Quantcast
MediaOne Logo

വി.കെ ഷാഹിന

Published: 20 Dec 2023 10:48 AM GMT

തടവ്: ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കഥ

സിനിമയെന്നത് കാഴ്ചകളിലൂടെയുള്ള സംവേദനം ആണെങ്കില്‍ പ്രേക്ഷകന് 'തടവ് ' എന്ന സിനിമ കാഴ്ചയുടെ ഒരു പൂരമായി മാറി എന്നതാണ് സിനിമയുടെ മേന്മ. സിനിമയുടെ തുടക്കത്തിനും ക്ലൈമാക്‌സിനുമുള്ള കൃത്യമായ ബന്ധവും പരിണാമഗുപ്തിയും ഏതുതരം പ്രേക്ഷകന്റെയും ആസ്വാദന നിലവാരത്തെ മാനിക്കുന്നതാണ്.

ഫാസില്‍ റസാഖ് സംവിധാനം ചെയ്ത് തടവ്
X

മികച്ച ഹ്രസ്വ ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും രാജ്യാന്തര ചലച്ചിത്രമേളകളില്‍ സാന്നിധ്യമായ രണ്ടു ഹ്രസ്വചിത്രങ്ങളുമായി സിനിമാ ലോകത്ത് മേല്‍ വിലാസം കുറിച്ചയാളാണ് ഫാസില്‍ റസാഖ് എന്ന പട്ടാമ്പിക്കാരന്‍. 'പിറ' എന്ന ഹ്രസ്വ ചലച്ചിത്രം ഒരു മുഴുനീള ചലച്ചിത്രത്തിനുള്ള ശക്തമായ പ്രമേയമായിരുന്നു കൈകാര്യം ചെയ്തത്. ഒരു മുസ്‌ലിം പെണ്‍കുട്ടി തന്റെ ജീവിതം സ്വയം കെട്ടിപ്പടുക്കുന്നതാണ് ആ സിനിമയിലെ പ്രമേയം. തട്ടമിടാത്തതിന് തല മൊട്ടയടിച്ച വാപ്പയോടുള്ള ഭയം പ്രായപൂര്‍ത്തിയാകും വരെ അവളെ വേട്ടയാടിയിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഒരു വിവാഹാലോചന വന്നപ്പോള്‍ തന്ത്രപൂര്‍വ്വം പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമമാണ് അവള്‍ നട ത്തുന്നത്. ഫാസിലിന്റെ 'അതിര്' എന്ന ഹ്രസ്വചിത്രവും ശ്രദ്ധേയമായിരുന്നു.

ഫാസില്‍ റസാഖിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ് തടവ്. ഫാസിലിനെ പോലെ തന്നെ സിനിമ രംഗത്ത് വലിയ അനുഭവ പരിചയം അവകാശപ്പെടാനില്ലാത്ത യുവാക്കളാണ് ഈ സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍. പാലക്കാടാണ് സിനിമയുടെ ലൊക്കേഷന്‍. മലയാള സിനിമയ്ക്ക് പ്രകൃതി ഭംഗി എന്നും കനിഞ്ഞനുഗ്രഹിക്കുന്ന പാലക്കാടിന്റെ നെല്‍വയലുകളും വലിയ കുളങ്ങളും ഗ്രാമീണ ഭംഗിയും നാടന്‍ മനുഷ്യരും ഈ സിനിമയിലും കടന്നുവന്നിട്ടുണ്ട്. രണ്ടു പ്രാവശ്യം വിവാഹമോചനം നടത്തിയിട്ടുള്ള ഒരു അംഗന്‍വാടി അധ്യാപികയാണ് ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സിനിമ തുടങ്ങുന്നത് തന്നെ വക്കീലിന് കൊടുക്കാനുള്ള പണത്തിന്റെ ആവശ്യത്തിനായി സ്വര്‍ണ്ണം പണയം വയ്ക്കുന്നതിനായി ഗീത ഒരു സ്വകാര്യ ബാങ്കിലേക്ക് മകളോടൊപ്പം പോകുന്ന സീനോടു കൂടിയാണ്. ഏകദേശം പത്തു വയസ്സുള്ള ആ പെണ്‍കുട്ടി ബാങ്കിലിരിക്കുമ്പോള്‍ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ സിനിമയുടെ കഥാഗതിയെ ആകെ സ്വാധീനിക്കുന്നുണ്ട്.


മകളുടെ സംരക്ഷണം ഗീതയ്ക്കായിരുന്നു. പക്ഷേ, വിവാഹമോചിതനായ ഭര്‍ത്താവ് കേസു പറഞ്ഞ് മകളെ കൂട്ടിക്കൊണ്ടു പോകുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ഹംസയും സ്‌ക്കൂള്‍ അദ്ധ്യാപികയായ അനിത എന്ന ഒരു സുഹൃത്തുമാണ് ഗീതയ്ക്ക് പിന്തുണയുമായി എല്ലായ്‌പോഴും കൂടെയുള്ളത്. സ്വന്തം വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന ഗീത മകളുടെ പിറന്നാളിന് പലഹാരമൊക്കെ ഉണ്ടാക്കി അവളുടെ സ്‌കൂളിലും സുഹൃത്തുക്കള്‍ക്കും കൊണ്ടുപോയി കൊടുക്കുന്നുണ്ട്. മുന്‍ ഭര്‍ത്താവില്‍ നിന്നും ഇതിന്റെ പേരില്‍ അവള്‍ക്ക് മര്‍ദ്ദനവും ഏല്‍ക്കുന്നുണ്ട്. ഗീതയെ ആദ്യം വിവാഹം കഴിച്ചിരുന്ന മനുഷ്യനും ആ വിവാഹത്തിലുണ്ടായ മകള്‍ നീതുവും ആ നാട്ടില്‍പുറത്തു തന്നെയാണ് താമസിച്ചിരുന്നത്. നീതു ഏകദേശം യൗവന പ്രായത്തിലെത്തിയിരിക്കുന്നു. അയാളുടെ പലചരക്ക് കടയില്‍ നിന്നും സാധനങ്ങളുമായി മകള്‍ അമ്മയെ കാണാന്‍ ഇടയ്ക്കിടെ എത്തുന്നുണ്ട്. ആദ്യ ഭര്‍ത്താവിന് തനിക്കുണ്ടായ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ഗീതയെ വിവാഹമോചനം ചെയ്തതില്‍ ഇപ്പോഴും വിഷാദമുണ്ട്. അയാള്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുമില്ല. ഗീത ടീച്ചര്‍ക്ക് അംഗന്‍വാടിയിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്ന സുജിത്ത് അവരുടെ മകളായ നീതുവിനെ പ്രണയിക്കുന്നുണ്ട്. അംഗന്‍വാടിയിലെ കുട്ടികളെ ലാളിക്കുകയും സ്‌നേഹിക്കുകയും ചെയ്ത് തന്റെ ദുഃഖങ്ങള്‍ അകറ്റുവാന്‍ ശ്രമിക്കുന്ന ഗീതയ്ക്ക് പാട്ടു പാടുവാനും നാടകത്തില്‍ അഭിനയിക്കാനും ഒക്കെ നല്ല കഴിവുണ്ട്. യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി സ്വന്തം വീട്ടില്‍ നാടക കളരി നടത്താനും ദഫ്മുട്ട് പഠിപ്പിക്കാനും അവള്‍ സുഹൃത്തായ ഹംസയും ഒരുമിച്ച് സമയം കണ്ടെത്തുന്നു.

വിവാഹമോചിതയായ ഒരു സ്ത്രീക്ക് ഇത്തരം സുഹൃത്തുക്കള്‍ ഉണ്ടാവുക എന്നത്, പ്രത്യേകിച്ച് ഒരു നാട്ടിന്‍പുറത്ത് വളരെ വിരളമായ ഒരു സംഗതിയാണ്. ഈ സൗഹൃദങ്ങള്‍ ആകട്ടെ നമ്മുടെ മനസ്സ് കുളിര്‍പ്പിക്കുന്നതും ആണ്. ഗീതയുടെ ആദ്യ ഭര്‍ത്താവ് അവളുമായുള്ള ബന്ധം വേര്‍പെട്ടതില്‍ വിഷമിച്ചു കഴിയുമ്പോള്‍ അയാളുമായി വീണ്ടും യോജിക്കുന്നതില്‍ ഗീത തീരെ താല്‍പര്യം കാണിക്കുന്നില്ല. അതിന് തക്കതായ കാരണങ്ങളുണ്ട്. പിന്നെ വിവാഹം കഴിച്ചയാള്‍ എന്തുകൊണ്ടാണ് പിരിഞ്ഞു പോയതെന്ന് കഥയില്‍ നിന്ന് വ്യക്തമല്ല. പക്ഷേ, അയാള്‍ തികഞ്ഞ സ്വാര്‍ത്ഥനും അതിക്രൂരനായും ആണ് പെരുമാറുന്നതെന്ന് അയാള്‍ പ്രത്യക്ഷപ്പെടുന്ന സീനുകളില്‍ നിന്നെല്ലാം നമുക്ക് വ്യക്തമാകും.


വിവാഹമോചനവും രണ്ടാം ഭര്‍ത്താവില്‍ ഉണ്ടായ കുട്ടിയെ ഭര്‍ത്താവ് കൊണ്ടുപോയതും ഗീതയെ ഒറ്റപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനിടയില്‍ അംഗന്‍വാടിയില്‍ ഉണ്ടാകുന്ന ചില അബദ്ധങ്ങളും പെട്രോള്‍ പമ്പിലെ പുതിയ ജോലിയും വാടക വീട്ടിലെ താമസവുമെല്ലാം അവളുടെ മാനസികാവസ്ഥയെ താളം തെറ്റിച്ചോയെന്ന് തോന്നിപ്പോകുന്ന പെരുമാറ്റങ്ങള്‍ ഗീതയില്‍ നിന്നുണ്ടാകുന്നുണ്ട്. പൊരുത്തപ്പെടാനാവാത്ത ബന്ധങ്ങളും ജോലി സ്ഥലത്തുണ്ടാകുന്ന തിക്താനുഭവങ്ങളും പങ്കുവെക്കാന്‍ ആളില്ലാതെ വരുന്ന ഒറ്റപ്പെടലും - ഒരാളുടെ മാനസിക നില തെറ്റിക്കാന്‍ ഇതൊക്കെ തന്നെ ധാരാളം. ഗീതയുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണം അവള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ ആണെന്നാണ് നാം വിചാരിക്കുക. പക്ഷേ, തീര്‍ത്തും അവിചാരിതമായ മറ്റു ചില കഥകളിലേക്കാണ് സിനിമ നമ്മെ കൊണ്ടുപോകുന്നത്.

സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമകള്‍ ധാരാളമുണ്ട്. കണ്ണീര്‍ പുത്രി ആയിട്ടോ ഒരു ധിക്കാരിയായിട്ടോ റിബല്‍ ആയിട്ടോ ഒക്കെയാണ് അത്തരം കഥാപാത്രങ്ങളെ പൊതുവേ ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കാറ്. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന തരം കഥകള്‍ അവതരിപ്പിക്കാന്‍ പലരും പ്രയാസപ്പെടുന്നത് കാണാന്‍ സാധിക്കും. അതിഭാവുകത്വം ഇല്ലാതെ അമിതമായ തത്വചിന്താ പ്രസ്താവനകളോ മുദ്രാവാക്യം വിളികളോ ഇല്ലാതെ ജീവിതത്തിന്റെ തനതായ ഒഴുക്കിനെ അധികം കൂട്ടലോ കുറയ്ക്കലോ ഇല്ലാതെ ഒരു കവിത പോലെ അവതരിപ്പിക്കാന്‍ സിനിമയുടെ ഭാഷ കൈയിലുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സിനിമയെന്നത് കാഴ്ചകളിലൂടെയുള്ള സംവേദനം ആണെങ്കില്‍ പ്രേക്ഷകന് 'തടവ് ' എന്ന സിനിമ കാഴ്ചയുടെ ഒരു പൂരമായി മാറി എന്നതാണ് സിനിമയുടെ മേന്മ. സിനിമയുടെ തുടക്കത്തിനും ക്ലൈമാക്‌സിനും കൃത്യമായ ബന്ധവും പരിണാമഗുപ്തിയും ഏതുതരം പ്രേക്ഷകന്റെയും ആസ്വാദന നിലവാരത്തെ മാനിക്കുന്നതാണ്.

തന്റെ ആത്മസംഘര്‍ഷങ്ങളെ മറികടക്കാന്‍ വീടിനടുത്തുള്ള കുളത്തില്‍ നീന്തുകയും നനഞ്ഞ സാരിയോടുകൂടി തണുത്തു വിറച്ചിരിക്കുകയും ചെയ്യുന്ന ഗീത പലരായി നല്‍കിയ ശിക്ഷകളുടെ തടവിലാണ്. അതിനുപുറമേയാണ് അവള്‍ക്കുണ്ടാകുന്ന വലിയ അസുഖവും. ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ രോഗങ്ങള്‍ക്ക് ചികിത്സിക്കുക ചിന്തിക്കാനാവാത്തതാണ്. അത്രയേറെ നമ്മുടെ ചികിത്സാ ചെലവുകള്‍ ഏറിയിരിക്കുന്നു. പലപ്പോഴും സമൂഹത്തെയും സര്‍ക്കാരിനെയും നീതിന്യായ കോടതികളെയും ഒരുപോലെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാന്‍ ഒരു സാധാരണ മനുഷ്യന് സാധിക്കാറില്ല. ഈ ഒരു പ്രമേയത്തെയാണ് വളരെ മനോഹരമായി 'തടവ് ' എന്ന സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ കാണുന്ന അപരിചിതയായ ആ ബസ് യാത്രക്കാരി എത്ര രസകരമായാണ് സിനിമയുടെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്! ചിരിക്കണോ കരയണോ എന്ന വല്ലാത്തൊരു സംശയത്തില്‍ ആയിപ്പോകും ഓരോ മനുഷ്യനും.

കഴിഞ്ഞവര്‍ഷം വരെ ഐ.എഫ്.എഫ്.കെയില്‍ ഡെലിഗേറ്റ് ആയി വരികയും ഈ വര്‍ഷം രാജ്യാന്തര മത്സര വിഭാഗത്തില്‍ തന്റെ ചലച്ചിത്രം മത്സരിക്കുന്നതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്തിരുന്നു, സിനിമ പ്രദര്‍ശനത്തിനുശേഷം ഫാസില്‍ റസാഖും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. ആദ്യ ചിത്രത്തിന് തന്നെ ഐ.എഫ്.എഫ്.കെയില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ പ്രേക്ഷകപ്രീതി നേടിയ മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ് ഇരട്ടിമധുരമായി. ആലുവ യു.സി കോളജിലെ ബിരുദ പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് ഈ സിനിമ കമ്പനിയുടെ ഈടുവെയ്പ്.


സ്‌കൂള്‍ അധ്യാപികയായ ബീന ആര്‍. ചന്ദ്രനാണ് 'തടവ് ' എന്ന സിനിമയുടെ പ്രധാന കഥാപാത്രമായ ഗീതയ അവതരിപ്പിച്ചതും സിനിമയുടെ കാസ്റ്റിംഗ് ഡയറക്‌റും. ഹംസയെ അവതരിപ്പിച്ച പി.പി സുബ്രഹ്മണ്യവും ഗീതയുടെ സുഹൃത്തായ അനിതയെ അവതരിപ്പിച്ച ഉമയും ഓട്ടോറിക്ഷ ഡ്രൈവര്‍ സുജിത്തിനെ അവതരിപ്പിച്ച ഇഷാക്ക് മുസാഫിറും നാടകാഭിനയത്തിന്റെ പശ്ചാത്തലം ഉള്ളവരാണ്. തികഞ്ഞ സ്വാഭാവികതയോടെയുള്ള ബീന ആര്‍. ചന്ദ്രന്റെയും സുബ്രഹ്മണ്യത്തിന്റെയും മുഴുനീള അഭിനയം എടുത്തു പറയേണ്ടതാണ്. പ്രമോദ് ദേവും ഫാസില്‍ റസാഖും സംയുക്തമായാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്ത മൃദുലും എഡിറ്റിംഗ് നിര്‍വഹിച്ച വിനായക് സുതനും യുവാക്കള്‍ എന്ന രീതിയില്‍ മലയാള സിനിമയുടെ പുതിയ പ്രതീക്ഷകളാണ്.


TAGS :