Quantcast
MediaOne Logo

നയതന്ത്ര

Published: 19 Oct 2022 10:35 AM GMT

ഗവര്‍ണറുടെ പ്രഷറും പ്ലഷറും

രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴില്‍ നിലനില്‍ക്കുന്നത്. ആയതിനാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് ആരെങ്കിലും കെടുത്തിയാല്‍ മന്ത്രിസ്ഥാനം റദ്ധാക്കുമെന്നാണ് ഭീഷണി. ഇവിടെ പ്രശ്‌നം പ്ലഷറല്ല, ഗവര്‍ണറുടെ പ്രഷറാണ്. സ്ഥിരം മരുന്നു കഴിച്ചില്ലെങ്കില്‍ നില അപകടത്തിലാകാന്‍ സാധ്യതയുണ്ട്. ആരോഗ്യരംഗത്ത് മികച്ച സംഭാവനകളര്‍പ്പിച്ച സംസ്ഥാനമാണ് കേരളമെന്ന് എല്ലാ രോഗികളേയും ഓര്‍മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. | പൊളിറ്റിക്കല്‍ പാര്‍ലര്‍

ഗവര്‍ണറുടെ പ്രഷറും പ്ലഷറും
X

രാജാവിന്റെ ഭരണം അവസാനിച്ചതൊന്നും രാജ്ഭവനിലെ ആള് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. നാളുകളേറേയായി നയതന്ത്ര പറയണമെന്ന് വിചാരിക്കയായിരുന്നു. രാജാവ് പോയ സ്ഥിതിക്ക് ഗവര്‍ണറുടെ വസതിക്ക് ആ പേരിന്റെ ആവിശ്യമിനിയില്ലായെന്ന്. കഴിഞ്ഞ ദിവസത്തെ നമ്മുടെ ഗവര്‍ണറുടെ ഗീര്‍വാണം കേട്ട സ്ഥിതിക്ക് ഇനി അതധികം വൈകേണ്ടതില്ല എന്നാണ് വിനീതവിധേയ അഭിപ്രായം. രാജകിങ്കരന്‍മാരോട് രാജിയാകാന്‍ കേരളത്തിലെ പ്രബുദ്ധജനതക്ക് കഴിയില്ലെന്ന് തെളിയിക്കേണ്ട ഏറ്റവും വലിയ ആവസരമാണിത്. രാഷ്ട്രീയം മറന്ന യോജിപ്പാണിതിനാവശ്യം.

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ നേരത്തെതന്നെ വീണ വീണുകിടക്കുകയായിരുന്നു. സര്‍ക്കാര്‍ വിലാസം ഐ.ടി സ്ഥാപനങ്ങള്‍, യൂറോപ്പില്‍ തങ്ങളുടെ പദ്ധതികള്‍ വിജയിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ സമാനമായ സ്വപ്നങ്ങളുള്ള വീണയുടെ താല്‍പര്യം ഒരു പിതാവിന് എങ്ങിനെ സംരക്ഷിക്കാതിരിക്കാന്‍ കഴിയും.

ഇംഗ്ലീഷ് നിയമത്തിലെ, ഡോക്ടറിന്‍ ഓഫ് പ്ലഷര്‍ നടപ്പാക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രഖ്യാപനം. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴില്‍ നിലനില്‍ക്കുന്നത്. ആയതിനാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് ആരെങ്കിലും കെടുത്തിയാല്‍ മന്ത്രിസ്ഥാനം റദ്ധാക്കുമെന്നാണ് ഭീഷണി. ഇവിടെ പ്രശ്‌നം പ്ലഷറല്ല, ഗവര്‍ണറുടെ പ്രഷറാണ്. സ്ഥിരം മരുന്നു കഴിച്ചില്ലെങ്കില്‍ നില അപകടത്തിലാകാന്‍ സാധ്യതയുണ്ട്. ആരോഗ്യരംഗത്ത് മികച്ച സംഭാവനകളര്‍പ്പിച്ച സംസ്ഥാനമാണ് കേരളമെന്ന് എല്ലാ രോഗികളേയും ഓര്‍മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അന്തസ് ആരെങ്കിലും സ്വയം കെടുത്താന്‍ തുടങ്ങിയാല്‍ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ. മുമ്പേ ഗവര്‍ണര്‍മാര്‍ മറ്റുള്ളവര്‍ എഴുതികൊടുക്കുന്നത് വായിക്കുകയാണല്ലോ പതിവ്. ഇപ്പോള്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നു എഴുതികൊടുക്കുന്നതാണ് അദ്ധേഹം വായിക്കുന്നത് എന്നാണ് മനസിലാകുന്നത്.

മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും പരിവാരങ്ങളും യൂറോപ്പില്‍ യാത്ര പോയത് പതിവ് രീതി അനുസരിച്ച് ഗവര്‍ണറെ അറിയിച്ചില്ലെന്നതടക്കമുള്ള പരാതിയും പരിഭവവും രാജ്ഭവന്‍ പരിസരത്ത് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പേഴ്‌സണല്‍ അസിസ്റ്റന്റും ഭാര്യയും യാത്രാസംഘത്തിലുണ്ടായിരിക്കെ, എന്തിനാണ് മകള്‍ വീണയെ കൂടെകൂട്ടിയത് എന്ന് ചോദിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണ്. വീണ പിണറായിയുടെ മകള്‍ മാത്രമല്ല, വിദഗ്ധയായ ഒരു ഐ.ടി സംരംഭകകൂടിയാണല്ലോ. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ നേരത്തെതന്നെ വീണ വീണുകിടക്കുകയായിരുന്നു. സര്‍ക്കാര്‍ വിലാസം ഐ.ടി സ്ഥാപനങ്ങള്‍, യൂറോപ്പില്‍ തങ്ങളുടെ പദ്ധതികള്‍ വിജയിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ സമാനമായ സ്വപ്നങ്ങളുള്ള വീണയുടെ താല്‍പര്യം ഒരു പിതാവിന് എങ്ങിനെ സംരക്ഷിക്കാതിരിക്കാന്‍ കഴിയും. ഏതായാലും വരുന്ന വഴിക്ക് ദുബൈയിലിറങ്ങി മകനേയും സന്ദര്‍ശിച്ചതിന് ശേഷമാണ് യാത്രാ സംഘം വികസനകിറ്റുകളുമായി തലസ്ഥാനത്ത് വിമാനമിറങ്ങിയിട്ടുള്ളത്. പാര്‍ലറിലുള്ളവര്‍ക്ക് അത്രയും സന്തോഷം. നടത്തിയത് ഉല്ലാസ യാത്രയാണെന്ന പ്രചാരണങ്ങള്‍ക്ക് മാധ്യമങ്ങള്‍ ചുക്കാന്‍ പിടിച്ചുവെന്നാണ് പിണറായി പത്രസമ്മേളനത്തില്‍ പരാതിയായി പറഞ്ഞത്.

അറിഞ്ഞില്ലേ. ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി. ചൂടപ്പം പോലെയാണ് കോപ്പികള്‍ വിറ്റഴിച്ചുപോയത്. ഉടന്‍ തന്നെ പുതിയ പതിപ്പും പുറത്തിറങ്ങുമെന്നാണ് കേള്‍ക്കുന്നത്. മലയാളത്തില്‍ ഒരു പുസ്തകത്തിനും കിട്ടാത്ത പെരുമയാണ് ചതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാരണമെന്താണെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതെഴുതിയത് സ്വര്‍ണക്കടത്തിലെ സ്വപ്നനായിക സ്വപ്ന സുരേഷാണ്. സ്വപ്നയുടെ പ്രണയവും ശൃംഗാരവും ആവോളം ആസ്വദിക്കുകയാണ് പുസ്തക പ്രേമികള്‍. ശിവശങ്കറിന്റെ അശ്വഥ്മാവ് ഒരു ആന എന്ന പുസ്തകത്തിനുള്ള ചുട്ട മറുപടിയാണ് ഇതിലൂടെ സ്വപ്ന നല്‍കുന്നത്.

വിദേശരാജ്യങ്ങളില്‍ ചുറ്റിസഞ്ചരിച്ച് ഊറ്റം കൊള്ളുകയും ചീറ്റകളെ പറപ്പിച്ച് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുകയും ചെയ്യുന്നതിനിടയില്‍, ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യ ഏറെ പിന്നാക്കം പോയി. ശ്രീലങ്കയും പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കമുളള അയല്‍രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യയെക്കാള്‍ നില മെച്ചപ്പെടുത്തിയെന്നത് സാമ്പത്തിക വിദഗ്ധരെ അത്ഭുതപ്പെടുത്തി. സമാനസന്ദര്‍ഭത്തില്‍ തന്നെയാണ് രൂപയുടെ മൂല്യം പാതാളഗര്‍ത്തത്തിലേക്ക് മൂക്ക് കുത്തിയത്. ഈ പ്രതിഭാസത്തെകുറിച്ച് വാഷിംഗടണില്‍ വെച്ച്, നമ്മുടെ ധനകാര്യമന്ത്രി നിര്‍മലസീതാരാമന്‍ പറഞ്ഞതാണ് രസകരം. രൂപ തകര്‍ന്നതല്ല ഡോളര്‍ ശക്തിപ്പെട്ടതാണത്രെ. വിവരകേട് വിളമ്പാന്‍ വാഷിംഗ്ടണ്‍ വരേ പോകേണ്ട കാര്യമില്ലല്ലോ.

ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, ശേഷം വ്യക്തി. പാവം സന്ദീപ് വാര്യര്‍. പറഞ്ഞുതീര്‍ന്നപ്പോഴേക്കും ബി.ജെ.പി വക്താവ് കസേര നഷ്ടമായി. അടുത്ത കസേര മറിച്ചിടുന്നത് സാക്ഷാല്‍ സുരേന്ദ്രന്റെ സംസ്ഥാന അധ്യക്ഷസ്ഥാനമാകുമെന്ന് പ്രവചനം വന്നിട്ടുണ്ട്. ആ സ്ഥാനത്തേക്ക് ഇനി വരാന്‍ പോകുന്നത് സുരേഷ് ഗോപിയാണത്രെ. അതോടെ പാര്‍ട്ടിയില്‍ അച്ചടക്കം സാധ്യമാകുമെന്നാണ് കേന്ദ്രനേതൃത്വം പ്രതീക്ഷിക്കുന്നത്. തോക്കുമെടുത്ത് ഓര്‍മയുണ്ടോ ഈ മുഖം എന്നു ചോദിക്കുന്നതോടെ വിമതര്‍ പത്തിമടക്കാതെ പിന്നെന്തു ചെയ്യും.

മലയാള സാഹിത്യലോകം എന്ന ഫേസ്ബുക്ക് പേജിലൂടെ ഹൈക്കു കവിതകളെഴുതി പ്രശസ്തനായ വ്യക്തി, കത്തിയും ചോരയും കൊണ്ട് മനുഷ്യശരീരത്തില്‍ പുതിയ രചനകള്‍ നടത്തി കേരളത്തെ ഞെട്ടിച്ചു. പിതാവ് ഭഗത് സിംങ്ങിന്റെ ആരാധകനായതുകൊണ്ടാണ് മകന് സമാനമായ പേര് തന്നെ നല്‍കിയത്. ആള് പുരോഗമന ചിന്താഗതിക്കാരനാണ്. പക്ഷെ, മനസ് അധോഗതിയാണെന്ന് വ്യക്തം. കൂടെകൂടിയവരുടെ വൈകൃതങ്ങള്‍ അതിനേക്കാള്‍ ക്രൂരം. ഇലന്തൂര്‍ ഭവനസന്ദര്‍ശനം 50 രൂപ മാത്രം എന്ന ബോര്‍ഡ് വെച്ച ഓട്ടോ ഓടിക്കുന്ന സംഭവം കേട്ടതും നയതന്ത്ര നാണിച്ചു തല താഴ്ത്തി.

തെക്ക് ജിവിക്കുന്നവരെ നാണം കെടുത്തി കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. തിരുവനന്തപുരം എം.പി തരൂറിനെ താറടിച്ചും വടക്കനായ ഗാര്‍ഖെയെ പൊക്കിക്കാണിച്ചുമുള്ള തെരഞ്ഞെടുപ്പ് അഭ്യാസം തന്നെയാണ് ഇത്. സംഭവം വിവാദമയാപ്പോള്‍ മാപ്പപേക്ഷയും കേണപേക്ഷയും ഒപ്പം തന്നെ വന്നിട്ടുണ്ട്. സങ്കടം സഹിക്കാനാവാത്തതിനാല്‍ പാര്‍ലറിന് ഇവിടെ വിരാമം കുറിക്കുകയാണ്. ജയ് ഹിന്ദ്.

TAGS :