Quantcast
MediaOne Logo

ഹാസിഫ് നീലഗിരി

Published: 20 Nov 2022 5:41 PM GMT

ഇച്ഛാശക്തി കൊണ്ട് ലോകം കാല്‍ക്കീഴിലാക്കുന്ന ഖത്തര്‍

ഫലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു ഖത്തര്‍. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തിന് ഒരു കോട്ടവും വരില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ടെല്‍അവീവില്‍നിന്ന് ദോഹയിലേക്ക് വിമാനം പറത്താന്‍ ഫിഫയോട് ഖത്തര്‍ സമ്മതം മൂളിയത്. അതും ഫലസ്തീനികളേയും ആ വിമാനങ്ങളില്‍ ദോഹയിലേക്ക് കൊണ്ടുവരാന്‍ യാതൊരു തടസ്സവുമുണ്ടാവരുതെന്ന നിബന്ധനയോടെ.

ഇച്ഛാശക്തി കൊണ്ട് ലോകം കാല്‍ക്കീഴിലാക്കുന്ന ഖത്തര്‍
X

ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരത്തിനായുള്ള കാത്തിരിപ്പ് ഏതാണ്ട് അവസാനിച്ചു. നവംബര്‍ 20ന് ആരംഭിച്ച് ഡിസംബര്‍ 18ന് മഹാമാമാങ്കം അവസാനിക്കുമ്പോള്‍ ഖത്തറിന് ഈ ലോകത്തോട് പറയാതെ പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടാകും. ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമെല്ലാം അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ കിക്കോഫ് വിസില്‍ വരെ മാത്രമേ ആയുസുണ്ടായിരുന്നുള്ളു. യൂറോപ്യരും അമേരിക്കന്‍ വംശജരുമടക്കം ഒന്നടങ്കം ഈ കൊച്ചു അറബ് രാജ്യത്തിനുമേല്‍ ചൊരിഞ്ഞ ആക്ഷേപങ്ങളോട് പക്ഷേ സന്ധിയാവാന്‍ മാത്രം ഭീരുവല്ല തങ്ങളെന്ന് ലോകത്തോടൊന്നാകെയവര്‍ ആദ്യമേ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.


കടുത്ത ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം കൃത്യമായ വിശദീകരണങ്ങളും പ്രതികരണങ്ങളുമായി ആക്രോശങ്ങളുടെ മുനയൊടിച്ചു. തങ്ങളുയര്‍ത്തിപ്പിടിക്കുന്ന ഉയര്‍ന്ന ധാര്‍മിക-സാംസ്‌കാരിക മൂല്യങ്ങള്‍ക്കും പാരമ്പര്യ സമ്പ്രദായങ്ങള്‍ക്കും മുന്നില്‍ സാക്ഷാല്‍ ഫിഫക്കുപോലും മറുവാക്കുകളില്ലാതെ പോയി. മാസങ്ങളായി ഖത്തരി സംസ്‌കാരം അനുഭവിച്ചറിയുന്ന ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോ തന്നെ സംഘാടകരുടെ ആവശ്യങ്ങള്‍ എത്ര മൂല്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞ് പത്രസമ്മേളനങ്ങളില്‍ പരസ്യമായി പ്രസ്താവനകളിറക്കി. മദ്യവും സ്വവര്‍ഗാനുരാഗവുമല്ല, മറിച്ച് യഥാര്‍ഥ കളിയാവേശം തന്നെയാണ് ഫുട്ബോളിന്റെ വിജയമന്ത്രമെന്ന് ആരെയും കൂസാതെയാണ് ഖത്തര്‍ വിളിച്ചുപറഞ്ഞത്. അതിലെല്ലാമുപരി, മറ്റു വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒരു അക്ഷരംകൊണ്ടുപോലും തള്ളിക്കളയാതെ, നോവിക്കാതെ തങ്ങളുടെ വിശ്വാസത്തിന്റെ നന്മകളും ധാര്‍മികമൂല്യങ്ങളും ലോകത്തിന് മുന്നില്‍ തുറന്നു വച്ചു. ആര്‍ക്കും അവ അടുത്തറിയാന്‍ തുറന്ന അവസരങ്ങള്‍ സൃഷ്ടിച്ചു.

കേവലം വിരലിലെണ്ണാവുന്ന, വര്‍ഷങ്ങള്‍ക്ക് മുന്നേ തങ്ങളുടെ അതിര്‍ത്തികള്‍ക്കു ചുറ്റുമുള്ള സഹോദര രാഷ്ട്രങ്ങള്‍ തന്നെ അതിര്‍ത്തികള്‍ക്ക് വേലികെട്ടി, ഉപരോധിച്ച് വരിഞ്ഞു മുറുക്കിയപ്പോള്‍പോലും പതറാതെ തലയുയര്‍ത്തിനിന്ന ഈ കൊച്ചുരാജ്യം ഇനിയാരുടേയെങ്കിലും കണ്ണുരുട്ടലിനുമുന്നില്‍ ചൂളിപ്പോകുമെന്നത് എത്ര വലിയ അസംബന്ധ ധാരണയാണ്. ഈത് അല്‍ ഉലാ ഉടമ്പടിയില്‍ ഒപ്പവെച്ച് പരസ്പരമാശ്ലേഷിച്ച രാഷ്ട്രത്തലവന്‍മാര്‍ക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ടാവും.

ഒരു ലോകകപ്പ് മാമാങ്കം അവസാനിക്കുമ്പോഴേക്ക് കുത്തുപാളയെടുത്ത ചില സമ്പദ്വ്യസ്ഥകളെ കണ്ട് അവര്‍ തെല്ലും ഭയപ്പെട്ടില്ല. അതോര്‍ത്ത് മദ്യവ്യവസായത്തിനും മറ്റും അനുമതി നല്‍കി അതിലൂടെ കുന്നുകൂട്ടാമായിരുന്ന സമ്പത്തും അവരെ മോഹിപ്പിച്ചിട്ടേയില്ല. 2022 ലോകകപ്പിന്റെ ആതിഥേയ രാജ്യമായി 2010ല്‍ ഖത്തറിനെ തിരഞ്ഞെടുത്തപ്പോള്‍ തുടങ്ങിയതാണീ ആക്രമണങ്ങളും അസഹിഷ്ണുതയും. ഇന്നിപ്പോള്‍ 12 വര്‍ഷങ്ങള്‍ക്കിപ്പുറവും എടുത്ത നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും മാറ്റങ്ങളൊന്നും വരുത്തേണ്ടിയും വന്നവരല്ല ഖത്തരികള്‍. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ലോകകപ്പ് ആഥിതേയ രാജ്യമാണ് ഖത്തര്‍. 92 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നില്‍ ലോകകപ്പ് വിരുന്നെത്തുന്നതെന്ന സവിശേഷതയുമുണ്ടിവിടെ.


അതിനിടെ മുസ്‌ലിംകളിലേക്ക് ലിബറലിസം പ്രചരിപ്പിക്കാനായാണ് ഇങ്ങനെയൊരു ലോകകപ്പെന്ന തരത്തിലുള്ള മറുപക്ഷ ആക്ഷേപങ്ങളേയും ഖത്തറിന് പ്രതിരോധിക്കേണ്ടി വന്നു. സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ മഹാമാമാങ്കങ്ങളും അധാര്‍മികതയുടെയും ആത്മീയ അഴിമതിയുടെയും ഒരു പാത കൂടി തുറക്കുമെന്നായിരുന്നു അവരുടെ വാദം. ഇസ്‌ലാമില്‍ കായിക ഇനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന വാദങ്ങള്‍ക്കും പക്ഷെ അല്‍പായുസ് മാത്രമായിരുന്നു.

ലോകകപ്പ് ആതിഥേയ രാജ്യമാകാനുള്ള അവസരം ഖത്തറിന് ലഭിച്ചപ്പോള്‍, തുടക്കം മുതല്‍ തന്നെ അഴിമതി, കൈക്കൂലി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ആ ആരോപണങ്ങള്‍ക്ക് ഇനി മുനയില്ലെന്ന് തിരിച്ചറിഞ്ഞതോടെ, രാജ്യത്തിന് നേരെ കൂടുതല്‍ ആക്രോശങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മനുഷ്യാവകാശ ലംഘനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പുരോഗതി, പ്രകൃതി ചൂഷണം തുടങ്ങിയ വിഷയങ്ങളിലാണ് പിന്നീട് ലോക മാധ്യമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍, ഈ ആരോപണങ്ങള്‍ക്കും ഖത്തറിനെ തെല്ലും തളര്‍ത്താന്‍ മാത്രം മൂര്‍ച്ചയുണ്ടായിരുന്നില്ല.


സ്വവര്‍ഗാനുരാഗവും മദ്യവുമെല്ലാം കളിക്കളത്തിന് പുറത്തുള്ളവയാണ്, തങ്ങള്‍ എല്ലാവരുടേയും സംസ്‌കാരത്തെ മാനിക്കുമെന്നും ഇവിടെ വരുന്നവര്‍ തങ്ങളുടെ സംസ്‌കാരത്തെ മാനിക്കണമെന്നും കര്‍ശനമായി പ്രഖ്യാപിച്ചതോടെ ഇരുവശത്തുനിന്നുമുള്ള ആരോപകര്‍ക്ക് മൗനികളാവാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഖത്തറിലെയും മറ്റിടങ്ങളിലെയും മുസ്‌ലിംകള്‍ ആധുനികതയെ ആശ്ലേഷിക്കുമോ? അതോ പശ്ചാത്യര്‍ ഇസ്‌ലാമിന്റെ ധാര്‍മിക മൂല്യങ്ങള്‍ കണ്ട് ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുമോ? ഇതൊന്നും സംഘാടകരുടെ അജണ്ടയിലുള്ള കാര്യമല്ലെന്നുവേണം കരുതാന്‍.

തങ്ങളേറ്റെടുത്ത വലിയ ഉത്തരവാദിത്വവും തങ്ങളുടെ മേല്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസവും പൂര്‍ണാര്‍ഥത്തില്‍ നിറവേറ്റുക. അതിനാവശ്യമായവയെല്ലാം തങ്ങളുടെ മൂല്യബോധങ്ങളെ അടിയറവ് പറയാതെ തന്നെ നടപ്പാക്കുക. ഇത് മാത്രമാണവരുടെ മുന്നിലുള്ള ലക്ഷ്യമെന്ന് ഓരോ നടപടികളിലൂടെയും വ്യക്തമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ വഴികളും ആശയങ്ങളും അംഗീകരിക്കാന്‍ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്ന 'പുരോഗമന-വികസിത' ശൈലികളൊന്നും ഖത്തര്‍ സ്വീകരിക്കുന്നില്ലെന്നതാണ് അവരെ നിലപാടുകളുടെ മേല്‍ 'കരുത്തരാ'ക്കുന്ന പ്രധാന ഘടകം.

അബദ്ധമായിപ്പോയെന്ന് ബോധ്യപ്പെട്ട തങ്ങളുടെ ഉപരോധ നടപടിക്കൊരു പ്രായശ്ചിത്ത വ്രതമെന്നോണമായിരിക്കണം ലോകകപ്പ് നടത്തിപ്പില്‍ സഹകരിക്കാനായി തങ്ങളുടെ സ്വന്തം സൈന്യത്തെ വരെ ഈ സഹോദര രാഷ്ട്രങ്ങളില്‍ ചിലര്‍ ഖത്തറിലേക്കയച്ചതും.

അല്ലെങ്കിലും, കേവലം വിരലിലെണ്ണാവുന്ന, വര്‍ഷങ്ങള്‍ക്ക് മുന്നേ തങ്ങളുടെ അതിര്‍ത്തികള്‍ക്കു ചുറ്റുമുള്ള സഹോദര രാഷ്ട്രങ്ങള്‍ തന്നെ അതിര്‍ത്തികള്‍ക്ക് വേലികെട്ടി, ഉപരോധിച്ച് വരിഞ്ഞു മുറുക്കിയപ്പോള്‍പോലും പതറാതെ തലയുയര്‍ത്തിനിന്ന ഈ കൊച്ചുരാജ്യം ഇനിയാരുടേയെങ്കിലും കണ്ണുരുട്ടലിനുമുന്നില്‍ ചൂളിപ്പോകുമെന്നത് എത്ര വലിയ അസംബന്ധ ധാരണയാണ്. ഈത് അല്‍ ഉലാ ഉടമ്പടിയില്‍ ഒപ്പവെച്ച് പരസ്പരമാശ്ലേഷിച്ച രാഷ്ട്രത്തലവന്‍മാര്‍ക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ടാവും. അതിനാല്‍ തന്നെയാണല്ലോ, ഇത് തങ്ങളുടെ കൂടി ലോകകപ്പാണെന്ന് ജി.സി.സി തലവന്‍മാര്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും പ്രഖ്യാപിച്ചതും വിജയാശംസകള്‍ നേര്‍ന്നതും. അബദ്ധമായിപ്പോയെന്ന് ബോധ്യപ്പെട്ട തങ്ങളുടെ ഉപരോധ നടപടിക്കൊരു പ്രായശ്ചിത്ത വ്രതമെന്നോണമായിരിക്കണം ലോകകപ്പ് നടത്തിപ്പില്‍ സഹകരിക്കാനായി തങ്ങളുടെ സ്വന്തം സൈന്യത്തെ വരെ ഈ സഹോദര രാഷ്ട്രങ്ങളില്‍ ചിലര്‍ ഖത്തറിലേക്കയച്ചതും.

ഫലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ ഉറച്ച നിലപാടില്‍ മാറ്റം വരുത്താത്ത ഖത്തറിന്റെ, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണ ആശയത്തിന് ഒരു കോട്ടവും വരില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ടെല്‍അവീവില്‍നിന്ന് ദോഹയിലേക്ക് വിമാനം പറത്താന്‍ ഫിഫയോട് ഖത്തര്‍ സമ്മതം മൂളിയത്. അതും തങ്ങളുടെ സഹോദരങ്ങളായ ഫലസ്തീനികളേയും ആ വിമാനങ്ങളില്‍ ദോഹയിലേക്ക് കൊണ്ടുവരാന്‍ യാതൊരു തടസ്സവുമുണ്ടാവരുതെന്ന നിബന്ധനയോടെ മാത്രം. അല്ലെങ്കിലും, ഉയര്‍ന്ന മൂല്യങ്ങളും ഉറച്ച നിലപാടുകളുമുള്ള മനുഷ്യര്‍ ആദ്യം അവരുടെ മനസ്സില്‍ തന്നെ വിജയിച്ചവരായിരിക്കും. പക്ഷെ, മറ്റു പലര്‍ക്കും അതു ബോധ്യപ്പെട്ട് മനസ്സ് പാകപ്പെടാന്‍ അല്‍പം സമയം വേണ്ടി വന്നേക്കാം, അതും തുറന്ന മനസ്സുള്ളവര്‍ക്ക് മാത്രം.




TAGS :