Quantcast
MediaOne Logo

സോനു സഫീര്‍

Published: 22 Feb 2024 9:17 AM GMT

സര്‍ഫ്രാസ് ഖാന്‍: ഭ്രഷ്ട് കല്‍പിച്ചില്ലെങ്കില്‍ കാലത്തിന് കണക്ക് ചോദിച്ചുകൊണ്ടാകും അയാള്‍ തിരിച്ചു കയറുക

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി എന്നീ പ്രതിഭകളുടെ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹാരിസ് ഷീല്‍ഡ് എന്ന ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 439 റണ്‍സടിച്ച് കൂട്ടിയ ഒരു 12 വയസ്സുകാരന്‍ അക്കാലത്ത് വാര്‍ത്തകളിലെ താരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച മുംബൈയില്‍ നിന്നുള്ള ഭാവി വാഗ്ദാനമായി സര്‍ഫ്രാസ് ഖാന്‍ എന്ന് പേരുള്ള ബാലന്‍ വാഴ്ത്തപ്പെട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 21 വര്‍ഷക്കാലത്തെ റെക്കോര്‍ഡും സര്‍ഫ്രാസിന്റെ മാജിക്കല്‍ ഇന്നിംഗ്‌സിലൂടെ പഴങ്കഥയായി.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത പന്ത്രണ്ട് വയസ്സുകാരന്‍ സര്‍ഫ്രാസ് ഖാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം നിറഞ്ഞു നിന്നു.
X

" താങ്കളില്‍ ഞാന്‍ അഭിമാനിക്കുന്നു, ഈ നിമിഷത്തേക്ക് എത്തിച്ചേരുവാനുള്ള താങ്കളുടെ കഠിനാധ്വാനങ്ങള്‍ക്കും ആഭ്യന്തര ടൂര്‍ണമെന്റുകളിലെ പ്രകടനങ്ങള്‍ക്കും ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. തീര്‍ച്ചയായും ചില നിരാശകളിലൂടെയായിരിക്കും ഈ യാത്ര ഇവിടെവരെയെത്തി നില്‍ക്കുന്നത്, എന്നാല്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ താങ്കളെ കാത്തിരിക്കുന്നു. താങ്കളുടെ പിതാവും മറ്റ് കുടുംബാംഗങ്ങളും ഈ നേട്ടത്തില്‍ അഭിമാനിതരായിരിക്കും. എല്ലാ വിധ ആശംസകളും. "

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മുന്നൂറ്റി പതിനൊന്നാമത്തെ താരമായി സര്‍ഫ്രാസ് ഖാന്‍ അനില്‍ കുംബ്ലെയില്‍ നിന്നും ഇന്ത്യന്‍ ക്യാപ് സ്വീകരിക്കുമ്പോള്‍ ഒരു താരത്തിന്റെ അരങ്ങേറ്റം മാത്രമായിരുന്നില്ല അത്. ഒരു പിതാവിന്റെ സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നുവത്. സൗരാഷ്ട്രയിലെ രാജ്കോട്ടില്‍, നൗഷാദ് ഖാന്‍ എന്ന പിതാവിന്റെ കണ്ണീരിനും പൂവണിഞ്ഞ കിനാവിനും ക്രിക്കറ്റില്‍ അധികം സമാനതകളില്ല.

ആറാം വയസ്സ് മുതല്‍ തന്നെ ക്രിക്കറ്റിനെ ഗൗരവമായെടുത്ത സര്‍ഫ്രാസ് ഖാന്റെ ആദ്യ പരിശീലകന്‍ പിതാവ് നൗഷാദ് ഖാന്‍ തന്നെ. പ്രായത്തില്‍ കവിഞ്ഞ ടെക്‌നിക്കുകള്‍ കുഞ്ഞിലേ പ്രകടമാക്കിയിരുന്ന മകനെ ഒരു ക്രിക്കറ്റ് താരമാക്കുക എന്നത് ആ പിതാവ് അന്നേ മനസ്സിലുറപ്പിച്ചിരുന്നു. വീടിനകത്തും പുറത്തും കളിച്ചു വളരാന്‍ സൗകര്യമൊരുക്കിയ നൗഷാദ് ഖാന്റെ പിന്നീടുള്ള ജീവിതലക്ഷ്യം മകന്‍ ഇന്ത്യന്‍ കുപ്പായമണിയുന്നതിലേക്കൊതുങ്ങി.

50 ലക്ഷം തുകക്ക് ആര്‍.സി.ബിയിലെത്തിയ സര്‍ഫ്രാസ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇരുന്നൂറിന് മുകളിലുള്ള പ്രഹരശേഷിയില്‍ 46 റണ്‍സ് നേടുമ്പോള്‍ വിരാട് കോഹ്ലിയും എ.ബി.ഡി വില്ല്യേഴ്സും ഗെയ്ലുമടങ്ങുന്ന മഹാരഥന്മാര്‍ വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു. അന്ന് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി പവലിയനിലേക്ക് മടങ്ങിയ സര്‍ഫ്രാസിനെ കൈകൂപ്പി വണങ്ങിക്കൊണ്ടാണ് വിരാട് വരവേറ്റത്. പതിനേഴ് വയസ്സുള്ള ഒരു ചെറുപ്പക്കാരന് അന്ന് കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ ആദരം!

പരിശീലനവും സ്‌കൂള്‍ ജീവിതത്തിലെ ക്ലബ് ക്രിക്കറ്റുമായി മുന്നോട്ട് പോകവെയാണ് കരിയറിലെ ആദ്യ വഴിത്തിരിവ് ഉണ്ടാവുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി എന്നീ പ്രതിഭകളുടെ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹാരിസ് ഷീല്‍ഡ് എന്ന ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 439 റണ്‍സടിച്ച് കൂട്ടിയ ഒരു 12 വയസ്സുകാരന്‍ അക്കാലത്ത് വാര്‍ത്തകളിലെ താരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച മുംബൈയില്‍ നിന്നുള്ള ഭാവി വാഗ്ദാനമായി സര്‍ഫ്രാസ് ഖാന്‍ എന്ന് പേരുള്ള ബാലന്‍ വാഴ്ത്തപ്പെട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 21 വര്‍ഷക്കാലത്തെ റെക്കോര്‍ഡും സര്‍ഫ്രാസിന്റെ മാജിക്കല്‍ ഇന്നിംഗ്‌സിലൂടെ പഴങ്കഥയായി.

സര്‍ഫ്രാസ് ഖാനും പിതാവിനുമൊപ്പം മുംബൈ ക്രിക്കറ്റ് അസോസിയേഷനും, ദേശീയ - അന്തര്‍ദേശീയ മാധ്യമങ്ങളും കൂടെ ഈ ബാലന്റെ ഭാവി ക്രിക്കറ്റിലാണെന്ന് തിരിച്ചറിയുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്ത ഇന്നിംഗ്‌സ് ആയിരുന്നുവത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത പന്ത്രണ്ട് വയസ്സുകാരന്‍ സര്‍ഫ്രാസ് ഖാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം നിറഞ്ഞു നിന്നു.

ജീവിത ലക്ഷ്യത്തിലേക്കുള്ള സുഖമമായ പ്രയാണത്തിനിടയിലാണ് ആദ്യ തിരിച്ചടിയുണ്ടാകുന്നത്. മുംബൈ അണ്ടര്‍ 19 ടീമിലേക്കുള്ള പ്രവേശനം പടിവാതിലില്‍ എത്തിനില്‍ക്കവേയാണ് വയസ്സില്‍ കൃത്രിമം കാണിച്ചുവെന്ന പേരില്‍ സസ്പെന്‍ഷന്‍ നേരിടേണ്ടി വരുന്നത്. നൂതന സാങ്കേതികതയുപയോഗിച്ചു പിതാവ് ഒരിക്കല്‍ കൂടെ ടെസ്റ്റ് ചെയ്യിപ്പിച്ചുവെങ്കിലും ഫലത്തില്‍ മാറ്റമുണ്ടായിരുന്നില്ല. പക്ഷെ, അത്തരം തിരിച്ചടികളിലും ബാറ്റുമായി കളിക്കളത്തില്‍ ഇറങ്ങുമ്പോഴെല്ലാം സ്‌കോര്‍ ചെയ്ത്‌കൊണ്ടേയിരിക്കുക എന്നത് സര്‍ഫ്രാസ് ഖാന് ഒരു പതിവായി മാറിയിരുന്നു.

ആഭ്യന്തര ടൂര്‍ണമെന്റുകളിലെ പ്രകടനം സര്‍ഫ്രാസ് ഖാനില്‍ ഒരിക്കല്‍ കൂടെ സെലക്ടേഴ്‌സിന്റെ കണ്ണുകളുടക്കി. 2014 ലും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2016 ലും അണ്ടര്‍ 19 ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ സര്‍ഫ്രാസ് ഈ രണ്ട് എഡിഷനുകളിലും ടോപ് സ്‌കോറര്‍ പട്ടികയിലും സ്ഥാനം പിടിച്ചു. 70 ന് മുകളില്‍ ശരാശരിയോടെ മുന്നൂറ്റമ്പതിലധികം റണ്‍സ് നേടി ടൂര്‍ണമെന്റിലെ രണ്ടാമത്തെ റണ്‍സ് വേട്ടക്കാരനായി വരവറിയിച്ചാണ് 2016 ല്‍ സര്‍ഫ്രാസ് കളമൊഴിഞ്ഞത്. ഇതിനിടെ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അരങ്ങേറ്റം കുറിക്കാനും 2015 ലെ ഐ.പി.എല്ലില്‍ വിരാടിന് കീഴില്‍ ആര്‍.സി.ബിയിലെത്താനും സര്‍ഫ്രാസ് ഖാന് കഴിഞ്ഞിരുന്നു.


50 ലക്ഷം തുകക്ക് ആര്‍.സി.ബിയിലെത്തിയ സര്‍ഫ്രാസ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇരുന്നൂറിന് മുകളിലുള്ള പ്രഹരശേഷിയില്‍ 46 റണ്‍സ് നേടുമ്പോള്‍ വിരാട് കോഹ്ലിയും എ.ബി.ഡി വില്ല്യേഴ്സും ഗെയ്ലുമടങ്ങുന്ന മഹാരഥന്മാര്‍ വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു. അന്ന് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി പവലിയനിലേക്ക് മടങ്ങിയ സര്‍ഫ്രാസിനെ കൈകൂപ്പി വണങ്ങിക്കൊണ്ടാണ് വിരാട് വരവേറ്റത്. പതിനേഴ് വയസ്സുള്ള ഒരു ചെറുപ്പക്കാരന് അന്ന് കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ ആദരം!

ഐ.പി.എല്‍ എന്ന പിന്‍വാതിലിലൂടെ പലരും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള നിയമനം പോലും ഫ്രാഞ്ചൈസ് ടൂര്‍ണമെന്റുകളെ ക്രേന്ദീകരിച്ചായി. ഡൊമസ്റ്റിക് സര്‍ക്കിളുകളില്‍ യഥേഷ്ടം റണ്‍സ് വാരിക്കൂട്ടിയ സര്‍ഫ്രാസ് ഖാന് നിര്‍ഭാഗ്യവശാല്‍ കുട്ടിക്രിക്കറ്റിലെ അതിവേഗതയോട് പൊരുത്തപ്പെടാനായില്ല. ഒരൊറ്റ രാത്രിയില്‍ രണ്ട് സിക്‌സര്‍ കളിച്ചവര്‍ പോലും ദേശീയ ഹീറോ പരിവേഷം സ്വന്തമാക്കുകയും ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ മുട്ടുകയും ചെയ്തപ്പോള്‍ സര്‍ഫ്രാസ് ഖാന് മുന്നില്‍ ആ വാതില്‍ വീണ്ടും മരീചികയായി.

ടി 20 പ്രകടനത്തിന്റ അടിസ്ഥാനത്തില്‍ മാത്രം ടെസ്റ്റ് ടീമിലെത്തിയ സൂര്യകുമാര്‍ യാദവ് പോലെയുള്ള താരങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റ് തരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്റെ എകസ്റ്റന്‍ഡഡ് വേര്‍ഷന്‍ ആയ ഏകദിനങ്ങളില്‍ പോലും ടി 20 താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല എന്ന ഒരൊറ്റ വാചകം മതിയാകും ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ സര്‍ഫ്രാസ് നേടുന്ന ഓരോ റന്‍സുകളുടെ മൂല്യമറിയാന്‍. ടെസ്റ്റില്‍ ഇന്ന് 500 വിക്കറ്റ് തികച്ച രവി അശ്വിനെ പോലെയുള്ള ചുരുക്കം ചിലര്‍ മാത്രമാണ് ഇതിനൊരപവാദം.

പ്രതീക്ഷകളും സ്വപനങ്ങളും നിരാശകളിലേക്ക് വഴുതി മാറാന്‍ തുടങ്ങിയ സമയമായിരുന്നു അദ്ദേഹത്തിന്റെ കരിയറില്‍ പിന്നീട്. നിരന്തരം സ്‌കോര്‍ ചെയ്യുകയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനോട് താരതമ്യപ്പെടുത്താവുന്ന ഒരു കരിയര്‍ സൃഷ്ടിക്കുകയും ചെയ്ത ശേഷം പോലും ഓരോ സെലക്ഷനും കാത്തിരിക്കുകയും ഒടുവില്‍ നിരാശപ്പെടുകയും ചെയ്യാനായിരുന്നു വിധി. തന്നോടൊപ്പം കളിച്ചവര്‍ ഓരോരുത്തരായി നീല കുപ്പായമണിഞ്ഞ് ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ താനിനി എന്ത് ചെയ്യണമെന്ന ആശയകുഴപ്പത്തിലായിരുന്നു സര്‍ഫ്രാസ് ഖാന്‍. പരാജയം സമ്മതിക്കാന്‍ തുനിഞ്ഞപ്പോഴൊക്കെ പിതാവ് അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിയായി. ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്ന് മകനെ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.


അതിനിടയില്‍ മുംബൈ ടീമില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ സര്‍ഫ്രാസ് ഉത്തര്‍പ്രദേശിലേക്ക് കൂടുമാറ്റം നടത്തുകയും പ്രതീക്ഷിച്ച പ്രകടനം സാധ്യമാവാതെ വന്നതോടെ മുംബൈയിലോട്ട് തിരിച്ചു വരികയും ചെയ്തു. തിരിച്ചുവരവില്‍ പഴയ ടീമായ ഉത്തര്‍പ്രദേശിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചാണ് സര്‍ഫ്രാസ് ഖാന്‍ തിരിച്ചുവരവ് ആഘോഷിച്ചത്.

പിന്നീടുള്ള കാലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഒരു വാര്‍ത്ത അല്ലാതായി മാറി. അസൂയ ജനിപ്പിക്കും വിധമുള്ള സ്ഥിരത. നൂറുകളും ഇരുന്നൂറുകളും യഥേഷ്ടം പിറന്നു. ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന ശരാശരിയുള്ള താരമായി സര്‍ഫ്രാസ് വളര്‍ന്നു. ഫിറ്റ്‌നസിന്റെയും അച്ചടക്കനടപടികളുടെയും പേരില്‍ സര്‍ഫ്രാസിനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ച സെലക്ടേഴ്‌സിന് പക്ഷെ പിടിച്ചുനില്‍ക്കാനായില്ല. പ്രകടനങ്ങള്‍ കൊണ്ട് മറുപടി നല്‍കിയ അദ്ദേഹം ടീം തിരഞ്ഞെടുപ്പ് കമ്മറ്റികള്‍ക്ക് തലവേദന സൃഷ്ടിച്ചു. ഒന്ന് രണ്ട് തവണ ടീമിലുള്‍പ്പെട്ട സര്‍ഫ്രാസിന് പക്ഷെ കളിക്കാനുള്ള ഭാഗ്യം തെളിഞ്ഞത് സൗരാഷ്ട്രയിലെ രാജ്കോട്ടില്‍. 70 റണ്‍സ് ശരാശരിയുള്ള ഒരു ബാറ്റര്‍ക്ക് ദേശീയ കുപ്പായം ലഭിക്കാന്‍ 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കേണ്ടി വന്നു!

പിതാവ് നൗഷാദ് ഖാന്റെ രാജ്കോട്ടിലെ കണ്ണീരിന് ഒരു പുരുഷായുസ്സിന്റെ പ്രയത്‌നത്തിന്റെ കഥ പറയാനുണ്ട്. ആത്മവിശ്വാസം നഷ്ടപെട്ട് പോയേക്കാവുന്ന ഘട്ടങ്ങളിലൊക്കെ സര്‍ഫ്രാസിനെ താങ്ങി നിര്‍ത്തിയത് പിതാവാണ്. ലക്ഷ്യം സാധ്യമാവില്ലെന്ന് ഉറപ്പിച്ച് കരിയര്‍ വിട്ടുകളയാനൊരുങ്ങിയ മകന് ആത്മവിശ്വാസമേകിയ നൗഷാദ് ഖാന് കോവിഡ് സമയത്തെ വെല്ലുവിളികള്‍ അതിജീവിച്ചു മകനെ കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ പതിവില്‍ കൂടുതല്‍ പ്രയത്‌നിക്കേണ്ടി വന്നു.

ഇന്നിപ്പോള്‍ ഇന്ത്യന്‍ ക്യാപ് സ്വന്തമാക്കി സര്‍ഫ്രാസ് പിതാവ് നൗഷാദ് ഖാനിലേക്ക് അല്ലാതെ ആരിലേക്ക് ഓടിപ്പോകാനാണ്! വൈകിയെങ്കിലും അര്‍ഹപ്പെട്ട തൊപ്പി സ്വന്തമാക്കിയ മകനെ ചേര്‍ത്തുപിടിച്ചു എങ്ങനെ വിതുമ്പാതിരിക്കാനാണ്!

അരങ്ങേറ്റത്തിന്റെ സംഭ്രമമില്ലാതെ മികച്ചൊരു ഇന്നിങ്‌സിന് ശേഷം നിര്‍ഭാഗ്യകരമായ ഒരു റണ്‍ ഔട്ടിലൂടെ സര്‍ഫ്രാസ് ഖാന്‍ പവലിയനിലേക്ക് തിരിച്ചു നടക്കുമ്പോള്‍ കമന്റേറ്ററി ബോക്‌സിലിരുന്ന് മൈക്കല്‍ വോന്‍ ഇങ്ങനെ ചൊല്ലി: 'എത്ര മനോഹരമായാണ് അയാള്‍ കളിച്ചത്, ഇത്രയും കാലം അയാള്‍ എവിടെയായിരുന്നു?'

അര്‍ഹതയുണ്ടായിട്ടും സെലക്ടേഴ്‌സിന്റെ കാരുണ്യവും കാത്ത് കളിക്കുന്നിടത്തെല്ലാം നൂറും ഇരുന്നൂറും സ്‌കോര്‍ ചെയ്ത്‌കൊണ്ടേയിരിക്കുകയായിരുന്നു അയാള്‍. അയാളുടേതും കൂടെയാണ് ഇനിയുള്ള കാലം. കാരണം കൂടാതെ അയാള്‍ക്ക് ഇനിയും ഭ്രഷ്ട് കല്‍പ്പിച്ചില്ലെങ്കില്‍ നഷ്ടപ്പെടുത്തിയ കാലങ്ങളുടെ കണക്ക് കൂടെ ചോദിച്ചുകൊണ്ടാകും അയാള്‍ തിരിച്ചു കയറുക! നഷ്ടപ്പെട്ട കാലങ്ങള്‍ക്ക് വരാനിരിക്കുന്ന കാലങ്ങള്‍ തന്നെയായിരിക്കും സാക്ഷി...!TAGS :