Quantcast
MediaOne Logo

സി. ദാവൂദ്

Published: 13 Aug 2026 2:39 PM IST

കുറയുന്ന കുഞ്ഞുങ്ങൾ, കൂടുന്ന വിദ്വേഷം

ഇന്ത്യയിലുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജനസംഖ്യയുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള ഭീതികൾ സംഘ്പരിവാർ പ്രസ്ഥാനങ്ങളും അവരുമായി ബന്ധപ്പെട്ട ആശയപ്രചാരണ സംവിധാനങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. ജനസംഖ്യയുമായി ബന്ധപ്പെട്ട ഈ ഭീതിവ്യാപാരത്തിൽ കേരളം വളരെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനാണ്.

കുറയുന്ന കുഞ്ഞുങ്ങൾ, കൂടുന്ന വിദ്വേഷം
X

ഇന്ത്യയിലെ സംഘ്പരിവാർ ബാൻഡ് വാഗൺ നിരന്തരം മുന്നോട്ടുവെക്കുന്ന ഒരു പ്രധാനപ്പെട്ട മുദ്രാവാക്യമാണ് 'ഹിന്ദു ഖത്രേമേ' അഥവാ ഹിന്ദു അപകടത്തിലാണ് എന്നത്. സംഘ്പരിവാർ നേതാക്കളുടെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമൊക്കെ വളരെ സാധാരണമായി കാണാൻ സാധിക്കുന്ന ഒന്നാണിത്. ഇന്ത്യയിലെ ഹിന്ദുത്വ ബ്രിഗേഡിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനമായ ആർ.എസ്.എസ് അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിലും, ഹിന്ദുത്വ ശക്തികൾ 'ലോഹ് പുരുഷ്' (ഉരുക്കുമനുഷ്യൻ) ആയി വാഴ്ത്തുന്ന, 56 ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദി പത്തുവർഷത്തിലധികമായി അധികാരത്തിലിരിക്കുന്ന രാജ്യത്തും വീണ്ടും വീണ്ടും ഈ ആശയം മുന്നോട്ടുവെക്കുന്നതിൽ വലിയൊരു കൗതുകവും വൈരുദ്ധ്യവുമുണ്ട്.

ലോകത്തെ ഏറ്റവും വലിയ സംഘടനാ സംവിധാനമെന്ന് അഭിമാനിക്കുന്ന ആർ.എസ്.എസ് ഇത്രയും കാലം പ്രവർത്തിച്ചിട്ടും ഹിന്ദു ഇപ്പോഴും അപകടത്തിൽ തന്നെയാണെങ്കിൽ അവർ ഇക്കാലമത്രയും പ്രവർത്തിച്ചിട്ടുണ്ടായ നേട്ടമെന്താണ് എന്ന സ്വാഭാവികമായ ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. എങ്കിലും സ്വന്തം അണികളെയും ജനങ്ങളെയും സംഘടിപ്പിച്ചു നിർത്താൻ സംഘപരിവാർ പ്രസ്ഥാനങ്ങൾ ഇപ്പോഴും മുഴക്കുന്ന ഒരു അപകട സൈറൺ തന്നെയാണ് 'ഹിന്ദു ഖത്രേമേ' എന്നത്.

ഈ ആശയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപവിഭാഗമായി ഇന്ന് അവതരിപ്പിക്കപ്പെടുന്നത് ജനസംഖ്യയുമായി ബന്ധപ്പെട്ട ആധികളാണ്. ഇന്ത്യയിലുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജനസംഖ്യയുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള ഭീതികൾ സംഘ്പരിവാർ പ്രസ്ഥാനങ്ങളും അവരുമായി ബന്ധപ്പെട്ട ആശയപ്രചാരണ സംവിധാനങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. ജനസംഖ്യയുമായി ബന്ധപ്പെട്ട ഈ ഭീതിവ്യാപാരത്തിൽ കേരളം വളരെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനാണ്.

കഴിഞ്ഞ മൂന്നാല് വർഷമായി കേരളത്തിലെ ഹിന്ദു ജനസംഖ്യ ഇടിയുന്നു എന്ന തരത്തിലുള്ള പ്രചാരണം വളരെ വലിയ തോതിൽ നടക്കുന്നുണ്ട്. മുൻ ഡി.ജി.പി ടി.പി സെൻകുമാർ പദവി ഒഴിഞ്ഞതിന് ശേഷം ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി ചേർന്ന് സഞ്ചരിക്കാൻ തുടങ്ങിയ കാലത്താണ് ഒരുപക്ഷേ ഈ ആശയം കേരളത്തിൽ ഏറ്റവും ശക്തമായി മുന്നോട്ടുവെക്കപ്പെട്ടത്. അത് കൂടുതൽ ശക്തിപ്പെട്ട് കേരളത്തിൽ ഹിന്ദു ഇല്ലാതാകുന്നു എന്ന പുതിയ പ്രചാരണമായി മാറിയിരിക്കുന്നു.

എന്നാൽ ഇന്നത് കേവലം സോഷ്യൽ മീഡിയ ഹാൻഡിലുകളിലോ വാട്സ്ആപ്പ് ഫോർവേർഡുകളിലോ ഒതുങ്ങുന്ന കാര്യമല്ല. 2026 ഓഗസ്റ്റ് രണ്ടാം തീയതി സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക ജിഹ്വയായ 'ജന്മഭൂമി' പത്രത്തിന്റെ ഓപ്പൺ പേജിൽ (എഡിറ്റ് പേജിൽ) പ്രസിദ്ധീകരിച്ച പ്രധാന ലേഖനത്തിന്റെ തലക്കെട്ട് 'ഹിന്ദുക്കൾ ഇല്ലാതാകുന്ന കേരളം' എന്നായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാളാണ് അത് എഴുതിയത്. ഉത്തരവാദപ്പെട്ട ഒരു സംഘ്പരിവാർ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് തങ്ങളുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ ഇത്തരമൊരു ലേഖനം എഴുതുമ്പോൾ, അതൊരു വാട്സ്ആപ്പ് ഫോർവേർഡ് എന്നതിലുപരി അവർ വളരെ ഗൗരവത്തോടെ തന്നെ നടത്തുന്ന ആശയപ്രചാരണമാണെന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

കേരളത്തിൽ ഡെമോഗ്രാഫിക് ക്രൈസിസ് അഥവാ ജനസംഖ്യാപരമായ ഒരു പ്രതിസന്ധിയും ജനസംഖ്യാ ഘടനാ മാറ്റവും നിലവിലുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇന്ത്യയിൽ തന്നെ വയോജനങ്ങളുടെ അനുപാതം ഏറ്റവുമധികമുള്ള, നരബാധിച്ച സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ദേശീയ ശരാശരിയായ മീഡിയൻ ഏജ് 28-29 വയസ്സായിരിക്കുമ്പോൾ കേരളത്തിന്റേത് ഇന്ന് 37-38 വയസ്സാണ്. എന്ന് പറഞ്ഞാൽ, ചെറുപ്പക്കാരുടെ അനുപാതം കുറഞ്ഞ, വൃദ്ധരുടെ അനുപാതം കൂടിയ സംസ്ഥാനമാണിത്. അംഗനവാടികളേക്കാൾ വൃദ്ധസദനങ്ങൾ ആവശ്യമായി വരുന്ന ഒരു ഘട്ടത്തിലേക്ക് സംസ്ഥാനം പ്രവേശിക്കുകയാണ്.

ഭരണകൂടത്തിന് ഇതിനെക്കുറിച്ച് സാമാന്യമായ ധാരണയുണ്ട്. അതുകൊണ്ടാണ് വളരെ വ്യക്തമായൊരു ജെറിയാട്രിക് പോളിസി സംസ്ഥാനത്തിനുള്ളതും, വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് തന്നെ സംസ്ഥാന സർക്കാരിന് കീഴിൽ ആരംഭിച്ചിരിക്കുന്നതും. പുതിയ സർക്കാർ വന്ന ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനങ്ങളിൽ തന്നെ അതുണ്ടായിരുന്നു. ഈ ജനസംഖ്യാ ഘടനാമാറ്റത്തെ ഗൗരവമായി കാണുകയും സൂക്ഷ്മമായി പഠിക്കുകയും പുതിയ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നതിന് പകരം, അതിനെ വളരെ പെട്ടെന്ന് വർഗീയവും മതപരവുമായ സ്വഭാവത്തിൽ വ്യാഖ്യാനിച്ച് ദുഷ്ടലാക്കോടെയുള്ള പ്രചാരണങ്ങൾ നടത്തുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. 'ഹിന്ദു ഖത്രേമേ' എന്ന അവരുടെ മാനസിക ഘടനയിൽ നിന്നാണ് ഈ പ്രചാരണങ്ങൾ വരുന്നത്.

സംസ്ഥാന സർക്കാരിന്റെ എക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ് കഴിഞ്ഞ ജൂലൈയിൽ പുറത്തുവിട്ട 2024-ലെ 'വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്' മുൻനിർത്തിയാണ് ജന്മഭൂമിയിലെ ഈ ലേഖനം വികസിക്കുന്നത്. ഈ റിപ്പോർട്ടിലെ ജനന-മരണ നിരക്കുകളാണ് ആ ലേഖനത്തിന്റെ ഉള്ളടക്കം. റിപ്പോർട്ട് പ്രകാരം 2024ൽ കേരളത്തിൽ ജനിച്ച മൊത്തം കുഞ്ഞുങ്ങളിൽ 1,59,088 പേർ മുസ്ലീങ്ങളാണ്. 1,36,163 പേർ ഹിന്ദുക്കളും, 48,476 പേർ ക്രിസ്ത്യാനികളുമാണ്. മതം രേഖപ്പെടുത്താത്തവർ 721 ഉം ഇതര മതങ്ങൾ 318 ഉം ആണ് ആ കണക്കിലുള്ളത്. ഇന്ത്യയിൽ തന്നെ ജനന-മരണ നിരക്കുകൾ ഏറ്റവുമധികം കൃത്യമായി രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനമായതിനാൽ സർക്കാരിന്റെ ഈ കണക്കുകൾ പൂർണ്ണമായും വസ്തുനിഷ്ഠമാണ്, അതൊരു കൊട്ടക്കണക്കല്ല.

ജനനനിരക്കിനൊപ്പം മരണനിരക്കും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2024-ൽ ഏറ്റവും കൂടുതൽ മരണം നടന്നിരിക്കുന്നത് ഹിന്ദുക്കളിലാണ്, 1,87,079 പേർ. മുസ്‌ലിംകളില്‍ 62,471 പേരും ക്രിസ്ത്യാനികളിൽ 63,172 പേരുമാണ് മരണപ്പെട്ടത്. ഇതിൽ വളരെ ശ്രദ്ധേയമായ കാര്യം, ഹിന്ദുക്കളിൽ ജനനത്തേക്കാൾ കൂടുതൽ മരണം നടക്കുന്നു എന്നതാണ്. 2024-ൽ 1,36,163 ഹിന്ദു കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ 1,87,079 പേർ മരണപ്പെടുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിലും ഇതേ പാറ്റേൺ തന്നെയാണ്. 48,476 കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ 63,172 പേർ മരണപ്പെടുന്നു. എന്നാൽ മുസ്‌ലിം കമ്മ്യൂണിറ്റിയിൽ 1,59,088 കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ മരണം 62,471 മാത്രമാണ്.

ക്രിസ്ത്യൻ-ഹിന്ദു സമൂഹങ്ങളിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ മുസ്‌ലിംകളില്‍ അങ്ങനെയല്ല എന്ന ഈ കണക്കുകൾ നിരത്തി, ഇതിന് പിന്നിൽ എന്തോ ഒരു ഗൂഢപദ്ധതിയോ ഒളിയജണ്ടയോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വി.എച്ച്.പി നേതാവ് ലേഖനം എഴുതിയിരിക്കുന്നത്. എന്നാൽ ഇതിലെ യാഥാർഥ്യം തീർത്തും ലളിതമാണ്. ഏറ്റവും കൂടുതൽ മരണം നടക്കുന്നത് 70 വയസ്സിന് മുകളിലുള്ള ഏജ് ഗ്രൂപ്പിലാണ്. കേരളത്തിൽ ഈ 70 പ്ലസ് ഏജ് ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിലാണ്.

സ്വാഭാവികമായും അവരിലെ മരണനിരക്ക് ഉയർന്നതായിരിക്കും. അല്ലാതെ ഒരു പ്രത്യേക ഭൂപ്രദേശത്തോ സമുദായത്തിലോ മരണനിരക്ക് കൂടുന്നത് മറ്റാരുടെയെങ്കിലും ഗൂഢാലോചനയുടെ ഭാഗമാകുന്നതെങ്ങനെയാണ്? ആ ഗിവൺ ഗ്രൂപ്പിൽ പ്രായമായവരുടെ അനുപാതം കൂടുതലാണ് എന്ന് മാത്രമാണ് ഇതിനർത്ഥം. ഇത് മനസ്സിലാക്കാതെ ഒളിയജണ്ടയുണ്ടെന്ന് വരുത്തിത്തീർക്കുന്നത് വളരെ മോശമായ കാര്യമാണ്. എന്നിരുന്നാലും സർക്കാരിന്റെ ഈ ആധികാരിക കണക്കുകൾ മുൻനിർത്തി ജനസംഖ്യാ ഘടനയെക്കുറിച്ച് ഗൗരവമായ ആലോചനകൾ നടക്കേണ്ടതുണ്ട്, എന്നാൽ നിർഭാഗ്യവശാൽ അത്തരം ചർച്ചകൾ നടക്കുന്നില്ല.

ഇത്തരം ഗൗരവമായ ആലോചനകൾ നടക്കാത്തതിന്റെ പ്രധാന കാരണം കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് കൃത്യമായ ഒരു ജനസംഖ്യാ നയമില്ല എന്നതാണ്. കേന്ദ്ര സർക്കാരിന്റെ അല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ജനസംഖ്യാ നയം എന്താണ് എന്നതിൽ ആദ്യം വ്യക്തത വരുത്തേണ്ടതുണ്ട്. ബി.ജെ.പി ഭരിക്കുന്ന അസം ഉൾപ്പെടെയുള്ള അര ഡസനിലേറെ സംസ്ഥാനങ്ങളിൽ രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിയമങ്ങളുണ്ട്. വെറുതെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല, ഇത്തരം രക്ഷിതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കുക, സർക്കാർ ജോലി നിഷേധിക്കുക, രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങളുള്ളവർ അംഗങ്ങളായ സ്വയംസഹായ സംഘങ്ങൾക്ക് സർക്കാരിന്റെ അംഗീകാരം നിഷേധിക്കുക തുടങ്ങിയ കടുത്ത നടപടികളാണ് അവിടെയുള്ളത്.

പല സംസ്ഥാനങ്ങളും ഈ നിയമം മാറ്റിയെങ്കിലും ഏഴെട്ട് സംസ്ഥാനങ്ങളിൽ ഇപ്പോഴുമിതുണ്ട്. ഇതിൽ ഏറ്റവും സ്ട്രിൻജെന്റ് ആയിട്ടുള്ള നിയമം നിലനിൽക്കുന്നത് ബി.ജെ.പി ഭരിക്കുന്ന അസമിലാണ്, ഏറ്റവും ഒടുവിൽ ഈ നിയമം വന്നതും അവിടെയാണ്. എന്നാൽ അതേസമയം, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആർ.എസ്.എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത് ചുരുങ്ങിയത് മൂന്ന് കുഞ്ഞുങ്ങളെങ്കിലും ഉണ്ടാകണം എന്നാണ്. ഇതിനുപുറമെ, രാജ്യത്തൊട്ടാകെ രണ്ട് കുട്ടി നയം കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സഹയാത്രികനായ അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ, കേന്ദ്ര സർക്കാരിന്റെ കുടുംബകാര്യ മന്ത്രാലയം നൽകിയ സത്യവാങ്മൂലം മറിച്ചാണ്. നിർബന്ധിതമായ ജനസംഖ്യാ നിയന്ത്രണം കേന്ദ്രനയമല്ലെന്നും, അത്തരം നിയമമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, അത് നടപ്പിലാക്കിയ പല രാജ്യങ്ങൾക്കും പിന്നീട് അത് റിവേഴ്സ് ചെയ്യേണ്ടിയും അതിൽ ഖേദിക്കേണ്ടിയും വന്നിട്ടുണ്ടെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.

എന്നാൽ കേന്ദ്രസർക്കാരിന്റെ തന്നെ ഭാഗമായ ചില മന്ത്രിമാർ രാജ്യമൊട്ടാകെ കുടുംബാസൂത്രണം അടിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. ഇതിനേക്കാളെല്ലാം കൗതുകകരമായ കാര്യം എൻ.ഡി.എ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡു ഭരിക്കുന്ന ആന്ധ്രപ്രദേശ് സർക്കാർ നേർവിപരീത ദിശയിലാണ് സഞ്ചരിക്കുന്നത് എന്നതാണ്. അവർ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന മാതാപിതാക്കൾക്ക് സാമ്പത്തിക-പോഷകാഹാര ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൊടിയ വൈരുദ്ധ്യം എന്ന് പറയാവുന്ന സംഗതിയാണിത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടികൾ, ബി.ജെ.പി ഘടകകക്ഷിയായ സംസ്ഥാനത്ത് പ്രോത്സാഹനവും മോണിറ്ററി ഇൻസെന്റീവ്സും, ആർ.എസ്.എസ് മേധാവിക്ക് കൂടുതൽ കുട്ടികൾ വേണം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർബന്ധിത നിയന്ത്രണത്തോട് താല്പര്യമില്ല, എന്നാൽ ഗിരിരാജ് സിംഗിനെപ്പോലുള്ള ബി.ജെ.പി നേതാക്കൾ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് വോട്ടവകാശം പോലും നൽകരുതെന്ന് പ്രസംഗിച്ചു നടക്കുന്നു. എന്താണ് ഇതിൽ കൃത്യതയുള്ള നയം? ഇത്തരം കൺഫ്യൂഷനുകൾ നിലനിർത്തിക്കൊണ്ട് എങ്ങനെയാണ് ജനസംഖ്യയെ കുറിച്ച് സീരിയസ് ആയി സംസാരിക്കാൻ കഴിയുക?

കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും പോപ്പുലേഷൻ ഡൈനാമിക്സ് ഏതാണ്ട് സെയിം ആണ്. ഒരു ജനസംഖ്യ സ്ഥിരമായി നിലനിൽക്കാൻ അടിസ്ഥാന രേഖയായി കണക്കാക്കുന്ന 'ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്' (TFR) 2.1 ആയിരിക്കണം. എന്ന് വെച്ചാൽ പ്രത്യുൽപാദന ശേഷിയുള്ള 100 സ്ത്രീകൾക്ക് 210 കുഞ്ഞുങ്ങൾ ഉണ്ടാവണം. എന്നാൽ കേരളത്തിന്റെ നിലവിലെ TFR കൃത്യമായ കണക്കില്ലെങ്കിലും 1.3 നും 1.5 നും ഇടയിലാണ്. ഒരു 1.3 അല്ലെങ്കിൽ 1.4 എന്ന നമ്പറിലേക്ക് നമുക്കെത്താം. റീപ്ലേസ്മെന്റ് ലെവലായ 2.1 ൽ നിന്നും എത്രയോ താഴെയാണിത്.

അതായത് 100 സ്ത്രീകൾക്ക് 130 കുട്ടികൾ മാത്രം ഉണ്ടാകുന്ന അപകടകരമായ നമ്പർ. പോപ്പുലേഷൻ താഴോട്ട് പോവുകയാണ് (Dwindling population) എന്നതിന്റെ സൂചകമാണിത്. ഇതേ അവസ്ഥയായതുകൊണ്ടാണ് ആന്ധ്ര സർക്കാർ കൂടുതൽ കുട്ടികളുണ്ടാകാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന റെമഡിയൽ മെഷേഴ്സും ഇൻസെന്റീവ് സ്കീമുകളും ആരംഭിച്ചത്. എന്താണ് വി.എച്ച്.പിയുടെ ആവശ്യം എന്നതിൽ ആദ്യമായി ക്ലാരിറ്റി വരുത്തേണ്ടത് ഹിന്ദുത്വ പ്രസ്ഥാനങ്ങൾ തന്നെയാണ്. ആന്ധ്രപ്രദേശിലെ പോലുള്ള സ്കീമാണോ, അതോ അസമിലെ ഹിമന്ത ബിശ്വ ശർമ്മയുടെ നടപടികളാണോ, അതോ ഗിരിരാജ് കിഷോർ പ്രഖ്യാപിക്കുന്നതുപോലുള്ള ശിക്ഷാ നടപടികളാണോ കേരളത്തിൽ വേണ്ടത്? ലോകത്ത് വികസിത രാജ്യങ്ങളെല്ലാം തന്നെ ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജർമനി, റഷ്യ, ചൈന തുടങ്ങി പടിഞ്ഞാറൻ മുതലാളിത്ത രാജ്യങ്ങളും ഏഷ്യയിലെ വികസിത രാജ്യങ്ങളുമെല്ലാം ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് സ്കീമുകൾ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നു. കഴിഞ്ഞ വർഷം റഷ്യയിൽ നിന്ന് വന്ന വാർത്ത വിചിത്രമാണ്. അവിടെ ചില സ്റ്റേറ്റുകൾ സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഗർഭം ധരിക്കാൻ തയ്യാറായാൽ (If you carry a baby) ഒരു ലക്ഷം റൂബിൾ സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അവർ വിവാഹം കഴിക്കണമെന്നോ കുടുംബജീവിതം ആരംഭിക്കണമെന്നോ ഒന്നുമില്ല, ജസ്റ്റ് ക്യാരി എ ബേബി, സർക്കാർ ഒരു ലക്ഷം റൂബിൾ തരും. ലോകത്ത് ഏറ്റവും കർശനമായി ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ ചൈനയും ഇന്ന് അത് റിവേഴ്സ് ചെയ്ത് നേർവിപരീത ദിശയിൽ സഞ്ചരിക്കുന്നു.

വളരുന്ന സമൂഹത്തിൽ (Growing society) നിന്നും നരബാധിച്ച സമൂഹമായി (Greying society) മാറുന്നത് യംഗ് പോപ്പുലേഷനെ നഷ്ടപ്പെടുത്തുമെന്നും, അത് നമ്മുടെ പ്രൊഡക്റ്റിവിറ്റിയെയും എക്കണോമിയെയും ബാധിക്കുമെന്നുമുള്ള തിരിച്ചറിവാണ് 'ഏർലി മാര്യേജ്, ഏർലി ക്യാരിയേജ്' എന്നതൊരു സ്റ്റേറ്റ് പോളിസിയായി സ്വീകരിക്കാൻ അവരെ പ്രേരിപ്പിച്ചത്. ആന്ധ്രപ്രദേശ് സർക്കാർ സ്വീകരിച്ച നടപടിയെയും ഈ ട്രെൻഡിന്റെ ഭാഗമായി വേണം കാണാൻ.

ഇതിൽ ഇവർ എപ്പോഴും വെക്കുന്ന ഹിന്ദു ജനസംഖ്യ കുറയുന്നു, മുസ്ലീങ്ങളുടെ എണ്ണം കൂടുന്നു എന്ന നരേറ്റീവ് ബിൽഡ് ചെയ്ത് ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥത്തിൽ ശരിയല്ല. കേരളത്തിൽ ജനസംഖ്യയും ബർത്ത് റേറ്റും കുറയുന്നത് എല്ലാവരിലുമാണ്. 2020 മുതൽ 24 വരെയുള്ള കാലത്ത് ജനസംഖ്യാ നിരക്കിലെ കുറവ് എന്നത് ഇന്ത്യയിലെയും കേരളത്തിലെയും ഒരു ജനറൽ ട്രെൻഡ് ആണ്. അതിന്റെ അനുപാതത്തിൽ വ്യത്യാസമുണ്ടാകും എന്ന് മാത്രം. കേരളത്തിൽ ഹിന്ദുക്കൾ ഇല്ലാതാകുന്നു എന്ന് സമർത്ഥിക്കാൻ വി.എച്ച്.പി നേതാവ് ഉദ്ധരിച്ച അതേ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിലെ 2020 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്ന യാഥാർത്ഥ്യം മറ്റൊന്നാണ്.

ഈ കാലയളവിൽ ഹിന്ദു ജനസമൂഹത്തിൽ 26.56 ശതമാനവും, ക്രിസ്ത്യൻ സമൂഹത്തിൽ 22.15 ശതമാനവും, മുസ്ലിം സമൂഹത്തിൽ 18.9 ശതമാനവും കുറവുണ്ടായിട്ടുണ്ട്. എല്ലാ സമുദായങ്ങളിലും ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിൽ ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട് കൗതുകകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വ ബ്രിഗേഡിലെ പല സന്യാസിമാരും നേതാക്കന്മാരും ജനസംഖ്യ വർദ്ധിപ്പിക്കണമെന്ന് പല സന്ദർഭങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.എസ്.എസ് ചീഫ് മോഹൻ ഭാഗവത് തന്നെ പരസ്യമായി മൂന്ന് കുഞ്ഞുങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളും പ്രോ ലൈഫ് മിനിസ്ട്രി സംവിധാനങ്ങൾ വഴി കൂടുതൽ കുഞ്ഞുങ്ങളുണ്ടാകുന്നതിനെക്കുറിച്ചുള്ള പ്രബോധനങ്ങൾ നടത്തുന്നുണ്ട്. കേരളത്തിലെ ഒരു രൂപത കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന സഭയ്ക്ക് കീഴിലുള്ള കുടുംബങ്ങൾക്ക് സഹായങ്ങൾ നൽകുന്ന പാക്കേജ് പോലും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഒരു മുസ്ലിം സംഘടനയുടെയോ നേതാക്കളുടെയോ ഭാഗത്തുനിന്ന് ജനസംഖ്യ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യാതൊരു പ്രചാരണവും ഇതുവരെയുണ്ടായിട്ടില്ല. എന്നിട്ടും ഈ ജനസംഖ്യാ ആരോപണങ്ങളുടെ മുഴുവൻ മുനയും നീളുന്നത് അവർക്കെതിരെയാണ്.

മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറവായിരുന്നുവെങ്കിലും, ഇന്നത് വലിയ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ ഈ മുന്നേറ്റത്തിന് അനുസരിച്ച് അവരുടെ ജനനനിരക്കിലും കുറവുകൾ വന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ ഒരു നെക്സ്റ്റ് ഡെക്കേഡിൽ (അടുത്ത പത്ത് വർഷത്തിനുള്ളിൽ) ജനനനിരക്കിലെ ഏറ്റവും വലിയ കുറവ് സംഭവിക്കാൻ പോകുന്നത് മുസ്‌ലിം സമുദായത്തിലായിരിക്കും. ലളിതമായി പറഞ്ഞാൽ, നമ്മുടെ ജനസംഖ്യാ ഘടനയിൽ വന്നിട്ടുള്ള ഗൗരവമായ മാറ്റങ്ങളെ സൂക്ഷ്മമായി പഠിച്ച്, ഓരോ സമൂഹങ്ങളിലെയും പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കി, പോസിറ്റീവായി സമീപിച്ച് നയങ്ങൾ സ്വീകരിക്കുകയാണ് സാമാന്യമായി ചെയ്യേണ്ടത്.

അല്ലാതെ 'ഹിന്ദു ഖത്രേമേ' എന്ന മാനസികാവസ്ഥയിൽ നിന്നുകൊണ്ട് സ്വന്തം സമുദായാംഗങ്ങൾക്കിടയിൽ തന്നെ ഒരുതരം അപകർഷതാബോധം സൃഷ്ടിക്കുന്ന തരത്തിൽ വി.എച്ച്.പി അടക്കമുള്ള പരിവാർ സംഘടനകൾ നടത്തുന്ന പ്രചാരണങ്ങൾ സമൂഹത്തിൽ ഗുണാത്മകമായ യാതൊരു മാറ്റവും കൊണ്ടുവരുന്നതല്ല. പ്രശ്നങ്ങളെ ഉൽക്കർഷയോടെ സമീപിച്ച് പരിഹാരം കാണുന്ന സ്വഭാവത്തിലേക്ക് കാര്യങ്ങൾ മാറ്റിയെടുക്കുകയാണ് വേണ്ടത്.

TAGS :