യുജിസി ചട്ടങ്ങൾ -2026; ഉയർത്തുന്ന വെല്ലുവിളികൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെൻ്റിൽ നൽകിയ റിപ്പോർട്ട് പ്രകാരം 2018 - 2023 കാലയളവിൽ മാത്രം 98 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ആത്മഹത്യ ചെയ്തത്.

നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം തടയുക എന്ന ലക്ഷ്യത്തോടെ 2026 ജനുവരി 26ന് യുജിസി പ്രാബല്യത്തിൽ കൊണ്ടുവന്ന ചട്ടങ്ങൾ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങൾക്കും സംവാദങ്ങൾക്കും വഴി തുറന്നിരിക്കുകയാണല്ലോ. സവർണ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ചട്ടങ്ങൾ സ്റ്റേ ചെയ്യുകയും 2012ലെ ഇതു സംബന്ധിച്ചുള്ള ചട്ടങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ യുജിസിയോട് നിർദേശിച്ചിരിക്കുകയുമാണ്.
2026ലെ ഇക്വറ്റി ചട്ടങ്ങൾ സ്റ്റേ ചെയ്തെങ്കിലും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ഇക്വറ്റി ചട്ടങ്ങളുടെ സാധ്യതകളും പ്രത്യാഘാതങ്ങളും ജാതിവിവേചനവും ഒരു സജീവ ചർച്ചാവിഷയമായി നിലനിൽക്കുകയാണ്. ഇത് ഒരേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി സമൂഹത്തിൽ ഒരു സവർണ - അവർണ ധ്രുവീകരണത്തിന് വഴിതുറക്കുകയും കാലാകാലങ്ങളായി അനിയന്ത്രിതമാംവിധം ജാതിവിവേചനത്തിനും ബഹിഷ്കരണത്തിനും വിധേയമായി കൊണ്ടിരിക്കുന്ന ദലിത്-ആദിവാസി - പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലേക്കും അതിജീവന പ്രതിസന്ധിയിലേക്കും പുറന്തള്ളലിലേക്കും തള്ളിവിട്ടിരിക്കുകയാണ്.
ക്യാമ്പസുകളിലെ ജാതിവിവേചനം പരിഹരിക്കാൻ 2026-ലെ ചട്ടങ്ങൾ നിർദ്ദേശിക്കുന്ന ഇക്വറ്റി സമിതികളിൽ സവർണവിഭാഗത്തിന് പ്രതിനിധ്യം ഇല്ലെന്നും അത് റിവേഴ്സ് ഡിസ്ക്രിമിനേഷന് കാരണമാകുമെന്നുമാണ് സവർണപക്ഷ വിദ്യാർഥി സംഘടനകളുടെ വാദം. തങ്ങളെകൂടി ജാതിവിവേചനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന വിചിത്രമായ വാദവും ഇവർ ഉന്നയിക്കുന്നു. അതേസമയം പുതിയ ചട്ടങ്ങൾ ക്യാമ്പസുകളിൽ നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ അപര്യാപ്തമാണെന്നതിനാൽ 2012 ലെ ചട്ടങ്ങൾ പരിഷ്കരിച്ച് നടപ്പിലാക്കുകയാണ് അഭികാമ്യമെന്നാണ് ദലിത് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെടുന്നത്.
സുപ്രിംകോടതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ക്യാമ്പസുകളിലെ ജാതിവിവേചനം നേരിടാൻ 2012ലെ ചട്ടങ്ങളിൽ വേണ്ട ഭേദഗതി വരുത്തി നടപ്പിലാക്കുന്നതിനു പകരം യുജിസിയുടെ ഇപ്പോഴത്തെ വിവാദപരമായ ചട്ടങ്ങളുടെ രൂപീകരണത്തിന് പിന്നിൽ വ്യക്തമായ സംഘ്പരിവാർ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ദലിത്- ആദിവാസി വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു.
അവസാനമില്ലാത്ത വിവേചന സമസ്യകൾ
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേകിച്ചും ഐഐടി, എന്‍ഐടി, ഐഐഎം,എഐഐഎംഎസ്(AIIMS) തുടങ്ങിയ സ്ഥാപനങ്ങളിലും കേന്ദ്ര സർവകലാശാലകളിലും ദീർഘകാലമായി കൊടിയ ജാതിവിവേചനത്തിനും ബഹിഷ്കരണത്തിനും പീഡനങ്ങൾക്കും വിധേയരാവുന്നവരാണ് ദലിത് - ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ എന്ന് ഇതു സംബന്ധിച്ച പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലഭ്യമായ പാർലമെൻ്റ് ഡേറ്റകൾ വെളിപ്പെടുത്തുന്നത് ചുരുങ്ങിയ കാലത്തിനുള്ളിൽ വിവേചനത്തിൻ്റെ ഫലമായി ഏതാണ്ട് 13,500 വിദ്യാർഥികൾ ഐഐടി, എന്‍ഐടി എഐഐഎംഎസ്, സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ നിന്നും പഠനം ഉപേക്ഷിച്ചു പോയിട്ടുണ്ടെന്നും നൂറിലധികം വിദ്യാർഥികൾ പഠന ഗവേഷണങ്ങൾ തുടരാനാവാതെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നുമാണ്. ഇവരിൽ ഭൂരിഭാഗവും ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിൽ നിന്നും വരുന്ന ഈ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥ്യകൾക്ക് ക്യാമ്പസുകളിൽ പലപ്പോഴും കടുത്ത വിവേചനത്തെയും വെല്ലുവിളികളെയുമാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഇവരുടെ ജാതിയും വംശവും പദവിയും ഭാഷയും ദേശവും മതവുമെല്ലാം വിവേചനത്തിന് വിഷയീഭവിക്കുന്നുണ്ട്. ഉന്നത ശാസ്ത്ര, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിലെയും കേന്ദ്രസർവകലാശാലകളിലെയും അക്കാദമിക് വിഭാഗത്തിൽ എസ്.സി ,എസ് .ടി വിഭാഗത്തിൽപ്പെട്ടവരുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന പിന്തുണയുടെ അഭാവവും ക്യാമ്പസുകളിൽ എസ്.സി, എസ്.ടി വിദ്യാർഥികളെ ഒറ്റപ്പെടലിലേക്കും സമ്മർദങ്ങളിലേക്കും തള്ളിവിടുന്നുണ്ട്.
രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് ഐഐടികളിൽ 98% അധ്യാപകരും സവർണ ജാതിയിൽപ്പെട്ടവരാകയാൽ ഇവിടങ്ങളിൽ വിവേചനാത്മക പരിരക്ഷാ നടപടികൾ യാതൊന്നും നടപ്പിലാക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. 45 കേന്ദ്ര സർവകലാശാലകളിൽ 4% പ്രൊഫസർമാർ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത് ! അതുകൊണ്ടു തന്നെ ഇവിടങ്ങളിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും കാലതാമസം കൂടാതെ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിനും ക്രിയാത്മകമായ പദ്ധതികൾ യാതൊന്നും തന്നെ ഫലവത്തായി നടപ്പിലാക്കുന്നുമില്ല.
അതുകൊണ്ടു തന്നെ ഇവിടങ്ങളിൽ ജാതിയുടെ അടിസ്ഥാനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ജാതിവിവേചനവും പുറന്തള്ളലും നിലനിൽക്കുന്നതായും നിരീക്ഷക്കപ്പെട്ടിട്ടുണ്ട്. അക്കാദമിക്ക് തലത്തിൽ മാത്രമല്ല കലാ കായിക രംഗങ്ങൾ , ഹോസ്റ്റലുകൾ ,മെസ്, സൗഹൃദ കൂട്ടായ്മകൾ എന്നിവിടങ്ങളിലും ദലിത്-ആദിവാസി വിദ്യാർഥികൾ വിവേചനം നേരിടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നുണ്ട്. തത്ഫലമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാഹോദര്യാത്മക അന്തരീക്ഷമല്ല പൊതുവെ നിലനിൽക്കുന്നത്.
2007 എസ്.കെ തോറാട്ട് കമ്മിറ്റി റിപ്പോർട്ട്
ഡൽഹി AllMSലെ ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ നേരിട്ടുകൊണ്ടിരുന്ന കൊടിയ ജാതിവിവേചനത്തെപ്പറ്റി പഠിക്കാൻ അന്നത്തെ യുജിസി ചെയർമാൻ എസ്. കെ തോറാട്ടിൻ്റെ അദ്ധ്യക്ഷതയിൽ 2006ൽ നിയമിച്ച കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനത്തിൻ്റെ ഭീകരത തുറന്നുകാട്ടിയ ആദ്യത്തെ റിപ്പോർട്ട്.
2007ൽ സമർപ്പിച്ച തോറാട്ട് റിപ്പോർട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം കമ്മിറ്റി അക്കമിട്ട് ചൂണ്ടിക്കാണിക്കുകയും അവ പരിഹരിക്കാൻ സത്വരമായ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു .ഏകദേശം 72% ദലിത്- ആദിവാസി വിദ്യാർഥികളും ക്ലാസ് മുറികളിൽ ജാതി ,വംശം ,ഭാഷ ,പ്രാവീണ്യം, മെരിറ്റ് ,സംവരണം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നേരിടുന്നതായി തോറാട്ട് റിപ്പോർട്ട് വ്യക്തമാക്കുകയുണ്ടായി. പ്രാക്ടിക്കൽ പരീക്ഷകൾ ,അഭിമുഖങ്ങൾ, ഗവേഷണ മേഖല തെരഞ്ഞെടുക്കൽ , ഗൈയ്ഡുകളുടെ ലഭ്യത എന്നിവയിലും ഏതാണ്ട് 84 ശതമാനത്തോളം ജാതി സ്വാധീനിക്കുന്നതായും ഈ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുകയുണ്ടായി.
മാത്രമല്ല ഹോസ്റ്റലുകൾ ,മെസ്സുകൾ, സൗഹൃദകൂട്ടായ്മകൾ, കലാകായിക സംഘങ്ങൾ എന്നിവിടങ്ങളിൽ ഈ വിദ്യാർഥ്യകൾ ജാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരിൽ വർദ്ധിച്ചതോതിൽ സാമൂഹിക വിവേചനം നേരിടുന്നതായും തോറാട്ട് റിപ്പോർട്ട് അക്കമിട്ട് രേഖപ്പെടുത്തുകയുണ്ടായി. സവർണ വിദ്യാർഥികൾ ദലിത് - ആദിവാസി വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കാനോ ഹോസ്റ്റലുകളിൽ മുറി പങ്കിടാനോ തയ്യാറാകാത്ത സാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടു . 'റിസർവേഷൻ്റെ ഔദാര്യത്തിൽ കടന്നുകൂടിയവർ ' എന്നാരോപിച്ച് ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ നിരന്തരം മാനസികമായി തകർക്കുന്ന രീതിയിലുള്ള പരിഹാസങ്ങളും റാഗിംഗുകളും ക്യാമ്പസുകളിൽ നിലനിൽക്കുന്നതായും തോറാട്ട് കമ്മിറ്റി റിപ്പോർട്ടിൽ രേഖപ്പെടുത്തുകയുണ്ടായി.
ഉന്നത വിദ്യാഭ്യസ മേഖലയിൽ നിലനിൽക്കുന്ന ജാതിവിവേചനവും ബഹിഷ്കരണവും തടയാൻ 1989-ലെ പട്ടികജാതി- പട്ടികവർഗ അതിക്രമങ്ങൾ (തടയൽ) നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പ്രായോഗികമായ നിരവധി നിർദ്ദേശങ്ങൾ തോറാട്ട് കമ്മിറ്റി നിർദ്ദേശിക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജാതിവിവേചനവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ പ്രത്യേക സെല്ലുകൾ രൂപീകരിക്കുക ,ദലിത്-ആദിവാസി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ റെമഡിയൽ കോച്ചിംഗ് സമ്പ്രദായം ഏർപ്പെടുത്തുക, അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും ജാതിവിവേചനത്തെ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുക, കലാകായിക പരിപാടികളിലും മറ്റും എല്ലാ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുക , വിദ്യാർഥികളുടെ ഐഡൻസ്റ്റിറ്റി വെളിപ്പെടുത്താത്ത വിധത്തിൽ സുതാര്യമായ മൂല്യനിർണയം നടത്തുക തുടങ്ങിയവയായിരുന്നു തോറാട്ട് കമ്മിറ്റി റിപ്പോർട്ടിലെ പ്രധാനപ്പെട്ട ശുപാർശകൾ .
അത്യന്തം ഗൗരവമേറിയ ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തടയുക എന്ന ലക്ഷ്യത്തോടെ UGC 2012 ൽ Promotion of Equity in Higher Education Institution Regulations - 2012 പുറപ്പെടുവിക്കുന്നത്. ഈ ചട്ടങ്ങളിൽ ജാതിവിവേചനം സംബന്ധിച്ച പരാതികൾ സ്വീകരിക്കാനും പരിഹാരം കാണാനും ആന്റി ഡിസ്ക്രിമിനേഷൻ ഓഫീസറെ നിയമിക്കുക, പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കുക, തുല്യ അവസര സെല്ലുകളും റെമഡിയൽ സമ്പ്രദായും ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെട്ടിരുന്നു. നിയമ ലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷാ നടപടികളും നിർദേശിക്കപ്പെടുകയുണ്ടായി. ഓൺലൈൻ വഴി പരാതികൾ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശിക്കപ്പെട്ടു. എന്നാൽ ഈ ചട്ടങ്ങളുടെ ഏറ്റവും വലിയ പോരായ്മ അത് ജാതിവിവേചനം തടയുന്നതിനു വേണ്ടി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെപ്പറ്റിയും ശിക്ഷാ നടപടികളെപ്പറ്റിയും വ്യക്തമായി നിർവചിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു. ഈ ചട്ടങ്ങളുടെ നടത്തിപ്പിനുവേണ്ട മാർഗനിർദേശങ്ങളും അപര്യാപ്തമായിരുന്നു.
ഇത് കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികളെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. മാത്രമല്ല ഈ ചട്ടങ്ങൾ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ശുഷ്കവും അപ്രായോഗികവുമായിരുന്നു. ജാതിവിവേചനം സംബന്ധിച്ച പരാതിപരിഹാര സമിതികളിൽ വിവേചനം അനുഭവിക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രതിനിധ്യത്തെ സംബന്ധിച്ചും അവ്യക്തത നിലനിന്നിരുന്നു. ചുരുക്കത്തിൽ പ്രായോഗികതയിലെ അവ്യക്തയായിരുന്നു ഈ ചട്ടങ്ങളുടെ മറ്റൊരു വീഴ്ച. ഈ പഴുതുകൾ പ്രയോജനപ്പെടുത്തി ഭൂരിഭാഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും പിന്തിരിയുകയായിരുന്നു. മിക്ക സ്ഥാപനങ്ങളിലും ആൻറി ഡിസ്ക്രിമിനേറ്ററി ഓഫിസറെ നിയമിക്കുകയോ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കുകയോ ചെയ്തിരുന്നില്ല. ചുരുക്കത്തിൽ 2012ലെ യുജിസി ചട്ടങ്ങൾ അവയുടെ നിർവചന പരിമിതികൾ മൂലവും പ്രായോഗികതയുടെ അപരിയാപ്തത മൂലവും ചട്ടങ്ങൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ജാതീയമായ പിന്തിരിപ്പൻ മനോഭാവം മൂലവും അട്ടിമറിക്കപ്പെടുകയായിരുന്നു.
തത്ഫലമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങളും ആത്മഹത്യകളും കൊഴിഞ്ഞുപോക്കും ആശങ്കാജനകമായി വർദ്ധിച്ചുകൊണ്ടേയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെൻ്റിൽ നൽകിയ റിപ്പോർട്ട് പ്രകാരം 2018 - 2023 കാലയളവിൽ മാത്രം 98 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ആത്മഹത്യ ചെയ്തത്. ഇതിൽ ഭൂരിഭാഗവും ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളായിരുന്നു എന്നതും ശ്രദ്ധേയമാണ്.
2016ൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥ്യയായ രോഹിത് വെമുലയുടെ ആത്മഹത്യയും 2023-ൽ ബോംബെ ഐഐടി വിദ്യാർഥി ദർശൻ സോളങ്കിയുടെ ആത്മഹത്യയും 2019 -ൽ ബോംബെ ബി.വൈ.എൽ നായർ ഹോസ്പിറ്റലിൽ സീനിയർ ഡോക്ടർമാരുടെ മാനസിക പീഡനത്തെത്തുടർന്നുണ്ടായ പായൽ തദ്വിയുടെ ആത്മഹത്യയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ഇതിന്റെ ഫലമായി ഇവിടങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനത്തെയും ബഹിഷ്കരണത്തെയും പ്രതിരോധിക്കാൻ കർശനമായ ചട്ടങ്ങൾ വേണമെന്ന ആവശ്യം പ്രക്ഷോഭങ്ങളിലൂടെ ഉയർന്നു വരികയും ഉണ്ടായി.
2019 ൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കർശന നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും പായൽ തദ്വിയുടെ മാതാവ് സൽമ തദ്വിയും സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഇതു സംബന്ധിച്ച് 2012 ലെ ചട്ടങ്ങളുടെ സാധ്യതകളും പരിമിതികളും പുനപരിശോധിച്ച് കലാനുസൃതമായ പരിഷ്കരിച്ച് നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ 2012- ലെ ചട്ടങ്ങൾ പുനപരിശോധിച്ച് പരിഷ്കരിച്ച് നടപ്പിലാക്കുന്നതിന് പകരം യുജിസി പുതിയ ചട്ടങ്ങൾ ഫ്രെയിം ചെയ്യുകയാണ് ചെയ്തത്. 2026 ജനുവരി 13 - ന് ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഇതിനെതിരെ സവർണ വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിക്കുകയും 2026 ജനുവരി 29 -ന് സുപ്രിം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബഞ്ച് ഈ ചട്ടങ്ങളെ സ്റ്റേ ചെയ്യുകയും ചെയ്തു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്യാമ്പസുകളിൽ അരങ്ങേറുന്ന ജാതിവിവേചനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഈ ചട്ടങ്ങൾ അവ്യക്തമാണെന്നും അവ ദുർവിനിയോഗം ചെയ്യാൻ സാധ്യത കൂടുതലുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മാത്രമല്ല ചട്ടങ്ങളിലെ നിർവചനങ്ങൾ പലതും അവ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. 2012 ലെ ചട്ടങ്ങളിൽ ജാതിവിവേചനത്തിൻ്റെ പ്രത്യക്ഷവും പരോക്ഷവുമായ നിർണയം അവ്യക്തമായെങ്കിലും പല വിധത്തിൽ നിർവചിച്ചിരുന്നെങ്കിൽ 2026 ലെ ചട്ടങ്ങളിൽ ഒരു വിദ്യാർഥി ജാതിവിവേചനത്തിന് വിധേയമായിട്ടുണ്ടോ എന്നു നിർണയിക്കാനുള്ള അധികാരം ഇക്വറ്റി കമ്മിറ്റികളിലാണ് നിക്ഷിപത്മാക്കിയിരിക്കുന്നത്. ജാതിരഹിത സമൂഹ സൃഷ്ടിക്ക് പകരം ഈ ചട്ടങ്ങൾ സാമൂഹ്യ വിഭജനത്തിനായിരിക്കും വഴിതുറക്കുക എന്നും കോടതി നിരീക്ഷിച്ചു. 2012 ലെ ചട്ടങ്ങളിൽ ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെയാണ് ജാതി വിവേചനത്തിൽ സംരക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ 2026-ലെ ചട്ടങ്ങൾ പ്രകാരം OBC ,ട്രാസ്ജൻഡർ, EWS വിഭാഗങ്ങളെയും ഈ പട്ടികയിൽ, ഉൾപ്പെടുത്തി. ഇതാകട്ടെ ജാതിവിവേചനത്തിൻ്റെ പേരിൽ ദലിത്- ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലഭിക്കേണ്ട നിയമ സംരക്ഷണത്തെ തത്വത്തിൽ അസ്ഥിരപ്പെടുത്തുകയാണുണ്ടായത്.
2026ലെ ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് നിർവചിക്കാത്തതിനാൽ യുജിസി നിയന്ത്രണത്തിൻ കീഴിൽവരുന്ന കേന്ദ്ര സർവകലാശാലകൾക്കും അനുബന്ധ സർവകലാശാലകൾക്കും മാത്രമേ ബാധകമാവുന്നുള്ളൂ എന്ന പരിമിതിയുമുണ്ട്. ജാതിവിവേചനത്തെ നിർണയിക്കാനുള്ള ഇക്വറ്റി കമ്മിറ്റികളിൽ നിക്ഷിപ്തമാക്കിയതാണ് ഈ ചട്ടങ്ങളുടെ മറ്റൊരു പോരായ്മ. മാത്രമല്ല ഈ ചട്ടങ്ങൾ ജാതിവിവേചനത്തെ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കുന്നുമില്ല. ചുരുക്കത്തിൽ ക്യാമ്പസുകളിലെ, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനത്തെ ക്രിമിനൽ കുറ്റകൃത്യമായി വീക്ഷിച്ച് അവയെ പ്രതിരോധിക്കാൻ സുപ്രിംകോടതി നിർദ്ദേശിച്ചത് പോലെ 2012ലെ ചട്ടങ്ങളിൽ വേണ്ട ഭേദഗതികൾ ,പ്രത്യേകിച്ചും നിയമം നടപ്പിലാക്കുന്ന നടപടി ക്രമങ്ങളിൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാവും വിധം പ്രാബല്യത്തിൽ വരുത്തുകയാണ് അഭികാമ്യം.
