Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 20 May 2025 4:47 PM IST

ബിന്ദുവിനെ മോഷ്ടാവാക്കുന്നത് നവോത്ഥാന കേരളത്തിന്റെ ജാതി വംശീയതയാണ്

കേരളത്തിലെ ഇടതുപക്ഷത്തിനൊരു രസകരമായ ചരിത്രമുണ്ട്. കേരളത്തിലെ കോളനികളെ 'സൗത്ത് ആഫ്രിക്ക' എന്ന് വിളിച്ചവരിൽ ഇതേ ഇടതുപക്ഷം തന്നെ ഉൾപ്പെട്ടിരുന്നു എന്നതാണ് സത്യാവസ്ഥ. ഒരു ആഴ്ച മുമ്പാണ് വേടനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ കഴിയാത്തതുകൊണ്ടാണ് പ്ലാൻ ചെയ്ത് പുലിപ്പല്ല് കേസിലൂടെ കുടുക്കാൻ ശ്രമിച്ചത്. കേരളത്തിലെ ജൻ സി തലമുറകളിൽ ഈ വ്യക്തിക്ക് വലിയ ജനപിന്തുണയുണ്ടെന്ന് മനസ്സിലായതോടെയാണ് എം.വി ഗോവിന്ദൻ അടക്കമുള്ളവർ മറുകണ്ടം ചാടി, അയാളെ വലിയ വിപ്ലവകാരി ആക്കി. ആർഎസ്എസും സിപിഎമ്മും രണ്ടു ഭാഗത്തായി ഇരുന്നു എതിര് പറഞ്ഞാൽ വേടൻ ഉയർത്തുന്ന യഥാർത്ഥ വംശീയതയ്ക്കെതിരെ ഉള്ള രാഷ്ട്രീയം നൈസ് ആയി അങ്ങ് തേച്ച് മായിച്ചു കളയാമല്ലോ. പഴയ ഇന്ദ്രൻസ് കഥാപാത്രങ്ങളുടെ ‘എങ്ങനെ ഉണ്ടെന്റെ ബുദ്ധി ?’ ലൈനിലാണ്

ബിന്ദുവിനെ മോഷ്ടാവാക്കുന്നത് നവോത്ഥാന  കേരളത്തിന്റെ ജാതി വംശീയതയാണ്
X

ഉത്തര മലബാറിലെ ബ്രാഹ്മണർക്കു നാടുവാഴിത്തത്തിന്റെ കാലത്ത് പതിമൂന്ന് ദലിതരെ എങ്കിലും കൊല്ലാനുള്ള അവകാശം ഉണ്ടായിരുന്നെന്ന് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലേൻ പൊക്കുടൻ തന്റെ ആത്മകഥയിലും സംസാരങ്ങളിലുമാണ് അങ്ങനെ പറഞ്ഞത്. അതുപോലെ മാടായി പാറ എന്ന സ്ഥലത്ത് ചെന്നാൽ അദ്ദേഹത്തിന് അവിടെ സ്വസ്ഥതയോടെ ഇരിക്കാനാകില്ലെന്നും അദ്ദേഹം പറയാറുണ്ട്. കാരണം, ഒരു കാലത്ത് കീഴാളരായ മനുഷ്യരെ അടിമ കച്ചവടം നടത്തിയ ഒരു സ്ഥലം കൂടിയായിരുന്നു അത്. ഇതേ അടിമ കച്ചവടത്തിന്റെ ഓർമ പുതുക്കുന്ന അടിമപ്പണം പോലുള്ള ആചാരങ്ങളും ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഇന്നും നിലനിൽക്കുകയാണ്.

കല്ലേൻ പൊക്കുടൻ

1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും പിന്നീട് 1950-ൽ ഒരു ഭരണഘടന നിലവിൽ വരികയും ചെയ്തു. പക്ഷേ, ഇന്ത്യൻ സമൂഹത്തിൽ രൂപാന്തരമായ ജാതി വരേണ്യവംശീയതക്ക് യാതൊരുവിധ പുരോഗതിയുടെ ട്രാൻസ്ഫർമേഷനുകളൊന്നും സംഭവിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പദ്മനാഭന്റെ മണ്ണ് എന്നു വീമ്പിളക്കുന്ന തിരുവനന്തപുരം പേരൂർക്കടയിൽ ബിന്ദു എന്ന നിരപരാധി ആയ ദലിത് സ്ത്രീയെ മോഷണക്കുറ്റത്തിൽ പ്രതിയാക്കി പൊലീസ് സ്റ്റേഷനിൽ കയറ്റി ഇരുപത് മണിക്കൂറോളം മർദിച്ച് കുടിക്കാൻ കക്കൂസിലെ ബക്കറ്റിലെ വെള്ളം കാണിച്ചു കൊടുത്ത പൊലീസിന്റെ വംശീയമായ ക്രൂരത. അത് നേരത്തെ പറഞ്ഞതുപോലെ, ബ്രാഹ്മണർക്ക് പതിമൂന്ന് പേരെ കൊല്ലാം എന്ന അവകാശം ഉണ്ടായിരുന്നതും, മാടായി പാറയിൽ അടിമ കച്ചവടം നടത്തപ്പെട്ടതും ആയ ജാതി വംശീയ ആക്രമണങ്ങളുടെ സാമൂഹിക മനോഭാവത്തിന്റെ തുടർച്ചകൂടിയാണ്. ഈ പൊലീസുകാർ കേരളത്തിൽ ഒരു ദലിത് സ്ത്രീയോടു കാണിച്ച വംശീയതയിലൂടെ തങ്ങൾക്കു കേരളത്തിൽ കീഴാളരായ ജനങ്ങളോടുള്ള വംശീയത കാട്ടാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന നിലപാടിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഇതാണ് കേരളീയ വംശീയ മനസ്സാക്ഷി ഇന്നും തുടരുന്നതിന്റെ തെളിവ്. ഇവിടെ എന്തു ഭരണഘടന ഉണ്ടായാലും ഇത്തരം വംശീയ മനസ്സുള്ളവരാണ് ഈ ഭരണഘടന സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നതെന്ന സാമൂഹികയാഥാർഥ്യം കൂടെയാണിത്.

എം.വി ഗോവിന്ദൻ

ഇന്നലെ സിപിഎം സെക്രട്ടറി എം.വിഗോവിന്ദൻ നടത്തിയ ഒരു പ്രസ്താവന ഓർമ്മിച്ചപ്പോൾ അത് ഒരു സ്ലാപ്സ്റ്റിക് കോമഡി പോലെ ആണ് തോന്നിയത്. വേടൻ പാട്ടിൽ വിപ്ലവം സൃഷ്ടിച്ച റാപ്പറാണെന്ന് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തിനൊരു രസകരമായ ചരിത്രമുണ്ട്. കേരളത്തിലെ കോളനികളെ 'സൗത്ത് ആഫ്രിക്ക' എന്ന് വിളിച്ചവരിൽ ഇതേ ഇടതുപക്ഷം തന്നെ ഉൾപ്പെട്ടിരുന്നു എന്നതാണ് സത്യാവസ്ഥ. പൈങ്കിളി മാസികകൾ കത്തിച്ച് ‘ഇത് സമൂഹത്തെ നശിപ്പിക്കുന്നു’ എന്ന് പറഞ്ഞതും ഇവരും തന്നെ. ഷക്കീല സിനിമകൾ വഴി യുവാക്കളെ വഴിതെറ്റിക്കുന്നു എന്ന് പ്രസംഗിച്ചവരും, ഡിസ്കോ ഡാൻസിനെയും ബ്രേക്ക് ഡാൻസിനെയും കളിയാക്കിയവരും, ഇന്ന് വേടന്റെ റാപ്പ് പാട്ട് വിപ്ലവം ആണെന്ന് പറയുമ്പോൾ — അത് സ്ലാപ്സ്റ്റിക് കോമഡി അല്ലാതെ മറ്റെന്താണ്? ഒരു ആഴ്ച മുമ്പാണ് വേടനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ കഴിയാത്തതുകൊണ്ടാണ് പ്ലാൻ ചെയ്ത് പുലിപ്പല്ല് കേസിലൂടെ കുടുക്കാൻ ശ്രമിച്ചത്. കേരളത്തിലെ ജൻ സി തലമുറകളിൽ ഈ വ്യക്തിക്ക് വലിയ ജനപിന്തുണയുണ്ടെന്ന് മനസ്സിലായതോടെയാണ് എം.വി ഗോവിന്ദൻ അടക്കമുള്ളവർ മറുകണ്ടം ചാടി, അയാളെ വലിയ വിപ്ലവകാരി ആക്കി, യേശുദാസിനെക്കാൾ വലിയ പാട്ടുകാരനായി പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ രസം എം.വി ഗോവിന്ദൻ ആർ എസ് എസ്സിന് മറുപടി കൊടുക്കുന്നുവെന്ന രീതിയിലാണ് സംസാരിക്കുന്നത്. ആർഎസ്എസും സിപിഎമ്മും രണ്ടു ഭാഗത്തായി ഇരുന്നു എതിര് പറഞ്ഞാൽ വേടൻ ഉയർത്തുന്ന യഥാർത്ഥ വംശീയതയ്ക്കെതിരെ ഉള്ള രാഷ്ട്രീയം നൈസ് ആയി അങ്ങ് തേച്ച് മായിച്ചു കളയാമല്ലോ. പഴയ ഇന്ദ്രൻസ് കഥാപാത്രങ്ങളുടെ ‘എങ്ങനെ ഉണ്ടെന്റെ ബുദ്ധി ?’ ലൈനിലാണ്.

വേടൻ

ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഇതാണ്: കേരളത്തിലെ സബാൽട്ടേൺ സമൂഹങ്ങൾ കഴിഞ്ഞ അമ്പത് വർഷത്തിനിടെ പലതരം പരിവർത്തനങ്ങളിലൂടെ സഞ്ചരിച്ചു. സാമ്പത്തികമായും സാമൂഹികമായും അവർ മാറിയിട്ടുണ്ട്. കീഴാള സമൂഹങ്ങളിൽ നിന്നു പുതിയ മദ്ധ്യവർഗ്ഗം ഉയർന്ന് വന്നിട്ടുണ്ട്. അവരാണ് ടേപ്പ് റിക്കോർഡറുകളിൽ നിന്നു മൊബൈൽ ഫോണുകളിലേക്കും, പിന്നീട് ലാപ്പ്‌ടോപ്പിലും ഇന്റർനെറ്റിലുമുള്ള പുതിയ സാങ്കേതികതകളിലേക്ക് വളർന്നത്. അവരുടെ ആശയവിനിമയരൂപങ്ങളും പുതിയ തലങ്ങളിലേക്ക് വികസിച്ചു. സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ‘വൈബ്രേഷനുകൾ’ അവർ ഉണ്ടാക്കിയിട്ടുണ്ട്. പുതിയ എഴുത്തുകാർ, സംഗീത സംവിധായകർ, ഉദ്യോഗസ്ഥർ, സിനിമാക്കാർ തുടങ്ങിയവരൊക്കെ ഈ സമൂഹങ്ങളിൽ നിന്നു ഉയർന്നു വന്നു. അംബേദ്കർ, പൊയ്കയിൽ അപ്പച്ചൻ, അയ്യങ്കാളി, ഫൂലെ, ശ്രീനാരായണ ഗുരു തുടങ്ങിയ സാമൂഹിക നവോത്ഥാന നായകരെ അവർ തിരികെ പിടിച്ചു. കലകളിലൂടെയും എഴുത്തിലൂടെയും, സംവാദങ്ങളിലൂടെയും ഭിന്നതയാർന്ന പുതിയ രാഷ്ട്രീയ സംഭാഷണങ്ങൾ അവർ ഉയർത്തിയിട്ടുണ്ട്. വലിയ തരത്തിലുള്ള ട്രാൻസ്ഫർമേഷൻ ഇവിടെയുണ്ടായി.

പക്ഷേ, ഇടതുപക്ഷം ഇപ്പോഴും ഈ ജനതയെ ‘തൊഴിലാളി വർഗം’ എന്ന ഒരേ പഴയ ലേബലിൽ ആണ് ചുരുക്കി കെട്ടുന്നത്. ഇടതുപക്ഷ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകളിൽ ഇന്നും കാണുന്ന കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും ഫോട്ടോകൾ ഈ മനോഭാവം വ്യക്തമാക്കുന്നു. അതിൽ നിന്ന് വളർന്ന ദലിത് പെൺകുട്ടികൾ ഇന്ന് അമേരിക്കയിലേക്കും യൂറോപിലേക്കും പോയി ഗവേഷണം നടത്തുന്ന കാലഘട്ടത്തിലേക്ക് കേരളം കടന്നിരിക്കുകയാണ്. അവർ മാർക്സിസത്തിന്റെ സിദ്ധാന്തപരമായ അപകടങ്ങളും മാർക്സിസ്റ്റ് ഭരണകൂടങ്ങൾ നടത്തിയ കൂട്ടക്കൊലകളെയും തുറന്നു പറയാൻ തുടങ്ങിക്കഴിഞ്ഞു. ഇത്തരമൊരു കാലഘട്ടത്തിലെ ട്രാൻസ്ഫർമേഷൻ ശരിക്കും മനസ്സിലാകാത്ത എം.വി ഗോവിന്ദൻ എന്ന ആണ് ഇന്ന് വേടനെന്ന കലാകാരന്റെ ചുറ്റുവട്ടത്ത് ഒരു "മാസ്" ആൾക്കൂട്ടം ഉള്ളതായി കണ്ടപ്പോൾ, അയാളെ 'കീലേരി അച്ചു' പോലെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നത്. പകരം, വേടൻ പറയുന്ന അയ്യങ്കാളിയുടെയും അംബേദ്കറിന്റെയും രാഷ്ട്രീയങ്ങൾ, എം.വി ഗോവിന്ദൻ മറച്ചുവയ്ക്കുകയോ തേച്ച് മായ്ക്കുകയോ ചെയ്യുകയാണ്. തൊഴിലാളിവർഗ രാഷ്ട്രീയത്തിൽ നിന്നു വ്യത്യസ്തമായി ഈ പുതിയ അപര രാഷ്ട്രീയധാരകളെ അഭിമുഖീകരിക്കാൻ എം.വിഗോവിന്ദനോ അയാളുടെ പാർട്ടിക്കോ കഴിയില്ല.

ബിന്ദു എന്ന ദലിത് സ്ത്രീയെ പീഡിപ്പിച്ച പേരൂർക്കട എന്ന സ്ഥലത്തുനിന്ന് അത്ര ദൂരെയല്ലാതെ ആണ് , തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ വെള്ളയമ്പലത്ത് അയ്യങ്കാളിയുടെ പ്രതിമ നിലകൊള്ളുന്നത്. ഈ പ്രതിമ, അതിന് ചുറ്റുമുള്ള ജ്യോഗ്രഫിയുടെ സോഷ്യൽ 'ആർക്കിടെക്ചർ' തന്നെ മാറ്റിയിട്ടുണ്ട്. പല ദലിത് സംഘടനകളും യോഗങ്ങളും സമരങ്ങളും ഈ പ്രതിമയെ കേന്ദ്രമാക്കി സംഘടിപ്പിക്കാറുണ്ട്. അതേസമയം, അയ്യങ്കാളിയുടെ പ്രതിമ അവിടെ നിലകൊള്ളുന്നതു കൊണ്ട് തന്നെ, ആ വഴിയിലൂടെ യാത്ര ഉപേക്ഷിച്ച സവർണ്ണർ ഉണ്ടെന്ന് വരെ പറഞ്ഞു കേട്ടിട്ടുണ്ട്. അയ്യങ്കാളി തന്റെ വില്ല് വണ്ടിയിലൂടെ വഴി പിടിച്ചെടുത്തത് പോലെ, ഈ പ്രതിമയിലൂടെ ഒരു ജിയോഗ്രാഫിക് ലൊക്കേഷനിൽ അദ്ദേഹം ഒരു രാഷ്ട്രീയവും സ്ഥാപിച്ചിരിക്കുന്നു. അതു സഹിക്കാനാവാത്തവരാണ്, അതുവഴി പോകാനും മടിക്കുന്നതും. അത്തരം മനസ്സുള്ള സവർണർ ജീവിക്കുന്ന ഒരു നഗരത്തിൽ, അതിന് അധികം അകലെ അല്ലാതെ, പേരൂർക്കടയിലെ പൊലീസ് സ്റ്റേഷനിൽ ബിന്ദു എന്ന നിരപരാധിയായ സ്ത്രീയെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചു. കേരളത്തിന്റെ മനസ്സാക്ഷിക്കിത് പതിവായി മാറിയ നിരവധി സംഭവങ്ങളിൽ ഒന്ന് മാത്രം ആണ്. പുരോഗമന കേരളത്തിൽ നവോത്ഥാനം ‘ഉഴുതുമറിച്ചു’ എന്നു പറയുന്നത് വെറും വാചകമടി മാത്രമാണ്. അതിന്റെ തെളിവുകൾ ആവർത്തിച്ച് മുന്നിൽ വരുകയാണ്. ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകുമ്പോൾ, അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആ പരാതിയെ അവഗണിച്ച് തള്ളിയെന്നും ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പറയുന്നു. അതിന്റെ പിറകേയാണ് മുഖ്യമന്ത്രി പാലക്കാട്ട് പട്ടികജാതിക്കാരുടെ യോഗം വിളിച്ച് അവരുടെ ‘വികസന’ത്തിന് വേണ്ടി ആശയ വിനിമയം നടത്തിയത്. ഇപ്പോഴാണ് ‘എന്ത് പ്രഹസനമാണ് സജി?’ എന്ന സിനിമാ ഡയലോഗ് ഓർമ്മ വരുന്നത്.



ബിനേഷ് ബാലൻ

കേരളത്തിൽ ദലിതർ, ആദിവാസികൾ, കീഴാളർ എന്ന നിലയിൽ ആരെങ്കിലും ഉയർന്നുവരാൻ ശ്രമിക്കുന്നുവെന്നു കാണുമ്പോൾ തന്നെ, പൊതു സമൂഹവും ഇടതുപക്ഷവുമാണ് ഏറ്റവും മുൻപന്തിയിൽ നിന്ന് അതിനെ തടയാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, കാസർകോടുള്ള ബിനേഷ് ബാലൻ എന്ന ആദിവാസി യുവാവിന്റെ വിദേശ സർവകലാശാലയിലെ പിഎച്ച്ഡി പഠനത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചത് കേരള സമൂഹം തന്നെയാണ്. അതിൽ ഇടതുപക്ഷത്തിന്റെയും പങ്ക് നിസ്സാരമല്ല. ബിനേഷ് മാധ്യമം ആഴ്ചപ്പതിപ്പിന് വേണ്ടി നൽകിയ തന്റെ ഒരു അഭിമുഖത്തിൽ ഈ ലേഖകനോട് തന്നെ അതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അവസാനം, വിദേശത്തേക്ക് പഠിക്കാൻ പോകുമ്പോൾ ‘ബിനേഷ് ബാലനെ സഹായിച്ചത് ഇടതുപക്ഷമാണ്’ എന്ന തരത്തിലുള്ള ഒരു വാർത്ത ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന തമാശയും ഉണ്ടായി. അടിത്തട്ട് സമൂഹങ്ങളിൽ നിന്നുള്ള പ്ലൈറ്റ് കേരള സമൂഹവും ഇടതുപക്ഷവും അങ്ങനെ ഇറെസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഇതിനു തികച്ചും വിപരീതമാണ് ബിന്ദുവിന്റെ കേസിൽ സംഭവിച്ചത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ കള്ളക്കേസിൽ കുടുക്കിയ, പീഡിപ്പിക്കപ്പെട്ട ബിന്ദുവിനെ പോലീസിൽ കൂടുക്കിയ കുടുംബത്തെ കുറിച്ചൊരിക്കലും നമ്മുടെ സമൂഹം ചോദ്യം ചെയ്തില്ല. ആ കുടുംബം ആരാണ്?, അവർക്കെതിരെ എന്താണ് നടന്നത്?, പൊലീസ് എന്ത് ചെയ്തു? — ഇതൊന്നും സാമൂഹിക മാധ്യമങ്ങളിൽ പോലും ചർച്ചയാകില്ല. ബിനേഷ് ബാലനെ ഇറെസ് ചെയ്തതിനു നേർ വിപരീതമായി ഒരു ദലിത് സ്ത്രീയെ കുറ്റവാളിയാക്കിയവരെ കേരളം ഇറെസ് ചെയ്തു. ഇത് ഒരു കീഴാള കുടുംബം ആയിരുന്നെങ്കിൽ, അവരെ തെരുവിൽ തുണി ഉരിഞ്ഞ് നിർത്തിയേനെ. ബിന്ദു മോഷ്ടിച്ചു എന്നു അവർ അവകാശപ്പെട്ട സ്വർണം, പിന്നീട് പരാതി കൊടുത്തവരുടെ പക്കൽ നിന്നാണ് കണ്ടെത്തിയതെന്നത് തെളിഞ്ഞിട്ടും —പരാതി കൊടുത്തവരെ ദൃശ്യതയിൽ നിന്നും ഒഴിവാക്കി രക്ഷിച്ചു. ഇതാണ് കീഴാളർക്ക് കിട്ടാത്ത കേരളത്തിന്റെ പ്രിവിലേജ്. അതിനർത്ഥം അവരെ ജനമധ്യത്തിൽ കൊണ്ട് നിർത്തി വിചാരണ ചെയ്യണം എന്നല്ല. അങ്ങനെ ഒരു പ്രിവിലേജ് കേരള സമൂഹം നൽകുകയും ഇവിടെ ജാതി ഇല്ലെന്ന് വീമ്പടിക്കുകയും ചെയ്യുന്ന യാഥാർഥ്യം നിഷ്കളങ്കമായി തള്ളുവാൻ സാധ്യമല്ല എന്നതാണ്. ഒടുവിൽ സംഭവിച്ചത് എന്താണ്? ഒരു ദലിത് സ്ത്രീയെ, കേരള സമൂഹം, പൊലീസ്, മാധ്യമങ്ങൾ ചേർന്ന് കേസ് എടുക്കാതെ തന്നെ കുറ്റവാളിയാക്കി; പക്ഷേ യഥാർത്ഥ ‘കുറ്റവാളികളെ’ ദൃശ്യത്തിൽ നിന്നും തേച്ച് മായിച്ചു കളഞ്ഞു. ഈ വംശീയ വ്യവസ്ഥ —ആരെ കുറ്റവാളികളാക്കി വെളിപ്പെടുത്തണമെന്നും ആരെ മറച്ചു വയ്ക്കണമെന്നും നിർണ്ണയിക്കുന്ന —കേരളത്തിലെ ജാതിയിലൂന്നിയ വംശീയതയുടെ പ്രവർത്തന രീതിയാണ്.

മധു

ആദിവാസിയായ മധുവിനെ ആൾക്കൂട്ടം കൊന്നത് പോലെ, ചെറുപ്പക്കാരനായ വിനായകനെ പൊലീസുകാർ ഇല്ലാതാക്കിയ പോലെ, വേടനെ കള്ളക്കേസിൽ കുടുക്കിയത് പോലെ —കേരളത്തിൽ ജാതി-വംശീയമായ അതിക്രമങ്ങളുടെ തുടർച്ചയാണ് ബിന്ദുവിന്റെ അനുഭവം. ഒരു ദലിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കി, ഭൗതികമായി മാത്രമല്ല മാനസികമായി പീഡിപ്പിച്ചു അവളെ കുറ്റവാളിയാക്കിയത് പൊലീസുകാരാണ്. ബിന്ദുവിനോട് മനുഷ്യത്വത്തിന്റെ ഒരു തരിമ്പും അവർ കാണിച്ചില്ല. പൊലീസ് സ്റ്റേഷൻ എന്നത് ഭരണഘടനാ സ്ഥാപനം കൂടെ ആണ്. അതിനാൽ തന്നെ അവിടെ സ്ത്രീകൾക്കും, പ്രത്യേകിച്ച് ദലിത് സ്ത്രീകൾക്കുമുള്ള അവകാശങ്ങൾ വ്യക്തമാണ്. പക്ഷേ ഇവിടെ അവയെല്ലാം കാറ്റിൽ പറത്തപ്പെട്ടത് പോലെയാണ് സംഭവിച്ചത്. വെള്ളം ചോദിച്ചപ്പോൾ കക്കൂസിലെ ബക്കറ്റിലേക്കാണ് പൊലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചത്. രാത്രി ഇരിക്കാൻ ഒരു ന്യൂസ് പേപ്പർ കഷണം ആണ് കൊടുത്തത്. ഈ സംഭവം പൊതുജനങ്ങളിൽ പ്രതിഷേധമുണർത്തിയപ്പോൾ, ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു കൊണ്ടാണ് നടപടികൾ അവസാനിച്ചത്. പരിപാടി കംബ്ലീറ്റ് കോംപ്ലിമെൻസ് ആക്കി എന്നതാണ് ഇടതുപക്ഷ ഭരണകൂട ഭാഷ. ഇത് തെളിയിക്കുന്നത് – കേരളം പുറപ്പുരത്തിട്ട സാമൂഹിക നവോത്ഥാന കോണകത്തിന്റെ അടിയിൽ അതിതീവ്രമായ ജാതി വംശീയത ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്. സന്തോഷ് എന്ന സിനിമയിൽ പറഞ്ഞത് പോലെ ‘ഇവിടെ ചിലരെ തൊടാനും മടിക്കും, ചിലരെ തൊടാൻ അറപ്പാണു’എന്നു പറഞ്ഞ സാമൂഹിക യാഥാർഥ്യത്തിന്റെ നേർപതിപ്പിന്റെ പേരു കൂടെ ആണ് കേരളം.

TAGS :