Quantcast
MediaOne Logo

ഡോ. നസീർ അയിരൂർ

Published: 4 April 2022 11:27 AM GMT

ലങ്കാ ദാഹം; പ്രതിസന്ധിയുടെ നടുക്കടലിലായ ശ്രീലങ്ക

അന്യന്റെ കനിവിന് മുൻപിൽ ദാഹജലത്തിനായി കൈനീട്ടേണ്ടിവരുമെന്ന് മരതക ദ്വീപ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല

ലങ്കാ ദാഹം; പ്രതിസന്ധിയുടെ നടുക്കടലിലായ ശ്രീലങ്ക
X
Listen to this Article

അറബികൾ സറൻ ദ്വീപ് എന്നും പാശ്ചാത്യർ സിലോൺ എന്നുമൊക്കെ വിളിച്ചിരുന്ന 1972 മുതൽ മഹിത മനോഹര ദ്വീപ് എന്നറിയപ്പെടുന്ന ശ്രീലങ്കയെന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ മരതക ദ്വീപ് ഇന്ന് ദുരിത പർവ്വം താണ്ടിക്കൊണ്ടിരിക്കുകയാണ്. 1948 ൽ സ്വതന്ത്രമായ ശ്രീലങ്ക 26 വർഷം നീണ്ട ആഭ്യന്തര യുദ്ധങ്ങൾ തീർത്ത പ്രതിസന്ധികൾക്ക് സമാനമായ പ്രശ്നങ്ങളിലൂടെയാണ് രണ്ടരക്കോടി ജനസംഖ്യയുള്ള നമ്മുടെ അയൽരാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഘാതം കേവലം രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ തകർച്ചയിൽ മാത്രം ഒതുങ്ങി നിൽകുന്നതല്ലെങ്കിലും ഇതിന്റെ തുടർചലനങ്ങൾ കൊച്ചു ദ്വീപിന്റെ അടിസ്ഥാന ജീവിത - ഭരണ മേഖലകളിൽ പോലും വൻ ചലനങ്ങൾ തീർത്തിട്ടുണ്ട് എന്ന് വാർത്തകൾ വ്യക്തമാകുന്നു. സാമ്പത്തിക വിദഗ്ധർ ഇതിനെ കേവലം സാമ്പത്തിക പ്രതിസന്ധി എന്ന തലക്കെട്ടിൽ ഒതുക്കി നിർത്താൻ ധൃതി കാണിക്കുന്നുണ്ടെങ്കിലും യാഥാർഥ്യങ്ങൾ മറിച്ചാണ്. തീവ്ര സിംഹള ദേശീയതക്ക് പ്രാമുഖ്യം കൊടുക്കുന്ന ഭരണകൂടത്തിന്റെ വികല നയങ്ങളും പക്വതയില്ലാത്ത നിലപാടുകളും ബുദ്ധിശൂന്യമായ തീരുമാനങ്ങളും സാമ്പത്തിക അച്ചടക്കമില്ലായ്മയോട് മേപ്പടി ചേർന്നപ്പോൾ ഏതാണ്ട് ഈ വൃത്തം പൂർത്തിയായി വായിച്ചെടുക്കാം.

2009 ൽ നടത്തിയ സൈനിക നീക്കത്തിന്റെ ഫലമായി സ്വതന്ത്ര രാജ്യത്തിനായി പൊരുതിയിരുന്ന എൽ.ടി.ടി.ഇ യെ തറപറ്റിക്കാൻ ഗവൺമെന്റിന് സാധിച്ചുവെങ്കിലും പിനീടുള്ള രാജ്യത്തിന്റെ വളർച്ച വിലയിരുത്തുമ്പോൾ ആശാവഹമായിരുന്നില്ല. ആഭ്യന്തര ശത്രുവിനെ ഇല്ലാതാക്കി നേടിയെടുത്ത പുതിയ അന്തരീക്ഷം വികസനോന്മുഖമാക്കി പരിവർത്തിക്കാൻ പിന്നീടുള്ള സർക്കാരുകൾക്ക് സാധിച്ചില്ല എന്നതാണ് വിലയിരുത്തൽ.

ആഭ്യന്തര സൗകര്യങ്ങൾ, നിർമാണം, വ്യാപാരം തുടങ്ങിയ മേഖലകളിലെ പൊടുന്നനെയുള്ള ചില്ലറ മാറ്റങ്ങൾ 2009 നു ശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ചെറിയ വളർച്ച പ്രകടിപ്പിച്ചെങ്കിലും ആഭ്യന്തര ഉത്പാദനത്തിന്റെയോ കയറ്റുമതിയുടെയോ ഫലമായുള്ള വരുമാനം കൊണ്ടായിരുന്നില്ല ഈ വളർച്ചയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ചൈന, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എ.ഡി.ബി, ഐ.എം.എഫ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നും കടമെടുത്തും കൂടാതെ മൂലധന വിപണികളിൽ ബോണ്ടുകൾ ഇറക്കിയുമാണ് ഇത്തരം ആഭ്യന്തര സൗകര്യങ്ങളുടെ നിർമാണം നടത്തിയിരുന്നത്. ഈ നിർമാണങ്ങളും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങളും രാജ്യത്തിന്റെ വാർഷിക വളർച്ചയുടെ തോത് വർധിച്ചുവെന്ന് ജനങ്ങളെ മനസ്സിലാക്കി കൊടുക്കാൻ മാറി മാറി വന്ന സർക്കാരുകൾക്ക് സാധിച്ചുവെന്നതാണ് മറ്റൊരു തമാശ.


മറുവശത്ത് ആനുപാതികമായി ഉയർന്നുവന്ന വിദേശ കടങ്ങളുടെ കണക്കുകൾ പൊതു സമൂഹം അറിയാതെയുമായി. ഈ അസന്തുലിതത്വം ദ്വീപിന്റെ സാമ്പത്തിക ഭദ്രതക്ക് വലിയ ആഘാതങ്ങൾ ഏൽപ്പിച്ചുവെന്നതാണ് വളരെ ലളിതമായ വിലയിരുത്തൽ.

ഭക്ഷണത്തിനും മരുന്നിനും നിത്യോപയോഗ സാധനങ്ങൾക്കും തീവില, ദൗർലഭ്യത, പെട്രോളിനും ഡീസലിനും മണ്ണെണ്ണക്കുമായി കിലോമീറ്ററുകളോളം വരിനിൽക്കൽ, ഇന്ധനം വാങ്ങാൻ സർക്കാരിന്റെ ഖജനാവിൽ പണമില്ലാതാകുക, മരുന്നും വൈദ്യുതിയും ഇല്ലാത്തതിനാൽ ആശുപത്രികൾ സ്തംഭിക്കുക, കടലാസ് ദൗർലഭ്യം മൂലം പത്രങ്ങൾ അച്ചടി നിർത്തൽ, മഷിയും കടലാസും ഇല്ലാത്തതിനാൽ ലക്ഷകണക്കിന് കുട്ടികളുടെ പരീക്ഷകൾ മുടങ്ങുക, ജനങ്ങൾക്ക് ജോലി ഇല്ലാതാകുക, പാചകവാതകം കിട്ടാക്കനിയാകുക, ഇതൊക്കെയാണ് ശ്രീലങ്കയുടെ ഇന്നത്തെ നേർക്കാഴ്ച. ഈ പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനങ്ങൾ സർക്കാർ നയങ്ങൾക്കെതിരെ തെരുവിൽ ഇറങ്ങിയപ്പോൾ നേരിടാൻ പട്ടാളത്തെയും പൊലീസിനെയും വിന്യസിക്കുകയും ചെയ്ത് ശ്രീലങ്കൻ തെരുവുകളിൽ അക്ഷരാർഥത്തിൽ യുദ്ധ പ്രതീതിയാണിപ്പോൾ. പ്രതിസന്ധിയുടെ രൂക്ഷത മൂലം പട്ടിണി ഭയന്ന് കുടുംബങ്ങൾ അയാൾ രാജ്യങ്ങളിലേക്ക് അഭയാർഥികളായി പലായനം ചെയ്യാൻ തുടങ്ങിയതായി റിപോർട്ടുകൾ ഉണ്ട്.

80 കളിൽ ആഭ്യന്തര യുദ്ധം മൂലം നിരവധി തമിഴ് കുടുംബങ്ങൾ ഇന്ത്യയിൽ അഭയാർഥികളായി എത്തിയിരുന്നു. ഇടവേളകൾക്ക് ശേഷം ഈ പ്രവാഹം തുടർന്നേക്കുമെന്ന ആശങ്കയിലാണ് അയൽ രാജ്യങ്ങൾ. തലസ്ഥാന നഗരിയിലും അയൽ പ്രദേശങ്ങളായ ഗലി, നുവാറ എലിയ, മൊറത്തുവ, മിരിഹാന എന്നിവിടങ്ങളിലും മറ്റു പ്രദേശങ്ങളിലും പ്രതിഷേധക്കാർ തെരുവിലാണ്. പ്രസിഡന്റ് അടക്കമുള്ളവർ പ്രതിഷേധങ്ങളെ ഇന്റലിജൻസ് വീഴ്ചയായി കാണുമ്പോൾ ഒരു പടികൂടി കടന്ന് ഗതാഗത ദിലും അമുനുഗാമ തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന ആശയക്കാരനാണ്. മധ്യ പൗരസ്ത്യ ദേശത്ത് നടന്നത് പോലെയുള്ള അറബ് വസന്തം തീർക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്ന് രാജപക്‌സെയുടെ ഓഫീസ് ഇക്കഴിഞ്ഞയാഴ്ച വ്യക്തമാക്കിയതായി അൽ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.ജനകീയ പ്രക്ഷോഭങ്ങളുടെ തോത് നാൾക്കുനാൾ വർധിച്ചതിന്റെ ഫലമായി ഗോഡബായ രജപക്സെ അടിയന്തരാവസ്ഥയും കർഫ്യുവും പ്രഖ്യാപിച്ചിരിക്കുന്നു. പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രസിഡന്റ് കഴിഞ്ഞയാഴ്ച എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചെങ്കിലും മിക്ക പാർട്ടികളും ഈ ആഹ്വാനം ചെവികൊള്ളാതെ തള്ളിക്കളയുകയാണുണ്ടായത്.

ജനസംഖ്യയുടെ എഴുപത് ശതമാനം പേരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ശ്രീലങ്ക ആവശ്യവസ്തുക്കൾക്ക് അയൽ രാജ്യങ്ങളെ ആശ്രയിക്കുകയും വിനോദ സഞ്ചാര മേഖലയെ പ്രധാന വരുമാന മാർഗമായി സ്വീകരിക്കുകയും ചെയ്തുവരികയാണ്. 2010 ൽ ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ എട്ട് ശതമാനം രേഖപ്പെടുത്തിയപ്പോൾ 2011 ൽ ഇത് 9.1 ശതമാനം ആയി ഉയർന്നിരുന്നു. എന്നാൽ, 2019 ൽ ഇത് 2.3 ശതമാനം ആയി മൂക്കുകുത്തി. ശ്രീലങ്കൻ രൂപയുടെ മൂല്യം അടിക്കടി താഴ്ന്ന് കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഫെബ്രുവരിയിലെ പണപ്പെരുപ്പം 17.5 ശതമാനം ആയിരുന്നെങ്കിൽ മാർച്ച് മാസത്തിലിത് 18.7 ശതമാനം ആയി ഉയർന്നിരുന്നു.

ആവശ്യവസ്തുക്കളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും വില 30.1 ശതമാനത്തിലേക്ക് കുതിച്ച് ഉയർന്നിരിക്കുന്നു. ഇത് ജനജീവിതം ഏറെ ദുസ്സഹമാക്കിയിരിക്കുന്നു. വർഷത്തിൽ 7 ബില്യൺ ഡോളർ വിദേശ കടം ഇനത്തിൽ തിരിച്ചടക്കാൻ ആവശ്യമാണ്. എന്നാൽ, വിദേശ പണ നീക്കിയിരിപ്പ് 2.3 ബില്യൺ ഡോളർ മാത്രമാണ്. 2019 ൽ രജപക്സെ അധികാരത്തിലേറുമ്പോൾ ഇത് 7.5 ബില്യൺ ഡോളർ ആയിരുന്നു. രണ്ട് വർഷമായി വിദേശ വിനിമയ ശേഖരം എഴുപത് ശതമാനത്തോളം താഴോട്ട് വരികയും വാർഷിക പണപ്പെരുപ്പം അമ്പത്തിയഞ്ച് ശതമാനമായി ഉയരുകയും ചെയ്തതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എഴുപത്തിമൂന്ന് വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. 2022 ജനുവരിയിൽ ശ്രീലങ്കയുടെ വിദേശ കടബാധ്യത 750 കോടി ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.രാജ്യത്തിന്റെ വരുമാനത്തിന്റെ പത്ത് ശതമാനം വിനോദ സഞ്ചാരമേഖലയിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്. 2020 മുതൽ ആഗോള സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു. ചൈന, ഇന്ത്യ, ബ്രിട്ടൻ, ജർമനി, എന്നീ രാജ്യങ്ങൾക്ക് പുറമെ റഷ്യ, യുക്രൈൻ എന്നിവിടങ്ങളിൽ നിന്നുമുള്ള സഞ്ചാരികളും (25 ശതമാനം) ശ്രീലങ്കയിൽ എത്തിയിരുന്നു. യൂറോപ്പിന് മേൽ കരിനിഴൽ വീഴ്ത്തിയ റഷ്യ - യുക്രൈൻ യുദ്ധം ഇണ്ട് ദൂരെ ശ്രീലങ്കയുടെ വിനോദ് സഞ്ചാര മേഖലക്ക് കൂടി അടിയേൽപിച്ചു.

രജപക്സെ സർക്കാരിന്റെ തലതിരിഞ്ഞ ഇറക്കുമതിയുടെയും രാസവളത്തിന്റെ വിദേശ ഇറക്കുമതി പൂർണമായും പൊടുന്നനെ നിരോധിച്ച് ജൈവ വളത്തിന്റെ ഉപയോഗത്തിലേക്ക് തിരിഞ്ഞതും ആഭ്യന്തര ഉത്പാദനത്തിൽ ഗണ്യമായ കുറവ് വരുത്തിച്ചു. ഇത് മരിക്കാൻ കിടക്കുന്ന രോഗിക്ക് മാറാരോഗം പിടിച്ച പോലെയാക്കി സമ്പദ്‌വ്യവസ്ഥയെ. 2021 ൽ പൂർണമായും ജൈവകൃഷിയിലേക്ക് തിരിഞ്ഞതിലൂടെ അമ്പത് ശതമാനം ഭക്ഷ്യ ലഭ്യത കുറയുകയാണ് ചെയ്തത്. ഇതിനുമപ്പുറം വിദേശ പണമൊഴുക്കിൽ ഗണ്യമായ കുറവ് സംഭവിച്ചതും കരുതൽ ശേഖരം കുത്തനെ കുറഞ്ഞതും അമിതമായ പലിശ വ്യവസ്ഥയിൽ ലോണുകൾ ഇറക്കി മൂലധന വിപണികളിൽ നിന്നും കടമെടുത്തതും സർക്കാരിന്റെ തലതിരിഞ്ഞ നികുതി പരിഷ്കരണ, സാമ്പത്തിക അച്ചടക്കമില്ലായ്മയും ഇറക്കുമതിയെ സാരമായി ബാധിച്ച നിയമങ്ങളും ഇന്ധനം പകർന്നത് സമ്പദ് വ്യവസ്ഥയുടെ പൊടുന്നനെയുള്ള തകർച്ചയിലേക്കാണ്. കടലോളം ആഴവും പരപ്പുമുള്ള പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും ജനുവരിയിൽ ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ പ്രകടിപ്പിച്ചത് ഐ.എം.എഫിന്റെ സഹായമില്ലാതെ തന്നെ ശ്രീലങ്കക്ക് മുന്നോട്ട് പോകാൻ കഴിയുമെന്ന മൂഢ - ശുഭാപ്തി വിശ്വാസമാണ്.

ശ്രീലങ്കയുടെ ഇന്നത്തെ പ്രതിസന്ധികളെ കുറിച്ച ചർച്ചകളിൽ അധികം ഇടം കിട്ടാതെ പോയ ഒരു വശം ഇതിന്റെ ഭൗമ രാഷ്ട്രീയ മുഖത്തെ കുറിച്ചാണ്. ( Geo Political Aspect ). ശ്രീലങ്കൻ വിഷയങ്ങളെ കുറിച്ച ചർച്ചകളുടെ തുടക്കത്തിൽ തന്നെ അമേരിക്കയും ചേർന്ന് നിൽക്കുന്ന മാധ്യമങ്ങളും ചൈനയുടെ കടക്കെണിയിൽ വീഴ്‌ത്തുന്ന നയതന്ത്രത്തെ ( Debt Trap Diplomacy ) പൊതുവിൽ വിമർശിക്കുന്നതായി കണ്ടു. ചൈനയാണ് ശ്രീലങ്കയെ കടക്കെണിയിൽ ആഴ്ത്തിയത് എന്ന അന്താരാഷ്ട്ര തലത്തിൽ പൊതുവെ പറയപ്പെടുന്നുവെങ്കിലും ചൈനയും ശ്രീലങ്കയും ഇത് തുടക്കം മുതലേ നിഷേധിക്കുന്നുമുണ്ട്. ബി.ആർ.ഐ (Belt and Road Initiative ) പദ്ധതി പ്രകാരം ചൈന ഇതിനകം തന്നെ ബില്യൺ കണക്കിന് ഡോളറുകൾ ശ്രീലങ്കക്ക് കടമായി നൽകിയിട്ടുണ്ട്. പതിനൊന്ന് ശതമാനം നൽകിയ ജപ്പാനും മറ്റു അന്താരാഷ്ട്ര ഏജൻസികൾക്കും പിന്നിലാണ് ചൈനയുടെ ഈ മേഖലയിലുള്ള സ്ഥാനമെന്നതാണ് യാഥാർഥ്യം. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്ത്രപരമായി വിദേശ കടങ്ങളെ ഉപയോഗിക്കുന്നതിനെ ചൈനയെ വിമർശിച്ചിട്ടുണ്ട്. 2018 ൽ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് ഇത്തരം നയതന്ത്രങ്ങളെ കുറിച്ച പരാമർശവുമായി ആദ്യമായി രംഗത്തെത്തിയത്. അമേരിക്കൻ അറ്റോർണി ജനറൽ ആയിരുന്ന വില്യം ബാറും ചൈനയുടെ ശ്രീലങ്കയിലെ ഹമ്പൻ തോട്ട തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നടപടിയെ പരോക്ഷമായി പരാമർശിക്കുകയുണ്ടായി. പെന്റഗണിനെ പോലെ ചൈനക്കും ഒരു അപ്രഖ്യാപിത രാഷ്ട്രീയ താത്പര്യം ഈ വിഷയത്തിൽ ഉണ്ട് എന്നത് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് തന്നെയാണ് നിർലോഭം ശ്രീലങ്കയെ സഹായിക്കുന്നതും ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള ഒരു നിരീക്ഷണ താവളത്തിന് കോപ്പ് കൂട്ടുന്നതും.

ലോക സാമ്പത്തിക വ്യവസ്ഥയുടെ ശക്തി കേന്ദ്രമായി ( power house ) ഏഷ്യൻ രാജ്യങ്ങൾ വളർന്നിരിക്കെ അമേരിക്കയുടെ മധ്യപൗരസ്ത്യ നയങ്ങൾ എട്ടുനിലയിൽ പൊട്ടുകയും ചെയ്ത സാഹചര്യത്തിൽ ഏഷ്യൻ നയങ്ങൾക്ക് ( Asia Pivot ) കൂടുതൽ ശ്രദ്ധയും ഊന്നലും ബൈഡൻ ഭരണകൂടം നൽകിയിരുന്നതായി വാർത്തകൾ ഉണ്ട്. അത് കൊണ്ട് തന്നെയാണ് ചൈനയുടെ ഇത്തരം നീക്കണങ്ങളെ അമേരിക്ക സംശയ ദൃഷ്ടിയോടെ കാണുന്നതും പരസ്യമായി രംഗത്തെത്തുന്നതും.

മധ്യപൗരസ്ത്യ ദേശത്ത് 'ഇസ്‌ലാം പേടിയാണ്' അമേരിക്കൻ ഇടപെടലുകൾക്ക് കാരണമെങ്കിൽ ഏഷ്യൻ - പസഫിക്ക് മേഖലയിൽ വർധിച്ചു വരുന്ന 'ചൈന പേടി' ( China factor ) യാണ് അങ്കിൾ സാമിനെ അലോസരപ്പെടുത്തുന്നത്.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഇന്ത്യ ശ്രീലങ്കക്ക് 100 കോടി ഡോളർ വായ്പ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 4000 ടൺ ഡീസലും അരിയും വഹിച്ചുള്ള കപ്പൽ കൊളംബോയിൽ താമസിയാതെ എത്തുകയും ചെയ്യും. അയൽക്കാരെന്ന നിലയിൽ എല്ലാ തലതരത്തിലുള്ള സഹായവും ശ്രീലങ്കക്ക് നൽകുന്നുവെങ്കിലും സമഗ്ര പരിഹാരത്തിന് ഇനിയും കടമ്പകളേറെയാണ്.

യഥാർഥത്തിൽ ഇപ്പോൾ ലങ്കയ്ക്ക് ദാഹിക്കുന്നുണ്ട്. രാവണ വിഭീഷണന്മാരുടെ ഭരണത്തിൽ പുരാതന ലങ്ക സമ്പന്നമായിരുന്നു. അന്യന്റെ കനിവിന് മുൻപിൽ ദാഹജലത്തിനായി കൈനീട്ടേണ്ടിവരുമെന്ന് മരതക ദ്വീപ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. നീലക്കടലിന്റെ കാവൽ, പച്ച വിരിച്ച ഭൂപ്രദേശം. ഐശ്വര്യപൂർണ്ണമായ അന്തരീക്ഷം. എവിടെയാണ് പിഴച്ചതെന്ന് പകൽ വെളിച്ചം പോലെ വ്യക്തം. ചുരുക്കത്തിൽ ലോകത്തിന് ചിന്തിക്കുവാനും ഉൾക്കൊള്ളുവാനും ഒരുപാട് പാഠങ്ങൾ ലങ്കയുടെ ഈ ദാഹത്തിലുണ്ട്. പുതിയ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും അന്തരീക്ഷം പുലരട്ടെയെന്ന് പ്രത്യാശിക്കാം.

TAGS :