Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 25 Jan 2023 10:34 AM GMT

ആന്റണി മകന്‍ അനില്‍

പത്രപ്രവര്‍ത്തകര്‍ ബി.ബി.സി വിഷയത്തില്‍ എ.കെ ആന്റണിയോട് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ മകന്‍ പറഞ്ഞ രീതിയിലുള്ള ഉത്തരം ലഭിച്ചേനെ എന്ന് ആന്റണിയുടെ ചരിത്രം അറിയാവുന്നവര്‍ സമ്മതിക്കും. ആദര്‍ശധീരത ഷര്‍ട്ടിന്റെ സ്ലീവില്‍ കൊണ്ട് നടക്കുന്ന ഈ തലമൂത്ത നേതാവ് ഇതിനു മുന്‍പ് നടത്തിയ ചില പ്രസ്താവനകള്‍ എങ്ങനെ ആ പാര്‍ട്ടിയെ ബുദ്ധിമുട്ടിച്ചു എന്നത് മകനും അറിയാത്തതല്ല. | LookingAround

ആന്റണി മകന്‍ അനില്‍
X

സത്യം തിളക്കമുള്ളത്, എപ്പോഴായാലും അതു പുറത്തുവരും': മോദിക്കെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ്. ബി.ബി.സിയുടെ ഗുജറാത്ത് ഡോക്യൂമെന്ററി ഇന്ത്യയില്‍ നിരോധിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ഇതില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. മോദിയുടെ ചെയ്തികളെയും നയങ്ങളെയും അവയെ നയിക്കുന്ന ആശയങ്ങളെയും തുറന്നു എതിര്‍ക്കുന്ന രാഹുലിനെ നമ്മള്‍ ആദ്യമായല്ലല്ലോ കാണുന്നത്. അതേ ദിവസംതന്നെ വന്ന മറ്റൊരു പ്രസ്താവനയും നമ്മളെ അത്ഭുതപ്പെടുത്തിയില്ല. അത് പറഞ്ഞത് എ.കെ ആന്റണി മകന്‍ അനില്‍ ആന്റണിയാണ്. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങളെന്ന് അനില്‍ ആന്റണി ട്വീറ്റ് ചെയ്തത്. ഗള്‍ഫ് യുദ്ധത്തിന് കാരണക്കാരനായ മുന്‍ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ പറഞ്ഞതിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും അനില്‍ കൂട്ടി ചേര്‍ത്തു! ഭാരത് ജോഡോ യാത്രയില്‍ ഇന്ന് വരെ കാണാത്ത, അതിനെക്കുറിച്ചു ഒരക്ഷരം മിണ്ടാത്ത ഒരു പാര്‍ട്ടി അനുഭാവി എന്ന് ജനം കരുതുന്ന ഒരാളാണ് ഇത് പറഞ്ഞത് എന്നോര്‍ക്കണം. അനിലിന്റെ പാര്‍ട്ടിയിലെ സ്ഥാനം എന്താണെന്നത് ഇപ്പഴും വ്യക്തമല്ല, പക്ഷെ, ഐ.ടി സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.


രാജ്യത്തെ ജനങ്ങളെ ഫാസിസ്റ്റുകള്‍ക്കെതിരെ ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രാഹുല്‍ കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന സമയത്താണ് അതെ പാര്‍ട്ടിയിലെ ഐ.ടി സെല്ലിലെ തലമൂത്ത അംഗമായ ആന്റണി മകന്‍ അനില്‍ ഈ നിലപാട് എടുത്തത് എന്നോര്‍ക്കണം. 2024ല്‍ മോദിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കാന്‍ ശ്രമിക്കുന്ന സമയത്താണ് രാജ്യതാല്‍പര്യം എന്ന നയം പൊക്കി പിടിച്ചു കൊണ്ട് അനില്‍ ആന്റണി ബി.ജെ.പിയെ സഹായിക്കുന്ന ഈ പ്രസ്താവന നടത്തുന്നത്. ദി മോദി ക്വസ്റ്റ്യന്‍ എന്ന ബി.ബി.സി ഡോക്യുമെന്ററി തുറന്ന് കാട്ടുന്നത് 2002ലെ സത്യം തന്നെയാണ്. അത് ഇന്ത്യയുടെ ഒരു പരമാധികാരത്തെയും ചോദ്യം ചെയ്യുന്നില്ല. ചോദ്യം ചെയ്യപ്പെടുന്ന മോദി പരമാധികാരിയല്ലല്ലോ, നമ്മുടേത് ജനാധിപത്യ രാജ്യമാണ് എന്ന കാര്യം മാറ്റിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് സത്യമാണെങ്കില്‍ കൂടി. സുപ്രീംകോടതി വിധിയെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് കോടതി പോലും പറഞ്ഞിട്ടില്ല. അതുകൊണ്ട് കോടതി അന്തിമമായി വിധി പറഞ്ഞ കേസില്‍ വിപരീത അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരു ഡോക്യൂമെന്ററി പാടില്ല എന്ന വാദവും തെറ്റാണ്.


ഈ ഡോക്യൂമെന്ററിയെ രാജ്യസ്‌നേഹം പൊക്കിപ്പിടിച്ചു എതിര്‍ക്കുന്ന അനില്‍ ഒരു കാര്യം മനസ്സിലാക്കണം, ഇന്ന് മോദി ഭക്തരായ ഭൂരിഭാഗം ആളുകളും, 2002 ഗുജറാത്ത് കലാപത്തിന് ശേഷമാണ് ആ പരിവാറിനൊപ്പം കൂടിയത്. അതായത് ഇന്ന് അനിലിനൊപ്പം ഈ ബി.ബി.സി പരിപാടിയെ എതിര്‍ക്കുന്നവര്‍ക്ക് പോലും അറിയാം ആരായിരുന്നു ആ കലാപത്തിന് പിന്നിലെന്നു. പക്ഷെ, മോദി 2014ല്‍ ഭരണത്തില്‍ ഏറുന്നതുവരെ അതിനെക്കുറിച്ചു തുറന്ന് പറയാനോ, കേന്ദ്ര സര്‍ക്കാര്‍ എന്ന നിലയില്‍ കേസുകള്‍ മുന്നോട്ടു കൊണ്ട് പോകാനോ അനിലിന്റെ പിതാവടക്കം ഉള്ളവര്‍ കാണിച്ച 'മൃദു' സമീപനമാണ് രാജ്യം ഇന്ന് ഫാസിസ്റ്റുകളുടെ കാല്‍ക്കീഴില്‍ കിടന്നു കേഴാന്‍ കാരണം എന്നത് അനില്‍ മറക്കുന്നു. ഇന്ന് മോദി അധികാരത്തില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതിന് വലിയൊരു കാരണം കോണ്‍ഗ്രസിന്റെ തന്നെ മുന്‍തലമുറ നേതാക്കളാണ് എന്ന് പറയുന്നതില്‍ തെറ്റില്ല എന്നര്‍ഥം.

പത്രപ്രവര്‍ത്തകര്‍ ബി.ബി.സി വിഷയത്തില്‍ എ.കെ ആന്റണിയോട് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ മകന്‍ പറഞ്ഞ രീതിയിലുള്ള ഉത്തരം ലഭിച്ചേനെ എന്ന് ആന്റണിയുടെ ചരിത്രം അറിയാവുന്നവര്‍ സമ്മതിക്കും. ആദര്‍ശധീരത ഷര്‍ട്ടിന്റെ സ്ലീവില്‍ കൊണ്ട് നടക്കുന്ന ഈ തലമൂത്ത നേതാവ് ഇതിനു മുന്‍പ് നടത്തിയ ചില പ്രസ്താവനകള്‍ എങ്ങനെ ആ പാര്‍ട്ടിയെ ബുദ്ധിമുട്ടിച്ചു എന്നത് മകനും അറിയാത്തതല്ല. പക്ഷെ, രാഷ്ട്രീയ ചക്രവാളത്തില്‍ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍, സാന്നിദ്ധ്യം അറിയിക്കാന്‍ ചില പൊടിക്കൈകള്‍ അച്ഛന്‍ പറഞ്ഞു കൊടുക്കാതെ തന്നെ മകന് അറിയാം എന്ന് കഞ്ഞി കുടിച്ചു ജീവിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ!

2003ല്‍ ആന്റണി നടത്തിയ ഒരു പ്രസ്താവന, തന്റെ കൂടെ നിന്ന മുസ്‌ലിം ലീഗ് എന്ന ഘടക കക്ഷിയെ ഉന്നംവെച്ചായിരുന്നെങ്കിലും, അതിനു അടുത്ത ലോക്‌സഭാ ഇലക്ഷന് കോണ്‍ഗ്രസ് നല്‍കേണ്ടി വന്ന വില നമ്മള്‍ കണ്ടതാണ്. തന്റെ വ്യക്തിപരമായ അസ്വസ്ഥതയെ മറികടക്കാന്‍ അന്ന് ആന്റണി പറഞ്ഞത് ഇപ്രകാരമാണ്. ''കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ശക്തമായി സംഘടിതരാണ്. കൂട്ടായ വിലപേശലിലൂടെ അവര്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇവിടെ ന്യൂനപക്ഷ സമുദായങ്ങള്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ തലങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നു. അത് അനുവദിക്കാനാവില്ല.'' ഇതിലെ നാനാര്‍ഥങ്ങള്‍ വിശദീകരിച്ചു സമയം കളയേണ്ട കാര്യമില്ല, കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഒരിടമുണ്ട്, അതിന് അപ്പുറം കടക്കാന്‍ അവകാശമില്ല. ഇത് അന്ന് ആ പ്രത്യേക സാഹചര്യത്തില്‍ പുറത്തുവന്ന ഒരു പ്രസ്താവനയാണ് എന്ന് പറഞ്ഞു ആന്റണിയെ ന്യായീകരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ആന്റണി അടുത്ത കാലത്ത് ഇറക്കിയ പ്രസ്താവനകളും വായിച്ചു നോക്കേണ്ടി വരും.


അധികമൊന്നും പുറകോട്ട് പോകേണ്ട, ഇക്കഴിഞ്ഞ ഡിസംബര്‍ 28ന്, കോണ്‍ഗ്രസ്സ് സ്ഥാപനാ ദിവസം ആഘോഷിക്കുന്ന പരിപാടിയില്‍ വച്ച് അടുത്ത ഇലക്ഷന്‍ ഉദ്ദേശിച്ചു ആന്റണി പറഞ്ഞ കാര്യങ്ങള്‍ എടുത്തു നോക്കിയാല്‍ മതി. ഹിന്ദു സമുദായത്തില്‍ പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറി തൊട്ടാലും, അമ്പലത്തില്‍ പോയാലും അത് മൃദു ഹിന്ദുത്വമായി പ്രചരിപ്പിക്കുന്നത് തടയണം എന്നാണ് ആന്റണി പറഞ്ഞത്. ഇലക്ഷന്‍ ജയിക്കാന്‍ ന്യൂനപക്ഷം മാത്രം പോര എന്നും എ.കെ ആന്റണി പറഞ്ഞുവച്ചു.

ഒറ്റ നോട്ടത്തില്‍ ഇതെല്ലാം ശരിയല്ലേ എന്ന് തോന്നിപ്പോകും. പക്ഷെ, വിമര്‍ശകര്‍ പറയുന്നത് ഒന്ന്, ആന്റണി മനസ്സിലാക്കുന്നത് മറ്റൊന്ന് എന്ന് പറയേണ്ടി വരും. അമ്പലത്തില്‍ പോകുന്നതിനെയോ, കുറി തൊടുന്നതിനെയോ ഇവിടെ ആരും കുറച്ചു കണ്ടിട്ടില്ല. അത് ഇന്ത്യ എന്ന മഹാരാജ്യം പിന്തുടര്‍ന്ന് വന്നിട്ടുള്ള സംസ്‌കാരമാണ്. അതിനുള്ള സ്വാതന്ത്ര്യം ഒരു കാലത്തും ആരും തടഞ്ഞിട്ടില്ല, ഇനി തടയുകയുമില്ല. കാലാകാലങ്ങളായി അയ്യപ്പ ഭക്തര്‍ക്ക് ഒപ്പം നിന്നിട്ടുള്ള വാവര്‍ പള്ളി ഒരു മൃദു ഹിന്ദുത്വ സമീപനമാണ് എന്ന് പറയുന്നത് പോലെയാകും അത്. വൈവിധ്യങ്ങളില്‍ ഐക്യം കണ്ടെത്തി, അത് നമ്മുടെ ശക്തിയായി മാറ്റിയ ഒരു രാജ്യമാണ് ഇന്ത്യ. ഇവിടെ എല്ലാ മതവിഭാഗങ്ങളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചു ജീവിക്കണം എന്ന ആശയമാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ സേനാനികള്‍ മുന്നോട്ട് വച്ചിരുന്നത്. ഇന്നിപ്പോള്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ആവശ്യപ്പെടുന്നത്, കോണ്‍ഗ്രസ്സ് നമ്മുടെ പൂര്‍വികര്‍ വിഭാവനം ചെയ്തു നല്‍കിയ ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട്, ഫാസിസ്റ്റുകളുടെ ജനാധിപത്യ- മനുഷ്യാവകാശ വിരുദ്ധ നടപടികളെ തുറന്നെതിര്‍ക്കാനാണ്. സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ അതെതിര്‍ക്കണം, ദലിത്-ന്യൂനപക്ഷ സമുദായങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് അതിനെ എതിര്‍ക്കണം, ആ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ പൊളിക്കുമ്പോള്‍ എതിര്‍ക്കണം, ഇന്ത്യയിലെ ഭാഷാ ന്യൂനപക്ഷങ്ങളെ ആക്രമിക്കുമ്പോള്‍ അതെതിര്‍ക്കണം, വൈവിധ്യമാര്‍ന്ന ഭക്ഷണ ശീലങ്ങളെ തടുക്കുമ്പോള്‍ അതെതിര്‍ക്കണം, സ്വകാര്യ തീരുമാനങ്ങളിലൂടെ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ ആക്രമിക്കുമ്പോള്‍ അതെതിര്‍ക്കണം. അല്ലാതെ, അയ്യോ ഇതിനെയൊക്കെ എതിര്‍ത്താല്‍ ഭൂരിപക്ഷമെന്തു കരുതും എന്ന മഠയത്തം പറയുകയല്ല വേണ്ടത്. ഇന്നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും അങ്ങനെയല്ല ചിന്തിക്കുന്നത്. ഹിന്ദുത്വവാദികളായവരും, ഫാസിസ്റ്റുകളും മാത്രമാണ് ആ ചിന്തക്ക് കരുത്തേകുന്നത്. പറയാതെ വയ്യ, നിങ്ങള്‍ അവര്‍ക്കു കുഴലൂതുന്ന പരിപാടിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് ആന്റണിയും മകനും കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കണം, മോദിയല്ല ഇന്ത്യ. രാഹുല്‍ ഗാന്ധിക്ക് ഒപ്പം നിന്ന് കൊണ്ട്, അതെ സമയം ഭരണവര്‍ഗത്തിനു മുന്‍പില്‍ നല്ല പിള്ള ചമയാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണം. ഇന്നാട്ടിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്. അല്ലാതെ ബി.ജെ.പിയെ തോല്‍പ്പിക്കാനായി അതെ നാണയത്തിന്റെ മറുവശമാകുന്നതാണ് നല്ലത് എന്നാണ് ചിന്തയെങ്കില്‍, 2024 തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ പ്രക്ഷേപണം ടി.വിയില്‍ കണ്ടിരിക്കാം എന്ന് മാത്രം. അനില്‍ ഇന്ന് അനുഭവിക്കുന്ന പ്രിവിലേജാണ് ഇത്തരം ജല്‍പനങ്ങള്‍ക്കു വഴി തെളിക്കുന്നത്, അത് ജനങ്ങള്‍ കൊടുത്തതാണ് എന്ന് മറക്കാതിരിക്കുക. ജനസേവനത്തെ ഭരണവുമായി കൂട്ടിക്കാണുന്നില്ല എങ്കില്‍ പോലും, ഇനിയൊരു അവസരം കിട്ടില്ല എന്ന് ഉറപ്പുള്ള ആന്റണി ഇനിയെങ്കിലും ഇതെല്ലാം മനസ്സിലാക്കി, മകനോട് മിണ്ടാതിരിക്കാന്‍ പറയണം.

TAGS :