MediaOne Logo

ജെയ്സി തോമസ്

Published: 16 July 2022 10:24 AM GMT

അംബേദ്കര്‍ നയിച്ച തൊഴിലാളി പോരാട്ടങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ചില്ല - കെ. അംബുജാക്ഷന്‍

ലോകത്തെ പുതുക്കിപ്പണിയുക, സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പെടുക്കുക എന്ന മാര്‍ക്‌സിന്റ ലക്ഷ്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അതിനു സ്വീകരിച്ച മാര്‍ഗത്തെ അംബേദ്കര്‍ തള്ളിപ്പറയുന്നുണ്ട്. | അഭിമുഖം-രണ്ടാം ഭാഗം: കെ. അംബുജാക്ഷന്‍/ജെയ്‌സി തോമസ്

അംബേദ്കര്‍ നയിച്ച തൊഴിലാളി പോരാട്ടങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ചില്ല - കെ. അംബുജാക്ഷന്‍
X
Listen to this Article

സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ അനുവദിക്കുന്ന ഭരണഘടന എന്ന സജി ചെറിയാന്റെ ആക്ഷേപത്തെക്കുറിച്ച്?

സ്റ്റേറ്റുകള്‍ക്ക് ഭരിക്കാനുള്ള, ഭരണം നിര്‍വഹിക്കാനുള്ള ഒരു രേഖയാണ് ഭരണഘടനയെന്ന ഒരു പൊതുകാഴ്ചപ്പാടുണ്ട്. പക്ഷെ, അങ്ങനെയുള്ളപ്പോള്‍ തന്നെ ലോകത്തെ പല ഭരണഘടനകളിലും അങ്ങനെയല്ല. ഇന്ത്യന്‍ ഭരണഘടന ഒട്ടും അങ്ങനെയല്ല. ഇന്ത്യന്‍ ഭരണഘടന വലിയ സാമൂഹ്യ, രാഷ്ട്രീയ,സാമ്പത്തിക പരിവര്‍ത്തനം നിര്‍വഹിച്ച, വലിയൊരു നവോത്ഥാനം നിര്‍വഹിച്ച ഒന്നാണ്. ചൂഷണങ്ങളില്‍ നിന്നും പൗരന്‍മാരെ സംരക്ഷിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്ന വകുപ്പുകള്‍ നമ്മുടെ ഭരണഘടനക്കകത്തുണ്ട്. Equality before law, Freedom of speech എന്നിവ പ്രധാനപ്പെട്ട കാര്യമാണ്. ജീവനോപാധികള്‍ക്ക് സംരക്ഷണം, മതസ്വാതന്ത്ര്യം ഇങ്ങനെ തുടങ്ങിയ കാര്യങ്ങള്‍. ആര്‍ട്ടിക്കിള്‍ 38 വളരെ പ്രധാനപ്പെട്ടതാണ്. ജീവിതസമ്പാദനത്തിന് മതിയായ ഉപാധികള്‍, ഭൗതിക വിഭവങ്ങളുടെ തുല്യമായ വിതരണം (പൊതുതാല്‍പര്യത്തിന് ഹാനികരമാകാത്ത വിധത്തില്‍) ഇതൊക്കെ ഒരു സോഷ്യലിസ്റ്റ് സങ്കല്‍പമല്ലേ.

Directive Principles of State Policy വെറുതെ എഴുതിവച്ച കാര്യമല്ല. അത് ഭരണകൂടങ്ങള്‍ നയസമീപനങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പ്രോഗ്രാമുകളിലും പ്രതിഫലിക്കാന്‍ വേണ്ടിയുള്ളതാണ്. പോളിസിയില്‍ നിന്നും പ്രോഗ്രാമിലേക്ക് നയിക്കാനുള്ള ഡയറ്ക്ടീവ്‌സാണ് Directive Principles of State Policy. അത് കോടതിയില്‍ ചലഞ്ച് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയേണ്ട കാര്യമില്ല. അങ്ങനെ പറയുന്നതു തന്നെ ജനാധിപത്യത്തിന്റെ പരിമിതിയാണെന്ന് മനസ്സിലാക്കണം. ഭരണഘടന പൗരന് ഉറപ്പുകൊടുക്കുന്ന അവകാശങ്ങള്‍ ഒരു പൗരന്‍ എന്‍ജോയ് ചെയ്യാന്‍ കോടതിയില്‍ തന്നെ പോകണമെന്ന ശാഠ്യം ഭരണഘടനയുടെ പൊതുതാല്‍പര്യമല്ല. അതൊരു എക്‌സെപ്ഷണല്‍ കേസാണ്. അത് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് മൗലികാവകാശങ്ങള്‍ വയലേറ്റ് ചെയ്യപ്പെടുമ്പോള്‍ കോടതിയെ സമീപിക്കുന്നത്. പക്ഷെ കോടതിയെ സമീപിക്കാതെ തന്നെ പൗരന്‍മാര്‍ക്ക് കൊടുക്കാനുള്ള ഉത്തരവാദിത്തം സ്റ്റേറ്റിനുണ്ട്.


ഡോ.അംബേദ്കര്‍ യഥാര്‍ഥത്തില്‍ ആഗ്രഹിച്ചത് Directive Principles of State Policy എന്ന പാര്‍ട്ട് 4 പൂര്‍ണമായും മൗലികാവകാശങ്ങളുടെ ഭാഗമായിട്ട് നിര്‍ത്താനാണ് ആഗ്രഹിച്ചത്. ഭരണഘടന അസംബ്ലിയില്‍ അതിനുവേണ്ടിയുള്ള വലിയ സംവാദമുണ്ടായി. അത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പാര്‍ട്ട് 3യും 4ഉം ഒറ്റ സൈറ്റില്‍ ആണ് വരേണ്ടിയിരുന്നത്. അതു നടക്കാതെ വന്ന സമയത്ത് ഏതാണ്ട് രണ്ടാഴ്ചക്കാലം ഭരണഘടന അസംബ്ലിയില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. അന്നത്തെ ഭരണഘടന അസംബ്ലി അംഗങ്ങളുടെ എതിര്‍പ്പിന്റെ ഫലമായിട്ടാണ് യഥാര്‍ഥത്തില്‍ അത് മൗലികാവകാശങ്ങളുടെ ഭാഗമാകാതിരുന്നത്. മറ്റൊന്ന് സ്വകാര്യസ്വത്ത് അനുവദിച്ചു എന്നു പറയുന്നത് അത് കമ്മ്യൂണിസ്റ്റ്ചി ന്താഗതിയില്‍ ഉയര്‍ന്നുവന്നൊരു വാദമാണ്. മുതലാളിത്തത്തെ പിന്തുണക്കുന്ന ഒരു ഭരണഘടനയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകതയെന്താണ്? ഒരു സമയത്ത് ലിബറലാണ്. ഉദാരമായ സ്വഭാവം അതിനുണ്ട്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് ആ നിലക്ക് വകവെച്ചുകൊടുത്തുകൊണ്ട് മത്സരബുദ്ധിയോടെ ഒരു വ്യക്തിക്ക് സമ്പാദിക്കാനും സമ്പത്ത് ഉത്പാദിപ്പിക്കാനുമുള്ള ഒരു സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. അത്തരത്തില്‍ ലിബറല്‍ സമീപനത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ തന്നെ സ്റ്റേറ്റ്‌സ് നിയന്ത്രണത്തിലൂടെ നീതി ഉറപ്പാക്കുക എന്ന ഒരാശയമാണ് ഇന്ത്യന്‍ ഭരണഘടനക്കുള്ളത്.


നമ്മുടെ ക്ഷേമരാഷ്ട്ര സങ്കല്‍പത്തിനകത്ത് ഇതിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുണ്ട്. ആ നിയന്ത്രണങ്ങളെ ഉപയോഗിച്ചുകൊണ്ടാണ് നീതി പൗരന്‍മാര്‍ക്ക് ഉറപ്പാക്കുന്നത്. അല്ലാതെ അതൊരു ന്യൂനതയായിട്ടല്ല കാണേണ്ടത്. അത് ജനാധിപത്യമാണ്. അംബേദ്കറിന് കമ്മ്യൂണിസത്തോടുള്ള എതിര്‍പ്പിന്റെ ഒരു കാരണമെന്താണെന്നുവെച്ചാല്‍ - അദ്ദേഹം മാര്‍ക്‌സിസത്തെ, അതിന്റെ ലക്ഷ്യത്തെ അംഗീകരിക്കുന്നു. മാര്‍ക്‌സിസം ഒരു ദര്‍ശനമെന്ന നിലയ്ക്ക്, സോഷ്യലിസം എന്ന സങ്കല്‍പത്തെ വിഭാവന ചെയ്യുന്നുണ്ട്. ലോകത്തെ പുതുക്കിപ്പണിയുക, സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പെടുക്കുക എന്ന മാര്‍ക്‌സിന്റ ലക്ഷ്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അതിനു സ്വീകരിച്ച മാര്‍ഗത്തെ തള്ളിപ്പറയുന്നു. ആ മാര്‍ഗമെന്നു പറയുന്നത് രക്തരൂക്ഷിതമായ മാര്‍ഗമാണ്. വര്‍ഗസമരത്തിന്റെ മാര്‍ഗമാണ്. - വര്‍ഗസമരത്തില്‍ സ്വഭാവികമായിട്ടും സമ്പത്തുള്ളവരെ ഉന്‍മൂലനം ചെയ്തു പോലും സോഷ്യലിസം നടപ്പാക്കുക എന്ന സമരരീതിയെ അംബേദ്ക്കര്‍ എതിര്‍ത്തിരുന്നു.

വര്‍ഗസമരത്തിലൂടെ സ്ഥാപിതമാകുന്ന ഭരണകൂട സങ്കല്‍പത്തെ Dictatorship of the proletariat എന്നാണ് മാര്‍ക്‌സ് വിശേഷിപ്പിച്ചത്. അംബേദ്ക്കര്‍ക്ക് ഇതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. എന്തുകാര്യത്തിനായാലും സര്‍വാധിപത്യം എന്നു പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുന്ന കാലഘട്ടത്തില്‍-1930കളില്‍ തന്നെ അംബേദ്കര്‍ സ്വതന്ത്ര തൊഴിലാളി പാര്‍ട്ടി ഉണ്ടാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഈ ഘട്ടത്തിലൊന്നും വേണ്ടനിലയില്‍ ഡോ. അംബേദ്കറെ പരിഗണിക്കാനോ ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളെ ആത്മാര്‍ഥമായി പിന്തുണക്കാനോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറായില്ല. സാമ്പത്തിക അസമത്വം പരിഹരിച്ചാല്‍ തന്നെ മറ്റെല്ലാ അസമത്വങ്ങള്‍ക്കും പരിഹാരമാകുമെന്ന കാഴ്ചപ്പാടാണ് പൊതുവെ മാര്‍ക്‌സിസത്തിനുള്ളത്. സമ്പത്ത് എന്നുള്ളത് ഒരു വസ്തുതയാണെങ്കിലും ചരിത്രം, സംസ്‌കാരം, സാമൂഹ്യഘടന, രാഷ്ട്രീയ അവസ്ഥ എന്നിവയെല്ലാം അടങ്ങിയതാണ് ഒരു സാമൂഹ്യക്രമം എന്നുപറയുന്നത്. അതുകൊണ്ട് കേവലം സാമ്പത്തികമാണ് മുഖ്യപ്രശ്‌നമെന്നും സാമ്പത്തിക വൈരുധ്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ മറ്റെല്ലാ തരത്തിലുള്ള വൈരുധ്യങ്ങളും അസമത്വങ്ങളും ഇല്ലാതാകുമെന്നും പറയുന്ന വീക്ഷണം ഒരു ഇടിഞ്ഞ വീക്ഷണമായിട്ടാണ് അംബേദ്കര്‍ കരുതിയിരുന്നത്.


ഇന്നും ജാതിയെ മറികടക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ജാതി, വര്‍ണം തുടങ്ങിയ യാഥാര്‍ഥ്യങ്ങളെ ഇപ്പോഴും അഭിസംബോധന ചെയ്യാന്‍ തയ്യാറാകുന്നില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളുടെ അസമത്വത്തിന്റെ കാരണം ജാതിയാണ്, സമ്പത്തല്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനെ മറികടക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാടാണ് അംബേദ്കറുടേത്. കാരണം, സാമൂഹ്യഘടനയെ അഴിച്ചുപണിതുകൊണ്ടുള്ള സാമൂഹ്യവിപ്ലവത്തിലൂടെ, സാമൂഹ്യപരിവര്‍ത്തനത്തിന്റെ കൂടെ മാത്രമേ സാമ്പത്തികമായ പരിവര്‍ത്തനം സാധ്യമാവൂ എന്നൊരു കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍ മാത്രമാണ് എന്ന മാര്‍ക്‌സിന്റെ മുദ്രാവാക്യം എന്തുകൊണ്ടാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം സ്വീകരിക്കാതിരുന്നത്? അങ്ങനെ നഷ്ടപ്പെടാനുള്ള ചങ്ങലയെക്കുറിച്ചുള്ള സങ്കല്‍പമല്ല ഇവിടെയുള്ളത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെക്കാള്‍ ഇല്ലാത്തവനും ഇല്ലാത്തവനും തമ്മില്‍ ജാതിയുടെ പേരിലുള്ള വൈരുധ്യമുണ്ട്. ഇത് അംബേദ്കര്‍ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് സ്റ്റേറ്റിന്റെ ഇടപെടലിലൂടെ സാമൂഹ്യനീതി ഉറപ്പാക്കുന്ന ജനാധിപത്യ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അംബേദ്കര്‍ മുന്നോട്ടുവച്ചത്.


സജി ചെറിയാന്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?

സര്‍ക്കാരിനെ നയിക്കുന്ന ഒരാളെന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അദ്ദേഹം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരില്‍ പെട്ട ക്യാബിനറ്റ് അംഗത്തിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു ഭരണഘടന നിഷേധമുണ്ടാകുമ്പോള്‍, അത് വിവാദമായ സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ പോലും സ്വഭാവികമായി മുഖ്യമന്ത്രി എന്ന നിലയില്‍ നിലപാട് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ അഭിപ്രായം പ്രധാനമാണ്. അത് ഒരര്‍ഥത്തില്‍ സംശയകരമാണ്. അദ്ദേഹത്തിന്റെ മൗനം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഇതിനെ അപലപിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. വിവാദങ്ങളെ അദ്ദേഹം ന്യായീകരിക്കുകയാണെന്ന് ഈ മൗനം കൊണ്ടു തെറ്റിദ്ധരിക്കപ്പെടും.
മുന്‍പ് രാജിവച്ച മന്ത്രിമാര്‍ തിരികെ മന്ത്രിസഭയിലെത്തിയതുപോലെ കേസുകള്‍ തീരുന്ന മുറയ്ക്ക് സജി ചെറിയാനും തിരിച്ചുവന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്?

എം.എല്‍.എയായി തുടരാനടക്കം സജി ചെറിയാന് ധാര്‍മികമായ അവകാശമുണ്ടോ എന്ന വിഷയവും ഉന്നയിക്കപ്പെടുന്നുണ്ട്. ഒരു ജനപ്രതിനിധി ഭരണഘടനയെ തള്ളിപ്പറഞ്ഞാല്‍ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എല്‍.എ സ്ഥാനമൊഴിയണമെന്ന് പല നിയമജ്ഞരും മുന്നോട്ടുവയ്ക്കുന്നുണ്ട്. കോടതി എന്തു പറയുന്നു എന്നതല്ലല്ലോ? നമ്മുടെ രാജ്യത്ത് ജുഡീഷ്യറിക്കും ലെജിസ്ലേച്ചറിനും എക്‌സിക്യൂട്ടീവിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഭരണഘടനയെ സംരക്ഷിക്കുന്ന കാര്യത്തിലും ഭരണഘടന ധാര്‍മികത മുറുകെപ്പിടിക്കുന്ന കാര്യത്തിലും ലെജിസ്ലേറ്ററിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. അതിലെന്തെങ്കിലും ലംഘനമുണ്ടാകുമ്പോള്‍ വ്യാഖ്യാനിക്കുകയും നിലപാട് സ്വീകരിക്കുകയുമാണ് ജുഡീഷ്യറി ചെയ്യുന്നത്. പക്ഷെ, ജനങ്ങള്‍ക്കുവേണ്ടി അക്ഷരാര്‍ഥത്തില്‍ ഈ ഭരണഘടന ധാര്‍മികത മുറുകെപ്പിടിച്ചുകൊണ്ട് കോണ്‍സ്റ്റിറ്റിയൂഷന്‍ ഇംപ്ലിമെന്റ് ചെയ്യുന്ന ബോഡിയാണ് ലെജിസ്ലേച്ചര്‍. അതുകൊണ്ട് ഭരണഘടനപരമായ വിവാദങ്ങളുണ്ടാകുമ്പോള്‍ കോടതിയെ നോക്കിനില്‍ക്കാതെ തന്നെ അഭിപ്രായം പറയാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം നമ്മുടെ നിയമസഭകള്‍ക്കുണ്ട്. കോടതി എന്ന സംവിധാനത്തെ തന്നെ രൂപം കൊടുത്തത് ഇത്തരത്തിലുള്ള ജനപ്രതിനിധി സഭ അല്ലേ? ഈ കേസില്‍ പ്രഥമദൃഷ്ട്യാ തന്നെ വളരെ കൃത്യമായ ഭരണഘടനാ ലംഘനം നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. എല്ലാ തെളിവുകളുമുണ്ട്. ഭരണഘടനെയക്കാളും വലുത് പാര്‍ട്ടിയാണ്, പാര്‍ട്ടിക്കു വേണ്ടി നിലകൊള്ളുന്ന കടുംപിടിത്തമുണ്ട് ഇതിനകത്ത്. പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ ഭരണഘടന സംരക്ഷിക്കാനും നടപ്പാക്കാനുമൊക്കെയാണല്ലോ. ഭരണഘടന ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെക്കാള്‍ പ്രാധാന്യം പാര്‍ട്ടിയെ സംരക്ഷിക്കാനും പാര്‍ട്ടിനേതൃത്വങ്ങളെ സംരക്ഷിക്കാനും എന്ന രീതിയിലേക്ക് മാറുന്നത് മോശപ്പെട്ട പ്രവണതയാണ്. അത് ആരോഗ്യകരമായ ഒരു പ്രവണതയല്ല. സ്റ്റേറ്റ് ആണ് വലുത്; പാര്‍ട്ടിയല്ല.TAGS :