Quantcast
MediaOne Logo

സില്‍വ്യ. കെ

Published: 21 Feb 2023 12:29 PM GMT

അസ്ഥിത്വ പ്രതിസന്ധിയെ മറികടക്കാനാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശ്രമിക്കുന്നത് - ഷെറി ഗോവിന്ദന്‍

പൊതുസമൂഹം കരുതുന്ന ആത്മസംഘര്‍ഷത്തേക്കാള്‍ വലുതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലുള്ളവരുടെ ജീവിത സംഘര്‍ഷം. സര്‍ജറിക്ക് ശേഷമുള്ള വേദനകള്‍ അറിഞ്ഞിട്ടും അസ്ഥിത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് അവരെന്ന് ഷെറി ഗോവിന്ദ് പറയുന്നു.

അസ്ഥിത്വ പ്രതിസന്ധിയെ മറികടക്കാനാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശ്രമിക്കുന്നത് - ഷെറി ഗോവിന്ദന്‍
X

മനുഷ്യരിലെ വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളാനും സഹജീവികളോട് സഹാനുഭൂതിയോട് കൂടിയുള്ള സഹവര്‍തിത്വത്തിനായി നിലകൊള്ളാനും പ്രേരിപ്പിക്കുന്നു അവനോവിലോന എന്ന സിനിമ. മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച 'അവനോവിലോന' യുടെ സംവിധായകരിലൊരാളാണ് ഷെറി ഗോവിന്ദന്‍. സിനിമയെ ആസ്പദമാക്കി ഫെസ്റ്റിവെലില്‍ നടന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ മീഡിയവണ്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് രേഷ്മ സുരേഷും ഷെറി ഗോവിന്ദും തമ്മില്‍ നടന്ന സംഭാഷണം. ഷെറി ഗോവിന്ദനും ടി. ദീപേഷും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതിന് ഷെറി ഗോവിന്ദന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (പ്രത്യേക ജൂറി അവാര്‍ഡ്) ലഭിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ നമ്മളില്‍ ഒരാളായി കാണാന്‍ സമൂഹം ഇനി എത്രദൂരം സഞ്ചരിക്കണം?

ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം സമീപവര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്ന വിഷയമാണ്. എന്നാല്‍, ഇതുവരെ ആരും കൈകാര്യം ചെയ്യാത്ത അവരുടെ മേഖല ഏതാണെന്ന തെരച്ചിലിലാണ് അത് അവരുടെ അസ്തിത്വമാണെന്ന് മനസ്സിലാക്കുന്നത്. മുഖ്യധാരാ ജീവിതത്തില്‍ നിന്ന് അവരുടെ ഒറ്റപ്പെടലും അവര്‍ക്കെതിരായ അക്രമങ്ങള്‍ക്കുമപ്പുറം ഒരു മാനം ഉണ്ടെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അവനോവിലോനയില്‍ എത്തിച്ചേരുന്നത്. ഇതിന്റെ ആധ്യാത്മികതക്ക് മതവും നിലവിലെ ദൈവവിശ്വാസവുമായി യാതൊരു ബന്ധവുമില്ല. അതിനപ്പുറമുള്ള അവരുടെ സ്പിരിച്വാലിറ്റി എന്നുള്ള അന്വേഷണത്തിലാണ് അവനോവിലോന എന്ന പേര് തന്നെ വന്നത്.

ഇവരുടെ മതവുമായുള്ള സംവര്‍ഗ്ഗം സിനിമയില്‍ ആവിഷ്‌കരിക്കണമെന്ന് തീരുമാനിച്ച സന്ദര്‍ഭം ഏതായിരുന്നു. ഇതിനുപിന്നില്‍ എന്തെങ്കിലും തരത്തിലുള്ള പ്രത്യേക സാഹചര്യം ഉണ്ടായിരുന്നോ?

അവരുടെ കൂടെയുള്ള യാത്രകളില്‍ പല കാര്യങ്ങളും അറിയാന്‍ സാധിച്ചു. പുറം കാഴ്ചയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇവരുടെ ആന്തരിക സംഘര്‍ഷമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്താന്‍ കാരണമായത്.

ഈ സിനിമക്ക് ഇവരുടെ ജീവിതത്തിലേക്ക് എത്രത്തോളം ഇറങ്ങിച്ചെല്ലാന്‍ സാധിച്ചിട്ടുണ്ട്?

ഇവരുടെ സംഘര്‍ഷത്തിന്റെ വലിപ്പം എത്ര ഭാവനയുള്ളവര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തിന് ശേഷം പലരും സര്‍ജറി ചെയ്യുമ്പോള്‍ വളരെ കരുതലോടെയാണ് നീങ്ങുന്നത്. വലിയൊരു അപകടത്തെ അറിഞ്ഞുകൊണ്ട്, ഒരു പക്ഷേ മരണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ ഇതിന് തയ്യാറാവുന്നത്. അസ്തിത്വ പ്രതിസന്ധിയെ മറികടക്കാനാണ് ഇപ്പോഴും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നല്ലാതെ, എന്തുകൊണ്ടാണ് സന്തോഷ് കീഴറ്റൂര്‍ എന്ന വ്യക്തിയെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചത്?

സിനിമയില്‍ അഭിനേതാവിനെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. സിനിമയെ അതിന്റെ സൗന്ദര്യ ശാസ്ത്രത്തോടുകൂടി പറഞ്ഞു ഫലിപ്പിക്കാന്‍ സംവിധായകന് കഴിയണം. അതിനുള്ള അന്വേഷണത്തിന് ഒടുവില്‍ എത്തിച്ചേര്‍ന്നത് സന്തോഷ് കീഴാറ്റൂരിലേക്കാണ്. അദ്ദേഹം ഒരുപാട് കാലമായി തീയേറ്ററുകളില്‍ പെണ്‍ നടന്‍ എന്ന നാടകം ചെയ്യുന്നുണ്ട്. അതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സംവിധായകന്‍ എന്ന നിലയില്‍ എന്ത് നിര്‍ദേശമാണ് സന്തോഷ് കീഴാറ്റൂര്‍ എന്ന കലാകാരന് താങ്കള്‍ നല്‍കിയത്?

സിനിമ തുടങ്ങുന്നത് തന്നെ ഒരു പക്ഷേ ഒരു സിനിമയുടെ അന്ത്യത്തില്‍ ഉണ്ടാവേണ്ട സംഘര്‍ഷത്തില്‍ നിന്നാണ്. അവന്റെ തിരിച്ചുവരവ്, അച്ഛന്റെ വേദന, അച്ഛനെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥ എല്ലാം തുറന്നു കാട്ടുന്ന ചിത്രം കൂടിയാണിത്. ഒരു ഉച്ചസ്ഥായിയില്‍ നിന്ന് തുടങ്ങി മറ്റേതോ ഉച്ചസ്ഥായിയില്‍ എത്തേണ്ട വലിയ തയ്യാറെടുപ്പ് നീ എടുക്കണമെന്ന കാര്യമാണ് പറഞ്ഞിരുന്നത്. ചുറ്റും ജീവിക്കുന്ന മനുഷ്യരുടെ സങ്കീര്‍ണാവസ്ഥ എന്താണെന്നും ഈ വിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എത്ര ഭീകരമാണെന്നും സന്തോഷുമായി പങ്കുവെച്ചിരുന്നു.


ഇതില്‍ അഭിനയിച്ച ഭൂരിപക്ഷം ആളുകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി സമീപിച്ചപ്പോള്‍ അവരുടെ പ്രതികരണം എങ്ങനെയായിരുന്നു?

നിയന്ത്രിക്കാന്‍ പോലും കഴിയാത്ത വലിയ വൈകാരികതയിലായിരുന്നു. അവരുടെ കൂടെ ജീവിച്ചും അവരില്‍ ഒരാളായി കഴിഞ്ഞും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് മുന്നേ എഴുതി തയ്യാറാക്കിയതിനപ്പുറം അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കാനും സാധിച്ചു.

ദുഃഖം, ദുരിതം, പ്രശ്‌നം, അവഗണന ഇത് മാത്രം പ്രതിഫലിപ്പിച്ചു കൊണ്ടുള്ള സിനിമകളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ചിത്രീകരിക്കുമ്പോള്‍ ഇതുവരെ സിനിമയില്‍ ദൃശ്യമാക്കിയിട്ടുള്ളത്. എന്നാല്‍, എത്രയോ നല്ല രീതിയില്‍ ജീവിക്കുന്ന ആളുകള്‍ ഇന്ന് സമൂഹത്തിലുണ്ട്. എന്തുകൊണ്ടാണ് അത്തരം ജീവിതത്തെ ആരും എവിടെയും കാണിക്കാത്തത്?

യൂറോപ്യന്‍ രാജ്യങ്ങളില്‍ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ ജീവിക്കുന്നവരാണ് അവര്‍. നമുക്ക് തന്നെ മാതൃകയാക്കാന്‍ പറ്റുന്ന ആളുകളാണ് ഇവര്‍. എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ ഇവരെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് എന്ന് ചോദ്യം ഈ സിനിമ കണ്ട പല ആളുകളും ചോദിച്ചിട്ടുണ്ട്. ഈ രീതിയിലുള്ള വിമര്‍ശനത്തെ വിമര്‍ശനമായി തന്നെ സ്വീകരിക്കുകയും ചെയ്യുന്നു.

ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഇത്തരം സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ താങ്കള്‍ നേരിട്ട പ്രതിസന്ധികള്‍ എന്തെല്ലാമാണ്?

സിനിമയുടെ നിര്‍മ്മാണം തന്നെയാണ് ആദ്യത്തെ കാര്യം. പരിമിതമാണെങ്കിലും ഒരുകാലത്ത് ഇന്ത്യയില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രൊഡക്ഷന്‍ കമ്പനികളും പ്രൊഡ്യൂസര്‍മാരും ഉണ്ടായിരുന്നു. ഇതിന് രണ്ട് വശമുണ്ട് സിനിമയുടെ പോരായ്മയാണോ ജനങ്ങളില്‍ നിന്നും അകലാന്‍ കാരണമായത് എന്ന വാദം വരാം. അതിനപ്പുറം സിനിമയുടെ നിലനില്‍പ്പിന് ഏതെങ്കിലും തരത്തില്‍ പിന്തുണ എവിടെനിന്നെങ്കിലും ലഭിക്കുന്നുണ്ടോ എന്നത് വലിയൊരു ചോദ്യമാണ്.

മതങ്ങളുടെ സംഘര്‍ഷത്തെ ഏത് രീതിയിലാണ് നോക്കിക്കാണുന്നത്?

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ഏറ്റവും വലിയ സംഘര്‍ഷം എന്നു പറയുന്നത് മതങ്ങളുമായിട്ടാണ്. അത് തന്നെയാണ് ഈ സിനിമയില്‍ ആദ്യം തന്നെ ചൂണ്ടിക്കാട്ടുന്നത്.

ചിത്രത്തിന്റെ അവസാന ഭാഗം അപ്പന്റെ കാലിലെ പുണ്ണ് മകന്റെ കാലിലും വരുന്നുണ്ട്. എന്താണ് അതിലൂടെ തുറന്നു കാട്ടാന്‍ ശ്രമിച്ചത്?

മാനസിക വൈകല്യമുള്ള അപ്പന്റെ കാലുകളിലെ പാടുകള്‍ എപ്പോഴും വേദനിക്കുമായിരുന്നു. അപ്പന്റെ മരണത്തിനുശേഷം വേദനകള്‍ പൂര്‍ണമായും ഏറ്റുവാങ്ങുന്ന മകനെയാണ് ചിത്രത്തില്‍ കാണിക്കുന്നത്.


അവാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ തലയില്‍ ഒരു ഭാരം വന്നുചേരുന്നപോലെ തോന്നാറുണ്ടോ? ഷെറി ഗോവിന്ദന്‍ എന്ന പേര് പറയുമ്പോള്‍ തന്നെ ആളുകള്‍ ഒരു പ്രതീക്ഷയോടുകൂടിയാണ് നോക്കിക്കാണുന്നത്. അത് മാനസിക പിരിമുറുക്കത്തിന് കാരണമാകാറുണ്ടോ?

കഥാപാത്രത്തിന്റെ സഞ്ചാര വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഭ്രമം. ഒരുപക്ഷേ എല്ലാ എഴുത്തുക്കാരനെയും ഇത്തരത്തിലുള്ള മാനസിക പിരിമറക്കത്തിലൂടെ കടന്നുപോവാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവും.

എഴുത്തുകാരന്‍ എന്ന രീതിയിലാണോ സംവിധായകന്‍ എന്ന രീതിയിലാണോ നിലകൊള്ളാന്‍ താല്‍പര്യം?

ഒരു എഴുത്തുകാരന്‍ എന്നതിലുപരി എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റുവാങ്ങേണ്ടിവരും. എന്നാല്‍, ഏതൊരു കാര്യവും ആസ്വദിച്ചു ചെയ്യുമ്പോഴാണ് അതിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നത്.

സ്വന്തം ജീവിതാനുഭവത്തില്‍ നിന്ന് എന്താണ് തുടക്കക്കാരായ ആളുകളോട് പറയാന്‍ ആഗ്രഹിക്കുന്നത്?

എവിടെയും തൃപ്തിപ്പെടാതിരിക്കുക. എക്കാലത്തും നമ്മള്‍ ചെയ്യുന്നതെല്ലാം വിമര്‍ശനാത്മകമായി മാത്രം കാണുക. ഇവിടെ ഞാന്‍ ഒതുങ്ങിയാല്‍ മതി എന്ന് ഒരു കലാകാരനും ചിന്തിക്കാന്‍ പാടില്ല. ഓരോ സിനിമ ചെയ്യുമ്പോഴും അടുത്തത് ഇതിനെക്കാളും മെച്ചപ്പെടുത്താനാണ് നാക്കേണ്ടത്. നിരന്തരമായി അങ്ങനെയൊരു ബോധമുണ്ടാവണം.


ഐ.എഫ്.എഫ്.കെയില്‍ പ്രീ സെലക്ഷന്‍ ജൂറി അംഗമായി ഇരുന്നപ്പോള്‍ എന്തെങ്കിലും സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?

അത്തരത്തിലുള്ള പല സന്ദര്‍ഭങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ ആത്മബന്ധമുള്ള പലരുടെ സിനിമയും പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയെ സിനിമയായി മാത്രം കാണുകയും നമ്മുടെ ബോധ്യത്തിന്റെ കൂടെ പക്ഷഭേദമില്ലാതെ നില്‍ക്കുകയും വേണം. അവാര്‍ഡ് ജൂറിയില്‍ ഇരിക്കുക എന്നത് എക്കാലത്തും പ്രയാസമേറിയതാണ്.

അടുത്തിടെ തീയേറ്റര്‍ കോമ്പൗണ്ടിനുള്ളില്‍ പ്രേക്ഷകര്‍ അഭിപ്രായം പറയരുത് എന്നൊരു നിര്‍ദേശം വന്നിരുന്നു. അതിനെ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

എല്ലായിടത്തും എല്ലാവര്‍ക്കും എന്തിനെക്കുറിച്ചും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. സിനിമാ തിയേറ്ററില്‍ ആണ് ആദ്യം അഭിപ്രായ സ്വാതന്ത്ര്യം വേണ്ടത്. അതുകൊണ്ടുതന്നെ അവിടെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുക എന്നുള്ളത് പ്രതിഷേധാര്‍ഹമാണ്.

തയ്യാറാക്കിയത്: സില്‍വ്യ കെ.


TAGS :