Quantcast
MediaOne Logo

പ്രതിമ, വിഗ്രഹഭഞ്ജനം, മലപ്പുറം, താലിബാന്‍: കേരള മാതൃകയില്‍നിന്ന് (2001-2024) - ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം സംഭവിച്ചത്

2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 08.

പ്രതിമ, വിഗ്രഹഭഞ്ജനം, മലപ്പുറം, താലിബാന്‍: കേരള മാതൃകയില്‍നിന്ന് (2001-2024) - ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം സംഭവിച്ചത്
X

അതിജീവനക്ഷമതയാണ് ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളുടെ പ്രധാന ലക്ഷണം. ഒരിക്കല്‍ അവസാനിച്ചാലും ഒരേ വിവാദങ്ങള്‍ മറ്റു സന്ദര്‍ഭങ്ങളില്‍ വേറെ സ്ഥലങ്ങളില്‍ പുതിയ വേഷങ്ങളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടും. അത്തരമൊരു വിവാദമാണ് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മുസ്ലിംകളും മുസ്‌ലിംലീഗ് നേതൃത്വം നല്‍കുന്ന തിരൂരിലെ നഗരസഭയും എതിരുനിന്നെന്ന വ്യാജപ്രചാരണം. 2024 ആഗസ്റ്റ് മാസത്തില്‍ നിരവധി സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ഈ പ്രചാരണം നടന്നു. മുന്‍കാലങ്ങളിലും ഇതുണ്ടായിട്ടുണ്ട്. 2001-ല്‍ അഫ്ഗാനില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്ത താലിബാന്‍ മാതൃകയിലൂടെയാണ് പലരും ഇതിനെ മനസ്സിലാക്കിയത്. ഹിന്ദുത്വരും ഹിന്ദുത്വേതരരും ഒരുപോലെ ഈ മാതൃക ഉപയോഗപ്പെടുത്തി. 2013-ല്‍ മലപ്പുറം കോട്ടക്കല്‍ രാജാസ് സ്‌കൂളിലെ ഒ.വി വിജയന്‍ പ്രതിമയുടെ ചില ഭാഗങ്ങള്‍ അക്രമികള്‍ കേടുവരുത്തിയപ്പോള്‍ പുരോഗമന കലാ സാഹിത്യ സംഘം അടക്കമുള്ള ഇടതു സംഘടനകള്‍ അതിനെ താലിബാനിസമെന്നാണ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കേരളത്തില്‍ നിരവധി പ്രതിമാവിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. മുസ്ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തികളോ സംഘടനകളോ അതില്‍ പ്രതികളല്ല. പക്ഷേ, അവയില്‍ പലതും മുസ്ലിംകളുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു തെളിവുമില്ലെങ്കിലും വിവിധ മുസ്ലിം സംഘടനകള്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ ആരോപണത്തിനു വിധേയമായി. താലിബാന്‍ എന്ന പദാവലി ഈ ചര്‍ച്ചകളിലുടനീളം കടന്നു വന്നു. 2001-2024 കാലയളവില്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രതിമകള്‍, വിഗ്രഹങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ട വിദ്വേഷ/നിഗ്രഹ വിവാദങ്ങളെ ചരിത്രപരമായി പരിശോധിക്കുകയാണ് ഈ കുറിപ്പ്.

എഴുത്തച്ഛന്‍ പ്രതിമാ വിവാദം (2002-2024)

ഡോ. ടി.എസ് ശ്യാംകുമാര്‍ മാധ്യമം പത്രത്തില്‍ രാമായണ പരമ്പര എഴുതാന്‍ തുടങ്ങിയതു മുതലാണ് ഏറ്റവും പുതിയ എഴുത്തച്ഛന്‍ പ്രതിമാ വിവാദത്തിന്റെ വരവ്. വാട്‌സാപ്പിലൂടെയായിരുന്നു പ്രചാരണം. 'തിരൂരില്‍ എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കാത്തതിനു കാരണം' മലപ്പുറത്തെ മാപ്പിള വര്‍ഗീയതയാണെന്നും കോണ്‍ഗ്രസ്സും സിപിഎമ്മും അതിന് ഒത്താശ ചെയ്യുന്നുവെന്നുമായിരുന്നു പ്രചരിച്ച കുറിപ്പുകളില്‍ പറഞ്ഞിരുന്നത് (അവലംബം: കുപ്രചാരണങ്ങളെ വിമര്‍ശന വിധേയമാക്കുന്ന നിശാന്ത് പരിയാരത്തിന്റെ എഫ്ബി പോസ്റ്റ്, ജൂലൈ 27, 2024). ജൂലൈ മാസത്തില്‍ തുടങ്ങിയ വിവാദം ആഗസ്റ്റ് ആദ്യ വാരത്തിലും തുടര്‍ന്നു. രാമായണ പരമ്പര എഴുതുന്നതിനു മുമ്പ് പ്രതിമ സ്ഥാപിച്ചു കാണിക്കാന്‍ വെല്ലുവിളിച്ചവരുമുണ്ടായിരുന്നു.

ചരിത്രം:

2002ല്‍ തിരൂര്‍ നഗരമധ്യത്തില്‍ മനോരമ പത്രത്തിന്റെ സഹായത്തോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മുസ്‌ലിംലീഗ് ഭരിക്കുന്ന തിരൂര്‍ നഗരസഭ തീരുമാനിച്ചു. നിര്‍മാണച്ചുമതല രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പ്പിക്കായിരുന്നു. പക്ഷേ, നിര്‍മാണം കഴിഞ്ഞ പ്രതിമ സ്ഥാപിക്കാന്‍ നഗരസഭ തയ്യാറായില്ല. അത് ശില്‍പ്പിയുടെ വീട്ടില്‍ത്തന്നെ കിടന്നു. പകരം, മഷിക്കുപ്പിയും പേനയും പുസ്തകവും ഉള്‍ക്കൊള്ളുന്ന ശില്‍പമാണ് സ്ഥാപിച്ചത്. സംഭവം കഴിഞ്ഞേറെ താമസിയാതെയിത് പുതിയൊരു വിവാദത്തിന് കാരണമായി. നഗരത്തില്‍ സ്ഥാപിക്കേണ്ടത് എഴുത്തച്ഛന്റെ പ്രതിമയാണെന്നും ശില്‍പം സ്ഥാപിക്കാതെ പോയത് മതമൗലികവാദികളുടെ കടുംപിടുത്തം മൂലമാണെന്നുമാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. ഒരു മാധ്യമം നല്‍കിയ തലക്കെട്ട് ഇതാണ്: 'താലിബാനിസ്റ്റ് ചിന്തയില്‍ അനാഥമാക്കപ്പെട്ട എഴുത്തച്ഛന്റെ പ്രതിമ' (മലബാറി ന്യൂസ്, മാര്‍ച്ച് 10, 2013).

എഴുത്തച്ഛന്റെ പ്രതിമയുമായി ബന്ധപ്പെട്ട് രണ്ട് സ്ഥലങ്ങളാണ് ആരോപണങ്ങളുടെ കേന്ദ്രമായത്. ഒന്ന് തിരൂര്‍ നഗരമധ്യത്തിലെയും മറ്റൊന്ന് തിരൂര്‍ തുഞ്ചന്‍ പറമ്പിലെയും. ഇതു സംബന്ധിച്ചു പിന്നീട് നടന്നയെല്ലാ ചര്‍ച്ചകളും സൗകര്യത്തിനനുസരിച്ച് ഈ സ്ഥലങ്ങളെ പരസ്പരം കൂട്ടിക്കുഴച്ചു ആശയക്കുഴപ്പം സൃഷ്ടിച്ചു. മതമൗലികവാദം, താലിബാന്‍ മനോഭാവം, ഇസ്ലാമിക-മുസ്ലിം തീവ്രവാദം തുടങ്ങിയ പദപ്രയോഗങ്ങളും ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്നു.

മതമൗലികവാദികളുടെ പ്രതിമാവിരുദ്ധത:

എഴുത്തച്ഛന്‍ പ്രതിമാ വിവാദം ഉയര്‍ന്നശേഷം ഓരോ വാര്‍ഷികത്തിലും ഹിന്ദുത്വചായ്വുള്ള മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച കുറിപ്പുകളോ ലേഖനങ്ങളോ വാര്‍ത്തകളോ പ്രസിദ്ധപ്പെടുത്തിയിരുന്നു. 2017 ജനുവരിയില്‍ ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത, എഴുത്തച്ഛന്‍ പ്രതിമ വേണ്ടെന്ന് വച്ച മുനിസിപ്പാലിറ്റിയുടെ നടപടിയെ വിമര്‍ശിക്കാത്തതിന്റെ പേരില്‍ എം.ടി വാസുദേവന്‍ നായരെ കുറ്റപ്പെടുത്തുന്നു: ''തിരൂരിലെ എഴുത്തച്ഛന്‍ സ്മാരകത്തിന്റെ ദുര്‍ഗതി കണ്ട് എതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളമനോരമ പത്രം തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമവയ്ക്കാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍, അതിന് എം.ടിയുടെ നേതൃത്വം പിന്തുണ നല്‍കിയില്ല. കാരണം മുസ്ലിം ഭൂരിപക്ഷമുളള തിരൂരില്‍ പ്രതിമ വയ്ക്കാന്‍ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനാല്‍ തുഞ്ചന്‍ സ്മാരകത്തിന് വെളിയില്‍ തിരൂര്‍ ടൗണില്‍ തുഞ്ചന്റെ സ്മാരകം പണിയാന്‍ മനോരമ തയ്യാറായി. ഒപ്പം എഴുത്തച്ഛന്റെ പൂര്‍ണ്ണകായ പ്രതിമയുടെ നിര്‍മാണവും നടന്നു. ഇതിനിടയിലാണ് ചില മതമൗലികവാദികള്‍ പ്രതിമയ്ക്ക് എതിരായി നീങ്ങുന്നത്. സ്വാഭാവികമായും മുസ്ലിംലീഗ് ഭരിക്കുന്ന തിരൂര്‍ മുനിസിപ്പാലിറ്റി തിരൂര്‍ ടൗണില്‍ എഴുത്തച്ഛന്റെ പ്രതിമ വയ്ക്കാനുളള അനുമതി നിഷേധിച്ചു. ഏറെ ചര്‍ച്ചയും പ്രതിഷേധവും സമ്മര്‍ദ്ദവും ഉണ്ടായിട്ടും മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെ എം.ടി വാസുദേവന്‍നായര്‍ എതിര്‍ക്കാന്‍ തയ്യാറായില്ല. മനോരമ നടത്തിയ ഇടപെടലുകളില്‍ നിന്ന് എം.ടി മാറിനിന്നു''(ജന്മഭൂമി, ജനുവരി 7, 2017).

താലിബാന്‍ മനസ്സ്:

എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2021ല്‍ ബിജെപി പ്രത്യക്ഷസമരത്തിന് തയ്യാറെടുത്തു. ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കാത്തത് താലിബാന്‍ മനോഭാവമുള്ളതുകൊണ്ടാണെന്നായിരുന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചത്. അതിന്റെ പേരില്‍ സത്യാഗ്രഹം നടത്താനും അവര്‍ തീരുമാനിച്ചു. ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ സമരം ചെയ്യേണ്ടി വരുന്നത് കേരളത്തില്‍ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ലോക ചരിത്രത്തില്‍ ഒരിടത്തും ഒരു ജനതയ്ക്കും അവരുടെ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ സമരം ചെയ്യേണ്ടി വന്നിട്ടില്ല. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും സിപിഎമ്മിനും താലിബാന്‍ മനസാണുള്ളത്. അതുകൊണ്ടാണ് പ്രതിമ സ്ഥാപിക്കാതിരിക്കുന്നത്' എന്നും സത്യാഗ്രഹ വേദിയില്‍ അദ്ദേഹം പ്രസംഗിച്ചു. (ന്യൂസ് 18, സെപ്തംബര്‍ 202, 2021)

പ്രശ്‌നമായത് സോപാനം മാതൃക:

എഴുത്തച്ഛന്‍ പ്രതിമ നില്‍ക്കുന്ന തറ സോപാനരീതിയില്‍ ആയതുകൊണ്ടാണ് മുസ്‌ലിംലീഗ് തടസ്സം നിന്നതെന്നാന്നാണ് സംഘ്പരിവാര്‍ എഴുത്തുകാരനായ തിരൂര്‍ ദിനേശ് ആരോപിച്ചത് (ന്യൂസ് 18, ഒക്ടോബര്‍ 31, 2022). 2018ലും ഇതേ ആരോപണം ഉര്‍ത്തിയിരുന്നു: ''18 വര്‍ഷം മുമ്പ് തിരൂര്‍ സിറ്റി ജംങ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരു ദിനപത്രം തയ്യാറായി. ഈ പത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പിയാണ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മിച്ചത്. എന്നാല്‍, അത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച പ്ലാറ്റ്‌ഫോറം ചിലരെ ചൊടിപ്പിച്ചു. സോപാനം മാതൃകയിലാണ് നിര്‍മാണം. അതിനു മീതെ പ്രതിമ വന്നാല്‍ പൂജ തുടങ്ങുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഇതോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് നഗരസഭ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവാദമുണ്ടാക്കാതെ മഷിക്കുപ്പിയുടേതും തൂവലിന്റയും ശില്‍പം വെച്ച് പത്രസ്ഥാപനം തടിയൂരി (വണ്‍ഇന്ത്യ, മാര്‍ച്ച് 26, 2018).

തീവ്രവാദ ആരോപണമുയര്‍ത്തി അബ്ദുല്ലക്കുട്ടി:

തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാത്തത് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി ഭയന്നാണെന്നായിരുന്നു ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിയുടെ ആരോപണം. പ്രതിമ സ്ഥാപിക്കാന്‍ നടന്‍ മമ്മുട്ടി മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു: ''മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന് ആദരം നല്‍കാന്‍ നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്?! തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ? ഈ വിഷയത്തില്‍ മമ്മൂട്ടിക്ക് എന്ത് പറയാനുണ്ട്? പ്രതിമ ഞങ്ങള്‍ മുസ്ലിംകള്‍ക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആശയമാണ്. ഏത് പോലെ എന്നാല്‍ സിനിമ ഹറാമാണ് എന്ന് പണ്ട് ഇവിടെ നിലനിന്ന അന്ധവിശ്വാസംപോലെ. ഇനിയെങ്കിലും വൈകാതെ തിരൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഏണിക്കടിയില്‍ പൊടിപിടിച്ച് കിടക്കുന്ന ഒരു വെങ്കല പ്രതിമയുണ്ട്. മഹാനായ ഭാഷാപിതാവിന്റെ പ്രതിമ. അത് സ്ഥാപിക്കാന്‍ മഹാനടന്‍ മമ്മൂട്ടി മുന്‍കൈ എടുക്കണം. അങ്ങയ്ക്ക് പിണറായി വിജയനിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തണം. ഇത് ഒരു അപേക്ഷയാണ്. ഇതുപോലെ പണ്ട് ലക്ഷദ്വീപിലെ ഒരു പഴയ രാഷ്ട്രീയ നേതാവ് പ്രതിമ ഇസ്ലാമിനെതിരാണെന്ന് നുണ പറഞ്ഞ് ദ്വീപില്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞിരുന്നു. ഇന്ന് അവിടെ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. നിങ്ങള്‍ക്ക് കവരത്തിയില്‍ പോയാല്‍ കാണാം ഗാന്ധിദിനത്തില്‍ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ചന നടത്തുന്ന നിസ്‌ക്കാരത്തഴമ്പുള്ള നല്ല മുസ്ലിം സഹോദരങ്ങളെ.'' (തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണം, മമ്മൂട്ടി മുന്‍കൈ എടുക്കണം; എ.പി അബ്ദുല്ലക്കുട്ടി, 24 ന്യൂസ്, മെയ് 22, 2023)

മലയാള മനോരമയുടെ വിശദീകരണം:

വിവാദം പൊടിപാറിയപ്പോള്‍ മനോരമതന്നെ രംഗത്തിറങ്ങി. ഇതുസംബന്ധിച്ച ഒരു കുറിപ്പ് തയ്യാറാക്കി. ലീഗ് നേതാക്കളെയും തിരൂര്‍ മുനിസിപ്പല്‍ അധികൃതരെയും പ്രതിമ നിര്‍മിച്ച ശില്‍പിയെയും നേരിട്ട് കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് നല്‍കുന്ന ചിത്രം ഇതാണ്: 2002ല്‍ ലീഗിന്റെ നേതൃത്വത്തിലുളള മുനിസിപ്പാലിറ്റി രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പിയെ ശില്‍പം നിര്‍മിക്കാന്‍ ചുമതലപ്പെടുത്തി. എഴുത്തച്ഛന്റെ ഫോട്ടോ ലഭ്യമല്ലാത്തതുകൊണ്ട് അദ്ദേഹം ഒരു അബ്സ്ട്രാക്റ്റ് ശില്‍പം നിര്‍മിച്ചു. ആ ശില്‍പത്തില്‍ മുഖം വ്യക്തമായിരുന്നില്ല. ഇത്തരമൊരു ശില്‍പം സ്ഥാപിക്കുന്നതിനോട് പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് പദ്ധതി ഉപേക്ഷിച്ചത് (മനോരമ, ഒക്ടോബര്‍ 16, 2022).

ഫോട്ടോ ഇല്ലാത്ത സാഹചര്യത്തില്‍ അത്തരമൊരു ശില്‍പം നിര്‍മിക്കുന്നത് ശരിയല്ലെന്നാണ് സിപിഎം നേതാവും 2015ല്‍ തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ഗിരീഷ് മനോരമയോട് പറഞ്ഞത്. ശില്‍പിയായ രാജന്‍ പറയുന്നത് എഞ്ചിനീയര്‍ നിര്‍ദേശിച്ച മോഡല്‍ താന്‍ സ്വീകരിക്കാത്തതാണ് അത് തള്ളാന്‍ കാരണമെന്നാണ്. ഹിജാബ് വിഷയം പോലെ പിന്നീട് അത് വിവാദമാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഉണ്ടാക്കിയ ശില്‍പം അരിയന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലാണ് സ്ഥാപിച്ചത്. അതേസമയം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ രാജന്‍ അരിയല്ലൂര്‍ വ്യത്യസ്തമായ അഭിപ്രായമാണ് പറഞ്ഞത്. ആള്‍രൂപമായതുകൊണ്ട് പദ്ധതി ഉപേക്ഷിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത് (ന്യൂസ് 18, ഒക്ടോബര്‍ 31, 2022).

പ്രതിമയ്ക്ക് എം.ടി വാസുദേവന്‍ നായരും എതിര്:

മുസ്ലിം ലീഗ് നേതാവും ഇപ്പോഴത്തെ തിരൂര്‍ മുനിസിപ്പില്‍ ചെയര്‍പേഴ്സനുമായ എ.പി നസീമ പ്രതിമാ വിഷയത്തില്‍ ബിജെപി ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ എംടിയുമായി ഈ പ്രശ്നം താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എഴുത്തച്ഛന്റേതെന്ന മട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം എഴുത്തച്ഛന്റെ യഥാര്‍ഥ ഫോട്ടോഗ്രാഫല്ലാത്തതിനാല്‍ അങ്ങനെയൊന്ന് സ്ഥാപിക്കുന്നതിനോട് എം.ടിക്ക് യോജിപ്പില്ലായിരുന്നു (മനോരമ, ഒക്ടോബര്‍16, 2022). തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം ലഭ്യമല്ലാത്തതിനാല്‍ പ്രതിമ സ്ഥാപിക്കുന്നത് ശരിയല്ലെന്ന നിലപാട് ഉയര്‍ത്തുന്ന നിരവധി പേരില്‍ ഒരാളാണ് എം.ടി. സിപിഎം നേതാവും ഇതേ അഭിപ്രായം പറഞ്ഞത് നാം കണ്ടു. എം.ടി നേതൃത്വം നല്‍കുന്ന തുഞ്ചന്‍ പറമ്പില്‍ പ്രതിമ സ്ഥാപിക്കാതെ പോയതിനു പിന്നിലെ പ്രധാന കാരണവും ഇതാണെന്നു വേണം മനസ്സിലാക്കാന്‍.

ഒ.വി വിജയന്‍ പ്രതിമാവിവാദം (2013)

പ്രതിമാ വിവാദം കേരളത്തില്‍ ഒറ്റപ്പെട്ടതല്ല. പലപ്പോഴായി പലയിടങ്ങളിലായി ഇതുണ്ടായിട്ടുണ്ട്. അതില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ രണ്ടെണ്ണമാണ് 2013ല്‍ കോട്ടക്കലിലും 2016ലും 2019ലും പാലക്കാട്ടുമുണ്ടായതും. രണ്ടും ഒ.വി വിജയന്റെ പ്രതിമയുമായി ബന്ധപ്പെട്ടതായിരുന്നു. ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിയാന്‍ ഇതും ഉപകാരപ്പെടും.

2013ല്‍ മലപ്പുറം കോട്ടയ്ക്കല്‍ രാജാസ് ഗവ. എച്ച്എസ്എസിലെ സ്മൃതിവനം പാര്‍ക്കില്‍ ഒ.വി വിജയന്റെ അര്‍ധകായ പ്രതിമ സ്ഥാപിച്ചു. പുതിയ പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒ.വി വിജയന്റെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഇഴുകിച്ചേര്‍ന്ന സ്മൃതിവനം പാര്‍ക്ക് സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ മുന്‍കയ്യില്‍ നിര്‍മിക്കുന്നത്. ആര്‍ട്ടിസ്റ്റ് ഇന്ത്യനൂര്‍ ബാലകൃഷ്ണനാണ് പൂച്ചയും പുസ്തകവും ചേര്‍ത്തുള്ള പ്രതിമ കൊത്തിയത്. പാര്‍ക്കില്‍ മൂങ്ങയുടെയും പാമ്പിന്റെയും രൂപങ്ങളുമുണ്ട്. ഒ.വി വിജയന്‍ സ്‌കൂളിലെ പൂര്‍വവിദ്യര്‍ഥി കൂടിയാണ്. കോട്ടയ്ക്കല്‍ രാജാസ് ഗവ. എച്ച്എസ്എസ് നഗരസഭയുടെ കീഴിലുള്ള സ്‌കൂളാണ്. പാര്‍ക്ക് നിര്‍മിക്കുമ്പോള്‍ തങ്ങളോട് ആവശ്യമായ അനുമതി തേടിയില്ലെന്നാരോപിച്ച് നഗരസഭ സ്മൃതിവനം പാര്‍ക്കിനെതിരേ രംഗത്തുവന്നു. കോട്ടക്കല്‍ നഗരസഭ മുസ്‌ലിം ലീഗാണ് ഭരിക്കുന്നത്. വിദ്യാഭ്യാസ ചട്ടപ്രകാരം സ്മാരകം നിര്‍മിക്കുമ്പോള്‍ നഗരസഭയുടെ അനുമതി ആവശ്യമാണെന്നും സ്‌കൂളിന്റെ നിയന്ത്രണാവകാശമുള്ള നഗരസഭയെ അറിയിക്കാതെയാണ് പ്രതിമ സ്ഥാപിച്ചതെന്നും പറഞ്ഞ് അത് നീക്കം ചെയ്യാന്‍ നഗരസഭ ആവശ്യപ്പെട്ടു.

2013 ഫെബ്രുവരി 26ാം തിയ്യതിയായിരുന്നു ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചത്. അപ്പോഴാണ് എതിര്‍പ്പ് രൂപപ്പെട്ടത്. പ്രതിമ മാറ്റിയശേഷം പാര്‍ക്ക് ഉദ്ഘാടനം ചെയ്താല്‍മതിയെന്നായിരുന്നു നഗരസഭയുടെ നിലപാട്. സ്‌കൂള്‍ പിടിഎയ്ക്ക് പ്രതിമയോടുകൂടി പാര്‍ക്ക് നിലവില്‍ വരണമെന്നായിരുന്നു അഭിപ്രായം. അവര്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചു. വിവാദമുണ്ടാതിനെത്തുടര്‍ന്ന് മലയാളം സര്‍വകലാശാല വൈസ്ചാന്‍സിലര്‍ കെ. ജയകുമാര്‍ ചടങ്ങില്‍നിന്ന് പിന്‍മാറി. വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായത്തില്‍ ഏത് പ്രവര്‍ത്തിക്കും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ബഷീറും ഇക്കാര്യത്തില്‍ ഉറച്ചനിലപാടെടുത്തു.

സര്‍പ്പക്കാവുകളും ആള്‍രൂപവും വച്ച് അതിന് കൂമന്‍കാവ് എന്ന് പേരിട്ടാല്‍ അത് കാവായി മാറുമെന്ന തെറ്റിദ്ധാരണയാണ് ശില്‍പം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നിലെന്നാണ് ശില്‍പി ഇന്ത്യനൂര്‍ ബാലകൃഷ്ണന്‍ പറയുന്നത്. പുസ്തകം വായിക്കാത്തവരാണ് വിവാദത്തിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി (കോട്ടക്കല്‍ രാജാസ് സ്‌കൂളില്‍ സ്ഥാപിച്ച ഒ.വി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍, ഡൂള്‍ ന്യൂസ്, മാര്‍ച്ച് 7, 2013).

2013 മാര്‍ച്ച് 21നായിരുന്നു പാര്‍ക്കിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. നഗരസഭയുടെ വിലക്ക് വന്നതോടെ ഉദ്ഘാടനം തടസ്സപ്പെട്ടു. ഇതിനെതിരേ സാംസ്‌കാരിക പ്രവര്‍ത്തകരും അധ്യാപക സംഘടനകളും ഇടതുപക്ഷ സംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നു. അതോടെ നഗരസഭ അയഞ്ഞു. ഒ.വി വിജയന്റെ പ്രതിമക്ക് അനുമതി ലഭിച്ചു.

വിവാദം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒ.വി വിജയന്റെ പ്രതിമ ചാക്കുകൊണ്ട് മൂടിയിട്ടിരുന്നു. പ്രതിമയുടെ പടമെടുക്കാനെത്തിയ മാധ്യമ ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി പ്രതിമ പൊതിഞ്ഞിരുന്ന ചാക്ക് ഊരി മാറ്റിയപ്പോള്‍ അത് തകര്‍ക്കപ്പെട്ടതായി കണ്ടെത്തി. പ്രതിമയുടെ മൂക്കും താടിയും കണ്ണടയുമെല്ലാം തകര്‍ക്കപ്പെട്ടതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാനിസം

ഈ സംഭവത്തെ അഫ്ഗാനിലെ ബാമിയാന്‍ പ്രതിമയോടാണ് ചില മാധ്യമങ്ങള്‍ താരതമ്യം ചെയ്തത്. 'താലിബാനിസമല്ലെങ്കില്‍ പിന്നെ എന്താണ്?' എന്നായിരുന്നു വണ്‍ ഇന്ത്യ തങ്ങളുടെ വര്‍ത്തയ്ക്ക് നല്‍കിയ ശീര്‍ഷകം: ''ബാമിയാന്‍ പ്രതിമകള്‍ തകര്‍ത്ത താലിബാനികളുടെ മനസുള്ളവര്‍ മലപ്പുറത്ത് തലപൊക്കിത്തുടങ്ങിയിട്ടുണ്ടെന്ന് തന്നെയാണ് ഒ.വി വിജയന്റെ പ്രതിമ വികൃതമാക്കിയവര്‍ തെളിയിക്കുന്നത്. വര്‍ഗീയതയെ കഠിനമായി എതിര്‍ത്തിരുന്ന, അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ച ഒ.വി വിജയന്റെ പ്രതിമയ്ക്ക് തന്നെ ദുര്യോഗമുണ്ടായതില്‍ പ്രബുദ്ധ കേരളം ലജ്ജിച്ച് തലതാഴ്ത്തുക തന്നെ വേണം'' (ഇത് താലിബാനിസമല്ലെങ്കില്‍ പിന്നെ എന്താണ്? മലയാളം. വണ്‍ ഇന്ത്യ, മാര്‍ച്ച് 2013).

എന്നാല്‍, ഈ വാര്‍ത്ത മുഴുവന്‍ മലപ്പുറത്തുകാരെയോ മലപ്പുറത്തെ മുഴുവന്‍ മുസ്‌ലിംകളെയോ കുറ്റപ്പെടുത്തുന്നതായിരുന്നില്ല. 'താലിബാന്‍ മനസ്സു'ള്ള ചിലരിലേക്കാണ് അവര്‍ തങ്ങളുടെ വിമര്‍ശനം അഴിച്ചുവിട്ടത്: ''മലപ്പുറത്തുകാര്‍ക്ക് മുഴുവന്‍ പ്രതിമാവിരോധമുണ്ടാകാന്‍ ഒരുതരത്തിലും ഇടയില്ല. അങ്ങനെയെങ്കില്‍ ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലും തുഞ്ചന്‍ പറമ്പിലുമൊക്കെയുള്ള പ്രതിമകള്‍ ഇന്ന് മലപ്പുറത്തിന്റെ മണ്ണില്‍ കാണില്ല. പിന്നെ, ഒ.വി വിജയന്റെ പ്രതിമയോട് മാത്രം ആര്‍ക്കാണിത്ര വിരോധം?'' (ഇത് താലിബാനിസമല്ലെങ്കില്‍ പിന്നെ എന്താണ്? മലയാളം. വണ്‍ ഇന്ത്യ, മാര്‍ച്ച് 2013).

പുരോഗമന കലാ സാഹിത്യ സംഘവും ഈ സംഭവങ്ങളെ താലിബാനുമായി ബന്ധപ്പെടുത്തി. അതേക്കുറിച്ചുള്ളൊരു മാധ്യമ റിപ്പോര്‍ട്ടില്‍നിന്ന്: ''മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടയ്ക്കല്‍ നഗരസഭ വിദ്യാലയങ്ങളില്‍ താലിബാനിസം കടത്തുകയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം കുറ്റപ്പെടുത്തി. ഒരു വലിയ എഴുത്തുകാരനോട് അനാദരവ് കാണിക്കുന്നത് സംസ്‌കാരശൂന്യതയാണ്. സാങ്കേതികത്വത്തിന്റെ പേരില്‍ ഒരു നല്ല കാര്യത്തിന് മുന്നോട്ട് വന്ന രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളേയും അധ്യാപകരേയും കുറ്റപ്പെടുത്തുന്നതും വിദ്യാഭ്യാസവകുപ്പധികൃതര്‍ക്ക് ഒരു മാസം മുമ്പ് അനുമതിക്ക് അപേക്ഷിച്ചിട്ടും അനുമതി നല്‍കാത്തതും ധിക്കാരമാണ്. വിദ്യാലയ നടത്തിപ്പിന് അപ്പുറത്തെ കാര്യങ്ങളില്‍ നഗരസഭ ഇടപെടുന്നത് അധികാര ദുര്‍വിനിയോഗമാണ്. മതത്തിന്റെ ദുര്‍വ്യാഖ്യാനമാണ് താലിബാനിസം. അന്ധമായ പ്രതിമാവിരോധം പോലുള്ള താലിബാനിസ്റ്റ് ആശയങ്ങള്‍ വിദ്യാലയങ്ങള്‍ പോലുള്ള പൊതുമണ്ഡലങ്ങളില്‍ അധികാരത്തിന്റെ പിന്‍ബലത്തോടെ അടിച്ചേല്‍പ്പിക്കുന്നത് മതേതരത്വത്തിന് ഭീഷണിയാണ്. ഇതിനെ ചെറുത്തു തോല്‍പ്പിക്കുന്നതിന് എല്ലാ മതേതരവാദികളും രംഗത്ത് വരണമെന്നും പുരോഗമന കലാ സാഹിത്യസംഘം ആഹ്വാനം ചെയ്തു (ഒ.വി വിജയന്‍ സ്മാരകം: മലപ്പുറത്ത് പടയൊരുക്കം, 2013 ഫെബ്രുവരി 27, 2013, വണ്‍ ഇന്ത്യ മലയാളം).

അധ്യാപക സംഘടനയായ കെഎസ്ടിഎയും ഇതിനെ മുസ്‌ലിംകളുടെ 'വര്‍ഗീയത'യുമായി ബന്ധപ്പെടുത്തി: ''അധികാരത്തില്‍ വന്ന നാള്‍ മുതല്‍ വിദ്യാഭ്യാസരംഗത്ത് ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അമിതാധികാര പ്രയോഗവും ധാര്‍ഷ്ട്യവും തന്നെയാണ് ഇപ്പോള്‍ ഒ.വി വിജയന്‍ സ്മാരക പാര്‍ക്കിനെതിരേയും കാണിക്കുന്നത്. അധികാരത്തിലെത്തുന്നതിനു ഒരാഴ്ച മുമ്പുതന്നെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പച്ചവിരിപ്പിട്ടാരംഭിച്ച് പച്ച ബ്ലൗസ്, പച്ചക്കോട്ട് വിവാദങ്ങളിലൂടേയും വിദ്യാഭ്യാസ ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ മാത്രം തിരുകികയറ്റിക്കൊണ്ട് മറ്റുള്ളവരെ മുഴുവന്‍ സ്ഥലം മാറ്റിയോ പിരിച്ചുവിട്ടോ തങ്ങള്‍ക്ക് ഹിതകരമായതു മാത്രമേ നടക്കാവൂ എന്നുറപ്പിക്കുന്നതിനുകൂടിയാണ് ഒ.വി വിജയന്‍ പാര്‍ക്കിനുമേലും കടന്നുകയറ്റം നടത്തുന്നത്. ഏതിന്റെ പേരിലായാലും മഹാനായ ഒരു എഴുത്തുകാരന്റെ സ്മാരകത്തോടുകാണിക്കുന്ന അനാദരവ് സാംസ്‌കാരിക കേരളത്തിന് അംഗീകരിക്കാനാവില്ല. സാംസ്‌കാരിക ഫാസിസത്തിനെതിരേ പ്രതികരിക്കാനും ചെറുത്തുനില്‍ക്കാനും മുഴുവന്‍ അക്ഷരസ്നേഹികളോടും ജനാധിപത്യ വിശ്വസികളോടും കെഎസ്ടിഎ ആവശ്യപ്പെട്ടു.''(ഒ.വി വിജയന്‍ സ്മാരകം: മലപ്പുറത്ത് പടയൊരുക്കം, 2013 ഫെബ്രുവരി 27, 2013, വണ്‍ ഇന്ത്യ മലയാളം).

ഒടുവില്‍ തകര്‍ക്കപ്പെട്ട പ്രതിമ ദിവസങ്ങള്‍ക്കുളളില്‍ പുനര്‍നിര്‍മിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ത്യനൂര്‍ ബാലകൃഷ്ണനും പട്ടാമ്പി നാരായണ പ്രസാദും ചേര്‍ന്നാണ് നിര്‍മാണം നടത്തിയത്. ഇതിനായി എം.പി അബ്ദുസമ്മദ് സമദാനി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയസമിതിയും രൂപീകരിച്ചിരുന്നു.

2013ല്‍ നിയമസഭയിലും ഇത് ചര്‍ച്ച ചെയ്യപ്പെട്ടു. കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ സ്ഥാപിച്ച പ്രശസ്ത സാഹിത്യകാരന്‍ ഒ.വി വിജയന്റെ തകര്‍ക്കപ്പെട്ട പ്രതിമ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുവേണ്ടി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ? എന്ന ചോദ്യം സിപിഎം നേതാവ് എം. ചന്ദ്രനാണ് നിയമസഭയില്‍ ഉന്നയിച്ചത്. പ്രതിമ പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ടെന്ന് 2013 ഏപ്രില്‍ 10ാം തിയ്യതി സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് മറുപടി നല്‍കി. (നിമയസഭാ രേഖകള്‍, പതിമൂന്നാം നിയമസഭ, എട്ടാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 3534).

ഒ.വി വിജയന്‍ പ്രതിമാവിവാദം (2016-2019)

അടുത്ത പ്രതിമാവിവാദം നടക്കുന്നത് പാലക്കാട്ടുനിന്നാണ്. അതും ഒ.വി വിജയന്റെ പ്രതിമതന്നെ. ആദ്യ വിവാദം 2016ലും രണ്ടാം വിവാദം 2019ലുമാണ് നടന്നത്. പാലക്കാട് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഒ.വി വിജയന്റെ ഒരു പ്രതിമ സ്ഥാപിച്ചിരുന്നു. 2016ല്‍ ഇത് പെട്ടെന്ന് അപ്രത്യക്ഷമായി. തിരച്ചിലുകള്‍ നടന്നെങ്കിലും കണ്ടെത്താനായില്ല. റോഡ് വികസനത്തിന്റെ ഭാഗമായാട്ടായിരിക്കണം പ്രതിമ കാണാതായതെന്ന ഒരു വിശദീകരണം ആ കാലത്ത് നഗരസഭ നല്‍കിയിരുന്നു. എന്നാല്‍, പ്രതിമ മാറ്റാന്‍ ഉത്തരവൊന്നും നല്‍കിയിരുന്നില്ല. പ്രതിമ കണ്ടെത്താനും കഴിഞ്ഞില്ല. പിന്നീട് നഗരസഭാ വളപ്പില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ നിന്ന് പ്രതിമ കണ്ടെത്തി.

സ്വാഭാവികമായും അതൊരു വിവാദമായി. പ്രതിമ പുനര്‍നിര്‍മിക്കണമെന്ന് പാലക്കാട്ടെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രതിമാ നിര്‍മാണ സമിതിയും രൂപീകരിച്ചു. എസ്ബിഐ ജംഗ്ഷന് സമീപമുള്ള നഗരസഭയുടെ സ്ഥലത്ത് പ്രതിമ നിര്‍മിക്കുന്നതിന് പ്രതിമ നിര്‍മ്മാണ സമിതിക്ക് നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കി. 30,000 രൂപ ചെലവില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ പ്രതിമ നിര്‍മിച്ചു. പട്ടാമ്പി സ്വദേശി എം.എ വേണുവായിരുന്നു ശില്‍പി.

ഈ പ്രതിമ പാലക്കാട് നഗരത്തിലെ വാഹനഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു എന്ന പരാതിയുമായി 'പാലക്കാട് മുന്നോട്ട്' എന്ന സംഘടന കോടതിയെ സമീപിച്ചു. പ്രതിമയുടെ മറവുള്ളതിനാല്‍ വാഹനങ്ങള്‍ കാണാനാവില്ലെന്നായിരുന്നു വാദം. തങ്ങള്‍ക്ക് 30 വര്‍ഷത്തേക്ക് പാര്‍ക്ക് ആയി സംരക്ഷിക്കാന്‍ നഗരസഭ ചുമതലപ്പെടുത്തിയ സ്ഥലത്ത് അനധികൃതമായാണ് പ്രതിമ സ്ഥാപിച്ചതെന്നും അവര്‍ ആരോപിക്കുന്നു. പ്രതിമ പൊളിച്ചുനീക്കാന്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു. സ്ഥലമുടമയായ നഗരസഭയേയോ പ്രതിമ നിര്‍മാണ സമിതിയേയോ കക്ഷി ചേര്‍ക്കാതെയാണ് 'പാലക്കാട് മുന്നോട്ട്' എന്ന സംഘടന കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും എക്സ് പാര്‍ട്ടി വിധി സമ്പാദിക്കുകയും ചെയ്തതെന്ന് പ്രതിമ നിര്‍മാണ സമിതി ആരോപിക്കുന്നു.

മുന്‍സിഫ് കോടതി വിധിയെ തുടര്‍ന്ന് നഗരസഭയുടെ സ്ഥലത്ത് നിന്ന് ഒ.വി വിജയന്റെ പ്രതിമ പൊളിച്ച് നീക്കി. പ്രതിമ ഒ.വി വിജയന്‍ സ്മാരക ട്രസ്റ്റ് ഏറ്റെടുത്ത് തസ്രാക്കിലേക്കെത്തിച്ചു. നഗരസഭയുടെയോ പ്രതിമ സ്ഥാപിച്ചവരുടെയോ അറിവില്ലാതെ പ്രതിമ പൊളിച്ച് മാറ്റിയതില്‍ വലിയ പ്രതിഷേധമുയര്‍ന്നു. തങ്ങള്‍ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കിയുണ്ടാക്കിയ പ്രതിമ തിരികെ വേണമെന്ന ആവശ്യത്തില്‍ പ്രതിമ നിര്‍മിച്ചവര്‍ ഉറച്ചുനില്‍ക്കുകയാണ്.

ബിജെപി ഭരിക്കുന്ന നഗരസഭയ്ക്ക് താല്‍പര്യം ഇല്ലാത്തതിനാലാണ് പ്രതിമ നഗരത്തില്‍ നിന്ന് നീക്കം ചെയ്തത് എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറയുന്നത്. എന്നാല്‍, പ്രതിമ തിരികെ ആവശ്യപ്പെടുമെന്നും ലഭിച്ചില്ലെങ്കില്‍ പുതിയ പ്രതിമ ഇതേ സ്ഥലത്ത് സ്ഥാപിക്കുമെന്നുമാണ് നഗരസഭാ വൈസ്ചെയര്‍മാന്‍ പറയുന്നത്. (മുഴുവന്‍ വിവരങ്ങള്‍ക്കും കടപ്പാട്: ഒ.വി വിജയന്റെ പ്രതിമ വീണ്ടും പാലക്കാട് നിന്ന് നാടുകടത്തി; തസ്രാക്കിലെത്തിച്ച പ്രതിമയുടെ ഉടമസ്ഥതയെ ചൊല്ലിയും തര്‍ക്കം; അനക്കമില്ലാതെ സാംസ്‌കാരിക ലോകം, അഴിമുഖം, കെ.ആര്‍ ധന്യ, ജൂലൈ 2, 2019).

പ്രതിമ പൊളിച്ചുമാറ്റിയവര്‍ക്കെതിരേയും പ്രതിമ കൈക്കാലാക്കിയവര്‍ക്കെതിരേയും മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു (ഒ.വി വിജയന്റെ പ്രതിമ നാടുകടത്തിയ സംഭവം; പ്രതിഷേധം ശക്തം, മനോരമ ന്യൂസ്, ജൂലൈ 1, 2019).

പ്രതിമാ വിവാദവും ഇസ്‌ലാമോഫോബിയയും:

കേരളത്തെ ഇളക്കി മറിച്ച മൂന്നു പ്രതിമാ വിവാദങ്ങളാണ് ഇതുവരെ നാം വിശദീകരിച്ചത്. 2002ലെ തിരൂര്‍ എഴുത്തച്ഛന്‍ പ്രതിമാ വിവാദത്തിലും 2013ലെ കോട്ടക്കല്‍ ഒ.വി വിജയന്‍ പ്രതിമാ വിവാദത്തിലും വില്ലനായി വന്നത് മുസ്‌ലിം ലീഗ് ഭരിക്കുന്ന നഗരസഭകളാണ്. സ്വാഭാവികമായും അഫ്ഗാനിലെ ബുദ്ധപ്രതിമ തകര്‍ക്കലുമായി സമീകരിച്ചുകൊണ്ടായിരുന്നു വിശദീകരണങ്ങളുടെ പോക്ക്. തിരൂരിലെ പ്രതിമാ നിര്‍മാണത്തിന് എതിരുനിന്നത് മുസ്ലിംകളുടെ പ്രതിമകളോടുള്ള വിയോജിപ്പുകളാണെന്ന ആരോപണം നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. എല്ലാ വാര്‍ഷികങ്ങളിലും ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സിപിഎമ്മിന്റെയും തിരൂര്‍ തുഞ്ചന്‍പറമ്പ് അധികൃതരുടെയും എം.ടി വാസുദേവന്‍നായരുടെയും നിലപാടുകള്‍ പ്രതിമനിര്‍മാണത്തിന് എതിരായിരുന്നുവെന്ന വസ്തുതപോലും പരിഗണിക്കപ്പെട്ടില്ല. കോട്ടക്കലിലെ ഒ വി വിജയന്‍ പ്രതിമയ്‌ക്കെതിരേയും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. അവിടെയും ലീഗായിരുന്നു നഗരസഭ ഭരിച്ചിരുന്നത്.

തീര്‍ച്ചയായും ഈ രണ്ടിടത്തും പ്രതിമ സ്ഥാപിക്കുന്നതിനെതിരേ നിലപാടെടുക്കുന്നതിന് പ്രാദേശികമായ നിരവധി ബലതന്ത്രങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, വിശകലനങ്ങളില്‍ ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. താലിബാന്‍ സ്വാധീനമെന്ന ഒറ്റ ഘടകത്തിലേക്ക് എല്ലാത്തിനെയും ചുരുക്കുകയും ഇസ്ലാമിനെ ആരോപണസ്ഥലമാക്കി മാറ്റുകയുമാണ് വ്യാഖ്യാതാക്കള്‍ ചെയ്തത്. എന്നാല്‍, 2019ലെ പ്രതിമാവിവാദം നടക്കുന്ന സമയത്ത് ബിജെപിയാണ് പാലക്കാട്ടെ നഗരസഭ ഭരിച്ചിരുന്നത്. ഒരിക്കല്‍ അവിടത്തെ പ്രതിമ കാണാതാകുകയും മറ്റൊരിക്കല്‍ എടുത്തുമാറ്റുകപോലും ചെയ്തു. പക്ഷേ, അതൊരിക്കലും മതപ്രശ്നമായി സമീകരിക്കപ്പെട്ടില്ല.

ഒരേപോലുള്ള സംഭവങ്ങളെ വ്യത്യസ്ത രീതിയില്‍ വായിക്കുന്നതാണ് നേരത്തേ ചര്‍ച്ചചെയ്ത സംഭവങ്ങളില്‍ കാണുന്നത്. ഒരു മുസ്‌ലിം ഘടകം ആരോപിക്കാവുന്ന സാധ്യത കാണുന്നതോടെ അതിനെ താലിബാനുമായി സമീകരിക്കുന്നു. അങ്ങനെ ഇസ്‌ലാമോഫോബിയയുടെ പട്ടികയിലേക്ക് പുതിയ ഒന്നുകൂടി വരവുവയ്ക്കപ്പെടുന്നു. കേരളത്തില്‍ താലിബാന്‍ എന്ന വ്യവഹാരത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ ഈ ലേഖനത്തിന്റെ അവസാനഭാഗത്ത് നല്‍കുന്നുണ്ട്. അതിലേക്ക് കടക്കുംമുമ്പ് തൊണ്ണൂറുകള്‍ക്കുശേഷം മലപ്പുറത്ത് ക്ഷേത്രങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളും അതിനെചുറ്റിപ്പറ്റി നടന്ന ചില വിവാദങ്ങളും പരിശോധിക്കുകയാണ്. ഇവയില്‍ കുറ്റാരോപിതരായി മുസ്‌ലിം വ്യക്തികള്‍ ഇല്ല. സംഘ്പരിവാര്‍ വ്യക്തികളോ മുസ്ലിമേതര വ്യക്തികളോ ആയിരുന്നു പ്രതികള്‍. താലിബാന്‍ എന്ന പദാവലിക്കു സമാനമായ പ്രതീകങ്ങളോ രൂപകങ്ങളോ കേരളത്തില്‍ വികസിക്കപ്പെട്ടില്ല.

മലപ്പുറത്തെ ക്ഷേത്രാക്രമണങ്ങള്‍: ഒരു ടൈംലൈന്‍ (1993-2023)

താഴെ നല്‍കുന്ന സംഭവങ്ങള്‍ ഇവ്വിഷയകമായ മുഴുവന്‍ സംഭവങ്ങളെയും ഉള്‍കൊള്ളുന്നില്ല. വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് ഇതിനാധാരം. മാധ്യമങ്ങളില്‍ വര്‍ഷവും തിയ്യതിയും ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ നല്‍കിയിട്ടില്ല.



ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര (1993):

1993 സെപ്റ്റംബര്‍ 6: താനൂര്‍ ശോഭപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ തിരുവനന്തപുരം സ്വദേശിയായ ശ്രീകാന്ത് കൊല്ലപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരേ എറിയാനുള്ള ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് പരിക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആര്‍എസ്എസുകാര്‍ പൊലീസിന് മൊഴി നല്‍കി. ഈ സംഭവത്തെക്കുറിച്ച് അന്നത്തെ മലപ്പുറം പൊലിസ് സൂപ്രണ്ട് ഉമ്മന്‍കോശി പ്രതികരിച്ചത് 'മലപ്പുറത്തെ ദൈവം രക്ഷിച്ചു' എന്നാണ് (മലപ്പുറത്തെ വീണ്ടും ദൈവം രക്ഷിച്ചു, സിറാജ്, 30 മെയ് 2017).

വളാഞ്ചേരി കൊടിമുടിക്കാട് ക്ഷേത്രം (1999):

1999ല്‍ വളാഞ്ചേരി കൊടിമുടിക്കാട് ക്ഷേത്രം തീവെച്ച് നശിപ്പിക്കപ്പെട്ടു. സംഘ്പരിവാര്‍ ബന്ധം ആരോപിക്കപ്പട്ടെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ല (മലപ്പുറം കത്തിക്കാന്‍ വിസര്‍ജ്യം തളിക്കുന്ന വിദ്വേഷപരിവാരം ഷരീഫ് സാഗര്‍, ശബാബ് വാരിക, 2019 സെപ്റ്റംബര്‍ 13).

പഴമള്ളൂര്‍ ശ്രീ കോഴിയൂര്‍ ക്ഷേത്രം (2001):

2001ല്‍ പെരിന്തല്‍മണ്ണ താലൂക്ക് കുറുവ പഞ്ചായത്ത് പഴമള്ളൂര്‍ ശ്രീ കോഴിയൂര്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് തയ്യാറാക്കിവെച്ചിരുന്ന നിശ്ചല ദൃശ്യങ്ങള്‍ കത്തിക്കപ്പെട്ടു (മലപ്പുറം കത്തിക്കാന്‍ വിസര്‍ജ്യം തളിക്കുന്ന വിദ്വേഷപരിവാരം, ഷരീഫ് സാഗര്‍, ശബാബ് വാരിക, 2019 സെപ്റ്റംബര്‍ 13).

താനാളൂര്‍ ശ്രീ നരസിംഹക്ഷേത്രം (2002):

2002 ഒക്ടോബര്‍ 2ന് താനാളൂര്‍ ശ്രീ നരസിംഹക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കത്തിക്കപ്പെട്ടു (മലപ്പുറം കത്തിക്കാന്‍ വിസര്‍ജ്യം തളിക്കുന്ന വിദ്വേഷപരിവാരം , ഷരീഫ് സാഗര്‍, ശബാബ് വാരിക, 2019 സെപ്റ്റംബര്‍ 13).

തിരുമാന്ധാംകുന്ന് തളി ക്ഷേത്രം (2007):

2007 ആഗസ്റ്റ് 31 - പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് തളി ക്ഷേത്രത്തിലെ ഗോപുരവാതില്‍ ഭാഗികമായി കത്തി നശിച്ചു. മുസ്ലിം ലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു (27 മേയ് 2020, ന്യൂസ് 18)

മൊറയൂര്‍ ക്ഷേത്രം (2011):

2011 ഡിസംബര്‍ അവസാനം മൊറയൂര്‍ ക്ഷേത്രത്തില്‍ മേല്‍ക്കൂരക്ക് തീയിട്ടു (മലപ്പുറം കത്തിക്കാന്‍ വിസര്‍ജ്യം തളിക്കുന്ന വിദ്വേഷപരിവാരം, ഷരീഫ് സാഗര്‍, ശബാബ് വാരിക,2019 സെപ്റ്റംബര്‍ 13)

വാണിയമ്പലം പാറ ക്ഷേത്രം (2017):

2017 ജനുവരി 20ന് വാണിയമ്പലം പാറ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചു (മലപ്പുറം കത്തിക്കാന്‍ വിസര്‍ജ്യം തളിക്കുന്ന വിദ്വേഷപരിവാരം, ഷരീഫ് സാഗര്‍, ശബാബ് വാരിക, 2019 സെപ്റ്റംബര്‍ 13). തെളിവ് നശിപ്പിക്കാതിരിക്കാന്‍ ക്ഷേത്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന പൊലീസ് വിലക്ക് ലംഘിച്ച് സംഘ്പരിവാര അനുകൂലികള്‍ സംഭവസ്ഥലം കഴുകിവൃത്തിയാക്കിയെന്ന ആരോപണം ഉയര്‍ന്നു.

പൂക്കോട്ടുംപാടം വില്വത്തു മഹാശിവ ക്ഷേത്രം (2017):

2017 മേയ് 26 ന് നടന്ന പൂക്കോട്ടുംപാടം വില്വത്തു മഹാശിവ ക്ഷേത്രാക്രമണം. മലബാറിലും മലപ്പുറത്തും ഹൈന്ദവര്‍ പ്രതിസന്ധിയിലാണെന്നും ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നുവെന്നും പ്രചാരണം നടന്നു (മാധ്യമം, 29 മേയ് 2017). 'ബി.ജെ.പി നിലമ്പൂര്‍ മണ്ഡലം' എന്ന ഫേസ്ബുക്ക് പേജിലും ഇത്തരം പോസ്റ്റുകളാണ് പ്രചരിച്ചത് (മാധ്യമം, 29 മേയ് 2017). ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെ തടയാനും പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിയോഗം അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായി (മാധ്യമം, 29 മെയ് 2017). ക്ഷേത്രപരിസരത്ത് യോഗം നടത്താനുള്ള തീരുമാനം ഇതിനെ തുടര്‍ന്ന് വ്യാപാരഭവനിലേക്ക് മാറ്റി (മാധ്യമം, 29 മേയ് 2017). വിഗ്രഹങ്ങള്‍ തകര്‍ത്ത വാര്‍ത്ത പുറത്തുവന്നതോടെ ഹിന്ദു ഐക്യവേദി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടത്തെത്തി (മാധ്യമം, 29 മേയ് 2017). അടുത്ത ദിവസം പ്രതി രാജാറാം മോഹന്‍ദാസ് പോറ്റി എന്നയാള്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണെന്നുമായി പിന്നീടുള്ള സാമൂഹികമാധ്യമ പ്രചാരണം (മാധ്യമം, 29 മേയ് 2017).

വളാഞ്ചേരി നെയ്തലപ്പുറത്ത് ക്ഷേത്രം (2019):

2019 ആഗസ്റ്റ് 30 നു വളാഞ്ചേരി എടയൂര്‍ സി.കെ പാറ ശാന്തിനഗറിലെ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉപദേവ പ്രതിഷ്ഠകള്‍ തകര്‍ക്കുകയും വിസര്‍ജ്യം ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്ത കേസില്‍ പ്രതി പിടിയിലായി. സി.കെ പാറ ശാന്തിനഗര്‍ കുരുത്തുകല്ലിങ്ങല്‍ രാമകൃഷ്ണനെയാണ് (50) അറസ്റ്റ് ചെയ്തത് (മാധ്യമം, 30 ആഗസ്റ്റ് 2019).

തിരുമാന്ധാംകുന്ന് ക്ഷേത്രം (2023):

2023 മാര്‍ച്ചില്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടന്നു. ന്യൂസ് മീറ്ററാണ് ഈ സംഭവത്തിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നത് (ന്യൂസ് മീറ്റര്‍, 23 മാര്‍ച്ച് 2023). ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായി പുതിയ പെയിന്റടിച്ചിരുന്നു. ചില ഭാഗങ്ങള്‍ക്ക് പച്ച നിറവും നല്‍കിയിരുന്നു. മുസ്ലിം പള്ളിയുടെ സാദൃശ്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതെന്ന് സാമൂഹികമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നു. പൂരം സംഘാടകസമിതിയില്‍ മുസ്ലിം നാമധാരികള്‍ ഉള്‍പ്പെട്ടത് ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണെന്നും ആരോപിക്കപ്പെട്ടു. ക്ഷേത്രം പള്ളിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും ഹിന്ദുത്വ സംഘടനകള്‍ ഇത് ചെറുത്തുവെന്നുമാണ് ആര്‍എസ്എസ് മുഖപത്രമായ ദി ഓര്‍ഗനൈസര്‍ 2023 മാര്‍ച്ച് 22നു റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഭദ്രകാളി ക്ഷേത്രം മുസ്ലിം പള്ളിയാക്കാനുള്ള ശ്രമത്തെ ചെറുത്തു' എന്നാണ് അവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ശീര്‍ഷകം. തലക്കെട്ട് പിന്നീട് ഓര്‍ഗനൈസര്‍ എഡിറ്റ് ചെയ്യുകയുണ്ടായി. നവീകരണത്തിന്റെ ഭാഗമായി പച്ചനിറം നല്‍കിയത് മുസ്ലിം പള്ളിയുടെ പ്രതീതി സൃഷ്ടിച്ചുവെന്നും ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ സംഘടനകള്‍ ഇടപെട്ട് ഇത് തടഞ്ഞുവെന്നുമാണ് ഉള്ളടക്കത്തില്‍ പറഞ്ഞിരുന്നത്. വാര്‍ത്തയുടെ അവസാനത്തില്‍ ക്ഷേത്രകമ്മറ്റിയിലെ മുസ്ലിം നാമധാരികളെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. മുഖ്യരക്ഷാധികാരി മുസ്ലിം ലീഗ് നേതാവായ അബ്ദുസ്സമദ് സമദാനി എംപിയാണെന്നും ചെയര്‍മാന്‍ മഞ്ഞളാംകുഴി അലിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം നാമധാരികളായ ജില്ലാപഞ്ചായത്ത് പ്രസിഡന്റും മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ക്ഷേത്രക്കമ്മറ്റിയില്‍ ഇടം പിടിച്ചത് സിപിഎം, മുസ്ലിം നേതൃത്വവുമായി പുലര്‍ത്തുന്ന അവിശുദ്ധബന്ധത്തിന്റെ തെളിവാണെന്നും ദി ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്തു.

അങ്ങാടിപ്പുറം പൂരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടകസമിതിയുടെ പട്ടികയിലെ പേരുകളാണ് 'ക്ഷേത്രകമ്മറ്റി' എന്ന പേരില്‍ 'ദി ഓര്‍ഗനൈസര്‍ അവതരിപ്പിച്ചത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എം. വേണുഗോപാല്‍ വാര്‍ത്ത നിഷേധിച്ചു: ''അങ്ങാടിപ്പുറം പൂരത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും നവീകരണം നടത്താറുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിലെ ചിലഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ ഇത്തവണ നിലവിലെ പെയിന്റ് തന്നെ ഒരു കോട്ട് അടിച്ചാല്‍ മതിയെന്ന് ക്ഷേത്ര കമ്മറ്റി നിര്‍ദേശം നല്‍കിയിരുന്നു. നടപ്പന്തലുകളിലെ തൂണുകള്‍ക്ക് പീക്കോക്ക് നിറമായിരുന്നു ഉണ്ടായിരുന്നത്. അതിനേക്കാള്‍ കുറച്ചുകൂടി ഇരുണ്ട നിറമാണ് പെയിന്റര്‍ നല്‍കിയത്. വെളിച്ചം കുറഞ്ഞ സമയത്ത് ഇത് പച്ചയായി തോന്നിയേക്കാം. അത്തരത്തില്‍ എടുത്ത ചിത്രങ്ങളാണ് സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ഈ പെയിന്റടിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിക്ക് പുറത്തുനിന്ന ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ക്ഷേത്ര കമ്മറ്റിയില്‍ ഒരു മുസ്ലിം നാമധാരിപോലുമില്ല'.

അദ്ദേഹം തുടരുന്നു: ''പൂരം സംഘാടകസമിതിയും ക്ഷേത്രക്കമ്മറ്റിയും രണ്ടും രണ്ടാണ്. പൂരത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അങ്ങാടിപ്പുറത്ത് സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം ക്ഷേത്രവളപ്പിന് പുറത്താണ് നടക്കുന്നത്. ഒരു നാടിന്റെ ഉത്സവമെന്ന തരത്തില്‍ ഇത്രയും കാലം എല്ലാവരുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും തന്നെയാണ് ഇതെല്ലാം നടന്നുവന്നത്. ഇത്തവണയും പൂരം സംഘാടകസമിതിയില്‍ ജനപ്രതിനിധികളെ ഏകകണ്ഠമായാണ് ഉള്‍പ്പെടുത്തിയത്. അവര്‍ മുസ്ലിംകളായത് ഞങ്ങളുടെ പ്രശ്നമല്ലല്ലോ. സ്വാഭാവികമായും മലപ്പുറംപോലെ മുസ്ലിം ഭൂരിഭാഗ ജില്ലയില്‍ ജനപ്രതിനിധികള്‍ മുസ്ലിം നാമധാരികളായേക്കാം. ഇത് ആയുധമാക്കി വര്‍ഗീയച്ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സംഘ്പരിവാര സംഘടനകള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ കേസ്ഫയല്‍ ചെയ്തിരിക്കുന്നതും.'

താലിബാനും ബുദ്ധപ്രതിമയും വിഗ്രഹവിരോധവും: ഒരു ചരിത്രം

പ്രതിമാവിവാദത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട 'താലിബാന്‍ മനസ്സും' താലിബാന്‍ മനോഭാവവും' പോലുള്ള രൂപകങ്ങള്‍ 2001നുശേഷമാണ് കേരളത്തില്‍ സജീവമാകുന്നത്. ബംയാനിലെ ബുദ്ധപ്രതിമ തകര്‍ത്തതിനെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി പറയാം. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് അഫ്ഗാനിലെ ബംയാന്‍ പ്രതിമ തകര്‍ത്ത സംഭവത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ്.

കേരളത്തിലെ സാഹചര്യങ്ങളില്‍നിന്നു വിഭിന്നമായൊരു പശ്ചാത്തലമായിരുന്നു 2001ലെ അഫ്ഗാനിലേത്. 2001 ഫെബുവരി 26 നാണ് താലിബാന്റെ അന്നത്തെ നേതാവായിരുന്ന മുല്ല ഉമര്‍ ബംയാനിലെ ബുദ്ധപ്രതിമ അടക്കമുള്ള എല്ലാ പ്രതിമകളും തകര്‍ക്കാന്‍ ആഹ്വാനം ചെയ്തത്. മാര്‍ച്ച് 2നു പ്രതിമ തകര്‍ത്തു. 1,500 വര്‍ഷങ്ങള്‍ക്കു മുമ്പ് കുശാന വംശത്തിലെ കനിഷ്‌കന്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ (56 മീറ്റര്‍) ബുദ്ധപ്രതിമയായിരുന്നു അത്. ഇതിനു സമാനമായി കേരളത്തില്‍ ചരിത്രപ്രാധാന്യമുള്ളതോ മതസ്വഭാവമുള്ളതോ ആയ ഒരു പ്രതിമയോ വിഗ്രഹമോ മുസ്ലിം വ്യക്തികളോ കൂട്ടമോ തകര്‍ത്തിട്ടില്ല.

1996-ല്‍ അധികാരത്തില്‍ വന്ന താലിബാന്‍ 2001-ല്‍ എന്തുകൊണ്ടിതു ചെയ്തുവെന്നതിനു ഉത്തരം കണ്ടെത്താന്‍ നിരവധി ഗവേഷകര്‍ ശ്രമിച്ചിട്ടുണ്ട്. അവരിലൊരാളാണ് യേല്‍ യുണിവേഴ്സിറ്റി പ്രഫസറായ ജമാല്‍ ജെ. ഇലിയാസ്. അദ്ദേഹം ഈ വിഷയത്തിലെ മുസ്‌ലിം പ്രതികരണങ്ങള്‍ വിശദമായിത്തന്നെ പഠിച്ചു. (വിശദ വായനക്ക്: Elias, Jamal J. '(Un) Making Idolatry: From Mecca to Bamiyan.' Future Anterior: Journal of Historic Preservation, History, Theory, and Criticism, vol. 4, no. 2, 2007, pp. 1229.) അതനുസരിച്ച് ബുദ്ധപ്രതിമ തകര്‍ത്തതിനു പിന്നില്‍ മതപരമായ പ്രേരണ മാത്രമല്ല ഉള്ളത്, മതബാഹ്യമായ കാരണങ്ങളുമുണ്ട്. എന്നാല്‍, പിന്നീടതിനു താലിബാന്‍ മതപരമായ വിശദീകരണവും ന്യായീകരണവും നല്‍കുകയായിരുന്നു. വിഗ്രഹാരാധനയെ എതിര്‍ക്കുന്നതിന്റെ ഭാഗമായി പ്രതിമ തകര്‍ത്തെന്ന ന്യായമാണ് ആദ്യം അവര്‍ പറഞ്ഞിരുന്നത്. അഫ്ഗാനില്‍ ബുദ്ധമതവിശ്വാസികളില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതര മതസ്ഥരുടെ അരാധനാവസ്തുവിനെ തങ്ങള്‍ ആക്രമിക്കുന്നില്ലെന്നും പറഞ്ഞു. അവര്‍ ഉയര്‍ത്തിയ മറ്റൊരു പ്രശ്നം ഇവ്വിഷയകമായ അന്താരാഷ്ട്ര പ്രതികരണങ്ങളെക്കുറിച്ചായിരുന്നു. അഫ്ഗാനിലെ മനുഷ്യര്‍ക്ക് വില നല്‍കാത്തവരാണ് കല്ലും മണ്ണും കൊണ്ടും നിര്‍മിച്ച പ്രതിമകള്‍ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു വിമര്‍ശനം. ഇത്തരത്തില്‍ നിരവധി പ്രതികരണങ്ങള്‍ അന്നത്തെ താലിബാന്‍ നേതൃത്വം നടത്തിയതായി ജമാല്‍ ജെ. ഇലിയാസിന്റെ പഠനം പറയുന്നു.

മുസ്‌ലിം ലോകത്തെ നിരവധി പ്രമുഖര്‍ പ്രതിമ തകര്‍ത്തതിനെതിരേ രംഗത്തുവന്നു. ഇതില്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയും ഖത്തര്‍ വിദേശകാര്യ മന്ത്രി സെയ്ദ് അല്‍ മഹ്മൂദും അല്‍ - അസ്ഹര്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക പണ്ഡിതന്‍മാരും ഉള്‍പ്പെടുന്നു. പൊതു മുസ്‌ലിം നിലപാടില്‍നിന്നു വിഭിന്നമായിരുന്നു താലിബാന്റെ പ്രവൃത്തിയെന്ന് അക്കാലത്തെ മുസ്ലിം പ്രതികരണങ്ങള്‍ പരിശോധിച്ച ജമാല്‍ ജെ. ഇലിയാസിന്റെ അന്വേഷണം പറയുന്നു. മതപരം മാത്രമല്ല, യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണ ചര്‍ച്ചയുടെ ഭാഗമായിരുന്നു പല മുസ്ലിം പ്രതികരണങ്ങളും.

ഒരു മത പ്രചോദിത പ്രതികരണമെന്ന നിലയില്‍ മത/തത്വചിന്താ താരതമ്യ പഠനത്തിന്റെ ഭാഗമായി താലിബാന്റെ പ്രവൃത്തിയെ പരിശോധിച്ച മറ്റൊരു പണ്ഡിതനാണ് ജാക്ക് ഗൂഡി (ഇസ്‌ലാം ഇന്‍ യുറോപ് എന്ന പുസ്തകം, Polity, 2004). അദ്ദേഹം പറയുന്നത് താലിബാന്‍ പ്യൂരിറ്റന്‍സ് ആണെന്നാണ്. എല്ലാ ലോകമതത്തിലും അങ്ങനെയൊരു പ്രവണത കാണാം. ചിത്രങ്ങളും പ്രതിമകളും അക്ഷരങ്ങളുംവരെ, പ്രതിനിധാനത്തിലൂടെ വാക്കിന്റെ ശക്തിയെ കുറയ്ക്കുന്നുവെന്ന ആകുലത മതത്തില്‍ മാത്രമല്ല പ്ലാറ്റോ മുതല്‍ ഇമ്മാനുവല്‍ കാന്റ് വരെയുള്ള പാശ്ചാത്യതത്വചിന്തയുടെ ചരിത്രത്തിലും കാണാമെന്ന സമീപനമായിരുന്നു ഗൂഡിയുടെത്.

'ആദിയില്‍ വചനമുണ്ടായി, വചനം സത്യമാണ്, സത്യം ദൈവമാണ്' എന്ന വേദാഖ്യാനത്തിന്റെ ചരിത്രം ലോകചരിത്രത്തെ നിര്‍ണയിച്ച അനേകം രാഷ്ട്രീയ സന്ദര്‍ഭങ്ങളുണ്ട്. ഇസ്ലാം, ക്രൈസ്തവ ദൈവശാസ്ത്ര പ്രകാരം ദൈവത്തിന്റെ സത്യം തെളിയിക്കാന്‍ ഭൗതിക പരിശോധനകള്‍ക്കാവില്ല. ഇമ്മാനുവല്‍ കാന്റിനെപ്പോലുള്ളവര്‍ക്കും ഇതേ സമീപനമാണ്. എന്നാലും, ദൈവം ഒരു സവിശേഷതരത്തിലുള്ള തെളിവിന് സ്വയം വിധേയമാകുന്നുവെന്ന നിലപാടും ഇതിന്റെ ഭാഗമാണ്. വചനത്തിന്റെ സത്യം കണ്ടെത്തുന്ന അനേകം പരീക്ഷണങ്ങളുടെ ഭാഗമാണ് വിശ്വാസജീവിതമെന്നാണ് സങ്കല്‍പം.

വാക്കുകളും അവയുടെ പ്രതിനിധാനത്തിന്റെ ശരിയായ അര്‍ഥവും തമ്മിലുള്ള സംഘര്‍ഷം മനുഷ്യചരിത്രത്തിലെമ്പാടുമുണ്ട്. വാക്കിന്റെ സത്യം തേടിയുള്ള യാത്രയുടെ ഭാഗമായാണ് മനുഷ്യചരിത്രം. മതഗ്രന്ഥങ്ങള്‍ക്ക് അനേകം വ്യാഖ്യാനഗ്രന്ഥങ്ങള്‍ ഉണ്ടാവുന്നത് ഇതിന്റെ ഭാഗമാണെന്നു ഗുഡി കരുതുന്നു. വാക്കുകളും ചിത്രങ്ങളും അവയുടെ ഭൗതിക സാക്ഷാത്കാരങ്ങളും തമ്മിലുള്ള സംഘര്‍ഷം വികസിച്ചതിന്റെ ഭാഗമായി പ്യൂരിറ്റന്‍സ് എന്നൊരു വിഭാഗംതന്നെ ക്രൈസ്തവ ചരിത്രത്തില്‍ ഉടലെടുത്തതിന്റെ പശ്ചാത്തലം ഗൂഡി താലിബാനുമായി താരതമ്യം ചെയ്യുന്നു. താലിബാന്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഒരു ചരിത്രസമീപന രീതിശാസ്ത്രം വിശദീകരിക്കുകയാണ് ആ പഠനം ചെയ്യുന്നത്. ദൈവശാസ്ത്രപരമായി തന്നെ താലിബാന്റെ പ്രവൃത്തിയെ അനുകൂലിക്കാത്തവരാണ് ലോകത്തെ മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും എന്നതും കൂട്ടിവായിക്കുക.

കേരളത്തില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് (പട്ടിക കാണുക)


എന്നാല്‍, അതൊക്കെ ചരിത്രപരമായും പ്രാദേശികമായും മതബാഹ്യവുമായാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍, അഫ്ഗാനില്‍ നടന്ന ഒരു പ്രവൃത്തി മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള കേരളത്തിലെ ഒരു സ്ഥലത്ത് നടന്നൊരു പ്രവൃത്തിയെ വിശദീകരിക്കുന്നതിനാവശ്യമായ ഒരു മാതൃകയായി മാറിയത് എന്തുകൊണ്ടാണെന്നാണ് നാം അന്വേഷിക്കുന്നത്. ഇസ്ലാം ഒരു സാര്‍വലൗകിക പ്രശ്നമായി മലപ്പുറത്തെ എഴുത്തച്ഛന്‍ പ്രതിമയുടെയും ഒ.വി വിജയന്‍ പ്രതിമയുടെയും കാര്യത്തില്‍ കടന്നുവരുന്നത് ഇസ്‌ലാമിനെപ്പറ്റിയുള്ള ആഗോളമാതൃകകള്‍ പ്രാദേശിക പ്രശ്നങ്ങളില്‍ ഉപയോഗിക്കുന്നതിന്റെയൊരു പ്രത്യേക ഇസ്‌ലാമോഫോബിക് രീതിയുടെ ഭാഗമാണ്.

പ്രതിമ തകര്‍ക്കല്‍ മുതല്‍ വിഗ്രഹവിദ്വേഷം വരെ: കേരളത്തിലെ വിവരണങ്ങള്‍ (2001)

അഫാഗാനില്‍ ബുദ്ധപ്രതിമ തകര്‍ത്ത സംഭവത്തെക്കുറിച്ച് നിരവധി ആഖ്യാനങ്ങള്‍ അക്കാലത്തുതന്നെ കേരളത്തില്‍ ഉയര്‍ന്നുവന്നു. താലിബാന്റെ പ്രവര്‍ത്തിയെ വ്യത്യസ്ത തലത്തിലാണ് കേരളത്തിലെ വിശകലന വിദഗ്ധര്‍ മനസ്സിലാക്കിയത്. ഈ പ്രശ്നത്തെ മതമൗലികവാദം, മതാന്ധത, ഹിറ്റ്ലര്‍ ജര്‍മനിയില്‍ തകര്‍ത്ത സ്മാരകങ്ങളോടുള്ള സമീകരണം എന്നിവയിലൂടെ വിശകലനം നടത്തിയത് ജോസഫ് ആന്റണിയായിരുന്നു (മതാന്ധതയുടെ താണ്ഡവം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2001 മാര്‍ച്ച് 18). മതതീവ്രവാദം എന്ന ഫ്രെയിമും ഈ ചര്‍ച്ചയില്‍ കടന്നുവന്നു. ഹിറ്റ്‌ലറിന്റെ നിഴലില്‍ എന്ന പേരില്‍ ജോണി എം.എല്‍ എഴുതിയ ലേഖനം (മലയാളം വാരിക, 2001 മാര്‍ച്ച് 16) മതത്തിന്റെ പ്രശ്നം എന്നതോടൊപ്പം ഹിറ്റ്ലറുടെ നാസിസവുമായി താലിബാന്റെ പ്രശ്നത്തെ മനസ്സിലാക്കാനാണ് ശ്രമിച്ചത്. എങ്കിലും, ഈ രണ്ടു ലേഖനങ്ങളും ഇസ്ലാമിനെ പ്രത്യേകം അടയാളപ്പെടുത്താന്‍ ശ്രമിച്ചില്ല. സാമ്രാജ്യത്വത്തിന്റെ പ്രശ്നങ്ങളും ഇന്ത്യയില്‍ സംഘ്പരിവാരത്തിന്റെ കുഴപ്പങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. 'ഭീകരത' എന്ന ആഖ്യാനം വിശകലനമാതൃക എന്ന നിലയില്‍ വികസിക്കാത്തതുകൊണ്ടായിരിക്കാം രണ്ടു ലേഖകരും അതുപയോഗിക്കുന്നില്ല.

എന്നാല്‍, ഇസ്‌ലാമിനെ പ്രത്യേകം വിശദീകരിച്ചും പ്രതിയാക്കിയും എഴുതപ്പെട്ട വീക്ഷണങ്ങളും അക്കാലത്ത് പുറത്തുവന്നു. കേവലമായ പ്രതിമ തകര്‍ക്കല്ല, മറിച്ച് വിഗ്രഹവിദ്വേഷം എന്ന പരികല്‍പന തന്നെ വികസിക്കപ്പെട്ടു. എം.ജി.എസ് നാരായണന്‍ (നഷ്ടം മനുഷ്യരാശിക്ക്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2001 മാര്‍ച്ച് 25- 31, (പേജ് 9) പ്രശ്നത്തെ മതം എന്ന പൊതു ഫ്രെയിമിലല്ല കണ്ടത്, ഇസ്‌ലാമിന്റെ തന്നെ പ്രത്യേക കുഴപ്പമായാണ്. മതമൗലികവാദം, മതതീവ്രവാദം എന്നിവയൊക്കെ ലോകത്തെവിടെയുമുണ്ട്. പക്ഷേ താലിബാന്റെ പ്രവൃത്തി അങ്ങനെ കാണാന്‍ കഴിയില്ല. വിഗ്രഹദ്വേഷം ഇസ്‌ലാമിന്റെയും ഖുര്‍ആന്റെയും മാത്രം പ്രത്യേകതയാണെന്ന് അദ്ദേഹം കരുതി. എം.ജി.എസ് നാരായണന്‍ എഴുതുന്നു: 'രണ്ടു മതങ്ങളിലെ തീവ്രവാദി സംഘങ്ങള്‍ ഏറ്റമുട്ടുമ്പോള്‍ അവര്‍ക്ക് മതഭ്രാന്ത് കയറിയാലും മതത്തിന്റെ ആദിഗ്രന്ഥങ്ങളില്‍ നിന്ന് ഉപദേശങ്ങളോ ആഹ്വാനങ്ങളോ ഉദ്ധരിക്കാന്‍ കഴിയാറില്ല. പില്‍ക്കാലത്തെഴുതിയ വ്യാഖ്യാനങ്ങളോ സ്ഥാപനങ്ങളോ നിയമങ്ങളോ ആണ് അവര്‍ ഉപയോഗപ്പെടുത്താറുള്ളത്. ബൈബിളോ ഗീതയോ ജാതക പ്രഭാഷണങ്ങളോ ഇത്തരത്തില്‍ പ്രയോജനപ്പെടുന്നില്ല. ഖുര്‍ആന്‍ മാത്രമാണ് ഇങ്ങനെ അന്യമതധ്വംസനത്തിനായി നേരിട്ടുപയോഗപ്പെട്ടതായി ചരിത്രം പറയുന്നത്. ഇസ്ലാമില്‍ത്തന്നെയുള്ള ഒരുകൂട്ടര്‍ ആ ദൈവിക പ്രഭാവമുള്ള ഗ്രന്ഥത്തിലെ സഹിഷ്ണുതാപരമായ ഭാഗങ്ങളും മറ്റൊരു കൂട്ടര്‍ അന്യമതനിന്ദയ്ക്ക് പറ്റിയ ഭാഗങ്ങളും ഉദ്ധരിക്കുന്നു. അടിസ്ഥാനപരമായിത്തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്നു''.

ജാതി, വര്‍ഗ, വംശ വാദമുള്ള പ്രസ്ഥാനത്തേക്കാള്‍ അപകടകരമാണ് വിഗ്രഹവിദ്വേഷ പ്രസ്ഥാനമെന്നും എം.ജി.എസ് എഴുതി. ലോകചരിത്രത്തില്‍നിന്നും ഇന്ത്യാ ചരിത്രത്തില്‍നിന്ന് ഇതിന് അദ്ദേഹം തെളിവു നല്‍കുന്നു: ''ജാതിവാദത്തെക്കാള്‍, വംശവാദത്തെക്കാള്‍, വര്‍ഗവാദത്തെക്കാള്‍ അപകടകാരിയാണ് വിഗ്രഹനിഗ്രഹപ്രസ്ഥാനം. കാരണം, ആദ്യം പറഞ്ഞവയ്ക്കെല്ലാം ഭൂപരവും കാലികവും ആയ പരിമിതികളുണ്ട്. വിഗ്രഹനിഗ്രഹ പ്രസ്ഥാനത്തിന്റെ വ്യാപ്തിയാകട്ടെ സാര്‍വലൗകികമാണ്. ലോകത്തിലെ എല്ലാ മതങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലും വിഗ്രഹസങ്കല്‍പത്തിന്റെ തത്ത്വം അന്തര്‍ഭവിച്ചിരിക്കുന്നു. ഇസ്ലാമില്‍ മാത്രം മെക്കയിലെ കാബായുടെ കാര്യത്തിലും മറ്റും പ്രായോഗികമായി ചിഹ്നസംസ്‌കൃതിയുമായി ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ടെങ്കിലും താത്ത്വികതലത്തില്‍ പൂര്‍ണമായ നിരാസമാണ് ദിവ്യഗ്രന്ഥത്തില്‍പ്പോലും പ്രകാശിപ്പിച്ചിട്ടുള്ളത്. മാത്രമല്ല, ദൈവദൂതന്‍തന്നെ പ്രതിമാവിധ്വംസനം ചെയ്തതായി പല വ്യാഖ്യാനങ്ങളിലും ചിത്രീകരിക്കുന്നു. ഇതൊരു തെറ്റായ മാതൃകയാണെന്ന തിരിച്ചറിവുണ്ടാക്കുവാന്‍ ഐക്യരാഷ്ട്രസംഘടനയും അതിന്റെ സാംസ്‌കാരിക സാമൂഹ്യവിഭാഗങ്ങളും പ്രയത്നം തുടങ്ങേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഇത് ലോകസംസ്‌കൃതിയെ ഒന്നാകെ മധ്യയുഗത്തിന്റെ അന്ധവിശ്വാസങ്ങളിലേക്ക്, മതയുദ്ധങ്ങളിലേക്ക് പിടിച്ചുവലിക്കും - അതിന്റെ ആരംഭമാണ് അഫ്ഘാനിസ്താനില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. മധ്യയുഗത്തില്‍ ഇത് സാധാരണമായിരുന്നു. ഈ ന്യായം പ്രയോഗിച്ചാണ് മുസ്ലിം ഭരണാധിപതികളും സൈന്യാധിപതികളും അലക്സാണ്ഡ്രിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍, തക്ഷശില, 'സോമനാഥ്, മഥുര, കനൗജ്, ബനാറിസ് തുടങ്ങിയ പഴയ സംസ്‌കാര കേന്ദ്രങ്ങളില്‍ കണ്ടതെല്ലാം നശിപ്പിച്ചത് - മനസ്സിലാകാത്തതിനെയെല്ലാം പുച്ഛിച്ചു തള്ളിയത്. അല്‍ബറൂനി, അക്ബര്‍, ദാരാഷുക്കോ തുടങ്ങിയ സംസ്‌ക്കാര പ്രേമികളും സൂഫിവര്യന്മാരും ആ വഴിക്ക് പോകാന്‍ കൂട്ടാക്കിയില്ല. അറംഗസീബിന്റെ അന്ധമായ വിഗ്രഹദ്വേഷത്തിലൂടെ ആ പൈശാചികത്വം ഇന്ത്യയില്‍ വീണ്ടും തലപൊക്കിതുടങ്ങി. ശിവജിയും ബ്രിട്ടീഷുകാരും അരങ്ങത്ത് വന്നിരുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അത് വളരുമായിരുന്നു. ഇന്നാകട്ടെ ഇന്ത്യയിലും പാകിസ്താനിലടക്കം ലോകത്തിലെമ്പാടുമുള്ള ഇസ്ലാം ഈ വിഗ്രഹദ്വേഷമെന്ന മതഭ്രാന്തിനെ അതിജീവിച്ചു കഴിഞ്ഞെന്ന് ആശ്വസിക്കുമ്പോഴാണ് അഫ്ഘാനിസ്താനിലെ പര്‍വതശിഖരങ്ങളില്‍ നിന്ന് ആ പിശാചിന്റെ അട്ടഹാസം മുഴങ്ങുന്നത് ലോകം ചിന്തിക്കട്ടെ, സംസ്‌കാര പ്രണയികള്‍ കലാസൃഷ്ടിയെന്ന മൗലികാവകാശത്തിന്റെ പേരില്‍ ഒരുമിച്ചെതിര്‍ക്കട്ടെ'.

താലിബാനിസ്റ്റുകള്‍: മലയാളിയെ നിര്‍വചിക്കുന്നു

എം.ജി.എസിന്റെ വിഗ്രഹവിദ്വേഷം എന്ന പരികല്‍പന സൈദ്ധാന്തികമായിരുന്നെങ്കിലും കേരളത്തിലെ മുസ്‌ലിംകളെ താലിബാനിസ്റ്റുകളെന്നു വിളിക്കുന്ന തരത്തിലോ കേരളീയ സാഹചര്യമോ അദ്ദേഹം ചര്‍ച്ച ചെയ്തില്ല. എന്നാല്‍, ഒരു വായനക്കാരന്റെ കത്ത് 2001 ഏപ്രില്‍ 27ന്റെ മലയാളം വാരികയില്‍ കാണാം. യുഎഇയില്‍ നിന്നു എ.കെ ഷണ്‍മുഖം എഴുതിയതാണത്. താലിബാനിസ്റ്റുകള്‍ എന്നാണ് തലക്കെട്ട്. അജ്ഞാതനായ ഈ കത്തെഴുത്തുകാരനോ മലയാളം വാരികയുടെ പത്രാധിപ വിഭാഗമോ ആയിരിക്കും ഒരുപക്ഷേ കേരളത്തില്‍ ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാക്കള്‍. മലയാളി മുസ്‌ലിംകളെ ഇങ്ങിനെ വിശേഷിപ്പിക്കുന്നതിന്റെ ചരിത്രം ഒരുപക്ഷേ ഇവിടെ തുടങ്ങുന്നു:

ഗള്‍ഫ് മലയാളികളില്‍ നല്ലൊരു വിഭാഗം താലിബാന്റെ വിഗ്രഹഭഞ്ജനത്തെ അനുകൂലിക്കുന്നവരാണ് എന്നാണ് വാദം. കത്തില്‍ 'താലിബാനിസ്റ്റുകള്‍' എന്ന പ്രയോഗമില്ല. കത്തില്‍ പറയുന്നതു വായിക്കാം: ''താലിബാന്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തപ്പോള്‍ ഗള്‍ഫിലെ മിക്ക പത്രങ്ങളും അനുകൂലമായാണ് പ്രതികരിച്ചത്. പ്രചാരത്തിലുള്ള ഒരു ഇംഗ്ലീഷ് പത്രം താലിബാനെ അനുകൂലിച്ച് മുഖപ്രസംഗം പോലും എഴുതിയിരുന്നു. ഗള്‍ഫ് മലയാളികളില്‍ വലിയ ഒരു വിഭാഗം താലിബാന്റെ വിഗ്രഹഭഞ്ജനത്തെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഭൂരിപക്ഷം ഭാരവാഹികളും മലയാളികളായുള്ള യു.എ.ഇയിലെ അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ നടത്തിയ സ്വീകരണച്ചടങ്ങില്‍ ഗള്‍ഫില്‍ ഏറ്റവും പ്രചാരമുള്ള ഒരു മലയാളം പത്രത്തിന്റെ പ്രതാധിപര്‍ അഫ്ഗാനിസ്താനിലെ ''ചുണക്കുട്ടികളായ' താലിബാന്‍കാരെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിന് പരസ്യമായി അനുമോദിക്കുകയുണ്ടായി. അസോസിയേഷന്‍ ഭാരവാഹികളും സദസ്സില്‍ സന്നിഹിതരായ ഭൂരിപക്ഷം പേരും പത്രാധിപരുടെ അഭിപ്രായത്തെ ശരിവയ്ക്കുകയുണ്ടായി. അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനത്തിനായി ലക്ഷങ്ങള്‍ ഗള്‍ഫില്‍ നിന്നും ഒഴുകുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സംഭാവന ചെയ്യുന്നവര്‍ ഗള്‍ഫ് മലയാളികളാണെന്നത് മറ്റൊരു സത്യം. കേരളം ഒരു കാശ്മീരാക്കുമെന്ന പി.ഡി.പി ശാസനം ഗള്‍ഫ് മലയാളികളില്‍ നല്ല പ്രതികരണമാണുണ്ടാക്കിയതെന്ന് ഇവിടത്തെ നേതാക്കന്മാരുടെ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നു.'

കേരളീയ പശ്ചാത്തലം

താലിബാന്‍ പ്രശ്നത്തെ കേരളത്തിലെ മുസ്‌ലിം സാഹചര്യത്തില്‍ വായിച്ചതു താഹ മാടായിയായിരുന്നു (ദൈവം ചിരിക്കുന്നു, സമകാലിക മലയാളം, 2001 മാര്‍ച്ച് 16). താലിബാന്റെ പ്രവൃത്തി വിശ്വാസപരമായിത്തന്നെ തിന്‍മയാണെന്നു കുറിപ്പ് വിശദീകരിക്കുന്നു. എന്നാല്‍, കേരളത്തില്‍ ഈ വിഷയത്തില്‍ ആരും താലിബാനെ അനുകൂലിച്ചിരുന്നില്ല. എന്നാല്‍, താലിബാനു രഹസ്യമായ പിന്തുണയാണെന്നു (ഉള്ളിലിരുപ്പ് എന്നാണ് പറയുന്നത്) കേരളത്തിലെന്നു വ്യാഖ്യാനിക്കുകയായിരുന്നു താഹ മാടായി. ലോകത്തെവിടെയും മുസ്‌ലിം നാമധാരികള്‍ ചെയ്യുന്ന പ്രവൃത്തികള്‍ മറ്റെല്ലാ സ്ഥലത്തുമുള്ള മുസ്‌ലിംകള്‍ അപലപിക്കണമെന്ന മാതൃകയുടെ കാല്‍ നൂറ്റാണ്ടടുക്കുന്ന ഒരു ഡോക്യുമെന്റൊണിത്. എസ്ഐഒ, എസ്എസ്എഫ്, സിമി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളെയും ജമാഅത്തെ ഇസ്‌ലാമിയെയും അവര്‍ താലിബാനെ എതിര്‍ത്തിട്ടും താലിബാന്‍ അനുകുലികളായി ചിത്രീകരിക്കുകയായിരുന്നു താഹ മാടായി ചെയ്തത്. താലിബാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്ന ആക്രമണോത്സുകരായ ബുദ്ദുസുകളോട് 'അരുത്' എന്നുപറയാന്‍ ഇസ്ലാം വിശ്വാസികള്‍ക്ക് കൈവന്ന ഒരു അവസരം ബാബരി മസ്ജിദ് പൊളിച്ച് ചരിത്രംപറഞ്ഞു പാഴാക്കരുത് എന്നും ഉപദേശിക്കുന്നു.

താലിബാന്‍ പ്രതിമ തകര്‍ത്ത പിറ്റേ ദിവസം മാധ്യമം ദിനപത്രത്തില്‍ ഒ. അബ്ദുല്ല എഴുതിയ ലേഖനം (4 മാര്‍ച്ച് 2001) പ്രത്യക്ഷത്തില്‍ അനുകൂലിക്കുന്നില്ലെങ്കിലും 'വ്യംഗമായി' താലിബാനെ അനുമോദിക്കുകയാണെന്നും ലേഖകന്‍ സ്വന്തം നിലക്ക് കണ്ടുപിടിക്കുന്നു. താഹ മാടായി എഴുതിയ കുറിപ്പിലെ പ്രസ്തുത ഭാഗങ്ങള്‍ വായിക്കാം: ''എന്നാല്‍, ഈ സാംസ്‌കാരിക ദുരന്തത്തില്‍ ഹര്‍ഷോന്മാദചിത്തരാകുന്നവരാണ് ഒരു വിഭാഗം വിശ്വാസികള്‍. നന്മ ചെയ്തവന് നന്മയല്ലാതെ മറ്റെന്ത് പ്രതിഫലം?' എന്ന് ദൈവം ചെവിയില്‍ പറഞ്ഞകാര്യം വിസ്മരിക്കുകയും തിന്മയില്‍ ബഹുദൂരം മുന്നിലാകുന്ന മതപ്രവണകളെ അനുകൂലിക്കുകയും ചെയ്യുന്ന ആപല്‍ക്കരമായ ഒരു മനോഭാവം ഒരുവിഭാഗം മുസ്ലിം ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട് എന്ന കാര്യം നിഷേധിക്കാന്‍ വയ്യ. എന്തുകൊണ്ടാണ് കേരളത്തിലെ കവലകളില്‍ കാണാറുള്ള ഇസ്ലാം മത്രപചാരണബോര്‍ഡുകളിലൊന്നും (എസ്എസ്എഫ് ബുള്ളറ്റിന്‍, എസ്ഐഓ കോളം, സിമി) താലിബാനില്‍ സംഭവിക്കുന്ന കിരാത നടപടികളെ അപലപിച്ചുകൊണ്ട് ഒരക്ഷരംപോലും പ്രത്യക്ഷപ്പെടാതിരുന്നത്? ഇവിടെയാണ് മതസംഘടനകളുടെ ഉള്ളിലിരിപ്പകള്‍ നമുക്ക് ബോദ്ധ്യമാവുക. അധികാരം കിട്ടിയാല്‍ വിശ്വഹിന്ദു പരിഷത്തും ജമാഅത്തെ ഇസ്ലാമിയും ക്രൈസ്തവ സഭകളുമൊക്കെ പ്രവര്‍ത്തിക്കുക ഒരേ മാനദണ്ഡംവച്ചുതന്നെയായിരിക്കും. ഉരുക്കുമുഷ്ടിയുടെ മാനദണ്ഡം. മതം വച്ചുനീട്ടുന്ന വാഗ്ദാനങ്ങള്‍ പിന്നീട് നാം വിചാരിക്കുന്നത്ര ഉദാരമായിരിക്കില്ല. ഇവരൊക്കെയും കൂടാരം കാത്ത് പുറത്തുനില്‍ക്കുന്ന ഒട്ടകങ്ങള്‍ക്ക് സമീപം. ഈ അവസരത്തില്‍, അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നതിനെപ്പറ്റി ഒ അബ്ദുള്ള 'മാധ്യമം' ദിനപ്രതത്തില്‍ (4,3,2001) എഴുതിയ ലേഖനം വാള്‍ത്തലയില്‍ വച്ചുനീട്ടുന്ന മധുരമാണ്. ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നതിനുപകരം ''താലിബാന്‍ കുട്ടികള്‍ ചുണക്കുട്ടികളാണ്!' എന്ന് വ്യംഗ്യമായി അനുമോദിക്കുകയാണ് ലേഖകന്‍. വര്‍ഗീയമായ ഒരുമനോഭാവത്താല്‍ അകം നിറയുന്ന ചിരി ആ ലേഖനം വായിക്കുമ്പോള്‍ കേള്‍ക്കാം. ഒരു സാധാരണ വായനക്കാരന് ഒറ്റവായനയില്‍ അബ്ദുള്ളയുടെ മനസ്സിലിരിപ്പ് ബോദ്ധ്യപ്പെട്ടെന്നു വരികയുമില്ല.

ബാബരി മസ്ജിദ് പൊളിച്ചത് അബ്ദുല്ല ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ 80 ഡിഗ്രി സെല്‍ഷ്യസില്‍ പനിപിടിച്ചുകിടന്ന ഒരു ചുല്ല്യാറ്റിന്റെ കഥ എഴുതിയ എന്‍.എസ് മാധവനെ അദ്ദേഹം മറക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ ആപത്തുകളില്‍ സഹതപിക്കുമ്പോള്‍ സ്വന്തമായി നേട്ടമുണ്ടായതുപോലെ രഹസ്യമായി ആനന്ദിക്കുകയും ആത്മനിര്‍വൃതി കൊള്ളുകയും ചെയ്യുന്ന 'മതമുകളിലെ ഒരു അബ്ദുള്ള'യെ ആ ലേഖനത്തില്‍ കാണാം. വോള്‍ട്ടയറുടെ ഒരു വാചകം ഉദ്ധരിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. നിങ്ങള്‍ മതതീവ്രവാദികളെ വിമര്‍ശിക്കരുത്. അവര്‍ ഞരമ്പുരോഗികളാണ്!' എന്നതാണ് വാചകം. ഈ കുറിപ്പ് കൊച്ചു മലയാളത്തില്‍ ഇപ്പോഴും ജീവിച്ചിരിപ്പുള്ള കൊച്ചുകവിയായ കുഞ്ഞുണ്ണിയുടെ വരികള്‍ ഓര്‍മിച്ചുനിര്‍ത്തുന്നു. 'ബുദ്ധനൊന്ന്, ബുദൂസുകളൊരുപാട്.

താലിബാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്ന ആക്രമണോത്സുകരായ ബുദ്ദൂസുകളോട് 'അരുത്' എന്നുപറയാന്‍ ഇസ്‌ലാം വിശ്വാസികള്‍ക്ക് കൈവന്ന ഒരു അവസരം ബാബരി മസ്ജിദ് പൊളിച്ച് ചരിത്രംപറഞ്ഞു പാഴാക്കരുത്. 'അരുത്' എന്ന് ആത്മാര്‍ത്ഥമായി പറയുമ്പോഴാണ് അവര്‍ ദൈവത്തോട് അടുപ്പമുള്ള മുസ്ലിമായിത്തീരുന്നത്. പള്ളി പൊളിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത പാടായി എന്നും അവശേഷിക്കുമായിരിക്കും. എന്നാല്‍, പള്ളി പൊളിച്ചതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാത്തതുപോലെ പ്രതിമകള്‍ തകര്‍ത്തതുകൊണ്ട് യഥാര്‍ത്ഥ ബുദ്ധനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എല്ലാം കണ്ട് ബുദ്ധന്‍ ചിരിക്കുന്നുണ്ടാവണം, ദൈവവും. പക്ഷേ, നമ്മള്‍ സാധാരണ മനുഷ്യരുടെ കാര്യം അങ്ങനെയാണോ? അതുകൊണ്ട് യാതൊരു ആലങ്കാരികതയുമില്ലാതെ, നെഞ്ചില്‍ കൈവച്ച് അരുത്' എന്നുപറയൂ, സുഹൃത്തെ...''

വസ്തുത

ഒ അബ്ദുല്ല 2001 മാര്‍ച്ച് 4നു എഴുതിയ ലേഖത്തില്‍ (ഇതുപോലെ എത്രയെത്ര മുല്ല (ഉമര്‍)മാര്‍, മാധ്യമം) ഒരിടത്തും താലിബാനെയോ അവരുടെ ബുദ്ധപ്രതിമാ തകര്‍ക്കലിനെയോ അനുകൂലിക്കുന്നില്ല. പ്രതിമ തകര്‍ത്തത് ഇസ്ലാമിക കാഴ്ചപ്പാടല്ല. ഫഹ്മി ഹുവൈദി അടക്കമുള്ള ആഗോള ഇസ്‌ലാമിക ചിന്തകരുടെ നിലപാടും അതുതന്നെയാണെന്നു ഒ. അബ്ദുല്ല പറയുന്നു. ലേഖനത്തിന്റെ ആദ്യ പകുതി താലിബാനെ തള്ളിപ്പറയാനും താലിബാന്‍ വിരുദ്ധ മുസ്ലിം നിലപാട് വിശദീകരിക്കാനുമാണ് വിനിയോഗിക്കുന്നത്.

ഒപ്പം അന്നു രാജ്യം ഭരിച്ചിരുന്ന, ബാബരി മസ്ജിദ് തകര്‍ത്തതിനുത്തരവാദിയായ സംഘ്പരിവാര്‍ പശ്ചാത്തലമുള്ള, വാജ്പേയിയുടെ ബിജെപി സര്‍ക്കാറും ജോര്‍ജ് ബുഷ് നേതൃത്വം നല്‍കിയ അമേരിക്കന്‍ ഭരണകൂടവും താലിബാനെ എതിര്‍ക്കുന്നതിലെ വൈരുധ്യവും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്കൊക്കെ ഒരേ കാഴ്ചപ്പാടാന്നെന്നാണ് ഒ. അബ്ദുല്ല എഴുതിയത്. ഈ നിലപാട് ഒരേസമയം വിശ്വാസപ്രശ്നവും രാഷ്ട്രീയപ്രശ്നവും ചൂണ്ടിക്കാണിക്കുന്നു. വിശ്വാസപരമായി മാത്രം താലിബാനെ തള്ളിക്കളയണമെന്നും സംഘ്പരിവാറിനെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും വിമര്‍ശിക്കുന്ന നിലപാട് താലിബാനോടുള്ള രഹസ്യപിന്തുണയായാണ് താഹ മാടായി വ്യാഖ്യാനിക്കുന്നത്.

താലിബാനിസത്തിന്റെ അര്‍ഥങ്ങള്‍ (2014 - 2024)

മുസ്ലിം സംഘടനകളും മാധ്യമങ്ങളും എതിര്‍ത്തിട്ടും അവരെ താലിബാന്‍ പിന്തുണക്കാരായി ചിത്രീകരിക്കുക മാത്രമല്ല പില്‍ക്കാലത്ത് കേരളത്തില്‍ സംഭവിച്ചത്. ഹിംസകളുടെ വിവരണത്തിനായുള്ള ഒരു രൂപകം ആയി അതു മാറി. ഹിന്ദുത്വരും സിപിഎമ്മും നടത്തിയ ഹിംസകള്‍ ഈ രൂപകത്തിലൂടെ വിശദീകരിക്കപ്പെട്ടു. ഇസ്ലാമോഫോബിയയുടെ ഭാഷാരാഷ്ട്രീയമാണത്. താലിബാന്‍ എന്ന രൂപകം കേരളത്തില്‍ പില്‍ക്കാലത്തു പ്രചരിച്ച ചില രീതികള്‍ പരിചയപ്പെടാം.

സംഘ്പരിവാര്‍ താലിബാനിസം (2021):

2021 മാര്‍ച്ചില്‍ യുപിയിലൂടെ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കന്യാസ്ത്രീകള്‍ക്കു നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടു. ഇതിനെ അപലപിച്ചുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ (റിപ്പോര്‍ട്ടര്‍ ലൈവ്, 2021, മാര്‍ച്ച് 22) ആക്രമണത്തെ വിശേഷിപ്പിച്ചതിങ്ങനെ: 'ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവ കന്യാസ്ത്രീകള്‍ക്കു നേരേ നടന്ന ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘ്പരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണ്'.

സംഘ്പരിവാറിന്റെ ഹിംസയെ വിശേഷിപ്പിക്കാനാണ് 'താലിബാന്‍' എന്ന രൂപകം സ്വീകരിച്ചിരിക്കുന്നത്. സംഘ്പരിവാരം ആഗോളരാഷ്ട്രീയത്തിലെ മുസ്ലിംകളുടെ മോശംസ്വഭാവം ആര്‍ജിക്കുന്നുവെന്ന നിരപേക്ഷയുക്തി അതില്‍ പ്രവര്‍ത്തിക്കുന്നു. ഇത് സിപിഎമ്മിനു സംഭവിച്ച ഒരു നാക്ക്പിഴ മാത്രമല്ല. പൊതുബോധത്തെ നിയന്ത്രിക്കുന്ന ഉറച്ച ഭാഷാമാതൃകയായി ഇത് മാറിയിരിക്കുന്നു. ഉദാഹരണത്തിന്, 2014ല്‍ ഒരു ഫേസ്ബുക് കുറിപ്പില്‍ എം.ബി രാജേഷ് കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ കഫേക്കെതിരേയുണ്ടായ സംഘ്പരിവാര്‍ അതിക്രമത്തെ 'താലിബാനിസം' എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത് (ഇ വാര്‍ത്ത, 30 ഒക്ടോബര്‍ 2014).

ഹിന്ദു താലിബാനിസം (2018):

സിപിഎം മാത്രമല്ല ഈ പ്രശ്നം അനുഭവിക്കുന്നത്. വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായ പലരും ഈ അലസഭാഷാബോധ്യത്തിന്റെ ഭാഗമാണ്. എസ്. ഹരീഷിനെതിരെ സംഘ്പരിവാരം ആക്രമണം നടത്തിയപ്പോള്‍ കഥാകൃത്തിനോട് ഐക്യപ്പെട്ടുകൊണ്ടു നടത്തിയ പരിപാടിയില്‍ ചലച്ചിത്രപ്രവര്‍ത്തകനായ ആനന്ദ് പടവര്‍ദ്ധന്‍ പറഞ്ഞത് രാജ്യത്ത് 'ഹിന്ദുതാലിബാനിസം' വളരുന്നുവെന്നാണ് (മാധ്യമം, 22 ജൂലൈ 2018).

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിലെ മതേതര ദേശീയ വാദികളും ഈ പുതിയ അധീശ ഭാഷാരാഷ്ട്രീയത്തിന്റെ ഭാഗമാണ്. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ ഭാഷാശേഷി കൊണ്ടു ഏറെ ജനപ്രീതി നേടിയ ശശി തരൂരും 'താലിബാനിസം' എന്ന രൂപകത്തെ അലസമായി എടുത്തുപയോഗിക്കാറുണ്ട്. ബിജെപിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് 'ഹിന്ദുതാലിബാന്‍' എന്നാണ് (മലയാള മനോരമ, 18 ജൂലൈ 2018).

എസ്.എഫ്.ഐ താലിബാനിസം (2017):

താലിബാന്‍ എന്ന രൂപകം സംഘ്പരിവാരവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ എടുത്തുപയോഗിക്കുന്നുണ്ട്. തിരുവനന്തപുറം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ആക്രമത്തെക്കുറിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത (ജന്മഭൂമി, 13 ജൂലൈ 2019) ഇങ്ങനെ: 'യൂണിവേഴ്സിറ്റി കോളജില്‍, എസ്എഫ്ഐയുടെ താലിബാനിസത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ 187 പ്രതിഭകള്‍'.

മാര്‍ക്സിസ്റ്റ് താലിബാനിസം എന്ന പ്രയോഗം തന്നെ ആര്‍എസ്എസ് ദേശീയനേതൃത്വം വികസിപ്പിച്ചിരിക്കുന്നു. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കണമെന്ന് അന്നത്തെ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ ആവശ്യപ്പെട്ടത് ഏതാനും വര്‍ഷം മുമ്പാണ്. 'കേരളത്തിലെ മാര്‍ക്സിസ്റ്റ് താലിബാനിസം' (എഷ്യാനെറ്റ് ന്യൂസ്, 4 ആഗസ്റ്റ് 2017) രാജ്യത്തിനുമുന്നില്‍ തുറന്നുകാണിക്കുന്നതിനു ആര്‍എസ്എസ് നേതൃത്വം നല്‍കുമെന്നാണ് തുടര്‍ന്ന് അദ്ദേഹം പറയുന്നത്.

രാമരാജ്യത്തിലെ താലിബാനിസ വിരുദ്ധത (2022):

ഇന്ത്യന്‍ സാഹചര്യത്തില്‍ അറിഞ്ഞും അറിയാതെയും ഫാഷിസ്റ്റുകളും ഫാഷിസ്റ്റുവിരുദ്ധരും ഒരുപോലെ പങ്കിടുന്ന പൊതുബോധമാണിത്. ഹിന്ദു ഐക്യവേദി, കേരളം എന്ന സംഘടന 'രാമരാജ്യത്തിലെ താലിബാനിസ വിരുദ്ധതയുടെ കാണാപ്പുറങ്ങള്‍' എന്ന പേരില്‍ 2022 മേയ് 24ന് മുവാറ്റുപഴയില്‍ വച്ച് നടത്തിയ സെമിനാറില്‍ 'എക്സ് മുസ്ലിം' നേതാവായ ആരിഫ് ഹുസൈന്‍ തെരുവത്ത് പങ്കെടുത്ത് സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ ന്യൂനപക്ഷവര്‍ഗീയതക്കും ഭൂരിപക്ഷവര്‍ഗീയതക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു: 'ന്യൂനപക്ഷവര്‍ഗീയതയാണ് ഭൂരിപക്ഷവര്‍ഗീയതക്ക് കാരണം. വിശ്വഹിന്ദു പരിഷത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ അമിത ദേശീയതയാല്‍ മുട്ടിനില്‍ക്കുന്നവരാണ്. കേരളത്തില്‍ താലിബാനിസമുണ്ട്. അതുമനസ്സിലാക്കാന്‍ ഒരു സെമിനാറിന്റെ ആവശ്യമൊന്നുമില്ല. അത് അത്ര വ്യക്തമായ കാര്യമാണ്. ഏത് മതത്തിലുള്ളവര്‍ അത്തരം കാര്യങ്ങള്‍ ചെയ്താലും അതിനെ താലിബാനിസമെന്ന് വിളിക്കാം'- തുടര്‍ന്ന് അദ്ദേഹം താലിബാനിസത്തെയും സംഘ്പരിവാറിനെയും തമ്മില്‍ ലഘുവായി ബന്ധിപ്പിക്കുകയും ചെയ്തു.

അതിനോട് സംഘാടകരിലൊരാള്‍ പ്രതികരിച്ചത് ആരിഫ് ഹുസൈനില്‍നിന്ന് 'താലിബാനിസം' ഇനിയും ഒഴിഞ്ഞുപോയിട്ടില്ലെന്നാണ്. ആരിഫ് ഹുസൈന്‍ താലിബാന്റെ കടുത്ത എതിരാളിയാണെന്ന് പറഞ്ഞയാള്‍ക്കറിയാമെങ്കിലും മുസ്ലിം സ്വത്വം താലിബാന്‍ ചാപ്പയ്ക്ക് അദ്ദേഹത്തെ പാകമാക്കി. മുസ്ലിം സ്വത്വവുമായും ഇസ്ലാമുമായും ബന്ധപ്പെടുത്തുന്ന എല്ലാ രൂപകങ്ങളും ഏതൊരു മുസ്ലിമിനും എക്‌സ് മുസ്‌ലിമിനും ബാധകമാവുന്ന സ്ഥിതിവിശേഷമാണിത്.

സിപിഎമ്മിന്റെ താലിബാന്‍ മോഡല്‍ കൊല (2024)

സിപിഎം നടത്തിയ താലിബാന്‍ മോഡല്‍ കൊലയാണ് അരിയില്‍ ഷുക്കൂര്‍ വധം, ഭീകരവാദ പ്രവര്‍ത്തനമായിട്ടേ അതിനെ കാണാന്‍ കഴിയൂവെന്നാണ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ ടി. അസഫലി (19 സെപ്റ്റംബര്‍ 2024, ഏഷ്യാനെറ്റ് ) പറഞ്ഞത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനും മുന്‍ എംഎല്‍എ ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയതിനെതിരായ പ്രതികരണമായിരുന്നു അത്.

മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര പ്രശ്‌നം കേരളത്തില്‍ തിന്മകളുടെ പ്രതീകമായി മാറുന്നതിന്റെ ഭാഷാരാഷ്ട്രീയം ഈ അര്‍ഥത്തില്‍ ശ്രദ്ധേയമാണ്. ഇസ്ലാമോഫോബിയ ഭാഷയെയും ചിന്തയെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. ഭാഷയുടെ ധര്‍മം കേവലം ആശയവിനിമയം മാത്രമല്ല; മറിച്ച് അധികാരത്തിന്റെയും ഹിംസയുടെയും നിര്‍മാണമാണ്. സംജ്ഞ (ടെര്‍മിനോളജി) സാങ്കേതികവിദ്യ (ടെക്നോളജി)യെക്കാള്‍ അപകടകരമാണെന്നു പറയുന്നതിന്റെ കാരണമിതാണ്.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര, അബ്ദുല്‍ ബാസിത്)



TAGS :