Quantcast
MediaOne Logo

ആരിഫ അവുതല്‍

Published: 4 Oct 2022 11:55 AM GMT

വിദ്യാര്‍ഥികളിലെ സിന്തെറ്റിക് ഡ്രഗ് ഉപയോഗം

സിന്തെറ്റിക് ഡ്രഗ് ആയ എം.ഡി.എം.എ ഉപയോഗിക്കുന്ന ഒരാള്‍ക്ക് പത്തുവര്‍ഷത്തിന് മുകളില്‍ ആയുസ്സ് ഉണ്ടാവില്ലെന്ന് വിദഗ്ധപഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ന് വിദ്യാര്‍ഥികളിലും യുവജനങ്ങളിലും ലിംഗഭേദമന്യേ മാരകമായി പടര്‍ന്നു കയറിയ ഈ ലഹരി പദാര്‍ഥം ഉപയോഗിക്കുന്ന 15 വയസ്സുള്ള ഒരാള്‍ക്ക് 25 വയസ്സ് വരെയുള്ള കേവല ആയുസ്സ് മാത്രമായിരിക്കും എന്ന് നിസ്സംശയം പറയാം.

വിദ്യാര്‍ഥികളിലെ സിന്തെറ്റിക് ഡ്രഗ് ഉപയോഗം
X
Listen to this Article

'എനിക്ക് ഇത് ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല ടീച്ചര്‍' ഒരിക്കല്‍ ആ ചേട്ടനുമായി ബെറ്റ് വച്ചിട്ട് ഞാന്‍ തോറ്റുപോയപ്പോള്‍ അയാള്‍ പറഞ്ഞ കണ്ടിഷനാണ്, ഇപ്പോള്‍ എനിക്ക് ഇതില്ലാതെ പറ്റില്ല'

അവള്‍ പൊട്ടിക്കരഞ്ഞു.

വിമുക്തി ആന്റി ഡ്രഗ് ടീച്ചേര്‍സ് ക്യാമ്പില്‍ ഒരു ടീച്ചര്‍ പങ്കുവെച്ച അനുഭവമാണ്. സയന്‍സ് ലാബിലേക്ക് വരിവരിയായി കടന്നുവന്ന കുട്ടികള്‍ക്കിടയില്‍ ഒരു വിദ്യാര്‍ഥിനിയുടെ കാല്‍പാദം ശ്രദ്ധയില്‍പ്പെട്ടു, കാല്‍വിരലുകള്‍ക്കിടയില്‍ നെയില്‍ പോളീഷ് തേച്ചു പിടിപ്പിച്ചിരിക്കുന്നു. നഖത്തില്‍ ഇടേണ്ട നെയില്‍ പോളീഷ് സാധാരണയിലും വ്യത്യസ്തമായി കാല്‍ വിരലുകള്‍ക്കിടയില്‍. ഇതെന്താ ഇങ്ങനെ എന്ന ചോദ്യത്തിന് മറുപടിയായി അവള്‍ക്ക് വല്ലാത്ത പരിഭ്രമം!

'അവളെന്നും അങ്ങനെയാണ് ടീച്ചര്‍' എന്ന് മറ്റുകുട്ടികളും പറഞ്ഞപ്പോള്‍ കൂടുതല്‍ അന്വേഷിച്ച ടീച്ചര്‍ കേട്ടത് ഞെട്ടിപ്പിക്കുന്ന വര്‍ത്തമാനങ്ങളാണ്. സുഹൃത്തായ ഒരു ആണ്‍കുട്ടിയുമായി ചെറിയ എന്തോ പന്തയത്തില്‍ തോറ്റുപോയതിനു അവന്‍ വളരെ ലളിതമായ ഒരു കാര്യം ആവശ്യപ്പെട്ടു. നിന്റെ കാല്‍വിരലുകള്‍ക്കിടയില്‍ ഒരു ചെറിയ മുറിവുണ്ടാക്കി ഞാന്‍ തരുന്ന നെയില്‍ പോളിഷ് നീ ഇടണം, വളരെ എളുപ്പമായ ഒരു കാര്യം! ആവേശത്തില്‍ അവള്‍ അതനുസരിച്ചു.

അടുത്തിടപെടുമ്പോള്‍ പോലും രക്ഷിതാവിനോ അധ്യാപകര്‍ക്കോ ലഹരി ഉപയോഗിച്ചു എന്ന് മണം കൊണ്ടോ മറ്റോ മനസിലാക്കാന്‍ കഴിയുന്നില്ല എന്നതാണ് സിന്തെറ്റിക്ക് ഡ്രഗ്‌സിന്റെ മറ്റൊരു അപകടകരമായ വസ്തുത.

M.D.M.A (methylendioxy methamphetam-ine) എന്ന ദൂഷ്യഫലങ്ങള്‍ ഏറെയുള്ള ലഹരി ചേര്‍ത്ത നെയില്‍ പോളിഷ് ആയിരുന്നു അവന്‍ അവള്‍ക്ക് നല്‍കിയത്. അകപ്പെട്ടു പോയാല്‍ പിന്നെയാ ഉത്തേജകമില്ലാതെ ഒരാള്‍ക്ക് ദിവസങ്ങള്‍ നീങ്ങുക അസാധ്യമാണ്. വണ്‍ ടൈം അഡിക്ഷന്‍, അതായത് ഒരൊറ്റ ഉപയോഗത്തോടെ ജീവിതം കാര്‍ന്നെടുക്കുന്നതുവരെ അവ ഉപയോക്താവില്‍ ആസക്തമായിരിക്കും! 24 മണിക്കൂറും മുങ്ങിക്കിടക്കുന്ന ഉത്തേജനം!

സിന്തെറ്റിക് ഡ്രഗ് ആയ എം.ഡി.എം.എ ഉപയോഗിക്കുന്ന ഒരാള്‍ക്ക് പത്തുവര്‍ഷത്തിന് മുകളില്‍ ആയുസ്സ് ഉണ്ടാവില്ലെന്ന് വിദഗ്ധപഠനങ്ങള്‍ തെളിയിക്കുന്നു. അതായത്, ഇന്ന് വിദ്യാര്‍ഥികളിലും യുവജനങ്ങളിലും ലിംഗഭേദമന്യേ മാരകമായി പടര്‍ന്നു കയറിയ ഈ ലഹരി പദാര്‍ഥം ഉപയോഗിക്കുന്ന 15 വയസ്സുള്ള ഒരാള്‍ക്ക് 25 വയസ്സ് വരെയുള്ള കേവല ആയുസ്സ് മാത്രമായിരിക്കും എന്ന് നിസ്സംശയം പറയാം! നാഡിവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനം താറുമാറാക്കാന്‍ തുടങ്ങുന്നത്തോടെ സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നു. തുടര്‍ച്ചായ ഉപയോഗം നാഡിവ്യൂഹങ്ങളെ ചുരുക്കുന്നു. കൊറോണയെക്കാളും മാരകമായ മരണത്തിലേക്കുള്ള എളുപ്പവഴി എന്നാണ് പലരും എം.ഡി.എം ന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ പറ്റി വിലയിരുത്തുന്നത്. അടുത്തിടപെടുമ്പോള്‍ പോലും രക്ഷിതാവിനോ അധ്യാപകര്‍ക്കോ ലഹരി ഉപയോഗിച്ചു എന്ന് മണം കൊണ്ടോ മറ്റോ മനസിലാക്കാന്‍ കഴിയുന്നില്ല എന്നതാണ് സിന്തെറ്റിക്ക് ഡ്രഗ്‌സിന്റെ മറ്റൊരു അപകടകരമായ വസ്തുത. കണ്ണുകള്‍ അകാരണമായി ചുവന്നിരിക്കും. അതിനു പരിഹരമായി ഐ ഡ്രോപ്‌സ് കണ്ണിലിറ്റിച്ചു ചുവപ്പുമാറ്റും. വലിയ തോതില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ഐ ഡ്രോപ്‌സ് ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്നുണ്ടെന്ന് ഈ അടുത്ത് നടത്തിയ മെഡിക്കല്‍ സര്‍വ്വേയില്‍ പറയപ്പെടുന്നു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ചതിക്കുഴികള്‍ ഒരുക്കി അതുവഴി അവരെ ഇതിലേക്ക് അടിമപ്പെടുത്താനും ഇത്തരം ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്യാനും അവരെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സംഘങ്ങള്‍ നമ്മുടെ വിദ്യാലയ പരിസരങ്ങളില്‍ സജീവമാണ്. നിരവധി അനുഭവങ്ങളാണ് ഓരോ അധ്യാപകരും എക്സൈസ് ഉദ്യോഗസ്ഥരും പൊലീസും വിമുക്തി ആന്റി ഡ്രഗ് ക്യാമ്പില്‍ പങ്കുവച്ചത്. ഇക്കാര്യത്തില്‍ കാര്യമായ കരുതലുകള്‍ ആവിശ്യമാണെന്ന് പറയേണ്ടതില്ലലോ!


കുട്ടിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, ഉറക്കമിലായ്മ, പഠനത്തിലും മറ്റു കാര്യങ്ങളിലും പെട്ടെന്നുള്ള താല്പര്യക്കുറവ്, കൂടുതല്‍ പണം ആവശ്യപ്പെടുക, കിട്ടാതെ വരുമ്പോള്‍ അക്രമാസ്‌ക്തമാവുക, കുട്ടിക്ക് പ്രായത്തിനേക്കാള്‍ മുതിര്‍ന്ന കൂട്ടുകെട്ട് തുടങ്ങിയകാര്യങ്ങള്‍ ശ്രദ്ധിക്കണം. അധ്യാപകരും രക്ഷിതാക്കളും നിരന്തര ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. തന്റെ കുട്ടിക്ക് ഞാന്‍ അറിയാതെ മറ്റൊന്നുമുണ്ടാവില്ല എന്ന അമിത ആത്മവിശ്വാസം രക്ഷിതാക്കള്‍ വെടിയണം. കൂടുതല്‍ ജഗത്ര പാലിച്ചു നല്ല ഒരു സുഹൃത്ത് ബന്ധം നിലനില്‍ക്കുന്ന രീതിയില്‍ രക്ഷകര്‍ത്തൃത്വം രൂപപ്പെടുത്തണം. കുട്ടിയില്‍ മേല്‍ സൂചിപ്പിച്ച മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൂടുതല്‍ വികാരപരമായി കാര്യങ്ങള്‍ കാണാതെ വിവേകപൂര്‍ണമായി സമീപിക്കണം.

ആഗോളതലത്തില്‍ത്തന്നെ നിരവധി പ്രതിഷേധങ്ങളും ബോധവല്‍ക്കരണവും നടക്കുമ്പോഴും ലഹരി എന്ന വന്‍ വിപത്ത് പുതിയ രൂപങ്ങളും രീതികളും സ്വീകരിച്ച് സമൂഹത്തെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കൗണ്‍സലിംഗ്, ഡിഅഡിക്ഷന്‍ സെന്റര്‍ എന്നിവയുടെ സഹായത്തോടെ കുട്ടിയെ വലിയ ആപത്തില്‍ നിന്ന് കരകയറ്റുക. ഉപേക്ഷിക്കുകയല്ല ചേര്‍ത്തുപിടിക്കലാണ് വേണ്ടത്! മെച്ചപ്പെട്ട പഠനാന്തരീക്ഷം വീടുകളിലും ഒരുക്കേണ്ടതുണ്ട്. വീട്ടിലെ മറ്റു അംഗങ്ങളിലെ ചെറിയ തോതിലുള്ള ലഹരി ഉപയോഗം കുട്ടികളില്‍ ലഹരികളെ നിസാര വല്‍ക്കരിക്കുന്നതിന് ഇടയാക്കും എന്നാണ് മനഃശാസ്ത്ര പഠനം പറയുന്നത്. നിരന്തര മദ്യപാനിയായ ഒരാളുടെ കുട്ടി ഒന്നുകില്‍ പിതാവിനെക്കാളും വലിയ മദ്യപാനി ആവും അതല്ലെങ്കില്‍ വലിയ മദ്യവിരോധിയാവും! ഇവിടെ നിസാരവല്‍ക്കരണത്തേക്കാള്‍ അഭികാമ്യം ദൂഷ്യഫലത്തെക്കുറിച്ചുള്ള ബോധ്യമുണ്ടാക്കുക എന്നതാണ്. രക്ഷിതാക്കള്‍ രക്ഷിക്കുന്നവരാവണം, അപകടത്തിലേക്ക് വഴി കാണിക്കുന്നവരാവരുത്. അനുകരണ പ്രവണത കുട്ടിയുടെ ഏറ്റവും ഒന്നാമത്തെ സ്വഭാവ സവിശേഷതയാണെന്ന് ഓര്‍മയിലിരിക്കട്ടെ.

കേവലം ക്ഷണികമായ കൗതുകത്തില്‍ തുടങ്ങി തിരിച്ചുകയറാനാകാത്ത ദുരിതഗര്‍ത്തങ്ങളിലേക്ക് പതിക്കുകയും ജീവിതംതന്നെ ഇല്ലാതാകുകയും ചെയ്യുന്നുവെന്ന അവബോധം ഉണ്ടാക്കിയെടുക്കണം. ആഗോളതലത്തില്‍ത്തന്നെ നിരവധി പ്രതിഷേധങ്ങളും ബോധവല്‍ക്കരണവും നടക്കുമ്പോഴും ലഹരി എന്ന വന്‍ വിപത്ത് പുതിയ രൂപങ്ങളും രീതികളും സ്വീകരിച്ച് സമൂഹത്തെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാമൂഹ്യവിപത്തിനെ തുടച്ചുകളയാന്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമുക്ക് സാധിക്കണം.


TAGS :