Quantcast
MediaOne Logo

യു. അജിത്

Published: 5 Dec 2022 3:57 PM GMT

പൂക്കളും പഴങ്ങളുമുള്ള മരം പോലെ മസ്ജിദ്

ആത്മാവ് ഊരിയെടുത്ത കഥകളുടെ ചുറ്റികകള്‍ കൊണ്ടാണ് ബാബരി മസ്ജിദിനെ തകര്‍ത്തത്. ആ മസ്ജിദിനെ പ്രമോദ് രാമനും പക്ഷികളും ചേര്‍ന്ന് കഥയില്‍ കൊത്തിക്കൊത്തി ജീവനോടെ വീണ്ടും പണിയുന്നു. ഇലകളും പൂക്കളും പഴങ്ങളും ശാഖകളുമൊക്കെയുള്ള മരം പോലെയുള്ള ബാബരി മസ്ജിദില്‍ ഒരുപാട് പക്ഷികള്‍ അണയുന്നു. | പ്രമോദ് രാമന്‍ എഴുതിയ 'ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു' എന്ന കഥയുടെ വായന.

പൂക്കളും പഴങ്ങളുമുള്ള മരം പോലെ മസ്ജിദ്
X

ഓരോ കഥയും കവിതയും നമ്മുടെ ഭാവുകത്വത്തെ ഒന്ന് മാറ്റിയെഴുതുന്നുണ്ട്. ചിലത് വലിയ എഴുത്ത്. ചിലത് വളരെ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന എഴുത്ത്. എന്‍.എസ് മാധവന്റെ 'തിരുത്ത്' അങ്ങനെയൊരു തിരുത്തി എഴുത്തായിരുന്നു. 'ബാബരി മസ്ജിദ് തകര്‍ത്തു' എന്ന വലിയ അക്ഷരങ്ങളാല്‍ അന്ന് തിരുത്തപ്പെട്ട മലയാളിയുടെ കഥയെഴുത്തിനെ ഒന്നുകൂടി കൊത്തിത്തിരുത്താനാണ് പ്രമോദ് രാമന്റെ 'ബാബരി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു' എന്ന കഥയിലെ പക്ഷികള്‍ അണയുന്നത്.

മിഥ്യയുടെ പേശിക്കരുത്ത് കൊണ്ട് ബാബരി മസ്ജിദിനെ തകര്‍ക്കാന്‍ കഴിഞ്ഞുവെങ്കില്‍ അതവിടെ ഇനിയും സ്ഥാപിക്കാനും തഥ്യയുടെ ആവശ്യമില്ല എന്ന തിരുത്താണ് യഥാര്‍ഥ ജീവിതത്തിലെ മനുഷ്യര്‍ കഥാപാത്രങ്ങളായ ഈ യഥാതഥ കഥ വായനക്കാരില്‍ വരുത്തുന്നത്.


ബഷീറാണ് യഥാര്‍ഥ മനുഷ്യരെ കഥാപാത്രങ്ങളാക്കുന്ന ജൈവവിദ്യ നമ്മളെ പരിശീലിപ്പിച്ചു രസിച്ചത്, രസിപ്പിച്ചത്. ചരിത്രത്തിന്റെ പുതിയൊരിടനാഴിയില്‍ പ്രമോദിന് ആ രസം കടമെടുക്കേണ്ടി വരുന്നത് ഇന്ത്യയുടെ ഉഷ്ണമാപിനിയിലെ രസം ഏറ്റവും ഉയര്‍ത്തിയ പള്ളി പൊളിച്ചതിന് അനന്തരമായ കാലത്തെ ഊഷ്മാവ് കാട്ടാനാണ്. യഥാര്‍ഥ ജീവിതത്തിലെ മനുഷ്യരായ പ്രൊഫ. റൊമിള ഥാപ്പറുടെയും അഡ്വ. ആതിര പി.എമ്മിന്റെയും പക്ഷിവേഷങ്ങളോടൊപ്പം പുസ്തകത്താളിലിരുന്ന് ചിലച്ചു കൊണ്ട് കെ.എന്‍ പണിക്കര്‍, എ.ജി നൂറാനി എന്നിങ്ങനെ യഥാര്‍ഥ ലോകത്തിലെ ചരിത്ര പണ്ഡിതരും ഈ കഥയില്‍ അറിവിന്റെയും വേദനയുടെയും ആ രസവുമായി പറന്നിറങ്ങുന്ന പക്ഷികളാണ്.

ആതിരയെന്ന പക്ഷി, ഥാപ്പറെ ഫോണ്‍ ചെയ്ത് 'ബാബരി മസ്ജിദ് ഇപ്പഴും പൊളിയാതെ ആടയന്നെ ഇണ്ടെന്ന് പറേന്നത് ശരിയാണാ?' എന്ന് ചോദിക്കുന്നതോടെ ഥാപ്പര്‍ക്കും പക്ഷിപ്പകര്‍ച്ച ആയി തുടങ്ങുന്നു. അങ്ങനെയാണ് കഥ തുടങ്ങുന്നത്. ചരിത്രത്തിന് കുറുകെയും നെടുകെയും പറന്ന് തെളിവുകള്‍ കൊത്തിയെടുത്ത് കൂടുണ്ടാക്കുന്ന റൊമിളേച്ചിയെ കണ്ടാല്‍ ഒരു സുന്ദരിപ്പക്ഷിയുടെ ലുക്കുണ്ടെന്ന് ആതിര പറയുന്നുണ്ട്. മസ്ജിദ് അവിടെയുണ്ടോയെന്ന് നമുക്കൊന്ന് അയോധ്യയില്‍ പോയി നോക്കിയാലോ എന്ന ആതിരയുടെ ചോദ്യം അതുവരെ പഠിച്ച, പഠിപ്പിച്ച വസ്തുനിഷ്ഠ ചരിത്ര പാഠങ്ങളെ മുഴുവന്‍ അസാധുവാക്കുന്നത് പോലെ പ്രൊഫ. റൊമിളക്ക് തോന്നിയോ?


അഡ്വ. ആതിര പി.എം, പ്രൊഫ. റൊമിള ഥാപ്പര്‍

വാസ്തവത്തേക്കാള്‍ വലിയ വാസ്തവത്തിന്റെ ആകാശത്തിലേക്ക് ഈ പക്ഷികള്‍ നമ്മളെയും കൂട്ടുന്നു. മിഥ്യയുടെയും തഥ്യയുടെയും തുരുത്തുകളിലേക്ക് മാറിമാറി പറന്നിറങ്ങാന്‍ ആതിര റൊമിളയെ ക്ഷണിക്കുന്നു. നമ്മളെയും.

തകര്‍ക്കപ്പെടുന്ന കാഴ്ചയായി ബാബരി മസ്ജിദ്. തകരാതെ നില്‍ക്കുന്ന ബാബരി മസ്ജിദ്.

അക്കദമിക് ഭാവനയുടെയും നിഷ്‌കളങ്ക ഭാവനയുടെയും തുരുത്തുകള്‍ തമ്മിലെ അകലം അളന്ന് റൊമിളപ്പക്ഷി പറന്നു. 'റൊമിളാ ഥാപ്പര്‍ക്കും ഒരു നിമിഷം തോന്നി, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ടുണ്ടാകില്ലെന്ന്'

ഒരു വര്‍ഷം കൊണ്ട് കഥ അവസാനിക്കുന്നത് ഇങ്ങനെയും-

'ബാബരി മസ്ജിദ് ആരിക്കും പൊളിക്കാന്‍ കയ്യൂല റൊമിളേച്ചി. ഈ പുസ്തകം നമ്മളെ കയ്യില്ള്ള കാലത്തോളം പറ്റൂല...'

എന്ന് ആതിര പറയുമ്പോള്‍, ആ വാക്കുകളെ കാസര്‍ഗോഡന്‍ ഭാഷയില്‍ റൊമിള അണച്ചു പിടിക്കുമ്പോള്‍, വായിക്കുന്നയാളിന്റെ ഹൃദയവും നാഡികളും കണ്ണീര്‍ ഗ്രന്ഥികളാകുന്നു. സത്യത്തെ സ്‌നേഹസത്യം കൊണ്ട് പകരം വെക്കുന്നത് കാണുമ്പോള്‍ മനുഷ്യരില്‍ പൊട്ടുന്ന അകനീരിന്റെ ഉറവകള്‍.

റൊമൂ.. ആതൂ.. എന്നവര്‍ പരസ്പരം ചേര്‍ത്തു പിടിച്ചു.

പ്രതീക്ഷകളുമായുള്ള എക്കാലത്തെയും മനുഷ്യസഞ്ചാരങ്ങളുടെ പേരാകുന്നു ഈ യാത്രയ്‌ക്കെന്ന് യാത്രികര്‍ തിരിച്ചറിയുന്നു.


ആത്മാവ് ഊരിയെടുത്ത കഥകളുടെ ചുറ്റികകള്‍ കൊണ്ടാണ് ബാബരി മസ്ജിദിനെ തകര്‍ത്തത്. ആ മസ്ജിദിനെ പ്രമോദ് രാമനും പക്ഷികളും ചേര്‍ന്ന് കഥയില്‍ കൊത്തിക്കൊത്തി ജീവനോടെ വീണ്ടും പണിയുന്നു. ഇലകളും പൂക്കളും പഴങ്ങളും ശാഖകളുമൊക്കെയുള്ള മരം പോലെയുള്ള ബാബരി മസ്ജിദില്‍ ഒരുപാട് പക്ഷികള്‍ അണയുന്നു.

'ബാബ് രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു' എന്ന പേരില്‍ തന്നെയുള്ള കഥാസമാഹാരം ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


-

TAGS :