Quantcast
MediaOne Logo

പ്രമോദ് രാമൻ

Published: 19 Jun 2026 2:40 PM IST

എസ്ഐആർ ഇന്ത്യ ജീവിക്കണോ മരിക്കണോ?

പശ്ചിമബംഗാളിൽ അധികാരം പിടിച്ചശേഷം ബിജെപി തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയെത്തന്നെ ഇല്ലാതാക്കാൻ കളിച്ച കളികൾ ഇപ്പോൾ ഏറെക്കുറേ എല്ലാവർക്കും വളരെ നന്നായി അറിയാം. നിയമസഭയിലെയും പാർലമെന്റിലേയും അവരുടെ ജനപ്രതിനിധികളെ ചാക്കിട്ടു കൊണ്ടുവന്ന് പാർട്ടി പിളർത്താൻ കേന്ദ്ര ബിജെപി നേതൃത്വം നേരിട്ട് ഇടപെട്ട് നടത്തിയ നീക്കം പൂർണവിജയം കണ്ടു. പച്ചയ്ക്കുള്ള കുതിരക്കച്ചവടവും സമ്മർദവും ഭീഷണിയുമാണ് എംപിമാരെയും എംഎൽഎമാരെയും കൂറുമാറ്റിയത്. രാഷ്ട്രീയ ധാർമികതയുടെ ഏഴയലത്തുകൂടിപ്പോലും പോകാത്ത പാർട്ടിയായി ബിജെപി അധഃപതിക്കുന്ന കാഴ്ച

എസ്ഐആർ ഇന്ത്യ ജീവിക്കണോ മരിക്കണോ?
X

ജീവിച്ചിരിക്കണോ മരിക്കണോ എന്ന ഷേക്‌സ്പീരിയൻ ചോദ്യത്തിന്റെ വിഷമവൃത്തം ഇന്ത്യൻ ജനാധിപത്യത്തെയും വലയിലാക്കിയിരിക്കുന്നു. നിലനിൽക്കണമെങ്കിൽ പ്രതിരോധിക്കണം - രാഹുൽ ഗാന്ധി പറയുന്നു. ആ പറച്ചിൽ ഇന്ത്യൻ ഭരണകൂടവും നിയമ - നീതിവ്യവസ്ഥയും ഭരണഘടനാ സ്ഥാപനങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന നെടുങ്കോട്ടയുടെ രാക്ഷസീയതയാണ് നമ്മുടെ മുമ്പിൽവെക്കുന്നത്. മീനാക്ഷി നടരാജൻ എന്ന ദലിത് വനിതയുടെ രാജ്യസഭാ പ്രവേശം മുടക്കിയ ബിജെപി ഈ രാജ്യത്തെ ഒറ്റയ്ക്ക് കയ്യിലെടുത്ത് അമ്മാനമാടുകയെന്ന അതിന്റെ ഉന്മാദലക്ഷ്യത്തിലേക്ക് ഒരിഞ്ചു കൂടിയെങ്കിലും അടുക്കുകയാണ്. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന കാര്യങ്ങൾ, മധ്യപ്രദേശിലെ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ സ്ഥാനാർഥിത്വം തള്ളപ്പെട്ടത്, എസ്‌ഐആർ ജനങ്ങൾക്കിടയിൽ നടത്താൻ പോകുന്ന ചേരിതിരിവ്, ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം എന്നിവ കൂട്ടിവായിക്കുമ്പോൾ ഇന്ത്യ എങ്ങോട്ടാണ് എന്നതിന് നമുക്ക് മറ്റൊരു ഭയപ്പെടുത്തുന്ന ചിത്രമാണ് ലഭിക്കുക.

പശ്ചിമബംഗാളിൽ അധികാരം പിടിച്ചശേഷം ബിജെപി തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയെത്തന്നെ ഇല്ലാതാക്കാൻ കളിച്ച കളികൾ ഇപ്പോൾ ഏറെക്കുറേ എല്ലാവർക്കും വളരെ നന്നായി അറിയാം. നിയമസഭയിലെയും പാർലമെന്റിലേയും അവരുടെ ജനപ്രതിനിധികളെ ചാക്കിട്ടു കൊണ്ടുവന്ന് പാർട്ടി പിളർത്താൻ കേന്ദ്ര ബിജെപി നേതൃത്വം നേരിട്ട് ഇടപെട്ട് നടത്തിയ നീക്കം പൂർണവിജയം കണ്ടു. പച്ചയ്ക്കുള്ള കുതിരക്കച്ചവടവും സമ്മർദവും ഭീഷണിയുമാണ് എംപിമാരെയും എംഎൽഎമാരെയും കൂറുമാറ്റിയത്. രാഷ്ട്രീയ ധാർമികതയുടെ ഏഴയലത്തുകൂടിപ്പോലും പോകാത്ത പാർട്ടിയായി ബിജെപി അധഃപതിക്കുന്ന കാഴ്ച.



ഇതിന്റെ തുടർച്ചയാണ് മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായത്. മധ്യപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. ആകെയുള്ള 230 സീറ്റിൽ 163 സീറ്റാണ് ബിജെപിക്ക്. 66 കോൺഗ്രസിനും. രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്നു സീറ്റുകളിൽ ഈ കണക്ക് അനുസരിച്ച് രണ്ടെണ്ണം ബിജെപിക്കും ഒന്ന് കോൺഗ്രസിനും വിജയിക്കാം. ജനാധിപത്യ മര്യാദയനുസരിച്ച് മൂന്നാമത്തെ സീറ്റിൽ ഭരണപക്ഷം സ്ഥാനാർഥിയെ നിർത്തില്ല. ആ മര്യാദ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതുപോലും കുറ്റകരമാണെന്ന മട്ടിൽ ആദ്യമേ ബിജെപി മൂന്നാമത്തെ സീറ്റിൽ സ്ഥാനാർഥിയെ നിർത്തി. ആ സീറ്റ് കൂടി തട്ടിയെടുക്കുകയെന്ന ലക്ഷ്യം വ്യക്തം. കോൺഗ്രസ് സ്ഥാനാർഥി എഐസിസി സെക്രട്ടറിയും ദലിത് വനിതാ നേതാവുമായ മീനാക്ഷി നടരാജൻ. കഠിനമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോയി ബയോ-കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടുകയും കോൺഗ്രസിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനൊപ്പം നടക്കുകയും ചെയ്ത മീനാക്ഷി രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നോമിനി ആയിരുന്നു. എന്നാൽ അങ്ങനെയൊരാൾ ഉപരിസഭയിലെത്തട്ടെ എന്നു കരുതാനോ നിയമസഭയിൽ പ്രതിപക്ഷത്തിനുള്ള അവകാശം അംഗീകരിക്കാനോ ബിജെപിക്ക് കഴിയില്ലായിരുന്നു. മീനാക്ഷിയുടെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ടാകുമെന്നും അത് മുതലാക്കാമെന്നുമായിരുന്നു അവരുടെ പ്ലാൻ. അത് സാധിക്കാതെ വന്നപ്പോഴാണ് തെലങ്കാനയിൽ നിന്ന് കോടതി കുറ്റം ചാർത്തിയിട്ടില്ലാത്തൊരു കേസ് തപ്പിയെടുത്ത് പത്രിക ചോദ്യം ചെയ്തത്. ഈ കേസ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്നാണ് ആരോപണം. റപ്രസൻറേഷൻ ഓഫ് പീപ്പിൾസ് ആക്ട് 33 ഇ പ്രകാരം കോടതി കുറ്റം ചാർത്തിയാൽ മാത്രമേ അത് സ്ഥാനാര്ഥി വെളിപ്പെടുത്തേണ്ടതുള്ളൂ. ഈ കേസ് കോടതി രേഖപ്പെടുത്തിയിട്ടുപോലുമില്ല. പൊലീസിന്റെ എഫഐആർ പ്രകാരം കക്ഷികൾക്ക് നോട്ടീസ് അയച്ചതുമാത്രം. അതും ഒരു കുറ്റകൃത്യത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും വേണ്ട നടപടിയെടുത്തില്ലെന്ന പരോക്ഷമായ പങ്കാളിത്തത്തിന്റെ പേരിൽ മാത്രം. അതായത്, ബിജെപി സ്ഥാനാർഥിയുടെ ഈ ചലഞ്ച് ഇലക്ഷൻ കമ്മിഷൻ ഉദ്യോഗസ്ഥനായ റിട്ടേണിങ് ഓഫീസർ അനുവദിക്കാൻ പാടില്ലായിരുന്നു. ഇവിടെ അത് സംഭവിച്ചുവെന്ന് മാത്രമല്ല, കോൺഗ്രസിന്റെ പരാതി തള്ളി ഇലക്ഷൻ കമ്മിഷൻ ആ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിക്കുമ്പോഴേക്ക് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞെന്ന ന്യായത്തിൽ ബിജെപി സ്ഥാനാര്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്തൊരു വേഗം! നിയമവിരുദ്ധമായ നടപടി തിരുത്തിക്കാനുള്ള ഇടപെടൽ സുപ്രിംകോടതിയെ സമീപിച്ചിട്ടുപോലും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ അതൊരു തെരഞ്ഞെടുപ്പ് കേസാക്കി ഹൈക്കോടതിയിൽ ചെല്ലൂ എന്നാണ് മറുപടി.



ഇനി മറ്റൊരുവശത്ത് സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ അഥവാ എസ്‌ഐആർ എന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രക്രിയ രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആപത്ത്. കേൾക്കുമ്പോൾ തെരഞ്ഞെടുപ്പിനു വേണ്ടി വോട്ടർ പട്ടിക പരിഷ്‌കരിക്കുന്ന പരിപാടിയാണ്. പക്ഷേ ഫലത്തിൽ ഒരാൾ ഇന്ത്യൻ പൗരനായി തുടരണോയെന്ന് തീരുമാനിക്കുന്ന നിലയിലേക്കാണ് അത് വളർന്നത്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഉയർന്ന സംശയങ്ങൾ ശരിവയ്ക്കപ്പെട്ടു. ബിഹാറിൽ തുടങ്ങിയ എസ്‌ഐആർ ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും കൂടി പൂർത്തിയായതോടെ വലിയൊരു വിഭാഗം ജനങ്ങളാണ് അതിൽ നിന്ന് പുറത്തായത്. ബംഗാളിൽ മാത്രം 95 ലക്ഷം പേർ. ഇവരിൽ നല്ലൊരു ഭാഗം പേരും ലോജിക്കൽ ഡിസ്‌ക്രിപൻസി എന്ന് വിളിക്കുന്ന കാരണം കൊണ്ട് പുറത്തായവരാണ്. അതായത്, അക്ഷരത്തെറ്റ് ഉൾപ്പെടെയുള്ള ക്ലറിക്കൽ മിസ്റ്റേക്കുകൾ കൊണ്ടുമാത്രം പുറത്തുപോയവർ. ഇവരിപ്പോൾ ആ തെറ്റുകൾക്ക് നൽകേണ്ടിവരുന്ന വില ജീവിതത്തിന്റേതു തന്നെയാണ്. ബംഗാളിൽ എസ്‌ഐആറിൽ നിന്ന് പുറത്തായവർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. റേഷൻ വരെ നിഷേധിച്ചിരിക്കുകയാണ്. ബിഹാറിലും റേഷനും സാമൂഹിക സുരക്ഷാ പെൻഷനും നിഷേധിച്ചു. എസ്‌ഐആർ ലിസ്റ്റിൽ പേരില്ലെങ്കിൽ പാസ്‌പോർട്ട് നിഷേധിക്കുന്ന സംഭവം വരെ ബംഗാളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അസമിലാകട്ടെ 2023 ൽ തന്നെ പൂർത്തിയായ പുതുക്കിയ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവരെ ഹിമന്ത ബിശ്വ ശർമ സർക്കാർ തടങ്കൽ പാളയത്തിലെത്തിക്കുന്ന നടപടി പോലും തുടങ്ങിക്കഴിഞ്ഞു. അതായത്, ഇന്ത്യയുടെ കിഴക്ക് - വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എസ്‌ഐആറിനെ മുൻനിർത്തി ജനങ്ങളെ വിഭജിക്കാൻ ബിജെപി സർക്കാരുകൾ തയാറായിക്കഴിഞ്ഞു.

ഈ അനീതിക്ക് നീതിയുടെ കയ്യൊപ്പ് കൂടി ലഭിച്ചുവെന്നതാണ് ഏറ്റവും ഖേദകരം. എസ്‌ഐആർ നടപടികൾ സമ്പൂർണമായി അംഗീകരിച്ച് സുപ്രിംകോടതി വിധി വന്നത് മെയ് 27നാണ്. ഒരുപക്ഷേ, അടുത്തകാലത്ത് സുപ്രിംകോടതിയിൽ നിന്നുണ്ടായ ഏറ്റവും ഞെട്ടിക്കുന്ന വിധിയെന്ന് ഇതേക്കുറിച്ച് പറയേണ്ടിവരും. കാരണം, പ്രായപൂർത്തി വോട്ടവകാശം മൗലികാവകാശം അല്ലെങ്കിലും ഭരണഘടനാപരമായ അവകാശമാണ്. നാളിതുവരെ എല്ലാ കോടതിവിധികളും പരമാവധി പൗരരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുന്നതായിരുന്നു. ഇതാദ്യമായാണ് മുൻ തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്തവരെ അക്ഷരത്തെറ്റുകൾ പോലുള്ള ചെറിയ കാര്യങ്ങൾ കൊണ്ടുപോലും ഒഴിവാക്കുന്ന നീക്കത്തിന് പരമോന്നത കോടതിയുടെ അംഗീകാരം കിട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി, 1950 - ലെ ജനപ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ റജിസ്‌ട്രേഷൻ ചട്ടവും അനുസരിച്ചാണ് വോട്ടർ പട്ടിക തയാറാക്കുന്നത്. ഇതിൽ 21 (2), 21 (3) എന്നീ വകുപ്പുകൾ പ്രകാരമാണ് വോട്ടർ പട്ടിക പരിഷ്‌കരണം നടക്കുക. 21 (2) പ്രകാരമാണെങ്കിൽ പൊതുതെരഞ്ഞെടുപ്പിനോ ഉപതെരഞ്ഞെടുപ്പിനോ മുമ്പ് ചുരുക്കത്തിലോ തീവ്രമായോ നടത്തുന്ന പരിഷ്‌കരണം എന്ന് ചട്ടം പറയുന്നു. 21 (3) പ്രകാരമാണെങ്കിൽ ഏതെങ്കിലും മണ്ഡലത്തിലോ അതിന്റെ ഒരു ഭാഗത്തോ സ്‌പെഷൽ റിവിഷൻ നടത്താം. അതായത് കമ്മിഷൻ ഇപ്പോൾ നടത്തുന്ന സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ അഥവാ പ്രത്യേക, തീവ്ര പരിഷ്‌കരണം എന്നു പറയുന്ന നടപടി ചട്ടങ്ങളിൽ അനുശാസിച്ചിട്ടുള്ളതല്ല. വകുപ്പ് 21ന്റെ 2 ഉപവകുപ്പ് പ്രകാരം ഇൻറൻസീവും 3 ഉപവകുപ്പ് പ്രകാരം സ്‌പെഷലും നടത്താം. എന്നാൽ സ്‌പെഷൽ ഇന്റൻസീവ് എവിടെയും പറയുന്നില്ല.



ഈ അടിസ്ഥാന വൈരുദ്ധ്യം പോലും സുപ്രിംകോടതി പരിഗണിച്ചില്ല എന്നത് അദ്ഭുതകരമാണ്. നീതിപീഠം അവഗണിക്കുകയോ സങ്കീർണമാക്കുകയോ ചെയ്ത മറ്റൊരു ഭാഗം പൗരത്വം തീരുമാനിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനുള്ള പങ്കാണ്. എസ്‌ഐആർ നടത്തുന്നതിന് വേണ്ടി കമ്മീഷന് പൗരത്വ പരിശോധന നടത്താമെന്നും അതിന് ചില രേഖകൾ മാനദണ്ഡമാക്കാമെന്നുമാണ് കോടതി നിശ്ചയിച്ചത്. എന്നാൽ വിശാല അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരിക്കുകയും ചെയ്യും. പൗരത്വത്തിന് ഇങ്ങനെയൊരു ഇരട്ട വ്യാഖ്യാനം നൽകിയത് സൃഷ്ടിക്കാൻ പോകുന്ന അപകടത്തിൻറെ ആദ്യ അലയൊലികൾ കിഴക്കൻ - വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കേട്ടുതുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യങ്ങൾ കൂട്ടിയോജിപ്പിക്കുമ്പോഴാണ് ഇന്ത്യൻ ഭരണകൂടം ബ്യൂറോക്രസിയേയും ഭരണഘടനാ സ്ഥാപനങ്ങളേയും നീതിപീഠത്തേയും ചേർത്ത് സൃഷ്ടിക്കുന്ന നെടുങ്കോട്ടയെ എങ്ങനെ നേരിടാൻ കഴിയുമെന്ന ചോദ്യം ഉയരുന്നത്. മുൻ കാലങ്ങളിൽ നേരിട്ട മാതൃകയിൽ നേരിടാമെന്ന വ്യാമോഹം വേണ്ടെന്ന് എസ് പിയും തൃണമൂലും എൻസിപിയും ഉൾപ്പെടെയുള്ള കക്ഷികളോട് രാഹുൽ ഗാന്ധി പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ചെറുത്തുനിൽപ് എന്ന സ്വാതന്ത്ര്യ സമരകാല പ്രക്ഷോഭരീതിയാണ് ഇനി നമുക്ക് വേണ്ടതെന്ന് രാഹുൽ പറയുമ്പോൾ രാജ്യം കടന്നുപോകാനിരിക്കുന്ന അന്ധകാര യുഗത്തിൻറെ ആഴവും വ്യാപ്തിയുമാണ് അതിൽ ഉൾക്കൊള്ളുന്നത്. അതിനാൽ ജീവിക്കണോ മരിക്കണോയെന്ന ഷേക്‌സ്പീരിയൻ ചോദ്യത്തിനുള്ള ഇന്ത്യൻ മറുപടി ചെറുത്തുനിൽക്കണം എന്നാണ്.

TAGS :