Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 5 April 2023 9:02 AM GMT

ഗോ ടു പാക്കിസ്ഥാന്‍, ഗോ ടു സ്‌കോട്‌ലാന്‍ഡ് ആയാല്‍!

ഭായ്, നിങ്ങള്‍ സ്‌കോട്‌ലാന്‍ഡില്‍ നിന്നുള്ള വാര്‍ത്ത കണ്ടിരുന്നോ? ഒരു മൗനമായിരിന്നു മറുപടി. പിന്നെ പുള്ളി തൊണ്ട ഒന്ന് ശരിയാക്കിക്കൊണ്ടു പറഞ്ഞു, ഇത് അവരുടെ തിരിച്ചടിയാണ്. |LookingAround

ഗോ ടു പാക്കിസ്ഥാന്‍
X

ഡല്‍ഹിയിലുള്ള മാധ്യമപ്രവര്‍ത്തകന്‍ രാവിലത്തെ പ്രാതലെല്ലാം പാട്ടും പാടി കഴിച്ചു കഴിഞ്ഞ് ആലോചനയിലാണ്ടു. ഇന്നലെ വീണ്ടും എഡിറ്റര്‍ വിളിച്ചു പറഞ്ഞിരുന്നു, എന്തെങ്കിലും പുതിയ വാര്‍ത്താ വീക്ഷണം കണ്ടു പിടിക്കണം എന്ന്. ഇതോര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പരതിയപ്പോഴാണ് സ്‌കോട്‌ലാന്‍ഡിലെ പുതിയ പ്രധാനമന്ത്രി ഹംസ യൂസഫ്, തന്റെ ഓഫീസില്‍ നമസ്‌കരിക്കുന്ന ചിത്രം കണ്ടത്. സുഹൃത്ത് ഓര്‍ത്തു, വീടിനടുത്തുള്ള ഏതോ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ റമദാനിലെ രാത്രി നമസ്‌കാരം നിര്‍വ്വഹിച്ചതിന് പൊലീസിനെ വിളിച്ച നാട്ടിലിരുന്നാണ് താന്‍ ഇത് കാണുന്നത്!

ഉടന്‍ തന്നെ ഫോണ്‍ എടുത്തു ഡല്‍ഹിയില്‍ തനിക്ക് പരിചയമുള്ള തീവ്ര വലതുപക്ഷ യുവജന ദളത്തിന്റെ മീഡിയ ചുമതലയുള്ള നേതാവിനെ വിളിച്ചു. മൂന്ന് നാല് റിങ് കഴിഞ്ഞാണ് ഫോണ്‍ എടുത്തത്. എടുത്ത വഴി യുവനേതാവ് പരിഭവം പറഞ്ഞു, നിങ്ങളോട് എനിക്ക് പിണക്കമാണ്, കഴിഞ്ഞ ആഴ്ചത്തെ പ്രകടനത്തിന്റെ പടം പത്രത്തില്‍ വന്നപ്പോള്‍ വാളും പിടിച്ചു നില്‍ക്കുന്ന എന്നെ നിങ്ങള്‍ വെട്ടിയായിരിന്നു കേട്ടോ..!

പത്രപ്രവര്‍ത്തകന്‍ ആശ്വസിപ്പിച്ചു, ശരിയാക്കാം ഭായ്. അടുത്ത മാസം നമുക്ക് നല്ലതൊരെണ്ണം കൊടുക്കാം. നിങ്ങള്‍ക്കാണോ പ്രകടനത്തിനും, പ്രക്ഷോഭത്തിനും പഞ്ഞം. അല്ല, എന്താണ് പുതിയ പരിപാടി..?

നേതാവ് ആവേശത്തോടെ പറഞ്ഞു, ഇപ്പോള്‍ ഫുള്‍ ബിസിയാണ്.. കോഴിക്കട അടപ്പിക്കണം, ഞങ്ങടെ കൊടി വീടുകള്‍ക്കും കടകള്‍ക്കും മുന്നില്‍ കെട്ടണം.. പിന്നെ പള്ളികളിലല്ലാതെ വീടുകളിലും മറ്റും നടത്തുന്ന റമദാന്‍ പ്രമാണിച്ചുള്ള രാത്രി പ്രാര്‍ഥനകള്‍ തടയണം...

പിന്നെ?

അത് പോലെ രാത്രി സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയുമുണ്ട്..

അതെന്താ രാത്രിയില്‍ ഒരു സ്വച്ഛ് ഭാരത്..?

അത് പിന്നെ ഞങ്ങടെ നേതാവിന് ഡിഗ്രിയില്ലെന്നോ, സര്‍ട്ടിഫിക്കറ്റ് ഇല്ലന്നോ ഒക്കെ പറഞ്ഞു കണ്ട മതിലേലൊക്കെ ആരോ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. അത് പറിച്ചു കളഞ്ഞു വൃത്തിയാക്കണം. നമ്മളൊക്കെ ഡിഗ്രി ഉണ്ടായിട്ടാണോ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്!

വേറെ എന്തെങ്കിലും?

വേറെയെന്നു പറഞ്ഞാല്‍, അണികള്‍ക്ക് ദിവസവും ക്ളാസ്സ് എടുക്കണം എന്നൊരു അനൗദ്യോഗിക നിര്‍ദേശവും വന്നിട്ടുണ്ട്.

അതെന്തു ക്ലാസ്സാണ്?

അതീ.. ഞങ്ങടെ ചില അനൗദ്യോഗിക നേതാക്കള്‍, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫ്രിഞ്ച് എലമെന്റ്‌സ്, നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളുടെ സി.ഡി ഇട്ട് അണികളെ പ്രബുദ്ധരാക്കുക എന്ന പരിപാടിയാണ്.

ക്ളാസ്സിന്റെ ഉദ്ദേശ്യം?

അതായത്, ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത് തെറ്റല്ലേ എന്നൊരു ചിന്ത ചില ആളുകള്‍ക്കിടയില്‍ ഉണ്ട്. ഇതൊന്നും അത്ര വലിയ തെറ്റല്ല എന്നും. ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നവരെ ഒന്ന് തൊടാന്‍ പോലും സര്‍ക്കാരും പൊലീസും തയ്യാറല്ല എന്നും ഉള്ള സംശയദുരീകരണം നടത്തുക എന്നതാണ് പ്രാഥമിക ഉദ്ദേശ്യം. പിന്നെ പുതിയ ചില മുദ്രാവാക്യങ്ങളൊക്കെ ഇതില്‍ നിന്നും കണ്ടെത്താനും സാധിക്കും.


ഭായ്, നിങ്ങള്‍ സ്‌കോട്‌ലാന്‍ഡില്‍ നിന്നുള്ള വാര്‍ത്ത കണ്ടിരുന്നോ?

ഒരു മൗനമായിരിന്നു മറുപടി. പിന്നെ പുള്ളി തൊണ്ട ഒന്ന് ശരിയാക്കിക്കൊണ്ടു പറഞ്ഞു, ഇത് അവരുടെ തിരിച്ചടിയാണ്..

തിരിച്ചടിയോ, അതെങ്ങനെ?

അതായത്, നമ്മള്‍ ഋഷിയെ വെച്ച് ഇംഗ്ലണ്ട് പിടിച്ചതിന് പകരം, അവര്‍ ഹംസയെ വെച്ച് സ്‌കോട്‌ലാന്‍ഡ് പിടിച്ചതാണ്. ഹംസയുടെ കുടുംബക്കാര്‍ നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കാമായിരിന്നു. ഇതിപ്പോ ബോര്‍ഡറിന് അപ്പുറത്താണല്ലോ പഹയന്റെ വീട്ടുകാര്‍..

പുള്ളി അവിടെ ആപ്പീസില്‍ നിസ്‌കരിക്കുന്ന ഒരു പടം വന്നിരുന്നു, നേതാവ് കണ്ടിരുന്നോ?

കണ്ടു, എന്തൊരു തോന്ന്യാസമാണ്. ഔദ്യാഗിക പദവി ദുരുപയോഗം ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍..!

അല്ല, നമ്മടെ ഇവിടെയും പ്രധാനമന്ത്രി പൂജയൊക്കെ നടത്തുന്നുണ്ടല്ലോ?

വിശ്വഗുരുവായ അദ്ദേഹം ഹിന്ദുസ്ഥാനില്‍, സ്വന്തം ദേശത്ത് ചെയ്യുന്നത് പോലെയാണോ, വല്ല നാട്ടിലും പോയി ഇങ്ങനൊക്കെ ചെയ്യുന്നത്.

അത് പുള്ളിയുടെ രാജ്യമാണ്, അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തതാണല്ലോ. അപ്പോള്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല?

ഏയ് അങ്ങനെയല്ല. ജനങ്ങളെ തമ്മില്‍ തെറ്റിച്ചു, നുണകള്‍ പറഞ്ഞു, സ്വര്‍ഗ്ഗ രാജ്യം വാഗ്ദാനം ചെയ്തു, വിദ്വേഷം പടര്‍ത്തി, ആളുകളെ ബ്രെയിന്‍ വാഷ് ചെയ്താണ് അയാളവിടെ ജയിച്ചത്.

അല്ല ഭായ്, നിങ്ങളും 15 ലക്ഷം രൂപയും, കള്ളപ്പണം പിടിക്കാന്‍ നോട്ട് മാറ്റവും, ഭക്തിയും ഒക്കെ പറഞ്ഞാണല്ലോ ആളുകളെ ഇളക്കി മറിച്ചു വോട്ട് നേടിയത്?

താങ്കള്‍ക്ക് എങ്ങനെ ഇങ്ങനെ പറയാന്‍ സാധിക്കുന്നു? രാമ ക്ഷേത്രം പണി നടക്കുന്നത് കണ്ടില്ലേ.

ഓക്കേ, ഒരു കാര്യം കൂടി ചോദിക്കട്ടെ, ഇനിയിപ്പോ സ്‌കോട്‌ലാന്‍ഡില്‍ ഹംസ യുസഫ് പ്രധാനമന്ത്രിയായ സ്ഥിതിക്ക്, നിങ്ങളുടെ മുദ്രാവാക്യം 'ഗോ ടു സ്‌കോട്‌ലാന്‍ഡ്' എന്നാക്കാന്‍ വഴിയുണ്ടോ?

ങ ങ ങ ങാ.. അത് വിട് .. അങ്ങനെയിപ്പ ഇവന്മാര് അവിടെ പോയി രക്ഷപ്പെടണ്ടാ...!

TAGS :