സതീശന് ആള് മാറിയോ?
ഈ സർക്കാരിന്റെ കേസ് വാദിക്കാൻ എന്തിനാണ് ആർഎസ്എസ്കാരൻ? ഈ ചോദ്യത്തിന് മറുപടി നൽകാതെ വി.ഡി. സതീശന് മുന്നോട്ടുപോകാനാവില്ല.

വി.ഡി സതീശൻ മുഖ്യമന്ത്രി ആയ ശേഷം വർഗീയതയോടുള്ള നിലപാട് മാറ്റിയോ? ഈ ചോദ്യം ധാരാളം പേർ ചോദിക്കുന്നുണ്ട്. അതിന് കാരണമായ ചില സംഭവങ്ങളും സന്ദർഭങ്ങളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ, സീനിയർ സർക്കാർ അഭിഭാഷകനായി ആർഎസ്എസുകാരനെ നിയമിച്ചതും ഹിന്ദു ഐക്യവേദി നേതാക്കൾക്ക് തന്റെ ഓഫീസിൽ മുഖം കൊടുത്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് സതീശനെ സംശയത്തിലാക്കുന്ന ചോദ്യങ്ങൾ വരുന്നത്. ഇവയുടെ മെറിറ്റ് നമുക്ക് പരിശോധിക്കാം.
ഈ റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്താണ് എഡിജിപി എം.ആർ. അജിത് കുമാറിന് എതിരെ കടുത്ത നടപടി വരുമെന്ന വാർത്ത ഞങ്ങളുടെ റിപ്പോർട്ടർ സിജോ വി. ജോൺ ബ്രേക്ക് ചെയ്യുന്നത്. ആലപ്പുഴയിൽ നവകേരള സദസ്സിന് നേർക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാർക്കെതിരായ അന്വേഷണത്തിൽ കൈകടത്തി കേസ് ഡയറി തിരുത്തിയതിനാണ് നടപടി. മർദനമേറ്റവരിൽ ഒരാളായ എ.ഡി. തോമസ് ഇപ്പോൾ ആലപ്പുഴ എംഎൽഎയാണ്.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം സംഭവത്തിൽ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് മുൻ സർക്കാരിന്റെ കാലത്ത് നടന്ന അന്വേഷണത്തിലെ അട്ടിമറി പുറത്തുകൊണ്ടുവന്നത്. അതായത്, എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്യുന്നത് ഈ കേസിലാണ്. പക്ഷേ നടപടി വരുന്നത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലീസിൽ നടന്ന കാവിവൽക്കരണമെന്ന ആരോപണത്തിന്റെ മുഖമായി നിന്ന ഉദ്യോഗസ്ഥന് എതിരെയാണ്. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയതു തന്നെ ഏറ്റവും വലിയ ആരോപണം. അക്കാര്യം പുറത്തുകൊണ്ടുവന്നതോ, ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ.
ആ നിലയ്ക്ക്, അജിത് കുമാറിനെതിരായ നടപടി പൊലീസിലെ ആർഎസ്എസ് ലോബിക്കെതിരായ നടപടിയാണ്. എസ്‌ഐടി റിപ്പോർട്ട് ഡിജിപിയുടെ കയ്യിലെത്തിയിട്ട് കുറേ ദിവസമായപ്പോൾ യുഡിഎഫ് സർക്കാരും അജിത് കുമാറിനെ രക്ഷിച്ചെടുക്കുകയാണോ എന്ന സംശയം വ്യാപകമായിരുന്നു. എന്തായാലും അക്കാര്യത്തിൽ മുഖ്യമന്ത്രി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കണിശമായ നിലപാടെടുത്തു എന്ന് കാണാം.
അതേസമയം, ഈ റിപ്പോർട്ട് തയാറാക്കുന്ന സമയത്ത് വന്ന മറ്റൊരു റിപ്പോർട്ട് ഈ നിലപാടിന്റെ രാഷ്ട്രീയമൂർച്ച കുറയ്ക്കുന്നതാണ്. ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി ഒരു ആർഎസ്എസ്കാരനെ നിയമിച്ചു. തൃശൂരിൽ നിന്നുള്ള ശരത് ഡി. എസ്. ഇയാൾ കോളജിൽ പഠിക്കുമ്പോൾ എബിവിപി നേതാവായിരുന്നു. ആർഎസ്എസുകാർ പ്രതികളായ കൊലക്കേസുകളിൽ പ്രതികൾക്കുവേണ്ടി ഹാജരാകുന്ന വക്കീലാണ്. ഇദ്ദേഹത്തെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത് മുഖ്യമന്ത്രിയുടെ കീഴിലുള്ള നിയമവകുപ്പിലാണ്.
മുഖ്യമന്ത്രി അറിഞ്ഞാണോ അറിയാതെയാണോ ഈ നിയമനമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ സർക്കാർ പദവികളിലെ നിയമനങ്ങളിൽ പലവിധ അബദ്ധങ്ങളും സംഭവിക്കുന്നുണ്ട്. ദേവസ്വം സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത് പിൻവലിക്കേണ്ടിവന്നത് ആദ്യത്തെ ഉദാഹരണമായിരുന്നല്ലോ. ഒരിക്കൽ പിഴച്ചാൽ ആ പിഴവ് ആവർത്തിക്കാതിരിക്കാൻ മാർഗമുണ്ടാക്കണം. ഈ സർക്കാരിന്റെ കേസ് വാദിക്കാൻ എന്തിനാണ് ആർഎസ്എസ്കാരൻ? ഈ ചോദ്യത്തിന് മറുപടി നൽകാതെ വി.ഡി. സതീശന് മുന്നോട്ടുപോകാനാവില്ല.
ഒരുവശത്ത് അജിത് കുമാറിന് എതിരെ നടപടിയെടുക്കുക, മറുവശത്ത് ആർഎസ്എസുകാരനെ സർക്കാർ അഭിഭാഷകനാക്കുക. ഈ രണ്ട് തീരുമാനങ്ങളും ഒത്തുപോകുന്നതല്ല. വർഗീയതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ള വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ ഒരാളും പ്രതീക്ഷിക്കുന്നതല്ല ഇത്.
അതേസമയം മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി. സതീശൻ ഇടപെടേണ്ട ഒരു വിഷയം ആഭ്യന്തരവകുപ്പിലുണ്ട്. നടി അൻസിബ ഹസൻ നൽകിയ മൂന്നാമത്തെ പരാതിയിൽ പൊലീസ് എന്തുകൊണ്ടാണ് എഫ്ഐആർ ഇടാത്തത്? ഈ വിഷയം അദ്ദേഹം അന്വേഷിക്കണം. ആരാണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ഒരു സ്ത്രീ നൽകിയ പരാതിയിൽ പ്രഥമവിവര റിപ്പോർട്ട് ഇടുന്നത് പോലും തടയുന്നത്? അൻസിബ ഹസനെ ജിഹാദിയെന്ന് വിളിച്ചതുമായി ബന്ധപ്പെട്ട കേസിലും അവരെ പൊലീസ് സ്റ്റേഷനിലിരുത്തി എട്ട് മണിക്കൂറോളം ബുദ്ധിമുട്ടിച്ച കേസിലും ഹൈക്കോടതിയെ സമീപിച്ച് അവിടുന്ന് ഉത്തരവ് വന്നശേഷമാണ് എഫ്ഐആർ ഇട്ടത്.
അമ്മ സംഘടനയിൽ അവർ നേരിട്ട അനീതിക്ക് ഈ സമൂഹം പലതരത്തിലുള്ള അർഥങ്ങൾ കാണുന്നുണ്ട്. അതിലൊന്ന് അമ്മയിൽ സംഘിവൽക്കരണം നടപ്പാക്കാനുള്ള ശ്രമമാണ്. അതിനോട് ബന്ധപ്പെട്ടുകിടക്കുന്ന പരാതികളെ പൊലീസ് തമാശയായും മാനനഷ്ടക്കേസായും മറ്റും കാണുന്നത് ഭൂഷണമാണോ? വർഗീയതയോട് സന്ധിയില്ലെന്ന് പറയുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായ സർക്കാരിനു കീഴിലെ പൊലീസിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല. ആഭ്യന്തരമന്ത്രിയോട് കാര്യങ്ങൾ പറഞ്ഞത് ഏതുവിധമാണ് വളച്ചൊടിക്കപ്പെട്ടതെന്ന് മീഡിയവണിന് അൻസിബ നൽകിയ പ്രതികരണത്തിൽ വ്യക്തമാണ്.
മറ്റൊരു സംഗതികൂടി ഇപ്പോൾ ചർച്ചാവിഷയമായിട്ടുള്ളത് ഹിന്ദു ഐക്യവേദി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് നിവേദനം നൽകിയതാണ്. തെരഞ്ഞെടുപ്പ് രംഗത്ത് സതീശനെ നേരിട്ട് ആക്രമിച്ചയാളാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു. ബാബു ഒരു ഫേക്ക് ആണെന്നാണ് സതീശൻ പറഞ്ഞിട്ടുള്ളത്. യാതൊരുവിധ വിശ്വാസ്യതയുമില്ലാത്ത വ്യാജൻ. പറവൂരിൽ സതീശനെക്കുറിച്ച് വ്യാജപ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തയാൾ. ആ ബാബുവും സമൂഹത്തിൽ ഒരു നിയന്ത്രണവുമില്ലാതെ വർഗീയവിഷം വമിപ്പിക്കുന്ന കെ.പി. ശശികലയും പിന്നെ ഏതാനും പേരുമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച മുഖ്യമന്ത്രി ഇവർക്ക് മുഖം കൊടുത്തതിലൂടെ നൽകുന്ന സന്ദേശമെന്ത് എന്നതാണ് ചോദ്യം. സുകുമാരൻ നായരും വി.ഡി സതീശനും തമ്മിലുള്ള സമവാക്യം നമുക്കറിയാം. അതിനാൽ അത് മാറ്റിവെക്കാം. അങ്ങനെ നോക്കുമ്പോൾ തുഷാർ വെള്ളാപ്പള്ളി തൊട്ട് ആർ.വി. ബാബുവും ശശികലയും വരെയുള്ളവർക്ക് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയത് ആ സ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നു കരുതാം.
നമുക്ക് കൂടുതൽ ഗൗരവമുള്ള വിഷയത്തിലേക്ക് വരാം. യഥാർഥത്തിൽ ഇത്തരം കാര്യങ്ങളാണോ ഒരു സർക്കാരിന്റെ വർഗീയതയോടുള്ള സമീപനം തീരുമാനിക്കുന്നത്? കൂടുതൽ പ്രധാനം ഭരണസംവിധാനം വർഗീയശക്തികളാൽ സ്വാധീനിക്കപ്പെടാതിരിക്കുക എന്നതാണ്. അത് സതീശൻ സർക്കാർ എത്രത്തോളം ഉറപ്പുവരുത്തും എന്നതാണ് പ്രധാനചോദ്യം. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന പൊലീസ്, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക മേഖലകളിലാണ് ഇത് സൂക്ഷ്മമായി ഉറപ്പുവരുത്തേണ്ടത്. വ്യാപകമായ ഇസ്‌ലാമോഫോബിക് ആശയങ്ങളാലും പ്രചാരണങ്ങളാലും സങ്കീർണമാണ് നമ്മുടെ സമൂഹം.
നിത്യജീവിതത്തിലെ സംഭാഷണങ്ങളിൽ പോലും എപ്പോഴെങ്കിലും ഇസ്‌ലാമോഫോബിയ ഒരന്തർധാരയായി കടന്നുവരുന്നത് കാണാം. ഇരട്ട അർഥങ്ങളിലുള്ള പ്രയോഗങ്ങൾ, ചാപ്പ കുത്തലുകൾ, കളിയാക്കലുകൾ ഇതെല്ലാം മുസ്‌ലിംകളായ ഓരോരുത്തർക്കും എപ്പോഴെങ്കിലുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. നടി അൻസിബ ഹസനും കൈരളിയിലെ മാധ്യമപ്രവർത്തകൻ ഷാജഹാനും നേർക്കുണ്ടായത് ഒരേ മനോഭാവത്തിന്റെ രണ്ടു വശങ്ങളാണെന്ന് മനസ്സിലാക്കണം. അൻസിബയുടെ കാര്യത്തിൽ ടിനി ടോം അവരെ ജിഹാദിയെന്നും വർഗീയവാദിയെന്നും വിളിക്കുന്നു. ഷാജഹാൻ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യം ചോദിച്ചപ്പോൾ ജി. സുധാകരൻ അയാളെ തീവ്രവാദിയാക്കുന്നു. ഇത് അനുദിനം സമൂഹം ഇസ്‌ലാമോഫോബിക് ആവുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്.
അതിനാൽ ഇസ്‌ലാമോഫോബിയയ്ക്കെതിരെ ജാഗ്രതയെന്ന പ്രാഥമിക പാഠം ഈ സർക്കാർ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ് പ്രധാനം. മുഖ്യമന്ത്രി ആരെക്കണ്ടാലും ഇല്ലെങ്കിലും ഈ വിഷയത്തോട് ജാഗ്രത പുലർത്തുകയെന്നതാണ് വർഗീയതയ്ക്ക് എതിരായ നിലപാടിന്റെ കാതലായ വശം. ഇതുവരെ സംഭവിച്ച ഒന്നുകൊണ്ടും മുഖ്യമന്ത്രി വി.ഡി. സതീശൻ വർഗീയതയോട് സന്ധിചെയ്തുവെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ല. പക്ഷേ അത് പരിശോധിക്കപ്പെടാനുള്ള അവസരങ്ങൾക്ക് കേരളത്തിൽ ഒട്ടും ക്ഷാമമുണ്ടാകില്ല. ഒരു മുഖ്യമന്ത്രിയുടെ പാതിമനസ്സുകൊണ്ട് ആ പരീക്ഷയിൽ വിജയിക്കാനാകില്ല.
വള്ളിക്കെട്ടിൽ കയറിപ്പിടിക്കാതെ അങ്ങനങ്ങ് പോയാൽ മതിയെന്ന നിലപാടെടുത്ത് നിന്നാൽ അതുകൊണ്ടുമാത്രം മുഖ്യമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്ന് പറയേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണകാലയളവിൽ പറഞ്ഞ ആ വാചകം വീണ്ടും വീണ്ടും ഓർത്തെടുത്ത് പ്രവർത്തിച്ചേ മതിയാകൂ. അത് ഇതായിരുന്നല്ലോ - വി.ഡി. സതീശനും പിണറായി വിജയനും കടന്നുപോയാലും കേരളം നിലനിൽക്കണം. അതിനാൽ എന്തു വിലകൊടുത്തും വർഗീയതയെ ചെറുക്കും. മുഖ്യമന്ത്രി, പറഞ്ഞത് നടപ്പാക്കൂ, കേരളത്തിന്റെ ഭാവിക്കായി.
Watch Video
