Quantcast
MediaOne Logo

ജെയ്സി തോമസ്

Published: 2 Jun 2022 7:47 AM GMT

കേരളം ഭരിക്കുന്നത് ശൂദ്ര-സുറിയാനി ഒളിഗാര്‍ക്കിയാണ് - പ്രഫ. ടി.ബി വിജയകുമാര്‍

എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.കെ ബാലനാണ് വിഷയം വീണ്ടും ഉന്നയിച്ചത്. സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സി.ക്കോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സിക്കോ കൈമാറണമെന്നായിരുന്നു എ.കെ ബാലന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കാലങ്ങളായി തുടരുന്ന അനീതിക്ക് ഒരന്ത്യമുണ്ടാകണമെന്നാണ് പിന്നാക്ക സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ അഖില കേരള എഴുത്തച്ഛന്‍ സമാജത്തിന്റെ നിലപാട് വ്യക്തമാക്കുകയാണ് പ്രൊഫ. ടി.ബി വിജയകുമാര്‍.

കേരളം ഭരിക്കുന്നത് ശൂദ്ര-സുറിയാനി ഒളിഗാര്‍ക്കിയാണ്  - പ്രഫ. ടി.ബി വിജയകുമാര്‍
X
Listen to this Article

എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തോട് അഖില കേരള എഴുത്തച്ഛന്‍ സമാജത്തിന്റെ നിലപാട് എന്താണ്?

അഖില കേരള എഴുത്തച്ഛന്‍ സമാജവും അതി പിന്നാക്ക സമുദായ മുന്നണിയും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന സംഘടനകളാണ്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സവര്‍ണ സമുദായ ശക്തികളുടെ സ്വാധീനം കൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത്. ഇടതുപക്ഷത്തിന്റെ ദലിത് സംഘടനയായ പി.കെ.എസാണ് ഇപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചത്. എ.കെ ബാലനും കെ.രാധാകൃഷ്ണനും ഈ ആവശ്യത്തെ പിന്താങ്ങുന്നവരാണ്. കേരളം ഭരിക്കുന്നത് യഥാര്‍ഥത്തില്‍ ഒരു ഒളിഗാര്‍ക്കിയാണ് (Oligarchy). ഒരു ശൂദ്ര, സുറിയാനി ഒലിഗാര്‍ഗി. ശൂദ്ര എന്നു പറഞ്ഞാല്‍ സവര്‍ണ ജാതിക്കാര്‍. സുറിയാനി എന്നു പറഞ്ഞാല്‍ സവര്‍ണ ക്രിസ്ത്യാനികള്‍. ഇവര്‍ രണ്ടും കൂടി ചേര്‍ന്ന ഒരു ഒളിഗാര്‍ക്കിയാണ് ഭരിക്കുന്നത്. ഇടതുപക്ഷമായാലും വലതുപക്ഷമായാലും ഇതു തന്നെയാണ് സ്ഥിതി. ഇതൊക്കെ നടപ്പാകണമെങ്കില്‍ ഈ ഒളിഗാര്‍ക്കി തകര്‍ക്കപ്പെടണം. ഈ ഒളിഗാര്‍ക്കി തകര്‍ത്ത് എല്ലാവര്‍ക്കും എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതമായ സംവരണം ഏര്‍പ്പെടുത്തണം. ആയിരം പേരുള്ള സമുദായമാണെങ്കില്‍ പോലും ജനസംഖ്യാനുപാതമായ സംവരണം അവര്‍ക്കും കൊടുക്കണം.


പിന്നാക്ക സമുദായക്കാര്‍ എന്നുപറയുന്നവര്‍ യഥാര്‍ഥത്തില്‍ പിന്നാക്കമല്ല. പ്രാതിനിധ്യത്തിലാണ് പിന്നാക്കവസ്ഥയുള്ളൂ. എഴുത്തച്ഛന്‍ ഒരു സ്വതന്ത്ര സമുദായമാണ്. ഈഴവ, ധീവര, പുലയ എന്നിവയെല്ലാം സ്വതന്ത്ര സമുദായങ്ങളാണ്. നമുക്ക് ജാതിയില്ല. സവര്‍ണര്‍ക്ക് മാത്രമേ ജാതിയുള്ളൂ. സംവരണം വേണമെന്ന് തന്നെയാണ് ആവശ്യപ്പെടുന്നത്. ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗം സജസ്റ്റ് ചെയ്യാനില്ല. ഇതിനെ എതിര്‍ക്കുന്ന ശക്തികള്‍ സംവരണത്തെക്കാള്‍ നല്ലൊരു മാര്‍ഗം നിര്‍ദേശിക്കുകയാണെങ്കില്‍ സ്വീകരിക്കാം. നമുക്ക് വേണ്ടത് പ്രാതിനിധ്യമാണ്. അതിനെ എതിര്‍ക്കുന്നത് ഈ ശൂദ്ര-സുറിയാനി ഒളിഗാര്‍ക്കിയാണ്. ജനസംഖ്യാനുപാതികമായി സംവരണം ലഭിക്കണമെങ്കില്‍ ഈ ഒളിഗാര്‍ക്കിയെ തകര്‍ക്കണം. എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഒരു ഭരണസംവിധാനം വരണം. ശൂദ്ര-സുറിയാനി ഒളിഗാര്‍ക്കിയാണ് എല്‍.ഡി.എഫിലും യു.ഡി.എഫിലുമുള്ളത്. എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ വേണ്ടി ഏതറ്റം വരെയും സമരം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പിന്നാക്ക സമുദായ മുന്നണിയില്‍ 51 അംഗങ്ങളുണ്ട്. ഞങ്ങള്‍ പിന്നാക്ക സമുദായക്കാരല്ല. ഞാന്‍ ഈ പറയുന്നതൊക്കെ വസ്തുതകളാണ്. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ നിയമജ്ഞന്‍ ഡോക്ടര്‍ മോഹന്‍ ഗോപാലുമായി ചര്‍ച്ച ചെയ്ത് രൂപീകരിക്കപ്പെട്ട ആശയങ്ങളാണ്.



എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നുള്ള ആവശ്യത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് എന്‍.എസ്.എസ് പറയുന്നത്. എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ പുരോഗതിയെ ദോഷകരമായി ബാധിക്കുമെന്നും?

ഗൂഢാലോചനയുണ്ട്. പക്ഷെ, ആ ഗൂഢാലോചന നടത്തുന്നത് ഇവിടുത്തെ നായര്‍-നസ്രാണി സംഘമാണെന്നു മാത്രം. ലത്തീന്‍ കത്തോലിക്കര്‍ക്ക് ഇതില്‍ പങ്കില്ല. നസ്രാണി എന്നു പറഞ്ഞാല്‍ സിറിയന്‍ കാത്തലിക്, യാക്കോബായ സഭ, സീറോ മലബാര്‍ സഭ, ഓര്‍ത്തഡോക്‌സ് എന്നിവരാണ്. സി.എസ്.ഐ സഭകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുകയേ ഉള്ളൂ. എല്ലാ മേഖലയിലും നിന്നുള്ള ആളുകള്‍ വേണം. വൈവിധ്യം ഒരു സമൂഹത്തില്‍ വരുമ്പോഴെല്ലാം അതിന്റെ ഗുണമേന്‍മ വര്‍ധിക്കുകയേ ഉള്ളൂ.

പിണറായി വിജയനാണ് ഇടതു മുന്നണിയുടെ സുപ്രീം കമാന്‍ഡര്‍. അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടാണ് ആ മുന്നണി നിലനില്‍ക്കുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മുന്നണിക്ക് യാതൊരു ജനപിന്തുണയുമില്ല. നായര്‍, നമ്പൂരി, സുറിയാനി ഒളിഗാര്‍ക്കിയെ അദ്ദേഹം കയറൂരി വിട്ടിരിക്കുകയാണ്. പല സംസ്‌കാരിക സ്ഥാപനങ്ങളും ഈ ഒളിഗാര്‍ക്കിയാണ് കയ്യടക്കി വച്ചിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം നായര്‍ക്കും നമ്പ്യാര്‍ക്കുമാണ് പ്രമാണിത്തം. മറ്റു അപ്രധാന സ്ഥാനങ്ങളാണ് സംവരണ സമുദായങ്ങള്‍ക്ക് ലഭിക്കാറുള്ളത്. ഈഴവ, പുലയ സമുദായങ്ങളാണല്ലോ സി.പി.എമ്മിന്റെ നട്ടെല്ല്. അവര്‍ക്കു പോലും നീതി ലഭിക്കുന്നില്ല.


നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഭയക്കുന്നത്?

മുസ്‌ലിം സമുദായം പിന്തുണ നല്‍കിയാല്‍ സി.പി.എമ്മിന് നടപ്പാക്കാന്‍ കഴിയും. മുസ്‌ലിംകളുടെ പൂര്‍ണ പിന്തുണ ഇതിനു വേണം. മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായം സി.പി.എമ്മിനെ പിന്തുണക്കുകയും വേണം. അപ്പോള്‍ ഭൂരിപക്ഷമായി. പിന്നെ, ഈ നായര്‍, നസ്രാണി ഒക്കെ കൂടി ഒരു 18 ശതമാനം വോട്ടേ ഉള്ളൂ. 6 മുതല്‍ 8 ശതമാനം വരെയെ കേരളത്തില്‍ നായര്‍ ജനസംഖ്യയുള്ളൂ.

എസ്.എന്‍ ട്രസ്റ്റിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇത് നല്ലൊരു തീരുമാനമല്ലേ?

അതിനൊരു കാരണമുണ്ട്. എസ്.എന്‍ ട്രസ്റ്റിന് കീഴില്‍ എയ്ഡഡ് കോളേജുകള്‍ കാര്യമായിട്ടൊന്നുമില്ല. മുസ്‌ലിം സമുദായത്തിനും അങ്ങനെ തന്നെ. നാല് കോളജോ മറ്റോ കാണുകയുള്ളൂ. എയ്ഡഡ് കോളജുകള്‍ ഉള്ളതില്‍ ഭൂരിഭാഗവും നായര്‍-നസ്രാണിയുടെ നിയന്ത്രണത്തിലാണ്. അവര്‍ക്കാണ് അതില്‍ നഷ്ടപ്പെടാനുള്ളൂ. നമുക്കൊക്കെ അതില്‍ കിട്ടാനേ ഉള്ളൂ. മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി എയ്ഡഡ് മേഖലയിലെ പി.എസ്.സി സംവരണത്തെ അനുകൂലിച്ചിരുന്നു. എന്റെ അടുത്ത സുഹൃത്തു മാണ്. അതേസമയം പി,കെ കുഞ്ഞാലിക്കുട്ടി എതിരായിരുന്നു.

TAGS :