Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 16 Nov 2022 9:02 AM GMT

ശിവാജി, അയ്യൂബ: ദരിദ്രവാസികളായ രണ്ട് സിനിമക്കാര്‍

അക്കാലത്തു ശിവാജി (രജനികാന്ത്) സിഗരറ്റു കൊണ്ട് ചില ട്രിക്കുകള്‍ ഒക്കെ കാണിക്കുമായിരുന്നു. പലപ്പോഴും എന്റെ മുറിയിലെ വലിയ ഡ്രസ്സിങ് മിററിന്റെ മുന്നില്‍ നിന്നാണ് പ്രാക്ടീസ്. ഒരു ഐറ്റം വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അത് ആദ്യം പ്രദര്‍ശിപ്പിക്കുക എന്റെ മുന്നിലാണ്. ആദ്യ കാലങ്ങളില്‍ ചില സിനിമകളില്‍ അദ്ദേഹം ഈ സിഗരറ്റു വിദ്യകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിഗരറ്റ് വായുവിലേക്ക് എറിഞ്ഞു കൃത്യമായി ചുണ്ടു കൊണ്ട് പിടിക്കുക. ഒരു കൈയില്‍ തീപ്പെട്ടിയും മറുകൈയില്‍ സിഗരറ്റും പിടിച്ചു കൊണ്ട്, തീപ്പെട്ടി ഉരച്ചു വായുവിലേക്ക് എറിഞ്ഞു സിഗരറ്റ് കത്തിക്കുക തുടങ്ങിയവ ആയിരുന്നു അവയില്‍ ചിലത്. | വൈഡ് ആംഗിള്‍ - 17

ശിവാജി, അയ്യൂബ: ദരിദ്രവാസികളായ രണ്ട് സിനിമക്കാര്‍
X

രജനി ദൗത്യം പരാജയപ്പെട്ടതോടെ, ഞാന്‍ അങ്കലാപ്പിലായി. പുതിയ താമസം ഉടനെ കണ്ടുപിടിച്ചേ പറ്റൂ. കൂട്ടുകാരില്‍ ചിലര്‍ വെവ്വേറെ സ്ഥലങ്ങളില്‍ അഭയം കണ്ടെത്തിയിരുന്നു. രാജ്കുമാര്‍ കുറെ മലയാളികള്‍ താമസിക്കുന്ന ഒരു വാടക വീട്ടില്‍ ഇടം കണ്ടെത്തി. ജെയിംസ്, ഇന്ദ്ര ബാലന്‍, ഫ്രാന്‍സിസ് എന്നിവര്‍ ജെമിനി ജംഗ്ഷനിലുള്ള എന്‍.കെ അഹ്മദ് ലോഡ്ജില്‍ മുറിയെടുത്തു. ഞാനും അവരോടൊപ്പം കൂടാം എന്ന് വിചാരിച്ചു, പക്ഷെ അപ്പോഴേക്കും അവിടെ മുറികള്‍ മുഴുവന്‍ ഫുള്‍ ആയിരുന്നു. ഈ അവസ്ഥയില്‍ താസിക്കാന്‍ മുറിയില്ലാതെ ഞാന്‍ ഒറ്റക്കായി.

ശിവാജിയുടെ അപകര്‍ഷതാ ബോധം മാറ്റാന്‍ ഞാന്‍ പല സൂപ്പര്‍ സ്റ്റാറുകളുടെയും പൂര്‍വ കാല കഥകള്‍ അവനു പറഞ്ഞു കൊടുക്കും.

എന്റെ മലയാളി സുഹൃത്തുക്കള്‍, ആദ്യകാലങ്ങളില്‍, കൂടുതലും അവര്‍ക്കിടയില്‍ തന്നെ സൗഹൃദ വലയം പരിമിതപ്പെടുത്തിയിരുന്നു. അതിനു പ്രധാന കാരണം ഭാഷാപരമായ പരിമിതി ആയിരുന്നു. തുടക്കക്കാരായതു കൊണ്ട് പലര്‍ക്കും മലയാളം അല്ലാതെ മറ്റു ഭാഷകള്‍ വശമായിരുന്നില്ല. തമിഴ് പഠിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍, എനിക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാമായിരുന്നത് കൊണ്ട് ഞാന്‍ ഇതര ഭാഷാ വിദ്യാര്‍ഥികളുമായും എളുപ്പത്തില്‍ സൗഹൃദം സ്ഥാപിച്ചു. കര്‍ണ്ണാടക, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിലെ പലര്‍ക്കും അവരുടെ ഭാഷ കൂടാതെ ഹിന്ദിയും അറിയാമായിരുന്നു. പ്രത്യേകിച്ച് കര്‍ണാടകക്കാരായ വിദ്യാര്‍ഥികള്‍. പുതിയ ഭാഷകള്‍ പഠിക്കാനുള്ള എന്റെ ആര്‍ത്തിയും എന്നെ കന്നഡ, തെലുഗു എന്നീ ഭാഷക്കാരുമായി അടുപ്പിച്ചു. കന്നഡക്കാരുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. അവരില്‍ ചിലരൊക്കെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളില്‍ നിന്നായിരുന്നെങ്കിലും മറ്റുചിലരുടെ കുടുംബ പശ്ചാത്തലം ദരിദ്രമായിരുന്നു. ചിലര്‍ ബാംഗ്ലൂരില്‍ ഹോട്ടല്‍ റിസെപ്ഷനിസ്‌റ് ആയി ജോലി ചെയ്തവര്‍ ആയിരുന്നു. അതിന്റെ പിന്‍ബലത്തില്‍ അവര്‍ക്ക് മദിരാശിയില്‍ പാംഗ്രോവ്, ദാസപ്രകാശ്, വുഡ്‌ലാന്‍ഡ്‌സ് എന്നീ ഹോട്ടലുകളില്‍ ജോലി കിട്ടി. അവര്‍ അവിടെ നൈറ്റ് ഡ്യൂട്ടി ചെയ്യുകയും പകല്‍ ക്‌ളാസ് അറ്റന്‍ഡ് ചെയ്യുകയുമായിരുന്നു പതിവ്. അങ്ങിനെ മദിരാശിയില്‍ തന്നെ പകല്‍ ക്‌ളാസും രാത്രിയില്‍ ജോലിയുമായി കഴിഞ്ഞിരുന്ന കന്നഡ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യത്യസ്തനായ ഒരാളുണ്ടായിരുന്നു. ബാംഗ്ലൂരില്‍ ജോലിയും, മദിരാശിയില്‍ പഠിത്തവുമായി, രണ്ടു വഞ്ചിയില്‍ കാലുമായി ജീവിക്കുന്ന ഒരാള്‍. ബാംഗ്ലൂരിലെ ജോലിയാകട്ടെ, സര്‍ക്കാര്‍ ജോലിയും. അയാളാണ് ശിവാജി റാവുഗായേക് വാദ്. അതെ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ രജനീകാന്ത്. ബാംഗ്ലൂരില്‍ സര്‍ക്കാര്‍ വക ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കണ്ടക്ടര്‍. അവിടെ ലീവ് എടുത്തു മദിരാശിയില്‍ പഠിക്കുകയും, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലീവ് എടുത്തു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയും ആയിരുന്നു ശിവാജി. രജനീകാന്ത് എന്ന സൂപ്പര്‍ സ്റ്റാര്‍ ആകുന്നത് വരെ തല്‍ക്കാലം ഞാന്‍ അദ്ദേഹത്തെ 'ശിവാജി; എന്ന് തന്നെ വിളിക്കട്ടെ.


കന്നഡ വിദ്യാര്‍ഥികളില്‍ നാലു പേര് അമിഞ്ചിക്കരയില്‍ ഉള്ള ഹോട്ടല്‍ അരുണ്‍ എന്ന ഹോട്ടലില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു. അവിടെ മുറി ഒഴിവുണ്ടെന്നറിഞ്ഞു ഞാന്‍ അവിടെ പോയി. അന്ന് നഗരപ്രാന്തമായിരുന്ന അമിഞ്ചിക്കരയിലെ സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടല്‍ ആയിരുന്നു അത്. ഭേദപ്പെട്ടതു എന്ന് പറഞ്ഞാല്‍ പോരാ ഉയര്‍ന്ന ശ്രേണിയില്‍ ഉള്ള ഒരു ഹോട്ടല്‍ എന്ന് തന്നെ പറയാം. നാലു നിലയുള്ള ഹോട്ടല്‍ കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ റസ്റ്റോറന്റും, ബാറും ഉണ്ട്. വാരാന്ത്യങ്ങളില്‍ ബാറില്‍ കാബറേ ഡാന്‍സും ഉണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും ഫ്‌ളോറുകളില്‍ ദിവസ വാടകക്ക് കൊടുക്കുന്ന മുറികള്‍ ആണ്. മൂന്നാമത്തെ നിലയില്‍ മാസ വാടകക്ക് കൊടുക്കുന്ന മുറികള്‍. ഇതിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത് ഒരു ചെട്ടിയാര്‍ ആയിരുന്നു. ഹോട്ടലിലെ മറ്റു ഭാഗങ്ങള്‍ എല്ലാം മാനേജ്‌മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരുന്നു. മുറികള്‍ എല്ലാം ഫര്‍ണിഷ്ഡ് ആണ്. യൂറോപ്യന്‍ ക്ലോസറ്റ് ഉള്ള അറ്റാച്ച്ഡ് ബാത്രൂം, രണ്ടു കട്ടിലുകളും ഡണ്‍ലപ് ബെഡ്ഡുകളും. കബോര്‍ഡ്, കസേര, ഫാന്‍, വലിയ നിലക്കണ്ണാടി തുടങ്ങി എല്ലാ സൗകര്യങ്ങളും. ഞാന്‍ ഇതുവരെ താമസിച്ച മുറികളുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത അത്ര ആര്‍ഭാടം നിറഞ്ഞ വാസസ്ഥലം. വാടക അല്‍പം കൂടുതല്‍ ആണെങ്കിലും ഞാന്‍ അവിടെത്തന്നെ മുറിയെടുത്തു. പിന്നെ എന്റെ സുഹൃത്തുക്കള്‍ ആയ കന്നഡ വിദ്യാര്‍ഥികളും ഉണ്ടല്ലോ. അവര്‍ നാലുപേര്‍ നാലു ബെഡ്ഡുള്ള ഒരു സ്വീറ്റ് റൂം ആണ് എടുത്തിരുന്നത്. അവര്‍ ഇവരാണ് വേണു(പില്‍ക്കാലത്തു കന്നഡ സിനിമയില്‍ അശോക് എന്ന പേരില്‍ നായകന്‍ ആയി ഉയര്‍ന്നു), രവി (കന്നഡ സിനിമയില്‍ സംവിധായകനായി -ആദ്യ ചിത്രം- വീരപ്പന്‍), കൃഷ്ണസ്വാമി (സതീഷ് എന്ന പേരില്‍ തമിഴ് സിനിമയില്‍ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി), പിന്നെ രജനീകാന്ത് എന്ന മഹാത്ഭുതമായിത്തീര്‍ന്ന ശിവാജി. ശിവാജി ഒഴിച്ച് ബാക്കിയുള്ളവരെല്ലാം സാമാന്യം ഭേദപ്പെട്ട സാമ്പത്തിക പശ്ചാത്തലം ഉള്ളവര്‍ ആയിരുന്നു. അവരുടെ മുറിയുടെ അടുത്ത മുറി ആയിരുന്നു എന്റേത്. തുടക്കത്തില്‍ എന്റെ മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. എങ്കിലും എന്നില്‍ നിന്ന് ഒരാളുടെ വാടകയേ ചെട്ടിയാര്‍ വാങ്ങിയുള്ളു. പുതുതായി ഒരാള്‍ കൂടി വരും എന്ന് ചെട്ടിയാര്‍ പറഞ്ഞു.

അങ്ങിനെ ഞങ്ങളുടെ സഹപാഠികള്‍ പലരും അവരുടെ സമ്പത്തിലും സൗന്ദര്യത്തിലും മതി മറന്നു ജീവിതം ആര്‍ഭാടമായി ആഘോഷിക്കുമ്പോള്‍, ഞങ്ങള്‍ രണ്ടു ദരിദ്രവാസികള്‍ ഞങ്ങളുടെ വേദനകളും വിശപ്പും സഹിച്ച് മുറിയില്‍ ചടഞ്ഞു കൂടി പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ട് ദിവസങ്ങള്‍ കഴിച്ചു കൂട്ടി.

ഒഴിവു സമയങ്ങള്‍ ഞാന്‍ മിക്കപ്പോഴും അവരുടെ മുറിയില്‍ തന്നെയാണ് കഴിച്ചുകൂട്ടിയിരുന്നത്. പക്ഷെ, അവിടെ ശിവാജി ഒഴിച്ചുള്ള മറ്റുള്ളവരുടെ ജീവിത രീതികള്‍ അല്‍പം ആര്‍ഭാടം നിറഞ്ഞതായിരുന്നു. ആ ആര്ഭാടങ്ങളില്‍ പങ്കുചേരാന്‍ എനിക്കും ശിവാജിക്കും കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ സാമ്പത്തിക പരാധീനത തന്നെ കാരണം. എല്ലാ മാസവും ഒന്നാമത്തെ ആഴ്ചയില്‍ തന്നെ എല്ലാവര്‍ക്കും വീട്ടില്‍ നിന്നും മണി ഓര്‍ഡര്‍ വരും. വലിയ തുകകള്‍ ആണ് എല്ലാവര്‍ക്കും മാസം തോറും വീട്ടില്‍ നിന്ന് വന്നിരുന്നത്. എന്നാല്‍, ശിവാജിക്ക് ഒന്നിലധികം മണി ഓര്‍ഡറുകള്‍ വരും. എല്ലാം അഞ്ചു രൂപയും പത്തു രൂപയും ആയിരുന്നു. അതെല്ലാം കൂട്ടിയാലും അമ്പതു രൂപ പോലും തികയില്ല. കര്‍ണാടക ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനിലെ, സഹപ്രവര്‍ത്തകരായ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് ഈ തുകകള്‍ അയച്ചിരുന്നത്. ശിവാജിയുടെ കുടുംബം വളരെ ദരിദ്രമായിരുന്നു. അവര്‍ക്കു അവനെ പഠിപ്പിക്കാനുള്ള ശേഷി ഇല്ലായിരുന്നു. അവന്റെ കൂട്ടുകാരാണ് അവനെ നിബന്ധിച്ചു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പറഞ്ഞയച്ചത്. എനിക്കാണെങ്കില്‍ അങ്ങനെ കൃത്യമായി മണി ഓര്‍ഡര്‍ ഒന്നും വരാറില്ല. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. പിതാവ് എവിടെ നിന്നെങ്കിലും കടം വാങ്ങി വല്ലപ്പോഴും അല്‍പം പൈസ അയക്കും. ഒന്ന് രണ്ടു പ്രാവശ്യം, റിസര്‍വ് ബാങ്കില്‍ ഓഫീസര്‍ ആയ എന്റെ അളിയനും, കപ്പലില്‍ എഞ്ചിനീയര്‍ ആയ എന്റെ അനിയനും പണം അയച്ചു തന്നിട്ടുണ്ട്. പൊതുവെ എന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി ജീവിതം സാമ്പത്തിക ഞെരുക്കം നിറഞ്ഞതായിരുന്നു. എല്ലാ മാസവും മണി ഓര്‍ഡര്‍ വന്നാല്‍ കന്നഡ സുഹൃത്തുക്കള്‍ ബീര്‍ കുടിച്ചും സിനിമക്ക് പോയും ഒക്കെ ആഘോഷിക്കുക പതിവായിരുന്നു. ചിലപ്പോള്‍ അവര്‍ താഴത്തെ ബാറില്‍ കാബറേ കാണാനും പോകും. എന്നാല്‍, ഞാനും ശിവാജിയും ആ ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കും. ഞങ്ങളുടെ ദാരിദ്ര്യം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. ശിവാജി കൂടുതല്‍ സമയവും എന്റെ മുറിയില്‍ ചിലവഴിക്കാന്‍ തുടങ്ങി. ജന്മനാ മറാഠി ആയിരുന്നത് കൊണ്ട് ശിവാജി നന്നായി ഹിന്ദി സംസാരിക്കും. അങ്ങിനെ ഹിന്ദിയും ഞങ്ങളെ അടുപ്പിക്കാന്‍ മറ്റൊരു കാരണമായി. ഞങ്ങള്‍ ഹിന്ദിയിലാണ് പരസ്പരം സംസാരിച്ചിരുന്നത്. അല്‍പം മദ്യം കഴിക്കുന്ന ആളായിരുന്നു ശിവാജി. പക്ഷെ, അയാളുടെ മറ്റു സുഹൃത്തുക്കളെപ്പോലെ ബിയര്‍ കുടിക്കാനുള്ള ശേഷി ഇല്ലാത്തതു കൊണ്ട്, ഞങ്ങളുടെ ഹോട്ടലിനു എതിര്‍വശത്തുള്ള ചേരിയില്‍ പോയി വാറ്റു ചാരായം വാങ്ങികുടിച്ചാണ് ശിവാജി സായൂജ്യം അടയുക.


ശിവാജി ഇടയ്ക്കിടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മുങ്ങുമായിരുന്നു. പിന്നെ ഒന്ന് രണ്ടു ആഴ്ചകള്‍ക്കു ശേഷമാണ് വീണ്ടും ക്‌ളാസില്‍ വരിക. എന്നോട് എല്ലാ രഹസ്യങ്ങളും പറയുമായിരുന്നതു കൊണ്ട് ഈ ഹൃസ്വ തിരോധാനത്തിന്റെ രഹസ്യവും എന്നോട് പറഞ്ഞു. ബാംഗ്ലൂരില്‍, ദീര്‍ഘകാലമായി ഒരു സ്ഥിരം റൂട്ടില്‍ ആയിരുന്നു ശിവാജി കണ്ടക്ടര്‍ ആയി ജോലി ചെയ്തിരുന്നത്. ജയനഗര്‍-സിറ്റി മാര്‍ക്കറ്റ് റൂട്ട് ആയിരുന്നു അത്. ജയനഗര്‍ അനേകം വീടുകള്‍ ഉള്ള ഒരു പാര്‍പ്പിട കേന്ദ്രമായിരുന്നു. (അന്ന് ഫളാറ്റുകള്‍ കുറവായിരുന്നു) ഈ റസിഡന്‍ഷ്യല്‍ കോളനിയില്‍ നിന്നും നഗരത്തിലേക്ക് സ്ഥിരമായി ജോലിക്കു പോകുന്നവരാണ് ഈ ബസ്സില്‍ ദിവസേന യാത്ര ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ എല്ലാവരും ശിവാജിയുടെ പരിചയക്കാരായിരുന്നു. സ്‌റ്റൈലും നര്‍മവും കലര്‍ന്ന അദ്ദേഹത്തിന്റെ സംഭാഷണവും പെരുമാറ്റവും അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കി. അതുകൊണ്ടു പലരും ടിക്കറ്റ് നിരക്കില്‍ കുറഞ്ഞ ഒരു തുക അദ്ദേഹത്തിന്റെ കൈയില്‍ കൊടുക്കും. ടിക്കറ്റ് വേണമെന്ന് ആര്‍ക്കും നിര്‍ബന്ധം ഇല്ലായിരുന്നു. അത്യാവശ്യത്തിനു മാത്രം ടിക്കറ്റ് നല്‍കുകയും ബാക്കി തുക പോക്കറ്റില്‍ ആക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അങ്ങിനെ രണ്ടാഴ്ച ജോലി കഴിഞ്ഞു വരുമ്പോഴേക്കും, വാടക കൊടുക്കാനും മറ്റുമുള്ള തുക അദ്ദേഹം കണ്ടെത്തിയിരിക്കും. അദ്ദേഹത്തിന്റെ സഹമുറിയന്മാരായ മറ്റ് സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നോ എന്നെനിക്കറിയില്ല. അങ്ങനെ ബാംഗ്ലൂരില്‍ ജോലി കഴിഞ്ഞു വരുമ്പോഴാണ് ശിവാജി മുന്‍വശത്തെ ചേരിയില്‍ പോയി വട്ടു ചാരായം കഴിക്കുന്നത്.

' സിനിമയില്‍ വിജയിക്കാന്‍ തൊലിയുടെ നിറം ഒരു ഘടകമേ അല്ല. കഴിവാണ് പ്രധാനം. പിന്നെ ഭാഗ്യവും. മലയാളത്തിലെ വലിയ നടന്‍ ആരാണെന്നറിയാമോ? സത്യന്‍

അക്കാലത്തു ശിവാജി സിഗരറ്റു കൊണ്ട് ചില ട്രിക്കുകള്‍ ഒക്കെ കാണിക്കുമായിരുന്നു. പലപ്പോഴും എന്റെ മുറിയിലെ വലിയ ഡ്രസ്സിങ് മിററിന്റെ മുന്നില്‍ നിന്നാണ് പ്രാക്ടീസ്. ഒരു ഐറ്റം വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അത് ആദ്യം പ്രദര്‍ശിപ്പിക്കുക എന്റെ മുന്നിലാണ്. ആദ്യ കാലങ്ങളില്‍ ചില സിനിമകളില്‍ അദ്ദേഹം ഈ സിഗരറ്റു വിദ്യകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിഗരറ്റ് വായുവിലേക്ക് എറിഞ്ഞു കൃത്യമായി ചുണ്ടു കൊണ്ട് പിടിക്കുക. ഒരു കൈയില്‍ തീപ്പെട്ടിയും മറുകൈയില്‍ സിഗരറ്റും പിടിച്ചു കൊണ്ട്, തീപ്പെട്ടി ഉരച്ചു വായുവിലേക്ക് എറിഞ്ഞു സിഗരറ്റ് കത്തിക്കുക തുടങ്ങിയവ ആയിരുന്നു അവയില്‍ ചിലത്. അന്ന് എനിക്ക് തോന്നിയിരുന്നത്, ശിവാജി ഹിന്ദി സിനിമയിലെ ശത്രുഘ്‌നന്‍ സിന്‍ഹയെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. പക്ഷെ, പില്‍ക്കാലത്തു മറ്റു പലരും അദ്ദേഹത്തെ അനുകരിക്കും വിധം അദ്ദേഹം സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുയെടുത്തു.

ഞങ്ങള്‍ എന്റെ മുറിയില്‍ ഒറ്റക്കിരിക്കുമ്പോള്‍ ശിവാജി പലപ്പോഴും എന്റെ മുന്നില്‍ വന്നിരുന്നു തന്റെ ഹൃദയം തുറക്കുമായിരുന്നു. മിക്കപ്പോഴും മുറിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം ഒരു ലുങ്കി മാത്രമാണ് ധരിക്കുക. എന്റെ മുറിയിലെ മുഴുനീള കണ്ണാടിക്കു മുന്നില്‍ നിന്ന് കൊണ്ട് അദ്ദേഹം സ്വന്തം ശരീരം നോക്കും. എന്നിട്ടു വളരെ നിരാശയോടെ പറയും ' അയൂബാ (അദ്ദേഹം എന്നെ അങ്ങിനെയാണ് വിളിച്ചിരുന്നത്) നീ വെളുത്തിട്ടാണ്, സുന്ദരനാണ്. നിനക്ക് വേഗം അവസരങ്ങള്‍ കിട്ടും. നീ ഒരു സൂപ്പര്‍ സ്റ്റാര്‍ ആവും. പക്ഷെ, കറുത്ത് കരിംഭൂതം പോലിരിക്കുന്ന എനിക്ക് ആര് വേഷം തരാനാണ്?'

വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠികള്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍




അന്ന് ശിവജിക്ക് തന്റെ കറുത്ത നിറത്തെക്കുറിച്ചു വലിയ അപകര്‍ഷതാ ബോധം ആയിരുന്നു.

ഞാന്‍ അവനെ സമാശ്വസിപ്പിക്കും.

'' സിനിമയില്‍ വിജയിക്കാന്‍ തൊലിയുടെ നിറം ഒരു ഘടകമേ അല്ല. കഴിവാണ് പ്രധാനം. പിന്നെ ഭാഗ്യവും. മലയാളത്തിലെ വലിയ നടന്‍ ആരാണെന്നറിയാമോ? സത്യന്‍. അദ്ദേഹം കറുത്തിട്ടാണ്. പക്ഷെ, അദ്ദേഹത്തിന്റെ അഭിനയ സിദ്ധിക്ക് മുന്നില്‍ ആരും നമിച്ചു പോകും. മലയാളത്തിലെ ഏറ്റവും വലിയ നടനാണ് അദ്ദേഹം''

അപ്പോള്‍ അദ്ദേഹം സത്യനെക്കുറിച്ചു ചോദിക്കും. സിനിമയില്‍ വരുന്നതിനു മുന്‍പ്, സത്യന്‍ ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു എന്ന് ഞാന്‍ പറഞ്ഞു. ''പൊലീസിലെ ജോലി വളരെ സ്വാധീനമുള്ള ജോലിയല്ലേ? ഞാനോ വെറുമൊരു ബസ് കണ്ടക്ടര്‍. എനിക്ക് ഈ ഫീല്‍ഡില്‍ ഗോഡ്ഫാദര്‍ ആരുമില്ല. ആരെയും പരിചയവും ഇല്ല. ഞാന്‍ അതുകൊണ്ടാണ് ബസ് കണ്ടക്ടര്‍ ജോലി രാജി വെക്കാത്തത്. സിനിമയില്‍ അവസരം കിട്ടിയില്ലെങ്കില്‍ ഞാന്‍ തിരിച്ചു പോയി ജോലിക്കു കേറും.'' അദ്ദേഹം നിരാശയോടെ പറയും.

അക്കാലത്തു ശിവാജി സിഗരറ്റു കൊണ്ട് ചില ട്രിക്കുകള്‍ ഒക്കെ കാണിക്കുമായിരുന്നു. പലപ്പോഴും എന്റെ മുറിയിലെ വലിയ ഡ്രസ്സിങ് മിററിന്റെ മുന്നില്‍ നിന്നാണ് പ്രാക്ടീസ്.

ശിവാജിയുടെ ഈ അപകര്‍ഷതാ ബോധം മാറ്റാന്‍ ഞാന്‍ പല സൂപ്പര്‍ സ്റ്റാറുകളുടെയും പൂര്‍വ കാല കഥകള്‍ അവനു പറഞ്ഞു കൊടുക്കും.ലെക്ച്ചര്‍ ക്ലാസ്സില്‍ പ്രിന്‍സിപ്പല്‍ സാധാരണ പരാമര്‍ശിക്കാറുള്ള വിഖ്യാത ഹോളിവുഡ് നടന്മാരായ, ഓര്‍സണ്‍ വെല്‍സ്, മാര്‍ലോണ്‍ ബ്രാണ്ടോ, പോള്‍ മുനി, ചാര്‍ളി ചാപ്ലിന്‍ എന്നിവരുടെ പൂര്‍വകാല കഥകള്‍, അവനെ പ്രചോദിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു കൊടുക്കുമായിരുന്നു. അവന്റെ ആത്മവിശ്വാസം വീണ്ടെക്കാന്‍ അത് കുറെയൊക്കെ സഹായിച്ചിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ അവനോടു പറയും 'നമ്മള്‍ എല്ലാവരും സിനിമ സ്വപ്നം കണ്ടു കൊണ്ട് ഇവിടെ വന്നവരാണ്. സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്നവര്‍ മാത്രമേ ലക്ഷ്യത്തില്‍ എത്തുകയുള്ളൂ. പരാജയത്തെകുറിച്ചുള്ള ഭീതി മാത്രമാണ് നമ്മെ ലക്ഷ്യം നേടുന്നതില്‍ നിന്ന് തടയുന്നത്. അതുകൊണ്ടു സ്വപ്നം ഉപേക്ഷിക്കരുത്''

അവന്‍ എന്റെ മുഖത്തേക്ക് ദീര്‍ഘനേരം നിശബ്ദനായി നോക്കിയിരിക്കും. എന്നിട്ടു പറയും.. '' നിന്റെ വാക്കുകള്‍ക്ക് വലിയ ശക്തിയുണ്ട്.. എനിക്ക് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു.''

അങ്ങിനെ ഞങ്ങളുടെ സഹപാഠികള്‍ പലരും അവരുടെ സമ്പത്തിലും സൗന്ദര്യത്തിലും മതി മറന്നു ജീവിതം ആര്‍ഭാടമായി ആഘോഷിക്കുമ്പോള്‍, ഞങ്ങള്‍ രണ്ടു ദരിദ്രവാസികള്‍ ഞങ്ങളുടെ വേദനകളും വിശപ്പും സഹിച്ച് മുറിയില്‍ ചടഞ്ഞു കൂടി പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ട് ദിവസങ്ങള്‍ കഴിച്ചു കൂട്ടി.