MediaOne Logo

കിരണ ഗോവിന്ദന്‍

Published: 23 Jan 2023 3:31 PM GMT

പൊതുബോധത്തെ തിരുത്തിയെഴുതുന്ന ആയിഷ

വളരെ ലളിതമായ ഒരു ഇമോഷണല്‍ ഡ്രാമയാണ് ആയിഷ. ശക്തമായ അടിത്തറയുള്ള ആഖ്യാന ശൈലിയാണ് സിനിമയുടെ നട്ടെല്ല്. പ്രധാനമായും സമൂഹത്തിന്റെ രണ്ട് പൊതുബോധങ്ങളെയാണ് സംവിധായകന്‍ സിനിമയിലൂടെ തിരുത്തിയത്. ആദ്യത്തേത് ഇസ്‌ലാമിലെ സ്ത്രീകളുടെ തുല്യതയെ കുറിച്ചാണെങ്കില്‍ മറ്റൊന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ അവസ്ഥയാണ്.

പൊതുബോധത്തെ തിരുത്തിയെഴുതുന്ന ആയിഷ
X

മുസ്ലിം സ്ത്രീകളുടെ ജീവിതത്തെ കുറിച്ചുള്ള പൊതുബോധം തിരുത്തുകയാണ് നവാഗത സംവിധായാകനായ ആമിര്‍ പള്ളിക്കലിന്റെ ആയിഷ. മതം അനുശാസിക്കുന്നതെന്ന് കരുതി മതത്തിലുള്ളവര്‍ തന്നെ ശീലിച്ചു പോരുന്ന ചില അനീതികള്‍ കൂടി അനാവരണം ചെയ്യുകയാണ് സിനിമ. ചിലതൊക്കെ പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആണെന്നും മതം സ്ത്രീയെ അടച്ചു പൂട്ടിയിടുന്നില്ലെന്നും ആയിഷ പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും 'പെണ്ണിന് മാത്രമായി ഒരു തെറ്റുമില്ല' എന്ന് പറയുന്നിടത്താണ് ആയിഷ എന്ന സിനിമയുടെ രാഷ്ട്രീയം. അതിനായി സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ തെരഞ്ഞെടുത്തതാകട്ടെ ഏഷ്യയിലെ തന്നെ കരുത്തയായ മുസ്‌ലിം വനിതയുടെ കഥയും.

പ്രവാസമെന്നാല്‍ ബെന്യാമിന്റെ ആടുജീവിതമാണ് പലര്‍ക്കും. അങ്ങനെയൊന്നില്ല എന്നല്ല, മറിച്ച് അത് മാത്രമല്ല ഗള്‍ഫ് രാജ്യമെന്ന് സംവിധായകന്‍ പറയുന്നു. അതിഥികളോട് എന്തിനാണ് വന്നതെന്ന് പോലും ചോദിക്കാതെ അവരെ സ്വീകരിക്കുന്ന പാരമ്പര്യമാണ് അറബികളുടേതെന്നു സിനിമയിലെ കഥാപാത്രം പറയുന്നുണ്ട്. അറബികളുടെ വിലമതിക്കാനാവാത്ത ഹൃദയ വിശാലതയും ആദിത്യ മര്യാദയുമാണ് സിനിമയിലുടനീളവും.

ടി.വി കാണുന്നത് പോലും വിലക്കപ്പെട്ട സമുദായത്തില്‍ നിന്നാണ് നിലമ്പൂര്‍ ആയിഷ എന്ന കരുത്തയായ സ്ത്രീ അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തന്റെ പതിമൂന്നാമത്തെ വയസ്സില്‍ വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചിതയാവുകയുംചെയ്ത ഒരു സാധാരണ സ്ത്രീ. പിന്നീട് അങ്ങോട്ട് ജീവിതം തന്നെ ഇല്ല എന്ന് തോന്നുന്നിടത്തു നിന്നാണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ അവര്‍ പറന്നുയര്‍ന്നത്. ഒട്ടും എളുപ്പമല്ലായിരുന്നു ആ ഉയര്‍ച്ച. പല വിലക്കുകളും മറികടന്ന് കലയിലൂടെയും രാഷ്ട്രീയത്തിലൂടെയും 1950കളില്‍ സ്ത്രീകള്‍ക്ക് ഊര്‍ജമായ ചരിത്രമാണ് നിലമ്പൂര്‍ ആയിഷക്കുള്ളത്.

ആണിന് ചെയ്യാവുന്നതെല്ലാം സാമൂഹികപരമായി പെണ്ണിനും സാധിക്കുമെന്ന് ആ കാലത്ത് തെളിയിച്ച സ്ത്രീയാണ് നിലമ്പൂര്‍ ആയിഷ. അവരുടെ ജീവിത കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മഞ്ജു വാര്യര്‍ അഭിനയിച്ച ആയിഷ എന്ന സിനിമയുടെ കഥ ഉരുതിരിയുന്നത്. സിനിമ ഒരിക്കലും ഒരു ബയോപിക് അല്ല, നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ ഒരു ഏട് മാത്രമാണ്. കലാ ജീവിതത്തിനുമപ്പുറമുള്ള നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ ഒരു ഏട്.


സ്ത്രീപക്ഷ രാഷ്ട്രീയവും നിലപാടും പറയണമെങ്കില്‍ അതിന് സാമാന്തര സിനിമയുടെ പിന്‍ബലം വേണമെന്നില്ല. മറിച്ച് എന്റെര്‍റ്റെയ്‌നര്‍-കോമേഴ്ഷ്യല്‍ സിനിമകളിലൂടെയും ആകാമെന്ന് പലകുറി മലയാള സിനിമ തെളിയിച്ചതാണ്. വളരെ ലളിതമായ ഒരു ഇമോഷണല്‍ ഡ്രാമയാണ് ആയിഷ. ശക്തമായ അടിത്തറയുള്ള ആഖ്യാന ശൈലിയാണ് സിനിമയുടെ നട്ടെല്ല്. പ്രധാനമായും സമൂഹത്തിന്റെ രണ്ട് പൊതുബോധങ്ങളെയാണ് സംവിധായകന്‍ സിനിമയിലൂടെ തിരുത്തിയത്. ആദ്യത്തേത് ഇസ്‌ലാമിലെ സ്ത്രീകളുടെ തുല്യതയെ കുറിച്ചാണെങ്കില്‍ മറ്റൊന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ അവസ്ഥയാണ്. പ്രവാസമെന്നാല്‍ ബെന്യാമിന്റെ ആടുജീവിതമാണ് പലര്‍ക്കും. അങ്ങനെയൊന്നില്ല എന്നല്ല, മറിച്ച് അത് മാത്രമല്ല ഗള്‍ഫ് രാജ്യമെന്ന് സംവിധായകന്‍ പറയുന്നു. അതിഥികളോട് എന്തിനാണ് വന്നതെന്ന് പോലും ചോദിക്കാതെ അവരെ സ്വീകരിക്കുന്ന പാരമ്പര്യമാണ് അറബികളുടേതെന്നു സിനിമയിലെ കഥാപാത്രം പറയുന്നുണ്ട്. അറബികളുടെ വിലമതിക്കാനാവാത്ത ഹൃദയ വിശാലതയും ആദിത്യ മര്യാദയുമാണ് സിനിമയിലുടനീളവും.

അറബികള്‍ക്ക്, പ്രത്യേകിച്ചും സൗദികള്‍ക്ക് ഇങ്ങനെയൊരു മുഖമുണ്ടോ എന്ന് തിയേറ്ററിലിരുന്ന് പലരും നെറ്റി ചുളിച്ചേക്കാം. നമ്മള്‍ കണ്ടതും കേട്ടതുമായ കഥകളിലെല്ലാം അങ്ങനെയാണല്ലോ. മരുഭൂമിയിലെ കൊടും ചൂടിനെക്കാള്‍ ക്രൂരമായ കഥകളാണ് പല സിനിമകളിലൂടെയും നാം കണ്ടത്. നാട്ടിലെ ചുരുക്കം ചിലരല്ലാത്തവര്‍ക്കെല്ലാം പ്രവാസ ജീവിതം നല്ലൊരു ഓര്‍മയെ അല്ല. അങ്ങനെയല്ലാത്തൊരു കഥ മലയാളികളെ ബന്ധിപ്പിക്കുകയെന്നാല്‍ ശ്രമകരവുമായിരുന്നു ഇക്കാലമത്രയും. അറേബ്യന്‍ നാടുകളിലെ ക്രൂരതകള്‍ നന്നായി വിറ്റുപോകുന്ന മലയാള സിനിമയില്‍ ഗള്‍ഫ് നാടിന്റെ മറ്റൊരു മുഖം പറയാന്‍ വന്ന ആമിര്‍ പള്ളിക്കലിന്റെ ധൈര്യം കയ്യടി അര്‍ഹിക്കുന്നുണ്ട്. ഒപ്പം മലയാള സിനിമയില്‍ ഒരു ഇരിപ്പിടവും.

ജാതിയോ മതമോ ദേശമോ ഭാഷയോ പ്രായമോ എന്നതിനുമപ്പുറം മനുഷ്യ വികാരങ്ങളെല്ലാം ഒന്നാണെന്ന് മുന്‍പും പല സിനിമകളിലൂടെയും കണ്ടതാണ്. ചിത്രത്തിന്റെ നിര്‍മാതാവായ സകരിയ തന്നെ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ അത്തരം സ്‌നേഹത്തിന്റെ നന്മ നമ്മള്‍ മുന്‍പും അനുഭവിച്ചതാണ്. അതിര്‍വരമ്പുകളില്ലാതെയുള്ള രണ്ടുപേരുടെ ആത്മബന്ധത്തെ തീക്ഷ്ണമായി വീണ്ടും കാണിച്ചു തരികയാണ് സുഡാനിക്ക് ശേഷം ആയിഷ. കഥാപാത്രം പറയുന്നത് പോലെ സ്‌നേഹത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. അതിന്റെ ശക്തി ഒഴിച്ച്. ആ ശക്തിയാണ് ആയിഷയിലൂടെയും മാമയിലൂടെയും പ്രേക്ഷരിലേക്ക് ഒഴുകുന്നത്.


ആയിഷയായി മഞ്ജു വാര്യരുടെ പ്രകടനം അഭിനന്ദനീയമാണ്. ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെയും ജീവിതം ഉരുക്കിയെടുത്ത സ്ത്രീയെന്ന നിലയില്‍ നിലമ്പൂര്‍ ആയിഷയുടെ കഥാപാത്രത്തോട് നീതി കാണിക്കാന്‍ മഞ്ജുവിനായി. വൈകാരികതയ്ക്കും നൃത്തത്തിനും വളരെ പ്രാധാന്യമുള്ള സിനിമയില്‍ മഞ്ജു നിറഞ്ഞു നിന്നു എന്ന് തന്നെ പറയാം. മുന്‍പെവിടെയും ഇത്ര മനോഹരമായി അറബിക് സംഗീതം അനുഭവിച്ചിരുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ കഥയോട് ചേര്‍ന്ന് നിന്നഅറബിക് സംഗീതത്തിന്റെ നിഷ്‌കളങ്കത ഭാഷ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് ഒഴുകുമെന്ന് ഉറപ്പ്. അന്താരാഷ്ട്ര സിനിമകള്‍ക്കൊപ്പം കിടപിടിക്കാന്‍ കഴിയുന്ന ചിത്രീകരണ മികവ് കൂടി ചേര്‍ന്നപ്പോള്‍ ആയിഷ ഒരു അസ്സല്‍ ക്ലാസ്സ് ഇന്‍ഡോ അറബിക്, പാന്‍ ഇന്ത്യന്‍ സിനിമയായി.


TAGS :