Quantcast
MediaOne Logo

സക്കീര്‍ ഹുസൈന്‍

Published: 14 Feb 2024 1:07 PM GMT

അരങ്ങാണ് എന്റെ മാധ്യമം; എനിക്ക് പറയാനുള്ളത് നാടകത്തിലൂടെ പറയും - സജിത മഠത്തില്‍

രാജ്യത്തിന്റെ അവസ്ഥ അപകടാവസ്ഥയിലാണെന്ന് സാംസ്‌കാരിക രംഗത്തുള്ളവര്‍ സമ്മതിക്കുന്നു. പക്ഷേ, നിര്‍ണായക ഘട്ടങ്ങളില്‍ നിശബ്ദരാവുകയോ രംഗത്തിറങ്ങാതിരിക്കുകയോ ചെയ്യുന്നു. എന്താണ് കാരണം? രംഗത്തിറങ്ങാന്‍ പറ്റാത്തവിധം മാനസികമായി പോലും അടിച്ചമര്‍ത്തപ്പെടുകയാണ്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഭയപ്പെടുകയാണെന്ന് അഭിനേത്രിയും ആക്ടിവിസ്റ്റുമായ സജിത മഠത്തില്‍ പറയുന്നു. ഇറ്റ്‌ഫോക്ക് ജൂറി അംഗം കൂടിയായ സജിത നാടക തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസാരിക്കുന്നു. വനിതാ നാടക കൂട്ടായ്മകള്‍ പുനരുജ്ജീവിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. അഭിമുഖം : സജിത മഠത്തില്‍ \ സക്കീര്‍ ഹുസൈന്‍ | itfok 2024

അരങ്ങാണ് എന്റെ മാധ്യമം; എനിക്ക് പറയാനുള്ളത് നാടകത്തിലൂടെ പറയും   - സജിത മഠത്തില്‍
X

രാജ്യത്തിന്റെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ അപകടകരമാണ്. പക്ഷേ, ഫാഷിസത്തിനെതിരെ രംഗത്തുവരാന്‍ നാടക, സിനിമ പ്രവര്‍ത്തകര്‍ മടിക്കുന്നുണ്ട്. രംഗത്തിറങ്ങാന്‍ പലരും ഭയപ്പെടുകയാണ്. പണ്ടത്തെയത്ര എളുപ്പമല്ല കാര്യങ്ങള്‍. സഫ്ദര്‍ ഹശ്മിയെ വെടിവെച്ച് കൊന്നപ്പോള്‍ ഞങ്ങളെല്ലാവരും കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ഒന്നിച്ചു കൂടുകയും നാടകം അവതരിപ്പിക്കുകയും ചെയ്തു. അന്ന് അങ്ങനെ ചെയ്യാന്‍ ആര്‍ക്കും പേടിയില്ല.

അക്രമത്തിനെതിരെ പ്രതികരിക്കാന്‍ അന്ന് നാടകപ്രവര്‍ത്തകര്‍ അടങ്ങുന്ന സാംസ്‌കാരിക രംഗത്തുള്ളവര്‍ ധൈര്യം കാണിച്ചു. ഇന്ന് പലനിലക്കും അടിച്ചമര്‍ത്തപ്പെടുകയാണ്. നിവൃത്തിയില്ല. രംഗത്തിറങ്ങുന്നവരെ പോലീസ് പിടിച്ചുകൊണ്ടു പോകും. യു.എ.പി.എ ചുമത്തും. അങ്ങിനെയാവാന്‍ ആര്‍ക്കും താല്‍പര്യമില്ല. എനിക്കൊരു താല്‍പര്യവുമില്ല. അത്തരം പോരാട്ടങ്ങള്‍ക്ക് പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നേയില്ല. എല്ലാവരും പിന്നോട്ടടിക്കുന്നതിന്റെ കാരണം ഇതാണ്. എനിക്ക് പറയാനുള്ളത് നാടകത്തിലൂടെ ഞാന്‍ പറയുന്നുണ്ട്. സിനിമയില്‍ അത് പറ്റില്ല. എന്റെ സ്വന്തം സിനിമയില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, പൊതുവെ സിനിമയില്‍ അങ്ങിനെ നിലകൊണ്ടാല്‍ നമുക്ക് അവസരമുണ്ടാകില്ല.

കുടുംബ ജീവിതത്തിലെയും സമൂഹത്തിലെയും എല്ലാ കാര്യങ്ങളും വനിത നാടക പ്രവര്‍ത്തകരെ ബാധിക്കും. അതുകൊണ്ട് പിന്തുണക്കാനുള്ള സംവിധാനം എന്ന നിലയില്‍ വനിതാ നാടക പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത് അക്കാദമിയെയാണ്.

ഇപ്പോള്‍ തന്നെ അവസരങ്ങള്‍ കുറവാണ്. എന്നെ പോലെയുള്ളവരെ ഇക്കാരണത്താല്‍ ബോധപൂര്‍വം തഴയുകയല്ല എന്ന് വിശ്വസിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. ആക്ടിവിസം എന്ന് പറഞ്ഞ് എപ്പോഴും നിലകൊള്ളാനാവില്ല. തൊഴില്‍ ഉണ്ടെങ്കിലേ തൊഴിലിടത്തെക്കുറിച്ച് സംസാരിക്കാനാവൂ. ഡബ്ല്യു.സി.സി യിലുള്ളവരും ഇതുതന്നെയാണ് പറയുന്നത്. എന്നെപോലെ ഒരാള്‍ ഇറ്റ്‌ഫോക്ക് ജൂറിയില്‍ എത്തിയത് വനിതാ നാടക പ്രവര്‍ത്തകരെ ഉയര്‍ത്തികൊണ്ടുവരാന്‍ സംഗീത നാടക അക്കാദമി നടത്തിയ ഇടപെടലിന്റെ ഫലമായാണ്. 1999ല്‍ അക്കാദമി വനിതാ നാടക പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലൂടെ വളര്‍ന്നുവന്നവരാണ് എന്നേപോലുള്ളവര്‍. ദേശീയതലത്തിലുള്ള പ്രമുഖ വനിതാ നാടകപ്രവര്‍ത്തകരുമായി ഇടപഴകാനും അവര്‍ക്കൊപ്പം നാടകം അവതരിപ്പിക്കാനും അക്കാദമി അവസരമുണ്ടാക്കി. അത് ഞങ്ങളെ ഏറെ സഹായിച്ചു.

കേരളത്തില്‍ നിലവില്‍ നാടകരംഗത്തുള്ള വനിതാ നാടകപ്രവര്‍ത്തകരുടെ യാത്ര അങ്ങിനെയാണ് തുടങ്ങിയത്. അക്കാദമിയുടെ പിന്തുണ ഇനിയും ആവശ്യമാണ്. വനിതാ നാടകപ്രവര്‍ത്തകര്‍ അത് പ്രതീക്ഷിക്കുന്നുണ്ട്. നാടക പ്രവര്‍ത്തനത്തിന്റെ നൈരന്തര്യത്തില്‍ പല കാരണങ്ങളാല്‍ വനിതകള്‍ക്ക് തടസ്സങ്ങളുണ്ടാവും. കുടുംബ ജീവിതത്തിലെയും സമൂഹത്തിലെയും എല്ലാ കാര്യങ്ങളും വനിത നാടക പ്രവര്‍ത്തകരെ ബാധിക്കും. അതുകൊണ്ട് പിന്തുണക്കാനുള്ള സംവിധാനം എന്ന നിലയില്‍ വനിതാ നാടക പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത് അക്കാദമിയെയാണ്.

വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കി. അതേമാതൃകയില്‍ വനിതാ നാടകപ്രവര്‍ത്തകര്‍ക്ക് നാടക പ്രൊഡക്ഷന് സര്‍ക്കാര്‍ ഫണ്ട് നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഫണ്ട് കണ്ടെത്തല്‍ വലിയ ബാധ്യതയാണ്. വനിതകള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് എടുക്കാനുള്ളത്?

സര്‍ക്കാരിന്റെ പിന്തുണ എക്കാലവും ഉണ്ടയിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമ സര്‍ക്കാര്‍ സ്ഥാപിച്ചതുകൊണ്ടാണ് വനിതകള്‍ക്ക് നാടകം പഠിക്കാനായത്. നാടകക്കാരുടെ പുറകെ നടന്ന് നാടകം പഠിക്കുക എന്നത് ഒരു സ്ത്രീക്കും സാധ്യമല്ല. ആ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ ഓഫ് ഡ്രാമ സ്ഥാപിതമായത്. പക്ഷേ, അതിന്റെ തുടര്‍ച്ച ഉണ്ടാവേണ്ടതുണ്ട്. വനിതാ നാടക പ്രവര്‍ത്തകര്‍ അത് കാത്തിരിക്കുകയാണ്. വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കി. അതേമാതൃകയില്‍ വനിതാ നാടകപ്രവര്‍ത്തകര്‍ക്ക് നാടക പ്രൊഡക്ഷന് സര്‍ക്കാര്‍ ഫണ്ട് നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഫണ്ട് കണ്ടെത്തല്‍ വലിയ ബാധ്യതയാണ്. വനിതകള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് എടുക്കാനുള്ളത്? അതേസമയം, സിനിമ നിര്‍മിക്കാന്‍ ഫണ്ട് തേടി സമീപിച്ചപോലെ നാടകത്തിനായി വനിതകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുമില്ല. ഇക്കാര്യം ഞങ്ങള്‍ വ്യക്തിപരമായി ചര്‍ച്ച ചെയ്യാറുണ്ട്. സാംസ്‌കാരിക മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. അത് യാഥാര്‍ഥ്യമാകുമെന്നുതന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ആദ്യ വനിതാ നാടക സംഘമായ അഭിനേത്രി ഇപ്പോഴില്ല. 1992-93 കാലത്താണ് അഭിനേത്രി നിലവില്‍ വന്നത്. ആ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ ശ്രീലത പാരീസിലേക്ക് പോയതോടെ അതിന്റെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. ഞാന്‍ അടക്കമുള്ളവര്‍ പല വഴിക്ക് പോവുകയും ചെയ്തു. കൊല്‍ക്കത്തയില്‍ പഠനം പൂര്‍ത്തിയാക്കിയ ഞാന്‍ ദല്‍ഹിക്ക് പോവുകയായിരുന്നു. പിന്നീട് രണ്ട് - മൂന്ന് പേര്‍ ചേര്‍ന്ന് 'നിരീക്ഷ'ക്ക് രൂപം നല്‍കി. അത് പക്ഷേ, പങ്കാളിത്ത വ്യവസ്ഥയിലുള്ള ഒരു സംഘമാണ്. അവര്‍ ചിലത് ചെയ്യുന്നുമുണ്ട്. പക്ഷേ, കേരളത്തിലെ വനിതാ നാടക പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് അഭിനേത്രി പോലെ ഒരു സംഘത്തിന്റെ പ്രവര്‍ത്തനം ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നാടക രംഗത്ത് വനിതകള്‍ക്കു വേണ്ടി ഗൗരവമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാവൂ. ഇത് ഫണ്ട് അനുവദിക്കല്‍ മാത്രമല്ല. സെമിനാര്‍ പോലുള്ളവ സംഘടിപ്പിച്ചോ, നാടകോത്സവം നടത്തിയോ ഈ മേഖലയെ പുനരുജ്ജീവിപ്പിക്കണം. അതിന് ആരും മുന്‍കൈ എടുത്തിട്ടില്ല.


'പരാജിത' നാടകത്തില്‍ നിന്ന്‌

ഇറ്റ്‌ഫോക്കിന്റെ ഭാഗമായി കഴിഞ്ഞ തവണ കുടുംബശ്രീയുടെ കലാവിഭാഗമായ രംഗശ്രീയില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ ഉള്‍പ്പെടെ വനിത നാടകപ്രവര്‍ത്തകര്‍ക്കായി 'കില'യില്‍ ശില്‍പശാല നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ച ഇത്തവണയുമുണ്ട്. അത് തികച്ചും മറ്റൊരു കാര്യമാണ്. ആദ്യം പറഞ്ഞതിനോട് ഇതിനെ ചേര്‍ത്തുവെക്കാനാവില്ല. ഇതുപോലെയുള്ള പ്രവര്‍ത്തനം ആദിവാസികള്‍ക്കിടയിലും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും ആകാം. അങ്ങിനെ അവരെ പൊതുധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരികയും ചെയ്യാം. എണ്‍പതുകളില്‍ ഞങ്ങള്‍ രംഗത്തിറങ്ങുമ്പോള്‍ നാടകത്തിന് സ്ത്രീകളെ കിട്ടിയിരുന്നില്ല. ഇന്ന് സ്ഥിതി മാറി. കുടുംബശ്രീ തീരുമാനിച്ചാല്‍ മാത്രംമതി. താല്‍പര്യമുള്ള നിരവധിപേര്‍ തയാറാണ്.

ഇറ്റ്‌ഫോക്കില്‍ ഇത്തവണ ഇതര ഭാഷയില്‍ നിന്ന് അടക്കം നൂറിലധികം നാടകങ്ങള്‍ ജൂറിയുടെ മുന്നിലെത്തിയിരുന്നു. ഇവയുടെ വീഡിയോ ഞാനും മറ്റൊരു ജൂറി അംഗമായ നൗഷാദും ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ഡോ. ബി. അനന്തകൃഷ്ണനും കണ്ടു. അവ ജൂറി അംഗങ്ങള്‍ വ്യക്തിപരമായി ഷോട്ട്‌ലിസ്റ്റ് ചെയ്തു. ശേഷം ജൂറി അംഗങ്ങള്‍ അവ വീണ്ടും കണ്ടു. വീഡിയോകളാണ് കാണുന്നത് എന്ന പരിമിധിയുണ്ട്, മലയാളത്തില്‍ യുവ നാടക പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന കൊടുത്തത്. പുതു രംഗഭാഷ ഒരുക്കിയവയും ശക്തമായ ഉള്ളടക്കമുള്ളവയുമാണ് തെരഞ്ഞെടുത്തത്. ഞങ്ങള്‍ക്ക് ഒരുപോലെ ഇഷ്ടപ്പെട്ട നാടകമായിരുന്നു 'കോര്‍ണര്‍'. പക്ഷേ, പല പ്രേക്ഷകര്‍ക്കും അത് ഇഷ്ടപ്പെട്ടില്ല. ഇന്റിമേറ്റ് തിയറ്ററില്‍ ചെയ്ത നാടകം പ്രൊസീനിയം തിയറ്ററില്‍ കളിച്ചപ്പോഴുള്ള പ്രശ്‌നമായിരിക്കാം കാരണം. തെരഞ്ഞെടുപ്പ് വരെയേ ജൂറിക്ക് സ്വാതന്ത്ര്യമുള്ളൂ. ഇന്റിമേറ്റ് തിയറ്ററില്‍ കളിക്കേണ്ട നാടകം എവിടെ അരങ്ങേറണം എന്ന് തീരുമാനിച്ചത് ബന്ധപ്പെട്ട കമ്മിറ്റിയാണ്.


വനിത നാടകപ്രവര്‍ത്തകര്‍ക്കായി 'കില'യില്‍ നടത്തിയ ശില്‍പശാല

പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. വളരെ മോശമെന്ന് ചിലര്‍ക്ക് തോന്നുന്നത് മറ്റു ചിലര്‍ക്ക് വളരെ നന്നായി തോന്നാം. തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്ന് ചോദിക്കാറുണ്ട്. അതതുകാലത്തെ ജൂറിയുടെ താല്‍പര്യവും കാഴ്ചപ്പാടും നാടകങ്ങളുടെ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാറുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യന്തര ചലച്ചിത്രമേളയില്‍ ഉള്ളതുപോലെ വ്യവസ്ഥകള്‍ അക്കാദമി മുന്നോട്ടുവെച്ചാല്‍ ഈ പ്രക്രിയ ജൂറിക്ക് എളുപ്പമാവും. നിലവില്‍ അങ്ങിനെയൊരു അവസ്ഥയില്ല. നല്ല ആവിഷ്‌കാരവും പ്രകടനവും ഉള്ളടക്കവുമുള്ള നാടകങ്ങള്‍ എടുക്കുക എന്ന നിര്‍ദേശമാണ് അക്കാദമി ഞങ്ങള്‍ക്ക് നല്‍കിയത്. അതനുസരിച്ചാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പ് നടത്തിയത്. അങ്ങിനെ തെരഞ്ഞെടുത്തവ വെച്ച് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ തീരുമാനമെടുക്കുകയായിരുന്നു.

മലയാള നാടകങ്ങളുടെ എണ്ണം കുറയാനിടയായത് സാമ്പത്തിക പ്രയാസം മൂലമാണെന്ന് തോന്നുന്നു. അതേക്കുറിച്ച് വ്യക്തമായി എനിക്ക് അറിയില്ല. ഇറ്റ്‌ഫോക്കിലെ നാടകങ്ങള്‍ കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ എത്തുന്നുണ്ട്. ഇങ്ങനെ എത്തുന്നവര്‍ക്കും വിദേശ നാടകപ്രവര്‍ത്തകര്‍ക്കും മുന്നില്‍ മലയാള നാടകങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ, ഫണ്ടുണ്ടെങ്കില്‍ എണ്ണം കൂട്ടി മലയാള നാടകങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകതന്നെ വേണം.


മലയാള നാടകവേദിയില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. രംഗഭാഷയില്‍ അടക്കം വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണ്. കഴിഞ്ഞ 25 വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ഐ.എഫ്.എഫ്.കെ മലയാള സിനിമയില്‍ ഉണ്ടാക്കിയത് വലിയ മാറ്റമാണ്. വിദേശ നിലവാരത്തില്‍ നമ്മുടെ യുവ സിനിമാ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിനിമയെടുക്കുന്നുണ്ട്. അത് സാധ്യമാക്കിയത്, അവരുടെ ദൃശ്യഭാഷയെയും സൗന്ദര്യബോധത്തെയും നിര്‍ണയിച്ചത് ഐ.എഫ്.എഫ്.കെയിലൂടെ കണ്ട വിദേശ സിനിമകളാണ്. അതേപോലെ മലയാള നാടകത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ഇറ്റ്‌ഫോക്ക് സഹായകമാണ്. അധികം വൈകാതെ തന്നെ ഇത് നമുക്ക് അനുഭവിക്കാനാവും.


TAGS :