Quantcast
MediaOne Logo

Web Desk

Published: 18 Nov 2022 12:56 PM GMT

പ്രമോദ് രാമന്റെ രക്തവിലാസത്തിന് വി. വിജയകുമാറിന്റെ വിമര്‍ശന വായന

നോവലിലെ അരപ്പാത്തിമ, കൊളുമ്പിച്ചക്കര, നബീസ എന്നിവരുടെ കഥകളെ കൂടുതല്‍ സൂക്ഷ്മതയില്‍ സംഗ്രഹിച്ച് കഥകളായി എഴുതിയിരുന്നെങ്കില്‍ നല്ല കഥാസൃഷ്ടികളാകുമായിരുന്നുവെന്ന് വി. വിജയകുമാര്‍.

പ്രമോദ് രാമന്റെ രക്തവിലാസത്തിന് വി. വിജയകുമാറിന്റെ വിമര്‍ശന വായന
X

പ്രമോദ് രാമന്റെ 'രതിമാതാവിന്റെ പുത്രന്‍' എന്ന കഥാസമാഹാരത്തിലെ കഥകള്‍ പല കാരണങ്ങള്‍ കൊണ്ടും നവീനവും ഉജ്ജ്വലവുമായിരുന്നു. ലൈംഗികതയെ ഇത്രമാത്രം ആര്‍ജ്ജവത്തോടെ സാകല്യത്തില്‍ എഴുതാന്‍ മലയാളത്തിലെ മറ്റെഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. ആ വിഷയത്തിന്റെ പരിചരണത്തിന് വളരെ വ്യത്യസ്തമായ ഒരു ഭാഷയും ആ കഥാകാരന്‍ സൃഷ്ടിച്ചെടുത്തിരുന്നു. അപസ്മാരകം, തന്തത്താഴ് എന്നീ കഥകളിലും വളരെ നവീനനായ ഒരു കഥാകാരനെ എനിക്കു കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന ചില കഥകളില്‍ പുതിയ ഭാഷയ്ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ കൃത്രിമമായി തീരുന്നോ എന്ന ശങ്ക എന്നെ ബാധിച്ചിരുന്നു.

ഇപ്പോള്‍, കേരളത്തിലെ ഒരു മാധ്യമസ്ഥാപനം അദ്ദേഹത്തിന്റെ 'രക്ത വിലാസം' എന്ന നോവല്‍ എനിക്ക് അയച്ചു തന്നിരിക്കുന്നു. നോവലിന്റെ മാനങ്ങള്‍ കൈയ്യെത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു പുസ്തകമായിട്ടാണ് അത് എനിക്ക് അനുഭവപ്പെട്ടത്. അരപ്പാത്തിമ, കൊളുമ്പിച്ചക്കര, മുക്കാലോളം നബീസ എന്നിവരുടെ കഥകളെ കൂട്ടിവയ്ക്കുകയും കുറേക്കൂടി നീട്ടി ഭീമ കൊറെഗാവ് സംഭവങ്ങള്‍ വരെ എത്തിക്കുകയും ചെയ്യുന്ന ഒരു ഇതിവൃത്തഘടനയാണ് ഈ രചനയ്ക്കുള്ളത്. പരസ്പരം ഇണക്കാന്‍ തലമുറബന്ധങ്ങള്‍ മാത്രം പോരല്ലോയെന്നു നമുക്കു തോന്നിക്കുന്നിടത്തോളം കൃത്രിമമായ ഒരു കണ്ണിചേര്‍ക്കലാണ് ഇവരുടെ കഥകള്‍ തമ്മിലുള്ളത്.


ഓരോരുത്തരുടെയും ജീവിതത്തിലെ ചില സംഭവങ്ങളെ ആകര്‍ഷകമായും പുതുമയോടെയും പറയാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ടെങ്കിലും സാകല്യത്തില്‍ ഒരു നോവല്‍ എന്ന നിലയില്‍ അതു വിജയകരമാകുന്നില്ല. അരപ്പാത്തിമ, കൊളുമ്പിച്ചക്കര, നബീസ എന്നിവരുടെ കഥകളെ കൂടുതല്‍ സൂക്ഷ്മതയില്‍ സംഗ്രഹിച്ച് കഥകളായി എഴുതിയിരുന്നെങ്കില്‍ നല്ല കഥാസൃഷ്ടികളാകുമായിരുന്നുവെന്ന തോന്നലും എനിക്കുണ്ട്. ഭീമ കൊറെഗാവ് സംഭവങ്ങളെ വിമര്‍ശിക്കുന്നതിനു ഉതകുന്ന കഥാസന്ദര്‍ഭങ്ങളെ സൃഷ്ടിക്കാന്‍ നോവലിസ്റ്റിനു കഴിയുന്നില്ല. രാഷ്ട്രീയമായ കൃത്യതക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ കൃത്രിമരചനകളുടെ സൃഷ്ടിക്കാണ് പലപ്പോഴും വഴിയൊരുക്കുന്നത്.

(വി. വിജയകുമാര്‍ ഫെയ്‌സബുക്കില്‍ എഴുതിയത്)

TAGS :