Quantcast
MediaOne Logo

പി.എ പ്രേംബാബു

Published: 2 Nov 2023 5:55 AM GMT

ജനാധിപത്യ ഭൂപടം മാറ്റി വരക്കപ്പെടാതിരിക്കാന്‍ 'സേവ് ഇന്ത്യ' മൂവ്‌മെന്റ്

ഫാസിസ്റ്റ് ഭരണകൂട നുണ ഉല്പാദന ഫാക്ടറികളില്‍ നിന്ന് പുറത്തുവിടുന്ന സത്യപ്രതീതിയും നുണകളും തകര്‍ത്ത് ബദല്‍ സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും, ഹിന്ദുത്വ ഫാസിസത്തിന്റെ അധികാരം ഘനീഭവിച്ച ഏറ്റവും നൃശംസമായ ഹിംസയുടെ ചരിത്രം ഒരു ജനതയുടെ ബോധ്യമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ട രാഷ്ട്രീയ - സാംസ്‌കാരിക പ്രചരണ പദ്ധതികളുമാണ് 'സേവ് ഇന്ത്യ' മൂവ്‌മെന്റ് ലക്ഷ്യമിടുന്നത്.

ജനാധിപത്യ ഭൂപടം മാറ്റി വരക്കപ്പെടാതിരിക്കാന്‍ സേവ് ഇന്ത്യ മൂവ്‌മെന്റ്
X

പതിനേഴാം ലോക്സഭയുടെ കാലാവധി 2024 ജൂണ്‍ 16ന് അവസാനിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ സമ്പൂര്‍ണ്ണ ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനവും, മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഭാരതീയ ന്യായ സംഹിതയും നടപ്പാക്കപ്പെടുമെന്ന് മോദി ഭരണകൂടത്തിന്റെ ഇന്നുവരെയുള്ള വൈദിക ആണ്‍കോയ്മയുടെ രാഷ്ട്രീയ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. വര്‍ഗ്ഗീയ ഫാസിസത്തിന്റെ കോളറ ബാധിച്ച ഉന്മാദ ദേശീയതയുടെ ഉറഞ്ഞുതുള്ളലാണ് തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ദൃശ്യമാകാന്‍ പോകുന്നതെന്ന് മുന്‍കാല ചരിത്രങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് യു.പിയില്‍ വലിയ മുസ്‌ലിം-ദലിത് നരഹത്യകളും, ബുള്‍ഡോസര്‍ രാഷ്ട്രീയവും, സ്ത്രീ പീഡനങ്ങളും അരങ്ങേറുമ്പോള്‍ പൊതുവില്‍ സമര സാംസ്‌കാരിക കേരളം കാണിക്കുന്ന അഗാധ മൗനത്തിന്റെ ആപത്ത് മലയാളികള്‍ തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്തിന്റെ കുന്നും മലകളും കാടും കടലും പുഴകളും വിഭവങ്ങളും അദാനി എന്ന ഒറ്റ കോര്‍പ്പറേറ്റ് മൂലധന രൂപത്തിന്റെ അതിര്‍ത്തികളിലേക്ക് വെട്ടിയൊതുക്കുന്നതിനെതിരെയും കാര്യമായ പ്രക്ഷോഭങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ ഉണ്ടായിട്ടില്ല.

നാസികള്‍ സ്വന്തം രാഷ്ട്രത്തിലെ പൗരന്മാരായ ജൂതന്മാര്‍ക്കായി സ്വീകരിച്ച പാതയാണ് ബര്‍മ്മ അതിന്റെ റോഹിങ്ക്യകള്‍ക്കായി സ്വീകരിച്ചു വരുന്നത് എങ്കില്‍, ഇപ്പോള്‍ ഇന്ത്യ അതിന്റെ 200 ദശലക്ഷം മുസ്‌ലിംകളെ മേല്‍പ്പറഞ്ഞ ക്ലാസിക്കല്‍ ഫാസിസത്തെക്കാള്‍ എത്രയോ ഭീകരമായ ഭരണകൂട ഉപകരണങ്ങള്‍ ഉപയോഗിച്ച് തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

രാഷ്ട്രം എന്നാല്‍ ഭരണകൂടമാണെന്നും ഭരണകൂടം എന്നാല്‍ ഗവണ്‍മെന്റും അതിന്റെ ഒറ്റ നേതാവ് മാത്രവും അവിടെ ജനങ്ങള്‍ക്കു പകരം ഭരണകൂട ഉപകരണങ്ങളും ഉപാധികളും മാത്രം മതിയെന്നും അങ്ങനെ ക്രമമായി മുനകൂര്‍ത്തു വരുന്ന അധികാര ഗോപുരം ഒരു പരമോന്നത നേതാവിലേക്കെത്തുകയും ചെയ്യുന്ന സമ്പൂര്‍ണ്ണ ഫാസിസ്റ്റ്‌വത്കരണം വളരെ ആസൂത്രിതമായി കേരളത്തിലേക്കും അതിന്റെ തുരങ്കങ്ങള്‍ വെട്ടുമ്പോഴും നമ്മുടെ വിശ്രമ ജീവിതത്തെ കാര്യമായി ആകുലപ്പെടുത്തുന്നതായി കാണുന്നില്ല. മുന്തിയ ഫാസിസ്റ്റ് വിരുദ്ധരെന്ന് സ്വയം അവകാശപ്പെടുന്നവരുടെ മുദ്രാവാക്യങ്ങള്‍ പലപ്പോഴും സംഘ്പരിവാരത്തിന്റെ മന്ത്രങ്ങളായി മാറ്റാവുന്ന രാഷ്ട്രീയ തീക്ഷ്ണതയില്ലാത്ത സന്തുലിതമാക്കല്‍ (Balancing) ആയിത്തീരുന്നു. അവരുടെ പ്ലക്കാര്‍ഡുകളും ബാനറുകളും ആര്‍.എസd.എസിന് പൂജ ചെയ്യാനുള്ളതായിത്തീരുന്നു.

ഈ സാഹചര്യത്തിലാണ് കര്‍ഷക സമരം പോലെ പ്രത്യയശാസ്ത്രപരമായും സാമൂഹ്യപരമായും ശത്രുവിനെ പൂര്‍ണമായി ഒറ്റപ്പെടുത്തിക്കൊണ്ട് ഏറ്റവും ജനകീയമായ ഒരു മഹാപോരാട്ട മാതൃകയില്‍ ഇന്ത്യയെ രക്ഷിക്കൂ (Save India) ഭരണഘടനയെ രക്ഷിക്കൂ (Save Constitution) എന്ന വര്‍ഗ്ഗ ബഹുജന-ദലിത്-ന്യൂനപക്ഷ ഏകോപന സംഘാടനം ഏറ്റവും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നത്. ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി അവരുടെ സമ്പൂര്‍ണ്ണമായ പരാജയം ഉറപ്പുവരുത്തുന്ന ഇടപെടലുകളോടൊപ്പം ഫാസിസ്റ്റ് മുക്ത ഇന്ത്യ എന്ന ദീര്‍ഘകാല സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് കേരളത്തില്‍ അടിത്തറ ഒരുക്കുക എന്ന ലക്ഷ്യമാണ് സേവ് ഇന്ത്യ ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്. നാസികള്‍ സ്വന്തം രാഷ്ട്രത്തിലെ പൗരന്മാരായ ജൂതന്മാര്‍ക്കായി സ്വീകരിച്ച പാതയാണ് ബര്‍മ്മ അതിന്റെ റോഹിങ്ക്യകള്‍ക്കായി സ്വീകരിച്ചു വരുന്നത് എങ്കില്‍, ഇപ്പോള്‍ ഇന്ത്യ അതിന്റെ 200 ദശലക്ഷം മുസ്‌ലിംകളെ മേല്‍പ്പറഞ്ഞ ക്ലാസിക്കല്‍ ഫാസിസത്തെക്കാള്‍ എത്രയോ ഭീകരമായ ഭരണകൂട ഉപകരണങ്ങള്‍ ഉപയോഗിച്ച് തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.


പൗരത്വ ബില്‍, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ ഭരണകൂട നിര്‍മിത ബയോ പൊളിറ്റിക്കല്‍ കോഡുകള്‍ (Bio political code) ഉപയോഗിച്ചാണ് ന്യൂനപക്ഷങ്ങളെ രാജ്യ ഭ്രഷ്ടരാക്കുകയോ ബഹിഷ്‌കൃതരാക്കുകയോ ചെയ്യുന്നത്. സ്വന്തം രാജ്യത്തെ പൗരന്‍ ആയിരിക്കെത്തന്നെ ജീവിതത്തില്‍ നിന്ന് നാടുകടത്തപ്പെടുകയും, അഭയാര്‍ത്ഥിത്വത്തിന്റെയും പൗരത്വത്തിന്റെയും ഇടയിലെ ജീവച്ഛവമായ പ്രജാപദവിയിലേക്ക് (Necro political citizen) തരം താഴ്ത്തപ്പെടുകയും ചെയ്യുന്നു.

നിലവില്‍ നമ്മുടെ രാഷ്ട്ര നിയമഘടന, ഹിന്ദു ജീവിതത്തിനും അതിനുള്ളില്‍ തന്നെയുള്ള സവര്‍ണ്ണ വിഭാഗത്തിനും ദnിത് ജീവിതത്തിനും മുസ്‌ലിം ജീവിതത്തിനും വ്യത്യസ്ത മൂല്യങ്ങളാണ് കല്‍പിക്കുന്നത്. പൗരശരീരങ്ങള്‍ക്ക് ഇങ്ങനെ വ്യത്യസ്ത മൂല്യങ്ങള്‍ കല്‍പ്പിച്ചു കൊണ്ടാണ് വംശീയ പൗരത്വം പ്രവര്‍ത്തിക്കുന്നത്. അങ്ങനെ വംശത്തെ അടിസ്ഥാനമാക്കിയുള്ള പൗര നിര്‍ണ്ണയത്തിലൂടെയാണ് പലപ്പോഴും കോടതിവിധികള്‍ പോലും ഉണ്ടാകുന്നത് എന്ന് ബാബറി മസ്ജിദ് വിധി പോലെയുള്ളവ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം കോടതിവിധികളെ ബയോ പൊളിറ്റിക്കല്‍ ജഡ്ജ്‌മെന്റ് (Bio political judgement) എന്നാണ് വിശേഷിപ്പിക്കേണ്ടത്.

5.5 ലക്ഷം വിചാരണ തടവുകാരില്‍ 1.2 ലക്ഷം മാത്രമാണ് കോടതി ശിക്ഷ വിധിക്കപ്പെട്ടവരായി ജയിലില്‍ കഴിയുന്നതെന്ന് നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (N-CRB) യുടെ കണക്കുകള്‍ തന്നെ കാണിക്കുന്നു. ബാക്കിയുള്ള 4.3 ലക്ഷം തടവുകാര്‍ അനിശ്ചിതമായ വിചാരണ കാത്ത് തിങ്ങിനിറഞ്ഞ ജയിലുകളിലെ യാതനകള്‍ അനുഭവിച്ചു കഴിഞ്ഞു കൂടുകയാണ്.

ചുരുക്കത്തില്‍ നിയമവാഴ്ചയില്‍ നിന്നും മുക്തമായ ഒരു അദൃശ്യ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലാണ് ഓരോ ഇന്ത്യന്‍ ദലിത് ശരീരവും മുസ്‌ലിം ശരീരവും കൊട്ടിയടയ്ക്കപ്പെട്ടിട്ടുള്ളതെന്ന് സംശയമേതുമില്ലാതെ പറയാവുന്നതാണ്. പൊതുമേഖലകള്‍ കൊള്ളയടിക്കാന്‍ അദാനിക്കും മറ്റു കോര്‍പ്പറേറ്റുകള്‍ക്കും പൂര്‍ണമായും തുറന്നു കൊടുത്തതിന്റെ ഭാഗമായി രാജ്യം വിശപ്പിന്റെ റിപ്പബ്ലിക്കായി ലോക പട്ടിണിപ്പട്ടികയില്‍ സ്ഥാനം പിടിച്ചു. ഇതെല്ലാം ജനങ്ങളില്‍ നിന്നും മറച്ചു പിടിക്കാന്‍ ഇല്ലാത്ത സുവര്‍ണ്ണ ഭൂതകാലത്തിന്റെ മിത്തുകളും കഥകളും പ്രചരിപ്പിക്കുകയും, ആ സുവര്‍ണ്ണ കാലഘട്ടം തിരിച്ചുകൊണ്ടുവരാന്‍ സനാതന ധര്‍മ്മത്തിനു മാത്രമേ കഴിയൂവെന്നും അതിന് ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനാണ് താനെന്നും ഭരണാധികാരി നിരന്തരം വിളംബരം ചെയ്യുന്നു.

ലോകത്തില്‍ മലം വാരാന്‍ മാത്രമുള്ള ഒരു ജാതി നില നില്‍ക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. ഡോ. വിദ്യാഭാരതിയുടെ 'കക്കൂസ്'എന്ന ഡോക്യുമെന്ററി അവരുടെ ദാരുണമായ ജീവിതം വരച്ചു കാണിക്കുന്നുണ്ട്. 2018 ല്‍ ഗുജറാത്തില്‍ പ്രസിദ്ധീകരിച്ച നരേന്ദ്രമോദിയുടെ 'കര്‍മ്മയോഗ് ' എന്ന ഒരു പുസ്തകത്തില്‍ തോട്ടിപ്പണി (scavenging) യില്‍ നിന്നും വാത്മീകി സമൂഹത്തിന് ഒരു 'ആത്മീയ അനുഭവം' ലഭിക്കുന്നുണ്ടെന്ന് മോദി പ്രതിപാദിക്കുന്നുണ്ട്. തോട്ടിപ്പണി നിയമപരമായി നിരോധിച്ച ഒരു രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഏറ്റവും പ്രതിലോമകരവും, ദലിത് വിരുദ്ധവും, നിയമവിരുദ്ധവുമായ പ്രസ്താവന നടത്തുമ്പോള്‍ പ്രതികരിക്കാതെ സാംസ്‌കാരിക ലോകം പോലും നിശബ്ദമാകുന്നു. ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ജയിലുകളില്‍ വിചാരണ തടവുകാരുടെ എണ്ണം അഭൂതപൂര്‍വ്വമായി വര്‍ധിക്കുകയാണ്. 5.5 ലക്ഷം വിചാരണ തടവുകാരില്‍ 1.2 ലക്ഷം മാത്രമാണ് കോടതി ശിക്ഷ വിധിക്കപ്പെട്ടവരായി ജയിലില്‍ കഴിയുന്നതെന്ന് നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (N-CRB) യുടെ കണക്കുകള്‍ തന്നെ കാണിക്കുന്നു. ബാക്കിയുള്ള 4.3 ലക്ഷം തടവുകാര്‍ അനിശ്ചിതമായ വിചാരണ കാത്ത് തിങ്ങിനിറഞ്ഞ ജയിലുകളിലെ യാതനകള്‍ അനുഭവിച്ചു കഴിഞ്ഞു കൂടുകയാണ്. ഇവരില്‍ ന്യൂനപക്ഷങ്ങളുടെയും മറ്റ് ആദിവാസി ദലിത് പാര്‍ശ്വവല്‍കൃതരുടെയും എണ്ണം വര്‍Oിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ഒരന്വേഷണവും നടന്നിട്ടില്ല.

കോവിഡ് 19 മഹാമാരികാലത്ത് കോവിഡ് മൂലം ജയിലില്‍ സംഭവിച്ച മുഴുവന്‍ മരണങ്ങളും പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് സ്വാഭാവിക മരണം എന്നായിരുന്നു. മനുഷ്യന്‍ എന്ന ജൈവ സൃഷ്ടിയെ ബഹിഷ്‌കരിക്കുന്ന സനാതന ധര്‍മത്തെ തുറന്നുകാട്ടാതെ ഇന്ത്യന്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒരു പ്രതിരോധ രാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ കഴിയില്ല. സംവരണത്തിന്റെ പ്രാതിനിധ്യം എന്ന അടിസ്ഥാന തത്വം തന്നെ അട്ടിമറിക്കപ്പെടുന്നതുള്‍പ്പടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ക്രമാനുഗതമായി വെട്ടിക്കളയാനും, ഭരണഘടനയുടെ സമത്വം, മതേതരത്വം, ജനാധിപത്യം തുടങ്ങിയ മൗലിക ധാതുക്കളെ മാനഭംഗപ്പെടുത്താനും ഒരു ഭയവും ഈ ഭരണകൂടത്തിന് ഇല്ലാതായിരിക്കുന്നു.

മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിനു വയ്ക്കുന്ന 'ബുള്ളി ഭായ് ' എന്ന ആപ്പിന്റെ രംഗപ്രവേശം വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളില്‍ മറഞ്ഞു പോകുന്നു. 'സുള്ളി ഡീല്‍സ് ' എന്ന സ്ത്രീവിരുദ്ധ ഇസ്‌ലാമോഫോബിക് സംവിധാനത്തിന്റെ സൃഷ്ടാവിനുപോലും ഭരണകൂട സംരക്ഷണം ഉറപ്പാക്കുന്നു.

മോദി കാലത്ത് കിട്ടാക്കടമായി എഴുതിത്തള്ളിയ ബാങ്ക് വായ്പ 25 ലക്ഷം കോടി രൂപയാണ്. 2014 മുതല്‍ നാളിതുവരെയായി പൊതുമേഖലാ ബാങ്കുകളും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും കൂടി മൊത്തത്തില്‍ എഴുതിത്തള്ളിയ തുകയാണ് ഈ 25 ട്രില്യണ്‍ രൂപ. യു.പി.എ ഒന്നും രണ്ടും സര്‍ക്കാരുകളുടെ കാലത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ 810% കൂടുതലാണ് ഇതെന്ന് മനസ്സിലാക്കാം.എന്നാല്‍, ഇതേ കാലയളവില്‍ തിരിച്ചുപിടിച്ച തുക കേവലം 10% മാത്രം, അതായത് 2.5 ലക്ഷം കോടി രൂപ!

ഇതിനെയെല്ലാം മറച്ചുവെക്കാന്‍ ലൗ ജിഹാദ് പോലെ നിര്‍മിത വിദ്വേഷ വാക്കുകളാണ് ആര്‍.എസ്.എസ്സിന്റെ വെടിമരുന്നുകള്‍. വെറുപ്പും ഹിംസയും ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ പോപ്പ് മ്യൂസിക്കുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിനു വയ്ക്കുന്ന 'ബുള്ളി ഭായ് ' എന്ന ആപ്പിന്റെ രംഗപ്രവേശം വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളില്‍ മറഞ്ഞു പോകുന്നു. 'സുള്ളി ഡീല്‍സ് ' എന്ന സ്ത്രീവിരുദ്ധ ഇസ്‌ലാമോഫോബിക് സംവിധാനത്തിന്റെ സൃഷ്ടാവിനുപോലും ഭരണകൂട സംരക്ഷണം ഉറപ്പാക്കുന്നു. മുസ്‌ലിം സ്ത്രീകളിലെ ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, ബി.ജെ.പി ഇതര രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ഇവരുടെ ലേലം വിളി സംഘടിപ്പിക്കുകയാണ് ഇത്തരം ആപ്പുകള്‍. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിശബ്ദ പ്രോത്സാഹനം ഈ സൈബര്‍ ഗുണ്ടകള്‍ക്ക് വലിയ പിന്‍ബലമാകുന്നു. ന്യൂനപക്ഷ-മുസ്‌ലിം-ദലിത് വിരുദ്ധതയുടെ നടരാജ നൃത്തം ചവിട്ടിക്കുന്ന ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്.

ഹൈന്ദവ വൈദിക പ്രത്യയശാസ്ത്ര മാലിന്യം നിറച്ച തലച്ചോര്‍ ഉള്ളവരെ തിരഞ്ഞെുപിടിച്ച് തീറ്റ കൊടുത്തു വളര്‍ത്തുകയാണ് യു.പിയില്‍ യോഗി ആദിത്യനാഥിന്റെ ഭരണകൂടം. വര്‍ഗീയ ഉന്മാദത്തെ ആളിപ്പടര്‍ത്തുന്ന ഹിന്ദുത്വ ഭീകര ഗാനങ്ങള്‍, ഹിന്ദുമത ഘോഷയാത്രകളിലും രാമനവമി പോലെയുള്ള ഉത്സവ സന്ദര്‍ഭങ്ങളിലും തുടങ്ങി സവര്‍ണ്ണ രാഷ്ട്രീയ യോഗങ്ങളില്‍ വരെ എല്ലാ അവസരങ്ങളിലും ഉള്‍പ്പെടുത്തി ഇന്ത്യന്‍ തെരുവുകള്‍ പ്രകോപനത്തിന്റെ പോര്‍ നിലങ്ങളാക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും, നേരിട്ട് വെല്ലുവിളിക്കുന്നതുമായ 'അയോധ്യ ആരുടെയും അച്ഛന്റെ വകയല്ല' (കിസീ കേ ബാപ് കാ നഹീം അയോധ്യ) എന്നിങ്ങനെയുള്ള വംശീയ തീക്കനല്‍ വാരിയെറിയുന്ന പാട്ടുകളാണ് അവര്‍ പാടി നടക്കുന്നത്. വിഘടനയും, വംശവിച്ഛേദവും, ഹിംസയും അടങ്ങിയ ഈ വരികള്‍ സമൂഹ മനസ്സില്‍ കൂട്ടക്കൊലകള്‍ക്കും കലാപാഹ്വാനങ്ങള്‍ക്കും തിരികൊളുത്തിവിടുന്നു. ഉന്മാദ ദേശീയതയുടെ നേര്‍ച്ചക്കാരായും മോദി-യോഗി ആരാധകരായും പ്രഖ്യാപിക്കുന്ന ഈ വേതാള ഗാന സംഘത്തിന്റെ യൂട്യൂബ് ചാനലിന് പതിനായിരക്കണക്കിന് സബ്‌സ്‌ക്രൈബര്‍മാരുണ്ട്.

ഫാസിസ്റ്റ് ഭരണകൂട നുണ ഉല്പാദന ഫാക്ടറികളില്‍ നിന്ന് പുറത്തുവിടുന്ന സത്യപ്രതീതിയും നുണകളും തകര്‍ത്ത് ബദല്‍ സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും, ഹിന്ദുത്വ ഫാസിസത്തിന്റെ അധികാരം ഘനീഭവിച്ച ഏറ്റവും നൃശംസമായ ഹിംസയുടെ ചരിത്രം ഒരു ജനതയുടെ ബോധ്യമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ട രാഷ്ട്രീയ - സാംസ്‌കാരിക പ്രചരണ പദ്ധതികളുമാണ് 'സേവ് ഇന്ത്യ' മൂവ്‌മെന്റ് ലക്ഷ്യമിടുന്നത്.

കാര്യമായി യാതൊരു ചര്‍ച്ചയും കൂടാതെ, ശാസ്ത്രം സാങ്കേതികവിദ്യ പരിസ്ഥിതി, വനം എന്നിവയുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ചുകൊടുക്കുക പോലും ചെയ്യാതെ ആദിവാസികളെ വനത്തില്‍ നിന്ന് ആട്ടിയോടിക്കുന്ന അതിനിഷ്ഠൂരമായ, വന-ആദിവാസി ഭരണഘടനാ വിരുദ്ധ ബില്‍ നടപ്പില്‍ വരുത്തി. ഒരു ഭാഗത്ത് ഫാസിസ്റ്റ് വിരുദ്ധതയുടെ കര്‍തൃത്വം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്നവര്‍ ആര്‍.എസ്.എസിന്റെ മനുവാദ-സനാതന ധര്‍മ പ്രത്യയശാസ്ത്ര ശരീരത്തില്‍ 'Quality Label' ഒട്ടിച്ചു കൊടുക്കുമ്പോള്‍, മറ്റൊരു വിഭാഗത്തിന്റെ ഫാസിസ്റ്റ് വിരുദ്ധതയുടെ കൊഞ്ചും മൊഴികള്‍ പരിഹാസ്യമായി തുടരുന്നതാണ് കേരളത്തില്‍ കാണുന്നത്.

ന്യൂനപക്ഷ - കീഴാള വിഭാഗത്തിന്റെ ഉത്സവങ്ങളെയും അനുഷ്ഠാനങ്ങളെയും ജ്ഞാനവ്യവസ്ഥകളെയും സംസ്‌കാരത്തെയും ഭക്ഷണത്തെയും അംഗീകരിക്കാനും അഭിസംബോധന ചെയ്യാനും ഫാസിസ്റ്റ് ഭരണകൂടം തയ്യാറല്ല. മറിച്ച് തിരഞ്ഞെടുക്കപ്പെട്ട ഉത്സവങ്ങള്‍, ഭക്ഷണങ്ങള്‍, സംസ്‌കാരം, ഭാഷ എന്നിവ മാത്രം ദേശരാഷ്ട്രത്തിന്റെ അടയാളങ്ങളായി ചിത്രീകരിക്കുന്നു.


ഫാസിസം എങ്ങനെയാണ് ജനങ്ങളെ മുട്ടുകുത്താന്‍ പ്രേരിപ്പിക്കുന്നതെന്നും മാത്രമല്ല അവര്‍ക്ക് ആഘോഷിക്കാന്‍ ആചാരപരമായ മൂല്യങ്ങള്‍ നല്‍കുന്നതെന്നും ഫാസിസത്തിന്റെ ഇരയും സാമൂഹ്യ സൈദ്ധാന്തികനുമായ വാള്‍ട്ടര്‍ ബെഞ്ചമിന്‍ വിശദീകരിക്കുന്നുണ്ട്. ഈ പ്രതിഭാസത്തെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സൗന്ദര്യവത്കരണം ആയി അദ്ദേഹം നിരീക്ഷിക്കുന്നു. മഹാമാരിയുടെ കാലത്ത് പുഴു സമാനമായി ഇഴഞ്ഞു നീങ്ങിയ പാവപ്പെട്ടവരും കുടിയേറ്റ തൊഴിലാളികളും ഈ ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് ഈ കീഴടക്കലിന്റെ പ്രതിഫലനമാണ്.

അതുകൊണ്ട് വര്‍ഗീയ ഫാസിസത്തിന്റെ ഈ ഭയ ഭരണം കൂടുതല്‍ ബീഭത്സരൂപം പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ജനങ്ങളെ അത് ബോധ്യപ്പെടുത്തി മതേതര ജാതിമേല്‍ക്കോയ്മാ വിരുദ്ധ ജനാധിപത്യത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ അത് ജനാധിപത്യത്തിന്റെ അരുംകൊലയായിരിക്കും എന്ന് ബോധ്യപ്പെടുത്താനും ഏറ്റവും അനിവാര്യമായ സംഘാടനം എന്ന നിലയിലാണ് 'സേവ് ഇന്ത്യ' ക്യാമ്പയിന്‍ കേരളത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഫാസിസ്റ്റ് ഭരണകൂട നുണ ഉല്പാദന ഫാക്ടറികളില്‍ നിന്ന് പുറത്തുവിടുന്ന സത്യപ്രതീതിയും നുണകളും തകര്‍ത്ത് ബദല്‍ സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും, ഹിന്ദുത്വ ഫാസിസത്തിന്റെ അധികാരം ഘനീഭവിച്ച ഏറ്റവും നൃശംസമായ ഹിംസയുടെ ചരിത്രം ഒരു ജനതയുടെ ബോധ്യമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ട രാഷ്ട്രീയ - സാംസ്‌കാരിക പ്രചരണ പദ്ധതികളുമാണ് 'സേവ് ഇന്ത്യ' മൂവ്‌മെന്റ് ലക്ഷ്യമിടുന്നത്.


TAGS :