീയതയെ കുറിക്കുന്ന ഓരോ പ്രമേയത്തിലും ഭാഷാപരമായ നിലപാടിലെ ഈ സൂക്ഷ്മത പ്രസ്തുത പ്രമേയങ്ങളില്‍ ആവര്‍ത്തിക്കുന്നത് കാണാം.


ആ സംഘ്പരിവാര്‍ നിലപാടുകള്‍ പ്രായോഗികരൂപം ആര്‍ജിക്കുന്നതാണ്, 2014 ലെ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പഠനമാധ്യമം മുതല്‍ സിലബസ്സില്‍ വരെ ഹിന്ദുത്വഅജണ്ടകള്‍ തിരുകിക്കയറ്റുന്നതിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറെയും പ്രാഥമികവിദ്യാലയം തൊട്ടുള്ള നിര്‍ബന്ധിത സംസ്‌കൃത പഠനമായിരുന്നു എന്നും പ്രസ്താവ്യമാണ്. 2010 ജനുവരിയില്‍ ഉത്തരാഘണ്ഡ് സര്‍ക്കാര്‍ ആ സംസ്ഥാനത്തിലെ ഒന്നാം ഔദ്യോഗികഭാഷയായി ഹിന്ദിയെയും രണ്ടാം ഔദ്യോഗിക ഭാഷയായി സംസ്‌കൃതത്തെയും പ്രഖ്യാപിച്ചു. മുന്‍ ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന അന്നത്തെ ഉത്തരാഘണ്ഡ് മുഖ്യമന്ത്രി രമേഷ് പോഖ്‌റിയാല്‍, ഭരണഘടനയുടെ 345 ഖണ്ഡികയിലെ നിര്‍ദേശത്തെ ആദ്യമായി നടപ്പില്‍വരുത്തുന്ന സംസ്ഥാനമാണ് തങ്ങളുടേത് എന്നാണ് ഈ പ്രഖ്യാപനത്തോടനുബന്ധിച്ച് അവകാശപ്പെട്ടത്. ഒന്നാംതരം മുതല്‍ സംസ്‌കൃതം നിര്‍ബന്ധിത പഠനഭാഷയായ ആദ്യസംസ്ഥാനവും ഉത്തരാഘണ്ഡ് ആണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ കാബിനറ്റ് മന്ത്രിയായ ഇദ്ദേഹം അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസനയത്തില്‍ നിര്‍ബന്ധിത ഹിന്ദി, സംസ്‌കൃത പഠനത്തിനു നിര്‍ദേശിക്കുന്നുണ്ട്. ജ്യോതിഷമാണ് ലോകത്തിലെ ഏറ്റവും ശാസ്ത്രീയമായ അറിവെന്നും ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഗണപതിത്തലയില്‍ നടത്തിയ രാഷ്ട്രമാണ് ഭാരതമെന്നും ഒരു ലക്ഷം വര്‍ഷം മുമ്പ് കണാദമഹര്‍ഷി ഇന്ത്യയില്‍ ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയിട്ടുണ്ട് എന്നുമൊക്കെ തട്ടിവിട്ട് പ്രശസ്തനായ ഒരാളാണ് ഈ വിദ്യാഭ്യാസമന്ത്രി എന്നുകൂടി നാം ഓര്‍ക്കണം.

രമേഷ് പോഖ്‌റിയാല്‍ ഉത്തരാഖണ്ഡില്‍ സംസ്‌കൃതത്തെ നിര്‍ബന്ധിത പഠനഭാഷയാക്കി മാറ്റിയപ്പോള്‍, ഇന്ത്യന്‍ ഭരണഘടനയുടെ 350 എ അനുഛേദത്തില്‍, ഓരോ പ്രാദേശികഭാഷകളെയും സംരക്ഷിക്കാനും വളര്‍ത്താനുമുള്ള സംസ്ഥാന സര്‍ക്കാറുകളുടെ ചുമതലകളെക്കുറിച്ച ഭാഗം വിസ്മരിക്കപ്പെടുകയാണ് ചെയ്തത്. ഇന്ത്യയിലെ ഹയര്‍സെക്കണ്ടറി ക്ലാസ്സുകളില്‍ യോഗ, ജ്യോതിഷം, ഹിന്ദി, സംസ്‌കൃതം എന്നിവ നിര്‍ബന്ധ പഠനവിഷയമാക്കാനുള്ള ശിപാര്‍ശയാണ് ഈ ഇനത്തില്‍ മുമ്പുണ്ടായ മറ്റൊരു നീക്കം. ആര്‍.എസ്.എസിന്റെ അനുബന്ധസംഘമായ 'ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍' പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലേക്ക് നല്‍കിയ ശിപാര്‍ശകളിലാണ് ഈ നിര്‍ദേശമുള്ളത്. ഭാരതീയപാരമ്പര്യത്തോടുള്ള കൂറ്, സാംസ്‌കാരിക വിദ്യാഭ്യാസം, ധാര്‍മികശിക്ഷണം തുടങ്ങിയ മേമ്പൊടികളോടെയാണ് ഹിന്ദുത്വഅജണ്ടകള്‍ വിദ്യാഭ്യാസത്തിലേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നത് എന്നതാണ് ആശങ്കാജനകം. ഹിന്ദിയെയും സംസ്‌കൃതത്തെയും ഇങ്ങനെ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഉത്തരേന്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഹിന്ദി അധിഷ്ഠിതമായ ദേശസ്‌നേഹവും തമിഴ്‌നാട് പോലുള്ള ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ഹിന്ദി വിരുദ്ധ വികാരവും ഊതിവീര്‍പ്പിക്കാനും ഒരേസമയം കഴിയും. 'ഒരു രാജ്യം ഒരു വ്യക്തിനിയമം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വൈവിധ്യങ്ങളുടെ തലപ്പുകള്‍ അരിഞ്ഞെടുത്ത് ഏകാത്മകബ്രാഹ്മണാധിപത്യം സ്ഥാപിക്കാനുള്ള വഴിയാണ്. സംഘ്പരിവാര്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ ഹിന്ദിഭാഷാപ്രണയം വെറുമൊരു ഭാഷാസമീപനം മാത്രമല്ല, തെരെഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ തുറുപ്പുചീട്ടുകൂടിയാണ് എന്നതാണ് വാസ്തവം.


ഹിന്ദിയെക്കുറിച്ചുള്ള ഏറ്റവും വലിയ മിത്തുകളിലൊന്നാണ് അത് ഇന്ത്യയുടെ ദേശീയഭാഷയാണ് എന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യക്ക് ഒരു 'ദേശീയ ഭാഷ' ഇല്ല എന്നതാണ് ശരി. ഭരണഘടനയുടെ 343 മത് വകുപ്പുപ്രകാരം, ദേവനാഗരി ലിപിയിലുള്ള ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗികവിനിമയത്തിനുള്ള ഭാഷകളായി നിശ്ചയിച്ചിട്ടുണ്ട് എന്നുമാത്രം. 1963ലെ ഔദ്യോഗികഭാഷാനിയമവും നിര്‍ദേശിക്കുന്നത് ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക വിനിമയഭാഷകളായി തുടരണമെന്നുതന്നെയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട് 17 എട്ടാമത്തെ പട്ടികയില്‍ സ്വതന്ത്രഇന്ത്യയുടെ ഔദ്യോഗികഭാഷകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 22 ഭാഷകള്‍ക്കാണ് ഈ ഔദ്യോഗികപദവിയുള്ളത്. അതില്‍ ഹിന്ദിയും മലയാളവും തമിഴും മാത്രമല്ല വിദേശഭാഷയായ നേപ്പാളിയുമുണ്ട്. ഇംഗ്ലീഷ് ഇല്ലതാനും. ഭരണഘടനാ രൂപീകരണസമിതിയിലുണ്ടായ പ്രധാനപ്പെട്ട സംവാദങ്ങളിലൊന്നായിരുന്നു ഒരു 'ദേശീയഭാഷ' വേണമോ വേണ്ടയോ എന്നത്. ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കണമെന്ന വാദം വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് സമിതി തള്ളിക്കളഞ്ഞത്. ഇന്ത്യ എന്ന രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യങ്ങളെയും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷാവകാശങ്ങളെയും അങ്ങേയറ്റം മാനിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. ദേശീയ ഭാഷാപദവി ഇല്ലെങ്കില്‍കൂടി ഹിന്ദിയെ ഇംഗ്ലീഷിനോടൊപ്പം ഔദ്യോഗിക വിനിമയഭാഷയായി പ്രഖ്യാപിക്കണമെന്ന് സമിതിയില്‍ ചിലര്‍ വാദിച്ചു. ഹിന്ദിയുടെയും ഉര്‍ദുവിന്റെയും മറ്റനേകം പ്രാദേശിക വാമൊഴിവഴക്കങ്ങളുടെയും സങ്കരരൂപമായ ഹിന്ദുസ്താനിയാണ് ദേശീയ വിനിമയഭാഷയാകേണ്ടത് എന്ന എതിര്‍വാദവും ഉണ്ടായി. വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരൊറ്റ വോട്ടിനാണ് ഹിന്ദുസ്താനിയെ തോല്‍പ്പിച്ച് ഹിന്ദി ആ പദവി കരസ്ഥമാക്കിയത്.


ദേശീയഭാഷ എന്ന നിലയ്ക്ക് ഹിന്ദിയോടുള്ള സ്‌നേഹം ഗാന്ധിജി മുതല്‍ കേരളത്തിലെ നിഷ്‌കളങ്ക ദേശീയവാദികള്‍വരെ രാഷ്ട്രീയമുക്തമാക്കി ഉന്നയിക്കാറുണ്ട്. ഏതൊരുഭാഷയോടുമുള്ള പ്രത്യേക പരിഗണന, വൈവിധ്യങ്ങളെ സൗന്ദര്യവും മാനവികതയുടെ അടിസ്ഥാനവുമായിക്കാണുന്ന പുതിയകാലത്തെ ആശയസമീപനങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. 'ഏതു ഹിന്ദി?' എന്ന ചോദ്യമാണ് അത് ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ അങ്ങിങ്ങോളം പരന്നുകിടക്കുന്ന വ്യവഹാരഭാഷയായ ഹിന്ദി, എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും വാമൊഴിഭേദങ്ങളുള്ള ഒരു ഭാഷയാണ്. ദേശീയ ജനസംഖ്യയില്‍ 44 ശതമാനം പേര്‍ ഹിന്ദി സംസാരഭാഷയായി സ്വീകരിച്ചവരാണ് എന്നാണ് പറയപ്പെടാറള്ളത്. എന്നാല്‍, 2011ലെ സെന്‍സസ് പ്രകാരം, തനതായ ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ വെറും 26 ശതമാനം മാത്രമാണ്. കാരണം, ഹിന്ദി സംസാരിക്കുന്നവരില്‍ പകുതിപേര്‍ മാത്രമാണ് തനത് ഹിന്ദി ഗ്രാമ്യഭാഷ പിന്തുടരുന്നത്. ഭോജ്പൂരിയും രാജസ്ഥാനിയുമടക്കം ഹിന്ദിയുടെ അമ്പതിലേറെ വകഭേദങ്ങളാണ് മിക്ക ഹിന്ദിസംസ്ഥാനങ്ങളിലും പ്രചാരത്തിലുള്ളത്. ഗുജറാത്തികള്‍ക്ക് ഹിന്ദി അന്യഭാഷയാണെന്ന്, 2012 ജനുവരിയില്‍ ഗുജ്‌റാത്ത് ഹൈക്കോടതി പ്രസ്താവിച്ച ഒരു വിധിന്യായം ഈ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ഹിന്ദിയില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനെതിരെ ജുനഗഢില്‍ നിന്നുള്ള കര്‍ഷകര്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഇന്ത്യയില്‍ ഏറ്റവുമധികം പേരും സംസാരിക്കുന്നത് ഹിന്ദിയാണെന്നും അതിനാല്‍ അതാണ് ഏക പൊതുഭാഷ ആകേണ്ടതെന്നുമുള്ള വാദം എളുപ്പം വിലപ്പോവില്ല എന്നാണിതിനര്‍ഥം.

ഭാഷ 'ആശയവിനിമയത്തിനുള്ള ഉപാധി' മാത്രമല്ല. അത് വ്യക്തിയെയും സമൂഹത്തെയും അവരുടെ ചരിത്രവും മൂല്യസങ്കല്‍പങ്ങളും വഹിച്ചുകൊണ്ട് മുന്നോട്ട് ചലിപ്പിക്കുന്ന സാംസ്‌കാരിക വാഹനമാണ്. ഭാഷയിലൂടെയാണ് മനുഷ്യര്‍ പരസ്പരം കൊണ്ടും കൊടുത്തും നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഓരോ ഭാഷക്കും സങ്കീര്‍ണവും വൈവിധ്യപൂര്‍ണവുമായ ആന്തരിക വ്യവസ്ഥകളുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷാധികാരത്തിന്റെ ഭാഷകളെ ഉപയോഗിച്ച് പ്രാദേശിക ഭാഷകളെ നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ ഭാഷയില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയില്ല. വിദ്യാഭ്യാസം, ആശയവിനിമയം, സാമ്പത്തികവ്യവസ്ഥ, രാഷ്ട്രീയസ്വാതന്ത്ര്യം തുടങ്ങിയ ദുര്‍ബലവിഭാഗങ്ങളുടെ നിലനില്‍പിന്റെ ഓരോ വേരുകളെയും ഭാഷാധിനിവേശം അറുത്തുമാറ്റും. അതിനാല്‍ ഹിന്ദി, സംസ്‌കൃതം എന്നിവ മാത്രമല്ല, ഏതൊരു ഭാഷയും അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള സമരം മനുഷ്യനുവേണ്ടിയുള്ള സമരമാണ്.

(ഡോ. ജമീല്‍ അഹ്മദ്: പട്ടാമ്പി ഗവ. സംസ്‌കൃതകോളജ് അസി. പ്രൊഫസറാണ്)

TAGS :