Quantcast
MediaOne Logo

ഹാരിസ് നെന്മാറ

Published: 26 Nov 2022 6:31 AM GMT

അലി അവാദ് അല്‍ അംരി: എവിടെനിന്നാണയാള്‍ അര്‍ജന്റീനയുടെ സ്വപ്‌നങ്ങള്‍ക്ക് കുറുകെ ചാടിവീണത്

അലി അവാദ് അല്‍ അംരി. അയാളെപ്പോഴാണ് ഗോള്‍വലക്ക് മുന്നില്‍ പറന്നിറങ്ങിയത് എന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. അല്‍വാരസിന്റെ കാലില്‍ നിന്ന് പാഞ്ഞെത്തിയ പന്തിനെ അയാള്‍ അത്ഭുതകരമായി തലകൊണ്ട് കുത്തിയകറ്റി. മൈതാനത്ത് പിന്നീട് അര്‍ജന്റീനക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ നിമിഷത്തിന് മുമ്പും ശേഷവും ഗോള്‍വലക്ക് മുന്നില്‍ ഒരൊറ്റയാനായി ഒവൈസെന്ന ആ ആറടി രണ്ടിഞ്ചുകാരന്‍ പറന്നു നടക്കുകയായിരുന്നു.

അലി അവാദ് അല്‍ അംരി: എവിടെനിന്നാണയാള്‍  അര്‍ജന്റീനയുടെ സ്വപ്‌നങ്ങള്‍ക്ക് കുറുകെ ചാടിവീണത്
X

കളിയുടെ 92-ാം മിനിറ്റ്. അര്‍ജന്റീനക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അപ്പോള്‍ ചെയ്യണമായിരുന്നു. ഗോള്‍വലക്ക് മുന്നില്‍ ഒവൈസില്ലാത്ത ആ നിമിഷം. റോഡ്രിഗോ ഡീപോള്‍ അടിച്ചുയര്‍ത്തിയ പന്തിനെ തട്ടിയകറ്റുന്നതിനിടയില്‍ പെനാല്‍ട്ടി ബോക്‌സില്‍ വീണു കിടക്കുകയായിരുന്നു അയാള്‍. ഒവൈസിന്റെ കയ്യില്‍ നിന്ന് പാഞ്ഞെത്തിയ പന്തിനെ രണ്ടാമതൊന്ന് ആലോചിക്കാതെ ജൂലിയന്‍ അല്‍വാരസ് വലയിലേക്ക് തിരിച്ചു. പക്ഷെ, ഗോള്‍വലയിലേക്കെത്തും മുമ്പേ ആ പന്ത് പുറത്തേക്ക് പായുന്നത് തലയില്‍ കൈവച്ചാണ് അര്‍ജന്റൈന്‍ ആരാധകര്‍ ഗാലറിയിലിരുന്ന് കണ്ടത്. അലി അവാദ് അല്‍ അംരി. അയാളെപ്പോഴാണ് ഗോള്‍വലക്ക് മുന്നില്‍ പറന്നിറങ്ങിയത് എന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. അല്‍വാരസിന്റെ കാലില്‍ നിന്ന് പാഞ്ഞെത്തിയ പന്തിനെ അയാള്‍ അത്ഭുതകരമായി തലകൊണ്ട് കുത്തിയകറ്റി. മൈതാനത്ത് പിന്നീട് അര്‍ജന്റീനക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ആ നിമിഷത്തിന് മുമ്പും ശേഷവും ഗോള്‍വലക്ക് മുന്നില്‍ ഒരൊറ്റയാനായി ഒവൈസെന്ന ആ ആറടി രണ്ടിഞ്ചുകാരന്‍ പറന്നു നടക്കുകയായിരുന്നു. മത്സരത്തില്‍ എഴുപത് ശതനമാനവും പന്ത് തങ്ങളുടെ കൈവശം വച്ച അര്‍ജന്റീനക്ക് പത്താം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ പെനാല്‍ട്ടി ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നീടൊരിക്കല്‍ പോലും ഒവൈസിനെ മറി കടക്കാനായില്ലെന്ന് തന്നെ പറയേണ്ടി വരും. ഒന്നാം പകുതിയില്‍ അയാളെ മൂന്ന് തവണ മറികടന്നപ്പോഴും സൗദിയുടെ ഓഫ് സൈഡ് ട്രാപ്പില്‍ അര്‍ജന്റീന വീണു പോവുന്ന കാഴ്ചയാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ഗോളെന്നുറപ്പിച്ച അഞ്ച് ഷോട്ടുകള്‍. സാക്ഷാല്‍ ലയണല്‍ മെസ്സി അടക്കം നിസ്സഹായനായിപ്പോയ നിമിഷങ്ങള്‍. 2002 ല്‍ സ്പെയിനിന്റെ ഐക്കര്‍ കസിയസ്. 2014 ല്‍ മെക്സിക്കോയുടെ ഗുല്ലെര്‍മൊ ഒച്ചാവോ, കോസ്റ്ററിക്കയുടെ കെയ്ലര്‍ നവാസ് - ലോകകപ്പ് ടൂര്‍ണമെന്റുകളിലെ അവിശ്വസനീയ പ്രകടനങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ച ഇതിഹാസ ഗോള്‍കീപ്പര്‍മാരുടെ കൂട്ടത്തിലേക്ക് ഒറ്റമത്സരം കൊണ്ട് അയാള്‍ ഓടിക്കയറുകയായിരുന്നു.


ഗ്രൂപ്പ് സിയിലെ ഏറ്റവും ദുര്‍ബലര്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ ഓര്‍ക്കാന്‍ 1994ലെ പ്രീക്വാര്‍ട്ടര്‍ പ്രവേശവും മാത്രമുള്ളയൊരു ടീം. പ്രീമിയര്‍ ലീഗിലടക്കം യൂറോപ്പ്യന്‍ ലീഗുകളിലൊന്നിലും കളിച്ചു പാരമ്പര്യമില്ലാത്ത 11 കളിക്കാര്‍. ലോകകപ്പിനെത്തിയ ടീമുകളില്‍ റാങ്കിങ്ങില്‍ ഘാനമാത്രമാണ് അവര്‍ക്ക് പിന്നിലുണ്ടായിരുന്നത്. ഇതൊക്കെയായിരുന്നു കളിക്കു മുമ്പ് സൗദിയെ കുറിച്ചുളള കണക്കുകള്‍. എന്നാല്‍, എല്ലാ കണക്കു കൂട്ടലുകളും അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ പിറന്ന ആ രണ്ട് ഗോളുകളില്‍ കടലാസില്‍ അവസാനിച്ചു. ഖത്തര്‍ ലോകകപ്പില്‍ കടുത്ത മരണഗ്രൂപ്പുകളൊന്നും ഇല്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നില്‍ ഒറ്റ മത്സരം കൊണ്ട് ഗ്രൂപ്പ് സി മരണഗ്രൂപ്പായി മാറുകയായിരുന്നു.

കളിയാരംഭിച്ച് രണ്ട് മിനിറ്റ് കഴിഞ്ഞതും, പെനാല്‍ട്ടി ബോക്‌സില്‍ നിന്ന് ലയണല്‍ മെസ്സിയടിച്ച വെടിച്ചില്ലു കണക്കിനൊരു ഷോട്ട് അവിശ്വസനീയമായാണ് ഒവൈസ് തട്ടിയകറ്റിയത്. ആ നിമിഷം മുതലങ്ങോട്ട് അര്‍ജന്റീനയുടെ പടയോട്ടത്തിനായി കാത്തിരുന്ന ആരാധകരെ ആവേശത്തിന്റെ പരകോടിയിലേക്ക് തള്ളിയിട്ട് പത്താം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോള്‍. പിന്നീട് നിരന്തരമായ മുന്നേറ്റങ്ങള്‍. അര്‍ജന്റീനയുടെ നയം വ്യക്തമായിരുന്നു. പലതവണ വലകുലുക്കിയപ്പോഴും സൗദിയുടെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങിയ അര്‍ജന്റീനക്ക് തങ്ങളുടെ മുന്നേറ്റങ്ങളെ കുറിച്ച് ആശങ്കയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഒന്നാം പകുതിയില്‍ മൈതാനത്ത് കണ്ട ഒവൈസിനെ അല്ല അവര്‍ രണ്ടാം പകുതിയില്‍ കണ്ടത്.


കളിയുടെ 48-ാം മിനിറ്റില്‍ ഷെഹ്‌രിയുടെ കാലില്‍ നിന്ന് അങ്ങനെയൊരു വെടിച്ചില്ലു പായുമെന്ന് സ്വപ്നത്തില്‍ പോലും അര്‍ജന്റീനക്കാര്‍ വിചാരിച്ചു കാണില്ല. അതും ക്രിസ്റ്റ്യന്‍ റൊമേറോയേയും എമിലിയാനോ മാര്‍ട്ടിനസിനേയും മറികടന്ന്. ലീഡുയര്‍ത്താന്‍ സൗദി പിന്നീടെടുത്തത് നാല് മിനിറ്റ്. കളിയുടെ 53 ാം മിനിറ്റ്. മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷം അതായിരുന്നു. പെനാല്‍ട്ടി ബോക്‌സിന്റെ ഇടതു മൂലയില്‍ നിന്ന് മുഴുവന്‍ പ്രതിരോധ നിരക്കാരെയും കാഴ്ച്ചക്കാരാക്കി നിര്‍ത്തി ദൗസരി വെടിയുതിര്‍ത്തു. ആ പന്ത് എമി മാര്‍ട്ടിനസിനെയും മറികടന്ന് ഗോള്‍വലയുടെ വലതുമൂലയില്‍ ചുംബിച്ചു.

പിന്നീടങ്ങോട്ട് ഒവൈസിന്റെ ഊഴമായിരുന്നു. മത്സരത്തിന്റെ 63 ാം മിനിറ്റ്. പെനാല്‍ട്ടി ബോക്‌സില്‍ നിന്ന് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് നിലംപറ്റെ അടിച്ച ഒരു ഷോട്ടിനെ അസാധ്യമായൊരു ഡൈവിലൂടെ അയാള്‍ പുറത്തേക്ക് കുത്തിയിട്ടു. അതു കഴിഞ്ഞ് അഞ്ച് മിനിറ്റിനകം പറന്നെത്തിയൊരു കോര്‍ണര്‍ കിക്കിനെ അതേ പടി പറന്നുയര്‍ന്നാണയാള്‍ തന്റെ കൈക്കുള്ളിലാക്കിയത്.

കളിയുടെ 73 ാം മിനിറ്റ്. മത്സരത്തിലെ അവിശ്വസനീയ നിമിഷങ്ങളിലൊന്നായിരുന്നു അത്. വലതുവിങ്ങിലൂടെ പന്തുമായി സൗദി ഗോള്‍മുഖം ലക്ഷ്യമാക്കി കുതിച്ചു പായുകയായിരുന്നു ലിസാന്‍ഡ്രോ മാര്‍ട്ടിനസ്. ഗോള്‍വലക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ഒവൈസ് ഞൊടിയിടനേരം കൊണ്ട് പെനാല്‍ട്ടി ബോക്‌സിന് വെളിയിലേക്ക് പാഞ്ഞെത്തി ആ പന്തിനെ തട്ടിയകറ്റുന്നത് അത്ഭുതത്തോടെയാണ് ലുസൈല്‍ ഗാലറി നോക്കി നിന്നത്.



കളിയവസാനിക്കാന്‍ ഇനി എട്ടു മിനിറ്റാണവശേഷിക്കുന്നത് സമ്മര്‍ദത്തിന്റെ അറ്റത്തായിരുന്നു അര്‍ജന്റൈന്‍ കളിക്കാര്‍. തൊണ്ണൂറാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് എയ്ഞ്ചല്‍ ഡി മരിയ നീട്ടി നല്‍കിയ പന്തിനെ തന്റെ തല കൊണ്ട് അല്‍വാരസ് ഗോള്‍വലയിലേക്ക് കുത്തിയിട്ടു. എന്നാല്‍, മനോഹരമായി ഉയര്‍ന്ന് പൊങ്ങി അതിനെ ഒവൈസ് കൈപ്പിടിയിലൊതുക്കി. മത്സരം ഏറ്റവും ചൂടുപിടിച്ച അതിവൈകാരിക നിമിഷങ്ങളിലൊന്നില്‍ ഗോള്‍വലയ്ക്ക് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി അയാള്‍ വീണ്ടും വീണ്ടും അവതരിക്കുകയായിരുന്നു. സഹതാരം യാസിര്‍ അല്‍ ഷഹരാണിക്ക് താനുമായി കൂട്ടിയിടിച്ച് കളംവിടേണ്ടി വന്നതിന്റെ മാനസിക സംഘര്‍ഷം മറികടന്ന് നടത്തിയ ആ മിന്നും സേവ്, മുഹമ്മദ് അല്‍ ഒവൈസ് എന്ന പോരാളിയെ മൈതാനത്ത് അടയാളപ്പെടുത്തുന്നതായിരുന്നു.

കളിയവസാനിച്ചപ്പോള്‍ കാമറക്കണ്ണുകള്‍ മുഴുവന്‍ മുഹമ്മദ് അല്‍ ഒവൈസ് എന്ന പോരാളിയെ തിരഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ഉറുഗ്വെക്കെതിരെ സൗദി എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി വഴങ്ങുമ്പോള്‍ താന്‍ വരുത്തിയ പിഴവിന്റെ പേരില്‍ ഏറെ പഴികേട്ട ഒവൈസ് ഒറ്റ മത്സരം കൊണ്ട് സൗദിയുടെ വീരനായകനായി മാറുകയായിരുന്നു. കളിയുടെ താരമാരെന്ന ചോദ്യം പോലും അപ്രസക്തമാക്കി അയാള്‍ ആ മത്സരത്തെ തന്റെ പേരില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു.


സൗദി ക്ലബ്ബായ അല്‍ഹിലാലിന്റെ താരമായ ഒവൈസ് പത്ത് വര്‍ഷം മുമ്പ് അല്‍ ഷബാബിന് വേണ്ടിയാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. സൗദി സൂപ്പര്‍ കപ്പും കിങ്സ് കപ്പും നേടിയ ടീമില്‍ അംഗമായിരുന്നു ഒവൈസ്. പിന്നീടായിരുന്നു അല്‍ ഹിലാലിലേക്കുള്ള കൂടുമാറ്റം. 2016 ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഒവൈസ് സൗദി സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. ഗ്രൂപ്പ് സിയില്‍ അടുത്ത മത്സരങ്ങളില്‍ സൗദിയെ നേരിടാനിരിക്കുന്ന മെക്‌സിക്കോക്കും പോളണ്ടിനും ഈ പോരാളിയെ മറികടക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും.

TAGS :