Quantcast
MediaOne Logo

ഡോ. സോയ ജോസഫ്

Published: 12 Feb 2024 8:57 AM GMT

മതസംസ്ഥാപനം അധികാരസൂചനയാകുമ്പോള്‍

മതേതരത്വവും ജനാധിപത്യവും ഏകശില രൂപങ്ങളായി ഇന്ത്യ എന്ന വസ്തുതയെ നിര്‍മിച്ചെടുക്കുന്നുണ്ടെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് ഭംഗം വരുമ്പോള്‍ ഇന്ത്യയുടെ അടിത്തറയ്ക്ക് വിള്ളല്‍ വരുന്നു എന്നുള്ള കാര്യത്തില്‍ സംശയമില്ല.

ഇന്ത്യയില്‍ ഹിന്ദുയിസം എന്ന മതത്തിനപ്പുറം രാഷ്ട്രീയവത്കരിക്കപ്പെട്ട മതരൂപമായ ഹിന്ദുത്വ എന്ന ആശയം കൂടി അതിരുകളില്ലാതെ പ്രചരിപ്പിക്കപ്പെടുന്നു.
X

ലോകചരിത്രം പരിശോധിക്കുമ്പോള്‍ എല്ലാ രാജ്യങ്ങളുടെ ചരിത്രത്തിലും അധിനിവേശത്തിന്റെ വഴികളില്‍ മത കേന്ദ്രങ്ങളും മതസ്ഥാപനങ്ങളും പുനഃപ്രതിഷ്ഠ നടത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ ഉണ്ട്. നിലവില്‍ ഉണ്ടായിരുന്ന മതസ്ഥാപനത്തെ പൊളിച്ച് അധികാരത്തിന്റെ മതത്തെ സ്ഥാപിക്കുക എന്നുള്ളത് കൊളോണിയല്‍ കാലഘട്ടത്തിലും ഫ്യൂഡല്‍ സമ്പ്രദായത്തിലും ഫാസിസ്റ്റ് വ്യവസ്ഥിതിയിലും സജീവമായിത്തന്നെ തുടര്‍ന്നു പോന്നിരുന്നു. ആ നാട്ടിലെ മനുഷ്യരെ സാമ്പത്തികമായും സാമൂഹ്യമായും പിടിച്ചടക്കുമ്പോള്‍ തന്നെ അവരുടെ വിശ്വാസകേന്ദ്രങ്ങളിലും അതീശത്വം സ്ഥാപിക്കുക എന്നുള്ള പ്രവര്‍ത്തനം അങ്ങേയറ്റം സ്വാഭാവികമായി കണ്ടു. എന്നാല്‍, പിന്നീട് ലോകമെമ്പാടും ജനാധിപത്യവത്കരിക്കപ്പെടുകയും ക്ഷേമ രാഷ്ട്രം എന്ന ആശയം രൂപപ്പെടുകയും പരമാധികാര രാഷ്ട്രങ്ങളുടെ രൂപവത്കരണം നടക്കുകയും ചെയ്തതോടെ രാജ്യങ്ങള്‍ മത ധാര്‍മികതയില്‍ നിന്നും ഭരണഘടനാ ധാര്‍മികത എന്ന മൂല്യത്തിലേക്ക് ഉയരുന്ന സാഹചര്യമുണ്ടായി. അതിന്റെ ഭാഗമായി മതകേന്ദ്രീകൃതമായ വ്യവസ്ഥകളില്‍ നിന്നും അതിന്റെ കെട്ടുപാടുകളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മാറി ഭരണഘടന മുന്നോട്ടുവെക്കുന്ന സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ഒക്കെ അടിസ്ഥാന മൂല്യങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ രൂപപ്പെട്ടു.

എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുക എന്നുള്ളതാണ് ഇന്ത്യന്‍ സ്വത്വത്തിന്റെ ധാര്‍മികത എന്നും അത്തരമൊരു സംസ്‌കാരം നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നും സ്വാമി വിവേകാനന്ദന്‍ നിരന്തരം ഉദ്‌ബോധിപ്പിച്ചിരുന്നു. ഗാന്ധിയുടെ മതമാവട്ടെ സര്‍വ്വ ധര്‍മ്മ മത സമഭാവനെയും അഹിംസയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉദ്ധാരണവും ഒക്കെ അടിസ്ഥാനപ്പെടുത്തിയതായിരുന്നു.

യഥാര്‍ഥത്തില്‍ പുരോഗമനപരമായ ഒരു മുന്നോട്ടുപോക്കാണ് രാജ്യാന്തര തലത്തില്‍ ഉണ്ടായത്. മത കേന്ദ്രീകൃതമായ അധികാര ഫലപ്രയോഗത്തില്‍ നിന്ന് എല്ലാ അധീശശക്തികളും പിന്‍വാങ്ങുന്ന ഒരു രീതി പിന്നീട് പിന്തുടരേണ്ടിവന്നു. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട്, ഇന്ത്യയിലെ രാമക്ഷേത്ര നിര്‍മാണത്തെയും സംസ്ഥാപനത്തെയും ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഇതുവരെ നേടിയ ഭരണഘടന ധാര്‍മികതയെയും പുരോഗമനപരമായ ആശയ അടിത്തറയേയും സര്‍വ്വദേശീയമായ സാഹോദര്യത്തിന്റെ തിരിച്ചറിവുകളെയും റദ്ദ് ചെയ്യപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ ദേശീയ പ്രസ്ഥാനങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഭാഗമായി മതങ്ങളെ നവീകരിക്കുകയും അതിലെ പുഴുക്കുത്തുകളെയും അനാചാരങ്ങളെയും തൂത്തെറിയണമെന്ന് വാദിക്കുകയും ചെയ്ത അങ്ങേയറ്റം വിപ്ലവകാരികളായ ഒരു തലമുറ നമുക്ക് മുന്‍പേ സഞ്ചരിച്ചിരുന്നു. രാജാറാം മോഹന്‍ റോയിയെ പോലെയും സ്വാമി വിവേകാനന്ദനെ പോലെയും ഗാന്ധിയെ പോലെയും ഒക്കെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ഹൈന്ദവ മത നവീകരണവും അനാചാരങ്ങളുടെ പിഴുതെറിയലും ആണ് അടിസ്ഥാനപരമായി പുരോഗമനത്തിലേക്ക് ഈ രാജ്യത്തെ കൊണ്ടുപോകാനുള്ള വഴി എന്ന് കണിശമായി വിശ്വസിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുക എന്നുള്ളതാണ് ഇന്ത്യന്‍ സ്വത്വത്തിന്റെ ധാര്‍മികത എന്നും അത്തരമൊരു സംസ്‌കാരം നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നും സ്വാമി വിവേകാനന്ദന്‍ നിരന്തരം ഉദ്‌ബോധിപ്പിച്ചിരുന്നു. ഗാന്ധിയുടെ മതമാവട്ടെ സര്‍വ്വ ധര്‍മ്മ മത സമഭാവനെയും അഹിംസയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉദ്ധാരണവും ഒക്കെ അടിസ്ഥാനപ്പെടുത്തിയതായിരുന്നു.


അതുകൊണ്ടുതന്നെ പ്രബലമതമായ ഹിന്ദുയിസത്തിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി, അത് ജാതി വ്യവസ്ഥയാണെങ്കിലും പുരുഷാധിപത്യമാണമെങ്കിലും വര്‍ഗീയതയാണെങ്കിലും അസ്വാതന്ത്ര്യം ആണെങ്കിലും, മാറ്റങ്ങള്‍ക്ക് വേണ്ടി നിയമപരമായും സാമൂഹ്യപരമായും സമ്മര്‍ദ്ദം ചെലുത്താന്‍ അന്നത്തെ ഹിന്ദുയിസത്തിന്റെ ഭാഗമായി നില്‍ക്കുന്ന നേതാക്കള്‍ക്ക് സാധിച്ചു. ഒരേസമയം അടിയുറച്ച ആത്മീയ ഹിന്ദുവായി നിലനില്‍ക്കുമ്പോഴും ആ വ്യവസ്ഥിതിക്കുള്ളിലെ അധാര്‍മികമായിട്ടുള്ള ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുക എന്നുള്ള സാമൂഹ്യ പരിഷ്‌കരണം നടപ്പാക്കണം എന്ന് അവര്‍ വിശ്വസിച്ചു.

ഇന്ത്യ എന്ന ആശയം രൂപപ്പെടുമ്പോള്‍ തന്നെ അത് മുന്നോട്ട് വെച്ചിട്ടുള്ള കൃത്യമായ ഭരണഘടനാ മൂല്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് മതേതരത്വം എന്നുള്ളത്. ഒരുപക്ഷേ ഭരണഘടനാ നിര്‍മാണ സമയത്ത് മതേതരത്വം എന്നുള്ള ഒരു വാക്ക് ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം ഇന്ത്യ എന്ന ആശയത്തില്‍ മതേതരത്വം എന്ന് പറയുന്ന മൂല്യം അന്തര്‍ലീനമായിരുന്നു എന്നുള്ളത് തന്നെയാണ്. മതത്തിന്റെ മൂല്യങ്ങളില്‍ ഊന്നി സമൂഹത്തെയും മനുഷ്യനെയും മനസ്സിലാക്കിയിരുന്ന ഇന്ത്യയിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനാ മൂല്യങ്ങളില്‍ ഊന്നി ജീവിക്കണമെന്ന തത്വത്തിലേക്ക് മാറി. ജാതി വ്യവസ്ഥയുടെ ഭാഗമായി അയിത്തം നിലനില്‍ക്കുമ്പോഴും ഭരണഘടന മൂല്യങ്ങള്‍ അത് നിഷിദ്ധമായ തെറ്റായി മുന്നോട്ടുവയ്ക്കുകയും നിയമപരമായി അതിനു തടയിടുകയും ചെയ്യുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാനുള്ള പുരോഗമനപരമായ മാനസിക ഔന്നിത്യത്തിലേക്ക് ആളുകള്‍ മാറി വന്നു. ഭരണഘടനാ നിര്‍വഹണത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ വസ്തുത ആളുകളുടെ സാമൂഹ്യബോധത്തിന്റെ വളര്‍ച്ചയാണ്. അത്തരത്തില്‍ പുരോഗമനപരമായ സാമൂഹിക ബോധത്തില്‍ നിന്നാണ് ക്ഷേമ രാഷ്ട്രങ്ങളും നവോത്ഥാന രാഷ്ട്രങ്ങളും കെട്ടിപ്പടുത്ത് സാമൂഹിക നീതിയിലേക്കും തുല്യതയിലേക്കും മനുഷ്യരെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.

വ്യക്തിപരമായ വിശ്വാസ സംഹിതകള്‍ക്ക് അപ്പുറം ഇന്ത്യ എന്ന ആശയത്തിന്റെ സാമൂഹിക അടിത്തറ എന്നുള്ളത് മതേതരത്വം ആണെന്നും ഈ രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും ധാര്‍മികമായ ഉത്തരവാദിത്വം ഈ രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയാണ് എന്നുള്ളതും നാം പറഞ്ഞു വെക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ ഹിന്ദുയിസം എന്ന മതത്തിനപ്പുറം രാഷ്ട്രീയവത്കരിക്കപ്പെട്ട മതരൂപമായ ഹിന്ദുത്വ എന്ന ആശയം കൂടി അതിരുകളില്ലാതെ പ്രചരിപ്പിക്കപ്പെടുന്നു. മത രീതികളെ, മതത്തിന്റെ ഉപകരണങ്ങളെ അതിന്റെ വ്യവഹാരങ്ങളെ മുഴുവന്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന, നാം ഇതുവരെ മുന്നോട്ടുവെച്ച സര്‍വ്വധര്‍മ്മ സമഭാവനയുടെ തുല്യതാ സംസ്‌കാരത്തിന്റെ മൂല്യങ്ങളെ മുഴുവന്‍ റദ്ദ് ചെയ്യുന്ന തരത്തില്‍ അത് വ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടന സാഹോദര്യം എന്നുള്ള ഒരു വാക്ക് അതിന്റെ ആമുഖത്തില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ അതിന് പകരം മൈത്രി എന്ന് എഴുതണമെന്ന് വാദിച്ച ഭരണഘടന നിര്‍മാണ സഭയിലെ അംഗങ്ങള്‍ അത്തരമൊരു ആശയം മുന്നോട്ട് വെച്ചത്, സാഹോദര്യം എന്നത് ഔന്നിത്യമായ ഒരു മാനസികാവസ്ഥയാണെന്നും മൈത്രി കുറെക്കൂടെ സാമൂഹ്യമായി നടപ്പാക്കാന്‍ സാധ്യതയുള്ള ഒന്നാണെന്നും ചിന്തിച്ചു കൊണ്ടാണ്. ഇപ്പോള്‍ സാഹോദര്യത്തില്‍ നിന്ന് നാം പിന്നോട്ടു ചലിക്കുകയാണെന്നും മൈത്രി നിയമം മൂലം എങ്കിലും നടപ്പാക്കാന്‍ ഈ രാജ്യത്ത് സംവിധാനങ്ങള്‍ ഉണ്ടെന്നുമുള്ള മുന്‍ധാരണ ധിഷണാശാലികളായ അവര്‍ക്കുണ്ടായിരുന്നു. ഇവിടെ ഭരണനിര്‍വഹണം തന്നെ ഭരണഘടന അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് വഴിമാറുന്നു. മൈത്രിയുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍ തന്നെ അത്തരം പുരോഗമന സിദ്ധാന്തങ്ങളെയൊക്കെ കടലിലെറിഞ്ഞു കൊണ്ട് ഗാന്ധിയും നെഹ്‌റുവും ഒക്കെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് അതിശക്തമായി ഈ രാജ്യത്തിന്റെ മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്.


സൈദ്ധാന്തികമായി ഇതിനെപ്പറ്റി സംസാരിക്കുന്നതിനപ്പുറത്ത് എന്താണ് ഇതിനൊരു പ്രായോഗികമായ പരിഹാരം എന്നുള്ളതാണ് മതേതര ഇന്ത്യ ഇനി മുന്നോട്ട് വെക്കേണ്ട ബദല്‍. മതരാഹിത്യമോ മതേതരമായ സങ്കല്‍പ്പങ്ങളോ ആത്മീയമായ മതവത്കരണമോ എന്താണ് ഇതിന് പരിഹാരം എന്ന് നാം ഉറപ്പിക്കേണ്ടതുണ്ട്. ഭരണഘടന നിര്‍മാണ സമയത്ത് ദൈവത്തിന്റെ നാമത്തില്‍ ഭരണഘടന ആരംഭിക്കണമെന്ന് വാദിച്ചവര്‍ക്ക് മറുപടിയായി ഈ രാജ്യത്ത് ഒരു അവിശ്വാസി എങ്കിലും ഉണ്ടെങ്കില്‍ അയാളെ കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം ഇന്ത്യയുടെ ഭരണഘടന എന്ന ശഠിച്ച മനുഷ്യരാണ് നമുക്ക് മുന്‍പില്‍ ഉള്ളത്. മതരാഹിത്യത്തിന് അപ്പുറം മതമുള്ളവന് അത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അല്ലാതെ പ്രായോഗിക വത്കരിക്കാനും സാമൂഹ്യമായ നിലപാടുകളില്‍ കൃത്യമായ മതേതരത്വം പുലര്‍ത്താനുമുള്ള സാമൂഹിക ബോധത്തിലേക്ക് നാം വീണ്ടും തിരിച്ചു വരേണ്ടതുണ്ട്. വ്യക്തിപരമായ വിശ്വാസ സംഹിതകള്‍ക്ക് അപ്പുറം ഇന്ത്യ എന്ന ആശയത്തിന്റെ സാമൂഹിക അടിത്തറ എന്നുള്ളത് മതേതരത്വം ആണെന്നും ഈ രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും ധാര്‍മികമായ ഉത്തരവാദിത്വം ഈ രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയാണ് എന്നുള്ളതും നാം പറഞ്ഞു വെക്കേണ്ടിയിരിക്കുന്നു.

മതേതരത്വവും ജനാധിപത്യവും ഏകശില രൂപങ്ങളായി ഇന്ത്യ എന്ന വസ്തുതയെ നിര്‍മിച്ചെടുക്കുന്നുണ്ടെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് ഭംഗം വരുമ്പോള്‍ ഇന്ത്യയുടെ അടിത്തറയ്ക്ക് വിള്ളല്‍ വരുന്നു എന്നുള്ള കാര്യത്തില്‍ സംശയമില്ല. വ്യക്തിപരമായ വിശ്വാസ സംഹിതകള്‍ക്ക് അപ്പുറത്തേക്ക് ഈ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മുന്നേറ്റങ്ങളില്‍ ശ്രദ്ധയുണ്ടാകേണ്ട സമയത്താണ് നമ്മള്‍ നില്‍ക്കുന്നത് എന്നും അരികുവത്കരിക്കപ്പെട്ട മനുഷ്യരെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട തുല്യനീതിയുടെ പ്രചാരകരാവേണ്ട ഭരണനിര്‍വഹണം നമ്മെ മത കേന്ദ്രങ്ങളുടെ തൂണുകളിലേക്ക് കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. മതേതരമായ ഒരു ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഈ രാജ്യത്തിന്റെ മണ്ണില്‍ ജീവിക്കുന്ന മനുഷ്യര്‍ രാജ്യത്തെ പട്ടിണിയെയും തൊഴിലില്ലായ്മയും പിന്നോക്കാവസ്ഥയും പറ്റി സംസാരിക്കേണ്ടിയിരിക്കുന്നു. അതിനു മാറ്റം വരുത്താനുള്ള സാമൂഹിക ബോധത്തിലേക്കും ഭരണനിര്‍വഹണത്തെ അത്തരം ഒരു സമ്മര്‍ദ്ദത്തിലേക്കും മാറ്റേണ്ട ഉത്തരവാദിത്വം കൂടി ഈ രാജ്യത്തെ പൗരന്മാര്‍ക്കുണ്ട് എന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നു.TAGS :