Quantcast
MediaOne Logo

പി.ടി നാസര്‍

Published: 19 May 2025 2:20 PM IST

ഗദ്ദർപാർട്ടി; ഇന്ത്യക്കാരുടെ ആദ്യ വിപ്ലവപാർട്ടി

ബ്രിട്ടീഷുകാർക്ക് കീഴിൽ ജീവിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് കാബൂളിലേക്ക് ഹിജ്റ പോയവർ മുഹാജിറുകളായി താഷ്ക്കന്റിലെത്തി. ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്താൻ ആയുധംതേടി പോയവർ കമ്മ്യൂണിസ്റ്റുകാരായും താഷ്ക്കന്റിലെത്തി. രണ്ടുകൂട്ടരും കൂടിച്ചേർന്നപ്പോൾ താഷ്ക്കന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടു. അത് 1920 ലാണ്. എന്നാൽ അതിന് മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ഒരു വിപ്ലവപാർട്ടിക്ക് ഇന്ത്യക്കാർ രൂപംനൽകിയിട്ടുണ്ട്. അതാണ് ഗദ്ദർ പാർട്ടി. അതിലുമുണ്ട് മുഹാജിറുകൾ - ചുവപ്പിലെ പച്ച പുന:രാരംഭിക്കുന്നു

ഗദ്ദർപാർട്ടി; ഇന്ത്യക്കാരുടെ ആദ്യ വിപ്ലവപാർട്ടി
X

ബ്രിട്ടീഷുകാർക്ക് കീഴിൽ ജീവിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് കാബൂളിലേക്ക് ഹിജ്റ പോയവർ മുഹാജിറുകളായി താഷ്ക്കന്റിലെത്തി. ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്താൻ ആയുധംതേടി പോയവർ കമ്മ്യൂണിസ്റ്റുകാരായും താഷ്ക്കന്റിലെത്തി. രണ്ടുകൂട്ടരും കൂടിച്ചേർന്നപ്പോൾ താഷ്ക്കന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടു. അത് 1920 ലാണ്. എന്നാൽ അതിന് മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ഒരു വിപ്ലവപാർട്ടിക്ക് ഇന്ത്യക്കാർ രൂപംനൽകിയിട്ടുണ്ട്. അതാണ് ഗദ്ദർ പാർട്ടി. അതിലുമുണ്ട് മുഹാജിറുകൾ.

1913 ൽ അമേരിക്കൻ മണ്ണിൽ രൂപംകൊണ്ട ഗദ്ദർപാർട്ടിയിൽ നിന്നാണ് ഇന്ത്യയിലെ വിപ്ലവരാഷ്ട്രീയത്തിന്റെ ഇതിഹാസം ആരംഭിക്കുന്നത്. ബാബാ ഹർദയാൽ, ബാബാ സോഹൻസിങ് ബക്ന, മൗലവി ബർക്കത്തുല്ല, റഹ്മത്ത് അലി ഷാ, മേവാസിംഗ് ലാപോക്, വിഷ്ണു ഗണേഷ് പിംഗളേ, പണ്ഡിറ്റ് ഖൻഷിറാം മറൗലി, കരീം ബക്‌ഷ്, ബാബാ കേസർ സിംഗ് തത് രംഗ്, ഭായി പരമാനന്ദ്, അബ്ദുൽ ഹാഫിസ് മുഹമ്മദ് തുടങ്ങിയവരാണ് സ്ഥാപക നേതാക്കൾ.

ഇന്ത്യയിൽ നിന്ന് പുറത്തുകടന്ന നിരവധി ദേശീയവാദികളും വിപ്ലവകാരികളും അക്കാലം യൂറോപ്പിലും അമേരിക്കയിലും എത്തിപ്പെട്ടിരുന്നുവെന്ന് പറഞ്ഞല്ലോ. പഠിക്കാൻ പോയവർ മാത്രമല്ല ജീവിതമാർഗം തേടിപ്പോയ തൊഴിലാളികളും കർഷകരും ധാരാളമുണ്ടായിരുന്നു. തൊഴിൽതേടി പോയവർ കാര്യമായും ലക്ഷ്യംവെച്ചിരുന്നത് കാനഡയാണ്. ഇന്ത്യയെപ്പോലെതന്നെ കാനഡക്കും ബ്രിട്ടീഷ് ബന്ധമുണ്ട്. ബ്രിട്ടന്റെ ഒരു പ്രവിശ്യയായിട്ടാണ് കാനഡയെ കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ലഭിക്കുന്ന അതേപരിഗണന പ്രതീക്ഷിച്ച് നിരവധി കർഷകരും തൊഴിലാളികളും കാനഡയിലേക്ക് കടന്നു. അതിൽകൂടുതലും പഞ്ചാബിൽ നിന്നായിരുന്നു. സിക്കുകാർ കൂട്ടത്തോടെ ബ്രിട്ടീഷ് പട്ടാളത്തിൽ സേവനമനുഷ്ടിച്ചവരാണ്. മറ്റാരേക്കാളും ബ്രിട്ടീഷ് ഭരണത്തോട് കൂറുകാട്ടിയവരുമാണ്. അതുകൊണ്ടുതന്നെ മറ്റൊരു ബ്രിട്ടീഷ് പ്രവിശ്യയിൽ സസന്തോഷം സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചാണ് പഞ്ചാബികൾ കാനഡയിലേക്ക് കുടിയേറിയത്.

അവിടെ എത്തിപ്പെട്ടവരൊക്കെ കഠിനാദ്ധ്വാനികളെന്ന പേര് നേടി. തോട്ടങ്ങളിലും തൊഴിൽശാലകളിലും ഇന്ത്യക്കാർ വിദഗ്ദ്ധരായി കണക്കാക്കപ്പെട്ടു. അതിനനുസരിച്ച് സമ്പാദ്യവുമുണ്ടായി. സ്വാഭാവികമായും പ്രവാസികൾ അവരുടെ അദ്ധ്വാനത്തിന്റെ ഫലം സ്വന്തംനാട്ടിലേക്ക് അയക്കുമല്ലോ. നാട്ടിൽനിന്ന് ആശ്രിതരേയും ബന്ധുക്കളേയും തൊഴിലിടത്തേക്ക് കൊണ്ടുവരികയും ചെയ്യും. എന്നാൽ ഇതുരണ്ടും കാനഡയിൽ ഇന്ത്യക്കാർക്ക് എതിരായ വികാരമാണുണ്ടാക്കിയത്. കാനഡയുടെ സമ്പത്ത് പുറത്തേക്ക് കടത്തുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇത് രാഷ്ട്രീയ പ്രചാരണമായി വളർന്നപ്പോൾ 1908ൽ കാനഡ കുടിയേറ്റ നിയന്ത്രണനിയമം കൊണ്ടുവന്നു.

ഏതാണ്ട് അതേ കാലത്തുതന്നെ അമേരിക്കയിലും തത്തുല്യ നിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1913 ലെ കാലിഫോർണിയ നടപ്പാക്കിയ "പുറത്തുനിന്നുള്ളവരുടെ ഭൂസ്വത്ത് നിരോധന നിയമം" ഒരു ഉദാഹരണം. മറ്റുരാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾ ഭൂമി വിലയ്ക്ക് വാങ്ങുന്നതും ദീർഘകാലത്തേക്ക് പാട്ടത്തിന് എടുക്കുന്നതും നിരോധിക്കുകയാണ് കാലിഫോർണിയയിലെ നിയമത്തിന്റെ ലക്ഷ്യം. പുറത്തുനിന്നുള്ളർ കാനഡയിൽ കടക്കുന്നതുതന്നെ നിരോധിക്കുകയാണ് കുടിയേറ്റ നിയന്ത്രണ നിയമത്തിന്റെ ഉദ്ദേശ്യം. ഈ നിയമം ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യക്കാരെയാണ്.

ഫലത്തിൽ ഇന്ത്യൻ തൊഴിലാളികളെ കാനഡ നിരസിച്ചു. കാനഡയും ബ്രിട്ടീഷുഭരണത്തിനുകീഴിൽ തന്നെയാണ്. ഇന്ത്യക്കാരും ബ്രിട്ടീഷ്പ്രജകളാണ്. അങ്ങനെയൊരു പൗരത്വ പ്രശ്നം ഒരുഭാഗത്ത്. മറ്റൊരു ഭാഗത്ത് ഇന്ത്യക്കാരുടെ രാഷ്ട്രീയപ്രവർത്തനം പലവിധത്തിൽ നടന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായി അമേരിക്കൻ ഐക്യനാടുകളിലെ സാൻഫ്രാൻസിസ്കോയിൽ ഒരു സംഘടന രൂപംകൊണ്ടു. 'ഇന്ത്യൻ അസോസിയേഷൻ ഓഫ് പസഫിക് കോസ്റ്റ്'. പസഫിക് തീരദേശത്തെ ഇന്ത്യക്കാരുടെ കൂട്ടായ്മ. ഇന്ത്യക്കാർക്കിടയിൽ 'ഹിന്ദ് അസോസിയേഷൻ' എന്ന് അറിയപ്പെട്ടു.

ലാലാ ഹർദയാൽ എന്ന അദ്ധ്യാപകനാണ് ചാലകശക്തി. ഹർദയാൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. സോഹൻസിങ് ബക്നയാണ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്. യുഗാന്തർ ആശ്രമം എന്നാണ് ആസ്ഥാനത്തിന് പേരിട്ടിരുന്നത്. അറിയാമല്ലോ, ബംഗാളിലെ തീവ്രദേശീയ പ്രസ്ഥാനങ്ങളിൽ ഒന്നിന്റെ പത്രത്തിന്റെ പേരാണ് യുഗാന്തർ.അതിനുമുമ്പുതന്നെ കാനഡയിലെ കുടിയേറ്റ നിയന്ത്രണം മറികടക്കാനുള്ള ശ്രമങ്ങൾ ഇന്ത്യക്കാർ തുടങ്ങിയിരുന്നു. ജി.സി കുമാർ, താരകാനാഥ് ദാസ് തുടങ്ങിയവർ ബ്രിട്ടീഷ് അധികാരികൾക്കു മുന്നിൽ നിവേദനം സമർപ്പിച്ചിരുന്നു. ബ്രിട്ടീഷിന്ത്യയിലെ പൗരന്മാരെ ബ്രിട്ടന്റെ മറ്റെല്ലാ പ്രവിശ്യകളിലും പൗരന്മാരായിത്തന്നെ പരിഗണിക്കണം, അവർക്ക് തൊഴിലെടുക്കാൻ അവസരം ഉറപ്പുവരുത്തണം എന്നീ അഭ്യർത്ഥനകളായിരുന്നു നിവേദനത്തിൽ. ബ്രിട്ടീഷ് രാജാവിനും വൈസ്രോയിക്കുമാണ് നിവേദനം നൽകിയിരുന്നത്. രണ്ടിനും മറുപടിപോലും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് സാൻഫ്രാൻസിസ്ക്കോയിൽ, ഇന്ത്യൻ അസോസിയേഷൻ, അഥവാ ഹിന്ദ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടത്. 1913 ഏപ്രിൽ 21നാണ് അസോസിയേഷൻ നിലവിൽ വന്നത്.

മൗലവി ബർക്കത്തുല്ലാ ഭോപ്പാലി

ഏറെത്താമസിയാതെ സംഘടന ഒരു പ്രഖ്യാപനം നടത്തി. നവംബർ ഒന്നുമുതൽ പത്രം പ്രസിദ്ധീകരിക്കുമെന്ന്. പേര് ഗദ്ദർ. കലാപം എന്നാണ് ആ ഉർദുവാക്കിന്റെ അർത്ഥം. ആദ്യം ഉർദുവിലാണ് പത്രം പുറത്തുവന്നത്. ഏറെത്താമസിയാതെ ഗുരുമുഖിലിപിയിലും വന്നു. അതായത് പഞ്ചാബി ഭാഷയിൽ. മാസങ്ങൾക്കകം ഗദ്ദർപത്രം വിദേശ ഇന്ത്യക്കാർ ഉള്ളിടത്തെല്ലാം എത്തി. പത്രത്തിന്റെ മേൽവിലാസത്തിലാണ് പിന്നീട് ഹിന്ദ് അസോസിയേഷൻ അറിയപ്പെട്ടത്. ഗദ്ദർപത്രം ഇറക്കുന്ന പാർട്ടിയായതിനാൽ ഗദ്ദർപാർട്ടി എന്നറിയപ്പെട്ടു. പിന്നെ ആ പേര്തന്നെ സ്വീകരിച്ചു. ഹിന്ദുസ്ഥാൻ ഗദ്ദർപാർട്ടി. ഓർഗോണിലാണ് പാർട്ടി പ്രഖ്യാപനമുണ്ടായത്. ഗദ്ദർപാർട്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലൊക്കെ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ വിപ്ലവപ്രസ്ഥാനങ്ങൾ ചെറിയചെറിയ സംഘടനകളായിരുന്നു. ഗദ്ദർ പാർട്ടിക്ക് മെക്സിക്കോ, ജപ്പാൻ, ചൈന, ഫിലിപ്പീൻസ്, മലയ, സിംഗപ്പൂർ, തായ്‍ലാൻഡ്, ഇന്തോ-ചൈന, വടക്കേ ആഫ്രിക്ക, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിലൊക്കെ സജീവ അംഗങ്ങളും ശാഖകളും ഉണ്ടായിരുന്നു.

ഇതിനിടയിൽ കുടിയേറ്റ നിരോധനനിയമങ്ങൾ മറികടക്കാനുള്ള നിയമയുദ്ധങ്ങൾ തുടരുന്നുണ്ട്. കാലിഫോർണിയയിലെ നിയമത്തിനെതിരെ കോടതിയെ സമീപിച്ചത് ഹുസൈൻ റഹീം എന്ന ബംഗാളിയാണ്. കാനഡയിലെ നിയമവും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. രണ്ടിടത്തും നിയന്ത്രണത്തിന് എതിരായാണ് കോടതി നിലപാടെടുത്തത്. മനുഷ്യർക്ക് ജോലി ചെയ്ത് ജീവിക്കാൻ അവകാശമുണ്ടെന്ന് കോടതികൾ ചൂണ്ടിക്കാട്ടി. അപ്പോൾ അധികാരികൾ നിയമം മറ്റുവിധത്തിൽ കടുപ്പിച്ചു. കാനഡ നേരിട്ടുള്ള യാത്രാ നിയമം കൊണ്ടു വന്നാണ് കുടിയേറ്റ നിയന്ത്രണ നിയമം കർശനമാക്കിയത്. സ്വന്തം നാട്ടിൽ നിന്ന് നേരിട്ട് കാനഡയിലെ തുറമുഖങ്ങളിലേക്ക് ടിക്കറ്റെടുത്തവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നാണ് നിബന്ധന.

ഇന്ത്യക്കാരായ കുടിയേറ്റക്കാരെയാണ് നിയമങ്ങൾ ഏറെ ബാധിച്ചത്. ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് നേരിട്ട് കപ്പൽ സർവീസില്ല. വർഷംതോറും ലക്ഷക്കണക്കിന് ആളുകളാണ് ഏഷ്യയിൽനിന്ന് പലവഴിയും യൂറോപ്യൻ രാജ്യങ്ങളിലേക്കെത്തുന്നത്. അങ്ങനെയെത്തിയ നാലുലക്ഷംപേർ 1914 ആയപ്പോൾ യൂറോപ്പിലയും അമേരിക്കയിലേയും തുറമുഖങ്ങളിൽപെട്ടുപോയി. അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. തൊഴിലില്ല. തിരിച്ചുപോരാൻ കപ്പലില്ല. ടിക്കറ്റില്ല.

സിംഗപ്പൂരിൽ കരാറുകാരനായി പ്രവർത്തിക്കുകയായിരുന്ന ഗുർദത്ത് സിംഗ് സന്ധു എന്ന പഞ്ചാബി സിഖുകാരൻ ഈ ഘട്ടത്തിൽ ഐതിഹാസികമായ ഒരു ഇടപെടൽ നടത്തി. അദ്ദേഹം ഒരു കപ്പൽ വാടകക്കെടുത്തു. എസ്.എസ്. കൊമഗറ്റമാരു. ഹോങ്ങ്കോംഗിൽ നിന്നാണ് കൊമഗറ്റമാരു കാനഡയിലേക്ക് പുറപ്പെട്ടത്. 340 സിക്കുകാരും, 24 മുസ്‍ലിംകളും 12 ഹിന്ദുക്കളും ഒരു ബ്രിട്ടീഷുകാരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. വഴിക്കുള്ള തുറമുഖങ്ങളിൽ നിന്നൊക്കെ ഇന്ത്യക്കാരെ കയറ്റി. കാനഡയിലേക്കാണ് ലക്ഷ്യം വെച്ചിരുന്നത്.

തേജ സിങ്, സോഹാൻ സിംഗ് ഭക്ന

1914 മെയ് 23ന് കൊമഗറ്റമാരു കാനഡയിലെ വാൻകുവർ തുറമുഖത്തി. എന്നാൽ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിക്കപ്പെട്ടു. ഇന്ത്യക്കാർ ബ്രിട്ടീഷ് പൗരന്മാർ തന്നെയാണ് എന്ന വാദത്തിലാണ് യാത്രക്കാർ പിടിച്ചത്. എന്നാൽ സ്വന്തം നാട്ടിൽനിന്ന് നേരിട്ട് ടിക്കറ്റ് വേണമെന്ന നിബന്ധനയിലാണ് അധികാരികൾ ഊന്നിയത്.

വാൻകുവറിൽ അപ്പോൾ ഗദ്ദർ പാർട്ടിയുടെ കേന്ദ്രംതന്നെ പ്രവർത്തിക്കുന്നുണ്ട്. സ്വദേശ് സേവക് ഫോറം എന്ന പേരിൽ. കൊമഗറ്റമാരു പ്രശ്നത്തിൽ അവരും ഇടപെട്ടു. ഏറെ തർക്കത്തിന് ശേഷം 24 ആളുകൾക്ക് മാത്രം പ്രവേശനാനുമതി നൽകി. ബാക്കിയുള്ളവർ കപ്പലിൽതന്നെ. കൊമഗറ്റമാരുവിനെ സൈനിക കപ്പലുകൾ വളഞ്ഞു. ഉന്തിത്തള്ളി അതിരുകടത്തി. കൊമഗറ്റമാരു ഇന്ത്യയിലേക്ക് മടങ്ങി.

മടക്കയാത്രയിൽ ഗദ്ദർ പാർട്ടിയുടെ പ്രസിഡന്റ് സോഹൻ സിംഗ്‌ ബക്നയും കപ്പലിൽ കയറിയിരുന്നു. ഒന്നിലേറെ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു ബക്നയ്ക്ക്. ഒന്ന്, പഞ്ചാബിലെത്തണമെന്നത്. ഗദ്ദർ പാർട്ടിയുടെ പ്രധാന നേതാക്കളൊക്കെ പഞ്ചാബിലേക്ക് നീങ്ങിത്തുടങ്ങിരുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതാണല്ലോ. പഞ്ചാബിൽ നിലയുറപ്പിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിക്കാൻ ഗദ്ദർ പാർട്ടി തീരുമാനിച്ചിരുന്നു. അതിനായി പാർട്ടിയുടെ പ്രധാന കേഡർമാർ പഞ്ചാബിലേക്ക് കടന്നുതുടങ്ങിയിരുന്നു. കഴിയുന്നിടത്തോളം ആയുധങ്ങളും ഇന്ത്യയിലേക്ക് കടത്തിയിരുന്നു. ഒറീസയിലും ആന്തമാനിലുമായാണ് ആയുധങ്ങൾ സംഭരിച്ചിരുന്നത്.

സോഹൻസിംഗ് ബക്ന കൊമഗറ്റമാരുവിൽ കയറിയതിന്റെ മുഖ്യകാരണം, കപ്പലിലെ യാത്രക്കാരെ മുഴുവൻ ഗദ്ദർ കേഡർമാരാക്കുകയാണ്. ബ്രിട്ടീഷുകാരാണ് തങ്ങളെ കാനഡതീരത്തേക്ക് അടുപ്പിക്കാതെ തിരിച്ചയച്ചത് എന്ന് കപ്പലിലുള്ളവരെ ബോധ്യപ്പെടുത്തുക, അങ്ങനെ അവരെക്കൂടി വിപ്ലവത്തിന് സജ്ജരാക്കുക എന്നതാണ് ഉദ്ദേശ്യം. യാത്രക്കാരോട് സംസാരിക്കാനുള്ള ചുമതല പ്രസിഡന്റ് തന്നെ ഏറ്റെടുത്തതാണ്.

ബക്ന കൊമഗറ്റമാരുവിൽ വരുന്നുണ്ട് എന്ന കാര്യം ജപ്പാനിലെ യോകഹോമയിലുള്ള മൗലവി ബർക്കത്തുല്ലയെ അറിയിച്ചിരുന്നു. മൗലവി യോകഹോമ തുറമുഖത്തെത്തി ബക്നയെ സ്വീകരിച്ചു. ബക്ന ബർക്കത്തല്ലയോടൊപ്പം യോകഹോമ കടപ്പുറത്ത് ഇറങ്ങി. അവിടെനിന്ന് ഷാങ്ങ്ഹായിലേക്കും അവിടെ നിന്ന് ഹോങ്ങ്കോങ്ങിലേക്കും പോയി. അവിടെനിന്ന് നാംസംഗ് എന്ന കപ്പലിൽ കൽക്കത്തയിലെത്തി. അവിടെ കരക്കിറങ്ങിയ ഉടൻ അറസ്റ്റ് ചെയ്യപ്പെട്ടു.

കൊമഗറ്റമാരു കൽക്കത്തയിലെത്തിയപ്പോഴും കഥ വ്യത്യസ്ഥമായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളക്കപ്പലുകളാണ് കൊമഗറ്റമാരുവിനെ വരവേറ്റത്. വിദേശപത്രങ്ങൾ, പ്രത്യേകിച്ച് യൂറോപ്യൻ പത്രങ്ങൾ ഗംഭീര പ്രചാരണം നൽകിയിരുന്നു കൊമഗറ്റമാരുവിൻ്റെ വരവിന്. ഒരു കപ്പൽനിറയെ ആയുധങ്ങളുമായി ഇന്ത്യൻ തീവ്രവാദികൾ ബ്രിട്ടീഷ് ഭരണത്തെ മറിച്ചിടാൻ വരുന്നു എന്നായിരുന്നു പത്രങ്ങൾ പ്രചരിപ്പിച്ചത്.

കപ്പലിൽ ആയുധങ്ങളുണ്ടായിരുന്നു. പല തുറമുഖങ്ങളിൽനിന്നും ഗദ്ദർ നേതാക്കൾ കപ്പലിൽ കയറുകയും യാത്രക്കാരെ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. ലഘുലേഖകളും നോട്ടീസുകളും ആയുധങ്ങളുമെല്ലാം നൽകിയിരുന്നു. സോഹൻസിംഗ് ബക്ന കയറിയപ്പോൾതന്നെ, രണ്ടായിരം കൈത്തോക്കുകളും രണ്ടായിരം ചുറ്റ് വെടിയുതിർക്കാനുള്ള തിരകളും കയറ്റിയിരുന്നു. തന്നെയുമല്ല, ജർമനിയുടെ സഹായത്തോടെ വൻതോതിൽ ആയുധങ്ങൾ കടത്താനും ഗദ്ദർ പാർട്ടിക്ക് പരിപാടിയുണ്ടായിരുന്നു. അതിനായി ആന്നീ ലാർസൺ, ദ മാവറിക് എന്നീ കപ്പലുകൾ വാടകക്ക് എടുത്തിരുന്നു. കാര്യങ്ങൾ എളുപ്പത്തിൽ നടത്താനായി കൽക്കത്തയിൽ കയറ്റുമതി- ഇറക്കുമതി സ്ഥാപനം തുടങ്ങിയിരുന്നു. പക്ഷേ ഒന്നും ലക്ഷ്യം കണ്ടില്ല.

കൊമഗറ്റമാരു കൽക്കത്ത തുറമുഖത്ത് അടുത്തപ്പോൾ ബ്രിട്ടീഷ് പട്ടാളവും പോലീസും കപ്പലിനെ വളയുകയാണുണ്ടായത്. ഇറങ്ങുന്ന ഓരോരുത്തരേയും പിടികൂടി ചോദ്യംചെയ്യുമെന്ന അന്തരീക്ഷം. പിരിമുറുക്കം ഏറെ നീണ്ടുനിന്നില്ല. ഏറ്റുമുട്ടലായി. കുറേയാളുകൾ അപ്പോൾതന്നെ പിടിയിലായി. കുറച്ചാളുകളൊക്കെ ആ ബഹളത്തിനിടയിൽ മുങ്ങി. അവരൊക്കെ പിൻതുടർന്നു പിടിച്ചു. പലരേയും പഞ്ചാബിലെത്തിയ ശേഷമാണ് പിടികൂടിയത്. അങ്ങനെ പിടികൂടാൻ ബ്രിട്ടീഷധികാരികൾക്ക് സാധിച്ചത് ചാരന്മാരുടെ സഹായത്തോടെയാണ്. പാർട്ടിയുടെ നിരവധി ഘടകങ്ങളിൽ ബ്രിട്ടീഷ് ചാരന്മാരുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാരനായ കൃപാൽ സിംഗാണ് പ്രധാന ചാരനായി അറിയപ്പെടുന്നത്.

കൊമഗറ്റമരുവിലും അല്ലാതെ പലവഴിക്കും വന്ന 291പേരെ ആകെ പിടികൂടി. ലാഹോറിൽ പ്രത്യേക ട്രൈബൂണൽ സ്ഥാപിച്ചാണ് ഇവർക്കെതിരെയുള്ള കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. ഇതാണ് ഒന്നാം ലാഹോർഗൂഡാലോചനാ കേസ് എന്ന് അറിയപ്പെടുന്നത്. ഇതിൽ 42പേരെ വെറുതെ വിട്ടു. 114 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗദ്ദർപത്രത്തിന്റെ തുടക്കംമുതൽ എല്ലാ ദിവസവും അച്ചടിച്ചിരുന്ന പാർട്ടിയുടെ പരസ്യം 42 പേരുടെ കാര്യത്തിൽ അറംപറ്റി എന്നതാണ് ഒന്നാം ലാഹോർ ഗൂഡാലോചനാ കേസിന്റെ ഫലം. ധീരരായ പോരാളികളെ ആവശ്യമുണ്ട് എന്ന തലക്കെട്ടിനു കീഴിലുള്ള വാക്കുകൾ ഇതായിരുന്നു.

ശമ്പളം - മരണം

വില - രക്തസാക്ഷിത്വം

പെൻഷൻ- സ്വാതന്ത്ര്യം

പടക്കളം - ഇന്ത്യ.

ഇതിൻപ്രകാരമുള്ള പെൻഷൻ കൈപറ്റാൻ എല്ലാവർക്കും ഭാഗ്യമുണ്ടായില്ല. 42 ആളുകൾക്ക് രക്തസാക്ഷ്യമാണ് പ്രതിഫലമാണ് ലഭിച്ചത്. അതിലൊരാളായ റഹ്മത്ത് അലിഖാൻ 1915 മാർച്ച് 25 ന്, മോണ്ട് ഗോമറി( ഇപ്പോൾ പാക്ക് പഞ്ചാബിൽ) ജയിലിൽ വെച്ച് തൂക്കിലേറ്റപ്പെടുമ്പോൾ 29 വയസ്സാണ്.

ഗദ്ദർ പാർട്ടിയുടെ ഒന്നാംനിര നേതാക്കളിൽപെട്ട കർത്താർ സിംഗ് സാരഭയേയും മറ്റ് ആറുപേരേയും 1915 നവംബർ 16 നാണ് തൂക്കിലേറ്റിയത്. ലാഹോർ സെൻട്രൽ ജയിലിൽ വെച്ച്.

സ്ഥാപകപ്രസിഡൻ്റായ സോഹൻസിംഗ്‌ ബക്നയെ ആദ്യം വധശിക്ഷക്കാണ് വിധിച്ചത്. എങ്കിലും അപ്പീൽ പോരാട്ടത്തിൽ അത് ജീവപര്യന്തം തടവുശിക്ഷയാക്കി കുറച്ചു. അത് അനുഭവിക്കാൻ അന്തമാൻ സെല്ലുലാർ ജയിലിലേക്ക് അയച്ചു. ജയിലിന്നകത്തെ പ്രക്ഷോഭങ്ങൾ കാരണം പലപ്പോഴും ബക്നയെ ജയിൽ മാറ്റിക്കൊണ്ടിരുന്നു. 1922 ൽ മലബാർ കലാപക്കേസിലെ പ്രതികളായ മാപ്പിളമാർ കോയമ്പത്തുർ ജയിലിലെത്തിയപ്പോൾ ബക്ന അവിടെയുണ്ട്.

ജീവപര്യന്തം തടവുകാരെ സാധാരണഗതിയിൽ പതിനാലുവർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ വിട്ടയക്കാറുണ്ടായിരുന്നു. എന്നാൽ ബക്നക്ക് ആ ആനുകൂല്യം നൽകേണ്ടതില്ല എന്നായിരുന്നു ബ്രിട്ടീഷധികാരികളുടെ തീരുമാനം. പതിനാറു വർഷം ജയിലിൽ കഴിഞ്ഞപ്പോൾ അദ്ദേഹം കോടതിയെ സമീപ്പിച്ചു. നിയമ പോരാട്ടത്തിന് ഒടുവിൽ 1947 ആഗസ്റ്റ് 13 നാണ് മോചിതനായത്. പുറത്തിറങ്ങിയ ശേഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച ബക്ന 1964ലെ പിളർപ്പിന് ശേഷം സി.പി.എമ്മിനൊപ്പമായിരുന്നു.

ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന ഗദ്ദർ പ്രസ്ഥാനത്തിൽ 1917നുശേഷം ഒരു ഭിന്നിപ്പുണ്ടായി. സോഷ്യലിസ്റ്റ് അനുഭാവികളെന്നും കമ്മ്യൂണിസ്റ്റ് അനുകൂലികളെന്നും രണ്ടായി പിരിഞ്ഞു. 1919 ഓടുകൂടി ഗദ്ദർ പ്രസ്ഥാനം മങ്ങിത്തുടങ്ങി. ക്രമേണ അപ്രസക്തമായി. ചരിത്രം മാത്രമായി.

ഇന്ത്യയിൽ തിരിച്ചെത്തിയ ഗദ്ദർ നേതാക്കളിൽ ഏറെ പേരും കമ്മ്യൂണിസ്റ്റു പാർട്ടി നേതാക്കളായി മാറി. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐതിഹാസിക സംഘാടകനായി മാറിയ അമീർ ഹൈദർഖാൻ്റെ ആവേശകരമായ ജീവിതം ' ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം - ആദ്യ പഥികർ' എന്ന ഗ്രന്ഥത്തിൽ സി.ഭാസ്കരൻ വിശദീകരിക്കുന്നുണ്ട്. കപ്പൽ ജീവനക്കാരനായിരിക്കെ പല തുറമുഖങ്ങളിലും ഗദ്ദർലഘുലേഖകൾ വിതരണം ചെയ്ത അമീർ ഹൈദർഖാനെ ഒരിക്കൽ അമേരിക്കൻ തുറമുഖത്തുവെച്ച് പോലീസ് പിടികൂടി. എന്നാൽ, ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്യാൻ അമേരിക്കൻ പോലീസിന് അധികാരമില്ലെന്ന് കപ്പലിന്റെ ക്യാപ്റ്റൻ കടുംപിടുത്തം പിടിച്ചതോടെ പോലീസ് വിട്ടേച്ച് പോയതാണ്. എഞ്ചിൻറൂമിലെ അതിവിദഗ്ദ്ധനായ അമീർ ഹൈദർഖാൻ ഇല്ലാതെ കപ്പൽ കൊണ്ടുപോകാൻ ക്യാപ്റ്റന് താൽപര്യമില്ലായിരുന്നു എന്നൊരു ഉപകഥയുണ്ട്.

ബാബാ കരംസിംഗ് ചീമ, ബാബാ ഗുരുമുഖ് സിങ്ങ്, ബാബാ ഭാഗ്സിങ്ങ് കനേഡിയൻ എന്നിവരൊക്കെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യപഥികരുടെ പട്ടികയിലുണ്ട്. ബാബാ ഗുരുമുഖ് സിങ്ങിനെ, കൊമഗറ്റമാരു കൽക്കത്തയിൽ എത്തിയപ്പോൾ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി 1928 മുതലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയത്.

കരംസിങ്ങ് ചീമ 1917 വരെ അമേരിക്കൻ ഗദ്ദർപാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ ഗ്രാമം ഗദ്ദർപാർട്ടിയുടേയും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ഒളിവുകേന്ദ്രമായി മാറി.

1964ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിൽ നിന്ന കരംസിങ്ങ് ചീമ, ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ അടുത്ത സഹപ്രവർത്തകനായിരുന്നു. അങ്ങനെ അമീർ ഹൈദർ ഖാനെപ്പോലെ, കരംസിങ്ങ് ചീമയെപ്പോലെ പലരുടേയും ജീവരക്തത്തിലൂടെ ഹിന്ദുസ്ഥാൻ ഗദ്ദർപാർട്ടിയുടെ തുടർച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലേക്കൊഴുകി.


അവലംബം:

1.ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യ പഥികർ --സി.ഭാസ്കരൻ

2. Challenge: A saga of indian's struggle for freedom- peoples publishing House

3. Colonialisam and the call to Jihad in British India - Tariq Hasan.

4. Gadhar party, a shot history, Harish k puri

TAGS :