Quantcast
MediaOne Logo

അലി കൂട്ടായി

Published: 17 March 2023 6:21 AM GMT

തുറമുഖം തുറക്കുന്ന ചരിത്രം

കഥാപാത്രങ്ങളുടെ പ്രകടനമാണ് തുറമുഖത്തിന്റെ പ്രധാന പോസിറ്റീവ്. ഓരോ കഥാപാത്രങ്ങള്‍ക്കും സ്പേസ് കൊടുത്ത് അവരുടെ പെര്‍ഫോമന്‍സ് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാരക്ടറുകളുടെ പ്ലേസിങ്.

തുറമുഖം തുറക്കുന്ന ചരിത്രം
X

കൊച്ചി തുറമുഖത്തെ തൊഴിലാളികളെ അടിമകളെപോലെ ചാപ്പ സമ്പ്രദായത്തിന് കീഴെ പണിയെടുപ്പിച്ചിരുന്നതും ഇതിനെതിരെ തൊഴിലാളികള്‍ തെരുവിലിറങ്ങിയതും നെഞ്ചില്‍ വെടിയുണ്ടയേറ്റ് പിടഞ്ഞതും മറവിക്ക് വിട്ടുകൊടുത്ത ചരിത്രം. ഇങ്ങനെ ഒരു ഭൂതകാലത്തിന്റെ മുറിവുകള്‍ ഉളള മണ്ണായിരുന്നു മട്ടാഞ്ചേരി എന്ന് ഓര്‍മപ്പെടുത്തിയത് ഒരു നാടകമായിരുന്നു; തുറമുഖം. ഇപ്പോഴിതാ, നടുക്കുന്ന ആ ദിവസത്തെയും ആ ചരിത്രവും അഭ്രപാളിയിലേക്ക് പകര്‍ത്തിയെഴുതിയിരിക്കുയാണ് രാജീവ് രവി. തുറമുഖം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് അതിന്റെ റിലീസ് തിയതി പലതവണ മാറ്റിയപ്പോഴായിരുന്നു. നിര്‍മതാവിനെതിരെ താരങ്ങളും ടെക്‌നീഷ്യന്‍മാരും രംഗത്തുവന്നത് വിവാദമാവുകയും ചെയ്തു. എന്തായാലും പ്രതിസന്ധികളെ അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി.

രാജീവ് രവി സിനിമകള്‍ക്ക് കുറച്ചധികം ആരാധകര്‍ സിനിമപ്രേമികള്‍ക്കിടയിലുണ്ട്. കമ്മട്ടിപ്പാടവും അന്നയും റസൂലും ഞാന്‍ സ്റ്റീവ് ലോപ്പസുമൊക്കെയാണ് ഈ ആരാധകരെ അദ്ദേഹത്തിനൊപ്പം കൂട്ടിയത്. മലയാളത്തിലെ മറ്റു സംവിധായകരില്‍ നിന്ന് ഭിന്നമായി തന്റെ ചിത്രങ്ങളില്‍ ഒരു സ്റ്റൈല്‍ തുന്നിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അത് മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് തിരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാവണം തുറമുഖത്തിന്റെ റിലീസ് പല തവണ മാറ്റിയപ്പെഴും ചിത്രത്തിനായി സിനിമാസ്വാദകര്‍ കഷമയോടെ കാത്തിരുന്നതും.

ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതുമുതല്‍ പലരും ചിത്രത്തെ കമ്മട്ടിപ്പാടവുമായി താരതമ്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. മേക്കിങ്ങില്‍ ചെറിയ സാമ്യതയുണ്ടെങ്കിലും പറയുന്ന രാഷ്ട്രീയത്തിലാണ് രണ്ടും രണ്ട് ചിത്രമായി നില്‍ക്കുന്നത്. ഒന്ന് മണ്ണിന്റെ കഥയും മറ്റൊന്ന് വിയര്‍പ്പിന്റേതുമാണ്. പക്ഷേ, രണ്ടും ജീവിക്കാനായി പൊരുതുന്നവന്റെ കഥ തന്നെയാണ്. കൊച്ചി തുറമുഖത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒരു പറ്റം തൊഴിലാളികളുടെയും അവരുടെ ചെറുത്തുനില്‍പ്പിന്റെയും കഥയ്ക്ക് സമാന്തരമായി തുറമുഖത്തെ തൊഴിലാളികളില്‍ ഒരാളായ മട്ടാഞ്ചേരി മൊയ്തുവിന്റെയും കുടുംബത്തിന്റെയും കഥയും പറഞ്ഞുപോവുകയാണ് ചിത്രം.

മട്ടാഞ്ചേരി വെടിവെപ്പ്

കേരളത്തിലെ സംഘടിത തൊഴിലാളി ചരിത്രത്തിലെ ധീരവും രക്തഭരിതവുമായ അധ്യായമായിരുന്നു തുറമുഖ തൊഴിലാളി സമരങ്ങള്‍. അടിമത്വ സമ്പ്രദായത്തിന് സമാനമായിരുന്നു തുറമുഖത്തെ ജോലി, ന്യായമായ കൂലിയില്ലാതെ 12 മണിക്കൂര്‍ പണിയെടുക്കണം അസംതൃപ്താരായ തൊഴിലാളികള്‍ക്ക് സമരമല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.


കേരളത്തിലെ തൊഴിലാളി സമരങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും, എന്നാല്‍ മറവിയിലേക്ക് ആണ്ടുപോയത് കൂടിയായിരുന്നു കൊച്ചി തുറമുഖത്തെ തൊഴിലാളിസമരം. 1953 സെപ്തംബര്‍ 15 ന് മട്ടാഞ്ചേരി ഉണര്‍ന്നത് വെടിയൊച്ചകള്‍ കേട്ടാണ്. തൊഴിലാളികളുടെ ചോര പരന്നൊഴുകിയ മട്ടാഞ്ചേരി ചന്ത സമാനതകളില്ലാത്ത ഒരു തൊഴിലാളി സമരത്തിനാണ് സാക്ഷ്യം വഹിച്ചത്. അന്തസ്സോടെ ജീവിക്കാന്‍ വേണ്ടി കൂടിയാണ് അന്നവര്‍ തെരുവിലിറങ്ങിയത്.

തൊഴിലാളികളെ അടിമകളെ പോലെ കണ്ടിരുന്ന കമ്പനിയും മുതലാളിമാരും തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തപ്പോഴാണ് അവര്‍ ചെങ്കൊടിയേന്തി സമരത്തിനിറങ്ങിയത്. ഇതിനെ തോക്ക് കൊണ്ടാണ് ഭരണകൂടം നേരിട്ടത്. അതില്‍ തൊഴിലാളികള്‍ക്ക് നഷ്ടമായത് കൂട്ടത്തിലെ മൂന്നുപേരുടെ ജീവനാണ്. സെയ്ദ്, സെയ്ദാലി, ആന്റണി. പ്രാകൃതമായ ചാപ്പ സമ്പ്രദായം നിര്‍ത്തലാക്കാനാണ് അന്നവര്‍ ജീവന്‍ കൊടുത്തത്.

കെ.എസ് ചിദംബരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ തുറമുഖം' എന്നൊരു നാടകം മാത്രമാണ് 53 ലെ മട്ടാഞ്ചേരി കലാപത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന ഒരു കലാസൃഷ്ടി. ആ നാടകത്തെ സ്വതന്ത്രമായി സിനിമയിലേക്കു തിരക്കഥയെഴുതി പറിച്ചുനടേണ്ട ജോലി ഏറ്റെടുത്തത് കെ.എസ് ചിദംബരന്റെ മകന്‍ ഗോപന്‍ ചിദംബരമാണ്. മട്ടാഞ്ചേരി വെടിവെപ്പിനെ കുറിച്ച് ഇറങ്ങിയ നാടകം കൊച്ചിയെ മാത്രമല്ല പുളകം കൊള്ളിച്ചത്. അരങ്ങിലെത്തിയ ഓരോ കഥാപാത്രങ്ങളും 53 ലെ സമരപോരാട്ടത്തിന്റെ തീക്കനല്‍ ആവാഹിച്ചതുകൊണ്ടുകൂടിയായിരുന്നു നാടകത്തിന് അങ്ങനെ ഒരു ജീവന്‍ ലഭിക്കാന്‍ കാരണം.


നാടകത്തില്‍ നിന്നും മാറി മട്ടാഞ്ചേരി വെടിവെപ്പിന് സിനിമയുടെ ചട്ടക്കൂടിനുള്ളിലേക്ക് മാറ്റുക എന്നുള്ളത് രാജീവ് രവി എന്ന സംവിധായകന് ഭാരിച്ച ജോലിയായിരിക്കില്ല; ഡോക്യുമെന്ററിയാകാനും പാടില്ലല്ലോ. പീരിയഡ് ഡ്രാമകള്‍ ഏറെ ഭംഗിയായി സ്‌ക്രീനിലെത്തിക്കാന്‍ കഴിയുന്ന സംവിധായകനാണ് താനെന്ന് അദ്ദേഹം മുന്‍പും തെളയിച്ചിട്ടുണ്ടല്ലോ. അത് തുറമുഖത്തിലും കാണാം. യഥാര്‍ഥ കഥയെ അതിന്റെ അന്തസത്ത ചോരാതെ സിനിമയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങളുടെ പ്രകടനമാണ് തുറമുഖത്തിന്റെ പ്രധാന പോസിറ്റീവ്, ഓരോ കഥാപാത്രങ്ങള്‍ക്കും സ്പേസ് കൊടുത്ത് അവരുടെ പെര്‍ഫോമന്‍സ് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാരക്ടറുകളുടെ പ്ലേസിങ്. രാജീവ് രവി സിനിമകളുടെ ഒരു പ്രത്യേകത കൂടിയാണിത്. അദ്ദേഹം കഥാപാത്രങ്ങള്‍ക്ക് കൊടുക്കുന്ന ഡെപ്ത് അത്ര വലുതാണ്. ചിത്രത്തില്‍ പൂര്‍ണിമയുടെ കഥാപാത്രമാണ് വേറിട്ടു നില്‍ക്കുന്നത്. ചിത്രത്തിലെ ഏറ്റവും ശക്തയായ കഥാപാത്രങ്ങളില്‍ ഒന്ന്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പല കാലഘട്ടങ്ങളെ മികവോടെ അവതരിപ്പിക്കുന്നുണ്ട് പൂര്‍ണിമ. യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും നിസ്സഹായരായ ഇരകള്‍ എപ്പോഴും സ്ത്രീകളും കുട്ടികളുമാണെന്നു പറയാറുണ്ട്. ആ ദൈന്യതയെ കണ്ണുകളിലേക്ക് ആവാഹിക്കാന്‍ പൂര്‍ണിമ അവതരിപ്പിച്ച ഉമ്മയുടെ കഥാപാത്രത്തിനാവുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷമുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമായി രേഖപ്പെടുത്തുകയാണ് പൂര്‍ണിമ. നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് എന്നിവരും മികച്ച പ്രകടവുമായി ചിത്രത്തില്‍ നിറയുന്നുണ്ട്.


കാലഘട്ടത്തിനനുസരിച്ച് സിനിമയുടെ ഫ്രെയിമുകള്‍ ഒരുക്കിയ ആര്‍ട്ടാണ് ചിത്രത്തിന് ബിഗ് സ്‌ക്രീനില്‍ മിഴിവ് നല്‍കുന്നത്. 1930 നെയും 1950നെയും അത്ര വിശ്വസ്യതയോടെ ഗോകുല്‍ ദാസും സംഘവും റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതായത് കൊച്ചി തുറമുഖത്തെ ചരക്കിറക്കുന്നതും മട്ടാഞ്ചേരി ചന്തയും, അങ്ങനെ എഴുപത് വര്‍ഷം മുമ്പത്തെ കേരളത്തെ ഒരുക്കിവെച്ചിട്ടുണ്ട്. സെറ്റിട്ടതാണെന്ന് തോന്നാത്ത രീതിയില്‍ മൈന്യൂട്ടായ പ്രോപ്പര്‍ട്ടിയിലും ഗോകുല്‍ ശ്രദ്ധിച്ചിട്ടുണ്ട്.

സംവിധായകന്‍ തന്നെ ക്യാമറക്ക് പിന്നില്‍ നില്‍ക്കുന്നതിന്റെ ഗുണം നല്ലതുപോലെ അനുഭവിച്ച ചിത്രം കൂടിയാണ് തുറമുഖം. രാജീവ് രവി എന്ന ഛായഗ്രഹകനായിരിക്കും കൂടുതല്‍ ആരാധകരുണ്ടാവുക. അത്തരം രാജീവ് രവി ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ഫ്രെയിമുകള്‍ കൊണ്ട് സമ്പമാണ് ചിത്രം. മറ്റൊന്ന് കളര്‍ ഗ്രേഡിങ്ങാണ്. കോള്‍ഡ് കളര്‍ ഗ്രെഡില്‍ നിന്ന് ചിത്രം കാലം മാറുന്നതനുസരിച്ച് വാമായി വരുന്നുണ്ട്. വസ്ത്രാലങ്കാരവും മറ്റൊരു ആകര്‍ഷക ഘടകമാണ്.

നാടകത്തിന് വേണ്ടി എഴുതിയ കഥ സിനിമാ രൂപത്തിലേക്ക് മാറ്റിയതിന്റെ പ്രശ്‌നങ്ങള്‍ ചിലയിടങ്ങളില്‍ കാണാമെങ്കിലും നല്ല കാഴ്ചയ്ക്ക് ഇത് തടസ്സമല്ല. തുറമുഖ സമരത്തിന്റെ തീവ്രത അതുപോലെ പ്രേക്ഷകരിലേക്കും എത്തിക്കാന്‍ കഴിയുന്നുണ്ട്. രാജീവ് രവി ഇനിയും സിനിമകള്‍ ചെയ്യും. പക്ഷേ, തുറമുഖം എപ്പോഴും വേറിട്ടു നില്‍ക്കും. കാരണം, എന്റര്‍ടെയിനര്‍ വാല്യുവിനും കൊമേഴ്‌സ്യല്‍ വാല്യുവിനും വേണ്ടി സിനിമ ഒരിടത്തും അതിന്റെ ഗൗരവപൂര്‍വമായ സമീപനത്തോട് കോംപ്രമൈസ് ചെയ്യുന്നില്ല. അതു കൊണ്ടുതന്നെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായി 'തുറമുഖ'ത്തെ കാണാനുമാവില്ല. ഒപ്പം ഇത് മറന്നുകൂടാത്ത ഒരു ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്. മട്ടാഞ്ചേരിയില്‍ തൊഴിലാളികള്‍ക്കെതിരെ ഉയര്‍ന്ന ഇനിയും നിലക്കാത്ത വെടിയൊച്ചകളെ കൂടിയാണത് ഓര്‍മിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ രാജീവ് രവിയും ഗോപന്‍ ചിദംബരവും സുകുമാറും തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നുണ്ട്.


TAGS :