Quantcast
MediaOne Logo

പ്രമോദ് രാമൻ

Published: 16 Sept 2026 10:45 PM IST

ഉമര്‍ ഖാലിദ് ഉറങ്ങാത്ത ജയില്‍

ഷഹീന്‍ബാഗിലെ പ്രക്ഷോഭത്തില്‍ ഉമര്‍ ഖാലിദിനെ ആരും കണ്ടിട്ടില്ല. മറ്റു പലയിടത്തുമായി സി.എ.എ വിരുദ്ധ പ്രചാരണത്തിന്‍റെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. പക്ഷേ ഷഹീന്‍ബാഗ് സമരത്തിന്‍റെ സംഘാടകനായും അതിലൂടെ കലാപത്തിന്‍റെ ഗൂഢാലോചകനായും ഉമര്‍ ഖാലിദിനെ മാറ്റാന്‍ ഡല്‍ഹി പൊലീസിന് ധാരാളം മാര്‍ഗങ്ങളുണ്ടായിരുന്നു.

ഉമര്‍ ഖാലിദ് ഉറങ്ങാത്ത ജയില്‍
X

ഉമര്‍ ഖാലിദ് ഉറങ്ങാതെ 6 വര്‍ഷം കടന്നുപോയിരിക്കുന്നു. ഈ സെപ്തംബര്‍ 13 ന് ആ തടവിന് ഒരു വ്യാഴവട്ടത്തിന്‍റെ പാതിവയസ്സായിരിക്കുന്നു. 2020 സെപ്തംബര്‍ 13നാണ് അയാള്‍ അറസ്റ്റിലായത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ നടന്ന വിപുലമായ ഗൂഢാലോചനക്കേസിലാണ് അറസ്റ്റ്. ഈ വിപുല ഗൂഢാലോചന എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം. കാരണം, അതിലേക്ക് നമുക്ക് പിന്നീട് വരേണ്ടതുണ്ട്.

യു എ പി എ ഉള്‍പ്പെടെ ഗുരുതരമായ ഒട്ടേറെ വകുപ്പുകള്‍ ചുമത്തപ്പെട്ട് റിമാന്‍ഡിലായ ഉമറിന് ഒരിക്കല്‍പ്പോലും ജാമ്യം കിട്ടിയില്ല. ആറുവര്‍ഷമായി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിട്ടില്ല.വിചാരണ തുടങ്ങിയിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതായത് ഇപ്പോള്‍ 39 വയസ്സുള്ള ഉമര്‍ ഖാലിദിന്‍റെ ഏറ്റവും ഊര്‍ജഭരിതമായി കടന്നുപോകേണ്ട 6 വര്‍ഷങ്ങള്‍ അയാള്‍ ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നു. ജാമ്യം നിയമവും ജയില്‍ അപവാദവുമാണെന്ന് ആയിരം തവണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നീതിപീഠങ്ങള്‍ സുഖമായുറങ്ങി. അയാള്‍ ഉറങ്ങിയില്ല.

എന്തിനാണ് ഉമര്‍ ഖാലിദ് ജയിലില്‍ കിടക്കുന്നത്? ഈ ചോദ്യം രണ്ടുരീതിയില്‍ ഉന്നയിക്കുകയാണ്. ഒന്നാമത്, എന്തുകൊണ്ട് ഉമറിന് ജാമ്യം കിട്ടുന്നില്ല എന്ന അര്‍ഥത്തില്. യുഎപിഎ 13, 16, 17, 18 വകുപ്പുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. സാധാരണ നിലയില്‍ ജാമ്യം ലഭിക്കാത്തവ. പക്ഷേ ആറുവര്‍ഷത്തോളമായി ജാമ്യം ലഭിക്കാതിരിക്കാന്‍ യുഎപിഎ കാരണമാകരുതെന്ന് സുപ്രിംകോടതി പരാമര്‍ശിച്ചത് കഴിഞ്ഞ മെയ് 18നാണ്. മറ്റൊരു യുഎപിഎ റിമാന്‍ഡ് തടവുകാരന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബി.എ.നാഗരത്നയും ഉജ്ജുല്‍ ഭുയാനും ചൂണ്ടിക്കാട്ടിയത് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ വേഴസസ് കെ.എ.നജീബ് കേസിലെ വിധിയാണ്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും മലയാളിയുമായിരുന്ന നജീബിന് ജാമ്യം നല്‍കിയ ഹൈക്കോടതിവിധി ശരിവച്ചുകൊണ്ട് 2021ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി. യു എ പി എ കേസുകളില്‍ വിചാരണ നീണ്ടുപോയാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ഉറപ്പിച്ച ആ വിധിക്ക് മുകളില്‍ മറ്റൊന്ന് ഉണ്ടായിട്ടില്ല. പക്ഷേ ഇതേ സുപ്രിംകോടതി ഈവര്‍ഷം ജനുവരിയില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു. അതേ സുപ്രിംകോടതി മെയ് ആയപ്പോള്‍ ആ വിധിയെ തള്ളിപ്പറയുന്നു. ജുഡീഷ്യറിയിലെ ഈ അസംബന്ധ നാടകത്തിന്‍റെ എത്ര രംഗങ്ങള്‍ കഴിഞ്ഞാലാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും മുന്നില്‍ നീതിയുടെ വാതില്‍ തുറക്കുകയെന്ന് അറിയില്ല.

ഇത് ജാമ്യത്തിന്‍റെ കാര്യം. കേസിന്‍റെ കാര്യത്തിലേക്ക് വന്നാലും ഈ ചോദ്യമുണ്ട്. എന്തിനാണ് ഉമര്‍ ഖാലിദ് ജയിലില്‍ കിടക്കുന്നത്? എന്തിനാണ് ഷര്‍ജീല്‍ ഇമാം ജയിലില്‍ കിടക്കുന്നത്? ആദ്യം ഷര്‍ജീലിന്‍റെ കാര്യം പറഞ്ഞശേഷം ഉമര്‍ ഖാലിദിലേക്ക് തിരിച്ചുവരാം. 38 വയസ്സുകാരനാണ് ഷര്‍ജീല്‍. ബിഹാറിലെ ജെഹനാബാദില്‍ നിന്നുള്ളവന്‍. ബോംബെ ഐഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥി. തുടര്‍ന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തുകൊണ്ടിരിക്കെ, ആധുനിക ചരിത്രത്തില്‍ എം.എയും എം.ഫിലും പി.എച് ഡിയും നേടാനായി ജെ എന്‍ യുവിലെത്തി.

ഗവേഷണവിദ്യാര്‍ഥിയായിരിക്കെ, 2019-ല്‍ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ ആര്‍ സിക്കുമെതിരായ സമരങ്ങളില്‍ പങ്കെടുത്തു. സി എ എയ്ക്ക് എതിരായി ഷഹീന്‍ബാഗില്‍ മുസ്ലിം സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന ചരിത്രപരമായ സമരത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. അതെ. അയാള്‍ ആക്ടിവിസ്റ്റ് ആയിരുന്നു. സി എ എ വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ 2020 നുവരി 28ന് ഡല്‍ഹി പൊലീസില്‍ കീഴടങ്ങേണ്ടിവന്നു. ശ്രദ്ധിക്കണം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടക്കുന്നത് 2020 ഫെബ്രുവരിയിലാണ്. ജനുവരിയില്‍ പൊലീസിന്‍റെ കസ്റ്റഡിയിലായ ഷര്‍ജീല്‍ ഇമാം ആ കലാപത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞാണ് ഡല്‍ഹി പൊലീസ് പിന്നീട് ആ കുറ്റവും അദ്ദേഹത്തിനുമേല്‍ ചുമത്തുന്നത്. അതിവിചിത്രമായ കേസെടുക്കല്‍.

ഈ വൈചിത്ര്യം ഉമര്‍ ഖാലിദിന്‍റെ കാര്യത്തിലും തുടര്‍ന്നു. ആരായിരുന്നു, എന്തായിരുന്നു ഉമര്‍ ഖാലിദ്? ഡല്‍ഹിയിലെ ജാമിയ നഗറില്‍ നിന്നുള്ള വിദ്യാര്‍ഥി ആക്ടിവിസ്റ്റ്. ഷര്‍ജീലിനെക്കാള്‍ ഒരുവയസ്സ് മാത്രം മൂത്തവന്‍. ഷര്‍ജീല്‍ ബിടെക് എടുത്തപ്പോള്‍ ഉമര്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാള്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. ഷര്‍ജീലിനെപ്പോലെ തന്നെ ചരിത്രത്തില്‍ എം.എ, എം.ഫില്‍, പി.എച് ഡി എന്നിവയ്ക്കായി ജെ.എന്‍.യുവിലെത്തി.

ഇടത് ലിബറല്‍ ആശയങ്ങളുള്ള വിദ്യാര്‍ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂണിയനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നത്. അതിനെതിരേ ജെ.എന്‍.യുവില്‍ കനയ്യകുമാറിന്‍റെയും ഉമര്‍ ഖാലിദിന്‍റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും നേതൃത്വത്തില്‍ നടന്ന ആസാദി പ്രക്ഷോഭം നമ്മളാരും മറക്കിലല്ലോ. അതില്‍ കനയ്യക്കൊപ്പം ഉമറിനും രാജ്യദ്രോഹക്കേസ് വന്നു. പക്ഷേ നോക്കൂ. ജാര്‍ഖണ്ഡിലെ ആദിവാസികളെക്കുറിച്ചുള്ള ഗവേഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഡല്‍ഹിയിലും മറ്റിടങ്ങളിലും സി.എ.എ വിരുദ്ധപ്രക്ഷോഭം അലയടിക്കാന്‍ തുടങ്ങി.

ആ പ്രക്ഷോഭത്തിന്‍റെ മുന്നണിയില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത രാഷ്ട്രീയ ചേതനയായിരുന്നു ഉമര്‍. 2019- ലെ ശൈത്യത്തില്‍ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി പ്രതിഷേധത്തിന് ജെ.എന്‍.യുവില്‍ നിന്നും അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ഥികളുടെ പിന്തുണ വന്നു. ഡിസംബര്‍ 15ന് നിരായുധരായ ജാമിയ വിദ്യാര്‍ഥികളെ ഡല്‍ഹി പൊലീസ് മര്‍ദിച്ച് അവശരാക്കിയതും ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ അവരെ സംരക്ഷിക്കാന്‍ മുന്നോട്ടുവന്നതും ഡല്‍ഹി അതുവരെ കാണാത്തതായിരുന്നു. ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ ഒന്നടങ്കം നടത്തിയ മാര്‍ച്ച് ആത്യന്തികമായി പൊതുസമൂഹത്തിന്‍റെ വിവിധ തട്ടിലുള്ള പൗരപ്രമുഖര്‍ പിന്തുണയുമായി എത്തുന്ന നിലയിലേക്ക് വളര്‍ന്നു.

ഇതാണ് ഷഹീന്‍ബാഗിലെ മുസ്ലിം വനിതകളുടെ സമരത്തിലേക്ക് നയിച്ചത്. ഐതിഹാസികമായ ആ സമരം സമാധാനപൂര്‍ണവും അടിയുറച്ച രാഷ്ട്രീയബോധ്യത്തോടു കൂടിയതുമായിരുന്നു. ശക്തമായ മതേതര പ്രതീകങ്ങളായിരുന്നു ആ സമരപ്പന്തലിനു ചുറ്റും ചിത്രങ്ങളായി നിറഞ്ഞിരുന്നത്. മഹാത്മാ ഗാന്ധി, ഡോ.ബി.ആര്‍.അംബേദ്കര്‍, മൗലാനാ അബുല്‍ കലാം ആസാദ്, ഭഗത് സിങ് തുടങ്ങിയവരുടെ ചിത്രങ്ങള്‍. ഒരു കയ്യില്‍ ഭരണഘടനയും മറ്റേ കയ്യില്‍ ദേശീയപതാകയും പിടിച്ച് ദേശസ്നേഹത്തിന്‍റെ പാട്ടുകള്‍ പാടുന്ന, സൗഹൃദം പങ്കുവയ്ക്കുന്ന മുസ്ലിം സ്ത്രീ ആരുടെയും ഭാവനയില്‍ അതുവരേയും ഉണ്ടായിരുന്നില്ല. ആ സമരം ഡല്‍ഹിയുടെ പലഭാഗത്തേക്കും വ്യാപിച്ചു. ഇന്ന് നമ്മള്‍ ഈ തെരുവിലിരുന്ന് സമരം ചെയ്തില്ലെങ്കില്‍ നാളെ നമ്മള്‍ ഏതെങ്കിലും തടങ്കല്‍പ്പാളയത്തില്‍ ഇരിക്കേണ്ടിവരുമെന്ന ആശങ്ക അവര്‍ പരസ്പരം പങ്കുവച്ചിരുന്നു.

ഷഹീന്‍ബാഗിലെ പ്രക്ഷോഭത്തില്‍ ഉമര്‍ ഖാലിദിനെ ആരും കണ്ടിട്ടില്ല. മറ്റു പലയിടത്തുമായി സി.എ.എ വിരുദ്ധ പ്രചാരണത്തിന്‍റെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. പക്ഷേ ഷഹീന്‍ബാഗ് സമരത്തിന്‍റെ സംഘാടകനായും അതിലൂടെ കലാപത്തിന്‍റെ ഗൂഢാലോചകനായും ഉമര്‍ ഖാലിദിനെ മാറ്റാന്‍ ഡല്‍ഹി പൊലീസിന് ധാരാളം മാര്‍ഗങ്ങളുണ്ടായിരുന്നു. 101 ദിവസം പിന്നിട്ട ഷഹീന്‍ബാഗ് സമരം അവസാനിച്ചത് കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോഴാണ്. കോവിഡ്-19 വ്യാപനം തടയുന്നതിനായി ഡൽഹിയിൽ വലിയ കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിച്ചത്.

2020 മാർച്ച് 24-ന് ഡൽഹി പൊലീസ് സമരസ്ഥലം ഒഴിപ്പിച്ചു. എന്നാല്‍ ഇതിനിടയില്‍ സമരത്തിനെതിരേ സംഘപരിവാര്‍ അതിപ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി.ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രസ്താവനകളാണ് കലാപത്തിന് പ്രധാന തീപ്പൊരിയായി മാറിയത്. 2019 ഡിസംബര്‍ 20ന് കൊണ്ണോട്ട് പ്ലേസില്‍ പ്രസംഗിച്ച കപില്‍ മിശ്ര ദേശദ്രോഹികളെ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനം ചെയ്തു.മറ്റൊരു ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ ഇതിനെ പിന്തുണച്ചുവന്നു. 2020 ഫെബ്രുവരി 23-ന് മൗജ്പൂരിൽ, വടക്കുകിഴക്കൻ ഡൽഹി ഡിസിപി വേദ് പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിൽ, മിശ്ര പറഞ്ഞു: ജാഫ്രാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകൾ മൂന്ന് ദിവസത്തിനുള്ളിൽ തുറക്കണം,അല്ലെങ്കിൽ പോലീസിനെ കേൾക്കില്ല, തെരുവിലിറങ്ങും.

അതേ ദിവസം വൈകീട്ട് തന്നെ കല്ലെറിയൽ തുടങ്ങി,അടുത്ത ദിവസം വലിയ അക്രമമായി മാറി. 53 പേർ മരിച്ചു. ഡൽഹി ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ടും പല വസ്തുതാന്വേഷണ റിപ്പോർട്ടുകളും ഇത് വ്യക്തമായി പറയുന്നു. കോടതികൾ പിന്നീട് എഫ്ഐആർ നിർദ്ദേശിച്ചെങ്കിലും പോലീസ് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടില്ല. അയാള്‍ ഇന്ന് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാണ്.അതായത്, സിഎഎ വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും യു എ പി എ, രാജ്യദ്രോഹം, കലാപത്തിനു കോപ്പുകൂട്ടല്‍, കൊലപാതകം അങ്ങനെ അതികഠിനമായ കുറ്റങ്ങള്‍ ചുമത്തി അവസാനിക്കാത്ത റിമാന്‍ഡ്, ജയില്‍. കലാപത്തിന് ആഹ്വാനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥനെ സാക്ഷിയാക്കി വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് മന്ത്രി.

ഇത് കഥയല്ല. യാഥാര്‍ഥ്യമാണ്. ഇതിലും കഠിനമായ യാഥാര്‍ഥ്യങ്ങള്‍ ആ കലാപത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്നതാണ്. മുസ്ലിം നാമധാരികളായ മനുഷ്യരെ തിരഞ്ഞുപിടിച്ച് തെരുവിലിട്ട് അടിച്ചുകൊല്ലുന്ന കാലുഷ്യം വീണ്ടും ആ ഇന്ത്യന്‍ തെരുവുകള്‍ കണ്ടു. ആ ക്രൂരമായ അക്രമങ്ങളില്‍ ഏര്‍പ്പെട്ടവരെല്ലാം നിയമത്തിന്‍റെ കരങ്ങളില്‍ നിന്ന് ഊരിപ്പോവുകയും ചെയ്തു. ജയിലിലായത് സി.എ.എയ്ക്ക് എതിരേ തെരുവിലിറങ്ങിയ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും അടങ്ങുന്ന വിദ്യാര്‍ഥി നേതാക്കളില്‍ ഏതാനുംപേര്‍. മറ്റുള്ളവര്‍ക്കെല്ലാം ജാമ്യം കിട്ടി. ഉമറിനും ഷര്‍ജീലിനും ഒഴികെ. അവസാനിപ്പിക്കുംമുമ്പ് ഒരുകാര്യം കൂടി. പുതിയ തലമുറയുടെ പ്രതീക്ഷയായ സി.ജെ.പിയുടെ അഭിജീത് ദീപ്കെ സൈബര്‍ ലോകത്ത് കൊടുങ്കാറ്റായശേഷം അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ പറഞ്ഞ ആ വാക്കുകള്‍. 'എന്‍റെ പേര് ഉമറെന്നോ ഖാലിദെന്നോ ആയിരുന്നെങ്കില്‍ ഞാനിപ്പോള്‍ ജയിലില്‍ ആയേനേ'. അതിലുണ്ട് നമ്മളില്‍ ഒരുപാടുപേരുടെ മനസ്സിലുള്ള ആ ചോദ്യത്തിന്‍റെ ഉത്തരം.

TAGS :