Quantcast
MediaOne Logo

മൃദുല ഭവാനി

Published: 14 Jun 2022 11:09 AM GMT

'സ്റ്റോളന്‍ ഷോര്‍ലൈന്‍സ്' - വിഴിഞ്ഞത്ത് നങ്കൂരമിട്ട വികസന വിപത്ത്

കേരളത്തില്‍ മാറി മാറി വന്ന ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ നടപ്പാക്കുന്ന വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. നിര്‍മാണം പാതിവഴിയിലെത്തുമ്പോഴേക്കും വന്‍തോതിലുള്ള പരിസ്ഥിതി നാശം സംഭവിച്ചു കഴിഞ്ഞു. ഒപ്പം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയ ജനതക്ക് ദുരിതവും. വിഴിഞ്ഞം തുറമുഖം സൃഷ്ടിക്കുന്ന പരിസ്ഥിതി-സാമൂഹ്യ ആഘാതങ്ങളെ പ്രതിപാദിക്കുന്നു 'സ്റ്റോളന്‍ ഷോര്‍ലൈന്‍സ്' എന്ന ഡോക്യുമന്ററി ചിത്രം. ചിത്രത്തിന്റെ സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ കെ.എ ഷാജി സംസാരിക്കുന്നു.

സ്റ്റോളന്‍ ഷോര്‍ലൈന്‍സ് -   വിഴിഞ്ഞത്ത് നങ്കൂരമിട്ട വികസന വിപത്ത്
X
Listen to this Article

വികസനപദ്ധതികളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജീവിതങ്ങള്‍ സര്‍ക്കാരിന്റെ കണക്കില്‍ പലപ്പോഴും നിര്‍വ്വചിക്കപ്പെടാതെ പോകുന്നതാണ് കാണുന്നത്. ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?

ഇങ്ങനെയൊരു ഡോക്യുമെന്ററി ഉണ്ടാക്കണമെന്ന് വിചാരിച്ചിരുന്നില്ല. മുമ്പ് ഹഫിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറായി തിരുവനന്തപുരത്ത് നിന്നും ജോലി ചെയ്തിരുന്നപ്പോള്‍ അവരാണ് വിഴിഞ്ഞം പദ്ധതിയെക്കുറിച്ചൊരു ലേഖനമെഴുതാമോ എന്ന് ചോദിച്ചത്. ഞാന്‍ നോക്കിയപ്പോള്‍ അദാനി ഇത് ഏറ്റെടുത്ത ശേഷം അദാനിക്ക് അനുകൂലമായോ അദാനിയെ പിന്തുണയ്ക്കുന്നതോ ആയ വാര്‍ത്തകള്‍ മാത്രമാണ് മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. ദ ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ ഇംഗ്ലീഷ് പത്രങ്ങളില്‍ പോലും ഇവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ വിഴിഞ്ഞത്ത് വലിയ വളര്‍ച്ച വരും, കേരളത്തിന് മൊത്തം വളര്‍ച്ച വരും എന്നെല്ലാമാണ്. ഈ മനുഷ്യരെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഹഫ് പോസ്റ്റിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാനവിടെ ആദ്യമായി പോകുന്നത്.

അവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ പറയുന്നത് വേറൊരു കഥയാണ്. അദാനി എങ്ങനെയൊക്കെ ചൂഷണം ചെയ്യുന്നു എന്നതിനെപ്പറ്റി. അന്നിതിന്റെ തുടക്കമാണ്. പലരും പറയാന്‍ മടിച്ചിരുന്ന കാര്യങ്ങളാണ്. മത്സ്യത്തൊഴിലാളികളോടും വിദഗ്ധരോടും സംസാരിച്ചു, അതെല്ലാം വെച്ച് വാര്‍ത്തയെഴുതി, മൂന്നുകൊല്ലം മുന്നേയാണ്. അതുകേട്ട് എനിക്ക് തോന്നി ഇത് കുറച്ചുകൂടി ആഴത്തില്‍ പഠിക്കേണ്ടതാണ് എന്ന്. ഹഫ് പോസ്റ്റില്‍ വന്നപ്പോള്‍ അതില്‍ അവരുടെ പൊളിറ്റിക്സ് ഒക്കെ വന്നു. പിന്നീട് മൊംഗാബേയില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. എന്‍വയോണ്‍മെന്റല്‍ ആംഗിളിലാണ് ചെയ്തത്. ഈ സ്റ്റോറി ചെയ്യാന്‍ വേണ്ടി ഫോട്ടോഗ്രാഫറെയും കൊണ്ട് പോയപ്പോള്‍ ഫോട്ടോഗ്രാഫര്‍ ചോദിച്ചു, നിങ്ങള്‍ക്കെന്തുകൊണ്ട് ഈ വിഷയത്തെ ഒരു ഡോക്യുമെന്ററിയായി ചെയ്തുകൂട എന്ന്. അപ്പോളാണ് അതിന്റെ സാധ്യതയെപ്പറ്റി ആലോചിക്കുന്നത്. കുറച്ചുകൂടി സമഗ്രമായും സമ്പൂര്‍ണമായും ആളുകളോട് പറയാന്‍ പറ്റുന്ന മീഡിയം ഡോക്യുമെന്ററി ആണ് എന്നതുകൊണ്ടാണ് അതിനകത്തേക്ക് വന്നത്.


നമ്മളൊരു സ്‌ക്രിപ്റ്റൊന്നും വെച്ചിട്ടല്ല തുടങ്ങുന്നത്. ഞാനിതുവരെ ഡോക്യുമെന്ററി ചെയ്തിട്ടില്ല. എനിക്കീ മീഡിയത്തോട് വലിയ അടുപ്പവുമില്ല. ടെലിവിഷനില്‍ പോലും ഞാന്‍ ജോലിചെയ്തിട്ടില്ല, പത്തിരുപതുകൊല്ലമായി പ്രിന്റില്‍ മാത്രമാണ് ജോലി ചെയ്തത്. ക്യാമറമാനെയും കൂട്ടിയാണ് നമ്മള്‍ പോകുന്നത്. കാണുന്നതെല്ലാം ഷൂട്ട് ചെയ്ത് കഴിഞ്ഞ് നമുക്ക് ഇതെന്താണെന്ന് പഠിക്കാം, എന്നിട്ട് പെര്‍സ്പെക്റ്റീവിലേക്ക് വരാം, അങ്ങനെ നമ്മളൊരുദിവസം വലിയതുറയില്‍ അഭയാര്‍ഥികളുടെ പുനരധിവാസ ക്യാമ്പില്‍ പോകുന്നു. കുറേ മനുഷ്യരുണ്ട്. കൂട്ടത്തില്‍ കുറേ പ്രാവുകള്‍ പറന്നു നടക്കുന്നുണ്ട്. ഒരു കൂടുണ്ട്, അതിന്റെ മുന്നിലൊരു കുട്ടി തീറ്റ കൊടുക്കുന്നുണ്ട്. എനിക്കതില്‍ ഒരു അസാധാരണത്വവും തോന്നിയില്ല. പലതരം മനുഷ്യരുണ്ടാകുമല്ലോ, അതിനകത്ത് ആരോ എന്നല്ലാതെ മറ്റൊന്നും തോന്നിയില്ല. നമ്മളവരുടെ ദൃശ്യം ചെറുതായി പകര്‍ത്തി എന്നല്ലാതെ ആ കുട്ടിയോടൊന്നും സംസാരിച്ചില്ല. പിന്നീട് ഈ ദൃശ്യങ്ങളെടുത്തുനോക്കുമ്പോളാണ് തോന്നുന്നത് എന്തുകൊണ്ടാണ് ഈ പ്രാവു വളര്‍ത്തുന്ന കുട്ടി ഇത്രയും പ്രാവുകളുമായി ക്യാമ്പില്‍ വന്നതെന്ന്. ഒരു കുട്ടി എന്തുകൊണ്ട് അഭയാര്‍ഥി ക്യാമ്പില്‍ പ്രാവുകളുമായി താമസിക്കുന്നു? അങ്ങനെ ക്യാമ്പിലുള്ള ഒരാളെ വിളിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞു, അവള്‍ പ്രാവുകളെ റയ്സിങ്ങിന് പ്രാക്റ്റീസ് ചെയ്യുകയാണെന്ന്. അപ്പോഴാണെനിക്ക് തോന്നുന്നത് വീട് നഷ്ടപ്പെട്ട ഒരു കുട്ടി ഒരു ക്യാംപിലേക്ക് പോകുമ്പോള്‍ ആ പ്രാവുകളെ കളയുകയല്ല കൂടെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്.

അവളുടെ കുടുംബം മത്സ്യത്തൊഴിലാളി കുടുംബമാണ്. അവള്‍ പത്താംക്ലാസില്‍ പഠിക്കുകയാണ്. അവളുടെ കയ്യില്‍ പൈസയൊന്നും ഉണ്ടാവില്ല. ആ വീട്ടുകാരുടെ പിന്തുണയില്‍ തന്നെയാണ് പ്രാവുകളുടെ കാര്യവും. ഈ കുട്ടിയിലൂടെ ഈ കഥപറയാമെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. പെട്ടെന്നുണ്ടായ ഒരു ഉള്‍വെളിച്ചത്തില്‍ നിന്നാണ് തീരുമാനിച്ചത്. രാവിലെ പോയി കുട്ടിയോട് സംസാരിച്ചു, കുട്ടിയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചു, രണ്ട് സഹോദരന്മാരോട് സംസാരിച്ചു. അങ്ങനെയാണ് നമ്മള്‍ തീരുമാനിച്ചത് ഈ കുട്ടിയില്‍ നിന്ന് തുടങ്ങാം. കാരണം 2018 ഓഖി കാരണം വീട് നഷ്ടപ്പെടുന്നു, വീടുനിന്നിടത്ത് ഇന്ന് കടലാണ് ഉള്ളത്. അന്നുതൊട്ട് അവരീ ക്യാംപിലാണ്. എവിടെയോ വായിച്ച് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രാവുകളെ പരിശീലിപ്പിക്കാന്‍ തുടങ്ങിയതാണ്. കുട്ടിയുടെ അച്ഛന്‍ പറയുന്നത്, ജോലി ചെയ്ത് കിട്ടുന്ന പൈസ കൊണ്ട് കുടുംബം മാത്രം പുലര്‍ത്തിയാല്‍ പോര ഈ നാല്‍പത് പ്രാവുകളെ കൂടി പുലര്‍ത്തണം. കടല്‍ ഭിത്തി ഉള്ളതുകൊണ്ട് കടലിലിറങ്ങാന്‍ കുറേ ദൂരം യാത്ര ചെയ്യണം.

അഭയാര്‍ഥി ക്യാമ്പില്‍ പ്രാവിനെയുംകൊണ്ട് വന്ന കുട്ടിയിലേക്ക് എത്തുമ്പോള്‍ നമ്മുടെ ആദ്യത്തെയൊരു പ്രശ്നം, ആദ്യം കണ്ടപ്പോള്‍ അതിലൊരു അസാധാരണത്വം തോന്നിയിട്ടില്ല എന്നതാണ്. ഈ പ്രാവുകളുടെയും ഈ കുട്ടിയുടെയും കഥ തന്നെയാണ് തീരദേശത്തുള്ള മൊത്തം മനുഷ്യരുടെയും കഥ. നിലവില്‍ ആറു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ പുരോഗമനസ്വഭാവമുള്ളൊരു ഗവണ്മെന്റ് ഭരിക്കുന്നു എന്ന് പറയുന്നു; പ്രതിപക്ഷത്തിനും പുരോഗമന സ്വഭാവമാണ്. കേരളത്തിലെ എല്ലാ പ്രസ്ഥാനങ്ങളും - മത്സ്യത്തൊഴിലാളികളുടെ സംഘടനകളുണ്ട്, ദലിതര്‍ക്ക് സംഘടനകളുണ്ട്, ആദിവാസികള്‍ക്ക് സംഘടനകളുണ്ട് ഇത്രയും പ്രബുദ്ധര്‍ എന്നു പറയുന്ന ആള്‍ക്കാരുണ്ട് - പിന്നെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് വലിയതുറയിലേക്ക് അഞ്ചു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. സെക്രട്ടേറിയറ്റില്‍ നിന്നും വലിയ അകലത്തിലൊന്നുമല്ല ഈ സംഭവങ്ങള്‍. ഓഖി ഉണ്ടായപ്പോള്‍ പോലും ഭരണചക്രം ചലിച്ച് അഞ്ചുകിലോമീറ്റര്‍ ദൂരത്തുള്ള അവിടെയെത്താന്‍ കുറേ സമയമെടുത്തു. ഈ അവസ്ഥയിലാണ് ഈ ഡോക്യുമെന്ററിയെക്കുറിച്ചുള്ള ആശയമുണ്ടാകുന്നതും ഈ കുട്ടിയുടെ കാര്യം നമ്മളതില്‍ വെച്ചതും.


കേരളത്തിലെ ആയാലും മറ്റേത് ഇന്ത്യന്‍ സംസ്ഥാനത്തിലായാലും സ്റ്റേറ്റിന്റെ സ്വഭാവം, തീരദേശത്തും മറ്റ് ഭാഗങ്ങളിലും പ്രകൃതിദുരന്തം നേരിടേണ്ടിവരുന്നവര്‍ക്ക് പ്രാഥമിക പരിഗണന നല്‍കുന്നില്ല എന്നതാണല്ലോ. തീരദേശത്തെ ജനങ്ങളെ മഴക്കാലത്ത്, വര്‍ഷങ്ങളായി സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പതിവല്ലേ ഉള്ളത്? പ്രളയകാലത്തും ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങളില്‍ സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച നിരവധി കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളോളം അവിടെ കഴിയേണ്ടിവന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈയൊരു പ്രശ്നത്തെ എത്രത്തോളം നമ്മുടെ സമൂഹം മനസ്സിലാക്കുന്നുണ്ട്?

പുറമേക്ക് പുരോഗമനം നടിക്കുമെങ്കിലും കാതലായിട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പ്രശ്നാധിഷ്ഠിതമായി സമീപിക്കുന്ന സ്വഭാവം കേരളത്തിലില്ല. 2018ല്‍ പ്രളയമുണ്ടായി, തുടര്‍ച്ചയായ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ അതുകൊണ്ട് ഉണ്ടാകയി. ഇപ്പോള്‍ പോലും മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പ് മഴ വന്നു. പക്ഷേ, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുക, റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുക എന്നതിന്റെ അപ്പുറത്ത് കേരളത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ? പെട്ടിമുടിയിലായാലും വയനാട് നടന്ന സംഭവത്തിലായാലും നിലമ്പൂരില്‍ നടന്ന സംഭവങ്ങളായാലും ദുരന്തം നടന്ന ശേഷമാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഏജന്‍സിയായാലും സര്‍ക്കാര്‍ ആയാലും പ്രവര്‍ത്തിക്കുന്നത്. മരിച്ചവരുടെ ബോഡി ട്രെയ്സ് ചെയ്യുന്നതിലും അത് സംസ്‌കരിക്കുന്നവരിലും ആ വീട്ടുകാര്‍ക്ക് എന്തെങ്കിലും നക്കാപ്പിച്ച നഷ്ടപരിഹാരത്തുക കൊടുക്കുന്നതിലും അപ്പുറം, മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ കൊടുക്കാന്‍ നമുക്ക് പറ്റുന്നില്ല. ഒരു ദുരന്തംവന്നാല്‍ മുന്‍കൂട്ടി അറിയിക്കാനോ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനോ പറ്റുന്നില്ല. ഈ സ്ഥലങ്ങളിലെല്ലാം ദുരന്തം വരുമെന്ന് കാലാവസ്ഥാ പ്രവചനം നടത്താന്‍ പോലും പറ്റുന്നില്ല. എവിടെയെല്ലാമാണ് വള്‍ണറബിള്‍ മേഖല എന്ന് കണ്ടെത്താനോ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനോ പറ്റുന്നില്ല. നമ്മള്‍ ജീവിക്കുന്ന ആളുകളോട് ഒരു മര്യാദയും ചെയ്യാതെ മണ്ണിനടിയില്‍പെട്ട ഒരുപാട് ആളുകളെ തിരിച്ചെടുത്തുകൊണ്ടുപോയി, നന്നായി മറവുചെയ്തു. ഒരു ശ്മശാനപാലകന്റെ ഡ്യൂട്ടി മാത്രമാണ് കേരളത്തില്‍ സ്റ്റേറ്റ് ചെയ്യുന്നത്, ലെഫ്റ്റായാലും റൈറ്റ് ആയാലും സെന്റര്‍ ആയാലും എല്ലാം.

വിഴിഞ്ഞം പോര്‍ട്ടിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ അവിടത്തെ പ്രധാന പ്ലെയര്‍ അദാനിയാണ്. ഈ രാജ്യത്ത് എല്ലാവര്‍ക്കും അറിയാം അദാനി മോദിയുടെ സ്വന്തം ആളാണ്. മോദിയുടെ സ്വന്തമായ അയാളെ ഇവിടെ കൊണ്ടുവരുന്നത് കോണ്‍ഗ്രസുകാരാണ്. അന്ന് 6,000 കോടി രൂപയുടെ അഴിമതി കോണ്‍ഗ്രസുകാര്‍ നടത്തിയെന്നാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ ആരോപിച്ചത്. അതേ പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോളാണ് അദാനിയുമായി എല്ലാ രേഖകളും ഒപ്പിടുന്നതും അദാനി പറഞ്ഞ എല്ലാ നിബന്ധനകളും അനുസരിച്ച് പദ്ധതി നടപ്പാക്കാമെന്ന് തീരുമാനിക്കുന്നതും. വിഴിഞ്ഞം പദ്ധതിക്കെതിരായി ഉള്‍പ്പെടെ പ്രചരണം നടത്തിയിട്ടാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. അധികാരത്തില്‍ വന്ന് അധികം വൈകാതെ അദാനിയെ വിളിച്ചുവരുത്തി അദാനിക്കുമുന്നില്‍ വെച്ച് ഒപ്പിടുകയാണ്, അദാനിയുടെ നിബന്ധനകള്‍ എല്ലാം അനുസരിച്ച്. കേരളത്തില്‍ കക്ഷിരാഷ്ട്രീയം മാത്രമേ നടക്കുന്നുള്ളൂ. വസ്തുതാപരമായി പ്രശ്നത്തിന് മുകളിലുള്ള രാഷ്ട്രീയമോ നിലപാടിന് മുകളിലുള്ള രാഷ്ട്രീയമോ ജനങ്ങളുടെ പ്രശ്നങ്ങളുടെ മുകളിലുള്ള രാഷ്ട്രീയമോ കേരളത്തില്‍ നടക്കുന്നില്ല എന്നതിന് ക്ലാസിക് ഉദാഹരണമാണിത്.

അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് ഒപ്പിടുമ്പോള്‍ ഇടതുപക്ഷം അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷം ഉന്നയിച്ച എല്ലാ ആശങ്കകളും ശരിയാണ് എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്. പക്ഷേ. അത് ഒട്ടും ആത്മാര്‍ഥമായിട്ടായിരുന്നില്ല എന്നാണല്ലോ മനസ്സിലാക്കേണ്ടത്. ഞങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ, മോദിയേക്കാള്‍ വലിയ, അദാനിയുടെ ആള്‍ക്കാരാണ് എന്നുപറഞ്ഞാണ് ഇവര്‍ അദാനിയുടെ കൂടെനില്‍ക്കുന്നത്. ഈ പദ്ധതി പുനര്‍വിചിന്തനം പോലും ചെയ്തില്ല. എല്ലാവര്‍ക്കും പണം മതി, ഈ മുതലാളിത്ത ക്രമത്തില്‍. ഇടത്, വലത് എന്നൊന്നും ഇല്ല, ഇന്നുള്ളത് യഥാര്‍ഥ ഇടതല്ല, ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ഒരു എക്സ്റ്റന്‍ഷനാണ് എന്നുമാത്രമേ നമുക്ക് മനസ്സിലാക്കാന്‍ പറ്റുള്ളൂ. ഇവര്‍ക്ക് വികസനത്തെക്കുറിച്ചോ സാമൂഹ്യമാറ്റത്തെക്കുറിച്ചോ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചോ ഒരു വേറിട്ട കാഴ്ചപ്പാടും ഇല്ല.


ഇടതുപക്ഷം ഇത്രയും കാലം കേരളത്തിലുണ്ടായി, വലിയ ശക്തിയാണ് ഭരണത്തിലായാലും പ്രതിപക്ഷത്തായാലും. ആദിവാസികളുടെയും ദലിതരുടെയും വലിയ മുന്നേറ്റങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ നിന്ന് അങ്ങനെയൊരു ശബ്ദം കാര്യമായി ഉണ്ടായിട്ടില്ല. ഓഖി വന്നപ്പോഴാണ് 'നിങ്ങള്‍ ഇങ്ങോട്ട് വരണ്ട' എന്നുപറഞ്ഞ് അവര്‍ പ്രശ്നമുണ്ടാക്കിയത്. കൊറോണ വന്ന സമയത്ത് പൂന്തുറയില്‍ പോയി റൂട്ട് മാര്‍ച്ച് നടത്തുകയാണ് ചെയ്തത് കമാന്‍ഡോകള്‍. അപ്പോഴാണ് അവര്‍ പ്രതികരിച്ചത്. ഈ മനുഷ്യരെ മനസ്സിലാക്കാനോ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരു നേതൃത്വവും തുനിഞ്ഞിട്ടില്ല. ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വിഴിഞ്ഞം പദ്ധതി തുടങ്ങിവെച്ചത്. കേരളത്തിലെ സംഘടനാ രാഷ്ട്രീയക്കാരെല്ലാം പറഞ്ഞു, വിഴിഞ്ഞം പദ്ധതി കൊണ്ടല്ല നിങ്ങളുടെ തീരം പോകുന്നത്, കാലാവസ്ഥാ മാറ്റം കാരണമാണ്, അത് അമേരിക്കയും യൂറോപ്പൂം ഉണ്ടാക്കുന്ന പ്രശ്നമാണ്. കാലാവസ്ഥാ മാറ്റം കാരണം കടല്‍ എടുക്കുന്നതാണ് തീരങ്ങളെ, നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ വിഴിഞ്ഞം പദ്ധതി വന്നാല്‍ നിങ്ങള്‍ക്കൊരുപാടു വികസനം വരും, കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കിട്ടും. നിങ്ങള്‍ക്ക് കടലില്‍ പോകാന്‍ പറ്റിയില്ലെങ്കിലും വേറെ ജോലി കിട്ടും വിഴിഞ്ഞം പദ്ധതിയില്‍. നാലഞ്ചു കൊല്ലമായില്ലേ വിഴിഞ്ഞം പദ്ധതി തുടങ്ങിയിട്ട്, ഒരു പണി ആര്‍ക്കെങ്കിലും കൊടുത്തോ? മറുവശത്ത് തീരം ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുകയാണ്, അതാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ വടക്കോട്ടുള്ള ഭാഗത്ത് തീരം കടലെടുക്കുന്നു, പണ്ടും തീരമെടുത്തിട്ടുണ്ട്, മഴക്കാലത്ത് കടലെടുക്കും കുറച്ചുകഴിയുമ്പോള്‍ അതേ സ്ഥലത്ത് തീരം പുനഃസ്ഥാപിക്കപ്പെടും. എടുത്ത മണല്‍ അതേ സ്ഥലത്ത് തന്നെ കടല്‍ തിരിച്ചുകൊണ്ടുവരും. അതാണ് സീ അക്രീഷന്‍ എന്നത്. പക്ഷേ, പോര്‍ട്ടിന്റെ ഭാഗമായി, കടലില്‍ ശക്തിയുള്ള തിരകളെ തടയാനായി കല്ലുകൊണ്ട് കെട്ടിയുണ്ടാക്കുന്ന ബ്രെയ്ക് വാട്ടര്‍ വന്നു- ഒരുപാട് വലിയ തിരകള്‍ വന്നുകഴിഞ്ഞാല്‍ കപ്പലിന് ഇങ്ങോട്ട് അടുക്കാന്‍ കഴിയില്ല. അതുകൊണ്ട്, തിരകളുടെ ശക്തി കുറയ്ക്കാന്‍ വേണ്ടിയുള്ള ഒരു മതിലാണ് കടലില്‍ക്കൂടെ കെട്ടുന്നത്. സാധാരണ മത്സ്യബന്ധന തുറമുഖത്തെല്ലാം അഞ്ഞൂറു മീറ്റര്‍, അറുനൂറു മീറ്റര്‍ ദൂരത്തിലാണ് ഇത് കെട്ടുക. മറുവശത്ത് ബോട്ട് വന്ന് നില്‍ക്കും. ബോട്ടില്‍ മീനിറക്കും, അപ്പോള്‍ വലിയ പ്രശ്നമുണ്ടാകില്ല. വിഴിഞ്ഞം പദ്ധതിക്ക് മൂന്ന് കിലോമീറ്റര്‍ നൂറുമീറ്റര്‍ ആണ് ബ്രേക് വാട്ടര്‍ നീളം. അത്രയും ദൂരം വിഴിഞ്ഞം തൊട്ട് കടലിലേക്ക് ഇത് പോകും. അതിന്റെ എണ്ണൂറ് മീറ്റര്‍ ആയപ്പോള്‍ തൊട്ടാണ് ശംഖുമുഖത്തും കോവളത്തും കടലെടുക്കാന്‍ തുടങ്ങിയത്. ഓരോ മീറ്റര്‍ ആകുംതോറും ഇതിന്റെ പ്രത്യാഘാതം തീവ്രമാകും, കാരണം തിരകളെ അവിടെ തടഞ്ഞുനിര്‍ത്തുകയാണ് ചെയ്യുന്നത്. തെക്കോട്ട് വീശുന്ന തിരകളെ തെക്കുള്ള പുലിമുട്ട്- കടല്‍ ഭിത്തി കൊണ്ട് പ്രതിരോധിക്കുമ്പോള്‍ ഇത് അതിശക്തമായി തിരിച്ച് എതിര്‍ദിശയില്‍ വീശും. അവിടെ കടലോ കരയോ എന്തുണ്ടായാലും അത് നശിപ്പിച്ചുകളയും.

ഏതൊക്കെ പ്രദേശങ്ങളാണ് ഇതുകാരണം പ്രശ്നം നേരിടുന്നത്?

വലിയതുറ, കൊച്ചുതോപ്പ്, കോവളം, വിഴിഞ്ഞത്തിന് വടക്കോട്ട് തുമ്പ വരെ ഇതെത്തുന്നുണ്ട്. ഇങ്ങനെ അപ്രത്യക്ഷമാകുന്ന മണ്ണെല്ലാം സാധാരണ ഗതിയിലാണെങ്കില്‍ കടല്‍ തിരിച്ച് നിക്ഷേപിക്കും. ഇപ്പോള്‍ പുല്ലുവിള പോലുള്ള ഭാഗങ്ങളിലാണ് നിക്ഷേപിക്കുന്നത്. അവിടെ തീരം കൂടി വരുന്ന അവസ്ഥയാണ്. കഴിഞ്ഞ തവണ അവിടെനിന്നും ഒളിംപിക്സില്‍ പങ്കെടുത്ത ഒരു പയ്യന്റെ വീട്ടില്‍ പോയപ്പോള്‍ അവന്റെ അമ്മ പറഞ്ഞത് അവന്റെ വീടിന് മുന്നില്‍ കടലായിരുന്നു എന്നും ഇപ്പോള്‍ രണ്ട് കിലോമീറ്റര്‍ നടന്നാലാണ് കടല്‍ എത്തുക എന്നുമാണ്. ഇത് പുല്ലുവിളയിലാണ്. ബ്രേക് വാട്ടറിന്റെ അപ്പുറത്താണ്, ബ്രേക് വാട്ടറിന്റെ മുന്‍വശമുള്ള കടലെടുത്തുപോകുന്ന മണ്ണും ധാതുക്കളും തീരവും എല്ലാം കടല്‍ അപ്പുറത്താണ് കൊണ്ടുപോയി നിക്ഷേപിക്കുന്നത്. ആ ദൂരം കൂടുന്നതോടൊപ്പം തന്നെ താഴേക്ക് ബോട്ടിറക്കാന്‍ പോലും പറ്റാത്ത ഉയരത്തിലാണ്, വെള്ളം താഴെ നില്‍ക്കുന്നു ഉയരത്തില്‍ ഈ മണ്‍ഭിത്തി നില്‍ക്കുന്നു.

ശംഖുമുഖത്തെയും കോവളത്തെയും മണ്ണടക്കം അവിടേക്ക് പോകുകയാണ്. കടലിന്റെ സ്വാഭാവികമായ രീതികള്‍ക്ക് പകരം, കുറേ അപ്പുറത്ത് മാറ്റി നിക്ഷേപിക്കുന്നത് മനുഷ്യനിര്‍മിതമായ കാരണങ്ങളാലാണ്. ഡോക്യുമെന്ററിയുടെ ഫോക്കസ് ഇതാണ്. ക്ലൈമറ്റ് ചേഞ്ച് ഉണ്ട്, അമേരിക്ക, അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്യുന്ന പലകാര്യങ്ങളും കാരണം പാരിസ്ഥിതിക ദുരന്തമുണ്ടാകുന്നു. പക്ഷേ, അതിനെല്ലാം ആക്കം കൂട്ടുന്ന കുറേ മനുഷ്യരുണ്ടാക്കുന്ന ഘടകങ്ങളും പ്രാദേശികമായ ഘടകങ്ങളുമുണ്ട്. അതില്‍ ഏറ്റവും വലിയ പ്രാദേശിക കാരണമാണ് അദാനിയുടെ തുറമുഖം. ഇതാണിതിനെ സങ്കീര്‍ണമാക്കുന്നതും ആക്കം കൂട്ടുന്നതും. പിണറായി വിജയന്‍ 'കാലാവസ്ഥാ വ്യതിയാനമാണ് നമുക്കൊന്നും ചെയ്യാനില്ല' എന്നു പറയുന്നതില്‍ കാര്യമില്ല. പ്രാദേശിക പ്രശ്നങ്ങളാണ് മനുഷ്യരെ ഡിസ്പ്ലേസ് ചെയ്യുന്നതും മനുഷ്യരുടെ ജീവിതം ഇല്ലാതാക്കുന്നതും. ശംഖുമുഖത്തുണ്ടായിരുന്ന ഒരുപാട് കണ്‍സ്ട്രക്ഷന്‍സ് പോയി. വലിയതുറയില്‍ അടുത്ത കാലത്തായി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി പുനരുദ്ധരിച്ച കടല്‍പ്പാലമുണ്ടായിരുന്നു, മൊത്തം പൊളിഞ്ഞുപോയി.


നൂറ് ഏക്കറിലധികം കടലിനകത്ത് അദാനി പോര്‍ട്ടിനായി എടുത്തിട്ടുണ്ടല്ലോ, ഇത് എങ്ങനെയാണ് തീരങ്ങളെ ബാധിക്കാന്‍ പോകുന്നത്?

അത് നികത്തിയെടുക്കാന്‍ പോവുകയാണല്ലോ. കടലിനകത്ത് ആഘാതം കൂട്ടുകയാണ്. 1930കള്‍ തൊട്ട് കോവളം ലോകപ്രശസ്തമാണ്, കോവളത്തെ കടലിന് ആഴം കുറവാണ്. വെയിലില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കടലിലിറങ്ങി കുളിച്ച് വെയില്‍ കൊള്ളും, വെയില്‍ കൊള്ളാനാണ് കുറേപ്പേര്‍ വന്നിരുന്നത്. 1930 തൊട്ട് വളരെ പ്രശസ്തമാണ് കോവളം. ഇപ്പോള്‍ നിറച്ചും ചുവന്ന കൊടിയാണ് കടലില്‍ ഇറങ്ങരുതെന്ന് പറഞ്ഞ്. പത്തുകൊല്ലംമുമ്പ് ഇതായിരുന്നില്ല. കോവളത്തെ കടലില്‍ കൊച്ചുകുട്ടിക്ക് വരെ ഇറങ്ങാം. ഇന്ന് ആളുകളോട് ഇറങ്ങരുത് എന്ന് പറയുന്ന ബോര്‍ഡാണ് നിറച്ചും. നമ്മള്‍ വെള്ളത്തിലിറങ്ങാന്‍ നോക്കിയാല്‍ ഉടനെ സെക്യൂരിറ്റി ഗാര്‍ഡ് വന്ന് കയറിപ്പോകാന്‍ പറയും. കോവളം അങ്ങനെയായിരുന്നില്ല, ഇന്ത്യയില്‍ അന്തമാന്‍ നികോബാര്‍ ഒക്കെ കഴിഞ്ഞാല്‍ തീരദേശത്ത് ടൂറിസ്റ്റുകള്‍ വന്നിരുന്നത് കോവളത്താണ്. കോവളം ബീച്ച് മൊത്തം കുളമായത് അദാനിയുടെ പോര്‍ട്ട് കാരണമാണ്. കഴിഞ്ഞ ദിവസം മന്ത്രി റിയാസ് പറഞ്ഞത് വെള്ളായണിയില്‍ 'കിരീടം പാലം' എന്നൊരു പാലമുണ്ട്, കിരീടം സിനിമയില്‍ മോഹന്‍ലാല്‍ താഴേക്ക് ചാടിയ ഒരു പാലം. അതൊരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കും എന്നു പറയുന്നു. കേരളത്തിലുള്ള എത്ര ടൂറിസ്റ്റുകള്‍ അവിടേക്ക് പോകും?

കോവളത്ത് അന്താരാഷ്ട്ര തലത്തിലുള്ള ടൂറിസ്റ്റുകളെത്താറുണ്ടായിരുന്നു, അവര്‍ എത്രയോ പണം ചെലവഴിക്കും. അവിടെയുള്ള കശ്മീരികളായ കരകൗശലവസ്തുക്കള്‍ നിര്‍മിച്ചുവില്‍ക്കുന്ന ആളുകളെല്ലാം തിരിച്ചുപോയിക്കൊണ്ടിരിക്കുന്നു, അവര്‍ക്കൊന്നും ലാഭവുമില്ല ഒരു തരത്തിലും നിലനില്‍പുമില്ല. ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഇല്ലാതാക്കി പുതിയവ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

ടൂറിസ്റ്റുകളുടെ കാര്യം നോക്കിയാല്‍ അവര്‍ക്ക് പ്രിയപ്പെട്ട ബീച്ചുകള്‍ ഇല്ലാതാകുന്നു, ശംഖുമുഖമായാലും കോവളം ആയാലും, ഈ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകള്‍ - ഇതെല്ലാം ആര്‍ക്കുവേണ്ടിയാണ്? അദാനിക്ക് വേണ്ടി. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയൊക്കെ രൂക്ഷമായപ്പോള്‍ കൊളംബോ തുറമുഖത്തെ ബൈപാസ് ചെയ്ത് എത്രപേര്‍ വിഴിഞ്ഞത്തേക്ക് വരും? ഇവിടത്തെ ഏറ്റവും വലിയ ട്രേഡ് റൂട്ട് എന്നത് ദുബൈ, കൊളംബോ, സിംഗപൂര്‍ എന്നതാണ്. വലിയ ആഴക്കടലില്‍ പോകേണ്ട കപ്പലുകള്‍ അവിടെനിന്ന് കൊളംബോയില്‍ പോകാതെ വിഴിഞ്ഞത്തേക്ക് നേരിട്ട് വരാന്‍ ഒരുപാട് ദൂരമുണ്ട്, ഇത് പ്രായോഗികമായും സാമ്പത്തികമായും വയബിള്‍ അല്ല.


വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വരുമ്പോഴും വലിയ ലാഭമാണെന്ന് പറഞ്ഞു. പക്ഷേ, വല്ലാര്‍പാടത്ത് ഇപ്പോള്‍ ഒന്നും വരുന്നില്ല, അതുപോലെത്തന്നെയാകും വിഴിഞ്ഞവും. ഇതിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുകളിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ പണമെടുത്ത് അദാനി ലാഭമുണ്ടാക്കുന്ന പദ്ധതിയാണ്, നഷ്ടം വന്നാലും അദാനിക്ക് നഷ്ടം വരാത്ത രീതിയിലാണ് ഇതിന്റെ കരാറൊക്കെ ഒപ്പുവെച്ചിരിക്കുന്നത്. സര്‍ക്കാരിന് ഇത് നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിന് പൈസ ചിലവാക്കി നേരിട്ട് നടപ്പാക്കിയാല്‍ മതിയായിരുന്നു. എന്തുകൊണ്ട് അദാനിക്ക് കൊണ്ടുകൊടുത്തു എന്നത് ഉള്‍പ്പെടെ ദുരൂഹമാണ്. പിണറായി വിജയന്‍ പറഞ്ഞ ഈ ആറായിരം കോടിയുടെ അഴിമതി, മോദിക്കെത്ര കിട്ടി, പിണറായി വിജയന് എത്ര കിട്ടി, ഉമ്മന്‍ ചാണ്ടിക്ക് എത്ര കിട്ടി എന്നാണ് അറിയേണ്ടത്; പിണറായി വിജയന്‍ പറഞ്ഞത് വിശ്വസിക്കാമെങ്കില്‍. ആറായിരം കോടിയുടെ അഴിമതിയാണെങ്കില്‍ ഈ അഴിമതി എവിടെപ്പോയി? പിണറായി വിജയന്‍ ഭരണത്തില്‍ കയറിയപ്പോള്‍ ഈ ആറായിരം കോടിയുടെ അഴിമതി എവിടെപ്പോയി എന്നുമാത്രം അന്വേഷിച്ചാല്‍ മതി.

നിലവിലുള്ള വ്യവസ്ഥയില്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ അനുഭവിക്കുന്നവരുടെ പ്രശ്നപരിഹാരത്തിനായുള്ള സംവിധാനമില്ല. കേരളം ഇത്രയധികം പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുമ്പോഴും കെ-റെയിലിനോടുള്ള എതിര്‍പ്പ് അറിയിക്കാന്‍ സമരം ചെയ്യാന്‍തന്നെ വലിയൊരു സമരമാണല്ലോ നടക്കുന്നത്. ഭൂപ്രശ്നം വേറൊരു തരത്തില്‍, ഇതേപോലുള്ള വികസനപദ്ധതികള്‍ക്ക് എടുക്കാന്‍ എളുപ്പത്തില്‍ ഭൂമിയുണ്ടാകുകയും ഭൂരഹിതരായ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഒരിക്കലും അത് ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നു. അടുത്തൊരു പത്തുവര്‍ഷത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും?

കൊറോണ വന്നപ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ചെയ്യാനാണ് ഗവണ്മെന്റ് പറഞ്ഞുകൊണ്ടിരുന്നത്. വിഴിഞ്ഞത്തായാലും പൂന്തുറയിലായാലും വെട്ടുകാട് ആയാലും മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ സാമൂഹ്യ അകലം പാലിക്കുക എന്നുവെച്ചാല്‍ അവരുടെ ഒരു വീട്ടില്‍, വീടുകള്‍ തമ്മിലുള്ളത് ഒരു ചുവരിന്റെ അകലമാണ്. ഒരു ബെഡ്റൂമും ഒരു ഹോളും ഒരു സിറ്റൗട്ടും ഉള്ള വീട്ടില്‍ പന്ത്രണ്ടും പതിമൂന്നും പേരാണ് താമസിക്കുന്നത്. പൂന്തുറയില്‍ തോക്കുപിടിച്ച കമാന്‍ഡോകളെ ഇറക്കി സോഷ്യല്‍ ഡിസ്റ്റന്‍സിങ് കൊണ്ടുവരാന്‍ നോക്കിയതാണ്. ആദിവാസികള്‍ക്കോ ദലിതര്‍ക്കോ മത്സ്യത്തൊഴിലാളികള്‍ക്കോ ഭൂമിയില്ല, പിന്നെ ആര്‍ക്കാണ് ഭൂമിയുള്ളത്? ഭൂപരിഷ്‌കരണം നടത്തിയെന്ന് മേനി നടിക്കുന്ന കേരളത്തില്‍ അടിസ്ഥാന വര്‍ഗത്തിന് എവിടെയെങ്കിലും ഭൂമിയുണ്ടോ? ഇത് വലിയൊരു സംഘര്‍ഷത്തിലേക്കാണ് പോകുന്നത്. വലിയ പദ്ധതികള്‍ക്ക് ഭൂമിയുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് ഭൂമിയുണ്ട്, കെ-റെയിലിന് ഭൂമിയുണ്ട്, അടുത്ത കാലത്ത് കൊണ്ടുവന്ന എല്ലാ പദ്ധതികള്‍ക്കും ഭൂമിയുണ്ട്. പക്ഷേ, ഇതില്‍ നിന്നുണ്ടാകുന്ന ഫലമാര്‍ക്കാണ്? അടിസ്ഥാന വര്‍ഗക്കാരെ ഭിന്നിപ്പിച്ചാണല്ലോ പദ്ധതികള്‍ കൊണ്ടുവരുന്നത്? പരിസ്ഥിതിവാദികളെ വിശ്വസിക്കരുത്, വികസനത്തെ എതിര്‍ക്കുന്നവരെ വിശ്വസിക്കരുത്, ഞങ്ങള്‍ പറയുന്നത് മാത്രം വിശ്വസിച്ചാല്‍ മതി എന്നല്ലേ പറയുന്നത്?


വിഴിഞ്ഞം തുറമുഖം ഭാഗത്ത് റെക്കോര്‍ഡ് ചെയ്യുന്നതില്‍ എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്?

ഇതിലെ വെല്ലുവിളി ഇത് പൊതുവെ ആരും ഡോക്യുമെന്റ് ചെയ്യാത്ത വിഷയമാണ് എന്നതാണ്. ആരും ചെയ്യാത്തത് എന്നുവെച്ചാല്‍ ആര്‍ക്കും അറിയാത്തതുകൊണ്ടല്ല, എല്ലാവര്‍ക്കും അറിയുന്നതാണ്. അതില്‍ എക്സ്‌ക്ലൂസീവ് ആയി ഒന്നും ചെയ്തിട്ടില്ല. എന്തുകൊണ്ട് വേറിട്ട സംഭവമാകുന്നു എന്നാല്‍, ഇത് മറ്റാരും ചെയ്യാത്തതുകൊണ്ടാണ്. തിരുവനന്തപുരം ജില്ലയിലെ സെക്രട്ടേറിയേറ്റില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍മാത്രം ദൂരത്തുള്ള ഒരു സ്ഥലത്തേക്ക് ഒരു ക്യാമറയുമായി ആര്‍ക്ക് പോയാലും ചെയ്യാവുന്ന സംഭവമേ നമ്മള്‍ ചെയ്തിട്ടുള്ളു. അതിന്റെ ആബ്സന്‍സ് ഉണ്ട്. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ആരും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. പ്രളയം വന്നപ്പോഴും ഓഖി വന്നപ്പോഴും ഈ മനുഷ്യരെ കൗതുക വസ്തുക്കളായി അല്ലാതെ മീഡിയ പോലും കണ്ടിട്ടില്ല. ആദിവാസികള്‍ക്കോ ദലിതര്‍ക്കോ കിട്ടുന്ന പരിഗണന പോലും മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ കിട്ടുന്നില്ല. കേരളത്തിന്റെ പൊതുസമൂഹം മാറ്റിനിര്‍ത്തിയിട്ടുള്ള ഈ മനുഷ്യര്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. അവരുടെ ഉപജീവനം, ഭൂമി, നിലനില്‍പ് ഇതെല്ലാം നോക്കിയാല്‍ കടല്‍ പോലും അവര്‍ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് നമ്മള്‍ പറയാന്‍ ശ്രമിച്ചത്. ഞാന്‍ വയനാട് ജനിച്ചുവളര്‍ന്നയാളാണ്, കടലുമായോ മത്സ്യത്തൊഴിലാളികളുമായോ ഒരുപാട് ബന്ധമൊന്നുമില്ല. അതിനാല്‍, ഒരു ഔട്ട്സൈഡറുടെ കാഴ്ച എന്നതില്‍ കൂടുതല്‍ അവകാശ വാദങ്ങളുമില്ല. വളരെ വസ്തുതാപരമായി കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. മത്സ്യത്തൊഴിലാളികളായ ആളുകളെത്തന്നെ ഈ സിനിമ കാണിച്ചു, സ്‌ക്രിപ്റ്റ് വായിപ്പിച്ചു, ഒപ്പം ഈ മേഖലയില്‍ റിസേര്‍ച് ചെയ്യുന്ന ആളുകളുമായി ചര്‍ച്ച ചെയ്തു. നാലോ അഞ്ചോ തവണ ഡ്രാഫ്റ്റ് ചെയ്തു. നമുക്ക് അദാനിക്കെതിരെ നിലപാടുണ്ട്, സംസ്ഥാന ഗവണ്മെന്റിനെതിരെയുണ്ട്, മോദിക്കെതിരെയും ഉണ്ട്. പക്ഷേ, അത് വസ്തുതാപരമായി മാത്രമേ ആകാന്‍ പാടുള്ളൂ, അല്ലാതെ ആകാന്‍ പാടില്ല എന്ന ചിന്തയില്‍ തന്നെയാണ് ഇത് ചെയ്തിട്ടുള്ളത്.


KA Shaji

TAGS :